ഇങ്ങനെ മതിയോ അണുനശീകരണം?

ഇങ്ങനെ മതിയോ അണുനശീകരണം?

കൊവിഡ് 19 മഹാമാരിക്കൊപ്പം ഇന്ത്യയടക്കമുള്ള ലോകമെമ്പാടും ഏതാണ്ടെല്ലാ വീടുകളിലും ഇടം നേടിയ ഒരു ഉല്പന്നമാണ് സാനിറ്റസൈര്‍. പക്ഷേ അതില്‍ ഏതെല്ലാം ബ്രാന്റുകളാണ് വ്യാജമെന്നറിയാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന വിവരശേഖരമോ സര്‍ക്കാര്‍ വെബ്സൈറ്റോ ഇന്ത്യയിലില്ല. എന്നാല്‍ അമേരിക്കയില്‍ ഏതേത് ഉല്പന്നങ്ങളാണ് നേരായതെന്നും ഏതേതാണ് വ്യാജമെന്നും അറിയാന്‍ ഒരൊറ്റ ക്ലിക്കു മതി.

കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ ഈയിടെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു വിവരശേഖരം പബ്ലിക് ഡൊമെയ്നില്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയപ്പെട്ടത്. മുംബൈയിലും താനെയിലും നവി മുംബൈയിലും ലഭ്യമായ സാനിറ്റൈസറുകളുടെ സാമ്പിളെടുത്തു പരിശോധിക്കാന്‍ കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയെ മഹാരാഷ്ട്ര ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷന്‍ ചുമതലപ്പെടുത്തിയിരുന്നു. സൊസൈറ്റി ശേഖരിച്ച 122 സാമ്പിളുകളില്‍ അമ്പത്തിയൊമ്പതെണ്ണം അവയുടെ വില്പനലേബലുകളിലെ നിലവാരത്തിനൊത്തുയര്‍ന്നില്ല. പന്ത്രണ്ടെണ്ണമാകട്ടെ യാതൊരു അവകാശവാദവും ലേബലുമില്ലാതെയാണ് വിറ്റിരുന്നത്. അഞ്ചെണ്ണത്തില്‍ കൈ കഴുകാനുള്ള സാനിറ്റൈസറുകളില്‍ അനുവദനീയമല്ലാത്ത മെഥനോള്‍ അടങ്ങിയിരുന്നു. അതും 34 മുതല്‍ 63 ശതമാനം വരെ!

സാനിറ്റസൈറുകളിലെ ചേരുവകളെക്കുറിച്ച് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വെബ്സൈറ്റില്‍ മാര്‍ഗനിര്‍ദേശങ്ങളൊന്നും തന്നെയില്ല. കൈ കൈഴുകാനുള്ള സാനിറ്റൈസറുകളുടെ നിര്‍മാണരീതികളെക്കുറിച്ചും ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന അണുനാശിനികളെക്കുറിച്ചുമുള്ള ഒരു രേഖയുടെ ചിത്രം മാത്രമാണ് അതിലുള്ളത്. അത്തരം നിര്‍മാണരീതികളില്‍ ചിലത് 2009 ല്‍ അനുമതി കിട്ടിയവയാണ്. എന്നാല്‍ ഏറ്റവുമൊടുവില്‍ അത്തരത്തിലുള്ള അനുമതി കൊടുത്തതാകട്ടെ 2017 ലും.

