ജാമ്യമാണ് ചട്ടം, ജയില്‍ അപവാദമാണ് എന്നതാണ് ഇന്ത്യന്‍ നീതിന്യായ വ്യയവസ്ഥയെ നയിക്കുന്ന അടിസ്ഥാന ദര്‍ശനങ്ങളിലൊന്ന്. ഏതെങ്കിലും കേസില്‍ ആരോപണവിധേയനായി അറസ്റ്റിലായതുകൊണ്ട് വ്യക്തിയുടെ പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ജാമ്യമാണ് ചട്ടമെന്ന സങ്കല്‍പ്പം നീതിന്യായ സംവിധാനം ഉയര്‍ത്തിപ്പിടിക്കുന്നത്. ആരോപണവിധേയന്‍ കുറ്റവാളിയല്ല. വിചാരണയ്ക്കൊടുവില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുമ്പോള്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുന്നുള്ളൂ. അതുവരെ ആരോപണവിധേയന് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കൊക്കെ അര്‍ഹതയുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരാകുന്നവര്‍, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സ്വാധീനശക്തിയുള്ളവര്‍, കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതിന്റെ ചരിത്രമുള്ളവര്‍ എന്നിവരുടെയെല്ലാം കാര്യത്തില്‍ ജാമ്യം ഒഴിവാക്കുന്നത് നീതിന്യായ സംവിധാനം തീരുമാനിക്കും. ജാമ്യം അനുവദിക്കാതെ തടവറയില്‍ തള്ളാന്‍ പാകത്തില്‍ ഭരണകൂടം നിര്‍മിച്ചിരിക്കുന്ന നിയമവകുപ്പുകള്‍ ചുമത്തി ചാര്‍ജ് ചെയ്യുന്ന കേസുകളുടെ കാര്യത്തിലും ഇതാണ് സ്ഥിതി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് – യു എ പി എ) പോലുള്ളവയിലെ വകുപ്പുകളനുസരിച്ചുള്ള കേസുകളില്‍ ആരോപണ വിധേയരുടെ സ്ഥാനത്തു വരുന്നവരെ 180 ദിവസം വരെ തടവില്‍ വെക്കാന്‍ സാധിക്കും. ഇത്തരം കേസുകളില്‍ ആരോപണ വിധേയരായവര്‍ക്ക്, കോടതികള്‍ തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്നതും പതിവാണ്.
ആത്മഹത്യാ പ്രേരണാ കേസില്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി വിയുടെ എഡിറ്റര്‍ ഇന്‍ ചീഫ്, അര്‍ണബ് ഗോസ്വാമിയുടെ അപേക്ഷ സുപ്രീം കോടതി ധൃതിയില്‍ പരിഗണിച്ച് ജാമ്യം അനുവദിക്കുകയും പൗരാവകാശങ്ങളെക്കുറിച്ച് നിയമപാലന സംവിധാനത്തെയും ഭരണകൂടങ്ങളെയും ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു അടുത്തിടെ. ”ട്വിറ്ററില്‍ രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്റെ പേരില്‍ പോലും ആളുകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയാണ്. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാലത്തിലാണ് നമ്മള്‍ ചരിക്കുന്നത്… പൗരന്‍മാര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നു. ഹൈക്കോടതികള്‍ പോലും ജാമ്യം അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ ശക്തമായൊരു സന്ദേശം നല്‍കാന്‍ സുപ്രീം കോടതി ആഗ്രഹിക്കുന്നു” – അര്‍ണബിനും മറ്റ് രണ്ട് പേര്‍ക്കും ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതി. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയായിരുന്നു ബഞ്ചിലെ മറ്റൊരംഗം.
