ഇപ്പോള്‍ ചെന്ന് അവരുടെ ഇടയ്ക്ക് കേറിക്കിടന്നില്ലെങ്കില്‍ കാര്യങ്ങള്‍ വെളിച്ചത്താവും. രണ്ടും കല്പിച്ച് ഗേറ്റിനുള്ളിലൂടെ നുഴഞ്ഞുകേറി. കൂട്ടുകാരുടെ ഇടക്ക് മെല്ലെ പോയിക്കിടന്നു; ഒരു കരിയില പാറി വീഴുന്ന ഭവ്യതയോടെ. ആര്‍ക്കും ഒരലമ്പും ഉണ്ടാക്കാതെ.
നാട്ടിലെ വൈകുന്നേര ദര്‍സില്‍ പോകുന്ന കാലം. അതിനിടെ, സ്കൂള്‍ വേനലവധിക്ക് അടച്ചപ്പോള്‍ വൈകുന്നേരത്തെ ഇശാ-മഗ്രിബിന്റെ ഇടയിലുള്ള ദര്‍സിനു പുറമെ സുബ്ഹ് നിസ്കാര ശേഷവും കൂടിയാക്കിയാലോ എന്ന ഒരു നിര്‍ദ്ദേശം ഉസ്താദ് മുന്നോട്ടു വച്ചു. ഞങ്ങളെല്ലാവരും സമ്മതം മൂളി. അപ്പോള്‍ കൂട്ടത്തില്‍ ചിലര്‍ക്ക് അതിരാവിലെ എണീറ്റ് സുബ്ഹി നിസ്കാരത്തിന് പള്ളിയിലെത്താന്‍ കഴിയുമോ എന്നൊരാശങ്ക.
“അതിന് പണിയുണ്ട്; രാത്രി പള്ളിയില്‍ കിടന്നാല്‍ മതി.”
ഉസ്താദിന്റെ നിര്‍ദേശം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ദര്‍സ് കഴിഞ്ഞ് ഇശാ നിസ്കരിച്ച് ഞങ്ങള്‍ വീട്ടില്‍ പോവും. ഭക്ഷണം കഴിക്കും. തിരിച്ച് പള്ളിയിലേക്ക് പോരും.
കാര്യങ്ങള്‍ തട്ടും മുട്ടുമില്ലാതെ നേര്‍വഴിക്ക് നടക്കുമ്പോഴാണ് ഒരു നാടകം; കരിങ്കുരങ്ങ്, പള്ളിക്കടുത്തുള്ള പാരലല്‍ കോളജില്‍. അവിടെ കലോത്സവ പരിപാടിയാണ്. അതിലെ പ്രധാന ഇനമാണ് നാടകം. പ്രമുഖ അഭിനേത്രി നിലമ്പൂര്‍ ആയിഷയും മറ്റുമൊക്കെയാണ് വരുന്നത്.
‘കാണണ്ടേ, കാണണം’ – ഞങ്ങളെല്ലാം ഒന്നിച്ച് തീരുമാനിച്ചു.
എന്താ ചെയ്യ്ാ, ഇതുവരെയില്ലാത്ത ഒരു തട്ടും മുട്ടും ഇപ്പോള്‍! ഉസ്താദിന്റെ വിലക്ക്; “ഒറ്റക്കുട്ടിപോലും നാടകം കാണാന്‍ പോവരുത്!”
“വീട്ടില്‍ പോവുക. വല്ലതും കഴിക്കുക. ഉടന്‍ തിരിഞ്ഞും മറിഞ്ഞും നോക്കാതെ പള്ളിയിലേക്ക് പോരുക.”
ഉസ്താദിന്റെ കല്പന.
എന്തു ചെയ്യും? പോയാല്‍ ചൂരല്‍ ചന്തിയില്‍ ചവിട്ടുനാടകം കളിക്കും. ആ പുളച്ചില്‍ ഓര്‍ത്തുകൂടാ. വീട്ടുകാരറിഞ്ഞാലും കിട്ടും പെട. പിന്നെ കണ്ണും ചെവിയും പൊട്ടിക്കുന്ന ശകാരവും ഉറപ്പ്.
