സര്‍ഗ വേദി

ഇ- എഴുത്ത്

     കടലാസും പേനയും അച്ചടിയും കാണാതാകുകയും പകരം ഇ-മാഗസിനുകളും ഇ-പത്രങ്ങളും അക്ഷര, സാഹിത്യ രംഗം കയ്യടക്കുകയും ചെയ്യുന്ന ഒരുകാലം അതിവിദൂരത്തല്ലെന്നാണ് എനിക്ക് തോന്നുന്നത്. പുസ്തക ഭാണ്ഡവും പേറിയുള്ള നടപ്പില്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉടനെ രക്ഷപ്പെടും. നെറ്റ് ബുക്ക്, ടാബ്ലെറ്റ് തുടങ്ങിയ ഇ- സങ്കേതങ്ങള്‍ അറിവിനെ മുഴുവന്‍ ഇലക്ട്രോണിക് ചിപ്പിലേക്ക് ഒതുക്കിത്തുടങ്ങിയിരിക്കുന്നു.

     ബ്ളോഗ് ചെയ്യുന്നതിന്റെ സാധ്യതകളും രീതികളും മുമ്പ് നമ്മള്‍ പറഞ്ഞതാണ്. എന്നാല്‍ എവിടെയാണ് ബ്ളോഗ് ചെയ്യുക എന്ന സംശയം പലരും ചോദിക്കുകയുണ്ടായി. ബ്ളോഗ് ചെയ്യുന്നതിന് മാത്രമായി ഒരു വെബ്സൈറ്റുണ്ട്.ഇതിലേക്ക് കടന്നുചെന്നാല്‍ സാമാന്യം കമ്പ്യൂട്ടര്‍ അറിയുന്ന ഏതൊരാള്‍ക്കും ബ്ളോഗെഴുതാം. സ്വയം മനോഹരമായി ഡിസൈന്‍ ചെയ്യാം. മലയാളത്തിലോ ഇംഗ്ളീഷിലോ ഹിന്ദിയിലോ എഴുതാം. രിസാലയിലെ ചില എഴുത്തുകാരുടെ ബ്ളോഗുകളും സെര്‍ച്ച് ചെയ്താല്‍ ലഭിക്കും. ഇതുകൂടാതെ ഫേസ്ബുക്ക് പോലുള്ള സൈറ്റുകളും രചനകള്‍ക്കായി ഉപയോഗിച്ച് നമ്മുടെ ലോകം വിശാലമാക്കാന്‍ കഴിയും. രചനകള്‍ പ്രസിദ്ധീകരിക്കുന്ന ഗ്രൂപ്പുകള്‍ ഫേസ്ബുക്കില്‍ ഒരുപാടുണ്ട്. അങ്ങനെ വല്ലതും പ്രസിദ്ധീകരിച്ചാല്‍ അതൊന്നു രിസാലയിലേക്കും മെയില്‍ ചെയ്യുക; കാണാമല്ലോ.

     ഇംഗ്ളീഷില്‍ നന്നായി എഴുതാന്‍ കഴിയുന്നവര്‍ക്ക് രചനകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന ചില വെബ്സൈറ്റുകളും ഇന്റര്‍നെറ്റിലുണ്ട്. ചിലതൊക്കെ പ്രസിദ്ധീകരിക്കുന്ന രചനകള്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്. തങ്ങളുടെ അഭിരുചി, ലക്ഷ്യം, ആശയം എന്നിവക്കനുസരിച്ചുള്ള സൈറ്റുകള്‍ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. എഴുതി പ്രസിദ്ധീകരിക്കാന്‍ സഹായകമായേക്കാവുന്ന ചില സൈറ്റുകളിതാ.

വീക്ഷണം, കുറവ്, നാളെ, ന്മ എന്നീ സൃഷ്ടികള്‍ അതിതീവ്രമായ ആശയങ്ങളാണ് പങ്കുവെക്കുന്നത്. ‘കുരുടര്‍’ ചരിത്രത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. തുടക്കത്തിലെ തീവ്രത അവസാനമാകുമ്പോഴേക്കും നേര്‍ത്തു പോകുന്നു. ഭാഷ പരാജയപ്പെടുന്ന, പെറ്റമ്മയെ മറന്നു പോകുന്ന, കാലത്തോടുള്ള വിലാപത്തിന് കുറേക്കൂടി ‘ഒഴുക്ക്’ വേണ്ടിയിരുന്നു.
കാത്തിരിക്കുകയാണ്,
സ്വന്തം ചങ്ങാതി.

