1984വരെ രാമക്ഷേത്രം എന്ന ആശയത്തെക്കുറിച്ച് ആരും കേട്ടിരുന്നില്ല. ഗ്രാമവാസികളായ ഹിന്ദുവിശ്വാസികളുടെ മനസ്സിലും നാടോടിക്കഥകളിലും ജീവിച്ച ശ്രീരാമനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിരചിതമായ തുളസീദാസിന്റെ രാമചരിതമാനസത്തിലുടെ പകര്‍ന്നുകിട്ടിയതാണ്. ബി ജെ പിയുടെ ആദിമരൂപമായ ഭാരതീയ ജനസംഘം രൂപീകൃതമാവുന്നത് 1951ലാണ്. ഇരുരാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അതത് രാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന നെഹ്റു -ലിയാഖത്തലി ഖാന്‍ ഉടമ്പടിയില്‍ പ്രതിഷേധിച്ചാണ് ഹിന്ദുമഹാസഭ നേതാവായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത്. രണ്ടാം സര്‍സംഘ്ചാലക് എം.എസ് ഗോള്‍വാള്‍ക്കറാണ് ഡോ. മുഖര്‍ജിയെ ഹിന്ദുക്കളുടെ ഒരു പാര്‍ട്ടി ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത്. വിഭജനത്തിന്റെ മുറിപ്പാടുകളിലൂടെ വര്‍ഗീയച്ചോര കിനിഞ്ഞൊഴുകിയ ആ കാലയളവില്‍ അത്തരമൊരു പാര്‍ട്ടിയിലേക്ക് ജനം കുത്തിയൊഴുകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ, ജനസംഘത്തിന്റെ ജനകീയാടിത്തറ വികസിച്ചില്ല എന്ന് മാത്രമല്ല രാജ്യത്തെ ഏതാനും പോക്കറ്റുകളില്‍ സംഘടനയും കര്‍മരംഗവും ചുരുങ്ങുന്ന, ഭൂരിപക്ഷസമുദായത്തിലെ നൂനാല്‍ ന്യൂനപക്ഷത്തെ മാത്രം സ്വാധീനിക്കുന്ന പാര്‍ട്ടിയായി അത് ഒതുങ്ങി. എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നുണ്ടിവിടെ. ഒന്നാമതായി നെഹ്റുവിന്റെ വെള്ളം ചേര്‍ക്കാത്ത മതനിരപേക്ഷ കാഴ്ചപ്പാടിനു മുന്നില്‍ വിഭാഗീയ, വര്‍ഗീയ ചിന്തകള്‍ ഒരു പരിധിവരെ നിഷ്ഫലമായി. രണ്ടാമതായി, മതയാഥാസ്ഥിതിക, ഹൈന്ദവപുനരുത്ഥാന വിചാരഗതികളെ പ്രോല്‍സാഹിപ്പിക്കുന്ന വലതുപക്ഷചിന്താഗതിക്കാര്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടായിരുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍, പുരുഷോത്തംദാസ് ഠണ്ഡന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ കാഴ്ചപ്പാടുകള്‍ ഇന്നത്തെ ബി ജെ പി നേതാക്കളില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. ഹിന്ദുമഹാസഭയുടെ സ്ഥാപകനായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നാല് തവണ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാവാം. മാളവ്യയാണ് ബനാറസ് ഹിന്ദു യുനിവേഴ്സിറ്റി സ്ഥാപിച്ച് ആര്‍ എസ് എസിന് കരുത്താര്‍ജിക്കാനുള്ള ധൈഷണികവും വൈജ്ഞാനികവുമായ പിന്തുണ നല്‍കിയത്. നെഹ്റുവിന് ഈ വിഭാഗത്തോട് രാഷ്ട്രീയമായി വിയോജിപ്പാണെങ്കിലും ചിലപ്പോള്‍ മാത്രമാണ് ഏറ്റുമുട്ടിയത്. ഠണ്ഡന്‍ എ ഐ സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ചപ്പോള്‍ പട്ടേല്‍ പിന്തുണച്ചുവെങ്കിലും നെഹ്റു