ബാബരി മസ്ജിദ് നിലനിന്ന ഭൂമി, വിശ്വാസത്തിന് തെളിവുണ്ടെന്ന കാരണത്താല്‍, ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും രാജ്യത്തെ പരമോന്നത കോടതി വിധിച്ചതുഒമ്പത് മാസം മുമ്പാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമി, രാമജന്മഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നുമുള്ള ആവശ്യം സംഘപരിവാരത്തിന്റേതായിരുന്നു. ആ ആവശ്യം സാധിച്ചെടുക്കാന്‍ കോടതിയെ സമീപിച്ചത് വിശ്വ ഹിന്ദു പരിഷത്തും രാമജന്മഭൂമി ന്യാസും ശിശുവായ രാമന്റെ രക്ഷാകര്‍തൃസ്ഥാനം ഏറ്റെടുത്ത വ്യക്തിയുമൊക്കെയായിരുന്നു. എന്നിട്ടും കോടതി വിധിച്ചത് ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്നായിരുന്നു. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയാണെന്ന വിശ്വാസവും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവും രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിനാകെയുള്ളതാണെന്ന പ്രതീതിയാണ് പരമോന്നത കോടതിയുടെ വിധി ജനിപ്പിച്ചത്. പിന്നീട് രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന ഘട്ടത്തില്‍, ക്ഷേത്രനിര്‍മാണം രാജ്യത്തിന്റെ പൊതുആവശ്യമാണെന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുകയും മതനിരപേക്ഷ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ഇത് രാജ്യത്തിന്റെ പൊതുകാര്യമാണെന്ന വിധത്തില്‍ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു. ഒരു മതവിഭാഗത്തിന്റെ ആരാധനാലയം നിലനിന്ന സ്ഥലത്ത് മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയം പണിയുന്നത്, ഒരു രാജ്യത്തിന്റെ പൊതുകാര്യമാണെന്ന തോന്നല്‍ നീതിന്യായ സംവിധാനത്തിനും ഭരണകൂടത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമൊക്കെയുണ്ടാകുന്നുവെങ്കില്‍ അത്യന്തം അപകടകരമായ അവസ്ഥയിലാണ് ഇന്ത്യന്‍ യൂണിയനെന്നാണ് അര്‍ഥം.
പരമോന്നത കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായി വേണം ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റാരോപിതരെ മുഴുവന്‍ വെറുതെവിട്ടുകൊണ്ടുള്ള ലഖ്‌നോവിലെ പ്രത്യേക കോടതിയുടെ വിധിയെ കാണാന്‍. ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിച്ചപ്പോള്‍ മസ്ജിദ് തകര്‍ത്തത് തികഞ്ഞ നിയമലംഘനമാണെന്ന് പരമോന്നത കോടതി അഭിപ്രായപ്പെട്ടിരുന്നു. തികച്ചും ആസൂത്രിതമായാണ് പള്ളി തകര്‍ത്തതെന്നും അഭിപ്രായപ്പെട്ടു. അത് വിധിന്യായത്തിലെ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. പള്ളി തകര്‍ക്കപ്പെട്ടതും തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്നതും വേറെ കേസാണ്. ആ കേസില്‍ തീര്‍പ്പുണ്ടായതോടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ അപ്രസക്തമായെന്ന് ചുരുക്കം.
