തിരുനബിക്ക് ഭക്ഷണത്തോടുള്ള മനോഭാവം തന്നെ വ്യത്യസ്തമാണ്. ഭക്ഷണം ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നായല്ല നബി കാണുന്നത്. പലപ്പോഴും വിശപ്പ് സഹിച്ചായിരുന്നു നബിജീവിതം. ഒരേ ദിവസം രണ്ടു നേരം അവിടുന്ന് ഭക്ഷണം കഴിക്കില്ല. ദിവസങ്ങളോളം മുത്ത്‌നബിയുടെ വീട്ടില്‍ അടുപ്പു പുകയാറില്ല. നബിയുടെ(സ്വ) വിയോഗത്തിന് ശേഷമുള്ള ഒരു സംഭവമുണ്ട്. ആഇശാ ബീവിക്ക് ഒരാള്‍ വിഭവ സമൃദ്ധമായ ഭക്ഷണം എത്തിച്ചുകൊടുത്തു. കണ്ടയുടന്‍ ബീവി കരഞ്ഞു. തിരുനബി ഭക്ഷണത്തില്‍ കാണിച്ച ലാളിത്യമോര്‍ത്തായിരുന്നു അത്. തിരുനബി(സ്വ) മയമുള്ള പത്തിരി കഴിക്കാറില്ല എന്ന് സഹ്ല്‍(റ) പറയുന്നുണ്ട്. ആരാധനക്ക് ഊര്‍ജം കിട്ടാന്‍ വേണ്ടിയാണ് നബി ഭക്ഷണം കഴിക്കുന്നത്. ആത്മീയ ജീവിതമാണല്ലോ അവിടുത്തെ പരമ ലക്ഷ്യം. കഴിച്ചില്ലെങ്കിലും റസൂലുല്ലാഹിക്ക് പ്രശ്‌നമൊന്നുമില്ല. അവിടുന്ന് വിസ്വാല്‍ നോമ്പ് എടുത്തിരുന്നു. നോമ്പ് മുറിക്കാതെ അടുപ്പിച്ചുള്ള ദിവസങ്ങള്‍ അനുഷ്ഠിക്കുന്നതാണത്. ഇത് നമ്മള്‍ ചെയ്യരുത് എന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്.
ഭക്ഷിക്കുന്നതിനും തിരുമര്യാദകള്‍ ഏറെയുണ്ട്. ഭക്ഷണത്തിന് ആര് ക്ഷണിച്ചാലും സ്വീകരിക്കും. അടിമയോ ദരിദ്രനോ ആരുമാകട്ടെ. ഭക്ഷണത്തെ കുറ്റം പറയാറില്ല. ഇഷ്ടമുണ്ടെങ്കില്‍ കഴിക്കും. ഇല്ലെങ്കില്‍ കഴിക്കില്ല. അത്രമാത്രം. നല്ല വിശപ്പുണ്ടാവുമ്പോഴാണ് ഭക്ഷണം കഴിക്കുക. വയറു നിറച്ചു കഴിക്കില്ല. കുറച്ചേ കഴിക്കാറുള്ളൂ എന്ന് സാരം. ഒറ്റയ്ക്ക് ഭക്ഷിക്കാറില്ല. ഒരുമിച്ചിരുന്നു കഴിക്കലാണ് നബിയുടെ രീതി. ഒരു പ്രത്യേക രീതിയില്‍ നിലത്തിരുന്നാണ് കഴിക്കാറ്. കാല്‍മുട്ടുകളുടെ മേലുള്ള ഇരുത്തം. എന്താണ് ഇങ്ങനെ ഇരിക്കുന്നതെന്ന് ഒരാള്‍ നബിയോട് ചോദിച്ചു: ‘ഞാന്‍ ഒരടിമയാണ്, അടിമ ഇരിക്കുന്നത് പോലെ ഇരിക്കും, അടിമയുടേത് പോലെ ഭക്ഷണം കഴിക്കും’ എന്നായിരുന്നു മറുപടി. രണ്ടു