വിഭജനത്തിന്റെ മുറിവുകള്‍ ഒന്നിലധികം തവണ ഏറ്റുവാങ്ങേണ്ടി വന്ന പ്രവിശ്യയാണ് ബംഗാള്‍. വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി 1905ലാണ് ബ്രിട്ടീഷ് സാമ്രാജ്യം ആദ്യം ബംഗാളിനെ രണ്ടായി വിഭജിച്ചത്. കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടു ബംഗാളിനെയും വീണ്ടും ഒന്നാക്കേണ്ടിവന്നു. രണ്ടാമത്തേത് ഇന്ത്യാവിഭജനത്തിന്റെ ഭാഗമായിരുന്നു. മുസ്ലിം ഭൂരിപക്ഷ കിഴക്കന്‍ ബംഗാള്‍ 1947ല്‍ പാകിസ്ഥാന്റെ പ്രവിശ്യയായി. പശ്ചിമബംഗാള്‍ ഇന്ത്യയുടെ ഭാഗമായി. കിഴക്കന്‍ ബംഗാള്‍ പിന്നെ, ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി. ദാരിദ്ര്യവും പ്രകൃതിക്ഷോഭങ്ങളും മതതീവ്രവാദവുമായിരുന്നു പുതിയ രാജ്യത്തിന്റെ മുഖമുദ്ര. ബാലാരിഷ്ടതകളിലൂടെ മുടന്തിയാണെങ്കിലും യാത്ര തുടര്‍ന്ന ആ രാജ്യം പക്ഷേ, ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ദുരിതങ്ങളുടെ പേരിലല്ല.
ഇന്ത്യയില്‍, ഒരുകാലത്ത് നവോത്ഥാനത്തിന്റെ തട്ടകമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പശ്ചിമ ബംഗാളിന്റെ ആളോഹരി മൊത്ത ആഭ്യന്തര ഉത്പാദനം (പെര്‍ക്യാപിറ്റ ജി ഡി പി) ഇപ്പോള്‍ 1,500 ഡോളറാണെന്ന് ‘ടെലിഗ്രാഫ്’ ദിനപത്രത്തില്‍ ‘രണ്ടു ബംഗാളുകള്‍’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍ അരിന്ദം ബനിക്കും സുനില്‍ ഭണ്ഡാരിയും ചൂണ്ടിക്കാണിക്കുന്നു. ഇതേ കാലയളവില്‍ ബംഗ്ലാദേശിന്റെ, അതായത് പഴയ കിഴക്കന്‍ ബംഗാളിന്റെ, ആളോഹരി മൊത്ത ആഭ്യന്തര ഉത്പാദനം 1888 ഡോളറാണ്. ഇന്ത്യയുടെ ഭാഗമായ പശ്ചിമബംഗാളിന്റെ സാമ്പത്തികരംഗത്തെ ദരിദ്രമായിരുന്ന കിഴക്കന്‍ ബംഗാള്‍ മറികടന്നു എന്നര്‍ഥം. പ്രതിശീര്‍ഷ അഭ്യന്തര ഉല്‍പാദനത്തില്‍ മാത്രമല്ല, ജീവിതനിലവാരത്തിന്റെ മിക്കവാറുമെല്ലാ സൂചികകളിലും ഇന്ത്യയിലെ ബംഗാളികളെക്കാള്‍ മുന്നിലാണ് ബംഗ്ലാദേശിലെ ബംഗാളികളെന്ന് ലേഖനം വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര നാണയനിധിയുടെ(ഐ എം എഫ്) വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കിലും(ഡബ്ല്യു ഇ ഒ) സമാനമായ വിലയിരുത്തലാണുള്ളത്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഈ വര്‍ഷം ഇന്ത്യ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ പിന്നിലേക്കു തള്ളപ്പെടുമെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് അതിലുണ്ടായിരുന്നു. വൈകാതെ ചൈനയെ മറികടക്കും എന്നു വീമ്പിളക്കുന്ന ഇന്ത്യ ദരിദ്ര രാഷ്ട്രമെന്നറിയപ്പെടുന്ന ബംഗ്ലാദേശിന്റെയും പിന്നിലേക്കാണ് നീങ്ങുന്നതെന്ന സൂചന വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചു. അടുത്ത വര്‍ഷം തന്നെ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നും ചൈനയെ തോല്‍പിക്കുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് തോല്‍പിക്കേണ്ടിവരിക ബംഗ്ലാദേശിനെയാവും എന്നെല്ലാം വിശകലനങ്ങള്‍ വന്നു. ഒരുകാലത്ത് ബഹുദൂരം പിന്നിലായിരുന്ന രാജ്യം ഒപ്പമെത്തിയെന്ന റിപ്പോര്‍ട്ട് ഇന്ത്യയിലെ നരേന്ദ്രമോഡി സര്‍ക്കാരിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കേണ്ടതാണെന്ന് ഫോറിന്‍ പോളിസി മാഗസിനിലെ ലേഖനത്തില്‍ സിഡ്‌നി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സാല്‍വദോര്‍ ബബോണിസ് അഭിപ്രായപ്പെട്ടു.
ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നെല്ലാം പറയുന്നത് അല്‍പം അതിശയോക്തിപരമാണ് എന്നതാണ് വസ്തുത. എന്നുവെച്ച് അവഗണിച്ച് തള്ളാവുന്നയവല്ല ഈ കണക്കുകള്‍. ഇന്ത്യന്‍ സമ്പദ്്വ്യവസ്ഥ പിന്നോട്ടുപോകുമ്പോള്‍ ബംഗ്ലാദേശിന്റെ സമ്പദ്‌മേഖല മുന്നേറ്റം തുടരുകയാണ്. എങ്കിലുമവര്‍ ഉടനെയൊന്നും ഇന്ത്യയെ മറികടക്കാന്‍ പോകുന്നില്ലെന്ന് ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു. ഐ എം എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ പ്രതീശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനം 2020ല്‍ 1,877 ഡോളറായാണ് കുറഞ്ഞത്. ബംഗ്ലാദേശിന്റേത് 1,888 ഡോളറാണ്. മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ജി ഡി പിയെ രാജ്യത്തെ ജനസംഖ്യകൊണ്ടു ഹരിക്കുമ്പോഴാണ് പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം കിട്ടുന്നത്. സാങ്കേതികാര്‍ഥത്തില്‍ അതില്‍ ബംഗ്ലാദേശിനു പിന്നിലാണിപ്പോള്‍ ഇന്ത്യ.
എന്നാല്‍, ഈ കണക്കു മാത്രം വെച്ച് രണ്ടു രാജ്യങ്ങളെ താരതമ്യം ചെയ്യാനാവില്ലെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാണിക്കുന്നു. പര്‍ച്ചേസിങ് പവര്‍ പാരിറ്റി (പി പി പി) എന്നറിയപ്പെടുന്ന തോതു കൂടിയെടുത്താലേ യഥാര്‍ത്ഥ കണക്കും ജനങ്ങളുടെ ശേഷിയും മനസ്സിലാക്കാനാകൂ. ഒരു ഡോളറുകൊണ്ട് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ നിന്നും വാങ്ങാവുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും അളവുകൂടി കണക്കിലെടുത്ത് ഇരുരാജ്യങ്ങളിലെയും വിനിമയനിരക്ക് ഏകീകരിക്കുന്നതിനെയാണ് പി പി പി എന്നു പറയുന്നത്. അതനുസരിച്ച് ഇന്ത്യയുടെ ആളോഹരി ജി ഡി പി 6,284 ഡോളറാണ്. ബംഗ്ലാദേശിന്റേത് 5,134 ഡോളറും. നിലവില്‍ ഇന്ത്യ തന്നെയാണ് മുന്നില്‍ എന്നര്‍ഥം. ഐ എം എഫ് റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള വാദകോലാഹലം അനാവശ്യമാണെന്ന് സണ്‍ഡേ ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ വിവേക് ഗുമസ്‌തേയും പറയുന്നു.
