വിഖ്യാത ചരിത്രകാരി റോമില ഥാപ്പര്‍ കഴിഞ്ഞ ആഴ്ച ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മുമ്പ്, ഈ എണ്‍പത്തൊമ്പതുകാരി ആദ്യമായി ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയത് ഒരു മുന്നറിയിപ്പു നല്‍കാനായിരുന്നു. ഇന്ത്യ ഹിന്ദുരാഷ്ട്രമാവുന്നതിന്റെ വക്കിലാണെന്ന ഭീഷണമായ യാഥാര്‍ത്ഥ്യമാണ് അവര്‍ വെളിപ്പെടുത്തിയത്.
ദേശീയതയും ഇന്നു കാണുന്ന അക്രമാസക്തമായ ഭൂരിപക്ഷാധിപത്യവും ഒന്നല്ലെന്ന് പ്രഭാഷണത്തില്‍ അവര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്തെ ദേശീയത ഇന്നാട്ടുകാരുടെ കൂട്ടായ സ്വത്വബോധമായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്ന എല്ലാവര്‍ക്കും അതില്‍ ഇടമുണ്ടായിരുന്നു. എന്നാല്‍ ദ്വിരാഷ്ട്രവാദത്തോടെ മത സ്വത്വത്തില്‍ ഊന്നിയ ദേശീയതയ്ക്ക് ചിലരുടെ ഇടയില്‍ പ്രചാരം ലഭിച്ചു. വിഭജനത്തോടെ, ഇസ്ലാമിക രാജ്യമായ പാകിസ്ഥാനും മതനിരപേക്ഷ രാജ്യമായ ഇന്ത്യയും രൂപംകൊണ്ടു. മത രാഷ്ട്രവാദത്തിലൂന്നി പാകിസ്ഥാന്റെ ഹിന്ദു മാതൃക രൂപപ്പെടുന്നതിന്റെ വക്കിലാണ് ഇന്നത്തെ ഇന്ത്യയെന്ന് പറയേണ്ടിവരുമെന്ന് ഥാപ്പര്‍ പറയുന്നു. അതായത് ഹിന്ദുരാഷ്ട്ര നിര്‍മിതിയുടെ വക്കില്‍.
ഒരു പടി കൂടി കടന്ന്, ഹിന്ദുരാഷ്ട്രം ഫലത്തില്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു എന്നാണ് മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷ് വര്‍ധന്‍ ത്രിപാഠി പറയുന്നത്. ഹിന്ദുരാഷ്ട്രത്തിന്റെ പ്രധാന സവിശേഷതകള്‍ രണ്ടെണ്ണമായിരിക്കുമെന്ന് മദ്രാസ് കുറിയര്‍ ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകളെ രണ്ടാംകിട പൗരന്മാരായി മാറ്റുകയും അവരുടെ അവകാശാധികാരങ്ങള്‍ കവര്‍ന്നെടുക്കുകയുമാണ് ഒന്ന്. രാഷ്ട്രീയ, പൊതു മണ്ഡലങ്ങളുടെ ഹൈന്ദവവത്കരണമാണ് രണ്ടാമത്തേത്. പൗരത്വ നിയമ ഭേദഗതി പോലുള്ള നിയമങ്ങളിലൂടെയും നഗരങ്ങളുടെയും പാതകളുടെയും പേരു മാറ്റത്തിലൂടെയും ഏകീകൃത സിവില്‍കോഡ് തിരഞ്ഞെടുപ്പു വിഷയമാക്കിയതിലൂടെയും ആദ്യത്തേത് ഏറെക്കുറെ യാഥാര്‍ത്ഥ്യമാക്കിക്കഴിഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമുള്ള പ്രചാരവേലകളിലൂടെയാണ് പൊതുമണ്ഡലത്തെ ഹൈന്ദവവത്കരിക്കുന്നത്. അതിലും അവര്‍ വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും പ്രായോഗികതലത്തില്‍ ഇന്ത്യയൊരു മതരാഷ്ട്രമായി മാറിക്കഴിഞ്ഞെന്നുവേണം കരുതാന്‍ എന്നാണ് ത്രിപാഠിയുടെ നിരീക്ഷണം.
മുസ്ലിം സംസ്‌കാരം വൈദേശികമാണെന്നും മുസ്ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഇവിടെ ലഭിക്കുന്ന സ്ഥാനം ‘കപട മതേതരത്വ’ത്തിന്റെ ഫലമാണെന്നും ഹിന്ദുക്കള്‍ അതിന്റെ ഇരകളാണെന്നും സ്ഥാപിക്കുകയാണ് പ്രചാരവേലയുടെ ലക്ഷ്യം. വ്യാജവാര്‍ത്തകളും അര്‍ധസത്യങ്ങളും ഇതിനായി വ്യാപകമായി പരത്തുന്നു.
കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകാലത്തെ അധിനിവേശത്തിന്റെ ഇരകളാണ് ഹിന്ദുക്കളെന്നും അതിനുള്ള സ്വാഭാവിക തിരിച്ചടി നേരിടാന്‍ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ ബാധ്യസ്ഥരാണെന്നും ഹിന്ദുമതത്തിലെ വലിയൊരു വിഭാഗത്തെ വിശ്വസിപ്പിക്കാന്‍ ഈ പ്രചാരണംകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് ത്രിപാഠി പറയുന്നു. ഹിന്ദു രാഷ്ട്രീയ നേതാക്കള്‍ ഹിന്ദുസ്വത്വം പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് മതനിരപേക്ഷ പ്രതിപക്ഷ കക്ഷികള്‍ക്കുപോലും തോന്നിത്തുടങ്ങിയിരിക്കുന്നു എന്നതാണ് രാഷ്ട്രീയമണ്ഡലം ഹൈന്ദവവത്കരിക്കപ്പെടുന്നതിന്റെ ഫലം. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും അരവിന്ദ് കെജ്്രിവാളും ആഘോഷപൂര്‍വം ക്ഷേത്രദര്‍ശനം നടത്തിയതും പ്രിയങ്ക ഗാന്ധിയും കെജ്്രിവാളും എച്ച് ഡി കുമാരസ്വാമിയും അയോധ്യയിലെ ഭൂമിപൂജയെ അഭിനന്ദിച്ചതും ഇതിന്റെ തെളിവാണ്. ഹിന്ദുത്വവാദത്തിന്റെ അക്രമോത്സുകതയെ അംഗീകരിക്കാത്ത രാഷ്ട്രീയ നേതാക്കള്‍പോലും ഹിന്ദുത്വവീക്ഷണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. ദേശീയ ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ ഹിന്ദുത്വ ആശയങ്ങള്‍ക്ക് നിര്‍ലജ്ജം പ്രാമുഖ്യം ലഭിക്കുന്നു. അയോധ്യയില്‍ ഭൂമിപൂജ നടക്കുന്ന ദിവസം പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് പല ചാനലുകളുടെയും അവതാരകര്‍ അത് റിപ്പോര്‍ട്ടു ചെയ്തത്.
പൊതുമണ്ഡലത്തെ ഹൈന്ദവവത്കരിക്കാനുള്ള പ്രചാരവേലകളില്‍ ആഗോള സ്ഥാപനങ്ങളെപ്പോലും ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ സംഘപരിവാറിനു കഴിയുന്നുണ്ടെന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കും മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പും ബി ജെ പിയുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കു നേരെ എങ്ങനെ കണ്ണടയ്ക്കുന്നു എന്നാണ് അമേരിക്കയിലെ വോള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പുചീറ്റുന്നത് ഫെയ്‌സ്ബുക്കിന്റെ നയപ്രകാരം അനുവദനീയമല്ല. എന്നാല്‍ ബി ജെ പി നേതാക്കളും അവരെ അനുകൂലിക്കുന്ന സംഘടനകളും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് വിസമ്മതിച്ചെന്നാണ് വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭരണകക്ഷിയെ പിണക്കുന്നത് ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്ന ന്യായം പറഞ്ഞാണത്രെ ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കു നേരെ മൗനം പാലിക്കാന്‍ അന്‍ഖി ദാസ് നിര്‍ദേശിച്ചത്.
