മഹത്തായ ഒരു പരാജയമാണ് കേശവാനന്ദഭാരതി ശ്രീപാദ ഗാല്‍വരു എന്ന ഹിന്ദുസന്യാസിയെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റേയും ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന്റേയും ഏറ്റവും സവിശേഷമായ സന്ദര്‍ഭങ്ങളിലൊന്നിനെ നാം ഇന്ന് മനസിലാക്കുന്നത് കേശവാനന്ദഭാരതി കേസ് എന്നാണ്. പരാജയം എന്ന് തുടക്കത്തില്‍ പറഞ്ഞത് സ്വകാര്യസ്വത്തിന് ഭരണഘടനാ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സ്വാമി കേശവാനന്ദഭാരതി ആ കേസ് തോറ്റു എന്നതിനാലാണ്. മഹത്തായ പരാജയം എന്ന് അതിനെ വിശേഷിപ്പിച്ചത് കേവലം ഒരു സ്വത്തവകാശമായി തുടങ്ങിയ കേസ് കേശവാനന്ദഭാരതിയുടെ ഇടപെടലില്ലാതെ, അദ്ദേഹത്തിന്റെ അറിവുപോലുമില്ലാതെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ നിയമപോരാട്ടമായി മാറി എന്നതിനാലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണ്‍ പദവിയില്‍ നമ്മുടെ ഭരണഘടനയെ അവരോധിച്ചു എന്നതിനാലുമാണ്. പില്‍ക്കാല ഇന്ത്യ അഭിമുഖീകരിച്ച, ഇപ്പോഴും അഭിമുഖീകരിക്കുന്ന അനേകം വിഷമഘട്ടങ്ങളില്‍ ആ നിയമപോരാട്ടം വഴികാട്ടിയായി. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മസത്ത അട്ടിമറിക്കല്‍ അസാധ്യമാണെന്ന ഉറപ്പ് ഈ രാജ്യത്തിന് നല്‍കിയത് ആ നിയമയുദ്ധമാണ്. ആ യുദ്ധത്തിന്, നടക്കാനിരിക്കുന്നത് അത്തരമൊരു മഹാഭാരതയുദ്ധമാണെന്ന തരിമ്പും ബോധ്യമില്ലാതെ തുടക്കമിട്ടു എന്നതാണ് കേശവാനന്ദഭാരതിയുടെ ചരിത്രപ്രസക്തി. ചരിത്രം അതിന്റെ സവിശേഷ സന്ദര്‍ഭത്തെ അടയാളപ്പെടുത്താന്‍ തിരഞ്ഞെടുത്ത ഒരുപേര്. താന്‍ തൊടുത്തുവിട്ട ഒരു നിയമപ്രശ്‌നം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘവും സംഭവബഹുലവുമായ ഭരണഘടനാസംവാദത്തിന് വഴിമരുന്നിട്ടതായി അദ്ദേഹം അക്കാലത്ത് അറിഞ്ഞിരുന്നില്ല എന്നതാണ് ആ സന്ദര്‍ഭത്തിന്റെ കൗതുകം. ഇന്ത്യയിലെ മുന്‍നിര പത്രങ്ങള്‍ 68 ദിവസം നീണ്ടുനിന്ന ആ നിയമപോരാട്ടം അന്നേക്കന്ന് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇംഗ്ലീഷ് പത്രങ്ങളില്‍ തന്റെ പേര് നിരന്തരമായി പരാമര്‍ശിക്കപ്പെടുന്നത് കണ്ട് അത്ഭുതം കൂറുകയും ചെയ്തു കേശവാനന്ദഭാരതി. എന്തിനധികം തനിക്ക് വേണ്ടി കേസ് നടത്തിയ, നിയമചരിത്രത്തിലെ വിഖ്യാതമായ നിമിഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാനി പല്‍ക്കിവാല എന്ന മഹാനായ അഭിഭാഷകനെ അദ്ദേഹം നേരില്‍ കണ്ടിട്ടുപോലുമണ്ടായിരുന്നില്ല. സോളി സൊറാബ്ജിയും അരവിന്ദ് പി. ദത്തറും ചേര്‍ന്ന് രചിച്ച നാനി പല്‍ക്കിവാല -ദ കോര്‍ട്ട്‌റൂം ജീനിയസ് എന്ന വിഖ്യത ഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കാം: Ironocally, Kesavananda Bharati, neither met Palkhivala nor even spoke to him. T.R Andhyarjuna was having his lunch in the canteen when an advocate from Kerala told him that Kesavananda Bharati was quite surprised to see his name appearing in the papers every day and wondered why the case was taking so much time. His Holiness would never have imagined that his name would soon become immortal. t]-Pv 112.