മസ്ജിദ് തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, ഉമാ ഭാരതി എന്ന് തുടങ്ങി ബി ജെ പിയുടെയും സംഘപരിവാരത്തിന്റെയും മുതിര്‍ന്ന നേതാക്കള്‍ പങ്കാളികളായെന്നായിരുന്നു സി ബി ഐയുടെ കേസ്. 1992 ഡിസംബര്‍ അഞ്ചിന് വിനയ് കത്യാരുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് പള്ളി തകര്‍ക്കാനുള്ള അവസാന തീരുമാനമെടുത്തതെന്നും സി ബി ഐ കുറ്റപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സാധിച്ചില്ലെന്ന് പ്രത്യേക കോടതി പറയുന്നു. ഇതൊരു രഹസ്യയോഗത്തിന്റെ കാര്യമാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് തെളിയിക്കാന്‍ ബുദ്ധിമുട്ടുള്ളത്. എന്നാല്‍ രാജ്യത്ത് പരസ്യമായി നടന്ന ആലോചനകളും കര്‍സേവയുടെ സംഘാടനവും 28 വര്‍ഷത്തെ പഴക്കം കൊണ്ട് ഇല്ലാതായിപ്പോകുമോ? 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ കര്‍സേവ നടത്തുമെന്നത് സംഘപരിവാരത്തിന്റെ തീരുമാനമായിരുന്നു. കര്‍സേവക്കായി അയോധ്യയിലെത്താന്‍ ആഹ്വാനം നല്‍കിയത് പരസ്യമായാണ്. അങ്ങനെയാണ് നാലു ലക്ഷത്തോളം പേര്‍ ബാബരി മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയത്.
കര്‍സേവ പള്ളി തകര്‍ക്കാന്‍ ഉദ്ദേശിച്ചാണെന്ന് അന്നേ എല്ലാവര്‍ക്കും അറിയാവുന്നതായിരുന്നു. അതുകൊണ്ടാണ് കര്‍സേവ തടയണമെന്നും മസ്ജിദ് സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രാജ്യത്തെ പരമോന്നത കോടതി മുമ്പാകെ ഹരജി എത്തിയത്. ഈ ഹരജിയിലുള്ള നോട്ടീസിന് മറുപടിയായാണ് മസ്ജിദിന് കേടുപാടൊന്നും സംഭവിക്കില്ലെന്ന ഉറപ്പ് അക്കാലം ഉത്തര്‍പ്രദേശ് ഭരിച്ച കല്യാണ്‍ സിംഗ് സര്‍ക്കാറും കേന്ദ്രം ഭരിച്ച നരസിംഹറാവു സര്‍ക്കാറും സുപ്രീം കോടതിയെ അറിയിച്ചത്. ഡിസംബര്‍ ആറിന് പള്ളി പൊളിക്കുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് പൊലീസിന് ലഭിച്ചിരുന്നുവെന്ന്, എല്‍ കെ അദ്വാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥയായിരുന്ന അഞ്ജു ഗുപ്ത കോടതി മുമ്പാകെ മൊഴിനല്‍കുകയും ചെയ്തു. ഇവയൊക്കെ യാഥാര്‍ത്ഥ്യങ്ങളായി മുന്നിലിരിക്കെയാണ് പള്ളി പൊളിക്കാന്‍ (ഗൂഢ) ആലോചന നടന്നതിന് തെളിവില്ലെന്ന് കോടതി പറയുന്നത്.
കര്‍സേവകരെത്തിയത്, പ്രത്യേക കോടതി പറയുന്നത് പോലെ, ഒരു കൈയില്‍ പൂവും മറുകൈയില്‍ ജലവുമായിട്ടല്ലെന്നതിനും തെളിവുണ്ട്. ആയുധങ്ങളും വലിയ വടങ്ങളും അവരുടെ പക്കലുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നത് ജൂഡീഷ്യല്‍ കമ്മീഷനായിരുന്ന ജസ്റ്റിസ് ലിബര്‍ഹാനാണ്. മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ത്ത കര്‍സേവകര്‍, വടം കെട്ടിയാണ് മതിലുകള്‍ വലിച്ചുവീഴ്ത്തിയതെന്ന് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയ സമയം കൊണ്ട് മസ്ജിദ് പൂര്‍ണമായി തകര്‍ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും അത് കൃത്യമായി നടപ്പാക്കുകയുമാണ് 1992 ഡിസംബര്‍ ആറിനുണ്ടായത്. രാമക്ഷേത്ര നിര്‍മാണമെന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ രഥയാത്ര സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം, പള്ളിയുടെ തകര്‍ച്ചയോടെ കൂടുതല്‍ ആഴത്തിലാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍സേവയുടെ മറവിലുള്ള ധ്വംസനം അരങ്ങേറിയത് എന്നതും വ്യക്തം.
