ഉറങ്ങുന്ന കോശങ്ങള്‍


എല്ലാവരും ഭീകരവാദികളല്ലെങ്കിലും ഭീകരവാദികള്‍ ഉണര്‍ത്തിയാല്‍ ഉറഞ്ഞു തുള്ളുന്ന കോശങ്ങളാണ് നോട്ടപ്പുള്ളി സമുദായം. അതിനാല്‍ ഉറങ്ങുന്ന കോശങ്ങളെ തുടച്ചു നീക്കുകയേ നിവൃത്തിയുള്ളൂ. ഇതാണ് ‘തുപ്പാക്കി’കള്‍ പറയുന്നത്.
പി എ എം ശരീഫ്

     ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ സിനിമകള്‍ പുത്തരിയൊന്നുമല്ല. റോജ, ബോംബെ തുടങ്ങിയ മണിരത്നം സിനിമകള്‍ക്കു ശേഷം തമിഴകത്തു നിന്ന് ഇളയ ദളപതി വിജയ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. മുരുകദോസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഭീകരസംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാത്രമല്ല, സാധാരണ മുസ്ലിം ബഹുജനങ്ങളും – തീവ്രവാദികള്‍ തന്നെയാണെന്നാണ് വരുത്തിത്തീര്‍ക്കുന്നത്. തന്റെ തീര്‍പ്പ് ശരിവയ്ക്കുന്നതിനായി ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്ന പ്രയോഗം ടഹലലുശിഴ ഇലഹഹ അഥവാ ഉറങ്ങുന്ന കോശങ്ങള്‍ എന്നാണ്. ഭീകരസംഘടന ഒന്നു തൊട്ടുണര്‍ത്തിയാല്‍ അവരെല്ലാവരും പൂര്‍ണ വളര്‍ച്ചയെത്തിയ ഭീകരവാദികളാകും എന്നുദ്ദേശ്യം. അതുകൊണ്ടു തന്നെ തമിഴിലെ എല്ലാ മുസ്ലിം സംഘടനകളും ഈ ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതോടെ വിജയും- സംവിധായകന്‍ മുരുകദോസും പോലീസ് സംരക്ഷണം തേടിയിരിക്കുകയാണത്രെ.

   മുസ്ലിം പണ്ഡിതര്‍ പൊതുവെ സിനിമയെ അതിന്റെ വഴിക്ക് വിടാറാണ് പതിവ്. സിനിമയെ ശ്രദ്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ല. പക്ഷേ, സിനിമയെന്ന മാധ്യമം സമൂഹത്തില്‍ ആഴത്തില്‍ വേരാഴ്ത്തിയിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പണ്ടൊക്കെ സിനിമ കാണാന്‍ പണംമുടക്കി തിയറ്ററില്‍ പോകണമായിരുന്നു. പക്ഷേ, ഇന്ന് ഓരോരുത്തരുടെയും സ്വീകരണമുറിയില്‍ സിനിമ ലഭ്യമാണ്. ഇത്തരം വികൃത സൃഷ്ടികളാണ് അരുതായ്മകള്‍ക്ക് ന്യായീകരണം നല്‍കുന്നത്. ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ ഗീബല്‍സ് നടപ്പില്‍ വരുത്തിയിരുന്നതും ഇതുതന്നെയാണ്. ഒരു നുണയെ നിരവധി തവണ ആവര്‍ത്തിച്ച് അതിനെ സത്യത്തിന്റെ മേലങ്കി അണിയിക്കുക. ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ നിര്‍വ്വഹിച്ചു പോരുന്നതും ഇതുതന്നെയാണ്. സിനിമകളിലൂടെ ഉരുത്തിരിയുന്ന ഇത്തരം ഗീബല്‍സിയന്‍ സിദ്ധാന്തങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളും ഉള്‍ക്കൊള്ളുമ്പോള്‍ ഒരു നുണ സത്യമായി തലച്ചോറില്‍ കയറുന്നു. ഇതോടെ ഉ•ൂലന സിദ്ധാന്തം പ്രയോഗവത്കരണത്തിന്റെ ഘട്ടത്തിലെത്തുന്നു. ആസാമിലായാലും റോഹിങ്ക്യയിലായാലും കാശ്മീരിലായാലും മുസ്ലിം സിവിലിയ•ാര്‍ അക്രമിക്കപ്പെടുമ്പോള്‍ പൊതുസമൂഹം ഇടപെടാതിരിക്കുന്നത് ഇത്തരം സിനിമികളിലൂടെയുള്ള സ്വാധീനത്താലാണ്. ഏതൊരു സമൂഹത്തെയും ഭൂമുഖത്തുനിന്ന് ഉ•ൂലനം ചെയ്യുന്നതിനു മുന്നോടിയായി സാമൂഹികവും സാംസ്കാരികവുമായ അസ്തിത്വത്തിന് ക്ഷതമേല്പിക്കേണ്ടതുണ്ട്. നോട്ടപ്പുള്ളിസമുദായം നേരിടുന്ന ശാരീരികവും സാംസ്കാരികവുമായ അക്രമങ്ങള്‍ക്ക് ന്യായീകരണം നല്‍കുവാനും സംഭവം വീക്ഷിക്കുന്ന ലോകത്തിന്, ദുരിതം അനുഭവിക്കുന്ന സമുദായമോ അല്ലെങ്കില്‍ അവരുടെ പൂര്‍വ്വീകരോ ചെയ്തുകൂട്ടിയ പാപങ്ങളുടെ തിക്തഫലമാണത് എന്ന തോന്നലുണ്ടാകുവാനും കുറഞ്ഞ പക്ഷം ക്രൂരമായ നിസ്സംഗത കൈക്കൊള്ളാനുമുള്ള മാനസിക നിലപാട് എടുപ്പിക്കാനെങ്കിലും ഇതുവഴി സാധിക്കുന്നു.

