ഫ്രഞ്ച് മതേതരത്വത്തിന്റെ ഇസ്‌ലാം പേടി

ഫ്രഞ്ച് മതേതരത്വത്തിന്റെ ഇസ്‌ലാം പേടി

The blood of Abraham, God’s father of the chosen, still flows in the veins of Arab, Jew, and Christian, and too much of the chosen, and too much of it has been spilled in grasping for the inheretence of the revered patriach in the Middle East. The spilled blood in the Holy Land still cry out to God-an anguished cries for peace.
Jimmy Carter, The Blood of Abraham

‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്നീ മുദ്രാവാക്യമുയര്‍ത്തി ലോകത്തിന് വഴി കാട്ടിയ ഫ്രഞ്ചു വിപ്ലവത്തിന്റെ സാരാംശങ്ങള്‍ ഫ്രാന്‍സ് എന്ന യൂറോപ്യന്‍ വന്‍ശക്തിയുടെ മണ്ണില്‍, അതും ഏറെ പ്രതീക്ഷകള്‍ കൈമാറി അധികാരസോപാനത്തിലെത്തിയ ഇമ്മാനുവല്‍ ഫ്രെഡറിക് മാക്രോണ്‍ എന്ന യുവാവായ സോഷ്യലിസ്റ്റ് ഭരണാധികാരിയുടെ കാലത്ത്, കുഴിച്ചുമൂടപ്പെടുകയാണോ? 1789ലെ വിപ്ലവം ചുരത്തിയ മൂന്ന് സാമൂഹിക മൂല്യങ്ങള്‍ക്ക് നേര്‍വിപരീത ദിശയിലൂടെയുള്ള അതിദ്രുത യാത്ര ഒരേ രക്തമൊഴുകുന്ന അബ്രഹാമിന്റെ (പ്രവാചകന്‍ ഇബ്രാഹീമിന്റെ) സന്തതികളെ വീണ്ടും കലഹത്തിന്റെ പ്രക്ഷുബ്ധതയിലേക്ക് വലിച്ചെറിയുകയാണോ? ലോകത്തിന് മാതൃകയായ മതനിരപേക്ഷ രാഷ്ട്രമാണത്രെ ഫ്രാന്‍സ്.’laicite’ എന്ന പദം ഹൃദയത്തോട് ചേര്‍ത്തുവെച്ചാണ് ഫ്രഞ്ച് ഭരണാധികാരികളും ബുദ്ധിജീവികളും സംസാരിക്കാറ്. ശുദ്ധ മതേതരത്വം എന്നാണ് ആ വാക്ക് കൊണ്ട് വിവക്ഷിക്കുന്നതെങ്കിലും പ്രയോഗികതലത്തില്‍ ചില മതചിഹ്നങ്ങളെ നിരാകരിക്കുന്നതില്‍ അത് ഒതുങ്ങുന്നത് പലരും ചൂണ്ടിക്കാട്ടിയതാണ്. മുസ്ലിം സ്ത്രീകള്‍ തല മറക്കുന്ന മഫ്തയോട് സമീപകാലം വരെ പ്രകടിപ്പിച്ച അലര്‍ജി ലോകം ചര്‍ച്ച ചെയ്തതാണ്. ഹിജാബും അബായയും പര്‍ദയുമൊക്കെ പൊതുഇടങ്ങളില്‍ വര്‍ജിക്കുന്നതിലാണ് ഫ്രഞ്ച് മതേതരത്വം ഊന്നല്‍ നല്‍കിയത്. മതത്തെ കുടഞ്ഞുമാറ്റുന്നതിലെ പരിധി ഫ്രഞ്ച് ഭരണഘടന നിര്‍ണയിക്കുന്നില്ല. മതവും രാഷ്ട്രീയവും വേര്‍തിരിക്കുന്നതിനെ കുറിച്ചാണ് സദാ സംസാരിക്കുന്നതെങ്കിലും പുരോഗമന ഇടതുപക്ഷവും പിന്തിരിപ്പന്‍ വലതുപക്ഷവും സന്ധിക്കുന്ന ബിന്ദു ഒന്നാകുമ്പോള്‍ നമ്മുടെ സങ്കല്‍പത്തിലുള്ള സെക്കുലറിസമല്ല ഫ്രാന്‍സ് കൊണ്ടുനടക്കുന്നതെന്ന് ബോധ്യപ്പെടുന്നു. ഇസ്ലാംപേടിയില്‍ (ഇസ്ലാമോഫോബിയ) അടിസ്ഥാനപ്പെടുത്തിയ സെക്കുലര്‍ കാഴ്ചപ്പാട് ഫ്രാന്‍സിന്റെ മതനിരപേക്ഷതയെ പ്രഹസനമാക്കുന്നു. സംഘര്‍ഷത്തിലേക്കും വിദ്വേഷത്തിലേക്കും അത് വഴിവെക്കുന്നു. മുന്‍ യു എസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ സമാധാനദൗത്യവുമായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ചൂണ്ടിക്കാട്ടിയ അബ്രഹാമിന്റെ മക്കള്‍ തമ്മിലുള്ള രക്തച്ചൊരിച്ചിലിന് നിമിത്തമാവുന്നു. ആര്‍ക്ക് അനന്തരമെടുക്കാനുള്ളതാണീ മണ്ണ് എന്ന മൂന്നു സെമിറ്റിക് മതങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള പ്രയാസത്തിലാണ് യുദ്ധസമാനമായ അന്തരീക്ഷം നിലനിര്‍ത്തുന്നത്. ബഹുസ്വരതക്കുവേണ്ടി വാദിക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ആരെയും വിസ്മയിപ്പിക്കും വിധം 39-ാം വയസ്സില്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്ത മാക്രോണിന്റെ വാഴ്ചക്കാലത്ത് കടുത്ത സാമൂഹിക സംഘര്‍ഷം ഉടലെടുത്തത് നിഷ്പക്ഷമതികളെ അമ്പരപ്പിക്കുന്നുണ്ട്. ലോകം പ്രതീക്ഷയര്‍പ്പിച്ച ഒരു നേതാവായിരുന്നു മാക്രോണ്‍. കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോക്കും ജര്‍മനിയിലെ ആംഗല മെര്‍കലിനും ന്യൂസിലാന്‍ഡിലെ ജസീന്ത ആര്‍ഡേനുമൊപ്പം ചേര്‍ത്തുവായിക്കാന്‍ പറ്റിയ ഒരു പേരായിരുന്നു ഇതുവരെ മാക്രോണിന്റേത്. തീവ്രവലതുപക്ഷത്തേക്ക് കുതിച്ചുപാഞ്ഞ ഫ്രഞ്ച് ജനതയെ മധ്യമമാര്‍ഗത്തില്‍ പിടിച്ചുനിര്‍ത്താനും മാനവമൂല്യങ്ങളിലേക്ക് ആനയിക്കാനും അദ്ദേഹം നടത്തിയ ആര്‍ജവമുള്ള ശ്രമങ്ങള്‍ ഒരുപരിധി വരെ വിജയിച്ചുവെന്ന് വിലയിരുത്തപ്പെട്ടതാണ്. എന്നാല്‍ മാക്രോണ്‍ ഇന്ന് തീവ്രവലതുപക്ഷത്തെ തിരഞ്ഞെടുത്തുകഴിഞ്ഞുവെന്ന വിലയിരുത്തല്‍, ഫ്രാന്‍സിനെ ഒരിക്കല്‍ക്കൂടി ആഗോള സംവാദവേദിയിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടിരിക്കുന്നു. അതിനു നിമിത്തമായതാവട്ടെ ലോകമൊന്നടങ്കം തള്ളിപ്പറഞ്ഞ അതിക്രൂരമായ ഒരു പൈശാചികതയും. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് സാമുവല്‍ പാറ്റി എന്ന ചരിത്ര അധ്യാപകനെ ചെച്‌നിയയില്‍നിന്ന് കുടിയേറിയ മാതാപിതാക്കളുടെ 18കാരനായ മകന്‍ കഴുത്തറുത്ത് കൊന്നത് പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരിലായിരുന്നു. ഷാര്‍ലി എബ്ദോ എന്ന വിവാദ പത്രത്തില്‍ പുനഃപ്രസിദ്ധീകരിച്ച പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ ആവിഷ്‌കാര സ്വാതന്ത്ര്യം സമര്‍ഥിക്കാന്‍ ക്ലാസില്‍ എടുത്തുകാണിച്ചതാണത്രെ ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കടുംകൈക്ക് ആ വിദ്യാര്‍ഥിയെ പ്രേരിപ്പിച്ചത്. പ്രതി സംഭവസ്ഥലത്തുതന്നെ പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. രാജ്യത്തെ നടുക്കിയ ആ കൊലയ്ക്കു ശേഷം ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ആഗോളതലത്തില്‍ വ്യാപക പ്രതിഷേധത്തിനും നിശിത വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കയാണ്. മുസ്ലിം ലോകത്ത് പ്രസിഡന്റ് മാക്രോണിന് എതിരെ വ്യാപകമായ രോഷം ഉയരുകയാണ്.