”പരിശോധനയ്ക്ക് ഞങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളാണ് പിന്തുടര്‍ന്നത്,” കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി ഞങ്ങളോടു പറഞ്ഞു. എല്ലാവരും സാനിറ്റൈസറുണ്ടാക്കുന്ന വ്യവസായത്തിലേക്ക് എടുത്തുചാടുകയാണ്. ”സാനിറ്റൈസറുകളുണ്ടാക്കാനുള്ള ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷന്‍ ഓണ്‍ലൈനായാണ് നല്‍കിയത്. അതുകൊണ്ടുതന്നെ ആ പ്രക്രിയ ഏറെ എളുപ്പമായിത്തീര്‍ന്നു.”
ഗ്യാസ് ക്രൊമാറ്റോഗ്രഫി രീതിയുപയോഗിച്ച് കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ പരീക്ഷണശാലയില്‍ വെച്ച് ഈ സാമ്പിളുകള്‍ പരിശോധിച്ചു. കിവി ഹെര്‍ബല്‍സ്, അവോണ്‍ ലബോറട്ടറീസ്, ഇക്വിനോക്സ് ഇന്റസ്ട്രീസ്, ആന്‍ ഫാര്‍മ ലിമിറ്റഡ്, ഔധ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സാനിറ്റൈസറുകളിലാണ് മെഥനോള്‍ കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കൈകള്‍ക്കുള്ള സാനിറ്റൈസറുകളില്‍ മെഥനോള്‍ ചേര്‍ക്കാന്‍ പാടില്ല. മെഥനോള്‍ മനംപിരട്ടല്‍, ചര്‍ദ്ദി, തലവേദന, കാഴ്ച മങ്ങല്‍, അന്ധത, തലകറക്കം, ചിലപ്പോള്‍ നാഡീവ്യവസ്ഥക്ക് കാര്യമായ ക്ഷതം, ചിലപ്പോള്‍ മരണം തുടങ്ങിയവയ്ക്ക് കാരണമാകുന്നതു കൊണ്ടാണത്. രണ്ടു തരം സാനിറ്റൈസറുകളാണ് ലോകാരോഗ്യസംഘടന കൈകള്‍ക്കായി നിര്‍ദേശിക്കുന്നത്. അവയില്‍ 96 ശതമാനം എഥനോള്‍, മൂന്നു ശതമാനം ഹൈഡ്രജന്‍ പെറോക്സൈഡ്, തൊണ്ണൂറ്റെട്ടു ശതമാനം ഗ്ലിസറോള്‍ എന്നിവ ചേരാം. അല്ലെങ്കില്‍ തൊണ്ണൂറ്റൊമ്പത് ദശാംശം എട്ടു ശതമാനം ഐസോപ്രൊപ്പീല്‍ ആല്‍ക്കഹോളും മൂന്നു ശതമാനം ഹൈഡ്രജന്‍ പെറോക്സൈഡും തൊണ്ണൂറ്റെട്ടു ശതമാനം ഗ്ലിസറോളുമാകാം.

എഥനോളിനെ പോലെ മെഥനോളിന് മദ്യനികുതി ഈടാക്കുന്നില്ല. അതുകൊണ്ടാകാം എഥനോളിനു പകരം ഉല്പാദകര്‍ സാനിറ്റൈസറുകളില്‍ മെഥനോള്‍ ഉപയോഗിക്കുന്നത്. ലേബലുകളില്‍ പറഞ്ഞത്രയും എഥനോള്‍ സാനിറ്റൈസറില്‍ അടങ്ങിയിട്ടില്ലെങ്കിലും അത് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ്. ഉദാഹരണത്തിന് ഹാങ്ക്ളിനെന്നു പേരുള്ള സാനിറ്റൈസറില്‍ ലേബലിലെ 62 ശതമാനത്തിനു പകരം 49 ശതമാനം എഥനോളാണുള്ളത്. പതഞ്ജലിയുടെ സാനിറ്റൈസറുകളിലൊന്നിലും മായം കണ്ടെത്തി. 122 ഓളം ബ്രാന്റുകള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി.
ഇന്ത്യയിലെ സാനിറ്റൈസര്‍ കമ്പനികള്‍ മാര്‍ച്ചു മുതല്‍ തിരക്കിലാണ്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് സാനിറ്റൈസറുകള്‍ ഉല്പാദിപ്പിക്കാനുള്ള ലൈസന്‍സുകള്‍ നല്‍കുന്ന പ്രക്രിയ ത്വരിതപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രാലയം ഡിസ്റ്റിലറികള്‍ക്കും സാനിറ്റൈസറുകള്‍ ഉല്പാദിപ്പിക്കാന്‍ അനുമതി നല്‍കി. പ്രധാനമന്ത്രിയുടെ കാര്യാലയം തന്നെയാണ് ഇക്കാര്യത്തില്‍ മേല്‍നോട്ടം നടത്തിയത്. എന്നാല്‍ സാനിറ്റൈസറുകളുടെ ഉല്പാദനത്തിനു മുമ്പിലുള്ള തടസ്സങ്ങള്‍ മാറ്റാന്‍ കാണിച്ച കാര്യക്ഷമത അവയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിലുണ്ടായില്ല.

