ജൂലൈ 12 ഞായറാഴ്ച. പൂനെ യെര്‍വാദയിലെ വീട്ടില്‍ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലായിരുന്നു റഹീമ ശൈഖ് (യഥാര്‍ത്ഥ പേരല്ല). അവരുടെ ഏകമകള്‍, തൊട്ടടുത്ത മുറിയില്‍ മൊബൈല്‍ ഫോണില്‍ സീരിയല്‍ കാണുന്നു. അപ്പോഴാണ് വാതിലില്‍ മുട്ടു കേട്ടത്. വന്നത്, ഇരുപതോളം പുരുഷന്മാരടങ്ങുന്ന സംഘം. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, മഹാരാഷ്ട്ര പൊലീസ്, മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവയിലെ അംഗങ്ങളായിരുന്നു അവര്‍. റഹീമയെയും മകളെയും യെര്‍വാദ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവരുടെ വീട് പരിശോധിച്ചു. റഹീമ ഒരുക്കിയ ഉച്ചഭക്ഷണം തണുത്തുറഞ്ഞു. റഹീമയുടെ മകള്‍ 22കാരിയായ സാദിയ അന്‍വര്‍ ശൈഖിന്റെ അറസ്റ്റ് അന്നു രാത്രി രേഖപ്പെടുത്തി, കാരണം പറയാതെ.
അഞ്ചുവര്‍ഷമായി സാദിയയുടെ പേര് വാര്‍ത്തകളിലുണ്ട്. ഭീകരവിരുദ്ധ വിഭാഗത്തിന്റെ (എ ടി എസ്) പൂനെ വിഭാഗം ഈ പെണ്‍കുട്ടിയെ ആദ്യം അറസ്റ്റ് ചെയ്യുന്നത് 2015ലാണ്. ഇസ്ലാമിക് സ്റ്റേറ്റിനോട് (ഐ എസ്) ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ഐ എസ് ആഭിമുഖ്യത്തില്‍ നിന്ന് പിന്‍മാറ്റിയെന്ന് അവകാശപ്പെട്ട് സാദിയയെ എ ടി എസ് പിന്നീട് വിട്ടയച്ചു. 2018ല്‍ ശ്രീനഗറില്‍ നിന്ന് ജമ്മുകശ്മീര്‍ പൊലീസ് വീണ്ടും സാദിയയെ കസ്റ്റഡിയിലെടുത്തു. സ്ഫോടനം നടത്താന്‍ ചാവേറായി എത്തിയെന്നായിരുന്നു സംശയം. ഇന്റലിജന്‍സ് മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിച്ചതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്ന് പിന്നീട് പറഞ്ഞു. പത്ത് ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷം പൂനെയിലെത്തിച്ച് മാതാവിന് കൈമാറി.
പൂനെ സ്വദേശി തന്നെയായ നബീല്‍ എസ് ഖത്രി എന്നയാള്‍ക്കൊപ്പം ചേര്‍ന്ന് ഭീകരാക്രമണങ്ങള്‍ നടത്താന്‍ സാദിയ പദ്ധതിയിട്ടുവെന്നതാണ് എന്‍ ഐ എയുടെ ഇപ്പോഴത്തെ ആരോപണം. ഐ എസ് അനുഭാവികളുമായി ബന്ധം പുലര്‍ത്തി, അവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നുവെന്നും. നബീലിനെയും സാദിയയെയും ആരോപണവിധേയരാക്കി കേസ് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലാണ്, 2020 മാര്‍ച്ചില്‍. ജൂലൈ പന്ത്രണ്ടിന് അന്വേഷണ സംഘം വീട്ടിലെത്തുമ്പോഴും റഹീമയ്ക്ക് ഇതേക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. അവര്‍ ശാന്തമായി, അന്വേഷണവുമായി സഹകരിച്ചു.
