1931ലാണ് ഗാന്ധിജിയും അംബേദ്ക്കറും ആദ്യമായി കണ്ടുമുട്ടുന്നത്. മൂര്‍ച്ചയുള്ള വാക്കുകളാല്‍ എന്തുകൊണ്ട് താങ്കള്‍ കോണ്‍ഗ്രസിനെ (അതുവഴി രാജ്യവിമോചന പ്രസ്ഥാനത്തെ) വിമര്‍ശിക്കുന്നുവെന്നായിരുന്നു ഗാന്ധിജിക്ക് ചോദിക്കാനുണ്ടായിരുന്നത്. അംബേദ്കര്‍ക്ക് കുടുതല്‍ ചിന്തിക്കേണ്ടിവന്നില്ല. ”ഗാന്ധിജീ, എനിക്ക് മാതൃരാജ്യമില്ല. സ്വന്തമായി പേരുള്ള ഒരു അസ്പൃശ്യനും ഈ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാന്‍ തോന്നില്ല.” പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആശയപോരാട്ടത്തിന്റെ തുടക്കമായിരുന്നു ആ സംഭാഷണം. ധിഷണയുടെ ഭിന്നധ്രുവങ്ങളില്‍ കഴിയുന്ന രണ്ടു ജീനിയസ്സുകള്‍ ജാതിവ്യവസ്ഥയെക്കുറിച്ച് ചിന്തകൊണ്ടും ജീവിതംകൊണ്ടും പിന്നീട് നിരന്തരം ഏറ്റുമുട്ടി. ഇരുവരും ലക്ഷ്യമിട്ടത് അധഃസ്ഥിതന്റെ മോചനമായിരുന്നു. പക്ഷേ അതിനു കണ്ടെത്തിയ മാര്‍ഗങ്ങള്‍ തീര്‍ത്തും വിപരീതമോ വൈരുധ്യം നിറഞ്ഞതോ ആയിരുന്നു. കാലഘട്ടത്തിന്റെ വിചാരമണ്ഡലങ്ങളില്‍ അവ ആശയപോരാട്ടങ്ങളുടെ കടന്നല്‍ക്കൂട് ഇളക്കിവിട്ടു. തൊട്ടുകൂടാത്തവരെ സംബന്ധിച്ചിടത്തോളം ഹിന്ദുമതം ഭയാനകതകളുടെ അറയാണെന്ന് അംബേദ്കര്‍ വിശ്വസിച്ചുവെന്ന് മാത്രമല്ല, ഉച്ചത്തില്‍ അത് വിളിച്ചുപറയുകയും ചെയ്തു.അധഃസ്ഥിതന്റെ ആ വിമോചകന്‍ ജീവിച്ചിരുന്ന കാലത്തോളം പരിഭവിച്ചത് ഒരു കാര്യത്തിലാണ്: വര്‍ണവിവേചനവും വംശീയതയും സാമ്പത്തികസാമ്രാജ്യത്വവും മതമൗലികവാദവുമെല്ലാം രാഷ്ട്രാന്തരീയവേദികളില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്; പക്ഷേ, ഇന്ത്യയിലെ ജാതിവ്യവസ്ഥ എവിടെയും പരിശോധനക്ക് വിധേയമാവുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യുന്നില്ല. വര്‍ണാശ്രമധര്‍മമെന്നോ ചാതുര്‍വര്‍ണ്യമെന്നോ വിശേഷിപ്പിക്കപ്പെടുന്ന സാമൂഹികവ്യവസ്ഥ സഹസ്രാബ്ദങ്ങളായി നാല് വര്‍ണങ്ങള്‍ക്ക്-ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍- വ്യവസ്ഥക്ക് പുറത്തുള്ള അവര്‍ണരുടെ മേല്‍ സ്ഥാപിച്ച ആധിപത്യത്തിന്റെ ബലത്തില്‍ ക്രൂരതയും അനീതിയും ചൂഷണവും തുടരുകയാണ്. സവര്‍ണരുടെ രാഷ്ട്രീയാധിപത്യത്തില്‍ അവര്‍ണര്‍ക്ക് ഒരിക്കലും നീതി ലഭിക്കാന്‍ പോകുന്നില്ലെന്ന് അംബേദ്ക്കര്‍ ഉറച്ചുവിശ്വസിച്ചു. കിട്ടാവുന്ന വേദികളിലും അത് ഉറക്കെ വിളിച്ചുപറഞ്ഞു. സാമൂഹിക ജനാധിപത്യത്തിന്റെ അഭാവത്തില്‍ രാഷ്ട്രീയ ജനാധിപത്യം എന്തുമാത്രം അര്‍ഥശൂന്യമാണെന്ന് അംബേദ്കര്‍ വാദിച്ചുകൊണ്ടിരുന്നു. അധഃസ്ഥിതവര്‍ഗം അനുഭവിച്ചുതീര്‍ക്കുന്ന ദുരിതങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കുമെല്ലാം മതത്തിന്റെ അംഗീകാരവും അനുമതിയുമുണ്ടെന്നും എന്നിട്ടും ദൈവത്തിന് ചുട്ടമാംസം നിവേദിക്കും പോലെ അസ്പൃശ്യര്‍ അവരുടെ വോട്ടുകള്‍ സവര്‍ണജാതിക്കാര്‍ക്ക് നിവേദിക്കുകയാണെന്നും അംബേദ്കര്‍ വിലപിച്ചു.