മാക്രോണിന്റെ പ്രകോപിത ഭാഷ
അധ്യാപകന്റെ ദാരുണ കൊലയ്ക്ക് രണ്ടാഴ്ച മുമ്പ്, ഒക്ടോബര്‍ രണ്ടിന് പ്രസിഡന്റ് മാക്രോണ്‍ ഇസ്ലാമിനെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനം വന്‍വിവാദമാവുകയുണ്ടായി. ‘ലോകത്താകമാനം പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാം’ എന്ന് അദ്ദേഹം പറഞ്ഞതിന്റെ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. ഇസ്ലാമിക വിഘടനവാദം അഭിമുഖീകരിക്കുന്നതിന് നിയമനിര്‍മാണം കൊണ്ടുവരുന്നതിനെ കുറിച്ച് അദ്ദേഹം സൂചന നല്‍കുകയുമുണ്ടായി. നിയമനിര്‍മാണം പൂര്‍ത്തിയായാല്‍ മൂന്നു വയസിന് മുകളിലുള്ള കുട്ടികളെ ‘ഹോംസ്‌കൂളില്‍’ പഠിപ്പിക്കുന്നതിനും വിദേശ ഇമാമുമാരെ പള്ളികളില്‍ നിയമിക്കുന്നതിനും വിലക്കേര്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ടാവും. ‘ജഞാനപ്രകാശിതമായ ഫ്രഞ്ച് അവസ്ഥയ്ക്ക് അനുരൂപകമായ ഒരു ഇസ്ലാമിനെ രാജ്യത്ത് പടുത്തുയര്‍ത്തുകയാണത്രെ അതിലൂടെ ലക്ഷ്യമിടുന്നത്.’ ഇസ്ലാമിസ്റ്റുകള്‍ നമ്മുടെ ഭാവി പിടിച്ചെടുക്കുകയാണ് ‘ എന്ന് കൂടി അദ്ദേഹം പ്രസ്താവിച്ചു. നിലവിലെ ഇസ്ലാം മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയുമാണെന്ന ധ്വനി മാക്രോണിന്റെ വാക്കുകളില്‍ നിറഞ്ഞുനില്‍പുണ്ടായിരുന്നു. അധ്യാപകനെ കഴുത്തറുത്ത് കൊന്ന ഹീനകൃത്യം ഇസ്ലാമിക ഭീകരവാദമാണെന്ന് സംഭവം കഴിഞ്ഞ ഉടന്‍ അദ്ദേഹം പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ സംസ്‌കാരവുമായി ഇണങ്ങിച്ചേരാത്ത മതമാണ് ഇസ്ലാമെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ അധിവസിക്കുന്ന രാജ്യമായ ഫ്രാന്‍സില്‍ 10 ശതമാനത്തോളം വരും ഈ കുടിയേറ്റ ജനവിഭാഗം. മാക്രോണിന്റെ ഇസ്ലാം ഭര്‍ത്സന ഭാഷ്യം ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടു. അതിനോട് ആദ്യമായി പരസ്യ എതിര്‍പ്പ് പ്രകടിപ്പിച്ചത് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനായിരുന്നു. മുസ്ലിം ലോകത്തോട് മാക്രോണ്‍ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം രോഷാകുലനായി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാനും കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഒരു ജനസമൂഹത്തെ മുഴുവന്‍ ഭീകരവാദികളാക്കി ചിത്രീകരിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ ഭീകരവാദികളെ സൃഷ്ടിക്കാനേ ഉപകരിക്കൂവെന്ന് അദ്ദേഹം ‘ദി ഡോണ്‍’ പത്രത്തില്‍ തുറന്നെഴുതി. ഇസ്ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്ന മാക്രോണിന്റെ നീക്കത്തെ അദ്ദേഹം അപലപിച്ചതിങ്ങനെ: ”ഒരു നല്ല നേതാവിന്റെ ലക്ഷണം അദ്ദേഹം ജനങ്ങളെ ഒരുമിപ്പിക്കുന്നുവെന്നതാണ്; നെല്‍സണ്‍ മണ്ടേലയെ പോലെ. അല്ലാതെ അവരെ ഭിന്നിപ്പിക്കലല്ല. പ്രസിഡന്റ് മാക്രോണ്‍ സാന്ത്വനസ്പര്‍ശം നല്‍കേണ്ട സമയമാണിത്. അങ്ങനെ തീവ്രവാദികള്‍ക്ക് ഇടം നല്‍കാന്‍ അവസരം നിഷേധിക്കുക. അക്രമം നടത്തിയ കൊലയാളിയെ വിമര്‍ശിക്കുന്നതിന് പകരം ഇസ്ലാമിനെ ആക്രമിച്ച് ഇസ്ലാമോഫോബിയ പരത്താനാണ് ഫ്രഞ്ച് പ്രസിഡന്റ് ശ്രമിച്ചത്.”
