വിശ്വാസി നിസ്‌കാരത്തില്‍ ദിനേന പാരായണം ചെയ്യുന്ന അധ്യായമാണ് സൂറത്തുല്‍ ഫാതിഹ. അതില്‍ ‘ചൊവ്വായ പാന്ഥാവിലേക്കു നീ എന്നെ വഴി നടത്തണേ’ എന്ന ഒരു വചനമുണ്ട്. വിശ്വാസി ഏതായാലും സന്മാര്‍ഗത്തിലല്ലേ? അങ്ങനെയല്ലെങ്കില്‍ ഓരോ മുസ്ലിമും പലപ്പോഴായി പാരായണം ചെയ്യുന്ന ഈ വചനത്തിന്റെ പ്രസക്തിയെന്ത്?
ഒരു താത്വിക വിശകലനത്തിലൂടെ ഈ ആരോപണം വസ്തുതാപരമാണോ എന്ന് നോക്കാം.
ഒരു നിമിഷം മതി അല്ലാഹുവിന് ഒരാളെ സന്മാര്‍ഗത്തിലാക്കാന്‍. പക്ഷേ, വിശ്വാസം ഉറച്ചുകഴിഞ്ഞാല്‍, ദൈവികമായ ആത്മസംസ്‌കരണത്തിലൂടെ ഒട്ടും വ്യതിചലിക്കാതെ സല്‍പാന്ഥാവില്‍ തന്നെ മരണം വരെ വിശ്വാസി തുടരുമെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? ഒരുതവണ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി വൈദ്യുതി പ്രസരണം ചെയ്യുന്ന വൈദ്യുതി ശേഖരണയന്ത്രം പോലെ ഒരിക്കല്‍ സന്മാര്‍ഗദര്‍ശനം ലഭിച്ചെന്നു കരുതി തുടര്‍ച്ചയുണ്ടാവുമെന്ന് ഖണ്ഡിതമായി പറയാന്‍ കഴിയുമോ?
സന്മാര്‍ഗദര്‍ശനമെന്നത് സ്രഷ്ടാവ് സൃഷ്ടിക്ക് നല്‍കുന്ന ചിന്താശേഷി, ശാരീരികാരോഗ്യം എന്നു തുടങ്ങുന്ന മറ്റു മുഴുവന്‍ അനുഗ്രഹങ്ങളെയും പോലെയാണ്. അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് ഓരോ നിമിഷവും അവ പുതുതായി ലഭിച്ചുകൊണ്ടിരിക്കുന്നു. അവന്‍ നിര്‍ത്തുന്ന പക്ഷം ഏതു നിമിഷവും അവയവസാനിക്കാം. സംസാരശേഷിയും കാഴ്ചയും കേള്‍വിയും ജീവനും- എല്ലാ അനുഗ്രഹങ്ങളും അങ്ങനെ തന്നെയാണ്. അപ്പോള്‍, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും സഹായം കൊണ്ടും മാത്രമേ മനുഷ്യനു സന്മാര്‍ഗത്തില്‍ തുടരാന്‍ കഴിയൂ. മറ്റു മുഴുവന്‍ അനുഗ്രഹങ്ങളുടെ തുടര്‍ച്ചയും തഥൈവ.
സന്മാര്‍ഗദര്‍ശനം സാധ്യമാക്കുന്ന അല്ലാഹുവിന്റെ സഹായവും സംഭരിച്ചുവെക്കാന്‍ കഴിയുന്ന ഒന്നല്ല, എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. അതുകൊണ്ടുതന്നെ, സല്‍വഴിയില്‍ തുടരാന്‍ അനിവാര്യമായ അല്ലാഹുവിന്റെ സഹായത്തെ എല്ലായ്‌പ്പോഴും മനുഷ്യന്‍ ചോദിച്ചുകൊണ്ടേയിരിക്കണം.