ശക്തമായി എതിര്‍ത്തു. എന്നിട്ടും ഠണ്ഡനാണ് ജയിച്ചത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയായി തുടരുന്നതില്‍ തനിക്ക് പ്രയാസമുണ്ടെന്ന് നെഹ്റു ശഠിച്ചപ്പോള്‍ ഠണ്ഡന്‍ രാജിവെച്ചൊഴിയുകയായിരുന്നു. നെഹ്റുവിന്റെ കാലഘട്ടത്തില്‍ വര്‍ഗീയശക്തികള്‍ക്ക് കരുത്താര്‍ജിക്കാന്‍ സാധിക്കാതെ വന്നത് ബഹുസ്വരതയിലും മതനിരപേക്ഷ മൂല്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു. ഗാന്ധിജിയുടെ വധം സൃഷ്ടിച്ച ഘനാന്ധകാരത്തില്‍ ആര്‍ എസ് എസിന്റെ കുടിലപദ്ധതികളെ നെഹ്റു നിശിതമായി എതിര്‍ത്തു എന്ന് മാത്രമല്ല, മഹാത്മജിയുടെ ജീവനെടുത്ത കാപാലികതയോട് അനുകൂല സമീപനം സ്വീകരിക്കുന്നവരെ തുറന്നപലപിച്ചു. ആര്‍ എസ് എസ് വിതച്ച വിഷധൂളികള്‍ പൗരന്മാരുടെ മനസ്സ് മലിനപ്പെടുത്തിയതിന്റെ തിക്തഫലമാണ് നാമനുഭവിക്കുന്നതെന്ന് പട്ടേലിനു എഴുതിയ കത്തില്‍ നെഹ്റു തുറന്നടിച്ചു. അങ്ങനെയാണ് ആര്‍ എസ് എസ് നിരോധിക്കപ്പെടുന്നത്. ‘All of us seem to be getting inflicted with the refugee mentality,or worse still, the RSS mentality.That is a curious finale of our careers’-അഭയാര്‍ഥി മനോഗതി, അല്ലെങ്കില്‍ അതിനപ്പുറം ആര്‍ എസ് എസ് മനോഘടന നമ്മളെയെല്ലാം പിടികൂടിയതായി തോന്നുന്നു. അത് നമ്മുടെയൊക്കെ ജോലിയുടെ കൗതുകകരമായ അന്ത്യമാണ്!- ദുഃഖാര്‍ത്തനായ നെഹ്റു ഏഴുപതിറ്റാണ്ട് മുമ്പ് കുറിച്ചിട്ടത് ഇപ്പോള്‍ രാജ്യത്തെത്തന്നെ അട്ടിമറിക്കുകയാണ്.
ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ രാമക്ഷേത്രം കെട്ടിപ്പടുക്കുക എന്നത് കഴിഞ്ഞ 500വര്‍ഷമായി ഹിന്ദുക്കളുടെ സ്വപ്നമാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കളുടെ വിടുവായിത്തം കേള്‍ക്കുകയാണിന്ന്. എത്ര വികൃതമായാണ് ഭൂതവും വര്‍ത്തമാനവും പരാവര്‍ത്തനം ചെയ്യപ്പെടുന്നത്? 1951ല്‍ പ്രവര്‍ത്തനമാരംഭിച്ച, ആര്‍ എസ് എസിന്റെ തണലില്‍ വളര്‍ന്ന ജനസംഘം ഒരിക്കലും രാമക്ഷേത്രം എന്ന ആവശ്യം ഉയര്‍ത്തിയതായി ആര്‍ക്കും പറയാനാവില്ല. സാമ്പത്തിക വിഷയങ്ങള്‍ക്കായിരുന്നു ജനസംഘം ഊന്നല്‍ നല്‍കിയത്. ഒരിക്കലും ജനസംഘത്തിന് തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ സാധിച്ചിരുന്നില്ല. ആര്‍ എസ് എസിന്റെ വോട്ട് ഇന്ദിരയുടെ പാര്‍ട്ടിയുടെ പെട്ടിയിലാണ് വീണിരുന്നത്. 1972ല്‍ ബിഹാറിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ പ്രസംഗിക്കവെ ഇന്ദിര പരസ്യമായി പറഞ്ഞു: കോണ്‍ഗ്രസിന് മുസ്‌ലിംകളുടെ വോട്ടിന്റെ ആവശ്യമില്ലെന്ന്. അതോടെ, ഭൂരിപക്ഷസമുദായത്തിന്റെ വോട്ട് ഇന്ദിരയുടെ പെട്ടിയില്‍ ഭദ്രമാക്കി. ദേശീയരാഷ്ട്രീയം കാതലായ മാറ്റങ്ങള്‍ക്ക് വിധേയമാവുന്നതും വര്‍ഗീയശക്തികള്‍ക്ക് ചിറകടിച്ച് പറക്കാന്‍ ഭൂമിക