യുഎ ലത്തീഫ്, കാവതികളം
വീക്ഷണം
മണ്ണിനപ്പുറം മരം?
വേര്,
പുനര്‍ജന്മം  നിഷേധിച്ചു.
പഴുത്ത ഇലകളുടെ കൊഴിഞ്ഞുപോക്ക്
കണ്ടില്ലെന്നു നടിച്ച ചില്ലകള്‍,
നിത്യയൌവ്വനം സ്വപ്നം കണ്ടു
വിത്ത് കാണാത്തതുകൊണ്ടാകാം
പൂക്കള്‍ യുക്തിവാദികളായത്.

സുഹൈല്‍ കെ,
പെരിങ്ങത്തൂര്‍,
എസ് എച്ച് ഡി കോളജ്
കുരുടര്‍
ഹിബാക്കുഷകള്‍
ജപ്പാനിലും ഭോപ്പാലിലും
മാത്രമല്ല
കാസര്‍ക്കോട്ടുമുണ്ട്
സൈനബമാരുടെ
കോലത്തില്‍, ചിലര്‍.

ദൈവത്തിന്റെ തറയില്‍
ഇടി വീണടര്‍ന്ന
പറങ്കിമാങ്ങകളായ്, ചിലര്‍.

ദിവസവും
കൊഴിഞ്ഞു വീഴുന്നുണ്ട്
സഡോക്കോ കൊക്കുകള്‍
പെരുകുന്നുണ്ട്.

തലയില്ലാത്ത അസ്ഥികൂടങ്ങളെ
ഗര്‍ഭത്തിലേ
ഖബറടക്കിയ
മാതാക്കളെ
പറ്റിപ്പറഞ്ഞാല്‍
നിങ്ങള്‍ക്ക് മനസ്സിലാവില്ല

ശഫീഖ് മാടവന
കുറവ്
ഇന്നു ഞാനറിഞ്ഞു
മാറിനിന്നെന്റെ കുറവുകളെ
പിന്‍തുടരാന്‍ തുടങ്ങിയപ്പോള്‍
അവന്റെ കുറവുകളെ
തേടിയുള്ളയെന്‍ യാത്ര
അവസാനിച്ചുവെന്ന്….
മുഹമ്മദ് റാഇഫ് പി കെ, നെല്ലിക്കപ്പാലം,
മദീനത്തുന്നൂര്‍
നന്മ 
വിശന്നു വലഞ്ഞ് ന• ഭക്ഷണം തേടി ഇങ്ങി. കടലിന്റെ ആഴിയിലും ആകാശ സാഗരത്തിലും മുങ്ങാങ്കുഴിയിട്ട് കാലഘട്ടത്തിലൂടെ ഒഴുകി നടന്ന് ഒടുവില്‍ ഒരു കാട്ടുപൊന്തയില്‍ പൊങ്ങി. നിരാശയോടെ നാട്ടിലേക്ക് മടങ്ങിയ ന• തെരുവിലെ അഴുക്കുചാലില്‍ നിന്ന് വെള്ളം കുടിച്ചും ഇറച്ചിക്കടയുടെ പിന്നില്‍ നിന്ന് ഭക്ഷണം കഴിച്ചും വിശപ്പടക്കി.
ഫള്വീല തസ്നി, വാരണക്കര
മാതൃസ്നേഹം
അമൃതാണുമ്മ മിന്നും ആതിരയാണുമ്മ.
അറിവിന്‍ നിറകുടമാണുമ്മ.
വേദന മറന്ന് പോറ്റുന്നു നമ്മെ
സ്നേഹത്താല്‍ താലോലിക്കുന്നു നമ്മെ.

മാറോടണച്ച് പുല്‍കിടുമ്പോള്‍
നിറഞ്ഞു തുളുമ്പിടും ആ മിഴിയിണകള്‍
ആത്മ നിര്‍വൃതിയാല്‍.

ജീവന്‍ ബലികൊടുത്ത് പോറ്റുന്നു നമ്മെ.
അവരാണുമ്മ അമൃതാണുമ്മ

വളര്‍ന്നിടുന്നു തന്‍ മക്കള്‍
ഉമ്മയെക്കാളും ഉപ്പയെക്കാളും
അല്ല, ലോകത്തെക്കാളും

മറക്കുന്നു വെറുക്കുന്ന തന്നുമ്മയെ
പൊന്നിനെക്കാള്‍ സ്നേഹിച്ച തന്നുമ്മയെ
തന്നെ താനാക്കി മാറ്റിയ തന്നുമ്മയെ
അവസാനം ഗര്‍ഭപാത്രത്തിന്
വിലപറയുന്ന മക്കള്‍ക്കുപോലും
ഹൃദയം കൊടുത്ത്
സ്നേഹം പ്രകടിപ്പിക്കും ഉമ്മ.

എന്‍ എം മുര്‍ശിദ്
നാളെ

പഴുത്തയില
പച്ചിലയോട്:
നാളെ നീയും….

You must be logged in to post a comment Login