റിപ്പബ്ലിക് ടി വിയുടെ സ്റ്റുഡിയോ രൂപകല്‍പ്പന ചെയ്യാന്‍ കരാറെടുത്ത അന്‍വയ് നായിക്, അതിന്റെ പണം കൃത്യസമയത്ത് ലഭിക്കാതിരുന്നതുമൂലം സാമ്പത്തിക പ്രതിസന്ധിയിലാകുകയും തുടര്‍ന്ന് മാതാവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ നിര്‍മാണക്കരാറെടുത്ത കമ്പനികളുടെ ഉടമസ്ഥരെയും അര്‍ണബ് ഗോസ്വാമിയെയും പരാമര്‍ശിച്ചിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണബിനെയും മറ്റ് രണ്ടുപേരെയും മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ കേസ് അന്വേഷിച്ച പോലീസ് സംഘം വേണ്ടത്ര തെളിവുകളില്ലെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാറില്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന അനില്‍ ദേശ്മുഖ് മുന്‍കൈ എടുത്ത് രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.
ഹിന്ദുത്വ വര്‍ഗീയതയുടെയും തീവ്ര (കപട) ദേശീയതയുടെയും പ്രചാരകനായി, സ്വന്തം നിലപാടിനോട് യോജിക്കാത്തവരുടെ ശബ്ദം തന്റെ ചാനലിലൂടെ കേള്‍പ്പിക്കില്ലെന്ന ഏകാധിപത്യ നിലപാടെടുക്കുന്ന, സര്‍വോപരി നരേന്ദ്ര മോഡിയുടെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെയും ഉച്ചഭാഷിണിയായി പ്രവര്‍ത്തിക്കുന്ന അര്‍ണബിനെതിരെ മഹാരാഷ്ട്ര പോലീസ് ശക്തമായ നിലപാടെടുക്കുമ്പോള്‍ അതില്‍ ആ സംസ്ഥാനം ഭരിക്കുന്ന ശിവസേന – കോണ്‍ഗ്രസ് – എന്‍ സി പി സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രതിഫലിച്ചിട്ടുണ്ടാകാം. ടെലിവിഷന്‍ റേറ്റിംഗില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് റിപ്പബ്ലിക് ചാനലിനെതിരെ കേസെടുക്കുകയും അര്‍ണബിനെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന് മുംബൈ പോലീസ് സൂചന നല്‍കുകയും ചെയ്തിരുന്നു. അതിന് പിറകെയാണ് ആത്മഹത്യാ പ്രേരണ കേസിലെ അറസ്റ്റുണ്ടാകുന്നത്.
ജാമ്യാപേക്ഷയുമായി അര്‍ണബ് ഉടന്‍ കീഴ്ക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ പരിഗണിക്കാന്‍ തത്കാലം സാധിക്കില്ലെന്ന് കീഴ്ക്കോടതി പറഞ്ഞതോടെ അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതിയെ തന്നെയാണ് ജാമ്യത്തിന് സമീപിക്കേണ്ടത് എന്ന് വ്യക്തമാക്കി ഹൈക്കോടതി അപേക്ഷ തീര്‍പ്പാക്കിയതോടെയാണ് അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചത്. ആ ഹരജി പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കുകയും പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും തന്നെയാണ് പരമോന്നത കോടതി ചെയ്യേണ്ടത്. പക്ഷേ, അര്‍ണബിന്റെ കാര്യത്തില്‍ ആരിലും സംശയം ജനിപ്പിക്കാവുന്ന ധൃതി പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായെന്ന് ദുഷ്യന്ത് ദവെയെപ്പോലുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ണബിന്റെ ഏത് ഹരജി വരുമ്പോഴും ഈ ധൃതി കാണാറുണ്ടെന്നും.
അടിയന്തര പരിഗണന ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സുപ്രീം കോടതിയുടെ മുമ്പാകെ വരാറുണ്ട്. തന്റെ കക്ഷിയുടെ അപേക്ഷയുടെ പ്രാധാന്യം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരികയും ചെയ്യും. അപ്പോഴൊന്നുമുണ്ടാകാത്ത പരിഗണന അര്‍ണബിന്റെ കാര്യത്തിലുണ്ടാകുന്നത് എന്തുകൊണ്ടെന്നതാണ് ചോദ്യം. ഹിന്ദുത്വ വര്‍ഗീയതയുടെ, തീവ്ര ദേശീയവാദത്തിന്റെ പ്രചാരകനായതും നരേന്ദ്ര മോഡി ഭരണകൂടത്തിന്റെ ഉച്ചഭാഷിണിയായി പ്രവര്‍ത്തിക്കുന്നതും ഇത്തരമൊരു പരിഗണനയ്ക്ക് കാരണമായിട്ടുണ്ടോ എന്ന് ന്യായമായും സംശയിക്കണം.