ഒരുക്കിക്കൊടുക്കുന്നതും 1980നു ശേഷമാണ്. ജനതാപാര്‍ട്ടിയുടെ ശിഥിലീകരണത്തിനുശേഷം ആ ചാരത്തില്‍നിന്ന് ബി ജെ പി ഉയിര്‍കൊള്ളുകയും അതുവരെ ഹൈന്ദവിശ്വാസികളുടെ മനസ്സില്‍ മാത്രം ജീവിച്ചുപോന്ന ശ്രീരാമനെ തെരുവിലേക്ക് വലിച്ചിഴക്കുകയും ചെയ്ത ചരിത്രത്തിന്റെ ശപ്തയാമത്തില്‍. ഒരു വര്‍ഗീയ അജണ്ട എങ്ങനെ ഒരു രാജ്യത്തിന്റെ മനോഘടനയെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാമെന്നും ഒരു രാജ്യത്തിന്റെ രാഷ്ട്രീയദിശയെ ഏതുവിധം അട്ടിമറിക്കാമെന്നും സൂക്ഷ്മമായി മനസ്സിലാക്കാന്‍ വി എച്ച് പിയുടെ രാമക്ഷേത്രപദ്ധതിയുടെ ഇതഃപര്യന്ത അനുഭവങ്ങള്‍ നിഷ്‌കൃഷ്ടമായി വിലയിരുത്തിയാല്‍ മതി.
കാറ്റ് വിതച്ചവരും കൊടുങ്കാറ്റ് കൊയ്തവരും
സ്വാതന്ത്ര്യലബ്ധിയുടെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ ഭരണഘടനാ സ്ഥാപനങ്ങളെയും രാഷ്ട്രീയ മൂല്യങ്ങളെയും കുറിച്ച് സൂക്ഷ്മമായ അപഗ്രഥനങ്ങള്‍ നടത്തിയ പ്രമുഖരില്‍ മതേതരത്വത്തെ കുറിച്ച് സത്യസന്ധവും നിഷ്പക്ഷവുമായ വിലയിരുത്തലിന് തുനിഞ്ഞത് ചരിത്രകാരനായ എസ്. ഗോപാലാണ്. അരനൂറ്റാണ്ടിന്റെ മതേതര ജീവിതാനുഭവങ്ങള്‍ മുന്നില്‍വെച്ച് രണ്ടുകാര്യങ്ങളാണ് ആ ധിഷണാശാലി നമ്മോട് കൈമാറിയത്. ഒന്ന്, 50വര്‍ഷത്തെ സ്വാതന്ത്ര്യം ഉറച്ച മതേതര അടിത്തറയുടെമേല്‍ കെട്ടിപ്പടുത്തതാണെന്ന് തോന്നുന്നില്ല. നെഹ്റുവിനെ പോലെയുള്ളവരുടെ പരിശ്രമങ്ങള്‍ക്ക് മുമ്പില്‍ ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. രണ്ടാമതായി, ഭാവിയുടെ ഏക പ്രത്യാശയായ മതേതരത്വം സ്വതന്ത്ര ഇന്ത്യയില്‍ നിലനില്‍ക്കണമെങ്കില്‍ രണ്ടു സമുദായങ്ങളും പരിഷ്‌കൃതരൂപത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കണം. അത് എത്ര എളുപ്പമല്ല എന്ന് സമര്‍ഥിക്കാന്‍ പ്രശസ്ത കോളമിസ്റ്റ് മാലിനി പാര്‍ഥസാരഥി എടുത്തുദ്ധരിച്ചത് ബാബരി മസ്ജിദ് – രാമജന്മഭൂമി തര്‍ക്കവും അത് പുറത്തുവിട്ട വര്‍ഗീയപ്രഹേളികയുമാണ്. നെഹ്റുവിന്റെ കാലഘട്ടത്തിനു ശേഷം മതേതരത്വത്തോടുള്ള പ്രതിബദ്ധത കോണ്‍ഗ്രസ് സര്‍ക്കാറുകളില്‍നിന്ന് പയ്യെ പയ്യെ മാഞ്ഞുപോയപ്പോള്‍ സംഭവിച്ചത് എന്താണെന്ന് മാലിനി പാര്‍ഥസാരഥി ഒറ്റവാചകത്തില്‍ ഒതുക്കുന്നതിങ്ങനെ:
”The declining enthusiasm for secular political strategies reflected most sharply under the regime of Indira and Rajiv Gandhi who were tempted by the prospect of political mobilisation of the majority community as a result of their calculation that the congress party was in decline and therefore in desperate need of revitalisation”. ഇന്ദിരയുടെയും രാജീവിന്റെയും ഭരണകാലത്ത് മതേതര രാഷ്ട്രീയതന്ത്രങ്ങളിലുള്ള ഉല്‍സാഹം