കാലുകളും മടക്കിവെച്ച് ഇടത്തേതിന്റെ പള്ള വലതുകാലിന്റെ പുറത്തോട് ചേര്‍ത്തിവെച്ചാണ് ഇരിക്കുക. വലതുകാല്‍ നാട്ടി വെച്ചും മറ്റേത് മടക്കി വെച്ചും ഇരിക്കാറുണ്ട്. ഇങ്ങനെ ഇരുന്നാല്‍ ആവശ്യത്തിന് മാത്രമേ കഴിക്കൂ. അധികമാവില്ല. ചാരിയിരുന്നു കഴിക്കരുത് എന്നാണ് മുത്ത് നബിയുടെ ഉപദേശം. അത് ശരീരത്തിന് ദോഷവുമാണ്. ചമ്രം പടിഞ്ഞിരിക്കുന്നതും നല്ലതല്ല. അഹങ്കാരത്തിന്റെ ഇരുത്തമത്രെ അത്. ഇടതു കൈ കുത്തി അതിന്മേല്‍ ഊന്നിയിരിക്കലും നബി(സ്വ) വിലക്കിയിട്ടുണ്ട്. കമിഴ്ന്നു കിടന്ന് തിന്നരുത് എന്നുമുണ്ട് നിര്‍ദേശം.
ഭക്ഷണത്തിനു മുമ്പായി കൈയും വായും മുഖവും കഴുകുന്നത് തിരുചര്യയാണ്. ബിസ്മി ചൊല്ലിയാണ് നബി കഴിക്കാന്‍ തുടങ്ങുക. പാത്രത്തിലെ ഏറ്റവും അടുത്ത ഭാഗത്ത് നിന്ന് ഭക്ഷിക്കും. മൂന്നു വിരലുകള്‍ ഉപയോഗിച്ചാണ് കഴിക്കുക. തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവയാണവ. എല്ലാ വിരലുമുപയോഗിച്ചു കഴിക്കുന്നത് നബിക്കിഷ്ടമില്ല. ആവശ്യമുള്ളപ്പോള്‍ മാത്രം നാലാമത്തേയും അഞ്ചാമത്തേയും വിരല്‍ ഉപയോഗിക്കാം. രണ്ടു വിരല്‍ മാത്രമുപയോഗിച്ചു ഭക്ഷിക്കുന്നതും വിലക്കിയിട്ടുണ്ട്. അത് പിശാചിന്റെ രീതിയാണത്രേ. തിന്നു കഴിഞ്ഞാല്‍ നബി വിരലുകള്‍ നാവു കൊണ്ട് തുടച്ചു വൃത്തിയാക്കും. നടുവിരല്‍, ചൂണ്ടുവിരല്‍, തള്ള വിരല്‍ എന്നീ ക്രമത്തില്‍. അവയില്‍ ശേഷിക്കുന്ന ബറകത് കൂടി കിട്ടാന്‍ വേണ്ടിയാണ്. ഭക്ഷണത്തിന്റെ അവസാന ഭാഗത്താണ് ഗുണമേറുകയെന്ന് നബി പഠിപ്പിക്കുന്നുണ്ട്. പാത്രത്തില്‍ പറ്റിപ്പിടിച്ചോ മറ്റോ കിടക്കുന്ന ഭക്ഷണത്തിന്റെ അവസാന ഭാഗം നബിക്ക് വളരെ ഇഷ്ടവുമാണ്. പലരും ഇങ്ങനെ ചെയ്യുന്നതിനെ വെറുക്കാറുണ്ട്. അത് ശരിയല്ല. തിരുചര്യയെ നിന്ദിക്കുന്നതിന് സമാനമാണത്. ഭക്ഷിച്ചുകഴിഞ്ഞാല്‍ കൈ കഴുകും. അല്ലാഹുവിനെ സ്തുതിക്കും. ഇറച്ചിയോ മറ്റോ കഴിച്ചാല്‍ അതിന്റെ മണവും മെഴുക്കുമെല്ലാം പോകുന്നതുവരെ കഴുകണമെന്നാണ്.