‘പോവണ്ടല്ലേ, പോവണ്ട’ – തീരുമാനം ഒന്നിച്ചായിരുന്നു. അങ്ങനെ അന്നു രാത്രി ഇശാനിസ്കാരം കഴിഞ്ഞ് നാടക സ്ഥലത്തേക്ക് നോക്കാതെ പോവാനാണ് തീരുമാനം. എന്തു ചെയ്യാന്‍, ഞാനൊന്ന് കണ്ണോടിച്ചു പോയി. അപ്പോഴല്ലേ അമ്പരപ്പിക്കുന്ന കാഴ്ച! ഭക്ഷണം കഴിക്കാന്‍ പുരയില്‍ പോയവരൊക്കെ നാടകം കാണുന്നു. എനിക്ക് ഉള്ളില്‍ ഒരു വിറ! ചൂരല്‍!!
ഏതായാലും സ്വല്പനേരം നിന്നു നോക്കാം. ഉസ്താദ് അറിയാന്‍ പോണില്ലല്ലോ? അങ്ങനെ ആ നിറുത്തം നിന്നതാ, ഞാനും എന്റെ ചങ്ങാതിയും. മറ്റവരൊക്കെ കുറച്ചുനേരം കണ്ട് പുരയില്‍ പോയി ചോറ് തിന്ന് പള്ളിയില്‍ കിടക്കാനെത്തി. ഇതൊന്നും ഞങ്ങളറിഞ്ഞില്ല. നാടകമെല്ലാം കഴിഞ്ഞു നോക്കുമ്പോള്‍ സമയം രാത്രി ഒന്നര!
എന്തു ചെയ്യും? പുരയിലേക്കേതായാലും പൊയ്ക്കൂടാ. അടികിട്ടും. ശരണം പള്ളി തന്നെ. അവിടെ ചെന്നു നോക്കുമ്പോള്‍ കഷ്ടം. മുകള്‍ നിലയിലേക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു. അവിടെയാണ് ഉസ്താദും എന്റെ ചങ്ങാതിമാരും കിടക്കുന്നത്.
ഇപ്പോള്‍ ചെന്ന് അവരുടെ ഇടയ്ക്ക് കേറിക്കിടന്നില്ലെങ്കില്‍ കാര്യങ്ങള്‍ വെളിച്ചത്താവും. രണ്ടും കല്പിച്ച് ഗേറ്റിനുള്ളിലൂടെ നുഴഞ്ഞുകേറി. കൂട്ടുകാരുടെ ഇടയ്ക്ക് മെല്ലെ പോയിക്കിടന്നു; ഒരു കരിയില പാറി വീഴുന്ന ഭവ്യതയോടെ. ആര്‍ക്കും ഒരലമ്പും ഉണ്ടാക്കാതെ.
സുബ്ഹ് ബാങ്ക് കൊടുത്തപ്പോള്‍ പതിവുപോലെ എല്ലാവരും എഴുന്നേറ്റു. ഞങ്ങളെ അവര്‍ക്കിടയില്‍ കണ്ടപ്പോള്‍ അവരുടെ മുഖത്തൊക്കെ കള്ളച്ചിരി.
വലിയ ഭക്തിയില്‍ നിസ്കാരമൊക്കെ തീര്‍ത്തു. പ്രഭാത പാഠങ്ങള്‍ക്കു വേണ്ടി ഉസ്താദിന്റെ മുന്നിലെത്തി. ഉസ്താദിന്റെ മുഖത്തും ഭാവഭേദങ്ങളൊന്നുമില്ല. ഞങ്ങളെ കണ്ടാലും അരുതാത്തതൊന്നും തോന്നൂല.
അങ്ങനെയൊക്കെയാണെങ്കിലും പൊടുന്നനെ അന്തരീക്ഷം ഇരുണ്ടു. ഉസ്താദ് റൂമില്‍ പോയി വടിയും കൊണ്ട് പുറത്തു കടക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളൂ. പിന്നെ ചൂരല്‍ ചന്തിയില്‍ ചവിട്ടു നാടകം കളിച്ചു; കുറേ നേരം. ‘മതി ഉസ്താദേ’ എന്നവരെല്ലാവരും കൂടി വിളിച്ചാര്‍ക്കുന്നുണ്ട്. അടി നിന്നില്ല. ഞങ്ങള്‍ ഇറങ്ങിയോടി.
പുറത്തെത്തിയപ്പോള്‍ ചന്തിയുടെ നീറ്റല്‍ പറയണ്ട. നല്ലൊരു ‘കരിങ്കുരങ്ങ് രസായനം’ തന്നെ. ഇപ്പോള്‍ നാടകവും സിനിമയുമൊക്കെ എവിടെയുണ്ടെന്ന് കേട്ടാലും മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് ആ കരിങ്കുരങ്ങ് രസായനം തന്നെ. ഉസ്താദിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടായിരിക്കട്ടേ.
You must be logged in to post a comment Login