ആഗസ്ത് 31ന് മരണമടഞ്ഞ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ രാഷ്ട്രീയ ജീവിതം ഓര്‍ക്കുന്നു.
ഒരിക്കലല്ല, രണ്ടു തവണ, തൊട്ടടുത്ത് എത്തിയ ശേഷം പ്രധാനമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടയാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. പകരം ലഭിച്ചത് രാഷ്ട്രപതിസ്ഥാനവും ഭാരതരത്‌നയുമാണ്. നീണ്ട അഞ്ചു പതിറ്റാണ്ടുകാലം കേന്ദ്രഭരണത്തിന്റെയും ഭരണകക്ഷിയുടെയും താക്കോല്‍സ്ഥാനത്ത് ഇരിക്കുകയെന്ന അപൂര്‍വ ഭാഗ്യത്തിന് ഉടമയായ ആ നേതാവ് താന്‍ അത്രകാലം കൊണ്ടുനടന്ന രാഷ്ട്രീയ മൂല്യങ്ങള്‍പോലും കൈയൊഴിഞ്ഞോ എന്ന സംശയം ജനിപ്പിച്ച ശേഷമാണ് വിടവാങ്ങിയത്.
ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്‍, കോണ്‍ഗ്രസിന്റെ പ്രശ്‌ന പരിഹാര വിദഗ്ധന്‍, നെഹ്‌റുവിന്റെ ദര്‍ശനങ്ങളുടെ പിന്തുടര്‍ച്ചക്കാരന്‍, എതിര്‍കക്ഷികള്‍ക്കുപോലും സ്വീകാര്യനായ രാഷ്ട്രതന്ത്രജ്ഞന്‍ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്കുടമയാണ് ആഗസ്ത് 31ന് എണ്‍പത്തിനാലാം വയസ്സില്‍ മരണമടഞ്ഞ പ്രണബ് കുമാര്‍ മുഖര്‍ജി. എന്നോ പ്രധാനമന്ത്രിയാകേണ്ടയാളാണ് താനെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹം പക്ഷേ, രാഷ്ട്രപതി സ്ഥാനത്ത് വെറുമൊരു റബ്ബര്‍ സ്റ്റാമ്പായി ഒതുങ്ങിക്കൂടി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മൂല്യങ്ങളുടെ വക്താവാകേണ്ടിയിരുന്നയാള്‍ നാഗ്പൂരിലെ ആസ്ഥാനം സന്ദര്‍ശിച്ച് ഹിന്ദുത്വശക്തികളുമായി ഏറ്റുമുട്ടലിനില്ലെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയില്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച് കോളേജ് അധ്യാപകനായും പത്രപ്രവര്‍ത്തകനായുമെല്ലാം ജോലി നോക്കിയ പ്രണബ് േകാണ്‍ഗ്രസ് പിളര്‍ന്നുണ്ടായ ബംഗ്ലാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കോണ്‍ഗ്രസിനെതിരേ പ്രവര്‍ത്തിച്ചുകൊണ്ടാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. 1969ല്‍ പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വി കെ കൃഷ്ണ മേനോന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു. ഇടതു പാര്‍ട്ടികളും ബംഗ്ലാ കോണ്‍ഗ്രസുമാണ് കൃഷ്ണമേനോന് പിന്തുണ നല്‍കിയത്. കോണ്‍ഗ്രസിനെതിരെയാണ് മത്സരിച്ചതെങ്കിലും കൃഷ്ണമേനോന്‍ ജയിക്കണമെന്നായിരുന്നൂ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഗ്രഹം. കൃഷ്ണമേനോന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച പ്രണബ് അങ്ങനെ ഇന്ദിരാഗാന്ധിക്ക് പ്രിയപ്പെട്ടവനായി.
