വിഭജനത്തിന്റെയും വര്‍ഗീയകലാപങ്ങളുടെയും ഓര്‍മകള്‍ തളംകെട്ടിനിന്ന 1952 കാലഘട്ടത്തിലെ ഇരുളുറഞ്ഞ സാമൂഹികാന്തരീക്ഷം. ഒരുപറ്റം തീവ്ര ഹൈന്ദവ വര്‍ഗീയവാദികള്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നതിന്റെ ഞെട്ടലില്‍നിന്ന് രാജ്യം മുക്തമായിട്ടില്ല. അതിനിടയിലാണ് ഡല്‍ഹിയിലെ അഭ്യസ്തവിദ്യരായ ഒരു മുസ്ലിം യുവാവും ബ്രാഹ്മണ യുവതിയും സിവില്‍ മാര്യേജ് നിയമമനുസരിച്ച് വിവാഹിതരാകുന്നത്. യുവാവ് കോണ്‍ഗ്രസുകാരനായിരുന്നു. ഇരുവരും അവരവരുടെ മതത്തില്‍ ഉറച്ചുനിന്നു. എന്നിട്ടും ഹിന്ദുമഹാസഭ വിഷയം വിവാദമാക്കി. കോണ്‍ഗ്രസ് വിരുദ്ധ, മുസ്ലിം വിരുദ്ധ വികാരം ഡല്‍ഹിയിലാകമാനം ആളിക്കത്തിച്ചു. യുവാവ് ‘ഖുറൈശി’ ആയതുകൊണ്ട് ആ വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ നിരവധി ആക്രമണങ്ങളുണ്ടായി. തുര്‍ക്കുമാന്‍ ഗേറ്റിന് സമീപം മൊഹല്ല റഖ്ഗഞ്ചിലും ഖസബപൂരിലും പലതവണ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുയുവതിയെ മുസ്ലിം യുവാവ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി എന്ന തരത്തില്‍ വ്യാപക ദുഷ്പ്രചാരണങ്ങളുണ്ടായി. ദിവസങ്ങളോളം നീണ്ട ഹര്‍ത്താലുകള്‍ ജനജീവിതം സ്തംഭിപ്പിച്ചു. ബ്രാഹ്മണ യുവതിയായ രാജ് ശര്‍മയെ ജീവിതപങ്കാളിയായി കണ്ടെത്തിയ മുസ്ലിം യുവാവിന്റെ പേര് സിക്കന്തര്‍ ബക്ത് എന്നായിരുന്നു. അതേ, 1977മുതല്‍ ജനസംഘത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് എ ബി വാജ്പേയിയുടെ വലംകൈയായി വര്‍ത്തിച്ച, 2004ല്‍ കേരള ഗവര്‍ണറായിരിക്കേ മരിക്കുന്നതുവരെ ബി ജെ പിയുടെ മുസ്ലിം മുഖമായി മിനുങ്ങിയ സിക്കന്തര്‍ ബക്ത് തന്നെ. ആര്‍ എസ് എസിന്റെ മുഖപത്രമായ ‘ഓര്‍ഗനൈസറി’ല്‍ 1952, ജൂണ്‍ 2ന് എഴുതി: ‘കുപ്രസിദ്ധനായ സിക്കന്തര്‍ ബക്ത് മുസ്ലിം ലീഗിന്റെ നാഷനല്‍ ഗാര്‍ഡ് കമാന്‍ഡറാണ്. നവാബ് സാദാ ലിയാഖത്തലി ഖാന്റെ ഇഷ്ട തോഴന്‍ എന്ന നിലയില്‍ വിഭജന കാല ഡല്‍ഹിയിലെ ദുഷ്ടനായിരുന്നു. (ഹിന്ദുയുവതിയുമായുള്ള ഇദ്ദേഹത്തിന്റെ വിവാഹത്തിന്റെ പേരില്‍) പൊതുജനങ്ങളുടെ മനോവേദന പ്രകടിപ്പിക്കാന്‍ മുന്നോട്ടുവന്നതില്‍ ഹിന്ദുമഹാസഭയെയും ജനസംഘത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. അനുഗൃഹീതമായ ഡല്‍ഹി രണ്ടാം ദിവസവും അവരുടെ ഹര്‍ത്താല്‍ ആചരണത്തോട് നല്ല നിലയില്‍ പ്രതികരിച്ചിരിക്കയാണ്.’