മറാത്തയിലെ ആദ്യത്തെ സംഘടിത ദളിത് സമരത്തിന്റെ ഓര്‍മപുതുക്കലിന് ഭീമ കൊറേഗാവില്‍ ഒത്തുചേര്‍ന്ന ദളിതുകള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണം സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു, 2018ല്‍. ദളിത് ഐക്യത്തിനുള്ള ഏത് ശ്രമത്തെയും തച്ചുടച്ച്, അവരെ സവര്‍ണാധിപത്യത്തിന്‍ കീഴില്‍ അടക്കിയൊതുക്കി നിര്‍ത്തുക എന്ന സംഘപരിവാര്‍ ഉദ്ദേശ്യത്തിന്റെ വക്താക്കളായ നരേന്ദ്ര മോഡി സര്‍ക്കാര്‍ 2018ല്‍ ഭീമ കൊറേഗാവിലുണ്ടായത് രാജ്യത്തിനെതിരായ സമരമായിരുന്നുവെന്നും ഭീകരവാദ പ്രവര്‍ത്തനമായിരുന്നുവെന്നും ആരോപിച്ച് കേസെടുത്തു. സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തും പ്രശസ്തരായ നിരവധിപേരെ യു എ പി എ ചുമത്തി അറസ്റ്റു ചെയ്തു. ഏറ്റവുമൊടുവില്‍ അറസ്റ്റിലായത് ക്രിസ്തീയ പുരോഹിതന്‍, എണ്‍പത്തിമൂന്നുകാരനായ സ്റ്റാന്‍ സ്വാമിയാണ്. പാര്‍ക്കിന്‍സണ്‍സ് ബാധിതനായ അദ്ദേഹത്തിന് കേള്‍വിശക്തി ഏതാണ്ട് പൂര്‍ണമായി ഇല്ലാതായിരിക്കുന്നു. കൈകൊണ്ട് ഒരു ഗ്ലാസ് പിടിക്കാന്‍ പോലും സാധിക്കാത്ത വിധം ദുര്‍ബലനായ അദ്ദേഹത്തിനുമേല്‍ യു എ പി എ ചുമത്തിയതു മൂലം ജാമ്യം നിഷേധിക്കപ്പെട്ടു. വെള്ളം കുടിക്കുന്നതിന് സ്ട്രോയും സിപ്പറും ജയിലില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച അപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ ഐ എയുടെ അഭിഭാഷകന്‍ ചോദിച്ചത് 20 ദിവസമാണ്!
അര്‍ണബ് ഗോസ്വാമി നേരിട്ട പൗരാവകാശ ലംഘനങ്ങളെക്കുറിച്ച് വേവലാതിപ്പെട്ട്, ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കേണ്ടതിന്റെ ആവശ്യകത ഹൈക്കോടതികളെക്കൂടി ബോധ്യപ്പെടുത്താനുള്ള സന്ദേശമാണ് ഈ ഉത്തരവെന്ന് പ്രഖ്യാപിച്ച പരമോന്നത കോടതി അസുഖബാധിതനായ ഈ 83 കാരനെ ജാമ്യം നിഷേധിച്ച് ജയിലിലേക്ക് വിട്ടത് അറിഞ്ഞിട്ടുണ്ടാകില്ല. പൗരന്റെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തരാവസ്ഥയില്‍ പോലും അധികാരമില്ലെന്ന് വിയോജനവിധിയെഴുതിയ എച്ച് ആര്‍ ഖന്നയും പത്രവാര്‍ത്തകള്‍ ഹരജിയായി സ്വീകരിച്ച് തീര്‍പ്പുകല്‍പ്പിക്കുന്ന പതിവ് ആരംഭിച്ച വി ആര്‍ കൃഷ്ണയ്യരുമൊക്കെ ഇരുന്ന കസേരയിലാണ് തങ്ങള്‍ ഇരിയ്ക്കുന്നതെന്ന തോന്നലുണ്ടെങ്കില്‍ കീഴ്ക്കോടതികള്‍ക്ക് സന്ദേശം നല്‍കേണ്ടത് സ്റ്റാന്‍ സ്വാമിമാരെപ്പോലുള്ളവരുടെ കാര്യത്തിലാണ്, അര്‍ണബുമാരുടെ കാര്യത്തിലല്ല.