ചരിത്രം അങ്ങനെയാണ്. അതിന്റെ ബന്ധനിലകള്‍ പലപ്പോഴും രേഖീയമായ ഒന്നല്ല. അതിനെ നിര്‍ണയിക്കുന്ന ബലങ്ങളും അങ്ങനെയാണ്. വ്യക്തിയുടെ ആഗ്രഹങ്ങളല്ല, പലപ്പോഴും അറിവും സമ്മതവുമല്ല ചരിത്രത്തെ രൂപപ്പെടുത്തുന്നത്. വലിയൊരു പ്രവാഹത്തിന്റെ പ്രഭവസ്ഥാനമായി കാസര്‍കോട്ടെ എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി മാറിയതും മറ്റൊരു വിധത്തിലല്ല.
കേവലം സ്വത്തവകാശവുമായി ബന്ധപ്പെട്ട ഒന്നായാണ് കേശവാനന്ദഭാരതി കേസിന്റെ തുടക്കം. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണം മഠത്തിന്റെ സ്വത്തവകാശത്തിന് പ്രതികൂലമാകുമെന്ന് വന്നപ്പോഴാണ് മഠവും കേശവാനന്ദഭാരതിയും നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ പിതാവ് എം.കെ നമ്പ്യാര്‍ വഴിയാണ് കേശവാനന്ദ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. 1970 മാര്‍ച്ച് 21-നാണ് 1963-ലെ കേരള ഭൂപരിഷ്‌കരണനിയമത്തിലെയും 1969-ലെ കേരള ഭൂപരിഷ്‌കരണ നിയമ ഭേദഗതിയിലെയും വ്യവസ്ഥകള്‍ ചോദ്യം ചെയ്തുകൊണ്ട് കേശവാനന്ദഭാരതി ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീം കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുന്നത്. സ്വത്ത് ആര്‍ജനം എന്ന അന്നത്തെ മൗലികാവകാശത്തിന്റെ ലംഘനമാണ് ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ എന്നതിനാലാണ്, മൗലികാവകാശ ലംഘനത്തിനെതിരെ ഇന്ത്യയിലുള്ള ആര്‍ക്കും സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാനുള്ള മൗലികാവകാശം വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 32-ല്‍ അഭയം പ്രാപിക്കാന്‍ കേശവാനന്ദയെ പ്രേരിപ്പിച്ചത്. കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ദീര്‍ഘകാല പദ്ധതിയായിരുന്ന ഭൂപരിഷ്‌കരണം അതിനോടകം നിരവധിയായ നിയമവ്യവഹാരങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ കേരള ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് റദ്ദാക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതിയിലും കെട്ടുകണക്കിന് ഹരജികള്‍ ഉണ്ടായിരുന്നു. രാജ്യമെങ്ങും പലതരം ചര്‍ച്ചകള്‍ നടന്നു. കോടതിയുടെ ഇത്തരം ഇടപെടല്‍ ഭൂപരിഷ്‌കരണനിയമം കുടികിടപ്പുകാര്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളെ ഹനിക്കുമെന്ന വികാരം മുന്നിട്ടുനിന്നു. തുടര്‍ന്നാണ് ഇന്ദിരാ സര്‍ക്കാര്‍ പ്രസ്തുത നിയമത്തെ സംരക്ഷിക്കാന്‍ ഭരണഘടനാഭേദഗതി അവതരിപ്പിക്കുന്നത്. 1972 ജൂണ്‍ ഒമ്പതിന് 29-ാം ഭരണഘടനാഭേദഗതി പാര്‍ലമെന്റ് പാസാക്കി. 1969-ലെയും 1971-ലെയും കേരള ഭൂപരിഷ്‌കരണ നിയമത്തിന് ഒമ്പതാം പട്ടികയുടെ പരിരക്ഷ ഉറപ്പാക്കല്‍ മാത്രമായിരുന്നു ഭേദഗതിയുടെ ഉള്ളടക്കം. അതോടെ കേശവാനന്ദ തന്റെ റിട്ടും ഭേദഗതി ചെയ്തു. 1972-ലെ ഭരണഘടനാഭേദഗതിയുടെ സാധുതകൂടി റിട്ടില്‍ ചോദ്യം ചെയ്തു.