”ഉച്ചയ്ക്ക് പന്ത്രണ്ടരയായപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ വീട്ടിലെത്തിയത്. അവരൊരു കത്ത് കാണിച്ചു, വീട് പരിശോധിക്കണമെന്ന് പറഞ്ഞു” – ന്യൂസ് ലോണ്ട്രിയുമായി റഹീമ സംസാരിച്ചുതുടങ്ങി. വീട് പരിശോധിക്കാന്‍ അനുവാദം നല്‍കി. തങ്ങളുടെ വക്കീലുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അവരതിന് സമ്മതിച്ചില്ല. ഒരു മണിക്കൂറോളം പരിശോധിച്ചു. മകളുടെ ലാപ്ടോപ്പും ഞങ്ങള്‍ രണ്ടു പേരുടെയും ഫോണുകളും എടുത്തുകൊണ്ടുപോയി. ഞങ്ങളെ യെര്‍വാദ സ്റ്റേഷനിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ദിവസം മുഴുവന്‍ അവിടെ ഇരിക്കേണ്ടിവന്നു. ഉദ്യോഗസ്ഥര്‍ ഒന്നും പറഞ്ഞില്ല.
രാത്രി ഒമ്പതുമണിയായപ്പോഴാണ് സാദിയയെ അറസ്റ്റ് ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞത്. എന്തിനാണ് അറസ്റ്റെന്ന് റഹീമ പലതവണ ചോദിച്ചു. ഒരു മറുപടിയുമുണ്ടായില്ല. ”എനിക്കെന്റെ മകളില്‍ പൂര്‍ണ വിശ്വാസമുണ്ട്. അവളൊന്നും ചെയ്തിട്ടില്ലെന്ന ഉറപ്പുണ്ട്. അക്രമങ്ങളിലൊന്നും പങ്കാളിയാകരുതെന്നാണ് ഞാനവളെ പഠിപ്പിച്ചത്. എ ടി എസ്സും മറ്റ് ഏജന്‍സികളും അന്വേഷണവുമായി എത്തിയപ്പോഴൊക്കെ സഹകരിച്ചിട്ടേയുള്ളൂ” – റഹീമ പറയുന്നു.
നഴ്സിംഗ് പഠിക്കാനാണ് സാദിയയെ കശ്മീരിലയച്ചത്. 2018ലെ സംഭവങ്ങളെക്കുറിച്ച് റഹീമ പറഞ്ഞു. പൂനെയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അവളെ തുടര്‍ച്ചയായി ഉപദ്രവിക്കുകയായിരുന്നു. പൂനെയിലെ ഇനാംദാര്‍ കോളജില്‍ ഫാര്‍മസി കോഴ്സിന് പഠിക്കുമ്പോഴാണ് എന്‍ ഐ എയുടെയും എ ടി എസ്സിന്റെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും ഉദ്യോഗസ്ഥര്‍ ആദ്യം ചോദ്യംചെയ്യുന്നത്. കോളജ് സമയത്ത് പോലും ചോദ്യംചെയ്തു. എല്ലായ്‌പ്പോഴും അവരുടെ നിരീക്ഷണത്തിലായി. അവള്‍ക്ക് മടുത്തു. അപ്പോഴാണ് കശ്മീരിലേക്ക് അയച്ചത്. സാദിയ കശ്മീരിലെത്തിയ ഉടന്‍ പുതിയ ഗൂഢാലോചന അരങ്ങേറി.
കശ്മീരില്‍ നിന്ന് പൂനെയില്‍ തിരിച്ചെത്തിയശേഷം ഈ കുടുംബമൊരു വാര്‍ത്താസമ്മേളനം നടത്തി; സാദിയക്കെതിരായ ആരോപണങ്ങളിലൊക്കെ വിശദീകരണം നല്‍കിക്കൊണ്ട്. പിന്നീട് പൂനെ സര്‍വകലാശാലയില്‍ ജേര്‍ണലിസം കോഴ്സിന് സാദിയ ചേര്‍ന്നു. അവിടെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍. ”വേട്ടയാടലിന്റെ ചരിത്രം മറന്ന് ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. പക്ഷേ, എന്‍ ഐ എ വീണ്ടും സാദിയയെ അറസ്റ്റ് ചെയ്തിരിക്കുന്നു.”
