വിശുദ്ധ ഖുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങള്‍ സംബന്ധിച്ച് ചിലര്‍ ആരോപിക്കാറുണ്ട്; ‘ഖുര്‍ആനിലെ ആഖ്യാനശൈലിയും വചനങ്ങള്‍ക്കിടയിലെ കോര്‍വയും വളരെ പ്രാകൃതമാണ്. വിഷയ ബന്ധിതമായി അധ്യായങ്ങള്‍ തിരിക്കപ്പെട്ടിട്ടില്ല. പ്രതിപാദ്യ വിഷയങ്ങള്‍ പരസ്പര ബന്ധിതമല്ലാതെ ഇടകലര്‍ന്നു വരുന്ന ആഖ്യാന രീതിയാണ് ഖുര്‍ആന്‍ സ്വീകരിച്ചത്. ഇസ്ലാമിക നിയമസംഹിതയിലെ വിധിവിലക്കുകള്‍ വിവരിക്കുമ്പോള്‍ തല്‍ക്ഷണം സ്വര്‍ഗ നരകങ്ങളെ കുറിച്ച് ഖുര്‍ആന്‍ വാചാലമാകുന്നു. തൊട്ടുടനെ തന്നെ പൂര്‍വ സമുദായങ്ങളുടെ ചരിത്രവിവരണത്തിലേക്കും മറ്റും കടക്കുന്നു. മറ്റുചിലപ്പോള്‍ ആകാശവും ഭൂമിയും നക്ഷത്രങ്ങളുമെല്ലാം വിഷയീഭവിക്കുന്നു. ഖുര്‍ആന്‍ വ്യാജമായി എഴുതിയുണ്ടാക്കിയ മനുഷ്യ കരങ്ങളുടെ പ്രാകൃതമായ ധൈഷണിക- സാംസ്‌കാരിക നിലവാരത്തെയാണ് ഇതെല്ലാം അടയാളപ്പെടുത്തുന്നത്’.
ഈ ആരോപണത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചെല്ലും മുന്നേ പ്രഥമമായി നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. ഇന്ന് നാം കാണുന്ന ഗ്രന്ഥരചനാ രീതി അനേകം പൂര്‍വ ഘട്ടങ്ങളിലൂടെ ഉരുത്തിരിഞ്ഞ്, തലമുറകളിലൂടെ വികാസം പ്രാപിച്ച് രൂപാന്തരപ്പെട്ടതാണ്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലെ അവസാന കാലം മുതല്‍ക്കുതന്നെ രചനകളും ക്രോഡീകരണകളും അറബിഭാഷയില്‍ പുരോഗതി കൈവരിച്ചു തുടങ്ങിയിട്ടുണ്ട്. തുടര്‍ന്നിങ്ങോട്ട് കാലാനുസൃതമായി നവംനവങ്ങളായ ധാരാളം രചനാ രീതികള്‍ രൂപം കൊണ്ടതായി കാണാന്‍ കഴിയും. അവയില്‍ ചിലതാണ് പ്രതിപാദ്യ വിഷയങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യതിചലിക്കുന്ന രീതി, ഒരു പ്രത്യേക വിഷയത്തെ ക്രോഡീകരിച്ച് കൊണ്ടല്ലാതെ വ്യത്യസ്ത ചര്‍ച്ചകള്‍ ഒരുമിച്ചുകൂട്ടുന്ന രീതി, ഓരോ ചെറിയ കാര്യങ്ങളും അധ്യായങ്ങളായി തിരിക്കുന്ന രീതി (അങ്ങനെ നൂറിലേറെ അധ്യായങ്ങള്‍ ഒറ്റ ഗ്രന്ഥത്തില്‍ തന്നെ കാണാം), അധ്യായങ്ങളുടെ തലവാചകങ്ങള്‍ ഒട്ടും തന്നെ ചര്‍ച്ച ചെയ്യാതിരിക്കുന്ന രീതി- മുതലായവയെല്ലാം. ഈ ഘട്ടങ്ങളിലൂടെയെല്ലാം വികാസം പ്രാപിച്ചു ഉരുത്തിരിഞ്ഞു വന്നതാണ് ഇന്ന് നാം കാണുന്ന ആധുനിക ഗ്രന്ഥരചനാ രീതി. ഇനി വരുന്നൊരു തലമുറ ഇന്ന് നാം പിന്തുടര്‍ന്ന് പോരുന്ന രചനാ രീതിയില്‍ ന്യൂനതകള്‍ കണ്ടെത്തുകയും തല്‍ഫലമായി പുതിയ രചനാ രീതികള്‍ സ്വീകരിക്കുകയും ചെയ്‌തേക്കാം. തുടര്‍ന്നു വരുന്ന മറ്റൊരു തലമുറ നിലവിലുള്ള രചനാരീതികളില്‍ ന്യൂനതകള്‍ കണ്ടെത്തുകയും തല്‍ഫലമായി പുതിയ രചന രീതികള്‍ ആവിഷ്‌കരിച്ചെന്നും വരാം.
