1947 ഫെബ്രുവരി 20. ബ്രിട്ടീഷ് പൊതുസഭ ചേരുന്നു. ക്ലമന്റ് ആറ്റ്‌ലിയാണ് പ്രധാനമന്ത്രി. 1948 ജൂണ്‍ മാസത്തിന് മുന്‍പ് ബ്രിട്ടണ്‍ ഇന്ത്യ വിടുമെന്നും ഇന്ത്യയുടെ ചിരകാലഭിലാഷമായ സ്വതന്ത്രഭരണം സാധ്യമാകുമെന്നും ആറ്റ്‌ലി പ്രഖ്യാപിക്കുന്നു. എങ്ങനെ, എപ്പോള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ആ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. നിശ്ചിതമായ ഒരു തീയതിയും പറഞ്ഞില്ല. കാര്യങ്ങള്‍ സുഗമമാക്കാന്‍ മൗണ്ട് ബാറ്റണെ വൈസ്രോയിയായി ഇന്ത്യയിലേക്ക് അയക്കാന്‍ മാത്രം തീരുമാനമായി. മൗണ്ട് ബാറ്റണ്‍ മാര്‍ച്ച് 22-ന് ഇന്ത്യയിലെത്തി.
അന്നുതന്നെ മൗണ്ട് ബാറ്റണ്‍ ഗാന്ധിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. നമുക്കുടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മൗണ്ട് ബാറ്റണ്‍ ഗാന്ധിക്കെഴുതി. ഗാന്ധി അന്ന് ബിഹാറിലായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കഴിയുകയും മഹാസഖ്യം പരാജയപ്പെടുകയും വലതു ഹിന്ദുത്വ അധികാരമേല്‍ക്കുകയും മുസ്ലിം സ്വത്വരാഷ്ട്രീയത്തിന്റെ പുതിയ പതാകവാഹകനായ അസദുദ്ദീന്‍ ഉവൈസി അഞ്ചു സീറ്റുകള്‍ നേടുകയും ചെയ്ത അതേ ബിഹാറിന്റെ പൂര്‍വകാലത്ത്. ഗാന്ധി അവിടെ മുറിവുകള്‍ ഉണക്കുന്ന ശുശ്രൂഷകനായി സ്വയം കണ്ടെത്തിയിരുന്നു. ബിഹാറില്‍, ബംഗാളില്‍ അക്ഷരാര്‍ഥത്തില്‍ മനുഷ്യരക്തം തളംകെട്ടി നിന്നിരുന്നു. നിലവിളികളും തീക്കുണ്ഡങ്ങളുമായിരുന്നു ചുറ്റും. നിങ്ങള്‍ ഓര്‍ക്കുന്നതുപോലെ ബിഹാര്‍ ഗാന്ധിയുടെ ഈറ്റില്ലവുമായിരുന്നു. ഗാന്ധി ഇന്ത്യയിലെ ആദ്യ സത്യഗ്രഹം നടത്തിയത് ബിഹാറിലെ ചമ്പാരനിലാണ്. മറ്റൊരര്‍ഥത്തില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശരിധാരയുടെ പിറവി ബിഹാറിലായിരുന്നു. അന്നാളുകളില്‍ ബിഹാറില്‍ മനുഷ്യര്‍ മരിച്ചുവീണത് മതത്തിന്റെ പേരിലായിരുന്നു. സാമ്രാജ്യത്വത്തിന്റെ, അധിനിവേശത്തിന്റെ അടിത്തറ ഇളകുന്നു എന്ന പരിഭ്രാന്തിയില്‍ ബ്രിട്ടണ്‍ പയറ്റിയ അവസാന തന്ത്രം ബിഹാറിലും ബംഗാളിലും ഉത്തരേന്ത്യയില്‍ മിക്കയിടങ്ങളിലും നന്നേ ഫലിച്ചിരുന്നു. എന്തായിരുന്നു ആ തന്ത്രമെന്ന് ചരിത്രം തീര്‍പ്പാക്കിയിട്ടുണ്ട്. അത് മതവിഭജനത്തിന്റെ കൊടിയ തന്ത്രമായിരുന്നു. ദേശീയപ്രസ്ഥാനത്തില്‍ ഒരുമിച്ചൊഴുകിയിരുന്ന മനുഷ്യരെ മതസ്വത്വത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചാല്‍, നെടുകേ പിളര്‍ത്തിയാല്‍ സമരത്തെ തളര്‍ത്താമെന്നും അധിനിവേശം നീട്ടിക്കൊണ്ടു പോകാമെന്നും ബ്രിട്ടണ്‍ മനസ്സിലാക്കി. ആധുനിക വിദ്യാഭ്യാസമുള്ള, മതജീവിതം നയിക്കാത്ത, എന്നാല്‍ മതസ്വത്വവാദം മനോഹരമായ ഇംഗ്ലീഷില്‍ പറയാന്‍ അറിയുന്ന, അതിബുദ്ധിമാനും ക്രൗഡ് പുള്ളറുമായ ഒരാളായിരുന്നല്ലോ മുഹമ്മദലി ജിന്ന. ജിന്ന അന്നോളം ദേശീയപ്രസ്ഥാനത്തിന്റെ അതിഗംഭീര ധാരകളില്‍ പേരുചേര്‍ക്കപ്പെട്ട ആളായിരുന്നില്ല. മതാത്മകമായിരിക്കുമ്പോഴും ഇന്ത്യന്‍ ദേശീയപ്രസ്ഥാനം മതപരമായി വിഭജിതവുമായിരുന്നില്ല. പക്ഷേ, വിഭജിക്കാന്‍ ജിന്ന തിരഞ്ഞെടുക്കപ്പെട്ടു. പിളര്‍പ്പിന്റെ അധിനിവേശ യുക്തികള്‍ക്ക് ഒരു ആരാച്ചാരുണ്ടായി. പൊടുന്നനെ ദേശീയപ്രസ്ഥാനം ദുര്‍ബലമായി. മുസ്ലിംകള്‍ക്ക് ഒരു രാഷ്ട്രം എന്ന വാദം ഉയര്‍ത്തപ്പെട്ടു. വിശ്വാസി മുസ്ലിമല്ലാത്ത ജിന്ന ആ വാദത്തിന്റെ മിശിഹയായി. അയാളുടെ അസാധാരണ വ്യക്തിത്വത്താല്‍ ആ വാദങ്ങള്‍ അപാരമായി പ്രകാശിക്കപ്പെട്ടു. രണ്ടായി പിളര്‍ന്ന ദേശീയമനുഷ്യര്‍ പരസ്പരം തലകീറി തിമിര്‍ത്ത ബിഹാറിലേക്കാണ് മൗണ്ട് ബാറ്റന്റെ സന്ദേശമെത്തിയത്. കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം ഗാന്ധി സ്വീകരിച്ചു. ഖിന്നനും ക്ഷീണിതനുമായിരുന്നു ഗാന്ധി.
1947 മാര്‍ച്ച് 31-ന് ഗാന്ധി ഡല്‍ഹിയിലെത്തി. അന്ന് തൂപ്പുകാരുടെ കോളനിയില്‍ അവരോടൊപ്പം താമസിച്ചു. പിറ്റേന്ന് ഗാന്ധി മൗണ്ട് ബാറ്റണ്‍ പാര്‍ക്കുന്ന വൈസ് റീഗല്‍ പാലസിലേക്ക് ചെന്നു. ഇന്ത്യയുടെ വിധി നിര്‍ണയിക്കാനെത്തിയ മൗണ്ട് ബാറ്റണുമായുള്ള ഗാന്ധിയുടെ ആദ്യ കൂടിക്കാഴ്ച. അങ്ങേയറ്റം സൗഹാര്‍ദപരമായിരുന്നു ആ സംഭാഷണം. ഗാന്ധിയുടെ പൂര്‍വകാലങ്ങള്‍, ലണ്ടനിലെ പഠനകാലം, ദക്ഷിണാഫ്രിക്കന്‍ ജീവിതം എല്ലാം മൗണ്ട്ബാറ്റണ്‍ ആദരവോടെ ചോദിച്ചറിഞ്ഞു. അധികാരം കൈമാറാന്‍ ഒരുങ്ങിവന്നതായിരുന്നല്ലോ മൗണ്ട് ബാറ്റണ്‍. അധിനിവേശശക്തികള്‍ക്ക് ഏത് ഭാവവും അതിവേഗം വഴങ്ങും. പിന്നീട് ആ സംഭാഷണം സ്വാഭാവികമായും ദേശീയപ്രസ്ഥാനത്തിലേക്കും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിലേക്കും അധികാരകൈമാറ്റത്തിലേക്കും ചെന്നെത്തി. പൊടുന്നനെ ഗാന്ധി തികച്ചും അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായ ഒരു നിര്‍ദേശം മൗണ്ട് ബാറ്റണ് മുന്നില്‍ അവതരിപ്പിച്ചു. അതിങ്ങനെ ആയിരുന്നു: ‘മുഹമ്മദലി ജിന്നയെ സര്‍ക്കാരുണ്ടാക്കാന്‍ വൈസ്രോയി ക്ഷണിച്ചാല്‍ കോണ്‍ഗ്രസ് അതിനെ സര്‍വാത്മനാ സമ്പൂര്‍ണമായി പിന്തുണക്കും.’ എപ്പോഴാണ് ഗാന്ധി അത്തരം ഒരു തീരുമാനത്തില്‍ എത്തിയതെന്ന് ചരിത്രത്തില്‍ ഇല്ല. ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ രാമചന്ദ്ര ഗുഹ എഴുതുന്നത് പാറ്റ്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തീവണ്ടി യാത്രയിലാവാം ഈ ചിന്ത അങ്കുരിച്ചത് എന്നാണ്. ബംഗാളിലും ബിഹാറിലും വര്‍ഗീയകലാപങ്ങള്‍ പടരുകയായിരുന്നല്ലോ? വഴിയിലുടനീളം രണ്ടായി പിളര്‍ന്ന മനുഷ്യര്‍ പരസ്പരം കൊന്നുവീഴ്ത്തുന്ന കാഴ്ചകളുമായിരുന്നല്ലോ? ഹിന്ദു-മുസ്ലിം യോജിപ്പിന് ജിന്നയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ കാരണമാകുമെങ്കില്‍ ആകട്ടെ എന്ന് ഗാന്ധി കരുതിയിരിക്കണം. നിര്‍ഭാഗ്യവശാല്‍ അത് ഗാന്ധിയുടെ മാത്രം ആശയമായിരുന്നു; കോണ്‍ഗ്രസിന്റേതായിരുന്നില്ല. ബ്രിട്ടണ്‍ ആഗ്രഹിച്ച മുറിവുകള്‍ കൂടുതല്‍ ആഴത്തില്‍ രൂപപ്പെടാന്‍ തുടങ്ങുന്നു.
ബുദ്ധിമാനായിരുന്നു മൗണ്ട് ബാറ്റണ്‍. ഈ നിര്‍ദേശങ്ങള്‍ രേഖാമൂലം തരാന്‍ അയാള്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഗാന്ധി ഒരുപേജുള്ള കുറിപ്പ് മൗണ്ട് ബാറ്റണ് നല്‍കി. ജിന്നയോട് കോണ്‍ഗ്രസ് സഹകരിക്കും എന്ന ഉറപ്പ് ആ കുറിപ്പിലുണ്ടായിരുന്നു. ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അതിന് സന്നദ്ധമാവും. തര്‍ക്കമുണ്ടായാല്‍ മൗണ്ട് ബാറ്റണ്‍ മധ്യസ്ഥനാവണം. ജിന്ന ഈ വാഗ്ദാനം നിരസിച്ചാല്‍ അതേ നില കോണ്‍ഗ്രസിന് നല്‍കണം. മൗണ്ട് ബാറ്റണും ബ്രിട്ടണും പ്രതീക്ഷിച്ചതുപോലെ ഗാന്ധിയുടെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. നെഹ്‌റുവും പട്ടേലും ശക്തമായി വിയോജിച്ചു. ഖാന്‍ അബ്ദുല്‍ഗഫാര്‍ഖാന്‍ യോജിച്ചു. ദൗത്യം പരാജയപ്പെട്ട വിവരം ഗാന്ധി മൗണ്ട് ബാറ്റണെ അറിയിച്ചു. കോണ്‍ഗ്രസും ലീഗും തമ്മിലെ ബന്ധം സമ്പൂര്‍ണമായി തകര്‍ന്നു. ഏപ്രില്‍ ആറിന് ജിന്നയും സഹോദരി ഫാത്തിമയും വൈസ്രോയിയുടെ കൊട്ടാരത്തില്‍ അത്താഴവിരുന്നിന് ക്ഷണിക്കപ്പെട്ടു. ആ സന്ദര്‍ശനത്തെക്കുറിച്ച് ലേഡി മൗണ്ട് ബാറ്റണ്‍ ഡയറിയില്‍ കുറിച്ചത് രാമചന്ദ്ര ഗുഹ ഇങ്ങനെ രേഖപ്പെടുത്തുന്നു: ”ബുദ്ധിയുള്ള മനുഷ്യരാണ് ഇരുവരും. പക്ഷേ, പാകിസ്ഥാനെക്കുറിച്ച് ഭ്രാന്തവും അപ്രായോഗികവുമായ നിലപാടാണ് അവരുടേത്.”