ഷാര്‍ലി എബ്ദോയില്‍ പുനഃപ്രസിദ്ധീകരിച്ച പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ സൂക്ഷിച്ചുവെക്കുമെന്ന മാക്രോണിന്റെ ധിക്കാരഭാഷ അറബ് ഇസ്ലാമിക ലോകത്ത് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. നിരവധി പള്ളികള്‍ അടച്ചുപൂട്ടാനും മുസ്ലിം കുടുംബങ്ങളുടെമേല്‍ വ്യാപകമായ നിരീക്ഷണം ഏര്‍പ്പെടുത്താനും ‘ഭീകരചിന്തയുള്ളവരെ’ പേടിപ്പിച്ചു നിലയ്ക്കുനിര്‍ത്താനുമുള്ള മാക്രോണിന്റെ പദ്ധതി രാജ്യത്ത് സമ്മിശ്രപ്രതികരണമാണ് സൃഷ്ടിച്ചത്. 2022 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, തീവ്രവലതുപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണീ ‘ഏറ്റുമുട്ടല്‍ ശൈലി’യെന്നാണ് നിരീക്ഷണങ്ങള്‍. ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി കൂട്ടായ്മകളെ പിരിച്ചുവിടുകയും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ടെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. മാക്രോണ്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ തീവ്രവാദ സംഭവങ്ങളില്‍ 20ഓളം പേര്‍ മരിച്ചിട്ടും കാണാന്‍ കഴിയാത്ത രോഷപ്രകടനത്തിനു പിന്നിലെ ചേതോവികാരമാണ് ഫ്രഞ്ച് മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. തുര്‍ക്കിയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്രബന്ധം തന്നെ ഉലഞ്ഞുകിടക്കുകയാണ്. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഉര്‍ദുഗാന്റെ ആഹ്വാനം സൗദി അറേബ്യ അടക്കമുള്ള എണ്ണ സമ്പന്ന രാജ്യങ്ങളും പാകിസ്ഥാനും ഏറ്റുപിടിച്ചുകഴിഞ്ഞു. 180കോടി മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന, 56രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ (ഒ ഐ സി), സൗദി പണ്ഡിത സഭ, അറബ് ലീഗ് തുടങ്ങിയ അറിയപ്പെടുന്ന വേദികളെല്ലാം ഫ്രഞ്ച് പ്രസിഡന്റിന് എതിരെ തിരിഞ്ഞിട്ടുണ്ട്. അവഹേളനങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും, രണ്ടും രണ്ടാണെന്ന് സൗദി പണ്ഡിത സഭ ഓര്‍മപ്പെടുത്തി. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനെ കുറിച്ചുള്ള ആഹ്വാനങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നതിപ്പോള്‍.