‘അല്ലാഹുവേ, പൂര്‍ണമായ ആയുരാരോഗ്യം നല്‍കി അനുഗ്രഹിക്കണേ’, ‘അല്ലാഹുവേ, നല്ല കേള്‍വിയും കാഴ്ചയും നല്‍കി അനുഗ്രഹിക്കണേ’ എന്നെല്ലാം പൂര്‍ണ ആരോഗ്യവും കേള്‍വിയും കാഴ്ചയുമെല്ലാമുള്ള വിശ്വാസി പ്രാര്‍ഥിക്കുമ്പോള്‍ അവയുടെ സമ്പൂര്‍ണ തുടര്‍ച്ചയാണ് അല്ലാഹുവിനോട് ആവശ്യപ്പെടുന്നത്. അതുപോലെ തന്നെയാണ് ‘നീയെന്നെ സന്മാര്‍ഗത്തിലാക്കണേ’ എന്ന വചനവും. അഥവാ, ‘നീയെന്നെ സന്മാര്‍ഗത്തില്‍ അടിയുറച്ചുനിര്‍ത്തണേ’ എന്നര്‍ഥം.
രണ്ട്: ഖുര്‍ആനുമായി ഉണ്ടാവേണ്ട നേരായ സമീപനം പോലെ തന്നെ, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മനുഷ്യന്‍ കൈക്കൊള്ളേണ്ട വിവേകത്തിലും (റുഷ്ദ്) ‘നേരായ വഴി’ പ്രകടമായിരിക്കണം. ദിനേനെ മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന നവംനവങ്ങളായ ജീവിതസാഹചര്യങ്ങളില്‍ നേരായ പാതയിലുള്ള വിവേകം അനിവാര്യമാണല്ലോ. അപ്പോഴെല്ലാം നേര്‍വഴി തെളിച്ചുതരാനും ക്ഷമ കൈക്കൊള്ളാനും അല്ലാഹുവിനോട് സഹായം ആവശ്യപ്പെടണം. അടിമയായ മനുഷ്യന്റെ ഉടമയായ നാഥനോടുള്ള പൂര്‍ണവിധേയത്വത്തിന്റെ ഒരുവശം കൂടിയാണത്. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ‘സ്വിറാതുല്‍ മുസ്തഖീം'(ഋജുവായ മാര്‍ഗം) ജീവിതത്തിന്റെ നിഖില മേഖലകളിലും വ്യാപിച്ചുനില്‍ക്കുന്ന ഇത്തരമൊരു വിശാലാര്‍ഥത്തില്‍ തന്നെ വായിക്കപ്പെടണം.
ജീവിത പ്രതിസന്ധികളില്‍ അല്ലാഹുവിലേക്കുള്ള മടക്കം മാത്രമാണല്ലോ ശരിയായ പരിഹാരം. അതിനുള്ള സുവര്‍ണാവസരങ്ങളാണ് അവനോടുള്ള സംഭാഷണവേളയായ നിസ്‌കാരത്തില്‍ കൈവരുന്നത്. അല്‍ ഫാതിഹ അധ്യായത്തിലെ ‘എന്നെ നീ സന്മാര്‍ഗത്തിലാക്കണേ’ എന്ന വചനത്തില്‍ ഇതു കൂടുതല്‍ പ്രകടമാണ്.
മൂന്ന്: ഈ ആരോപണം പ്രചരിപ്പിക്കുന്നവര്‍ ആത്യന്തികമായി ലക്ഷ്യമിടുന്നത് മുസ്ലിം വിശ്വാസികളില്‍, തങ്ങള്‍ പിന്തുടര്‍ന്നുവരുന്ന മാര്‍ഗമല്ല ‘സ്വിറാതുല്‍ മുസ്തഖീം’ (ഋജുവായ പാത) എന്ന തെറ്റിദ്ധാരണ രൂപപ്പെടുത്താനാണ്. അഥവാ, മുസ്ലിംകള്‍ അല്ലാഹുവിനോട് സന്മാര്‍ഗത്തിലാക്കാന്‍ പ്രാര്‍ഥിക്കുന്നു. അപ്പോള്‍ ഇസ്ലാം അല്ലാത്ത മറ്റൊന്നാണ് യഥാര്‍ത്ഥ മതമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