നല്ല ചൂടുള്ള ഭക്ഷണത്തിനോട് അവിടുത്തേക്ക് താല്‍പര്യമില്ല. അതില്‍ ബറകത് ഇല്ലെന്ന് പറയാറുണ്ട്. തണുപ്പിക്കാന്‍ പറയുകയും ചെയ്യും. തിന്നുന്നതിലേക്കോ കുടിക്കുന്നതിലേക്കോ ഊതുന്നത് നബിക്ക് ഇഷ്ടമില്ല. പാത്രത്തിലേക്ക് ശ്വാസം വിടുകയുമില്ല.
ബാര്‍ലി കൊണ്ടുണ്ടാക്കിയ ഒരു തരം പത്തിരിയുണ്ട്. തീരെ മാര്‍ദവമില്ലാത്തത്. മുത്ത്‌നബി സാധാരണ കഴിക്കുന്ന ഭക്ഷണമതാണ്. ബാര്‍ലിയില്‍ ഊതി തവിടെല്ലാം കളഞ്ഞ് നനച്ചുണ്ടാക്കുന്ന ലളിതമായ ഒരു പത്തിരി. പലപ്പോഴും അതിനൊപ്പം ഈത്തപ്പഴം മാത്രമാണ് കൂട്ടിയിരുന്നത്. മാര്‍ദവമുള്ള പത്തിരി വിയോഗം വരെ അവിടുന്ന് കഴിച്ചിട്ടില്ലെന്ന് അനസ് (റ) പറയുന്നുണ്ട്. സുര്‍ക്ക കൂട്ടി പത്തിരി കഴിക്കാറുണ്ട്. ഒരിക്കല്‍ ഒരു വീട്ടില്‍ പോയപ്പോള്‍ അവിടെ കറിയായി സുര്‍ക്ക മാത്രമേയുള്ളൂ. സുര്‍ക്ക നല്ല കറിയാണ് എന്ന് മുത്ത് നബി പ്രതികരിച്ചു.
കോഴി, ഹുബാറപക്ഷി, മുയല്‍, ഒട്ടകം, വരയന്‍ കുതിര, ആട് തുടങ്ങിയവയുടെ ഇറച്ചികളെല്ലാം നബി (സ്വ) കഴിച്ചിട്ടുണ്ട്. ഇറച്ചിയാണ് ഭക്ഷണങ്ങളുടെ നേതാവ് എന്ന് നബി(സ്വ) പറയുന്നുണ്ട്. കഴുതയുടെ ഇറച്ചി തിന്നരുത് എന്നാണ് തിരുകല്പന. അത് ഹറാം ആണ്. ഖൈബറില്‍ വെച്ച് ഇത് പാകം ചെയ്തപ്പോള്‍ അത് മറിച്ചു കളയാനും ആ പാത്രം പൊട്ടിക്കാനും അവിടുന്ന് നിര്‍ദേശിച്ചു. നബിക്ക് ഏറ്റവും ഇഷ്ടം ആട്ടിറച്ചിയായിരുന്നു. അതിന്റെ കൈ ഭാഗത്തെ മാംസം. ചുമലിന്റെ ഭാഗവും ഇഷ്ടമാണ്. കരള്‍ പൊരിച്ചതും കഴിക്കാറുണ്ട്. മുതുകു ഭാഗത്തെ ഇറച്ചിയും നല്ലതാണ്. വൃക്കയുടെ ഭാഗം, വൃഷ്ണങ്ങള്‍, ലിംഗം എന്നിവയൊന്നും നബി തിന്നുകയില്ല. സ്ഥിരമായി ഇറച്ചി ഭക്ഷിക്കാറില്ല. അത് ഹൃദയകാഠിന്യം