മസ്ജിദിന്റെ മിനാരങ്ങള്‍ക്കു മുകളില്‍ കയറിയതും പ്രശ്നങ്ങളുണ്ടാക്കിയതും കര്‍സേവകരിലെ ഒരു വിഭാഗം തന്നെയാണെങ്കിലും അവര്‍ സാമൂഹികവിരുദ്ധരാണെന്നാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍. ”അവര്‍ യഥാര്‍ത്ഥ രാമഭക്തരായിരുന്നുവെങ്കില്‍ ബാബരി മസ്ജിദും ഒരു ക്ഷേത്രം തന്നെയാണെന്നും അത് സംരക്ഷിക്കണമെന്നുമുള്ള അശോക് സിംഗാളിന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുമായിരുന്നു” എന്നാണ് കോടതി വാക്യം. രാമജന്മഭൂമിയില്‍ നിലനിന്ന ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്ന വ്യാജം പ്രചരിപ്പിക്കുകയും അത് വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയും ചെയ്ത സംഘപരിവാര്‍ സംഘടനകളുടെ മുന്‍നിരയിലുണ്ട് വിശ്വ ഹിന്ദു പരിഷത്ത്. ആ സംഘടനയുടെ തീവ്രസ്വഭാവമേറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാക്കളില്‍ ഒരാളാണ് അശോക് സിംഗാള്‍. കര്‍സേവകരെ സമാധാനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചുവെന്നതും യഥാര്‍ത്ഥ രാമഭക്തരായിരുന്നുവെങ്കില്‍ കര്‍സേവകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമായിരുന്നുവെന്നും വിധിന്യായത്തില്‍ കുറിക്കുമ്പോള്‍ വിശ്വാസത്തിന് തെളിവുണ്ടെന്ന ഒമ്പതുമാസം മുമ്പത്തെ വിധിയുടെ അനുരണനങ്ങള്‍ ലഖ്‌നോവിലും കാണാനാകും.
പ്രതീകാത്മക കര്‍സേവ മാത്രമാണ് ഉദ്ദേശിച്ചിരുന്നത് എന്നാണ് സംഘപരിവാരം എക്കാലത്തും വാദിച്ചിരുന്നത്. പള്ളി പൊളിക്കുക ലക്ഷ്യമായിരുന്നില്ല. അയോധ്യയില്‍ സംഘടിച്ച കര്‍സേവകര്‍ നിയന്ത്രണങ്ങളൊക്കെ ലംഘിച്ച് പള്ളി പൊളിക്കുകയായിരുന്നുവെന്നും സംഘപരിവാരം നിയമത്തിന് മുന്നില്‍ വിശദീകരിച്ചു. കര്‍സേവകരെ നിയന്ത്രിക്കാന്‍ തങ്ങള്‍ ശ്രമിച്ചുവെന്ന് എല്‍ കെ അദ്വാനി മുതലിങ്ങോട്ട് ആരോപണവിധേയരായവരൊക്കെ കോടതിയില്‍ പറഞ്ഞത് അതുകൊണ്ടാണ്. കര്‍സേവകരായെത്തിയവരിലെ സാമൂഹിക വിരുദ്ധരാണ് പള്ളി തകര്‍ത്തത് എന്നൊന്നും സംഘപരിവാരം പറഞ്ഞിട്ടേയില്ല. യഥാര്‍ത്ഥ രാമഭക്തരായ കര്‍സേവകരായിരുന്നുവെങ്കില്‍ അക്രമം നടത്തില്ലായിരുന്നുവെന്നും സിംഗാളിന്റെ വാക്കുകളെ മറികടന്ന് അക്രമം നടത്തിയവര്‍ സാമൂഹികവിരുദ്ധരാണെന്നും കോടതി രേഖപ്പെടുത്തുമ്പോള്‍ സംഘപരിവാരത്തിനും അതിന്റെ നേതാക്കള്‍ക്കും അവര്‍ പോലും പ്രതീക്ഷിക്കാത്ത നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് നമ്മുടെ നീതിന്യായ സംവിധാനം. രാജ്യത്ത് സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, ആക്രമങ്ങളെ തടയാന്‍ ശ്രമിക്കുന്ന മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ എല്ലാ ആദര്‍ശങ്ങളെയും പിന്തുടരുന്നവരാണ് സംഘപരിവാരത്തിന്റെ നേതാക്കളെന്നും ആ ആദര്‍ശങ്ങളില്‍ വിശ്വസിച്ച് നേതാക്കളുടെ നിര്‍ദേശങ്ങളെ അനുസരിക്കുന്നവരാണ് അണികളെന്നും ഇതിലും ഭംഗിയായി എഴുതിവെക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
വസ്തുതകളുടെ അടിസ്ഥാനത്തിലല്ല, തങ്ങള്‍ക്ക് മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും സാക്ഷിമൊഴികളുടെ വിശ്വാസ്യത അളന്നുമാണ് കേസുകളില്‍ കോടതികള്‍ തീര്‍പ്പുകല്‍പ്പിക്കുന്നത്. ആരോപണം സംശയലേശമില്ലാതെ തെളിയിക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സി ഹാജരാക്കിയില്ലെങ്കില്‍ കോടതി നിസ്സഹായമാകും. ഹാജരാക്കിയ തെളിവുകളുടെ തന്നെ ആധികാരികത ബോധ്യപ്പെടാതെ വരുമ്പോഴും. അങ്ങനെ ആരോപണവിധേയരെ കുറ്റവിമുക്തരാക്കേണ്ടിവരുമ്പോഴും രാജ്യത്തെ രാഷ്ട്രീയ – സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ തെളിവുകളുടെയോ സാക്ഷിമൊഴികളുടെയോ പിന്‍ബലമില്ലാതെ തന്നെ കോടതിയ്ക്ക് ബോധ്യപ്പെടേണ്ടതാണ്. കാരണം വിധി പുറപ്പെടുവിക്കുന്ന ന്യായാധിപര്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നവര്‍ കൂടിയാണ്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച സംഭവങ്ങള്‍ അറിയാവുന്നവര്‍ക്ക്, ആ സംഭവത്തെ മുതലെടുത്തുകൊണ്ട് ബി ജെ പി നടത്തിയ രാഷ്ട്രീയ വളര്‍ച്ചയെക്കുറിച്ച് ധാരണയുള്ളവര്‍ക്ക് യഥാര്‍ത്ഥ രാമഭക്തരാണ് സംഘപരിവാരമെന്ന് ധ്വനിപ്പിക്കാന്‍ സാധിക്കില്ല തന്നെ.
മഹാത്മാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ആര്‍ എസ് എസ് ആസ്ഥാനത്തും അതിന് സ്വാധീനമുണ്ടായിരുന്ന കേന്ദ്രങ്ങളിലും മധുരപലഹാര വിതരണം നടന്നു. ഗാന്ധിയെ വധിച്ചതില്‍ ആഹ്ലാദമുള്ളതുകൊണ്ടാകണമല്ലോ മധുരം വിതരണം ചെയ്തത്. പക്ഷേ, ഗാന്ധിയെ വധിച്ചതുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആര്‍ എസ് എസും പരിവാര സംഘടനകളും പറയുക. നാഥുറാം വിനായക് ഗോഡ്സെ രാഷ്ട്രീയ സ്വയം സേവക് സംഘുകാരനായിരുന്നില്ല എന്നവര്‍ വിശദീകരിക്കും.