    ഇത് ‘തുപ്പാക്കി’യില്‍ അവസാനിക്കുമെന്ന് കരുതാതിരിക്കുകയാണ് ബുദ്ധി. മുന്‍കാല സിനിമകളില്‍ അല്പാല്‍പം വിഷം വമിപ്പിച്ചു തുടങ്ങി: ഇപ്പോള്‍ പൂര്‍ണ അളവില്‍ വിഷം വ്യാപിപ്പിച്ചുവെന്നേയുള്ളൂ. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ‘തുപ്പാക്കി’ മൊഴിമാറ്റം നല്‍കി എത്ര ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്നു! 1993ലെ ബോംബെ സ്ഫോടനങ്ങള്‍ക്കു ശേഷമാണ് ഇത്തരം ചലച്ചിത്രങ്ങള്‍ ഗതിവേഗം കൈവരിക്കുന്നത്. അതേസമയം 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തതാണ് ആത്യന്തികവാദികള്‍ക്ക് ഇറങ്ങിക്കളിക്കാനുള്ള കോണിയൊരുക്കിയതെന്ന സത്യം എല്ലാവരും മറക്കുന്നു. അതേ സമയം സ്ഫോടനപരമ്പരക്ക് ഇന്ത്യയിലെ മുസ്ലിംകളുടെ യാതൊരുവിധ പിന്തുണയുമില്ലായിരുന്നിരുന്നുവെന്നും അത് അധോലോകനായക•ാരായ ഏതാനും ക്രിമിനലുകള്‍ വ്യക്തിപരമായി ചെയ്തതാണെന്നുമുള്ള സത്യത്തിനു നേരെ കണ്ണുചിമ്മുകയും ചെയ്യുന്നു. സ്ഫോടന പരമ്പര ആസൂത്രണം ചെയ്തതില്‍ മുഴുവന്‍ മുസ്ലിംകള്‍ക്കും പങ്കുണ്ടെന്നാണ് വിഷയം കൈകാര്യം ചെയ്യുന്ന എല്ലാ സിനിമകളും പറഞ്ഞു വെക്കുന്നത്.

    തെലുങ്ക് സിനിമയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള പോര് എന്നതില്‍ നിന്നു കൂറേക്കൂടി കടന്ന് മതങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. തപവൃത്തിയിലൂടെ നേടിയെടുത്ത ജ്ഞാനദൃഷ്ടിയും വിജ്ഞാനവും ഒത്തുചേര്‍ന്ന ധീരനായ, സവര്‍ണ ഹിന്ദുവായ നായകന്‍ നാട് മലിനപ്പെടുത്തുവാന്‍ അക്രമികളായെത്തുന്ന മുസ്ലിംകളെ അവതരിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ ഇറങ്ങിത്തുടങ്ങിയിട്ടുമ്ട്. ഹിന്ദു മുസ്ലിം എന്ന പദപ്രയോഗം ഇല്ലെങ്കിലും കാവിയും പച്ചയും നിറത്തിലുള്ള ധ്വജവാഹകരിലൂടെ അനുവാചകന് വേര്‍തിരിച്ചെടുക്കാവുന്ന വിധത്തിലാണ് ചിത്രീകരണം. അവര്‍ഗ്ഗീയമായി ചിന്തിക്കുന്നവരെപോലും ആകര്‍ഷിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതോടൊപ്പം മസാല നൃത്തരംഗങ്ങളും ചേരുവയാക്കുന്നു. ഇത്തരം സവര്‍ണ ഹിന്ദു ബിംബങ്ങളെ സൃഷ്ടിച്ചു കൊണ്ടുള്ള സിനിമകള്‍ മലയാളത്തിലും ധാരാളമായി ഇറങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ‘ബാബകല്യാണി’ കണ്ടാല്‍, മുസ്ലിംവിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെട്ട് പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നതു തന്നെ ബോംബ് നിര്‍മിക്കാനും നിരപരാധികളെ തെരുവില്‍ വധിക്കാനുമാണെന്ന് തോന്നിപ്പോകും. അടുത്ത കാലത്തിറങ്ങിയ ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന ചിത്രത്തില്‍ രാജ്യത്തെ ഒറ്റുകൊടുക്കുന്ന മുസ്ലിം വില്ലനുണ്ട്. ഈ കഥാപാത്രത്തിന്റെ പിതാവാകട്ടെ സ്വാതന്ത്യ്രസമര സേനാനിയും രാജ്യത്തിനുവേണ്ടി കഷ്ടപ്പാടുകള്‍ സഹിക്കുന്ന ധീര•ാരായിട്ടാണ് കഥപറയുന്നത്. ഈ അഛന്‍കഥാപാത്രം മുസ്ലിംകളുടെ മനസ്സിനെ കയ്യിലെടുത്ത് കാര്യം നടത്താനുള്ള സംവിധായകന്റെ തന്ത്രം മാത്രമാണ്. എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ ആകര്‍ഷിക്കപ്പെടുന്ന സാധാരണ പ്രേക്ഷകന്‍, എല്ലാ മുസ്ലിംകളും ഭീകരരല്ല, പക്ഷേ, ഭീകര•ാരെല്ലാം മുസ്ലിംകളാണ് എന്ന വലതുപക്ഷ വിചാരധാരയിലാണ് ചെന്നു നില്‍ക്കുക.