എങ്കിലും, കൊവിഡ് കാരണം മിക്കവാറുമെല്ലാ രാജ്യങ്ങളുടെയും സാമ്പത്തികരംഗം ചുരുങ്ങിയപ്പോള്‍ ബംഗ്ലാദേശ് മിതമായെങ്കിലും വളര്‍ച്ച നിലനിര്‍ത്തി എന്നത് ചെറിയ കാര്യമല്ല. 2020-21ല്‍ ഇന്ത്യയുടെ ജി ഡി പി 10.3 ശതമാനവും പ്രതിശീര്‍ഷ വരുമാനം 11.2 ശതമാനവും ഇടിയുമെന്നാണ് ഐ എം എഫിന്റെ കണക്ക്. എന്നാല്‍ ബംഗ്ലാദേശിന്റെ ജി ഡി പി 3.8 ശതമാനം വര്‍ധിക്കും. പ്രതിശീര്‍ഷ വരുമാനത്തിലെ ഇടിവ് 2.9 ശതമാനത്തില്‍ ഒതുങ്ങുകയും ചെയ്യും. കൊവിഡ് പിന്നിട്ടാല്‍ ഇന്ത്യ വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് ഐ എം എഫ് തന്നെ പറയുന്നുണ്ടെങ്കിലും ബംഗ്ലാദേശിന്റെ വിജയഗാഥ കണ്ടില്ലെന്ന് നടിക്കാനാവില്ല. പട്ടിണിപ്പാവങ്ങളുടെ പട്ടികയില്‍ നിന്ന് അതിശയിപ്പിക്കുന്ന വേഗത്തിലാണവര്‍ വികസനപ്പടവുകള്‍ താണ്ടുന്നത്.
പാകിസ്ഥാനില്‍ നിന്ന് വേറിട്ട് ഇന്ത്യയുടെ സഹായത്തോടെ 1971ല്‍ സ്വതന്ത്രരാജ്യമാവുമ്പോള്‍ ലോകത്തെ ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളിലൊന്നായിരുന്നൂ ബംഗ്ലാദേശ്. മൂടില്ലാത്ത കൊട്ടയെന്നാണ് യു എസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെന്റി കിസിഞ്ജര്‍ അക്കാലത്ത് ബംഗ്ലാദേശിനെ വിശേഷിപ്പിച്ചത്. സ്വതന്ത്രരാജ്യമായി അധികകാലം അവര്‍ക്ക് നിലനില്‍ക്കാനാവില്ലെന്നായിരുന്നു പഴയ മാതൃരാജ്യമായ പാകിസ്ഥാന്റെ കണക്കുകൂട്ടല്‍. ഇന്ത്യയുമായല്ല, ആഫ്രിക്കയിലെ പട്ടിണിരാജ്യങ്ങളുമായാണ് ബംഗ്ലാദേശിനെ താരതമ്യം ചെയ്യാറ്. ദാരിദ്ര്യവും മുടങ്ങാതെയെത്തുന്ന പ്രകൃതിക്ഷോഭങ്ങളും മാത്രമല്ല, നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി നേരിടുന്ന രാജ്യംകൂടിയാണത്. മ്യാന്മറിലെ പീഡനംകാരണം പലായനം ചെയ്ത ഏഴര ലക്ഷം റോഹിംഗ്യന്‍ മുസ്ലിംകളാണ് അവിടെ അഭയം തേടിയത്.
സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എല്ലാ സാധനങ്ങളും ഇറക്കുമതി ചെയ്യേണ്ടിയിരുന്ന അവസ്ഥയിലായിരുന്നു ബംഗ്ലാദേശ്. ഒരു ഏഷ്യന്‍ രാജ്യത്തിന് നേരിടേണ്ടിവരാവുന്ന എല്ലാ പ്രശ്‌നങ്ങളും പുതിയ രാജ്യത്തിനുണ്ട് എന്നാണ് ബംഗ്ലാദേശിനെക്കുറിച്ച് വോള്‍സ്ട്രീറ്റ് ജേണല്‍ 1971ല്‍ എഴുതിയത്. ജനസംഖ്യാ ഭാരം, സാമ്പത്തിക പിന്നാക്കാവസ്ഥ, സാമുദായിക വംശീയ സംഘര്‍ഷങ്ങള്‍ ഇവ അതില്‍ ചിലതുമാത്രം. അര നൂറ്റാണ്ടു കഴിയും മുമ്പ് സ്ഥിതി മാറി. 1974ലെ ക്ഷാമവും പട്ടിണി മരണങ്ങളും പിന്നിട്ട രാജ്യം ഭക്ഷ്യരംഗത്ത് ഏതാണ്ട് സ്വയംപര്യാപ്തത കൈവരിച്ചു. രണ്ടു പതിറ്റാണ്ടു മുമ്പ് 1997ല്‍ അവരുടെ ജി ഡി പി 14680 കോടി ഡോളറായിരുന്നു. പ്രതിശീര്‍ഷ ജി ഡി പി 1,175 ഡോളര്‍. വളര്‍ച്ചാനിരക്ക് 5.3 ശതമാനം. പതുക്കെപ്പതുക്കെ ജി ഡി പിയില്‍ കൃഷിയുടെ വിഹിതം കുറഞ്ഞുവരികയും നിര്‍മാണ മേഖലയുടെ വിഹിതം കൂടിവരികയും ചെയ്തു. 37 വര്‍ഷംകൊണ്ട് കയറ്റുമതി വരുമാനം 20 ഇരട്ടിയായി. ലോക്ഡൗണ്‍ കാലത്ത് കയറ്റുമതി ഇടിഞ്ഞെങ്കിലും ഇപ്പോഴത് മുന്‍വര്‍ഷത്തേതിന്റെ 80 ശതമാനത്തില്‍ എത്തിക്കാനായി.
ബംഗ്ലാദേശിന്റെ നേട്ടം സാമ്പത്തിക വളര്‍ച്ചയില്‍ ഒതുങ്ങുന്നില്ല. മനുഷ്യവികസന സൂചികകളില്‍ മുന്നേറിയതിനു ശേഷമാണ് അവര്‍ സാമ്പത്തികരംഗത്തേക്കു ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ‘ഹിന്ദു ബിസിനസ് ലൈനി’ല്‍ എഴുതിയ ലേഖനത്തില്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ബി ഭാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യവികസന സൂചികകളിലെല്ലാം ബഹുദൂരം മുന്നിലെത്തിക്കൊണ്ട് ഒരു ബംഗ്ലാദേശ് മോഡല്‍ തന്നെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗമായിരുന്ന 1960ല്‍ ബംഗ്ലാദേശിന്റെ ജനപ്പെരുപ്പ നിരക്ക് ഒരു സ്ത്രീക്ക് 6.725 കുട്ടികള്‍ എന്നതായിരുന്നു. 2017ല്‍ അത് 2.1 ആയി കുറഞ്ഞു. ഇന്ത്യയുടേത് 2.2 ആണ്. പാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു സ്ത്രീയ്ക്ക് ശരാശരി 3.6 കുട്ടികളാണുള്ളത്. ബംഗ്ലാദേശിലെ ശിശുമരണം 1971ല്‍ ആയിരത്തിന് 150 ആയിരുന്നു. 2017ല്‍ അത് 32.4 ആയി കുറഞ്ഞെന്ന് യൂനിസെഫ് സാക്ഷ്യപ്പെടുത്തുന്നു. പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 1971ല്‍ 46.5 വയസ്സായിരുന്നു. ഇപ്പോഴത് 72 ആയെന്ന് ലോകബാങ്കിന്റെ കണക്കില്‍ പറയുന്നു. ഇന്ത്യയുടെ ആയുര്‍ ദൈര്‍ഘ്യമായ 69 വയസ്സിലും കൂടുതലാണിതെന്നോര്‍ക്കണം. ബംഗ്ലാദേശില്‍ 15 വയസിന് മുകളിലുള്ള 71 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ഇന്ത്യയിലത് 66 ശതമാനം മാത്രമാണ്.