കോളനിവാഴ്ചയുടെ അവശിഷ്ട വിചാരം
19, 20 നൂറ്റാണ്ടുകളില്‍ കുറെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ കോളനി സ്ഥാപിച്ച് രാഷ്ട്രീയാധിപത്യം പ്രയോഗിച്ച അധിനിവേശ ശക്തിയാണ് ഫ്രാന്‍സ്. ആഫ്രിക്കന്‍ രാജ്യങ്ങളായ അള്‍ജീരിയ, മാലി, ഇന്നത്തെ സിറിയ, ഇറാഖ് ഉള്‍ക്കൊള്ളുന്ന ലെവാന്‍ത് തുടങ്ങിയ മേഖലകള്‍ അടക്കി ഭരിച്ച പാരീസ് ഭരണകൂടം ഒരിക്കലും മുസ്ലിംകളെ യഥാര്‍ത്ഥ പൗരന്മാരായി ഗണിച്ചിരുന്നില്ല. ആധുനിക ഫ്രാന്‍സ് കെട്ടിപ്പടുക്കുന്നതില്‍ കോളനികളില്‍നിന്നെത്തിയ കുടിയേറ്റക്കാരായിരുന്നു ചോര നീരാക്കിയത്. അവരുടെ പിന്‍ഗാമികളാണ് പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലെ ‘ഗെറ്റോകളില്‍’ രണ്ടാംകിട പൗരന്മാരായി ഇന്ന് ജീവിക്കുന്നത്. ആ ഗെറ്റോകളിലാണ് ആത്യന്തികവാദികള്‍ പിറവി കൊള്ളുന്നത്. കര്‍ക്കശമായ മതേതരത്വം പ്രസംഗിക്കുമ്പോഴും കത്തോലിക്ക വിഭാഗത്തിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഭരണകൂട തലോടലുകളും നല്‍കുന്നതില്‍ ആരും അപാകത ദര്‍ശിക്കാറില്ല. സ്വകാര്യ കത്തോലിക്ക സ്‌കൂളുകളിലാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും പഠിക്കുന്നത്. 11 അവധി ദിവസങ്ങളില്‍ ആറും കത്തോലിക്ക വിഭാഗത്തിന്റെ അവധി ദിനങ്ങളാണ്. മുസ്ലിംകളുടെ മതപരമായ ആവശ്യങ്ങള്‍ അധികൃതരുടെ മുമ്പില്‍ വെക്കുമ്പോഴാണ് രാജ്യത്തിന്റെ മതേതര പൈതൃകത്തെ കുറിച്ച് പലപ്പോഴും ബന്ധപ്പെട്ടവര്‍ ബോധവാന്മാരാവാറ്. അവറോഷിന്റെയും (ഇബ്‌നു റുഷ്ത്) ഇബ്‌നു ഖല്‍ദൂമിന്റെയും ചിന്തകള്‍ പഠിപ്പിക്കുന്ന ഒരു ഫ്രാന്‍സിനെയാണ് നമുക്ക് വേണ്ടതെന്ന് മാക്രോണ്‍ ഒരു പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ‘എന്‍ലൈറ്റന്റ് ഇസ്ലാ’മിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഭാവനകളും പരികല്‍പനങ്ങളും സ്വന്തം രാജ്യം കടന്നുവന്ന വഴികളെക്കുറിച്ചുള്ള അജ്ഞത കൊണ്ടാവാനേ തരമുള്ളൂ. ഇസ്ലാമിനെ അതിന്റെ ക്ലാസിക്കല്‍ കാലഘട്ടത്തില്‍ കണ്ടുമുട്ടിയ ഒരു ജനതയാണ് ഫ്രാന്‍സിലേത്. മുസ്ലിം സ്‌പെയിനില്‍നിന്നാണ് ഫ്രാന്‍സ് ‘എന്‍ലൈറ്റ്‌മെന്റ് ‘ പകര്‍ന്നെടുക്കുന്നത്. എ ഡി 732ലെ ടൂര്‍സ് യുദ്ധത്തില്‍ (Battle of Tours) മുസ്ലിം സൈന്യത്തെ പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍ ഫ്രാന്‍സ് പൂര്‍ണമായും ഉമവിയ്യാ ഭരണത്തിന്‍ കീഴിലാവുമായിരുന്നു. എന്നിട്ടും 975വരെ ദക്ഷിണ ഫ്രാന്‍സിലെ സുപ്രധാന നഗരങ്ങളടക്കം ആന്തലൂസിയയുടെ കീഴില്‍ വരുകയുണ്ടായി.