കുറഞ്ഞുവരുന്നത് പ്രകടമാവുകയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച തടയുന്നതിന് ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണത്തിനായുള്ള നീക്കത്തിന് പ്രലോഭനമാവുകയുമായിരുന്നു. ഈ പ്രലോഭനമാണ് ഭൂരിപക്ഷവര്‍ഗീയതയുടെ സാധ്യതകള്‍ ആരായാന്‍ ഇന്ദിരയെ പ്രേരിപ്പിക്കുന്നത്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഇന്ദിരയെ കുറെ പാഠം പഠിപ്പിച്ചു. മുസ്‌ലിംകളും ദളിതുകളും മറ്റു പിന്നാക്കവിഭാഗങ്ങളും നിര്‍ണായക ഘട്ടത്തില്‍ കൈവിട്ടപ്പോള്‍, അവരെ ഡല്‍ഹി സിംഹാസനത്തിലേക്ക് കൈപിടിച്ചുകയറ്റിയത് സവര്‍ണ, ഭൂരിപക്ഷവോട്ടുകളാണ്. ഭാവിയിലും ആശ്രയിക്കാവുന്ന ആ വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള തന്ത്രങ്ങളാവിഷ്‌കരിച്ചപ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. കുടത്തില്‍നിന്ന് പുറത്തെടുത്ത ഭൂതത്തെ പിന്നീട് ഒരിക്കലും പൂര്‍ണമായി കുടത്തില്‍ അടച്ചുപൂട്ടാന്‍ സാധിച്ചില്ല. 1949തൊട്ട് അടച്ചുപൂട്ടിയ അയോധ്യയിലെ പള്ളി തകര്‍ക്കാന്‍ വിട്ടുതരണമെന്ന ആവശ്യമുന്നയിക്കാന്‍ വിശ്വഹിന്ദുപരിഷത്ത് മുന്നോട്ടുവന്നത് ഇന്ദിരയുടെ കൃപാശിസ്സുകളോടെയാണത്രേ. അതിനു കാര്‍മികത്വം വഹിച്ചവരില്‍ ഇന്ദിരയുടെ വലംകൈയായിരുന്ന ഡോ. കരണ്‍ സിങ്, രണ്ടുതവണ ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ, യു പിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ദാവു ദയാല്‍ ഖന്ന എന്നിവരുണ്ടായിരുന്നുവെന്ന് ആര്‍ എസ് എസിന്റെ ആധികാരിക ഗ്രന്ഥകര്‍ത്താവായ വാള്‍ട്ടര്‍ കെ. ആന്‍ഡേഴ്സണ്‍ ( The RSS: A View to the Inside ) രേഖപ്പെടുത്തുന്നുണ്ട്. (കരണ്‍സിങ്ങിനെ പിന്നീട് രാജീവ് സര്‍ക്കാര്‍ അമേരിക്കയിലേക്ക് അംബാസഡറായി അയച്ചു). സ്വന്തം അംഗരക്ഷകരാല്‍ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാനുള്ള ബാധ്യത വന്നുപെട്ടത് രാജീവിന്റെ പിരടിയിലാണ്. 1986 രാമക്ഷേത്രനിര്‍മാണ വഴിയിലെ സുപ്രധാന സംഭവമായി മാറുന്നത്, 1949ല്‍ അടച്ചിട്ട പള്ളി ഹിന്ദുഭക്തര്‍ക്കായി തുറന്നുകൊടുക്കാന്‍ രാജീവ് സര്‍ക്കാര്‍ മുന്നോട്ടുവന്നത് വലിയ രാഷ്ട്രീയ കണക്കുകൂട്ടലോട് കൂടിയായിരുന്നു. ആ കാലസന്ധിയില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നതിനെ കുറിച്ച് ആര്‍ എസ് എസ് ജിഹ്വ ഓര്‍ഗനൈസറുടെ പത്രാധിപര്‍, കെ. ആര്‍. മല്‍ക്കാനി വിവരിക്കുന്നതിങ്ങനെ: ‘ബാബരിയുടെ കവാടം തുറന്നുകിട്ടണമെന്നാവശ്യപ്പെട്ട് ഫൈസാബാദ് മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ ജില്ല അധികൃതര്‍ വി എച്ച് പിയോട് ആവശ്യപ്പെട്ടു. തങ്ങള്‍ കോടതിയിലേക്കില്ല എന്ന് വി.എച്ച്.