സ്വാതന്ത്ര്യത്തിന്റെ ഏഴ് ദശാബ്ദങ്ങള്‍ക്ക് ശേഷവും ദളിതര്‍ക്ക് അവരുടെ ശരീരത്തിന്റെമേല്‍ പോലും നിയന്ത്രണമില്ല. തൊട്ടുകൂടാത്ത മനുഷ്യജന്മങ്ങളുടെ ശരീരത്തിന്മേല്‍ സവര്‍ണനാണ് ഉടമസ്ഥാവകാശം. ജാതിഹിന്ദുവിന് ദളിത് സ്ത്രീകളുടെ ശരീരത്തിന്മേല്‍ അനിയന്ത്രിതമായ അധികാരമുണ്ട്. ആ അധികാരപ്രയോഗമാണ് (കൂട്ട) ബലാല്‍സംഗങ്ങളിലേക്കും കശാപ്പിലേക്കും ചെന്ന് കലാശിക്കുന്നത്. ഹത്‌റാസിലും മുസഫറാബാദിലും ലക്ഷ്മിപൂര്‍ ഖേരിയിലും സമീപകാലത്തുണ്ടായത് സഹസ്രാബ്ദങ്ങളായി തുടരുന്ന നിഷ്ഠുരതകളുടെ വകഭേദം മാത്രം. റോമിലെ അടിമകള്‍ക്കും ബ്രിട്ടനിലെ വില്ലെനുകള്‍ക്കും അമേരിക്കയിലെ നീഗ്രോകള്‍ക്കും ജര്‍മനിയിലെ യഹൂദര്‍ക്കും പെരുത്തും ദുര്‍വിധികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും കാലപ്രവാഹത്തില്‍ അവരുടെയെല്ലാം സാമൂഹികാവസ്ഥയില്‍ ഗണനീയമായ മേല്‍ഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ കീഴാളവര്‍ഗത്തിന്റെ അവസ്ഥ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അംബേദ്കര്‍ തന്നെ നല്‍കുന്ന ഒരുത്തരമുണ്ട്: ”ഹിന്ദുക്കള്‍ക്ക് സഹജവും രൂഢമൂലവുമായ ഒരു യാഥാസ്ഥിതികതയുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുമായി, അതായത് ജനാധിപത്യവുമായി , സഹവര്‍ത്തിത്വം സാധ്യമല്ലാതാക്കുന്ന ഒരു മതവുമുണ്ട്. അസമത്വം ലോകത്തെല്ലായിടത്തുമുണ്ട്. അത് ഏറിയകൂറും സ്ഥിതിഗതികളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, അതിന് മതത്തിന്റെ പിന്തുണ ഉണ്ടായിട്ടില്ല. ഹിന്ദുസമൂഹത്തില്‍ അസമത്വമുണ്ടെന്ന് മാത്രമല്ല, ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണത്”. അതിനെ മറികടക്കാനുള്ള ഏകമാര്‍ഗം ജനാധിപത്യ, ഭരണഘടനാമൂല്യങ്ങള്‍ക്ക് അവയ്ക്കുമേല്‍ അധീശത്വം സ്ഥാപിച്ചെടുക്കുക എന്നതാണത്. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യപതിറ്റാണ്ടുകളില്‍ ഈ ദിശയില്‍ ചില്ലറ പുരോഗതികള്‍ കൈവരിക്കാനായെങ്കിലും ഹൈന്ദവ തീവ്രവലതുപക്ഷത്തിന്റെ ആഗമനത്തോടെ ഘടികാരസൂചി പിറകോട്ട് ചലിപ്പിച്ചു. ഹിന്ദുത്വ വിചാരധാര വര്‍ണവ്യവസ്ഥയിലും അവര്‍ണ പീഡനങ്ങളിലും അധിഷ്ഠിതമാണെന്നതിനാല്‍, ആധുനിക