ദൈവനിന്ദ കാണിച്ച് അവിശ്വാസികളായി മരണപ്പെടുന്നവര്‍ കാലാകാലം ശിക്ഷിക്കപ്പെടും എന്ന് ഖുര്‍ആന്‍ പറയുന്നു; ‘നിങ്ങള്‍ നരക വാതിലുകളിലൂടെ പ്രവേശിക്കൂ, അതില്‍ നിങ്ങള്‍ ശാശ്വതരായിരിക്കും, അഹങ്കാരികളുടെ മടക്കസ്ഥാനം എത്ര മോശം'(72/39). ‘നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും അഹങ്കരിക്കുകയും ചെയ്തവര്‍ നരകാവകാശികളാണ്, അവരതില്‍ ശാശ്വതരായിരിക്കും'(36/7). അപ്പോള്‍ അമ്പതു വര്‍ഷം ജീവിച്ച വ്യക്തിയെ ഒരു പരിധിയുമില്ലാതെ കാലാകാലം ശിക്ഷിക്കുമെന്ന് പറയുന്നത് ‘നീതിമാനായ അല്ലാഹു’ എന്ന ദൈവസങ്കല്‍പ്പത്തോട് യോജിച്ചതാണോ?
ഈ ആരോപണം വസ്തുതാപരമാണോ എന്ന് പരിശോധിക്കാം. യഥാര്‍ത്ഥത്തില്‍ ആരോപണം ഇവിടെ അവസാനിപ്പിക്കേണ്ടതില്ലായിരുന്നു. സ്വര്‍ഗസ്ഥരായവര്‍ക്ക് ശാശ്വതമായ സ്വര്‍ഗീയ ജീവിതം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. അന്ത്യമില്ലാത്ത നരക ശിക്ഷയെ പ്രശ്‌നവല്‍ക്കരിക്കുമ്പോള്‍, വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്ത ശാശ്വതമായ സ്വര്‍ഗീയ സുഖങ്ങളും അനീതിയാണെന്ന് ആരോപിക്കാമായിരുന്നു!
പ്രഥമമായി ഒരു കാര്യം ഉണര്‍ത്താം. പാരത്രിക ലോകത്ത് ലഭിച്ചേക്കാവുന്ന പ്രതിഫലം അതല്ലെങ്കില്‍ ശിക്ഷ പ്രധാനമായി ബന്ധപ്പെടുന്നത് മനുഷ്യന്റെ പ്രവൃത്തികള്‍ക്കു പിന്നിലെ ഉദ്ദേശ്യത്തോടാണ്. രണ്ടാമതാണ് ഇഹലോകത്ത് ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെടുന്നത്. അഥവാ, സദ്കര്‍മങ്ങളില്‍ ഉദ്ദേശ്യശുദ്ധി പരമപ്രധാനമാണ്. അതില്ലാത്ത കാരണം കൊണ്ട് അനേകം ‘സദ് വൃത്തരായ’ ആളുകള്‍ പാരത്രിക ലോകത്ത് പരാജയപ്പെട്ടേക്കും. ഐഹിക മോഹങ്ങള്‍, അഹങ്കാരം, ഉള്‍നാട്യം തുടങ്ങിയ പ്രവണതകളുടെ കലര്‍പ്പില്ലാത്ത പ്രവൃത്തികള്‍ക്കു മാത്രമേ അല്ലാഹു പ്രതിഫലം നല്‍കുകയുള്ളൂ. ഖുര്‍ആന്‍ പറയുന്നു: ‘നാം അവരുടെ പ്രവര്‍ത്തനങ്ങളിലേക്കു മുന്നിടുകയും അവയെ വിതറപ്പെടുന്ന ധൂളികളാക്കി മാറ്റുകയും ചെയ്യും'(23/25). അതായത്, സദ്പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാനം, പ്രതാപം തുടങ്ങിയ ഐഹികനേട്ടങ്ങളാണ് മനുഷ്യന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അല്ലാഹു അവ നല്‍കിയേക്കും. പാരത്രിക ലോകത്ത് പാപ്പരാക്കി മാറ്റുകയുംചെയ്യും.