ഈ വസ്തുതകള്‍ മുന്‍നിര്‍ത്തി, പരിശുദ്ധ ഖുര്‍ആന്‍ വളരെ പ്രാകൃതമായ രീതിശാസ്ത്രമാണ് പിന്തുടര്‍ന്നതെന്ന് ആരോപിക്കുന്നവരോട് വിനയപൂര്‍വം ചില കാര്യങ്ങള്‍ ചോദിക്കാന്‍ താല്പര്യപ്പെടുന്നു. തങ്ങള്‍ക്കു മുന്നേ നിലനിന്നിരുന്ന രചനാ രീതികള്‍ ന്യൂനമെന്ന് വീക്ഷിക്കുന്ന ഓരോ തലമുറയും പുതിയ രീതിശാസ്ത്രം വികസിപ്പിക്കുന്നത് നാം കണ്ടു. അപ്പോള്‍ വികാസം എന്നത് ന്യൂനം എന്ന് ചിലര്‍ക്ക് തോന്നുന്നതില്‍ നിന്നും അന്യൂനമെന്ന് അവര്‍ തന്നെ കണക്കാക്കുന്ന മറ്റൊന്നിലേക്കുള്ള മാറ്റമാണ്.
കാലാനുസൃതമായി ന്യൂനമെന്ന് തലമുറകള്‍ വിധിയെഴുത്ത് നടത്താത്ത ഏതെങ്കിലും ഗ്രന്ഥരചനാ രീതി നിലവിലുണ്ടോ? ഇന്ന് നാം പിന്തുടര്‍ന്നു പോരുന്ന ആധുനിക രചനാ രീതിശാസ്ത്രം വരുംകാലങ്ങളില്‍ തിരുത്തപ്പെടില്ലെന്ന് എങ്ങനെ പ്രവചിക്കാന്‍ സാധിക്കും? ദൈവിക ഗ്രന്ഥം ഇത്തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന, മനുഷ്യന്‍ രൂപകല്പന ചെയ്യുന്ന രചനാ രീതികള്‍ തന്നെ പിന്തുടരണമെന്ന് ശാഠ്യം പിടിക്കുന്നത് എന്തിനാണ്? ഇനി പിന്തുടരണമെന്ന് പറഞ്ഞാല്‍ തന്നെ കാലങ്ങള്‍ കഴിയുംതോറും തിരുത്തപ്പെടുന്ന, ന്യൂനതകളുണ്ടെന്ന് വിധിയെഴുതപ്പെടുന്ന ഗ്രന്ഥ ശൈലികളില്‍ നിര്‍ണിതമായ ഒരു രീതി തന്നെ പിന്തുടരണം എന്ന് പറയാന്‍ എന്ത് ന്യായമാണുള്ളത്?
യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ വിമര്‍ശകര്‍ക്ക് ഉദ്ധൃത ആരോപണം ഉന്നയിക്കാനുള്ള പ്രേരകമാകുന്നത് ഖുര്‍ആന്‍ മനുഷ്യസൃഷ്ടിയാണെന്ന സങ്കല്പമാണ്. ഖുര്‍ആന്‍ ദൈവികമാണെന്നും സാര്‍വജനീനമാണെന്നുമുള്ള ഉറച്ച ബോധ്യത്തില്‍ നിന്ന് കൊണ്ടു ചിന്തിക്കുന്ന വിശ്വാസി, മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന, മനുഷ്യന്‍ രൂപകല്പന ചെയ്യുന്ന ഗ്രന്ഥ ശൈലികള്‍ ഖുര്‍ആന്‍ പിന്തുടരേണ്ടതില്ലെന്ന് തീര്‍ച്ചപ്പെടുത്തുന്നു. ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച ആരോപണത്തിന്റെ മറുപടിയുടെ ഒരു വശം മാത്രമാണ് മുകളില്‍ വിശദീകരിച്ചത്.
മറ്റൊരുവിധത്തില്‍ നോക്കിയാല്‍ ഭൂമിശാസ്ത്രം, ചരിത്രം, നിയമം, ജ്യോതിശാസ്ത്രം.. പോലോത്ത ഏതെങ്കിലുമൊരു പ്രത്യേക വിജ്ഞാനീയത്തില്‍ അവതീര്‍ണമായ ഗ്രന്ഥമല്ല വിശുദ്ധ ഖുര്‍ആന്‍. മറിച്ച്, മനുഷ്യസ്വത്വം, അവന്റെ സൃഷ്ടിപ്പിനു പിന്നിലെ താല്‍പര്യങ്ങള്‍, അവന്‍ ഏതൊക്കെ കാര്യങ്ങളില്‍ കര്‍മനിരതനാവണം- തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ദൈവിക ഗ്രന്ഥമാണത്. സ്ഥലകാല വ്യത്യാസമില്ലാതെ മനുഷ്യ സംസ്‌കരണത്തിനായി ഉപരിസൂചിത വസ്തുതകള്‍ സര്‍വമനുഷ്യരോടും ഖുര്‍ആന്‍ സംവദിക്കുന്നു. അതോടൊപ്പം, പൂര്‍ണ ബോധ്യത്തോടുകൂടെ സൃഷ്ടാവില്‍ വിശ്വാസമര്‍പ്പിച്ച് വിജയം വരിക്കണമെന്ന അടിസ്ഥാന തത്വത്തില്‍ നിന്നുകൊണ്ട് ഇതര വിഷയങ്ങളെല്ലാം വിശുദ്ധഖുര്‍ആന്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
ഏക വിധായകമായ (കുല്ലിയ്യ്) ഈയൊരു അടിസ്ഥാന ലക്ഷ്യത്തിലേക്ക് സംബോധിതരെ നയിക്കാന്‍ അനുഗുണമാകും വിധം ചരിത്രപാഠങ്ങളും മുന്നറിയിപ്പുകളും ഉപദേശങ്ങളുമെല്ലാം അല്ലാഹു ഖുര്‍ആനില്‍ നിരന്തരം പ്രതിപാദിക്കുന്നു. അതിന് ഉപോല്‍ബലകമാകുന്ന കൃത്യമായവാക്യഘടനയും ഭാഷാ-സാഹിത്യ സങ്കേതങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു.
അപ്പോള്‍, ആത്മ സംസ്‌കരണത്തിനായി ഒരു ചരിത്രസംഭവം പറയുമ്പോള്‍ തൊട്ടുടനെ ഉപദേശ വാക്യങ്ങളും മുന്നറിയിപ്പുകളും പ്രതിപാദിക്കുന്നത് ഉദ്ദിഷ്ട ലക്ഷ്യത്തില്‍നിന്ന് സംബോധിതന്‍ വ്യതിചലിക്കാതിരിക്കാന്‍ വേണ്ടിയാണ്. അധ്യാപന രംഗത്തെല്ലാം ഈ രീതിശാസ്ത്രം സ്വീകരിക്കുന്നത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.
വിധിവിലക്കുകളും ഇടപാടുകളില്‍ പാലിക്കേണ്ട മര്യാദകളും പലയിടങ്ങളിലായി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നുണ്ട്. എന്നാല്‍ അവയ്ക്ക് വിപരീതം പ്രവര്‍ത്തിക്കാന്‍ മനസ്സും പിശാചും പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. അത്തരം ദുര്‍ബോധനങ്ങളില്‍ സംബോധിതന്‍ വശംവദനാവാതിരിക്കാനാണ് ദൈവിക വിധിവിലക്കുകള്‍ ലംഘിച്ചാല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ശിക്ഷകളെ പറ്റി ഖുര്‍ആന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
ഇനി ആരോപകര്‍ പറയുന്നത് പ്രകാരം വിധിവിലക്കുകള്‍, മുന്നറിയിപ്പുകള്‍, സദുപദേശങ്ങള്‍, ചരിത്രസംഭവങ്ങള്‍- എന്നിവയെല്ലാം പ്രത്യേകം പ്രത്യേകം അധ്യായങ്ങളായി തരംതിരിച്ചായിരുന്നു ഖുര്‍ആന്‍ പ്രതിപാദിച്ചിരുന്നതെന്ന് സങ്കല്‍പ്പിച്ചു നോക്കുക. അപ്പോള്‍, അവതീര്‍ണമായ ലക്ഷ്യത്തില്‍ നിന്നും ബഹുദൂരം പിന്നിലാണ് ഖുര്‍ആനിക ആഖ്യാനശൈലിയെന്നും അക്കാരണം കൊണ്ടുതന്നെ ഖുര്‍ആന്‍ ദൈവികമല്ലെന്നും വിമര്‍ശിക്കാനുള്ള പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുകയാണ് ചെയ്യുക.
ഇത്തരത്തില്‍, ഖുര്‍ആന്‍ വിമര്‍ശനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ചെന്നു നോക്കുമ്പോഴാണ് അവ എത്രമാത്രം അന്തസ്സാര ശൂന്യമാണെന്ന് കൂടുതല്‍ ബോധ്യപ്പെടുക. പിശാചില്‍ ഭരമേല്പിച്ചു തെറ്റായ മുന്‍ധാരണകളോടെ ഖുര്‍ആനിനെ സമീപിക്കുന്നവര്‍ക്കേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനും ഏറ്റു പറയാനും സാധിക്കുകയുള്ളൂ. അവരോടു സംവദിക്കുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. മറയ്ക്കു പിന്നില്‍നിന്ന് കല്ലെറിഞ്ഞ് ഓടുന്നവര്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാവില്ലല്ലോ. തികച്ചും വസ്തുതപരമായാണ് വിശുദ്ധ ഖുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങള്‍ പരസ്പരബന്ധിതം അല്ലെന്ന ആരോപണത്തെ നാമിവിടെ വിശകലനം ചെയ്തത്.
വിവ: സിനാന്‍ ബശീര്‍
You must be logged in to post a comment Login