മൂന്നു ബി ജെ പി നേതാക്കളുടെ പ്രസ്താവനകളുടെ കാര്യമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. റോഹിംഗ്യന്‍ മുസ്ലിംകളെ വെടിവെച്ചുകൊല്ലണമെന്ന് ആഹ്വാനം ചെയ്ത തെലങ്കാനയിലെ ബി ജെ പി എം എല്‍ എ ടി രാജാ സിങ് ആണ് ഒരാള്‍. ഈ വിദ്വേഷ പ്രസംഗങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ അപകടകാരിയായ വ്യക്തിയായി ഫെയ്‌സ്ബുക്ക് കണക്കാക്കി. ഇതനുസരിച്ച് രാജാസിങിന് വിലക്കേര്‍പ്പെടുത്തിയെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നതെങ്കിലും അദ്ദേഹം ഇപ്പോഴും ഫെയ്‌സ്ബുക്കില്‍ തുടരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ബി ജെ പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രസംഗമാണ് മറ്റൊന്ന്. ഈ പ്രസംഗത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മിശ്ര നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് ഫെയ്‌സ്ബുക്കിലെ ഇരുപത്തി അയ്യായിരത്തിലധികം ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ സി ഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാണിച്ചിരുന്നു. പ്രസംഗം ഫെയ്‌സ്ബുക്ക് നീക്കം ചെയ്‌തെങ്കിലും കപില്‍ മിശ്രയ്ക്ക് ഇപ്പോഴും ഫെയ്‌സ്ബുക്കിന്റെ വെരിഫൈഡ് അക്കൗണ്ടുണ്ട്. മുസ്ലിംകളാണ് ഇന്ത്യയില്‍ കൊവിഡ് പരത്തുന്നത് എന്ന് പറഞ്ഞ ആനന്ദ്കുമാര്‍ ഹെഗ്ഡെയാണ് മൂന്നാമത്തെയാള്‍. ഹെഗ്‌ഡേയ്‌ക്കെതിരെയും നടപടിയുണ്ടായില്ല. അന്‍ഖി ദാസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരായ നടപടികള്‍ ഫെയ്‌സ്ബുക് ഒഴിവാക്കിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാരെ ഉദ്ധരിച്ച് വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെയ്‌സ്ബുക്കും ഇന്ത്യയിലെ ഭരണനേതൃത്വവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ചുമതല കൂടി നിര്‍വഹിക്കുന്ന അന്‍ഖി ദാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിറഞ്ഞുനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫെയ്‌സ്ബുക്കിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ബി ജെ പിയുടെ പ്രചാരകരെപ്പോലെ പ്രവര്‍ത്തിച്ചു എന്നാണ് 2017ല്‍ ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ടു ചെയ്തത്. മോഡിയുടെ കൊച്ചുമകളെന്നാണ് ഫെയ്‌സ്ബുക്കിലെ ജീവനക്കാര്‍ അന്‍ഖിദാസിനെ വിശേഷിപ്പിക്കുന്നത് എന്ന് 2016ല്‍ ‘ഗാര്‍ഡിയ’ന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഭരണപക്ഷവും സമൂഹമാധ്യമ ഭീമനും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ബി ജെ പി വന്‍തോതില്‍ പണമിറക്കുന്നതും റിലയന്‍സിന്റെ സ്ഥാപനങ്ങളില്‍ ഫെയ്‌സ്ബുക്ക് കോടികള്‍ മുതല്‍മുടക്കുന്നതും ഈ രംഗത്തു നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിന് തെളിവാണെന്ന് സി പി എം പറയുന്നു.
ആരോപണം ഫെയ്‌സ്ബുക്ക് നിഷേധിച്ചിട്ടുണ്ടെങ്കിലും വിദ്വേഷ പ്രചാരണങ്ങളിലൂടെ പൊതുമണ്ഡലത്തെ ഹൈന്ദവവത്കരിക്കുന്നതില്‍ സംഘപരിവാര്‍ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്നതിന്റെ സൂചനയായി വേണം ഫെയ്‌സ്ബുക്കുമായുള്ള കൂട്ടുകെട്ടിനെ കാണാന്‍. ഹര്‍ഷവര്‍ധന്‍ ത്രിപാഠിയുടെ ലേഖനത്തില്‍ പറയുന്ന ഹിന്ദുരാഷ്ട്ര രൂപവത്കരണത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് അത്. അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ട ചടങ്ങില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത് പുതിയൊരു രാഷ്ട്രം പിറന്നുകഴിഞ്ഞു എന്നാണ്. വൈദേശികാധിപത്യം കാരണം 500 വര്‍ഷമായി അടിച്ചമര്‍ത്തപ്പെട്ടു കിടക്കുകയായിരുന്ന ഹിന്ദുധര്‍മത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു സമയായി എന്നാണദ്ദേഹം പറഞ്ഞത്. ചരിത്രത്തിലെ തെറ്റുകള്‍ തിരുത്തിക്കൊണ്ടുള്ളതായിരിക്കും പുതിയ രാഷ്ട്രമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈയൊരവസ്ഥ കേവലം യാദൃച്ഛികമല്ലെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. യഥാര്‍ത്ഥ ജനാധിപത്യത്തിന് അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിനിടെ അബദ്ധത്തില്‍ വഴിപിഴച്ചതുകൊണ്ടല്ല, നരേന്ദ്ര മോഡി പ്രധാനമന്ത്രിയായത്. 25 വര്‍ഷം മുമ്പ് രാമജന്മഭൂമി പ്രക്ഷോഭകാലത്ത് ഇന്നത്തെ ഭരണകൂടത്തിന്റെ ശിലാസ്ഥാപനം നടന്നുകഴിഞ്ഞിരുന്നു. സിഖ് കൂട്ടക്കൊലക്കു ശേഷം കോണ്‍ഗ്രസ് ജയിച്ചതുപോലെയും ഗുജറാത്തിലെ മുസ്ലിം വംശഹത്യയ്ക്കു ശേഷം അവിടെ മോഡി വീണ്ടും ജയിച്ചതുപോലെയും തന്നെയായിരുന്നു 2014ലെ ബി ജെ പിയുടെ ജയം. 2019ല്‍ നരേന്ദ്ര മോഡി കുറേക്കൂടി മികച്ച വിജയം നേടിയത് അതിന്റെ തുടര്‍ച്ചയാണ്. ഒരു വ്യക്തിയിലോ ഒരു തിരഞ്ഞെടുപ്പിലോ ഒരു സംഭവത്തിലോ ഒതുക്കാവുന്നതിലും ആഴമുള്ള പ്രതിഭാസമാണിത്- ‘മേക്കിങ് സെന്‍സ് ഓഫ് ഇന്ത്യന്‍ ഡെമോക്രസി’ എന്ന പുതിയ പുസ്തകത്തില്‍ യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.