സാദിയെയും നബീലിനെയും ജൂലൈ പന്ത്രണ്ടിന് അറസ്റ്റ് ചെയ്തത് എന്തിനാണ്? കശ്മീര്‍ സ്വദേശിയായ ജഹാന്‍സൈബ് സമിക്കും ഭാര്യ ഹിന ബാഷിര്‍ ബേഗിനുമെതിരെ ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് നബീലിന്റെയും സാദിയയുടെയും അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. കശ്മീരീ ദമ്പതികള്‍ക്ക് ഐ എസ്സുമായി ബന്ധമുണ്ടെന്നതായിരുന്നു ആരോപണം. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നും ആരോപിച്ചു. ഡല്‍ഹി പൊലീസിലെ കുപ്രസിദ്ധമായ യൂണിറ്റാണ് സ്പെഷ്യല്‍ സെല്‍. ഏകപക്ഷീയമായ അന്വേഷണങ്ങളുടെ പേരില്‍ പലകുറി വിമര്‍ശനമേറ്റുവാങ്ങിയിട്ടുണ്ട്. ജഹാന്‍സൈബിനെയും ഹിനയെയും ഡല്‍ഹിയിലെ ജാമിഅ നഗറില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 16 ദിവസം പൊലീസ് കസ്റ്റഡിയില്‍. പിന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലും. ഇവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് ഉന്നയിച്ച ആരോപണങ്ങളൊക്കെ തെറ്റാണെന്ന് ബന്ധുക്കള്‍ പറയുന്നു, പൊലീസ് ഇവരെ കുടുക്കിയതാണെന്നും.
ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ 2020 മാര്‍ച്ച് 18ന് ആഭ്യന്തര മന്ത്രാലയം എന്‍ ഐ എയോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 20ന് എന്‍ ഐ എ കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്തു. ജഹന്‍സൈബിന്റെയും ഹിനയുടെയും പക്കല്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും തുടര്‍അന്വേഷണങ്ങളില്‍ നിന്നും ഇവര്‍ ഐ എസ്സിനാല്‍ പ്രചോദിതരാണെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും കണ്ടെത്തിയെന്നാണ് എന്‍ ഐ എ പറയുന്നത്. ജഹന്‍സൈബിന്റെ സെല്‍ഫോണില്‍ നിന്ന് തിരിച്ചെടുത്ത ചാറ്റുകളില്‍ നിന്ന് നബീലിന്റെയും സാദിയയുടെയും പങ്ക് കണ്ടെത്തിയെന്നും. ജഹന്‍സൈബുമായും മറ്റു ചില ഐ എസ് പ്രവര്‍ത്തകരുമായും ഇവര്‍ ഗൂഢാലോചന നടത്തി. സാദിയക്ക് ഐ എസ്സുമായി ആഭിമുഖ്യമുണ്ടെന്ന് മാത്രമല്ല, സംഘടനയ്ക്ക് വേണ്ടി ചാവേറാകാന്‍ വരെ തയാറാണെന്ന് കൂടി ചാറ്റുകളില്‍ നിന്ന് മനസ്സിലായി. ഐഎസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജഹന്‍സൈബുമായും അബ്ദുല്ല ബാസിതുമായും സാദിയ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും എന്‍ ഐ എ കുറ്റപ്പെടുത്തുന്നു. മുഹമ്മദ് അബ്ദുല്ല ബാസിത് ഹൈദരാബാദുകാരനാണ്. ഐ എസ് അനുഭാവിയെന്ന ആരോപണം നേരിടുന്നു. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് 2018ല്‍ അറസ്റ്റ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ എന്‍ ഐ എ സമര്‍പ്പിച്ച രേഖകളില്‍ നബീലിനെതിരെയുള്ള ആരോപണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഐ എസ് അനുഭാവി മാത്രമല്ല നബീലെന്ന് എന്‍ ഐ എ പറയുന്നു. ആയുധങ്ങള്‍, വ്യാജ പേരുകളിലുള്ള സിം കാര്‍ഡുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ സഹായിക്കാന്‍ സന്നദ്ധനായിരുന്നു നബീല്‍. പ്രഹരശേഷി കൂടിയ സ്ഫോടകവസ്തുക്കളുണ്ടാക്കാനും തിരക്കേറിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ അമിതവേഗത്തിലോടിച്ച് അപകടങ്ങളുണ്ടാക്കാനും നബീലിന് പദ്ധതിയുണ്ടായിരുന്നു. ഇതെല്ലാം ഇന്ത്യയില്‍ ഐ എസ്സിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണെന്ന് എന്‍ ഐ എ കുറ്റപ്പെടുത്തുന്നു. ഇത്തരം ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സാദിയയുടെയും നബീലിന്റെയും വീട് പരിശോധിച്ചതും ഇരുവരെയും അറസ്റ്റുചെയ്തതും.