ഏകാധിപത്യത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ സാധിച്ചുകൊടുക്കും വിധത്തിലാണോ നമ്മുടെ നീതിന്യായ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന സംശയം അടുത്തിടെ ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകയായ സുധ ഭരദ്വാജിന്റെ കാര്യമെടുക്കുക. കീഴ്ക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ദീര്‍ഘ നാള്‍ കഴിഞ്ഞിട്ടും പരിഗണനയ്ക്ക് എടുക്കാതിരുന്ന സാഹചര്യത്തിലാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ട്, പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. സുധ ഭരദ്വാജിന്റെ ഹരജി, സുപ്രീം കോടതിയുടെ പതിവ് രീതിയനുസരിച്ച് പരിഗണനയ്ക്കെടുത്തു. അപ്പോള്‍ കോടതി പറഞ്ഞത്, ജാമ്യം ആവശ്യപ്പെട്ട് സുധ നല്‍കിയ ഹരജി കീഴ്ക്കോടതി പരിഗണിക്കാനിരിക്കയാണ്. അതില്‍ തീര്‍പ്പുണ്ടായതിന് ശേഷമേ മേല്‍ക്കോടതിയിലേക്ക് വരേണ്ടതുള്ളൂവെന്നാണ്. അര്‍ണബ് ഗോസ്വാമിയുടെ ഹരജി ഉടന്‍ പരിഗണിച്ച് ജാമ്യം അനുവദിച്ച്, ഉടന്‍ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് പരമോന്നത കോടതി ഉത്തരവിടുമ്പോള്‍ ഇതേ ഗോസ്വാമിയുടെ ജാമ്യ ഹരജി മഹാരാഷ്ട്രയിലെ കീഴ്ക്കോടതി പരിഗണിക്കാന്‍ വേണ്ടി മാറ്റിവെച്ചിരുന്നു. ജാമ്യത്തിനായി കീഴ്ക്കോടതിയെയാണ് ആദ്യം പരിഗണിക്കേണ്ടത് എന്ന ബോംബെ ഹൈക്കോടതിയുടെ വിധിയുമുണ്ടായിരുന്നു. സുധ ഭരദ്വാജുള്‍പ്പെടെ ഭീമ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട ഉന്നതമായ മാനുഷിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെ മുഴുവന്‍ രാജ്യദ്രോഹികളായും ഭീകരവാദികളായും ശത്രുരാജ്യത്തിന്റെ ചാരന്മാരായുമൊക്കെ തന്റെ ചാനലിലൂടെ മുദ്രകുത്തിയ വ്യക്തിയാണ് അര്‍ണബെന്നത് പരമോന്നത നീതിപീഠത്തിന്റെ മനോഭാവം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്.