ആകസ്മികമല്ല, പതിറ്റാണ്ടുകള്‍കൊണ്ടുള്ള സുസ്ഥിര വളര്‍ച്ചയാണ് ബംഗ്ലാദേശിന്റേതെന്ന് ധാക്കയിലെ പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ എക്കണോമിസ്റ്റ് ആഷിക്കുര്‍റഹ്മാന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വിശദീകരിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മുജീബുര്‍റഹ്മാന്റെ മകള്‍ ശൈഖ് ഹസീന 2009ല്‍ പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയതോടെയാണ് അതിന്റെ തുടക്കം. 2016ല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ ഉത്പാദനം ബംഗ്ലാദേശിന്റെ 1.4 ഇരട്ടിയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിടവ് കുറഞ്ഞു കുറഞ്ഞുവന്നു. പണപ്പെരുപ്പംകൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ജി ഡി പി 2010ല്‍ ബംഗ്ലാദേശിന്റെ 14.8 ഇരട്ടിയായിരുന്നു. 2020ല്‍ അത് 8.15 ഇരട്ടിയായി കുറഞ്ഞു. പത്തു വര്‍ഷമായി ആറു ശതമാനത്തിനു മുകളിലാണ് ബംഗ്ലാദേശിന്റെ ജി ഡി പി വളര്‍ച്ച നിരക്ക്. 2021ല്‍ രണ്ടക്കത്തിലെത്തിക്കാനായിരുന്നു പദ്ധതി. കൊവിഡു വന്നിട്ടും 2020ല്‍ അത് നാലു ശതമാനത്തിനടുത്തുണ്ട്. കയറ്റുമതി 15 മുതല്‍ 17 വരെ ശതമാനംവെച്ച് വര്‍ധിക്കുന്നു. ധനക്കമ്മി 3.5-4.5 ശതമാനം മാത്രമാണ്.
ബംഗ്ലാദേശിനെ 2021 ഓടെ ഇടത്തരം വരുമാനമുള്ള രാജ്യമാക്കുന്നതിനും 2041 ഓടെ വികസിത രാജ്യമാക്കുന്നതിനുമുള്ള കര്‍മപദ്ധതിയാണ് ശൈഖ് ഹസീന ആവിഷ്‌കരിച്ചിരിക്കുന്നത്. 2009നു ശേഷം ആളോഹരി വരുമാനം മൂന്നിരട്ടിയോളമായി. കൊടും ദാരിദ്ര്യമനുഭവിക്കുന്നവരുടെ എണ്ണം 19 ശതമാനമത്തില്‍ നിന്ന് ഒമ്പതു ശതമാനമായി കുറഞ്ഞു. ബംഗ്ലാദേശിന്റെ ജി ഡി പി ഈ വര്‍ഷം 32,000 കോടി ഡോളര്‍ ആവുമെന്നാണ് ഐ എം എഫിന്റെ കണക്ക്. പാകിസ്ഥാന്റേത് 26,500 കോടി ഡോളറാണ്. ഒരു പതിറ്റാണ്ടു മുമ്പ് പാകിസ്ഥാന്റെ ജി ഡി പി ബംഗ്ലാദേശിനെക്കാള്‍ 600 കോടി ഡോളര്‍ കുടുതലായിരുന്നു. ബംഗ്ലാദേശിന് പണപ്പെരുപ്പം നിയന്ത്രിക്കാനായി. പാകിസ്ഥാന് അതു കഴിഞ്ഞില്ല.
പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെപ്പോലെ അവിദഗ്ധ തൊഴിലുകളിലൂന്നി കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന തന്ത്രമാണ് ബംഗ്ലാദേശിനെ സാമ്പത്തിക പുരോഗതിയിലേക്കു നയിച്ചതെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ അമിത് കപൂറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപിറ്റിറ്റീവ്‌നെസ്സിലെ ചിരാഗ് യാദവും എക്കണോമിക് ടൈംസില്‍ എഴുതിയ ലേഖനം വ്യക്തമാക്കുന്നു. വിയറ്റ്‌നാം ചെയ്തതുപോലെ, ചൈനയില്‍ നിന്നു പോകുന്ന വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതി അവര്‍ തയാറാക്കി. തൊഴിലാളികളുടെ ആവശ്യം ഏറെയുള്ള വസ്ത്രനിര്‍മാണത്തിലാണവര്‍ ഊന്നല്‍ നല്‍കിയത്. രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും വസ്ത്രനിര്‍മാണ മേഖലയില്‍ നിന്നാണ്. 2013ലെ റാണാ പ്ലാസ ദുരന്തത്തിനു ശേഷമാണ് ബംഗ്ലാദേശിലെ വസ്ത്രനിര്‍മാണ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വന്നത്. അന്ന് ബഹുനില വസ്ത്രനിര്‍മാണശാല തകര്‍ന്ന് മരിച്ചത് 1,130 തൊഴിലാളികളാണ്. സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ ഫലമായി യന്ത്രവത്കരണവും ആധുനികവത്കരണവും വന്നു. തൊഴിലില്ലായ്മ കുറഞ്ഞു. കടുത്ത ദാരിദ്ര്യം ഇല്ലാതായി.
വസ്ത്രനിര്‍മാണത്തിലൊതുങ്ങുന്നില്ല ശൈഖ് ഹസീനയുടെ വികസന പദ്ധതികള്‍. ഡിജിറ്റല്‍ ബംഗ്ലാദേശ് പദ്ധതിയിലൂടെ വിവരസാങ്കേതിക രംഗത്ത് ഇന്ത്യയെ മറികടക്കാനുള്ള പരിപാടിയുടെ മുഖ്യഉപദേഷ്ടാവ് ഹസീനയുടെ അമേരിക്കയില്‍ പഠിച്ചെത്തിയ മകനാണ്. ഔഷധ വ്യവസായ രംഗത്തും കുതിപ്പിനൊരുങ്ങുകയാണവര്‍. അടിസ്ഥാന സൗകര്യ വികസനത്തിന് ചൈനയുടെ സഹായം തേടിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങുന്നു. തൊഴിലവസരങ്ങള്‍ ധാരാളമുള്ള നിര്‍മാണമേഖലയ്ക്ക് ബംഗ്ലാദേശ് പ്രഥമ പരിഗണന നല്‍കിയപ്പോള്‍, ഇംഗ്ലീഷും വിവരസാങ്കേതിക വിദ്യയുമറിയാവുന്ന വിദ്യാസമ്പന്നര്‍ ധാരാളമുള്ള ഇന്ത്യ സേവന മേഖലയ്ക്കാണ് മുന്‍ഗണന നല്‍കിയത്. കൃഷിയിലുള്ള ആശ്രിതത്വം ഉപേക്ഷിച്ചതുമില്ല. കൃഷിയിലുള്ള ആശ്രിതത്വം കുറയും എന്നതും തൊഴിലവസരങ്ങള്‍ വര്‍ധിക്കും എന്നതുമാണ് അവിദഗ്ധ തൊഴിലുകളിലൂന്നിയുള്ള വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുകൊണ്ടുള്ള പ്രയോജനം.
നുഴഞ്ഞുകയറ്റക്കാര്‍ പരാദങ്ങളെപ്പോലെ ഇന്ത്യയെ അള്ളിപ്പിടിക്കുകയാണെന്നാണ് പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി പ്രതിഷേധങ്ങളുയര്‍ന്ന പോയവര്‍ഷം ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗ്ലാദേശിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞത്. ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതിയും കാലിയാകും എന്ന് ആഭ്യന്തരസഹമന്ത്രി കിഷന്‍ റെഡ്ഢി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക കാരണങ്ങളാല്‍ കുറേ ഇന്ത്യക്കാര്‍ അനധികൃതമായി ബംഗ്ലാദേശിലേക്ക് കുടിയേറുന്നുണ്ടെന്നായിരുന്നു അവിടത്തെ വിദേശ മന്ത്രി എ കെ അബുള്‍ മുഅന്റെ മറുപടി. കുടിയേറ്റം ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്കാകാനുള്ള സാധ്യത പാടേ തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കന്നത്.
എസ് കുമാര്‍
You must be logged in to post a comment Login