കേശവാനന്ദ കേസ് എന്ന് വിവക്ഷിക്കപ്പെടുമ്പോഴും കേശവാനന്ദ ഭാരതി മാത്രമായിരുന്നില്ല ചരിത്രപരമായ ഈ കേസിലെ കക്ഷികള്‍. രണ്ട് രാജകുടുംബങ്ങളും പഞ്ചസാര, കല്‍ക്കരി കമ്പനികളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. അങ്ങനെയാണ് നാനി പല്‍ക്കിവാലയെപ്പോലൊരു അതികായന്‍ കേസിന്റെ നെടുനായകത്വത്തിലേക്ക് വരുന്നത്. ഡി.എം പോപാറ്റ് രേഖപ്പെടുത്തുന്നതുപോലെ കേശവാനന്ദഭാരതി കേസ് എന്ന് രേഖപ്പെട്ട ഈ ബൃഹദ്്വ്യവഹാരത്തിന്റെ ഫണ്ടിംഗ് നിര്‍വഹിച്ചത് പഞ്ചസാര, കല്‍ക്കരി കമ്പനികളായിരുന്നു. സോളി സൊറാബ്ജിയും അനില്‍ ദിവാനുമുള്‍പ്പടെയുള്ള അഭിഭാഷകരുടെ വന്‍ സംഘം ഒബ്‌റോയ് ഹോട്ടലില്‍ താമസിച്ചാണ് കേസ് നടത്തിയത്. അതിദീര്‍ഘമായ വാദങ്ങളുടെയും രേഖാ സമര്‍പ്പണങ്ങളുടെയും ദിവസങ്ങള്‍. മൗലികാവകാശങ്ങള്‍ ഭേദഗതിക്ക് വിധേയമല്ല എന്ന ഗോലക്‌നാഥ് കേസിലെ വിധി ഇഴകീറി പരിശോധിക്കപ്പെട്ടു. ഭരണഘടനയില്‍ തല്പരരായവര്‍ സൂക്ഷ്മമായി പഠിക്കേണ്ട മറ്റൊരു കേസാണ് ഗോലക്‌നാഥ് കേസ്. പഞ്ചാബില്‍ നടന്ന ഭൂപരിഷ്‌കരണത്തിന്റെ ബാക്കിപത്രം. മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാടില്ല എന്നായിരുന്നു വിധി.
ഭരണകൂടവും പരമോന്നത കോടതിയും മുഖാമുഖം നിന്ന നാളുകളായിരുന്നു കേശവാനന്ദഭാരതി കേസിലേത്. പരമാധികാരിയായി ഇന്ദിരാഗാന്ധി അധികാരത്തില്‍. ഗോലക്‌നാഥ്, ബാങ്ക് ദേശസാല്‍കരണം, പ്രിവിപഴ്‌സ് നിര്‍ത്തലാക്കല്‍ തുടങ്ങിയ കേസുകളില്‍ കോടതി വിധി എതിരായതിന്റെ ചൊരുക്ക് സര്‍ക്കാറിന് വേണ്ടുവോളമുണ്ട്. വന്‍ഭൂരിപക്ഷമുണ്ട് അന്ന് ഇന്ദിരാ സര്‍ക്കാരിന്. അതുവരെയുള്ള സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണഘടനാ ബഞ്ച് ആണ് വാദം കേട്ടത്. പതിമൂന്ന് പേര്‍. എച്ച്. എം സിര്‍വായ് ആയിരുന്നു കേരളത്തിന്റെ വക്കീല്‍. ടി.ആര്‍ അന്ത്യാര്‍ജുന അദ്ദേഹത്തെ സഹായിച്ചു. വാദത്തിന്റെ ഓരോ ഘട്ടത്തിലും ജഡ്ജിമാര്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയതായി പില്‍ക്കാലത്ത് രേഖപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസായിരുന്ന സിക്രി വിരമിക്കുന്നതുവരെ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു.