നിയമപ്രമാണങ്ങള്‍ക്കല്ല, മനുസ്മൃതിയിലെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. അതോടെ എന്തുസംഭവിക്കുമെന്ന് അംബേദ്കര്‍ പ്രവചിച്ചതാണ്: ‘(സവര്‍ണ) ഹിന്ദുക്കള്‍ക്ക് അവരുടെ പൊലീസും കോടതിയുമുണ്ട്. അസ്പൃശ്യരും ഹിന്ദുക്കളും തമ്മില്‍ വഴക്കുണ്ടായാല്‍ അസ്പൃശ്യര്‍ക്ക് പൊലീസില്‍നിന്ന് സംരക്ഷണമോ കോടതിയില്‍നിന്ന് നീതിയോ കിട്ടുകയില്ല. പൊലീസും കോടതിയും ഹിന്ദുക്കളാണ്. അവര്‍ സ്വന്തം കര്‍ത്തവ്യത്തെക്കാള്‍ കൂടുതലായി സ്വന്തം വര്‍ഗത്തെ സ്‌നേഹിക്കുന്നു. ” ഹത്‌റാസില്‍ നാം കണ്ടത് അതാണ്. ദളിത് യുവതിയെ കഠിനപീഡനങ്ങള്‍ക്ക് ശേഷം നിഷ്ഠുരമായി കൊന്നിട്ടും വ്യവസ്ഥിതി കൊലയാളികള്‍ക്കൊപ്പമാണ്. ഇര വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്നു. ഭരണകര്‍ത്താക്കളും പൊലീസും കോടതിയും അനുതാപത്തിന്റെ കണ്ണോടെയല്ല ഈ ക്രൂരതകളെ നോക്കിക്കാണുന്നത്. കരഞ്ഞുവരണ്ട കണ്ണുകളുമായി ഇരയുടെ കുടുംബം കീഴാളവര്‍ഗത്തിന്റെ പതിവ് വിധിവിഹിതം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോഴും ഒരു പാര്‍ട്ടിക്കും ഒരു നേതാവിനും അവരെ രക്ഷപ്പെടുത്താന്‍ സാധിക്കുന്നില്ല. ഡാന്റെയുടെ ‘ഇന്‍ഫെര്‍നൊ’യില്‍ കാണുന്ന നരകത്തിന്റെ ഭീകരതയുണ്ടല്ലോ, അതിനു സമാനമായ ഒരു ദൃശ്യം നമ്മുടെ മനസ്സില്‍ പതിഞ്ഞുകിടക്കുമ്പോഴും പ്രതിവിധി പറഞ്ഞുതരാന്‍ ആരുമില്ല. രാത്രിയുടെ വന്യതയില്‍ ഒരു തുറന്നസ്ഥലത്ത് കുറെ പൊലീസുകാരുടെ കാവലില്‍ കത്തിച്ചാരമായിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ജഡത്തിന് അകലെ അലമുറയിട്ട് എല്ലാം കണ്ടുകൊണ്ടിരിക്കുന്ന കുടുംബക്കാര്‍! മാറത്തിട്ട അവളുടെ ദുപ്പട്ട വലിച്ചെടുത്ത് കഴുത്തില്‍ മുറുക്കെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതിന് മുമ്പ് ആ പത്തൊമ്പതുകാരി അനുഭവിച്ച വേദനകള്‍ സഹസ്രാബ്ദങ്ങളായി കീഴാളവര്‍ഗം സവര്‍ണജാതിക്കാരില്‍നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. കടിച്ചുമുറിച്ച നാവും പൊട്ടിനുറുങ്ങിയ നട്ടെല്ലും വികൃതമായ മുഖവും കണ്ട് അംബേദ്കര്‍ ഏത് ജനവിഭാഗത്തിനു വേണ്ടിയാണോ ജീവിതം ഉഴിഞ്ഞുവെച്ചത് ആ ജനതയുടെ 21ാം നൂറ്റാണ്ടിലെ ദുര്‍വിധിയാണ് ലോകത്തോട് വിളിച്ചുപറഞ്ഞത്. അപ്പോഴും സവര്‍ണന് വിടുവേല ചെയ്യുന്ന മാധ്യമങ്ങള്‍ വ്യാജകഥകളും കല്ലുവെച്ച നുണകളും പ്രചരിപ്പിച്ച് സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് അതിക്രമികളെ രക്ഷിക്കാനും പീഡിതവിഭാഗത്തെ കൂടുതല്‍ പീഡനങ്ങള്‍ക്ക് വിട്ടുകൊടുക്കാനുമാണ് ശ്രമിക്കുന്നത്. മോഡിയുടെ ഇന്ത്യയെ, അല്ലെങ്കില്‍ യോഗിയുടെ യു പിയെ നാസി ജര്‍മനിയോടോ ഫാഷിസ്റ്റ് ഇറ്റലിയോടോ സമീകരിക്കേണ്ടിവരുന്നത് ഈ ദൂഷിതവലയത്തില്‍നിന്ന് രക്ഷപ്പെടാനാവാത്ത രാജ്യത്തിന്റെ നിസ്സഹായത കാണുമ്പോഴാണ്.
മനുവാഴ്ചയുടെ ദൃഷ്ടാന്തങ്ങള്‍
ആധുനിക ഇന്ത്യക്ക് രൂപഭാവം നല്‍കിയ ലിഖിത ഭരണഘടനയെ നിഷ്പ്രഭമാക്കി, സഹസ്രാബ്ദങ്ങളായി ഇവിടുത്തെ ജനസമൂഹത്തെ ജാതീയമായി വിഭജിച്ച് ബ്രാഹ്മണാധിപത്യം അടിച്ചേല്‍പിക്കുന്ന വ്യവസ്ഥിതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ വിജയമാണ് ഇപ്പോള്‍ കൊണ്ടാടപ്പെടുന്നത്. 1946 ഡിസംബര്‍ ഒമ്പതിന് തുടങ്ങിയ ഭരണഘടനാ നിര്‍മാണ സഭയുടെ പ്രവര്‍ത്തനത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1949 നവംബറില്‍ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനായ ബാബാ സാഹെബ് അംബേദ്കര്‍ നടത്തിയ സാരസമ്പുഷ്ടമായ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്: ”മികച്ചൊരു ഭരണഘടന കൊണ്ട് മാത്രം മികച്ചൊരു രാഷ്ട്രസംവിധാനം സൃഷ്ടിക്കാന്‍ സാധ്യമല്ല. ആരാണ് ഭരണഘടന കൈകാര്യം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും രാഷ്ട്രത്തിന്റെ ഭാഗധേയം. ഒരു മോശം ഭരണഘടന നല്ല വ്യക്തികളുടെ കൈയില്‍ കിട്ടിയാല്‍ മേത്തരം ഭരണക്രമം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞേക്കാം. ഭരണഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുന്നത് ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ് , ജുഡീഷ്യറി എന്നീ സംവിധാനങ്ങള്‍ക്ക് രൂപംകൊടുക്കുക എന്നത് മാത്രമാണ്. ഇന്ത്യയിലെ ജനങ്ങളും പാര്‍ട്ടികളും എങ്ങനെയാണ് പെരുമാറാന്‍ പോകുന്നതെന്ന് ആര്‍ക്കാണ് മുന്‍കൂട്ടി പറയാനാവുക? ലക്ഷ്യസാക്ഷാത്കാരത്തിന് ഭരണഘടനാരീതി അവലംബിക്കുമോ അതല്ല വിപ്ലവമാര്‍ഗത്തിലൂടെ ലക്ഷ്യം നേടുമോ? ഭരണഘടന എത്ര മികച്ചതാണെങ്കിലും ശരി, വിപ്ലവമാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ അത് പരാജയപ്പെടുമെന്ന് പറയാന്‍ ഒരു പ്രവാചകന്റെ ആവശ്യമില്ല. അതുകൊണ്ട് ജനങ്ങളും പാര്‍ട്ടികളും നിര്‍വഹിക്കാന്‍ പോകുന്ന പങ്കിനെകുറിച്ച് പരാമര്‍ശിക്കാതെ ഭരണഘടനയെകുറിച്ച് പ്രവചിക്കുന്നത് നിഷ്ഫലമാണ്”. അംബേദ്കര്‍ ഭയപ്പെട്ടത് പോലെ ഏതെങ്കിലും തരത്തിലുള്ള വിപ്ലവത്തിലൂടെ ഭരണഘടന അട്ടിമറിക്കപ്പെട്ടില്ല. കമ്യൂണിസ്റ്റുകാര്‍ പോലും ഭരണഘടനാമൂല്യങ്ങള്‍ക്ക് വില കല്‍പിച്ചു. പക്ഷേ, വെല്ലുവിളി ഉയര്‍ന്നത് പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നാണ്. ഹൈന്ദവ തീവ്രവലതുപക്ഷത്തിന്റെ യാഥാസ്ഥിതിക ചിന്തയില്‍നിന്നും ഹിംസാത്മക മനോഘടനയില്‍നിന്നും. പൗരസമത്വവും അന്തസ്സാര്‍ന്ന ജീവിതവും സാമൂഹികവും സാമ്പത്തികവുമായ ഔന്നത്യവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനയാണ് രാജ്യത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നതെങ്കിലും ‘പുതിയ ഇന്ത്യ’യെ നയിക്കുന്നതും ഭരിക്കുന്നതും മനുസ്മൃതിയാണ്. കീഴാളവര്‍ഗത്തെ മനുഷ്യരായി കാണാത്ത, ചണ്ഡാളവര്‍ഗത്തെ ചവിട്ടിയരക്കാന്‍ അനുമതി നല്‍കുന്ന, മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളെ മ്ലേച്ഛരായി കണക്കാക്കുന്ന മനുഷ്യരാശി കണ്ട ഏറ്റവും ഹീനമായ ഒരു ജീവിതപ്രമാണം. മോഡിയുടെയും യോഗിയുടെയും രാഷ്ട്രീയദര്‍ശനം ഉരുവം കൊള്ളുന്നത് ധര്‍മസൂത്രങ്ങളില്‍നിന്നും ധര്‍മശാസ്ത്രങ്ങളില്‍നിന്നുമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ഓരോ ജാതിയുടെയും പദവിയും ചുമതലയും അവകാശങ്ങളും ബാധ്യതകളും വിവരിക്കുന്നുണ്ട്. ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും താഴെത്തട്ടില്‍ ജീവിക്കുന്ന ശൂദ്രരുടെ കടമകള്‍ വിവരിക്കുന്നുണ്ട്. വേദമന്ത്രങ്ങള്‍ ഉരുവിടാന്‍ അവകാശമില്ലാത്ത ഈ വര്‍ഗത്തിന്റെ കര്‍ത്തവ്യം ദ്വജര്‍ക്ക് ദാസ്യവേല ചെയ്യുക എന്നതാണെന്ന് മനുസ്മൃതി മാത്രമല്ല, അപസ്തംബധര്‍മസൂത്രയും മഹാഭാരതവും ഓര്‍മിപ്പിക്കുന്നുണ്ട്. ശൂദ്രര്‍ക്കും താഴെ, ചാതുര്‍വര്‍ണവ്യവസ്ഥിതിക്ക് പുറത്തുനില്‍ക്കുന്ന ദളിതരുടെ, ചണ്ഡാളന്റെ ജീവിതങ്ങളെകുറിച്ച് ചിന്തിക്കാതിരിക്കുകയാണ് ഭേദം. സ്ത്രീകളെ മാത്രമല്ല, നമ്മുടെ രാജ്യത്ത് ജീവിക്കുന്ന 90ശതമാനം വരുന്ന പൗരന്മാരുടെയും അവകാശങ്ങളെയോ പൗരത്വത്തെയോ മനുസ്മൃതി അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് സാമൂഹികൗന്നത്യം കാംക്ഷിക്കുന്ന കീഴ്ജാതിക്കര്‍ക്ക് ഇപ്പോഴും അവരുടെ ഉയര്‍ച്ചയുടെ വഴിയിലെ ഏറ്റവും വലിയ വിഘ്‌നമായി മനുസ്മൃതിയെ കാണുന്നത്. അതുകൊണ്ടാണ് ഇന്നും മനുസ്മൃതി കത്തിച്ചുകൊണ്ട് മോചനപാത തീര്‍ക്കാന്‍ ചിലരെങ്കിലും മുന്നോട്ടുവരുന്നത്. തമിഴ്‌നാട്ടിലെ വിടുതലൈ ശിരുത്തൈകള്‍ കച്ചി (വി സി കെ) നേതാവ് തിരുമാവളവന്‍ നടത്തുന്ന ജാതിവിരുദ്ധപ്രക്ഷോഭം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പശ്ചാതലവും മറ്റൊന്നല്ല. മനുസ്മൃതിക്കെതിരെ ചെന്നൈ വള്ളുവര്‍ കോട്ടയില്‍ തിരുമാവളവന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധസമരത്തിനെതിരെ ആര്‍ എസ് എസ് രംഗത്തുവന്നത് ബ്രാഹ്മണമേധാവിത്വത്തിന് എതിരെ ഉയരുന്ന ശബ്ദങ്ങള്‍ തങ്ങളുടെ രാഷ്ട്രീയാധിപത്യത്തിന്റെ കടയ്ക്കാണ് കത്തിവെക്കുന്നതെന്ന ഉറച്ച ബോധ്യത്തിലാണ്. സ്മൃതിപാരമ്പര്യമനുസരിച്ചുള്ള ഒരാധുനിക രാഷ്ട്രനിര്‍മിതിയെ നിരാകരിച്ചതാണ് അംബേദ്കറുടെയും നെഹ്‌റുവിന്റെയും ഇന്ത്യ കീര്‍ത്തിയുടെ നെറുകയില്‍ ഉയര്‍ത്തപ്പെടാന്‍ കാരണമായത്. എന്നാല്‍, ഓരോ ദളിതനും പെരുവഴിയില്‍ കൊല്ലപ്പെടുമ്പോഴും വാല്‍മീകി വര്‍ഗത്തില്‍പ്പെട്ട സ്ത്രീ മാനഭംഗത്തിന് ഇരയാകുമ്പോഴും ജയിക്കുന്നത് സ്മൃതികളും ശാസ്ത്രങ്ങളും കൈമാറുന്ന പരമ്പരാഗത ജാതിബോധമാണ്. പശുവിന്റെ പേരില്‍ എവിടെ മുസ്ലിം ആള്‍ക്കൂട്ടക്കൊലക്ക് ഇരയായാലും ഒരു മ്ലേച്ഛന്റെ ഉന്മൂലനത്തില്‍ ആഹ്ലാദിക്കുന്ന ദുഷ്ടമനസ്സ് ജാതീകൃത ഉച്ചനിചത്വങ്ങളെ ഉപാസിക്കുന്ന മനുശിഷ്യരുടേതാവും. ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കൊല്ലപ്പെടുന്നതിന് കുറച്ചുനാള്‍ മുമ്പ്, 1963ല്‍ ബിര്‍മിങ്ഹാം ജയിലില്‍ കിടന്ന് എഴുതി: ‘Injustice anywhere is threat to justice everywhere’-എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തും നീതിക്കു നേരെയുള്ള വെല്ലുവിളിയാണ്’. കീഴാളവര്‍ഗത്തിനു നേരെ ലോകത്തിലെ ഏറ്റവും വലിയ ജനായത്ത വ്യവസ്ഥയില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ വാസ്തവത്തില്‍ മാനവകുലത്തിനു നേരെ ഉയരുന്ന യഥാര്‍ത്ഥ വെല്ലുവിളിയാണ്.