ആത്മാര്‍ത്ഥമായി അല്ലാഹുവിന്റെ കല്‍പനകള്‍ അനുവര്‍ത്തിക്കുകയും വിരോധിച്ച കാര്യങ്ങള്‍ വെടിയുകയും ചെയ്തുകൊണ്ട് അവനില്‍ വിലയം പ്രാപിക്കുന്നവര്‍, ജീവിക്കുന്ന കാലമത്രയും അതേ പാതയില്‍ മുന്നോട്ടുനീങ്ങാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കും. നൂറ്റാണ്ടുകള്‍, അതല്ലെങ്കില്‍ കാലാകാലം ഐഹിക ജീവിതം ലഭിച്ചാലും തന്റെ ഏകദൈവ വിശ്വാസത്തിലും മതനിഷ്ഠയിലും ജീവിതം ക്രമപ്പെടുത്തുമെന്ന് തീര്‍ച്ചപ്പെടുത്തുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍, ഐഹികജീവിതം എത്രതന്നെ ദീര്‍ഘിച്ചാലും പൂര്‍ണവിശ്വാസിയായി ജീവിക്കാന്‍ ഉറച്ചു തീരുമാനിക്കുന്ന വ്യക്തിക്ക് പാരത്രിക ലോകത്ത് സ്വര്‍ഗീയ ജീവിതം ശാശ്വതമായി ലഭിക്കുന്നത് അനീതിയാണെന്ന് പറയുന്നതെങ്ങനെ? ഐഹികജീവിതം എത്രകാലമുണ്ടെന്ന് അറിയാതെയാണ് വിശ്വാസി ഈ ഉറച്ച തീരുമാനമെടുക്കുന്നത് എന്നത് ചേര്‍ത്തുവായിക്കാം.
അതുപോലെ തന്നെയാണ് അല്ലാഹുവിന്റെ താക്കീതുകള്‍ക്കു ചെവികൊടുക്കാതെ, മതാധ്യാപനങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ, ധിക്കാരികളായി ജീവിക്കുന്നവര്‍ക്കു ലഭിക്കുന്ന ശാശ്വതമായ നരക ശിക്ഷയും. ജീവിക്കുന്ന കാലമത്രയും ഏകദൈവ നിഷേധത്തില്‍ കഴിയാന്‍ തീരുമാനിക്കുന്ന അത്തരക്കാര്‍ക്ക് ശാശ്വതമായ നരക ശിക്ഷ നല്‍കുന്നത് അനീതി ആവുന്നില്ല. മറിച്ച്, ദൈവനീതിയുടെ സൂക്ഷ്മതലങ്ങള്‍ പ്രകടമാവുകയാണ് ചെയ്യുന്നത്.
അന്ത്യമില്ലാത്ത നരകശിക്ഷ ആര്‍ക്കാണ് ലഭിക്കുക എന്നു നോക്കാം. ‘സ്വമനസ്സാലെ ദൃഢമായി ബോധ്യപ്പെട്ടിട്ടും അതിക്രമവും അഹന്തയും നിമിത്തം അവരത് നിഷേധിച്ചുതളളി. ആ നാശകാരികളുടെ ഭവിഷ്യത്ത് എങ്ങനെയായിരുന്നു എന്ന് താങ്കള്‍ ചിന്തിച്ചുനോക്കൂ!'(വി.ഖു14/27).
അതായത്, അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് വിശ്വാസത്തില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ക്കാണ് കാലാകാലം നരകശിക്ഷ അനുഭവിക്കേണ്ടിവരിക. അല്ലാഹുവിനെയും അവന്റെ ദിവ്യസന്ദേശങ്ങളെയും വിധിവിലക്കുകളെയും കേള്‍ക്കുകയും അറിയുകയും ചെയ്യാത്ത കാരണംകൊണ്ട് വിശ്വസിക്കാതെപോയവര്‍ പ്രസ്തുത ശിക്ഷയ്ക്ക് പാത്രീഭൂതരാവില്ല. ‘എന്നാല്‍ നമ്മുടെ സൂക്തങ്ങള്‍ വ്യാജമാക്കുകയും അവയ്ക്കു നേരെ അഹന്ത നടിക്കുകയും ചെയ്തവര്‍ നരകക്കാര്‍ തന്നെയാണ്. അവരതില്‍ ശാശ്വതരായിരിക്കും'(വി.ഖു 36/7). ഈ സൂക്തത്തില്‍ നിന്നും അതു ഗ്രഹിച്ചെടുക്കാം.