ഉണ്ടാക്കുമെന്ന് ഉമര്‍ (റ) പറയുന്നുമുണ്ട്. തല പാത്രത്തിലേക്ക് താഴ്ത്തിയല്ല നബി തിന്നുക. കൈ കൊണ്ടെടുത്ത് മുന്‍പല്ലുകള്‍ കൊണ്ട് കടിക്കുന്നതാണ് അവിടുത്തെ രീതി. ഉപ്പിലിട്ട് ഉണക്കിയ ഇറച്ചിയും ചുട്ട ഇറച്ചിയും ഭക്ഷിച്ചിട്ടുണ്ട്. മത്സ്യവും ഭക്ഷിച്ചിട്ടുണ്ട്. ഇറച്ചിയുടെയോ മറ്റോ കറിയൊഴിച്ചു പത്തിരി ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു വിഭവമാണ് സരീദ്. നബിക്ക് അത് ഇഷ്ടമായിരുന്നു. ആഇശ ബീവിയെ അതിനോട് ഉപമിച്ചിട്ടുണ്ട് മുത്ത് നബി. ‘മറ്റു ഭക്ഷണങ്ങള്‍ക്കിടയിലെ സരീദ് പോലെയാണ് മറ്റു സ്ത്രീകള്‍ക്കിടയിലെ ആഇശയുടെ ശ്രേഷ്ഠത’ എന്നായിരുന്നു അവിടുന്ന് പറഞ്ഞത്.
തിരുനബിയുടെ ഇഷ്ടഭക്ഷണങ്ങളാണ് തേനും മധുരവുമെല്ലാം. പാല്‍ക്കട്ടിയും(ചീസ്) കാരക്കയും നബിക്ക് പ്രിയപ്പെട്ടവയാണ്. അവ നല്‍കി സ്വഹാബത് അവിടുത്തെ സല്‍ക്കരിക്കാറുണ്ടായിരുന്നു. മുത്ത് നബിക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവമുണ്ട്. ബാര്‍ലി കുഴച്ചു മാവാക്കും. അതിലേക്കല്‍പ്പം ഒലീവ് എണ്ണ ഒഴിച്ച് അതില്‍ കുരുമുളകും ഇഞ്ചി, മല്ലി, ജീരകം എന്നിവ അടങ്ങിയ മസാലയും ചേര്‍ക്കും. നബിക്ക് പ്രിയമുള്ള ഭക്ഷണം ഉണ്ടാക്കിത്തരാന്‍ ഹസന്‍ (റ) പറഞ്ഞപ്പോള്‍ ഉമ്മു റാഫിഅ് (റ) ഇങ്ങനെയാണ് പാകം ചെയ്തു കൊടുത്തത്. ഉസ്മാന്‍ (റ) റസൂലുല്ലാഹിയെ ഭക്ഷിപ്പിച്ച ഒരു പ്രത്യേക വിഭവം ഇങ്ങനെ; തേനും നെയ്യും ഒരു പാത്രത്തില്‍ വെച്ചു ചൂടാക്കും. അത് വെന്ത ശേഷം ഗോതമ്പ് മാവിട്ട് ഇളക്കിയെടുക്കും. ഇത് കൊടുത്തപ്പോള്‍ നല്ല ഭക്ഷണം തന്നെ എന്നായിരുന്നു തിരുനബിയുടെ മറുപടി. ഫാലൂദജ് എന്നാണ് അതിന്റെ പേര്. ഖബീസ് എന്ന പേരിലും ഇത് പ്രശസ്തമാണ്.