   അജ്മല്‍ കസബ് തൂക്കിലേറ്റപ്പെടാന്‍ കാരണമായ 2008ലെ ബോംബെ ആക്രമണത്തിലായാലും, ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലായാലും സംഭവം നടന്ന ഉടന്‍ മുസ്ലിംകളുടെ മേല്‍ ഉത്തരവാദിത്വം കെട്ടിയേല്പിക്കുമ്പോള്‍, അതില്‍ സത്യമോ ന്യായമോ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു മുമ്പ് തെറ്റായ വിവരങ്ങള്‍ സത്യമായിതന്നെ ഉള്‍കൊള്ളപ്പെടുന്നു. നടേപറഞ്ഞ സിനിമകളും വാര്‍ത്താ മാധ്യമങ്ങളിലൂടെയുള്ള ഗീബല്‍സിയന്‍ അജണ്ടകളും നേരത്തെ തന്നെ സമൂഹത്തില്‍ വേരാഴ്ത്തിയിട്ടുള്ളതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. തീവ്രവാദി എന്നു മാത്രം വാര്‍ത്തയില്‍ പറഞ്ഞാല്‍ സംശയമില്ലാത്തവണ്ണം മുസ്ലിമിന്റെരൂപം അനുവാചകന്റെ മനസ്സിലേക്കു കടന്നുവരുന്നതും മുസ്ലിമല്ലെങ്കില്‍ ഹിന്ദുത്വ തീവ്രവാദിയെന്ന് പ്രത്യേകം പറയേണ്ടിവരുന്നതും ഗീബല്‍സിയന്‍ സൃഷ്ടികളുടെ ഉല്പന്നമാണ്.

    നന്ദേഡ് സ്ഫോടനത്തിലും മക്കാ മസ്ജിദ് സ്ഫോടനത്തിലും മുസ്ലിംകളല്ല ഉത്തരവാദികള്‍ എന്നറിഞ്ഞിട്ടും സമൂഹത്തിന്റെ മനഃസ്ഥിതിമാറ്റാന്‍ മാധ്യമങ്ങളോ സിനിമകളോ ഇനിയും തയ്യാറായിട്ടില്ല. മനുഷ്യര്‍ക്ക് സ്വബുദ്ധികൊണ്ട് ചിന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനുമുള്ള കഴിവിനെ ഇത്തരം ചിത്രങ്ങളും മാധ്യമങ്ങളും ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാവുന്നത്.

   കോയമ്പത്തൂര്‍ വിചാരണകോടതി കുറ്റവിമുക്തനാക്കിയ അബ്ദുല്‍ നാസിര്‍ മഅ്ദനിയെ വീണ്ടും വ്യാജകുറ്റം ചുമത്തി അന്യായമായി ജയിലിലടച്ചിട്ടും ഇന്ത്യന്‍ മനഃസാക്ഷിയും നീതിപീഠങ്ങളും അതിനെതിരെ ഉണരാതിരുന്നത് മഅ്ദനിയോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനോടും സമൂഹത്തില്‍ അവശേഷിക്കുന്ന സംശയം കൊണ്ടുമാത്രമാണ്, ഈ സംശയം നിലനിര്‍ത്തുക എന്ന ചീത്ത ദൌത്യമാണ് ‘തുപ്പാക്കി’യും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.

You must be logged in to post a comment Login