മാധ്യമ മുതലാളിയെന്ന പദവി, ഹിന്ദുത്വ ദേശീയതയ്ക്ക് പ്രചാരണം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്ന മാധ്യമം, ഉന്നത ഭരണ നേതൃത്വവുമായി അദ്ദേഹത്തിനുള്ള അടുപ്പം അങ്ങനെ പലതും അര്‍ണബിന് തുണയായുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിച്ചതാണ് അര്‍ണബിന്റെ അറസ്റ്റിന് കാരണമായത് എന്നത് അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമ്മുടെ പരമോന്നത നീതിപീഠം കാണിച്ച ജാഗ്രത പലകാരണങ്ങളാല്‍ ലജ്ജയാണ് ജനിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തിട്ട് ആഴ്ചകളായി. കാപ്പനെ കാണാന്‍ ഉത്തര്‍ പ്രദേശ് പോലീസും ജയില്‍ അധികൃതരും അനുവദിക്കുന്നില്ലെന്ന് കാണിച്ച് കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ സംഘടന നല്‍കിയ ഹരജിയില്‍ ആദ്യം ഉത്തര്‍ പ്രദേശ് സര്‍ക്കാറിന് പറയാനുള്ളത് കേള്‍ക്കട്ടെ എന്നാണ് പരമോന്നത കോടതി കഴിഞ്ഞദിവസം പറഞ്ഞത്. കാപ്പനെ കാണാന്‍ അഭിഭാഷകന് പോലും അനുമതി നല്‍കാത്തത് പൗരാവകാശ ലംഘനമായി കോടതിയ്ക്ക് തോന്നിയതേയില്ല. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് കൈക്കുഞ്ഞുങ്ങളുമായി കാല്‍നടയായി മടങ്ങാന്‍ തുടങ്ങിയ ലക്ഷക്കണക്കായ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയുടെ കാര്യത്തിലും മെല്ലെപ്പോക്കായിരുന്നു നമ്മുടെ നീതിന്യായ സംവിധാനത്തിന്. കേന്ദ്ര ഭരണകൂടത്തിന് പറയാനുള്ളതൊക്കെ കേട്ടതിനുശേഷമൊരു തീര്‍പ്പ്, അത്രയേ ആവശ്യമുള്ളൂ, ഒഴിഞ്ഞ വയറും വിണ്ടുകീറിയ കാലുകളുമായി പൊരിഞ്ഞ വെയിലത്ത് നൂറുകണക്കിന് കിലോമീറ്ററുകള്‍ നടക്കാന്‍ വിധിക്കപ്പെട്ട തൊഴിലാളികളുടെ കാര്യത്തിലെന്നാണ് പരമോന്നത നീതിപീഠത്തിന്റെ വിധിയുണ്ടാവുക. ജമ്മു കശ്മീരിനെ തുറന്ന ജയിലാക്കി, അതിന്റെ പ്രത്യേക പദവി നീക്കം ചെയ്ത്, കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചപ്പോള്‍ തടവിലാക്കപ്പെട്ട പ്രതിപക്ഷ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങളറിയാന്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹരജികളും അടിയന്തരമായി പരിഗണിക്കപ്പെടേണ്ടതായി സുപ്രീം കോടതിക്ക് തോന്നിയിരുന്നില്ല. വൈകി പരിഗണിച്ചപ്പോള്‍ പോലും ഹരജിക്കാരന്‍ പോയി വിവരങ്ങള്‍ ശേഖരിച്ചു വരാനായിരുന്നു വിധി.
മേല്‍പ്പറഞ്ഞവരൊന്നും അര്‍ണബ് ഗോസ്വാമിമാരല്ല. ഹിന്ദുത്വ വര്‍ഗീയതയ്ക്കും ഫാഷിസ്റ്റ് ഭരണകൂടത്തിനും ഓശാന പാടുന്നവരുമല്ല. ഇന്ത്യന്‍ യൂണിയന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളിന്‍മേല്‍ അര്‍ണബുമാര്‍ക്കുള്ള അര്‍ഹത ഇവര്‍ക്കൊന്നുമില്ലെന്ന് പരോക്ഷമായി പറയുകയാണ് നമ്മുടെ നീതിന്യായ സംവിധാനം. ന്യൂനപക്ഷങ്ങള്‍, ഹിന്ദുത്വ ഫാഷിസത്തെ ചെറുത്ത്, മതനിരപേക്ഷ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ ഒക്കെ രണ്ടാം തരം പൗരന്‍മാരോ രാജ്യത്തുനിന്ന് പുറത്താക്കപ്പെടേണ്ടവരോ ആണെന്ന് നിയമഭേദഗതികളിലൂടെയും നിയമബാഹ്യമായ നടപടികളിലൂടെയും നരേന്ദ്ര മോഡി സര്‍ക്കാറും സംഘപരിവാരവും പ്രഖ്യാപിക്കുന്നുണ്ട്. അതിന് സമാന്തരമായാണ് നീതിന്യായ സംവിധാനവും ചരിക്കുന്നത്.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login