ദേശീയപ്രസ്ഥാനം ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമായിരുന്നു. ഏറ്റവും വലിയ അധിനിവേശവിരുദ്ധ പ്രസ്ഥാനമായിരുന്നു. അധിനിവേശയുക്തിയുടെ ഭരണരൂപമാണ് ഫാഷിസം. ഒരര്‍ഥത്തില്‍ അത് തദ്ദേശീയ അധിനിവേശമാണ്. ഒരു രാഷ്ട്രത്തിനകത്തെ ശക്തികള്‍ ആ രാഷ്ട്രത്തിലെ ഇതര മനുഷ്യര്‍ക്കുമേല്‍ നടത്തുന്ന അധിനിവേശം. സാമ്രാജ്യത്വ അധിനിവേശത്തിന്റെ മുഖ്യപണി കൊള്ളയാണ്. അധിനിവിഷ്ഠ ദേശത്തെ വിഭവങ്ങളെ കൊള്ളയടിച്ച് വീര്‍ക്കലാണ്. തദ്ദേശീയ അധിനിവേശത്തിന്റെ, ഫാഷിസത്തിന്റെ ഭരണശൈലിയും കൊള്ളയാണ്. വിഭവങ്ങളെ കൊള്ളയടിച്ച് സ്വന്തക്കാരെ വീര്‍പ്പിക്കുക. ഈ സ്വന്തക്കാരാണ് ഫാഷിസ്റ്റ് ഭരണകൂടത്തെ താങ്ങിനിര്‍ത്തുക. പിന്നീട് ഈ സ്വന്തക്കാര്‍ അത്തരം ഭരണകൂടങ്ങളെ സൃഷ്ടിക്കുക വരെ ചെയ്യും.
ഫാഷിസത്തിന് ഏറ്റവും വലിയ ഒളിയിടമുള്ളത് ജനാധിപത്യത്തിലാണ്. അധിനിവേശത്തിന്റെ രാഷ്ട്രീയ യുക്തിയിലാണ് ഫാഷിസം നിലനില്‍ക്കുന്നതെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ ജനാധിപത്യത്തിന് അധിനിവേശത്തോടും വിദൂരമായ ചാര്‍ച്ചയുണ്ട്. ജനഹിതമാണ്, അതിന്റെ സാങ്കേതികമായ ഭൂരിപക്ഷമാണ് ജനാധിപത്യത്തിലെ ഭരണത്തെ നിര്‍ണയിക്കുക. അത് ജനാഭിലാഷമോ ജനഭൂരിപക്ഷമോ ആവണമെന്നില്ല. സാങ്കേതിക ഭൂരിപക്ഷം നിര്‍മിച്ചെടുക്കുക എന്നത് സാധ്യമായ ഒന്നാണ്. ചിട്ടയോടെയുള്ള ഇലക്ടറല്‍ എഞ്ചിനീയറിംഗാണ് അതിന് വേണ്ടത്. ഇന്ത്യന്‍ ദേശീയ ഫാഷിസം നരേന്ദ്രമോഡി ഗവണ്‍മെന്റിനെ സൃഷ്ടിച്ചത് ആ എഞ്ചിനീയറിംഗിലൂടെയാണ്. അതൊരിക്കലും നിയമവിരുദ്ധമോ തത്വത്തില്‍ ജനാധിപത്യവിരുദ്ധമോ ആയ ഒരു കാര്യമല്ല. സുശക്തമായ സംഘടനാ സംവിധാനവും പണക്കൊഴുപ്പും ഈ എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള സംഘവുമുണ്ടെങ്കില്‍ സാധ്യമായ ഒന്നാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്, അവരുടെ വിശ്വാസമാര്‍ജിച്ച്, ദേശത്തിന്റെ വികസനത്തില്‍ പങ്കാളിത്തം വഹിച്ച്, ജനതയുടെ അംഗീകാരം നേടി, ആ അംഗീകാരത്തെ തിരഞ്ഞെടുപ്പ് വിജയമാക്കി പരിവര്‍ത്തിപ്പിക്കുക എന്നതാണ് സര്‍ഗാത്മക ജനാധിപത്യത്തിന്റെ വഴി. എന്നാല്‍ എഞ്ചീനിയറിംഗ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് ആ വഴിയില്‍ അല്ല. മറിച്ച് ജനാഭിപ്രായത്തെ കൃത്രിമമായി സൃഷ്ടിക്കലാണ്. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന അഭിപ്രായം ജനത്തിന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് ഉരുവാകുന്ന ഒന്നായിരിക്കില്ല. തികച്ചും ആസൂത്രിതമായി ഒരു പ്രശ്‌നം സൃഷ്ടിക്കപ്പെടുകയാണ് എഞ്ചിനീയറിംഗ് ജനാധിപത്യത്തില്‍ സംഭവിക്കുക. അത് പലപ്പോഴും വൈകാരികമായി ജനതയെ പിളര്‍ത്താന്‍ പാങ്ങുള്ള എന്തെങ്കിലും പ്രശ്‌നമായിരിക്കും. മതം അത്തരത്തില്‍ ഒരു പ്രശ്‌നമാണെന്ന് അധിനിവേശ ഇന്ത്യയില്‍ ബ്രിട്ടണ്‍ മനസ്സിലാക്കിയതുപോലെ ജനാധിപത്യ ഇന്ത്യയില്‍ ബി ജെ പിയും മനസ്സിലാക്കിയിട്ടുണ്ട്.
അതിലും കടന്ന് മൂലധനത്തിന് ഇച്ഛയെ സൃഷ്ടിക്കുവാനും നിയന്ത്രിക്കുവാനുമുള്ള കഴിവ് സംഘപരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതൊരു സവിശേഷമായ എഞ്ചിനീയറിംഗാണ്. വികാരത്തെയും വിചാരത്തെയും രൂപപ്പെടുത്താവുന്ന രീതിയില്‍ മൂലധനശക്തികള്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിക്കളിക്കും. അതൊരു ദീര്‍ഘകാല ഫലം ലഭിക്കുന്ന പദ്ധതിയാണ്. ഭൂരിപക്ഷം മാധ്യമങ്ങള്‍ ഒരു മൂലധന നിര്‍മിതിയാണെന്നും വ്യവസായമാണെന്നും നമുക്കറിയാം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിലെ മൂലധന എഞ്ചിനീയറിംഗാണ്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. നോക്കൂ, നാം ജിന്നയെക്കുറിച്ച് ഈ കുറിപ്പില്‍ അധികമൊന്നും പറഞ്ഞില്ലെങ്കിലും നിങ്ങള്‍ക്ക് അദ്ദേഹത്തെ മനസ്സിലായിട്ടുണ്ടാവും. പില്‍ക്കാലത്തെ ചില സാമ്രാജ്യത്വ- അധിനിവേശ- കൊളോണിയലിസ്റ്റ് പഠനങ്ങള്‍ ജിന്നയെ ബ്രിട്ടീഷ് ഏജന്റ് എന്ന് വിശേഷിപ്പിച്ചതും നിങ്ങള്‍ക്കറിയാം. വസ്തുത അതായിരിക്കണമെന്നില്ല. മറിച്ച് അയാള്‍ വളരെ സ്വാഭാവികമായും അന്നത്തെ സാഹചര്യവും മുസ്ലിം പ്രശ്‌നവും മനസ്സിലാക്കി സ്വത്വവാദപരമായ ഒരു നിലപാട് സ്വീകരിച്ചതാവണം. ആ വാദം പില്‍ക്കാല ഇന്ത്യയില്‍ മുസ്ലിമിനെ രണ്ടാം തരം പൗരത്വത്തിലേക്കും നിത്യസംശയത്തിലേക്കും അപഹസിക്കലുകളിലേക്കും തള്ളിയിടുമെന്ന് അയാള്‍ കരുതിയിട്ടുണ്ടാവണം എന്നില്ല. പക്ഷേ, ആ സാന്നിധ്യത്തില്‍ ഒരു പിളര്‍പ്പിന്റെ സാധ്യതയെ അധിനിവേശ ശക്തികള്‍ തിരിച്ചറിയുകയും ജിന്നയുടെ മുന്നേറ്റത്തെ അവര്‍ വളര്‍ത്തുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ഇന്ത്യയുടെ ഭാഗധേയ നിര്‍മിതിയില്‍ നെടുനായകത്വം വഹിക്കുകയും ചെയ്ത ഒരു സമുദായത്തെ ജിന്ന ദുര്‍ബലപ്പെടുത്തി എന്നത് വസ്തുതയാണ്. മഹാചരിത്രത്തില്‍ നിന്ന് ആ ജനത പുറത്താക്കപ്പെട്ടു. വിഭജനം നഷ്ടമുണ്ടാക്കിയത് മുസ്ലിം മനുഷ്യര്‍ക്കാണ്. ജിന്നയെ വളര്‍ത്തിയ ആ പണി ഒരു എഞ്ചിനീയറിംഗാണ്. മൂലധനം ഇടപെട്ട, അധിനിവേശാധികാരം ഇടപെട്ട ഒരു എഞ്ചിനീയറിംഗ്.
2014-ല്‍ വന്‍ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരമേറ്റ ഇന്ത്യന്‍ തീവ്രവലതുപക്ഷം ഫാഷിസത്തോടാണ് ചാര്‍ച്ച പുലര്‍ത്തുന്നതെന്ന് നമുക്കറിയാം. സീറ്റെണ്ണത്തില്‍ ഭൂരിപക്ഷമായിരിക്കുമ്പോഴും 33 ശതമാനത്തിന്റെ പിന്തുണയേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. പിന്നീട് സംസ്ഥാനങ്ങളെ ഒന്നൊന്നായി കാല്‍ക്കീഴിലാക്കാനുള്ള ദീര്‍ഘപദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടു. നമ്മള്‍ നേരത്തെ കണ്ട എഞ്ചിനീയറിംഗാണ് പ്രയോഗിച്ചത്. ഫലം കണ്ടു. കണ്ടുകൊണ്ടിരിക്കുന്നു. ബിഹാറില്‍ ഇപ്പോള്‍ കണ്ടത് ആ പരിപാടിയുടെ രാക്ഷസരൂപമാണ്.