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തിന് പരിമിതികളും നിയന്ത്രണങ്ങളും ഉണ്ട് എന്നായിരുന്നു പല്‍ക്കിവാലയുടെ പ്രധാനവാദം. ഭരണഘടനയുടെ അടിസ്ഥാനഘടനയെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. പരമാധികാരം പാര്‍ലമെന്റിനല്ല, ജനങ്ങള്‍ക്കാണ് എന്നതില്‍ പല്‍ക്കിവാല ഊന്നി. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് ജനഹിതത്തിന്റെ പ്രകാശനസ്ഥാനമാണ് എന്നായിരുന്നു എതിര്‍വാദം. പാര്‍ലമെന്റ് അധികാരം ദുര്‍വിനിയോഗം ചെയ്യുമെന്ന് കരുതാനാവില്ല. ഗവണ്‍മെന്റ് ബൈ ജഡ്ജസ് എന്ന സ്ഥിതി ജനാധിപത്യത്തിന് ഭൂഷണമല്ല എന്നും വാദമുയര്‍ന്നു. ലോകത്താകെയുള്ള ഭരണഘടനകളും ഭരണഘടനാ കേസുകളും പരിശോധിക്കപ്പെട്ടു. 1973 ഏപ്രില്‍ 24-ന് വിധി വന്നു. പതിമൂന്ന് അംഗങ്ങളില്‍ ആറ് പേര്‍ പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ആവശ്യമില്ല എന്ന തീര്‍പ്പിലെത്തി. ആറ് പേര്‍ മറിച്ചും വിധിയെഴുതി. ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ ശബ്ദം നിര്‍ണായകമായി. മധ്യമാര്‍ഗത്തിലായിരുന്നു ഖന്ന. എങ്കിലും ഭേദഗതി വഴി ഭരണഘടനയുടെ അടിസ്ഥാന ഘടന-ബേസിക് സ്ട്രക്ചര്‍, ഇല്ലാതാക്കാന്‍ പാടില്ല എന്ന് അദ്ദേഹം സുവ്യക്തമായി കുറിച്ചു. അമിതാധികാരം വിവേചനത്തെ റദ്ദാക്കും എന്ന് ഹിറ്റ്‌ലറെ ഉദാഹരിച്ചുള്ള പല്‍ക്കിവാലയുടെ വാദങ്ങള്‍ ഖന്നയെ സ്വാധീനിച്ചിരിക്കാം. അങ്ങനെ ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികള്‍, ദേശീയപ്രസ്ഥാനത്തിന്റെ സത്തയെ പുസ്തകമാക്കി മാറ്റിയ ഭരണഘടനയുടെ കൊടി സുപ്രീംകോടതി ഉയരത്തില്‍കെട്ടി. ഹരജിക്കാരനായിരുന്ന കേശവാനന്ദഭാരതിയുടെ ആവശ്യങ്ങള്‍ അനുവദിക്കപ്പെട്ടില്ല എന്ന അര്‍ഥത്തില്‍ അദ്ദേഹത്തെ സംബന്ധിച്ച് തോറ്റ കേസാണത്. കേസ് സര്‍ക്കാറിനെതിരെ ആയിരുന്നല്ലോ? ആ അര്‍ഥത്തില്‍ സര്‍ക്കാര്‍ ജയിച്ച കേസും. പക്ഷേ, രണ്ടുമല്ല ഉണ്ടായത്. കേശവാനന്ദയും സര്‍ക്കാറും തോറ്റു. ഇന്ത്യന്‍ ജനതയും ഭരണഘടനയും വിജയിച്ചു. തോറ്റ ഭരണകൂടം വെറുതേയിരുന്നില്ല. ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിലെ സീനിയോറിറ്റി കീഴ്്വഴക്കം ഇന്ദിരാ സര്‍ക്കാര്‍ മറികടന്നു. 1973-ല്‍ ജസ്റ്റിസ് അജിത് നാഥ് റേ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. ഇന്ദിരക്ക് തിരിച്ചടി കിട്ടിയ ബാങ്ക് ദേശസാല്‍കരണ കേസില്‍ സര്‍ക്കാറിന് അനുകൂലമായി വിധിയെഴുതിയതിന്റെ പ്രത്യുപകാരമായിരുന്നു ആ ദാനം. ഇന്ത്യന്‍ ജുഡീഷ്യറിക്ക് മേല്‍ ഭരണകൂടം നടത്തിയ വലിയ കയ്യേറ്റം. അവഗണിക്കപ്പെട്ട മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ രാജിവെച്ചാണ് പ്രതികരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ബോംബെയില്‍ ഉള്‍പ്പടെ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു. ഭരണഘടനാ തത്വങ്ങള്‍ മുദ്രാവാക്യങ്ങളായി. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ജയപ്രകാശ് നാരായണന്‍ പ്രസ്ഥാനത്തിന്റെ പ്രവാഹത്തിനും രാജ്യമാകെ പടര്‍ന്ന പോരാട്ടത്തിനും അടിയന്തിരാവസ്ഥക്കും ഇന്ദിരയുടെ പതനത്തിനുമെല്ലാം കാരണമായ വികാസങ്ങളുടെ വേരുകള്‍ വിശാലമായി കേശവാനന്ദഭാരതി കേസില്‍ കണ്ടെടുക്കാം. അങ്ങനെ ഇച്ഛാപൂര്‍വമല്ലാതെ ആണെങ്കിലും ഒരു വലിയ ചരിത്രപ്രവാഹത്തിന്റെ മുഖനാമമായി തീര്‍ന്ന പേരാണ് കേശവാനന്ദഭാരതി. അദ്ദേഹത്തിന്റെ മരണം സ്വാഭാവികമായും ഓര്‍മയിലേക്ക് കൊണ്ടുവന്ന ചരിത്രമാണ് നാം ഇതുവരെ പറഞ്ഞത്.