പി വ്യക്തമാക്കിയപ്പോള്‍ ഉമേഷ് ചന്ദ്ര പാണ്ഡെ എന്ന ഒരു ജൂനിയര്‍ അഡ്വക്കറ്റിനെ കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച് മുന്‍സിഫ് കോടതിയിലേക്കയച്ചു. കീഴ്ക്കോടതി അപേക്ഷ നിരസിച്ചു. ജില്ല ജഡ്ജിക്കു മുമ്പാകെ അപ്പീല്‍ നല്‍കേണ്ട താമസം, 1949തൊട്ട് പൂട്ടിക്കിടക്കുന്ന പള്ളിയുടെ കവാടം തുറന്നുകൊടുക്കാന്‍ ഉത്തരവായി. പൂട്ടിക്കിടക്കുന്ന വാതില്‍ തുറക്കുന്നതും ഭക്തജനങ്ങള്‍ മസ്ജിദ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതും ലോകത്തിന്റെ കണ്‍മുമ്പിലെത്തിക്കാന്‍ ദല്‍ഹിയില്‍നിന്നും അപ്പോഴേക്കും ദൂരദര്‍ശന്‍ പ്രതിനിധികള്‍ ക്യാമറകളുമായി എത്തിയിരുന്നു.’ രാജീവിനെ കൊണ്ട് ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത് ഷാബാനുബീഗം കേസിന്റെ വിധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണത്രേ. വിധി ദുര്‍ബലപ്പെടുത്തുന്നതിന് നിയമനിര്‍മാണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവായിരുന്ന ജി.എം ബനാത്ത് വാല കൊണ്ടുവന്ന സ്വകാര്യ ബില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടപ്പോള്‍, വ്രണിത ഹൃദയരായ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടതാണെന്ന് വിലയിരുത്തപ്പെട്ടു. തുടര്‍ന്ന് മുസ്‌ലിം വനിത നിയമം പാസ്സാക്കാന്‍ രാജീവ് തീരുമാനിച്ചു. ഇന്നത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആ നീക്കത്തെ ശക്തമായി എതിര്‍ത്തു മന്ത്രിസഭയില്‍നിന്ന് പുറത്തുപോയി. ശരീഅത്ത് വിവാദം തുറന്നുവിട്ട വര്‍ഗീയധ്രുവീകരണം ഭൂരിപക്ഷ സമൂഹത്തില്‍ കോണ്‍ഗ്രസ് വിരുദ്ധവികാരം ആളിക്കത്തിച്ചു. ഇത്തരമൊരു ഘട്ടത്തില്‍, ആര്‍ എസ് എസുമായി രാജീവ് ഗാന്ധി ചില രഹസ്യ ധാരണകളിലേര്‍പ്പെട്ടുവെന്നാണ് ആന്‍ഡേഴ്സണ്‍ തുറന്നെഴുതുന്നത്. അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താനും ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിക്കാനും അനുവദിക്കാമെന്ന് രാജീവ് സമ്മതിച്ചു. പ്രതിഫലമായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ധാരണ. കാബിനറ്റ് അംഗമായിരുന്ന ബാനു പ്രതാപ് സിങ്, നര്‍സിങ്ഘട്ട് (മധ്യപ്രദേശ് മഹാരാജ) എന്നിവര്‍ക്ക് ആര്‍.എസ്.എസ് തലവന്‍ ദേവരസുമായി രഹസ്യ ചര്‍ച്ചക്ക് വേദിയൊരുങ്ങാന്‍ തന്നെയാണ് ചുമതലപ്പെടുത്തിയതെന്ന് നാഗ്പൂരിലെ കോണ്‍ഗ്രസ് നേതാവായ ബന്‍വാരിലാല്‍ പുരോഹിത് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. അലഹബാദ് ഹൈകോടതിയുടെ ശാസന തള്ളിക്കളഞ്ഞ് തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടന്നുവെങ്കിലും ക്ഷേത്രനിര്‍മാണവുമായി മുന്നോട്ടുപോവാന്‍ വി എച്ച് പിക്ക് കഴിയാതെ പോയത് മുസ്‌ലിംകളുടെ കടുത്ത എതിര്‍പ്പ് കണ്ട് സംഭ്രാന്തരായ കോണ്‍ഗ്രസ് നേതൃത്വം ധാരണയുമായി മുന്നോട്ടുപോവാന്‍ ധൈര്യപ്പെടാത്തത് കൊണ്ടാണത്രേ.