കുറച്ചുകൂടി ചരിത്രം പറയാം. വിഭജനാനന്തരമുള്ള ഇന്ത്യന്‍ പുനഃസംഘടന ഓര്‍ക്കുക. ഹൈദരാബാദ് ഒരു സ്വതന്ത്ര സംസ്ഥാനമാകണമെന്ന, അക്കാലത്ത് ഒട്ടും പ്രായോഗികമല്ലാത്ത ഒരു നിലപാട് ഉയര്‍ന്നുവരുന്നു. ബ്രിട്ടണ്‍ ആഗ്രഹിച്ച തര്‍ക്കങ്ങളായിരുന്നു അതെല്ലാമെന്ന് ഇന്ന് നാം മനസ്സിലാക്കുന്നുണ്ട്. അന്ന് സ്വതന്ത്ര ഹൈദരാബാദ് പ്രസ്ഥാനത്തിലേക്ക് മതസ്വത്വവാദത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ഒരു സംഘടനയുണ്ട്. വിഭജനാനന്തര ഇന്ത്യയില്‍ സ്വതന്ത്ര ഹൈദരാബാദ് എന്ന ആശയത്തിലേക്ക് മുസ്ലിം സ്വത്വവാദത്തെ അപകടകരമായി പ്രക്ഷേപിച്ച ആ സംഘടനയുടെ പേര് റസാക്കര്‍ മൂവ്‌മെന്റ് എന്നാണ്. ഹൈദരാബാദ് സംസ്ഥാനത്തെ കൊടും സമ്പന്നരും വ്യവസായികളും വരേണ്യരുമായ മുസ്ലിംകളെയാണ് ആ സംഘടന പ്രതിനിധീകരിച്ചിരുന്നത്. വിദ്യാസമ്പന്നനായ കാസിം റസ്്വി ആയിരുന്നു നേതാവ്. പിന്നീട് ഇന്ത്യന്‍ പട്ടാളത്തിന് റസ്്വി കീഴടങ്ങി. അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ച മുസ്ലിംകളെ വഞ്ചിച്ചെന്നോണം റസ്്വി പാകിസ്ഥാനിലേക്ക് പൊയ്‌ക്കൊള്ളാമെന്ന കരാറുണ്ടാക്കി ജയില്‍മോചിതനായി. അതിനുശേഷമാണ് റസ്്വിയുടെ പ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി അബ്ദുല്‍ വാഹിദ് ഉവൈസി മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ കൊച്ചുമകനാണ് മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.
ബാബരി അനന്തര ഇന്ത്യയാണ് ഉവൈസിയുടെ തട്ടകം. അസ്വസ്ഥരും നിരാലംബതയുടെ കനലുകളില്‍ പൊള്ളിനില്‍ക്കുന്നവരുമായ മുസ്ലിംകളോടാണ് ഉവൈസി ചടുലമായി സംസാരിക്കുന്നത്. സ്വാഭാവികമായും വലിയ വിഭാഗം ഉവൈസിയില്‍ ആലംബം കാണുന്നു. വിഭജനത്താല്‍ മുറിവേറ്റ, വിഭജനത്തിന്റെ പ്രകമ്പനങ്ങളാല്‍ വലഞ്ഞ, ഇരുരാഷ്ട്രങ്ങള്‍ക്കിടയില്‍ പെട്ട് സ്വത്വത്തെ പേടിച്ച ഹൈദരാബാദി മുസ്ലിംകളോട് കാസിം റസ്്വി സംസാരിച്ച അതേ ഭാഷ. ആ ഭാഷ ആളെപ്പിടിക്കുന്ന ഭാഷയാണെന്ന് ഉവൈസിക്ക് അറിയാം. അതിനാലാണ് മഹാരാഷ്ട്രയില്‍ 24 സീറ്റുകളില്‍ മത്സരിച്ച് ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഒരു ശതമാനം നേടാന്‍ അദ്ദേഹത്തിന്റെ ഹൈദരാബാദി പാര്‍ട്ടിക്ക് കഴിഞ്ഞത്. അതിനാലാണ് ബിഹാറില്‍, അതേ നാം ആദ്യം കണ്ട, ഗാന്ധി പുറപ്പെട്ട ബിഹാറില്‍, അഞ്ച് സീറ്റില്‍ ജയിക്കാനും സംഘപരിവാറിനെതിരെ, ഇന്ത്യന്‍ ഫാഷിസത്തിനെതിരെ, ജനാധിപത്യത്തെ ഫാഷിസത്തിന് ഒറ്റുകൊടുത്ത നിതീഷ് കുമാറിന് എതിരെ, സ്വാഭാവികമായി ഉയര്‍ന്നുവന്ന, ബലഹീനതകള്‍ ഏറെയുള്ള, എന്നാല്‍ ഫാഷിസത്തിനെതിരെ ജനാധിപത്യ മതേതരത്വത്തിന്റെ ചേരിയില്‍ നില്‍ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ നാം പിന്തുണക്കേണ്ട, ഇന്ത്യന്‍ ന്യൂനപക്ഷങ്ങളും ദളിതുകളും മുന്‍ പിന്‍ നോക്കാതെ പിന്തുണക്കേണ്ട മഹാസഖ്യത്തെ പലയിടങ്ങളില്‍ പരാജയപ്പെടുത്താനും ഉവൈസിക്ക് കഴിഞ്ഞത്. ഫലം ഇന്ത്യന്‍ ജനാധിപത്യത്തിലെ, ആധുനിക ഇന്ത്യയിലെ തിരുത്തലുകളുടെ പ്രഭവസ്ഥാനമായ ബിഹാര്‍ ഇന്ത്യന്‍ ഫാഷിസത്തിന്റെ സുശക്ത നിക്ഷേപമായി പരിണമിച്ചു.