അപ്പോള്‍, പ്രതിഫലവും ശിക്ഷയും ലഭിക്കാനുള്ള മാനദണ്ഡം പ്രവര്‍ത്തിക്കുന്നവന്റെ മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന ഉദ്ദേശ്യങ്ങളാണ്, ബാഹ്യമായ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. ഏകദൈവ നിന്ദയില്‍ തുടരാന്‍ ഉറച്ചു തീരുമാനിക്കുന്നവര്‍ക്ക് ശാശ്വതമായ ശിക്ഷയും ഏകദൈവ വിശ്വാസിയായി തുടരാന്‍ ഉറച്ചു തീരുമാനിക്കുന്നവര്‍ക്ക് അനശ്വരമായ സ്വര്‍ഗീയ ജീവിതവും വാഗ്ദാനം ചെയ്യുന്നതാണ് യഥാര്‍ത്ഥ നീതി. ഇതിനെപ്പറ്റി ഖുര്‍ആന്‍ തന്നെ സമഗ്രമായി പ്രതിപാദിക്കുന്നത് കാണുക: ‘അവര്‍ നരകത്തില്‍ നിര്‍ത്തപ്പെടുന്നതും ‘ഞങ്ങള്‍ ദുനിയാവിലേക്ക് മടക്കപ്പെടുകയും നാഥന്റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കാതിരിക്കുകയും സത്യവിശ്വാസികളിലുള്‍പ്പെടുകയും ചെയ്തിരുന്നെങ്കില്‍’ എന്ന് അപേക്ഷിക്കുന്നതുമായ രംഗം അങ്ങ് കണ്ടിരുന്നുവെങ്കില്‍! എന്നാല്‍ ദുനിയാവില്‍ വെച്ച് മറച്ചുവെച്ചിരുന്നത് ഇപ്പോഴവര്‍ക്കു വെളിപ്പെട്ടിരിക്കുകയാണ്, ഇനി ദുനിയാവിലേക്ക് മടക്കി അയക്കപ്പെട്ടാല്‍ നിരോധിത കാര്യങ്ങള്‍ തന്നെയാണ് വീണ്ടുമവര്‍ അനുവര്‍ത്തിക്കുക. നിശ്ചയം അവര്‍ കളവ് പറയുന്നവര്‍ തന്നെയാണ്'(വി.ഖു 27, 28/6).
ഉപരിസൂചിത ആശയത്തിനു വിപരീതമായി തോന്നുന്ന ഒരു നബി വചനം ഇങ്ങനെ വായിക്കാം: ‘ഒരാള്‍ ഒരു നന്മ ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കില്‍ അദ്ദേഹത്തിന് ഒരു നന്മ എഴുതപ്പെടും. നന്മ ചെയ്യാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ പത്തു മുതല്‍ എഴുപതു വരെ നന്മകള്‍ എഴുതപ്പെടും. ഒരു തിന്മ ചെയ്യാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍, ആ തിന്മ അവന് എഴുതപ്പെടില്ല. ഒരു തിന്മ ചെയ്യാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരു തിന്മ ചെയ്തതായി എഴുതപ്പെടും’.
മുമ്പ് വിശദീകരിച്ചതുപോലെ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിഫലവും ശിക്ഷയും ലഭിക്കുന്നതെങ്കില്‍ ഒരു നന്മ ചെയ്യാന്‍ തീരുമാനിക്കുകയും പിന്നീട് വേണ്ടെന്നു വെക്കുകയും ചെയ്യുന്ന വ്യക്തിക്ക് ഒരു നന്മ എഴുതപ്പെടാന്‍ പാടില്ല. അതുപോലെ ഒരു തിന്മ ചെയ്യാന്‍ ഉദ്ദേശിക്കുകയും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്ത വ്യക്തിക്ക് ഒരു തിന്മയെങ്കിലും എഴുതപ്പെടണം.
യഥാര്‍ത്ഥത്തില്‍ നടേ പറഞ്ഞുവെച്ച ആശയത്തോട് ഈ നബിവചനം എതിരാകുന്നില്ല. സൂക്ഷ്മതലത്തില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ മുമ്പ് വിശദീകരിച്ചതിനെ ഈ ഹദീസ് സാധൂകരിക്കുന്നുണ്ടെന്ന് കാണാം. ഒരു നന്മ ചെയ്യാന്‍ ആഗ്രഹിച്ച വ്യക്തിക്ക് സാഹചര്യ തടസ്സങ്ങളും മറ്റു പ്രതിബന്ധങ്ങളും വിഘ്‌നം സൃഷ്ടിച്ചപ്പോള്‍ അത് ചെയ്യാന്‍ കഴിയാതെപോയി. ആഗ്രഹവും തീരുമാനവും മാറ്റമില്ലാതെ തുടരുന്നു. ഈ കാരണം കൊണ്ട് അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നല്‍കുന്നു. സത്കര്‍മം ചെയ്യാന്‍ തീരുമാനിച്ച ശേഷം ദേഹേച്ഛകള്‍ക്കു വഴങ്ങി തീരുമാനത്തില്‍ നിന്നും പിന്മാറുന്നവരെ പറ്റിയല്ല ആ പറഞ്ഞത്.