കൃഷ്ണമേനോന്റെ ജയത്തിനു പിന്നാലെ ബംഗ്ലാ കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭയിലെത്തിയ പ്രണബ് വൈകാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ഇന്ദിരയുടെ വിശ്വസ്തനായിമാറി. പല മുതിര്‍ന്ന നേതാക്കളെയും മറികടന്നാണ് 1973ല്‍ പ്രണബിനെ ഇന്ദിര കേന്ദ്രമന്ത്രിയാക്കിയത്. തിരിച്ച് ഇന്ദിരയുടെ സ്തുതിപാഠകനായി മാറിയ പ്രണബ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയെ ദേവതയെന്ന് വാഴ്ത്താന്‍ മടി കാണിച്ചില്ല. അടിയന്തരാവസ്ഥയെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ അക്കാലത്തെ ക്രൂരതകളില്‍ പ്രണബിനും പങ്കുണ്ടെന്ന് വിധിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തോല്‍വി പിന്നിട്ട് 1980ല്‍ ഇന്ദിര പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തിയപ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു പ്രണബ്. ഇന്ദിരയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചയാള്‍. ഇന്ദിരാഗാന്ധി വെടിയേറ്റുമരിക്കുമ്പോള്‍ മകന്‍ രാജീവ് പശ്ചിമ ബംഗാളിലായിരുന്നൂ. പ്രണബിനൊപ്പമാണ് രാജീവ് അമ്മയുടെ മൃതദേഹം കാണാനെത്തിയത്. താനാകും ഇന്ദിരയുടെ പിന്‍ഗാമിയെന്ന് സ്വാഭാവികമായും പ്രണബ് പ്രതീക്ഷിച്ചു. എന്നാല്‍, രാഷ്ട്രീയത്തില്‍ ഒരു പരിചയവുമില്ലാത്ത രാജീവിനാണ് ആ സ്ഥാനം ലഭിച്ചത്. അന്നത്തെ രാജീവ് മന്ത്രിസഭയില്‍ പ്രണബുമുണ്ടായിരുന്നെങ്കിലും 1984ല്‍ വന്‍ ഭൂരിപക്ഷത്തോടെ രാജീവ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ പ്രണബ് തഴയപ്പെട്ടു.
കൊട്ടാരം വിചാരിപ്പുകാരുടെ നിയന്ത്രണത്തിലായ രാജീവ് അപ്പോഴേക്ക് പ്രണബിനെ ഭീഷണിയായി കണ്ടിരുന്നു. രാജീവിനോട് പിണങ്ങി രാഷ്ട്രീയ സമാജ്്വാദി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുണ്ടാക്കിയ പ്രണബിന് അടുത്ത തിരഞ്ഞെടുപ്പോടെതന്നെ താനൊരു ജനകീയ നേതാവല്ലെന്ന് ബോധ്യമായി. നേതൃത്വവുമായി അനുരഞ്ജനത്തിനു തയാറായി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കടിച്ചുപിടിച്ച പൈപ്പുമായി ഭദ്രാലോകിന്റെ പ്രതിനിധിയായി നിന്ന അദ്ദേഹം പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ എതിരാളികളായിരുന്ന ഇടതുപക്ഷവുമായിപ്പോലും ഇടയാന്‍ തയാറായിരുന്നില്ല. തിരഞ്ഞെടുപ്പിനിറങ്ങി വിയര്‍പ്പൊഴുക്കുന്നത് ഒഴിവാക്കി രാജ്യസഭയുടെ സുരക്ഷിത പാതയാണ് തിരഞ്ഞെടുത്തത്.
രാജീവിന്റെ മരണ ശേഷം നരസിംഹ റാവുവിന്റെയും പിന്നെ സോണിയ ഗാന്ധിയുടെയും വിശ്വസ്തനായി മാറിയ പ്രണബ് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ എന്ന സ്ഥാനം വീണ്ടെടുത്തു. മതിയായ ഭൂരിപക്ഷമില്ലാതെ അധികാരമേറ്റ നരസിംഹ റാവു സര്‍ക്കാറിനെ കാലാവധി തികയുംവരെ നിലനിര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ചത് പ്രണബാണ്. ധനകാര്യവും വിദേശ കാര്യവും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി. സീതാറാം കേസരിയെ മാറ്റി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് സോണിയയെ കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എയ്ക്ക് ഭൂരിപക്ഷം ലഭിക്കുകയും സോണിയ പ്രധാനമന്ത്രിയാവാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തപ്പോള്‍ തനിക്ക് ആ സ്ഥാനം കിട്ടുമെന്ന് പ്രണബ് കരുതി. അതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ 2004ല്‍ ആദ്യമായി അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്തു.
പ്രണബ് പ്രധാനമന്ത്രിയായാല്‍ കോണ്‍ഗ്രസില്‍ മറ്റൊരു നരസിംഹ റാവു സൃഷ്ടിക്കപ്പെടുമെന്ന് അനുചരവൃന്ദം സോണിയയെ ധരിപ്പിച്ചു. ഒരിക്കലും ഭീഷണിയാവില്ലെന്ന് ഉറപ്പുള്ള മന്‍മോഹന്‍ സിങ്ങിനെയാണ് സോണിയ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കണ്ടെത്തിയത്. പ്രണബ് ധനമന്ത്രിയായിരിക്കേയാണ് 1982ല്‍ മന്‍മോഹന്‍സിങ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായത്. എന്നിട്ടും മന്‍മോഹനു കീഴില്‍ വിദേശ കാര്യമന്ത്രിയായി ഒന്നാം യു പി എ സര്‍ക്കാറില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിച്ചില്ല. യു പി എ സര്‍ക്കാറിന്റെ തലവന്‍ മന്‍മോഹന്‍ സിങ്ങായിരുന്നു എങ്കിലും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം എപ്പോഴും പ്രണബിനായിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു പി എ സര്‍ക്കാറിലെ ധനമന്ത്രിയെ അഴിമതി സ്പര്‍ശിച്ചില്ല.
പ്രതിഭാ പാട്ടീലിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ അടുത്ത രാഷ്ട്രപതിയായി മന്‍മോഹനെ സോണിയ പറഞ്ഞയയ്ക്കുമെന്നും പ്രണബ് പ്രധാനമന്ത്രിയാകുമെന്നും ധാരണ പരന്നിരുന്നു. പ്രധാനമന്ത്രിസ്ഥാനം കൊതിച്ച പ്രണബിനെ രാഷ്ട്രപതിയാക്കുകയാണ് സോണിയ ചെയ്തത്. രാഷ്ട്രപതി സ്ഥാനത്ത് മറ്റൊരു കെ. ആര്‍ നാരായണനാകാന്‍ പോലും അദ്ദേഹം ശ്രമിച്ചില്ല. പ്രധാനമന്ത്രി സ്ഥാനത്ത് മന്‍മോഹനാണോ നരേന്ദ്ര മോഡിയാണോ എന്നത് അദ്ദേഹത്തിന് പ്രശ്‌നമായില്ല. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ തുല്യംചാര്‍ത്തുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചുമതല. രാഷ്ട്രപതിഭവനിലെ അടച്ചിട്ട മുറികള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത പ്രണബ്, പക്ഷേ ഏറ്റവുമധികം ദയാഹര്‍ജികള്‍ തള്ളിയ രാഷ്ട്രപതിയെന്ന സ്ഥാനം കൂടി നേടി. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയും അതില്‍പെടുന്നു.
രാഷ്ട്രപതി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് പ്രണബ് നടത്തിയ സന്ദര്‍ശനം അതിന്റെ തുടര്‍ച്ചയായിരുന്നു. അവിടെ നടത്തിയ പ്രസംഗത്തില്‍ ആര്‍ എസ് എസിന്റെ ഹിന്ദുത്വ കാര്യപരിപാടിക്കു നേരെ വിമര്‍ശമയുര്‍ത്താന്‍ പോലും അദ്ദേഹം മുതിര്‍ന്നില്ല. തനിക്ക് അര്‍ഹമായ പ്രധാനമന്ത്രിസ്ഥാനം നിഷേധിച്ച കോണ്‍ഗ്രസിനോടുള്ള പ്രതിഷേധമായി, വേണമെങ്കില്‍ ആ സന്ദര്‍ശനത്തെ കാണാം. അതിന് നരേന്ദ്ര മോഡി സര്‍ക്കാര്‍ നല്‍കിയ പാരിതോഷികമായി പിന്നീടു ലഭിച്ച ഭാരതരത്‌നത്തെ വിലയിരുത്തുകയും ചെയ്യാം. കര്‍മോത്സുകനും മികച്ച ഭരണാധികാരിയുമായിരുന്ന നേതാവിന്റെ യശസ്സ് ഈ പുരസ്‌കാരം വഴി ഉയരുകയല്ല ചെയ്തത്.
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും നടന്ന പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ എന്ന് പ്രഖ്യാപിക്കുക വഴി താന്‍ ഹിന്ദുത്വത്തിന്റെ പാതയിലേക്ക് കടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും നാഗ്പുര്‍ സന്ദര്‍ശനത്തിലൂടെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാന്‍ അതു മതിയാകുമായിരുന്നില്ല. അനിവാര്യമായ വിശ്രമജീവിതമാണ് കാലം അദ്ദേഹത്തിന് വിധിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു പിന്നാലെ കൊവിഡ്-19 കൂടി ബാധിച്ച് മരണമടഞ്ഞ മുന്‍ രാഷ്ട്രപതിയുടെ അന്ത്യയാത്രപോലും മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിറംമങ്ങിപ്പോയി.
എസ് കുമാര്‍
You must be logged in to post a comment Login