രാമക്ഷേത്രത്തിന്റെ ആശയാടിത്തറ
2019നവംബര്‍ ഒമ്പതിന്റെ വിധിയിലൂടെ സുപ്രീംകോടതി രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയ 67ഏക്കര്‍ ഭൂമിയില്‍ ആഗസ്റ്റ് അഞ്ചിന് നടന്ന രാമക്ഷേത്രശിലാന്യാസവും ഭൂമിപൂജയും ഇത്രക്കും വാര്‍ത്താപ്രാധാന്യം നേടിയത് പ്രധാനമന്ത്രിയും ആര്‍ എസ് എസ് സര്‍സംഘ്ചാലകും ഒന്നിച്ചുപങ്കെടുത്തത് കൊണ്ടോ വര്‍ണാര്‍ഭമായ നിര്‍മാണോദ്ഘാടന ചടങ്ങിന്റെ ആകര്‍ഷണീയത കൊണ്ടോ അല്ല. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത അധ്യായമാണ് ഈ സംഭവം. കാരണം അയോധ്യയില്‍ പടുത്തുയര്‍ത്തുന്ന ദേവാലയം ശ്രീരാമഭഗവാനെ കുടിയിരുത്താനുള്ള കേവലമൊരു ക്ഷേത്രമല്ല. മറിച്ച് രാജ്യത്തിന്റെ അടിസ്ഥാന ചിന്താപദ്ധതിയെ അട്ടിമറിക്കുന്ന ഒരു രാഷ്ട്രീയപദ്ധതിയുടെ സാക്ഷാത്കാരമാണ്. അത് ലോകത്തിനു നല്‍കുന്ന സന്ദേശത്തിന് നിരവധി മാനങ്ങളുണ്ട്. ഭൂരിപക്ഷത്തിന്റെ ഇംഗിതങ്ങളും ഇഷ്ടാനിഷ്ടങ്ങളുമായിരിക്കും രാജ്യത്ത് മേലില്‍ നടപ്പാകുക എന്ന ഭീഷണിസ്വരത്തിലുള്ള പരോക്ഷപ്രഖ്യാപനമാണിത്. ഭൂരിപക്ഷാധിപത്യത്തിന്റെ (Majoritonism) നിര്‍ദാക്ഷിണ്യമായ ഈ കടന്നുകയറ്റം നാസി ജര്‍മനിയുടെ തനിപ്പകര്‍പ്പാണ്. ഹിന്ദുമതത്തിനും ഹിന്ദുക്കള്‍ക്കും മുന്നില്‍ ന്യൂനപക്ഷങ്ങളുടെ വികാരവിചാരങ്ങള്‍ക്കോ വിശ്വാസാനുഷ്ഠാനങ്ങള്‍ക്കോ ഒരു വിലയുമില്ല എന്ന് പറയാതെ പറയുമ്പോള്‍ നിര്‍വീര്യമാക്കുന്നത് സെക്കുലര്‍ മൂല്യങ്ങളെയാണ്. ശിലാന്യാസ ചടങ്ങില്‍ പ്രധാനമന്ത്രിയും ഗവര്‍ണരെ പോലുള്ള ഭരണഘടനാപദവിയിലിരിക്കുന്നവരും പങ്കെടുത്തതിലാണ് പലരും അപാകത കണ്ടെത്തിയത്. അതിനപ്പുറം മുസ്‌ലിംകളില്‍നിന്ന് തട്ടിപ്പറിച്ചെടുത്ത ഭൂമിയില്‍, ഒരു കോടതിവിധിയുടെ മറവില്‍, വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിലെ ഭീകരത ആരും കാണാതെ പോയി. ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ രാമക്ഷേത്രം ഉയര്‍ന്നുപൊങ്ങുന്നത് കാണാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞ കമല്‍നാഥ് രാജീവ് ഗാന്ധിയാണ് 1989ല്‍ ശിലാന്യാസം നടത്തിയത് എന്നുവരെ അവകാശപ്പെടുന്ന അവസ്ഥയിലെത്തി. പള്ളി നിലനിന്ന