ഈ കേസാകെ കെട്ടിച്ചമച്ചതാണെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ അബുബക്കര്‍ സബാഖ് പറയുന്നത്. സാദിയയുടെയും നബീലിന്റെയും കേസ് കൈകാര്യംചെയ്യുന്നത് സബാഖാണ്. ഇവര്‍ക്കെതിരായ ആരോപണങ്ങളുടെ വിശദാംശം ഹാജരാക്കാന്‍ എന്‍ ഐ എയ്ക്ക് സാധിച്ചിട്ടില്ല. കശ്മീരീ ദമ്പതികളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍ ഐ എ പറയുന്നത്; ഗൂഢാലോചന നടത്തിയെന്നും. ഗൂഢാലോചനയുടെ എന്തെങ്കിലും വിശദാംശം എന്‍ ഐ എ പറയുന്നില്ല; കശ്മീരീ ദമ്പതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആവര്‍ത്തിക്കുന്നതല്ലാതെ. അഭിഭാഷകനായ തനിക്ക് ഇരുവരെയും കാണാന്‍ അനുവാദം നല്‍കിയുമില്ല.
അവരെ പൊലീസ് കസ്റ്റിഡിയില്‍ റിമാന്‍ഡ് ചെയ്തിട്ട് രണ്ടാഴ്ച പിന്നിട്ടു. ഒരിക്കല്‍ പോലും അവരെ കാണാന്‍ അനുവദിച്ചില്ല. കൊവിഡ് വ്യാപിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി അനുമതി നിഷേധിച്ചതെന്ന് സബാഖ് പറയുന്നു. കൊവിഡ് കാലത്തെ മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. ചോദ്യംചെയ്യാനും മറ്റുമായി പൊലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം അവരെ കാണുന്നുമുണ്ട്.
സാദിയയുടെയും നബീലിന്റെയും ശബ്ദത്തിന്റെയും കയ്യെഴുത്തിന്റെയും സാമ്പിള്‍ ശേഖരിക്കാന്‍ ഇതിനിടയില്‍ എന്‍ ഐ എ അനുമതി തേടി. ഇത് കോടതിയില്‍ ചോദ്യംചെയ്തു. എന്‍ ഐ എ ഇതുവരെ ശേഖരിച്ച രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും പകര്‍പ്പ് കൈമാറിയില്ലെങ്കില്‍ കൃത്രിമം കാട്ടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. യാതൊന്നും കൈമാറാന്‍ എന്‍ ഐ എ തയാറായില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ എഫ് ഐ ആറിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് ചട്ടം. ഇവിടെ സാദിയയെയും നബീലിനെയും അറസ്റ്റ് ചെയ്ത് ഒരുദിവസം കഴിഞ്ഞാണ് എഫ് ഐ ആറിന്റെ പകര്‍പ്പ് പോലും നല്‍കിയത്.
നബീലിന്റെ വീട്ടില്‍ നിന്ന് ഒന്നും രേഖപ്പെടുത്താത്ത ഒരു രജിസ്റ്റര്‍ മാത്രമാണ് കണ്ടെടുത്തത്. ഇത് കണ്ടെടുത്തതായി മഹസ്സറുണ്ടാക്കി നബീലിന്റെ പിതാവിനെക്കൊണ്ട് ഒപ്പിടുവിക്കുകയും ചെയ്തു. രജിസ്റ്ററിലെ പേജുകളില്‍ എന്‍ ഐ എ അവര്‍ക്കു വേണ്ടതൊക്കെ എഴുതിച്ചേര്‍ത്ത് തെളിവായി ഹാജരാക്കുമോ എന്നാണ് അദ്ദേഹം ഇപ്പോള്‍ ഭയക്കുന്നത്. ദേശസുരക്ഷയെന്ന പേരില്‍ ആളുകളെ കുടുക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഈ കേസെന്ന് സബാഖ് ചൂണ്ടിക്കാട്ടുന്നു.