അതോടെ ഇന്ത്യയുടെ സാനിറ്റൈസര്‍ വിപണിയില്‍ വലിയ വളര്‍ച്ചയുണ്ടായി. മാര്‍ച്ചില്‍ 43 കോടിയാണ് ആ വിപണിയുടെ മൂല്യം. ഒരു വര്‍ഷം മുമ്പത് പത്തു കോടി മാത്രമായിരുന്നു.

വ്യാജസാനിറ്റൈസറുകള്‍ വിറ്റതിന് മാര്‍ച്ചില്‍ ഹൈദരാബാദില്‍ നിന്ന് ആറു പേരെ അറസ്റ്റു ചെയ്തിരുന്നു. ഝാര്‍ഖണ്ഡിലും ഇത്തരമൊരു മാഫിയ പിടിയിലായി. പേരില്ലാത്ത സാനിറ്റൈസറുകളാണ് ഡല്‍ഹിയിലെ വിപണിയില്‍ നിറഞ്ഞത്. അതോടെ ഇന്ത്യയുടെ ജോയിന്റ് ഡ്രഗ് കണ്‍ട്രോളര്‍ സംസ്ഥാനങ്ങള്‍ക്ക് സാനിറ്റൈസറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കി. ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ കാര്യക്ഷമത കാണിച്ചത്.
എന്നാല്‍ ഇതുകൊണ്ടൊന്നും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് മുംബൈയിലെ റിപ്പോര്‍ട്ട് കാണിക്കുന്നത്. ആന്ധ്രപ്രദേശില്‍ പതിനാറുപേര്‍ വ്യാജ സാനിറ്റൈസര്‍ അകത്തുചെന്നതിനെ തുടര്‍ന്ന് മരിച്ചു. കൊല്‍ക്കത്തയിലും വന്‍തോതില്‍ വ്യാജ സാനിറ്റൈസറുകര്‍ പൊലീസ് കണ്ടെത്തുകയുണ്ടായി.

ആരോഗ്യമന്ത്രാലയം ജൂലൈ 27ന് സാനിറ്റൈസറുകളുടെ വില്പനക്ക് ലൈസന്‍സ് ആവശ്യമില്ലെന്ന് ഗസറ്റില്‍ പരസ്യപ്പെടുത്തി. അതോടെ ആര്‍ക്കും സാനിറ്റൈസറുകള്‍ വില്‍ക്കാമെന്നായി. പാതയോരങ്ങളിലിരുന്ന് ആളുകള്‍ സാനിറ്റൈസറുകള്‍ വിറ്റു! ഓള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്സ് ആന്റ് ഡ്രഗ്ഗിസ്റ്റസ് സര്‍ക്കാരിന് എഴുതി: ”സാനിറ്റൈസറുകളില്‍ ക്ലോര്‍ഹെക്സിഡൈനും ഹൈഡ്രജന്‍ പെറോക്സൈഡും ഗ്ലിസറോളും എഥനോളുമുണ്ട്. ഫാര്‍മസിയില്‍ നിന്ന് വില്‍ക്കപ്പെടുമ്പോള്‍ ഇതിന്റെയെല്ലാം ഗുണനിലവാരം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളുണ്ടാകും.”
എന്നാല്‍ ആ കത്ത് സര്‍ക്കാര്‍ പരിഗണിച്ചതേയില്ല. കൊവിഡ് പ്രതിസന്ധി ഒതുങ്ങിയിട്ടില്ലാത്തതിനാല്‍ തന്നെ സാനിറ്റൈസറുകളുടെ ഗുണനിലവാരത്തിലും വില്പനയിലുമുള്ള ഈ ശ്രദ്ധക്കുറവ് വലിയ വിപത്തുകള്‍ വിളിച്ചുവരുത്തുമെന്നു തന്നെ പേടിക്കേണ്ടിയിരിക്കുന്നു.

കടപ്പാട്: downtoearth.org.in
ബാൻജ്യോത് കൗർ

You must be logged in to post a comment Login