മതേതരത്വം നിലനിര്‍ത്തേണ്ട ബാധ്യത മുസ്ലിമിന് മാത്രമാണോ? ഉവൈസി സംഘപരിവാര്‍ ഏജന്റാണെന്ന് പറയുന്നതില്‍ എന്തു യുക്തിയുണ്ട്? മഹാസഖ്യത്തിലേക്ക് ഉവൈസിയെ ചേര്‍ക്കാതിരുന്നത് എന്തുകൊണ്ട്? കോണ്‍ഗ്രസിന്റെ പതനത്തിന് ഉവൈസിയെ കുറ്റപ്പെടുത്താമോ തുടങ്ങിയ ചോദ്യങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. വര്‍ത്തമാനത്തെ മാത്രം പരിഗണിച്ചാല്‍ സാധുവായ ചോദ്യങ്ങള്‍. പക്ഷേ, വര്‍ത്തമാനം എന്നത് ചരിത്രത്തിന്റെ നിര്‍മിതിയാണ്. ജിന്നയും കാസിം റസ്്വിയും ബ്രിട്ടണും ജര്‍മനിയും ഹിറ്റ്‌ലറും മുതല്‍ മോഡിയും അമിത്ഷായും സംഘപരിവാറും വരെ അതേ ചരിത്രത്തിലുണ്ട്. സ്വത്വവാദത്തിന്റെ ഏത് രാഷ്ട്രീയരൂപവും അധിനിവേശത്തിനുള്ള മുന്‍വാതിലാണ്. കാരണം അത് പിളര്‍പ്പിന്റെ യുക്തിയില്‍ അധിഷ്ഠിതമാണ്. ഇന്ത്യന്‍ ഫാഷിസത്തെ, പൗരത്വ നിയമ ഭേദഗതിയെ ഒരു മുസ്ലിം പ്രശ്‌നമായി മാറ്റേണ്ടത് സംഘപരിവാറിന്റെ ദീര്‍ഘകാല താല്പര്യമാണ്. ദേശീയപ്രസ്ഥാനത്തില്‍ ജിന്നവഴി സാധ്യമാക്കിയ താല്‍പര്യം. അപരത്വത്തെ നിര്‍മിച്ചെടുക്കാനുള്ള എഞ്ചിനീയറിംഗാണ് രാജ്യത്ത് നടക്കുന്നത്. അതിന് സൗജന്യ ഇന്ധനം നല്‍കുന്ന പണിയാണ് മുസ്ലിം സ്വത്വവാദം. ഉവൈസിയാല്‍ നടപ്പാക്കപ്പെടുന്നത് അതാണ്. അറിഞ്ഞായാലും അല്ലെങ്കിലും നഷ്ടം ജനാധിപത്യത്തിനാണ്. പിന്നെ ഉവൈസി എന്തുചെയ്യണമായിരുന്നു എന്ന ചോദ്യമുണ്ട്. കാസിം റസ്്വി എന്തു ചെയ്യണമായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം, ജിന്ന എന്തു ചെയ്യണമായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ചരിത്രത്തിലുണ്ട്. ഫാഷിസത്തിലേക്ക് ജനാധിപത്യത്തില്‍ നിന്ന് വഴിയുണ്ട് എന്നതുപോലെ ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ഏക വാതിലുള്ളതും വിശാല മതേതര ബഹുസ്വര ജനാധിപത്യത്തിലാണ്. ഉവൈസി മനസ്സിലാക്കാത്തതും അതുതന്നെയാണ്.
കെ കെ ജോഷി
You must be logged in to post a comment Login