അതിനര്‍ഥം ഇന്ത്യന്‍ ജനാധിപത്യത്തിന് ഈയൊരു പാതയിലേ മുന്നേറാനാവൂ എന്നല്ലെന്ന് യാദവ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പുത്തന്‍ ഉദാരീകരണ സാമ്പത്തിക നയങ്ങളും മാറിക്കൊണ്ടിരിക്കുന്ന ജാതിഘടനയും സാമൂഹിക ഘടനയും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും ബദല്‍ സാധ്യതകള്‍ക്ക് വഴിതുറക്കുന്നുണ്ട്. അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം അന്നത്തെ യു പി എ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കില്‍, കോണ്‍ഗ്രസ് നേതൃത്വം സ്വയം കഴിവുകേട് തെളിയിച്ചിരുന്നില്ലെങ്കില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് പുല്‍വാമ ഭീകരാക്രമണം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ തിരഞ്ഞെടുപ്പു ഫലം മറ്റൊന്നാകുമായിരുന്നു. പക്ഷേ, ഇത്തരം സാഹചര്യങ്ങളെ തങ്ങളുടെ നേട്ടമാക്കിമാറ്റാന്‍ നേതാക്കളെയോ രാഷ്ട്രീയ സംഘടനകളെയോ അനുവദിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യന്‍ ജനാധിപത്യം എത്തിയിട്ടുണ്ട് എന്നതാണ് വസ്തുത. അതാണ് നമ്മളെ അസ്വസ്ഥരാക്കേണ്ടത്.
ഹിന്ദുമതത്തിലെ ആന്തര വൈരുധ്യങ്ങള്‍തന്നെ ഹിന്ദുരാഷ്ട്ര പദ്ധതിയെ പരാജയപ്പെടുത്തും എന്ന പ്രതീക്ഷയാണ് ‘ദ വയറി’ല്‍ എഴുതിയ ലേഖനത്തില്‍ അജയ് ഗൂഡാവര്‍ഥി പ്രകടിപ്പിക്കുന്നത്. ജാതി എന്ന യാഥാര്‍ത്ഥ്യത്തെ മതസങ്കല്‍പം കൊണ്ട് പൊളിച്ചെഴുതിയാലേ ഹിന്ദുരാഷ്ട്ര സ്ഥാപനം യാഥാര്‍ത്ഥ്യമാവൂ. അതേസയമം ജാതിവ്യവസ്ഥയെ തിരിച്ചുകൊണ്ടുവന്ന് ബ്രാഹ്മണാധിപത്യം സ്ഥാപിക്കുകയും വേണം. ജാതി സംവരണത്തിന്റെ സ്ഥാനത്ത് സാമ്പത്തിക സംവരണം കൊണ്ടുവന്നാണ് സംഘപരിവാര്‍ ഇതിനു ശ്രമിക്കുക. സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളുന്ന ദളിത്, പിന്നാക്ക സംഘടനകള്‍ക്ക് അതിനെ എതിര്‍ക്കാതിരിക്കാനാവില്ല. ഈ സംഘട്ടനമാവും ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനുള്ള പ്രധാന വെല്ലുവിളിയെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ അജയ് ഗൂഡാവര്‍ഥി പറയുന്നു.
വി ടി സന്തോഷ്
You must be logged in to post a comment Login