അതുപോലെ, ഒരു തിന്മ ചെയ്യാന്‍ തീരുമാനിക്കുകയും ദൈവഭക്തി രൂഢമൂലമായതു നിമിത്തം തീരുമാനം ഉപേക്ഷിക്കുകയും ചെയ്ത വ്യക്തിക്കാണ് അല്ലാഹു പ്രതിഫലം രേഖപ്പെടുത്തുക. മറ്റു പ്രതിബന്ധങ്ങള്‍ കാരണം പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ക്കല്ല.
അപ്പോള്‍ ഹദീസിന്റെ താല്പര്യം സ്പഷ്ടമാണ്. അതിലുപരി ഇസ്ലാമിലെ പ്രതിഫല-ശിക്ഷാ സങ്കല്പങ്ങളുടെ അടിസ്ഥാന തത്വങ്ങളെ ഈ ഹദീസ് ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഒരാള്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വരുമ്പോള്‍ തുക കൈവശമില്ലാത്ത വ്യക്തി ‘എന്റെ കയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് നല്‍കുമായിരുന്നു’ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അത്രതന്നെ പണം ദാനംചെയ്ത പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നത്. അതുപോലെ തന്നെ, ഒരാള്‍ ഒരു തിന്മ ചെയ്യാന്‍ ആഗ്രഹിക്കുകയും ബൗദ്ധിക പ്രതിബന്ധങ്ങള്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്ത വ്യക്തി പാരത്രിക ലോകത്ത് ശിക്ഷാര്‍ഹനായിത്തീരും. എങ്കിലും ഏകദൈവ വിശ്വാസത്തോടെ മരിച്ചാല്‍ അല്ലാഹു പൊറുത്തുനല്‍കിയേക്കാമെന്നു മാത്രം. അല്ലാഹുവിന്റെ വിട്ടുവീഴ്ച അപാരമാണല്ലോ.
ഒന്നുകൂടെ സരളമായി ഈ വിഷയം പ്രതിപാദിക്കുന്ന ഒരു നബി വചനം നോക്കാം: നബി(സ്വ) പറഞ്ഞു: ‘രണ്ടു വിശ്വാസികള്‍ പരസ്പരം പോരടിച്ചാല്‍, കൊന്നവനും കൊലചെയ്യപ്പെട്ടവനും നരകത്തിലാണ്’. അപ്പോള്‍ ചോദിക്കപ്പെട്ടു: ‘കൊലയാളി ശിക്ഷിക്കപ്പെടണം, കൊല ചെയ്യപ്പെടുന്നയാള്‍?’ നബി(സ്വ) പ്രതിവചിച്ചു: ‘നിശ്ചയം അയാള്‍ തന്റെ സുഹൃത്തിനെ വധിക്കാന്‍ ആഗ്രഹിച്ചവന്‍ ആയിരുന്നുവല്ലോ’.
മുമ്പൊരിക്കല്‍ ഒരു നിരീശ്വരവാദിയെ യാദൃച്ഛികമായി കണ്ടുമുട്ടിയത് ഞാനോര്‍ക്കുന്നു. അദ്ദേഹവുമായി മുന്‍പരിചയമുള്ളതുകൊണ്ടുതന്നെ ഒപ്പമുണ്ടായിരുന്നവരോട് ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു: ‘ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, നമ്മുടെ ഈ സുഹൃത്തിന് അല്ലാഹു സല്‍വഴി കാട്ടും. അദ്ദേഹത്തിന്റെ പ്രകൃതം (ഫിത്വറ) ഇന്നും പുണര്‍ന്നുകൊണ്ടിരിക്കുന്ന സത്യത്തിലേക്ക് അദ്ദേഹം മടങ്ങുകയും ചെയ്യും’. ഉടനെ അയാള്‍ എന്റെ പ്രതീക്ഷയെ പാടെ തച്ചുടച്ചുകൊണ്ട് തന്റെ വിശ്വാസത്തില്‍ നിന്ന് അല്പംപോലും വ്യതിചലിക്കുകയില്ലെന്ന് ആണയിട്ടു പറഞ്ഞു.
ഇദ്ദേഹത്തിന്റെ ഈ ഉറച്ച നിലപാട് അപാരമായ ദൈവയുക്തിയും ദൈവനീതിയും അനാവൃതമാക്കുന്നില്ലേ?
വിവര്‍ത്തനം: സിനാന്‍ ബശീര്‍
ശൈഖ് റമളാന്‍ ബൂതി
You must be logged in to post a comment Login