2015ലെ സാദിയയുടെ കഥ ഇങ്ങനെയാണ്. അല്ലെങ്കില്‍ സാദിയയെക്കുറിച്ച് എന്‍ ഐ എയും ഐ ടി എസും പറയുന്ന കഥ. 2015 ഡിസംബറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥനെ ഐ എസ് ബന്ധത്തിന്റെ പേരില്‍ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് രാജ്യത്താകെ പരിശോധന നടത്തി ഐ എസ് ബന്ധം ആരോപിച്ച് 12 പേരെ അറസ്റ്റ് ചെയ്തു. അവരില്‍ നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ രേഖകളില്‍ നിന്നാണ് സാദിയയെക്കുറിച്ച് വിവരം ലഭിച്ചത് എന്നാണ് പൂനെ എ ടി എസ്സിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അവരില്‍ പലരുമായും സാദിയ ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍. അന്ന് സാദിയക്ക് പ്രായം 16 മാത്രം.
ഇന്ത്യയിലും വിദേശത്തമുള്ള ഐ എസ് പ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടുകയായിരുന്നു സാദിയ എന്നാണ് പൂനെ എ ടി എസ്സിനെ അക്കാലത്ത് നയിച്ചിരുന്ന ഭാനുപ്രതാപ് ബാര്‍ജ് പറയുന്നത്. ടി വിയിലൂടെയാണ് സാദിയ ആദ്യമായി ഐ എസ്സിനെക്കുറിച്ച് അറിയുന്നത്. മുസ്ലിംകളുടെ രക്ഷകരായി ഐ എസ്സിനെ അവതരിപ്പിച്ച ടി വി സീരീസ് കണ്ടതോടെ ആ സംഘടനയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടങ്ങി. ഇതോടെയാണ് ചാറ്റ്റൂമുകളിലൂടെയും മറ്റും ഐ എസ് പ്രവര്‍ത്തകര്‍ സാദിയയുമായി ബന്ധം സ്ഥാപിക്കുന്നതെന്ന് ബാര്‍ജ് പറഞ്ഞു. 2015ല്‍ സാദിയയെ എ ടി എസ് കണ്ടെത്തുമ്പോഴേക്കും അവര്‍ ഐ എസ് അനുഭാവിയായി മാറിക്കഴിഞ്ഞിരുന്നു. സിറിയയിലേക്ക് പോകാന്‍ സന്നദ്ധയും. സാദിയക്ക് പ്രായപൂര്‍ത്തി ആകാത്തതിനാലും കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലാത്തതിനാലും അന്ന് കേസൊന്നും രജിസ്റ്റര്‍ ചെയ്തില്ല. മുസ്ലിം പണ്ഡിതരെ ഉപയോഗപ്പെടുത്തി ഐ എസ് അനുഭാവത്തില്‍ നിന്ന് മുക്തയാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ബാര്‍ജ് പറയുന്നു. പണ്ഡിതന്മാര്‍ നിരന്തരം സാദിയയുമായി സംസാരിച്ചു. അത് 2018 വരെ തുടര്‍ന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ഇതിനെ പൂര്‍ണമായും പിന്തുണച്ചുവെന്നും ബാര്‍ജ് അവകാശപ്പെട്ടു.