വിപ്ലവാനന്തര ഫ്രാന്‍സിനെ അക്കാലഘട്ടത്തിലെ ഏറ്റവും വലിയ അധിനിവേശ സാമ്രാജ്യമാക്കി മാറ്റിയെടുത്ത നെപ്പോളിയന്‍ ബോണാപാര്‍ട്ട്, ഈജിപ്തിലെ തന്റെ താമസ വേളയില്‍ ഇസ്ലാം മതം ആശ്ലേഷിച്ചതായി ചില ചരിത്രരേഖകളുണ്ട്. പോപ്പിന്റെ ആസ്ഥാനമുള്‍ക്കൊള്ളുന്ന ഇറ്റലിയിലെ പടയോട്ടം കഴിഞ്ഞ് ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ എത്തിയ നെപ്പോളിയന്‍ മുസ്ലിം നാഗരികതയില്‍ ആകര്‍ഷിക്കപ്പെട്ടാണത്രെ ഇസ്ലാം ആശ്ലേഷിക്കാന്‍ മുന്നോട്ടുവന്നത്. പെട്ടെന്നുതന്നെ പാരീസിലേക്ക് തിരിച്ചുപോവേണ്ടിവന്നപ്പോള്‍ ഇസ്ലാമികലോകവുമായി കൂടുതല്‍ അടുക്കാനുള്ള അവസരം നഷ്ടമായി. യൂറോപ്യന്‍ രാജ്യങ്ങളില്‍ പടയോട്ടങ്ങള്‍ വിജയപ്രദമായി നയിച്ച ആ ചരിത്രപുരുഷന്‍ ഇസ്ലാമിക ലോകത്ത് എത്തിയപ്പോള്‍ ആയുധങ്ങള്‍ മുഴുവന്‍ താഴെ വെച്ച് സമാധാനത്തിന്റെ ഭാഷയിലാണ് ഈജിപ്തിലെ ഗവര്‍ണറുമായും അയല്‍ ഭരണകൂടങ്ങളുമായും പെരുമാറിയത്. ആ പര്യടനത്തിന്റെ വിശദമുദ്രകള്‍ ഫ്രാന്‍സില്‍ അദ്ദേഹം നടപ്പാക്കിയ പരിഷ്‌കരണങ്ങളില്‍ ദര്‍ശിക്കാന്‍ കഴിയും. അദ്ദേഹം നടപ്പാക്കിയ ‘നെപ്പോളിയാനിക് കോഡ്’ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക ശരീഅത്തില്‍നിന്ന് കടമെടുത്തതാണെന്ന് നിയമവിദഗ്ധര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ശത്രുതയുടെ ചരിത്ര പശ്ചാത്തലം
സെമിറ്റിക് മതങ്ങള്‍ തമ്മിലുള്ള വിദ്വേഷത്തിന്റെ കാരണങ്ങളെ കുറിച്ച് വില്‍ ഡ്യൂറാന്റ് (Will Durant) ‘നാഗരികതയുടെ ചരിത്ര’ത്തില്‍ ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്. ദൈവിക ചിന്തയില്‍ പരസ്പരം അംഗീകരിക്കാത്ത, അല്ലെങ്കില്‍ വിശ്വാസപരമായി ഏറ്റുമുട്ടുന്ന മതതത്വങ്ങള്‍ ശത്രുതയുടെ അന്തരീക്ഷമൊരുക്കിയപ്പോള്‍ ക്രിസ്ത്യാനികള്‍ മുസ്ലിംകള്‍ക്കും യഹൂദര്‍ക്കുമെതിരെ വാളെടുത്തു. കുരിശുയുദ്ധത്തിന്റെ ചരിത്രപശ്ചാത്തലം രാഷ്ട്രീയത്തിനപ്പുറം മതപരമായ അസഹിഷ്ണുതയാണെന്ന് കാണാം.