ആരോപണം വസ്തുതാപരമാണെന്നു സങ്കല്‍പിച്ചാല്‍ തന്നെ ഇസ്ലാമല്ലാത്ത ഏതു മാര്‍ഗമാണ് ഖുര്‍ആന്‍ പറയുന്ന സ്വിറാതുല്‍ മുസ്തഖീമെന്ന് ആരോപകര്‍ നിര്‍വചിക്കണം. ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയും ഖുര്‍ആനിക യാഥാര്‍ത്ഥ്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സുവിശേഷകരുടെ മാര്‍ഗമാവാന്‍ ഒരിക്കലും വഴിയില്ല! ഋജുവായ മാര്‍ഗമേതെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു: ‘നബിയേ, പ്രഖ്യാപിക്കുക: വരൂ, നിങ്ങള്‍ക്ക് രക്ഷിതാവ് നിഷിദ്ധമാക്കിയത് എന്തൊക്കെയാണെന്ന് ഞാന്‍ പറയാം: നിങ്ങളവനോട് യാതൊന്നും പങ്കുചേര്‍ക്കരുത്; മാതാപിതാക്കള്‍ക്കു നന്മ ചെയ്യണം; ദാരിദ്ര്യം മൂലം സ്വന്തം മക്കളെ കൊല്ലരുത് -നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം തരുന്നത്; പ്രത്യക്ഷമോ പരോക്ഷമോ ആയ നീചകൃത്യങ്ങളോടടുക്കുക പോലും അരുത്; അല്ലാഹു ആദരിച്ച ജീവന്‍ ന്യായപ്രകാരമല്ലാതെ കൊല്ലരുത്; ചിന്തിച്ചു ഗ്രഹിക്കുവാനായി അവന്‍ നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്. ഏറ്റം ഉദാത്തമാര്‍ഗേണയല്ലാതെ അനാഥയുടെ സമ്പത്തിനെ നിങ്ങള്‍ സമീപിച്ചുപോകരുത്; അവനു പ്രായപൂര്‍ത്തിയാകും വരെ സംരക്ഷിക്കണം. അളവും തൂക്കവും നീതിപൂര്‍വം പൂര്‍ണമായി നിര്‍വഹിക്കുക. ഏതൊരു വ്യക്തിയോടും കഴിവിനപ്പുറം നാം കല്‍പിക്കുന്നതല്ല. ബന്ധുക്കളോടാണെങ്കില്‍ പോലും, സംസാരിക്കുകയാണെങ്കില്‍ നീതി പുലര്‍ത്തുക; അല്ലാഹുവുമായുള്ള ഉടമ്പടികള്‍ നിറവേറ്റുക. നിങ്ങള്‍ ചിന്തിക്കുന്നതിനായി അവന്‍ നല്‍കുന്ന സദുപദേശമാണിത്. ഇതത്രെ എന്റെ ഋജുവായ പാന്ഥാവ്. അതു നിങ്ങള്‍ അനുധാവനം ചെയ്യുക, മറ്റു വഴികള്‍ പിന്തുടരരുത്; അവയത്രയും അവന്റെ മാര്‍ഗത്തില്‍ നിന്നു നിങ്ങളെ ഭിന്നിപ്പിക്കും. നിങ്ങള്‍ ആലോചിക്കാനായി അവന് സമര്‍പ്പിക്കുന്ന ഉപദേശമാണിത്'(6/151-153).
ഇതാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന, ഒരിക്കലും വ്യതിചലിക്കാന്‍ പാടില്ലാത്ത ഋജുവായ മാര്‍ഗം. ബഹുദൈവാരാധന പാടില്ലെന്നും ഏകദൈവത്തെ ആരാധിക്കണമെന്നും തുടങ്ങി അല്ലാഹു ഏല്‍പ്പിച്ച ഉത്തരവാദിത്വം പൂര്‍ത്തീകരിക്കണമെന്നു കൂടെ പറഞ്ഞുവെക്കുകയാണ് ഖുര്‍ആന്‍. ഇതര മതസ്ഥരെ അപഹസിക്കുകയോ കരിവാരിത്തേക്കുകയോ അരുതെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തുന്നുണ്ടെന്നതും ശ്രദ്ധിക്കുക: ‘വേദക്കാരോട് ഏറ്റവും ഉദാത്തരീതിയിലേ നിങ്ങള്‍ സംവദിക്കാവൂ. അവരിലെ ധിക്കാരികളോടൊഴികെ. ഞങ്ങള്‍ ക്കവതീര്‍ണമായതിലും നിങ്ങള്‍ക്കവതീര്‍ണമായതിലും ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനത്രേ; അവനോട് വിധേയത്വമുള്ളവരാണ് ഞങ്ങള്‍ എന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക’ (29/46).
വിവ: സിനാന്‍ ബശീര്‍
സഈദ് റമളാന്‍ ബൂതി
You must be logged in to post a comment Login