വെളുത്തുള്ളി നബിക്കിഷ്ടമില്ല. ഒരിക്കല്‍ അബൂഅയ്യൂബുല്‍ അന്‍സ്വാരി ഭക്ഷണം കൊടുത്തപ്പോള്‍ നബി കഴിച്ചില്ല. അതില്‍ ധാരാളം വെളുത്തുള്ളി ഉണ്ടായിരുന്നു. പച്ച ഉള്ളി തിന്ന ദുര്‍ഗന്ധത്തോടെ പള്ളിയിലേക്ക് വരരുത് എന്ന് അവിടുന്നു ഉപദേശിച്ചു. മണമില്ലാത്ത, വേവിച്ച ഉള്ളിയേ കഴിക്കാവൂ. ഒരിക്കല്‍ അലിക്ക്(റ) ഉള്ളി കൊടുത്ത് കഴിച്ചോളാന്‍ പറഞ്ഞിട്ടുണ്ട്. മലക്കുകളോട് സംസാരിക്കേണ്ടതുകൊണ്ടാണ് ഞാന്‍ കഴിക്കാത്തത് എന്നും പറഞ്ഞു. ഉടുമ്പിന്റെ ഇറച്ചിയും നബി ഭക്ഷിച്ചില്ല. പക്ഷേ, കൂടെയുള്ളവരെ കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
അത്തിപ്പഴം, വത്തക്ക, കക്കരി, മുന്തിരി, സബര്‍ജില്‍, ഉറുമാമ്പഴം, ബെറി എന്നിവയെല്ലാം മുത്ത് നബിയുടെ ഫലങ്ങളില്‍ ഉള്‍പ്പെടുന്നു. വത്തക്കയാണ് ഏറ്റവുമിഷ്ടം. അത് പച്ചയ്ക്കും തിന്നാറുണ്ട്. കക്കരി ഇഷ്ടമാണ്. അത് ഉപ്പു ചേര്‍ത്തും അല്ലാതെയും കഴിക്കും. ചിരങ്ങയോടും താല്പര്യമാണ്. എന്റെ സഹോദരന്‍ യൂനുസിന്റെ(അ) ഭക്ഷണമാണത് എന്ന് പറഞ്ഞിട്ടുണ്ട്. കാരക്കകളില്‍ അജ്വയോടാണ് പ്രിയം. അത് സ്വര്‍ഗീയ ഫലമാണ്, വിഷത്തിനും സിഹ്റിനുമുള്ള മരുന്നാണ് എന്നൊക്കെ നബി (സ്വ) പഠിപ്പിക്കുന്നു. അത്തിപ്പഴത്തെ കുറിച്ചും സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിയത് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. പച്ചക്കാരക്കയും വത്തക്കയും ഒരുമിച്ച് തിന്നാറുണ്ട്. ഈത്തപ്പനയുടെ കൂമ്പും നബി ഭക്ഷിച്ചിട്ടുണ്ട്. ഒലീവ് കഴിക്കാനും പുരട്ടാനും തിരുനബി(സ്വ) പറയുന്നു. അത് പുണ്യമുള്ള മരമത്രെ. മുള്ളങ്കി, ചിക്കറി, ഉപ്പുചീര(Purslane/??????) എന്നിവയാണ് പച്ചക്കറികളില്‍ നബിക്കേറ്റം ഇഷ്ടമുള്ളവ.
കുടിക്കുന്നിടത്തുമുണ്ട് തിരുമര്യാദകള്‍. ഇരുന്നു കുടിക്കുന്നതാണ് സുന്നത്. നിന്നു കുടിക്കുന്നത് ആരോഗ്യ പ്രശ്‌നമുണ്ടാക്കും. കുടിക്കും മുന്‍പ് വെള്ളത്തിലേക്ക് നോക്കല്‍, മൂന്നിറക്കായി കുടിക്കല്‍, ബിസ്മി ചൊല്ലല്‍, കുടിച്ചു കഴിഞ്ഞാല്‍ അല്‍ഹംദുലില്ലാഹ് പറയല്‍ എന്നിവയും സുന്നത്തുകളില്‍ പെടുന്നു. അവിടുന്ന് വെള്ളം വായില്‍ വെച്ച് സാവധാനമേ കുടിക്കൂ. ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കാറില്ല. കുടിച്ചാല്‍ ബാക്കിയുള്ളത് വലതു ഭാഗത്തിരിക്കുന്നവര്‍ക്ക് കൈമാറും. നബി(സ്വ) പൊതു ജലസംഭരണികളില്‍ നിന്ന് വെള്ളം കുടിക്കാറുണ്ട്. മുസ്ലിംകളുടെ കൈ തട്ടിയ ബറകത് ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പറയും.