പുലര്‍ന്നത് അംബേദ്കറുടെ ആകുലതകള്‍
അംബേദ്കര്‍ക്ക് നെഹ്‌റു മന്ത്രിസഭയില്‍ മുന്നുവര്‍ഷത്തിനപ്പുറം തുടരാന്‍ സാധിച്ചില്ല. താന്‍ ആത്മാര്‍ഥമായി നടപ്പാക്കാന്‍ ശ്രമിച്ച ഹിന്ദുകോഡ് ബില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി നെഹ്‌റു ഫ്രീസറില്‍ വെക്കാന്‍ ശ്രമിച്ചത് അംബേദ്കറെ അമ്പരപ്പിച്ചു. യാഥാസ്ഥിതിക ഹിന്ദുനേതൃത്വം ഹിന്ദുകുടുംബനിയമത്തില്‍ മാറ്റം കൊണ്ടുവരുന്നതിനെ അതിശക്തമായി എതിര്‍ത്തു. ഹിന്ദുമതം അപകടത്തിലാണെന്ന് വലിയൊരു വിഭാഗം മുറവിളി കൂട്ടി. ഈ ലോകത്തിന്റെ തുടക്കം മുതല്‍ വൈദികമതം നിലനില്‍ക്കുന്നുണ്ടെന്നും ബുദ്ധിസവും ഇസ്ലാമും ക്രിസ്ത്യാനിറ്റിയും എത്ര ശ്രമിച്ചിട്ടും അതിനെ നശിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും രാംനാരായണ സിങ്ങിനെ പോലുള്ളവര്‍ വാദിച്ചു. ലോകോത്ഭവം തൊട്ട് ഇവിടെ നിലനില്‍ക്കുന്ന നിയമസംഹിതയെ ഒറ്റയടിക്ക് ഇല്ലാതാക്കാനാണ് അംബേദ്കര്‍ ശ്രമിക്കുന്നതെന്ന് സിങ് വാദിച്ചു. ഹൈന്ദവസ്ത്രീകള്‍ മാത്രമല്ല അടിച്ചമര്‍ത്തപ്പെടുന്നതെന്നും ഇങ്ങനെയൊരു നിയമം പാസാക്കിയാല്‍ വര്‍ഗീയത ആളിക്കത്തുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി. ചിലര്‍ ഏകീകൃത സിവില്‍ കോഡ് ഉണ്ടാവട്ടെ എന്ന് വാദിച്ചു. ”ഹിന്ദുകോഡ് രൂപപ്പെടുത്താന്‍ വര്‍ഷങ്ങളെടുത്ത സ്ഥിതിക്ക് ‘ഓള്‍ ഇന്ത്യ സിവില്‍ കോഡിന്’ വേണ്ടി വാദിക്കുന്നവര്‍ക്ക് അറിയാം പത്തുവര്‍ഷം കൊണ്ടൊന്നും അത് സാധ്യമാകില്ലെന്ന്’ – അംബേദ്കര്‍ പറഞ്ഞു. ഹിന്ദുകോഡ് ബില്ലിനെതിരെ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന്റെ ഭാഗത്തുനിന്നുയര്‍ന്ന എതിര്‍പ്പ് നെഹ്‌റുവിനെപോലും പ്രതിരോധത്തിലാക്കി. അവസാനം ബില്ല് ലാപ്‌സാവുന്ന ഒരു ഘട്ടം വന്നപ്പോള്‍ 1951ഒക്ടോബറില്‍ രാജിവെച്ച് പോകാന്‍ അംബേദ്കര്‍ തീരുമാനിച്ചു. എന്തായിരുന്നു രാജിക്ക് യഥാര്‍ത്ഥ കാരണങ്ങള്‍? ഹിന്ദുകോഡ് ബില്ല് പരാജയപ്പെട്ടത് അംബേദ്കറെ കടുത്ത നിരാശയിലാഴ്ത്തി. ഹൈന്ദവ യാഥാസ്ഥിതികതയോട് നിരന്തരം പോരാടേണ്ടിവന്നപ്പോള്‍ പ്രതീക്ഷകള്‍ ഓരോന്നായി കൊഴിഞ്ഞുപോവുകയായിരുന്നു. എന്തുകൊണ്ട് താന്‍ മന്ത്രിസ്ഥാനമൊഴിയുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ വിശദീകരണക്കുറിപ്പിലെ ഒരു വാചകം ഇന്നും പ്രസക്തിയുള്ളതാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ടും ഭരണഘടന അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടാക്കിയിട്ടും അസ്പൃശ്യരുടെ ദുരവസ്ഥയില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്ന് അദ്ദേഹം വേപഥു തൂവി. ”the same old tyranny, the same old oppression, the same old discrimination…” കീഴാളവര്‍ഗമോചനത്തിന്റെ വഴിയില്‍ പിന്നീട് അംബേദ്കര്‍ ചില പുനര്‍വിചിന്തനങ്ങള്‍ക്ക് തയാറെടുക്കുകയായിരുന്നു. അങ്ങനെയാണ് 1956 ഒക്ടോബര്‍ 14ന് 3,65000 ദളിത് അനുയായികളോടൊപ്പം ബുദ്ധമതം ആശ്ലേഷിച്ചുകൊണ്ട് ഹിന്ദുമതത്തോട് വിട ചൊല്ലുന്നത്. ബുദ്ധപൗര്‍ണമി ദിനത്തില്‍ രാജ്യത്തെ അധഃസ്ഥിത വര്‍ഗത്തിന് പുതിയൊരു സ്വത്വവും അസ്തിത്വവും പ്രദാനം ചെയ്യുകയായിരുന്നു ആ പരിഷ്‌കര്‍ത്താവ്. നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ ലക്ഷക്കണക്കിന് ദളിതര്‍ പങ്കെടുത്ത കൂട്ടമതപരിവര്‍ത്തന ചടങ്ങ് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. പിറന്നമണ്ണില്‍ അഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ സവര്‍ണര്‍ നെയ്‌തെടുത്ത അടിമത്തത്തിന്റെ വലയില്‍നിന്ന് സ്വയം രക്ഷപ്പെടുകയേ നിര്‍വാഹമുള്ളൂവെന്ന ഒരു ധിഷണാശാലിയുടെ അധ്യാപനമാണ് അവിടെ പ്രയോഗവത്കരിക്കപ്പെട്ടത്. വൈകാരികത്തള്ളിച്ചയില്‍ എടുത്ത തീരുമാനമായിരുന്നില്ല അത്. രണ്ടുപതിറ്റാണ്ട് മുമ്പേ ഹിന്ദുമതത്തിന്റെ ഉത്തരീയം വലിച്ചെറിയാന്‍ അദ്ദേഹം തീരുമാനിച്ചുറപ്പിച്ചിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം താന്‍ പിറന്നത് ഹിന്ദുവായിട്ടാണെങ്കിലും ആ മതം ഒരിക്കലും തന്നെ മനുഷ്യനായി അംഗീകരിച്ചില്ല എന്ന ബോധം മനഃസാക്ഷിയെ സദാ വേട്ടയാടുന്നുണ്ടായിരുന്നു. 1935ല്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ പതിനായിരക്കണക്കിന് ദളിതുകളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘After giving deep thought to the problem, everybody will have to admit that conversion is necessary to the Untouchables as self government is to India. The ultimate object of both is the same. There is not the slightest difference in their ultimate goal. This ultimate aim is to attain freedom. And if the freedom is necessary for the life of mankind, conversion of Untouchables which brings them complete freedom cannot be called worthless by any stretch of imagination. മനുഷ്യന് സ്വാതന്ത്ര്യം വേണമെങ്കില്‍, ഇന്ത്യക്ക് സ്വയംഭരണാവകാശം പോലെ അസ്പൃശ്യര്‍ക്ക് മതംമാറുക അനിവാര്യമാണ്. പൂര്‍ണമായ സ്വാതന്ത്ര്യമാണ് ലക്ഷ്യമെങ്കില്‍ കീഴാളവര്‍ഗത്തിന് സങ്കല്‍പാതീതമായ സ്വാതന്ത്ര്യം നല്‍കുന്ന മതംമാറ്റം തന്നെയാണ് പോംവഴി.’ അടുത്ത വര്‍ഷം മഹര്‍ വിഭാഗത്തിന്റെ വമ്പിച്ചൊരു സംഗമം ബോംബെയില്‍ നടത്തി അദ്ദേഹം അതാവര്‍ത്തിച്ചു. കൂട്ടമതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് രണ്ട് മാസമേ കഴിഞ്ഞുള്ളൂ , ഡിസംബര്‍ ആറിന് ഡോ. ഭീംറാവു റാംജി അംബേദ്കര്‍ ഈ ലോകത്തോട് വിട പറഞ്ഞു. കീഴാളന്റെ വിമോചനപോരാട്ടത്തിന് നേതൃത്വം കൊടുത്ത മാല്‍ക്കം എക്‌സിന്റെയും ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയും നെല്‍സണ്‍ മണ്ടേലയുടെയും ജനുസ്സില്‍പ്പെട്ട ഒരു പോരാളി. പക്ഷേ, അദ്ദേഹത്തിന്റെ ജീവിത പോരാട്ടത്തെ നിരര്‍ഥകമാക്കിക്കൊണ്ടാണ് ഇന്ത്യാമഹാരാജ്യത്തിന്റെ അഷ്ടദിക്കുകളിലും ദളിതര്‍ ജീവിതദുരന്തങ്ങള്‍ ഇന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. മറ്റൊരു അംബേദ്കറെയാണ് കാലം തേടുന്നത്.
Kasim Irikkoor
You must be logged in to post a comment Login