സ്ഥാനത്ത് കെട്ടിപ്പൊക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രചോദനമാവട്ടെ എന്ന് പ്രിയങ്കഗാന്ധി ആശംസിക്കുന്നതിലെ യുക്തി എങ്ങനെ വായിച്ചെടുക്കും? ആര്‍ എസ് എസിന്റെ രാഷ്ട്രീയ അജണ്ടകളെ മനസ്സ് കൊണ്ട് നിരാകരിക്കുന്ന മതേതരവാദികളുടെയും 20കോടിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെയും ഹൃദയവികാരം ഉള്‍ക്കൊള്ളാന്‍ രാജീവിന്റെ മകള്‍ക്ക് സാധിക്കുന്നില്ല എന്നിടത്താണ് കോണ്‍ഗ്രസിന്റെ അപചയത്തിന്റെ മര്‍മം. അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം കേവലമൊരു ഹിന്ദുത്വ അജണ്ടയാണെന്നും രാഷ്ട്രീയ രാമനാണ് അവിടെ കുടിയിരുത്തപ്പെടുന്നതെന്നും മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി നഷ്ടപ്പെട്ടപ്പോഴാണ് പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനാണ് തങ്ങള്‍ എതിരെന്നും ആഗസ്ത് അഞ്ചിന്റെ ശിലാന്യാസത്തെ അനുകൂലിക്കുന്നുവെന്നും കരുണാകരപുത്രന്‍ വായ്ത്താരി നടത്തിയത്. തിരഞ്ഞെടുപ്പ് നേരിടേണ്ടിവരുമ്പോള്‍ ഹിന്ദുക്കളുടെ വോട്ട് നഷ്ടപ്പെടുമോ എന്ന ഭയമാണ് രാഷ്ട്രീയ എതിരാളികളുടെ അജണ്ട എടുത്തുപുണരാന്‍ മുരളീധരനെ പോലുള്ളവരെ നിര്‍ബന്ധിക്കുന്നത്. പക്ഷേ, ഒരുവേള കോണ്‍ഗ്രസിന്റെ പ്രതാപശാലികളും മതേതരവാദികളുമായ നേതാക്കള്‍, അരികുവത്കരിച്ച് മാറ്റിനിറുത്തിയ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ശിഷ്യന്മാരെ മുഖ്യധാരയുടെ മുന്നിലേക്ക് കൊണ്ടുവന്നതും രാജ്യത്തിന്റെ കടിഞ്ഞാണും സമൂഹത്തിന്റെ മനസ്സും കൈയേല്‍പിച്ചതും ഇത്തരം അന്തംകെട്ട നിലപാട് കൊണ്ടാണെന്ന് ഇനി എപ്പോഴാണ് മനസ്സിലാക്കുക?
രാഷ്ട്രശില്‍പികള്‍ സ്വപ്നം കണ്ട ഇന്ത്യ മരിച്ചുകഴിഞ്ഞു. മുഹമ്മദലി ജിന്ന പ്രവചിച്ച ഹിന്ദുത്വ ഇന്ത്യയിലേക്കാണ് നമ്മുടെ രാജ്യത്തിന്റെ കുതിപ്പ്. ഒരു ക്ഷേത്രം പടുത്തുയര്‍ത്തപ്പെടുമ്പോള്‍ വിശ്വാസികളുടെ മനസ്സില്‍ ജ്വലിക്കേണ്ട ആനന്ദനിര്‍വൃതിക്ക് പകരം ഭയാശങ്കകളാണ് ഇന്ന് കുമിഞ്ഞുകൂടുന്നത്. നല്ല നാളെയെ കുറിച്ച് കിനാവ് കാണാനുള്ള അവസരം പോലും നഷ്ടപ്പെടുകയാണോ എന്ന ഉത്കണ്ഠ സഹജീവികളോടൊപ്പം പങ്കുവെക്കുകയേ നിവൃത്തിയുള്ളൂ.
Kasim Irikkoor
You must be logged in to post a comment Login