നബിയുടെ( സ്വ) പാനീയങ്ങളില്‍ പാലിന് വലിയ സ്ഥാനമുണ്ട്. പാല്‍ കുടിക്കാന്‍ നല്‍കിയാല്‍ ഇത് ബറകതാണെന്ന് അവിടുന്ന് പറയും. പാലിനേക്കാള്‍ മുന്തിയ ഭക്ഷണമോ പാനീയമോ വേറെയില്ലെന്നാണ് തിരുമൊഴി. പാല്‍ മാത്രമായിട്ടും തണുത്ത വെള്ളം ചേര്‍ത്തും കുടിക്കാറുണ്ട്. പാലും കാരക്കയും ഒരുമിച്ച് കഴിക്കും. അവയെ ഏറ്റവും നല്ല രണ്ടു വസ്തുക്കളെന്ന് പരിചയപ്പെടുത്തും. തേനും ഇതു പോലെ പ്രധാനം തന്നെ. തേനിനോട് തിരുനബിക്ക് വലിയ പ്രിയമാണെന്ന് ആഇശ ബീവി പറയുന്നു. തേന്‍ തണുത്ത വെള്ളത്തില്‍ കലര്‍ത്തി കുടിക്കല്‍ അവിടുത്തെ പതിവാണ്. പുണ്യ സംസവും നബിക്ക് പ്രിയപ്പെട്ടതാണ്. പഴച്ചാറുകളും ഇഷ്ടമാണ്. ഏറ്റവും നല്ല പാനീയമേതാണ് എന്നൊരാള്‍ നബിയോട് ചോദിച്ചു. തണുപ്പും മധുരവുമുള്ളത് എന്നായിരുന്നു മറുപടി. അന്‍സ്വാരികളിലൊരാള്‍ നബിക്കു വേണ്ടി പ്രത്യേകം വെള്ളം തണുപ്പിച്ചു കൊടുക്കാറുണ്ട്. തണുത്ത വെള്ളം കുടിച്ചാല്‍ ഹൃദയാന്തരത്തില്‍ നിന്ന് പടച്ചവന് സ്തുതിയുയരുമെന്ന് ഇമാം അബുല്‍ ഹസന്‍ അശ്ശാദുലി(റ) പഠിപ്പിക്കുന്നു. നബി (സ്വ) രാത്രിയില്‍ മധുരമുള്ള ഈത്തപ്പഴം അല്പം വെള്ളത്തിലിട്ട് വെക്കും. രാവിലെയും വൈകുന്നേരവുമെല്ലാം അതെടുത്തു കുടിക്കും. ഇത് ആരോഗ്യത്തിന് നല്ലതാണ്. ഒരിക്കല്‍ പാലും തേനും ഒറ്റപ്പാത്രത്തിലാക്കി തിരുനബിയുടെ മുന്നില്‍ കൊണ്ടുവന്നു. അവിടുന്നത് കുടിച്ചില്ല. അല്ലാഹുവിന്റെ മുന്നില്‍ വിനയത്തോടെ നില്‍ക്കാനാണ് എനിക്കിഷ്ടം എന്നു പറഞ്ഞ് അത് നിരസിച്ചു. അതിനെ ഹറാമാക്കുന്നില്ല എന്ന് പ്രത്യേകം പറയുകയുമുണ്ടായി. റസൂലിന് ഇഷ്ടമില്ലാത്തത് ഉപേക്ഷിക്കുന്നത് തന്നെയാണ് തിരുസ്‌നേഹം. മുന്തിയ ഭക്ഷണങ്ങള്‍ ഒരേ സമയം കഴിക്കരുത് എന്നാണിതിലെ പാഠം.
മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നതും കുടിപ്പിക്കുന്നതുമെല്ലാം തിരുനബിക്ക് വലിയ താല്‍പര്യമാണ്. ആദ്യവിളവെടുപ്പിന് പിറകെ കര്‍ഷകര്‍ അതുമായി നബിയുടെ അടുത്തേക്ക് പോകും. മുത്ത് നബിയെക്കൊണ്ട് ഭക്ഷിപ്പിച്ചു പുണ്യം നേടുകയാണ് ഉദ്ദേശ്യം. തന്റെ സദസ്സിലുള്ളവര്‍ക്ക് കൂടി നബി അതു പങ്കുവയ്ക്കും. ചെറിയ കുട്ടികള്‍ക്കാണ് ആദ്യം കൊടുക്കുക. പലപ്പോഴും മുത്ത് നബി ശിഷ്യര്‍ക്ക് വെള്ളം കുടിക്കാന്‍ നല്‍കും. നബിയേ, അങ്ങു കുടിച്ചിട്ട് മതിയെന്ന് അവര്‍ സ്‌നേഹം കാണിക്കും. കുടിപ്പിക്കുന്നവര്‍ അവസാനമാണ് കുടിക്കേണ്ടത് എന്നായിരുന്നു മറുപടി. അതാണ് തിരുനബിയുടെ രീതി. മക്കയില്‍ നിന്ന് മദീനയിലേക്ക് സംസം സ്വയം ചുമന്നു കൊണ്ടുവന്ന് സ്വഹാബതിന് നല്‍കാറുണ്ട് തിരുനബി(സ്വ). സ്വഫിയ്യ ബീവിയുമായുള്ള കല്യാണത്തിന്റെ വലീമ സദ്യക്ക് നബി നാട്ടുകാരെയെല്ലാം വിളിച്ചു. കാരക്കയും നെയ്യും കട്ടിപ്പാലും നല്‍കി സത്കരിച്ചു. വിവാഹസദ്യകളുടെ ലാളിത്യത്തെകുറിച്ചുള്ള പാഠവുമുണ്ടിതില്‍.
മുത്ത് നബിയുടെ ഭക്ഷണരീതികളെല്ലാം വിശ്വാസികള്‍ പിന്തുടരാറുണ്ട്. അക്കാലത്തും പില്‍ക്കാലത്തുമതേ. ഒരു സല്‍ക്കാരത്തില്‍ നബി ചിരങ്ങ തിരഞ്ഞെടുത്തു തിന്നുന്നത് അനസ്(റ) കണ്ടു. അന്ന് മുതല്‍ അവരുടെ ഇഷ്ട ഭക്ഷണമായി അതു മാറി.
ചെറുപ്പത്തില്‍ മടിയിലിരുത്തി ഉമര്‍ ബിന്‍ അബീസലമക്ക്(റ) മുത്ത്‌നബി ഭക്ഷണമര്യാദകള്‍ പറഞ്ഞു കൊടുത്തു. ജീവിതകാലം മുഴുക്കെ അവര്‍ അപ്രകാരം തന്നെ ഭക്ഷിച്ചു. തിരുനബിക്ക് വെളുത്തുള്ളി ഇഷ്ടമില്ലെന്ന് അറിഞ്ഞതു മുതല്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരിക്കുമത് വെറുപ്പായി. ഇമാം ബായസീദ് അല്‍ ബിസ്താമി അറുപത് വര്‍ഷത്തോളം മത്തന്‍ കഴിച്ചില്ല. നബി(സ്വ) അതെങ്ങനെ മുറിച്ചു എന്നറിയാത്തതാണ് കാരണം. നബിയെ അനുകരിക്കാനുള്ള വാഞ്ജയാണത്. നബിസ്‌നേഹികളില്‍ നിന്ന് ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ട്.
‘മുഹമ്മദ് (സ്വ) ജീവിത ചിത്രങ്ങള്‍’ എന്ന ശമാഇലുര്‍റസൂല്‍ പുസ്തകത്തില്‍ നിന്നും
ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി
You must be logged in to post a comment Login