മറ്റൊന്നുണ്ട്. അമിതാധികാരത്തിനെതിരെ, ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതക്കെതിരെ ഏറ്റവും വലിയ പോര്‍മുഖം കോടതിയാണെന്നും ഏറ്റവും വലിയ ആയുധം ഭരണഘടനയാണെന്നുമുള്ള ഓര്‍മപ്പെടുത്തലാണത്. അത്രവിശാലമാണ് ഭരണഘടനയുടെ സാധ്യതകള്‍. ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങളെ പരിധിവരെ തടയാന്‍ അതിന് കഴിയും. സുപ്രീംകോടതിയുടെ അന്തസിനെ ഇടിച്ചുതാഴ്ത്തിയും ഒരുവേള ജഡ്ജിമാരെ വൈകാരിക ബന്ദികളാക്കിപ്പോലും ഇന്ദിരാ സര്‍ക്കാര്‍ നടത്തിയ ജനാധിപത്യവിരുദ്ധ നീക്കങ്ങളെപ്പോലും ഭരണഘടനയെ മുന്‍നിര്‍ത്തി നീതിപീഠം ചെറുത്തിട്ടുണ്ട്. എന്തെന്നാല്‍ ഇന്ത്യന്‍ ഭരണഘടന ജുഡീഷ്യറിയെ ഒരു കൂട്ടം വ്യക്തികളായല്ല, അടിയുറപ്പുള്ള സംവിധാനമായാണ് വിഭാവനം ചെയ്തത്. വ്യക്തികള്‍ ഏതെല്ലാം രീതിയില്‍ വഷളായാലും സംവിധാനം അതിനെ അതിജീവിക്കും എന്നര്‍ഥം.
അതിനാലാണ് തീവ്രവലതുപക്ഷം സമ്പൂര്‍ണ ഫാഷിസത്തിലേക്ക് നമ്മുടെ രാജ്യത്തെ വലിച്ചിഴക്കുന്ന ഇക്കാലത്ത് കേശവാനന്ദഭാരതി എന്ന നിയമ ഓര്‍മ പ്രസക്തമാകുന്നത്. പൗരത്വ പ്രശ്‌നം അവസാനിച്ചിട്ടില്ല. മഹാമാരി നല്‍കിയ ഇടവേള മാത്രമാണിത്. വിശാലമായ നിയമപോരാട്ടം അനിവാര്യമാണ്. അതൊരു ഉദാഹരണം മാത്രമാണ്. നമ്മുടെ ജീവിതത്തെ, രാജ്യത്തെ ബാധിക്കുന്ന മുഴുവന്‍ കാര്യങ്ങളെയും നിയമത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക എന്നതാണ് ശരിയായ സമരമാര്‍ഗം. ഫാഷിസത്തെ സമ്പൂര്‍ണമായി ഒരു മൗലികാവകാശ ലംഘനമായി നാം തിരിച്ചറിയണം. അതിന്റെ ഇഴകീറി പഠിക്കണം. ഭരണകൂടത്തിന്റെ ഓരോ അമിതാധികാര പ്രയോഗത്തെയും നിരന്തരം കോടതിയില്‍ ചോദ്യം ചെയ്യണം. അതിന് വേണ്ടത് കോടതി, നിയമം തുടങ്ങിയ പ്രമേയങ്ങളെ ജനകീയവത്കരിക്കലും അതുവഴി സമരവത്കരിക്കലുമാണ്. എല്ലാ സന്ദര്‍ഭങ്ങളുടെയും നിയമപ്രശ്‌നം പഠിക്കണം, പഠിപ്പിക്കണം. അങ്ങനെ സമരങ്ങള്‍ കോടതികളിലേക്ക് പടരണം. കേശവാനന്ദഭാരതി കേസിനെ ഓര്‍ക്കുന്നത് അതിനുവേണ്ടിയാവണം.
കെ കെ ജോഷി
You must be logged in to post a comment Login