ജൂതസമൂഹത്തെ പൈശാചിക ചോദനയുള്ള, അന്തിക്രിസ്തുവിന്റെ പ്രതീകമായാണ് ക്രൈസ്തവലോകം അവതരിപ്പിച്ചത്. ഭൂമിയില്‍ ജീവിക്കാന്‍ കൊള്ളരുതാത്തവര്‍ എന്ന തലമുറകളിലൂടെയുള്ള ദുഷ്പ്രചാരണങ്ങളെ കുറിച്ച്, ഹോളോകാസ്റ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന പഠനാര്‍ഹമായ പുസ്തകത്തില്‍ (The Holocaust) ലോറന്‍സ് റീസ് പ്രതിപാദിക്കുന്നുണ്ട്. ചരിത്രകാരനായ കൊഹന്‍, ജൂതരെ കുറിച്ചുള്ള രാക്ഷസീയവത്കരണത്തെ കുറിച്ച് പറയുന്നതിങ്ങനെ: ”In the eyes of most christians these strange creatures were demons in human form -and some of the demonology that was woven around them in those centuries has proved extraordinarily durable”-മനുഷ്യരൂപത്തിലുള്ള പിശാചുക്കളാണ് ഇവരെന്നും ഇത്തരം പൈശാചിക കഥകള്‍ ഏറെ കാലം നിലനിന്നിരുന്നുവെന്നും ചുരുക്കം. നാസി ജര്‍മനിയില്‍ യഹൂദര്‍ക്ക് എതിരായ വംശവിച്ഛേദന പദ്ധതി ദൈവിക ദൗത്യമായാണ് പലരും ഏറ്റെടുത്തതെന്ന് കൂടി കൊഹന്‍ പറയുന്നുണ്ട്. എന്നാല്‍, മുസ്ലിം ഭരണത്തിന്‍ കീഴില്‍ യഹൂദര്‍ക്ക് സാമ്പത്തികമായി വളരാനും സാമൂഹിക -സാംസ്‌കാരിക മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിക്കാനും അവസരം കൈവന്നതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

ഫ്രാന്‍സിന്റെ അബോധ മനസ്സില്‍ മുസ്ലിം വിദ്വേഷം കുത്തിവെച്ചത് സമീപകാല സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കാനാവും. മധ്യകാലഘട്ടത്തില്‍ വാണിജ്യപരമായും ബൗദ്ധികമായും അളവറ്റ ആദാനപ്രദാനങ്ങള്‍ ഇസ്ലാമും ക്രിസ്ത്യാനിറ്റിയും തമ്മിലുണ്ടായിരുന്നുവെങ്കിലും മതത്തെയും മതാനുയായികളെയും കുറിച്ചുള്ള നെഗറ്റീവ് പ്രതിച്ഛായയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. സ്ലോവേനിയന്‍ പണ്ഡിതന്‍ തോമസ് മസ്ദകിന്റെ അഭിപ്രായമനുസരിച്ച് യൂറോപ്പ് എന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ ആശയം തന്നെ രൂപപ്പെട്ടത് മുസ്ലിം വിരുദ്ധ കാഴ്ചപ്പാടില്‍നിന്നാണ്. യൂറോപ്യന്‍ സ്വത്വനിര്‍മിതിയുടെ മൂലഹേതു മുസ്ലിംകളോടുള്ള കടുത്ത വിദ്വേഷവും ശത്രുതയുമാണ്. 1095ല്‍ ചേര്‍ന്ന ക്രൈസ്തവപുരോഹിത സംഗമത്തില്‍ പോപ്പ് അര്‍ബന്‍ രണ്ടാമന്‍ ചെയ്ത പ്രസംഗം എന്തുമാത്രം മുസ്ലിം വിരുദ്ധതയാണ് ഉല്‍പാദിപ്പിച്ചതെന്ന് തുടര്‍ന്നുണ്ടായ മതയുദ്ധങ്ങളില്‍നിന്ന് മനസ്സിലാക്കാനാവും. വിപ്ല കാലഘട്ടത്തിലെ ഏറ്റവും വലിയ ജീനിയസ്സായി ചരിത്രപുസ്തകത്തില്‍ ഇടം പിടിച്ച വോള്‍ട്ടയര്‍ 18-ാം നൂറ്റാണ്ടില്‍ കൊണ്ടുനടന്ന മതദ്വേഷം എന്തുമാത്രം വിഷലിപ്തമായിരുന്നുവെന്ന് അറിയുമ്പോഴാണ് നാം ഞെട്ടുന്നത്. പ്ലേഗ് പോലെ മാരകമാണ് മുസ്ലിം സമൂഹമെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. ആ വിഭാഗത്തെ അവഹേളിച്ചാല്‍ പോരാ, കൂട്ടമായി നശിപ്പിക്കുക തന്നെ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുഖ്യശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിന് പകരം ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ പരസ്പരം പോരാടുന്നതില്‍ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തുന്നുമുണ്ട്.

KASIM IRIKKOOR

You must be logged in to post a comment Login