2002ലെ ഗുജറാത്ത് വംശഹത്യാ കാലത്ത് അവിടെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി, ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചതായി ആരോപണമുണ്ടായിരുന്നു. ആരോപണം ശരിയായാലും തെറ്റായാലും വംശഹത്യാശ്രമത്തിന്റെ ആദ്യ നാളുകളില്‍ അക്രമികള്‍ക്ക് അരുനില്‍ക്കുകയാണ് ഗുജറാത്ത് പൊലീസ് ചെയ്തത് എന്നത് വസ്തുതയാണ്. അക്രമം ആളിപ്പടര്‍ന്നപ്പോള്‍ അത് തടയാന്‍ പട്ടാളത്തെ നിയോഗിക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശം പോലും അവഗണിച്ച് അക്രമികള്‍ക്ക് പരമാവധി അവസരം തുറന്നിടുകയാണ് കേന്ദ്രം ഭരിച്ച എ ബി വാജ്പേയി സര്‍ക്കാറും ചെയ്തത്. ഇതെല്ലാം മുന്നിലിരിക്കേതന്നെ അക്രമം തടയാനും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും ചെയ്യാവുന്നതൊക്കെ ചെയ്തുവെന്ന് മാത്രമേ ഗുജറാത്ത് സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും പറഞ്ഞിട്ടുള്ളൂ. സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച് 58 പേര്‍ വെന്തുമരിച്ചതിനെത്തുടര്‍ന്നുണ്ടായ വികാരഭരിതമായ അന്തരീക്ഷം മുതലെടുക്കാന്‍ സാമൂഹിക വിരുദ്ധരും അക്രമികളും രംഗത്തിറങ്ങിയതാണ് സ്ഥിതി വഷളാക്കിയതെന്നും. മൃതദേഹം അഹമ്മദാബാദിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ച നരേന്ദ്ര മോഡി സര്‍ക്കാറോ ബന്ദിന് ആഹ്വാനം ചെയ്ത വിശ്വ ഹിന്ദു പരിഷത്തോ അക്രമികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്ത് അണിയറയില്‍ നിന്ന നേതാക്കളോ പൊലീസിനെ നിയന്ത്രിക്കാന്‍ കണ്‍ട്രോള്‍ റൂമിലെത്തിയ മന്ത്രിമാരോ അവരെ അവിടേക്ക് നിയോഗിച്ച മുഖ്യമന്ത്രിയോ വംശഹത്യാ ശ്രമത്തിന് ഉത്തരവാദികളല്ല. അവരേതെങ്കിലും വിധത്തില്‍ അക്രമത്തിന് പ്രേരിപ്പിച്ചിട്ടുമില്ല! വംശഹത്യാ ശ്രമത്തില്‍ നരേന്ദ്ര മോഡി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ന്യായാസനത്തിന്റെ വിധി നമ്മളോട് പറഞ്ഞത് ഏതാണ്ട് ഇതായിരുന്നു.
ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രമെന്നത് ഭൂരിപക്ഷ മതവിഭാഗത്തിന്റെയാകെ ആവശ്യമായിരുന്നുവെന്ന പ്രതീതി ജനിപ്പിച്ച പരമോന്നത കോടതി, അത് രാജ്യത്തിന്റെ പൊതുആവശ്യമായിരുന്നുവെന്ന് സ്ഥാപിച്ചെടുത്ത ഭരണ – രാഷ്ട്രീയ നേതൃത്വങ്ങള്‍, ആ ആവശ്യത്തിന് വഴിതുറക്കാന്‍ പാകത്തില്‍ പള്ളി പൊളിച്ച കര്‍സേവകരും അതിന് നേതൃത്വം നല്‍കിയവരും കുറ്റവാളികളല്ലല്ലോ എന്നതാണ് ഇന്ത്യന്‍ യൂണിയനിലെ പുതിയ നീതിബോധം.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login