ഐ എസ്സിന്റെ നല്ല സ്വാധീനം സാദിയയിലുണ്ടായിരുന്നുവെന്നാണ് പണ്ഡിതന്മാരില്‍ ഒരാളായ ഖാര ഇദ്രിസും പറയുന്നത്. മതകാര്യങ്ങളില്‍ നല്ല ഗ്രാഹ്യമുണ്ടായിരുന്നു ആ പെണ്‍കുട്ടിക്ക്. തന്റെ വിദ്യാഭ്യാസം ഏറ്റെടുത്തുകൊള്ളാമെന്ന് ഐ എസ് വാഗ്ദാനം ചെയ്തുവെന്ന് വരെ പറഞ്ഞിരുന്നു. പക്ഷേ, ക്രമേണ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ സാദിയക്ക് മനസ്സിലായെന്നാണ് ഇദ്രിസ് പറയുന്നത്. ഐ എസ്സിന്റെ പാതയിലേക്ക് പോകില്ലെന്ന് വാക്കുനല്‍കി. 2018 ആകുമ്പോഴേക്കും പെണ്‍കുട്ടി സാധാരണ നിലയിലായെന്നും ഇദ്രിസ് പറഞ്ഞു. അതിന് ശേഷം കശ്മീരില്‍ നിന്നുള്ള ഒരു യുവാവുമായി ഓണ്‍ലൈനില്‍ പരിചയപ്പെട്ടുവെന്നും അയാളുടെ നിര്‍ദേശപ്രകാരം നഴ്സിംഗ് പഠിക്കുന്നതിനായി സാദിയ കശ്മീരിലേക്ക് പോയെന്നും ബാര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു. സാദിയ പരിചയപ്പെട്ട കശ്മീരി യുവാവ് ഐ എസ്സിന്റെ സ്വാധീനത്തില്‍പ്പെട്ടയാളാണെന്നും.
കശ്മീരില്‍ നിന്നുള്ള കഥ ഇങ്ങനെയാണ്. 2018 ജനുവരി 23ന് കശ്മീര്‍ പൊലീസിലെ ഐ ജി ഒരു ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ”പതിനെട്ട് വയസ്സ് പ്രായം വരുന്ന ഒരു സാദിയ അന്‍വര്‍ ശൈഖ് ഇപ്പോള്‍ ശ്രീനഗര്‍ താഴ്വരയിലുണ്ടെന്നും റിപ്പബ്ലിക് ദിന പരേഡിനിടെ അവരൊരു ചാവേറാകന്‍ സാധ്യതയുണ്ടെന്നു”മായിരുന്നു മുന്നറിയിപ്പ്. സാദിയ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ഈ മുന്നറിയിപ്പിനെ ഉദ്ധരിച്ച് പിന്നീട് മാധ്യമ വാര്‍ത്തകളുണ്ടായി. സാദിയയെ ‘ജിഹാദി’യായി ചിത്രീകരിക്കുന്നതായിരുന്നു വാര്‍ത്തകള്‍. അവരുടെ മനോനിലയെക്കുറിച്ച്, അവരുടെ ബന്ധങ്ങളെക്കുറിച്ചൊക്കെ കഥകളുണ്ടായി. എന്നാല്‍ മുന്നറിയിപ്പ് എന്തുകൊണ്ടെന്ന് ഒരു റിപ്പോര്‍ട്ടിലുമുണ്ടായിരുന്നില്ല.
സാദിയ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൂനെ എ ടി എസ്സിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്നാല്‍ അവര്‍ ശ്രീനഗറിലേക്ക് പോയപ്പോള്‍ അവരെ നിരീക്ഷിച്ചിരുന്ന ഐ ബി ഉദ്യോഗസ്ഥന് ബന്ധം നഷ്ടമായി. ഇതോടെയുണ്ടായ വലിയ പരിഭ്രമമാണ് മുന്നറിയിപ്പിന് കാരണമായതെന്ന് പൂനെ എ ടി എസ്സിലെ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. എന്തായാലും സാദിയ കസ്റ്റഡിയിലായി. പത്ത് ദിവസത്തിന് ശേഷം അവരെ പൂനെയിലെത്തിച്ച്, രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സാദിയയെ എന്തിനാണ് കശ്മീരിലേക്ക് അയച്ചതെന്ന് മാതാവ് വിശദീകരിച്ചത്. നിരന്തരമുള്ള നിരീക്ഷണം, സാമൂഹികമായ ബഹിഷ്‌കരണം ഒക്കെ മടുത്താണ് പൂനെ വിട്ടതെന്നും. സാദിയ ചാവേറാണെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കശ്മീര്‍ പൊലീസ് വിശദമായി അന്വേഷിച്ചു. ആ ആരോപണത്തില്‍ ഒരു കഴമ്പുമില്ലെന്നാണ് അവര്‍ കണ്ടെത്തിയത്.
പ്രതീക് ഗോയല്‍
You must be logged in to post a comment Login