സിക്കന്തര്‍ ബക്തായിരിക്കണം ആര്‍ എസ് എസ് പ്രചരിപ്പിക്കുന്ന ‘ലൗ ജിഹാദി’ന്റെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ‘വില്ലന്‍’. ഹിന്ദുസ്ത്രീയെ ജീവിതപങ്കാളിയാക്കിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ ആര്‍ എസ് എസ് വേട്ടയാടിയ ഇതേ മനുഷ്യന്‍ ബി ജെ പിയുടെ നേതാവായതോടെ പുണ്യവാളനായി. ബി ജെ പി എം പിയും വാജ്പേയി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയുമായി. അപ്പോഴേക്കും ഇദ്ദേഹത്തിന്റെ ‘ലൗ ജിഹാദ്’ കഥ സംഘ്പരിവാരം വിസ്മൃതിയിലേക്ക് തള്ളിയിരുന്നു. പത്മവിഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹം മരിച്ചപ്പോള്‍ അന്നത്തെ ആര്‍ എസ് എസ് സര്‍സംഘ്ചാലക് ഹൃദയസ്പൃക്കായ ഭാഷയില്‍ നടത്തിയ അനുശോചനം കേട്ട് പലരും അമ്പരന്നു. ‘ഓര്‍ഗനൈസര്‍ ‘ അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖപ്രസംഗമെഴുതി.
വിഷയം സിക്കന്തര്‍ ബക്തല്ല, ലൗ ജിഹാദാണ്. സമീപകാലത്ത് ആര്‍ എസ് എസ് കോയിന്‍ ചെയ്തെടുത്ത ഒരു പ്രയോഗമാണിത്. ഹിന്ദുസ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹം കഴിക്കുകയും, ശേഷം ഇസ്ലാമിലേക്ക് മതം മാറ്റുകയും അതുവഴി രാജ്യത്തെ ഹൈന്ദവ ജനസംഖ്യ കുറച്ചുകൊണ്ടുവരാന്‍ മുസ്ലിം യുവാക്കള്‍ ആസൂത്രിതമായി നടത്തുന്ന ‘ധര്‍മയുദ്ധ’മാണ് ലൗ ജിഹാദ് എന്ന് രാജ്യമാകെ പ്രചരിപ്പിക്കുന്നത് ആര്‍ എസ് എസാണ്. ഭൂരിപക്ഷസമൂഹത്തില്‍ മുസ്ലിം വിരുദ്ധ വികാരം ഉദ്ദീപിപ്പിക്കാനും ഹൈന്ദവ സ്ത്രീജനത്തിന്റെ മനസ്സില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വൈറസുകള്‍ വിതക്കാനും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഹിന്ദുത്വശക്തികള്‍ നടത്തുന്ന പ്രചണ്ഡമായ പ്രചാരണം വഴിയാണ് ലൗ ജിഹാദ് സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് വിഷയമാകുന്നത്. ലൗ ജിഹാദ് സംഘ്പരിവാറിന്റെ മനസ്സിലുദിച്ച വിഷലിപ്തവും സാങ്കല്‍പികവുമായ ഒരാശയമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലെന്നും സമര്‍ഥിക്കപ്പെട്ടിട്ടും ഇത്തരത്തിലുള്ള വിവാഹങ്ങള്‍ പെരുകുന്നുണ്ടെന്ന് പറഞ്ഞ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അത് തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്. ഹിമാചല്‍ പ്രദേശും ജാര്‍ഖണ്ഡുമാണ് ഈ വിഷയത്തില്‍ ഇതിനകം നിയമനിര്‍മാണം കൊണ്ടുവന്നിരിക്കുന്നത്. അതിന്റെ ചുവടുപിടിച്ച് ഹരിയാനയും മധ്യപ്രദേശും യു പിയും കര്‍ണാടകയും അസമും ലൗ ജിഹാദ് ബില്‍ ചുട്ടെടുക്കുന്ന തിരക്കലാണിപ്പോള്‍. അഞ്ചുവര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കുന്ന കുറ്റകൃത്യമായി നിയമം വ്യവസ്ഥ ചെയ്യുമ്പോള്‍ ഏതെങ്കിലും മുസ്ലിം യുവാവ് ഹിന്ദുയുവതിയെ ഉഭയകക്ഷി സമ്മതപ്രകാരം ജീവിത പങ്കാളിയാക്കിയാലും നിയമത്തിന്റെ പിടിയില്‍ അകപ്പെടുമെന്ന് തീര്‍ച്ച. വിവാഹോദ്ദേശ്യത്തോടെയുള്ള മതംമാറ്റം കുറ്റകരമാണ് എന്ന തരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അലഹബാദ് ഹൈകോടതി നടത്തിയ അഭിപ്രായപ്രകടനത്തിന്റെ ബലത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലൗ ജിഹാദ് തടയാന്‍ പൊടുന്നനെ നിയമം കൊണ്ടുവരുന്നതിന് അണിയറ നീക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. ഭൂരിപക്ഷ സമൂഹത്തില്‍ ആശങ്ക വിതക്കാനും മുസ്ലിം വൈരം ഊതിക്കത്തിക്കാനും സ്ത്രീജനങ്ങളില്‍ അരക്ഷിതബോധം സന്നിവേശിപ്പിക്കാനും എക്കാലവും മുസ്ലിംവിരുദ്ധര്‍ പ്രയോഗിച്ചുപോന്ന കുതന്ത്രമാണ് പെണ്‍മക്കള്‍ നിതാന്തഭീഷണിയിലാണെന്ന സാങ്കല്‍പിക ഭീതി. വിദേശ മാധ്യമപ്രവര്‍ത്തകരില്‍ പോലും ‘ലൗ ജിഹാദി’നെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൗതുകമുണര്‍ത്തുന്നുണ്ട്. ലൗ ജിഹാദിനെ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജ് നിര്‍വചിക്കുന്നതിങ്ങനെ:
”Love jihad is the term Hindutva politicians have coined and use to describe an imaginary conspiracy they themselves conjured up in which Muslim men supposedly dupe unsuspecting Hindu girls into marriage in order to convert them to Islam. In more fanciful versions of this conspiracy theory, this is said to be part of a grand and secret plan of eventually turning Hindus who are 85% of the population into a minority in India”
ജാതിമത ചിന്തകള്‍ക്ക് അതീതമായ അനുരാഗങ്ങളെയും സ്ത്രീപുരുഷബന്ധങ്ങളെയും അതിന്റെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നതിനു പകരം, മതത്തിന്റെയും പ്രലോഭനത്തിന്റെയും സങ്കുചിതമാനങ്ങള്‍ നല്‍കി, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ഹിന്ദുത്വവാദികളുടെ ഹീനശ്രമങ്ങളെ ആ നിലക്കു തന്നെ നോക്കിക്കാണേണ്ടതുണ്ട്. ഇവ്വിഷയകമായി ജുഡീഷ്യറിയും ബ്യൂറോക്രസിയും മീഡിയയും അവലംബിക്കുന്ന അവധാനത തൊട്ടുതീണ്ടാത്ത സമീപനം വിഷയം സങ്കീര്‍ണമാക്കുകയാണ്. ഐഡന്റിറ്റി മറച്ചുപിടിച്ച് ആരെങ്കിലും നമ്മുടെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും മാനം കൊണ്ട് കളിക്കുകയാണെങ്കില്‍ അന്ത്യകര്‍മങ്ങള്‍ക്ക് തയാറെടുത്തോളൂവെന്ന് ജോണ്‍പൂരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ യോഗി ആദിത്യനാഥ് പുറപ്പെടുവിച്ച ഭീഷണി അലഹബാദ് ഹൈകോടതിയുടെ പരാമര്‍ശം മുതലെടുത്താണ്. യഥാര്‍ത്ഥത്തില്‍ കോടതിയുടെ പരാമര്‍ശം ഹിന്ദുസ്ത്രീയെ മുസ്ലിം യുവാവ് വിവാഹം ചെയ്ത പശ്ചാത്തലത്തിലല്ല. മറിച്ച് മുസ്ലിം സ്ത്രീയെ ഹിന്ദുയുവാവ് നിയമപരമായി വിവാഹം കഴിച്ചപ്പോള്‍ അവരുടെ മാതാപിതാക്കളില്‍നിന്ന് ഭീഷണി ഉയരുകയും സുരക്ഷ തേടി കോടതിയെ സമീപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്. കല്യാണം കഴിക്കാന്‍ വേണ്ടി മാത്രം ഹിന്ദുമതം സ്വീകരിച്ച വധുവിന്റെ നിലപാട് അംഗീകരിക്കാന്‍ തയാറാവാത്ത ന്യായാസനം തങ്ങളുടെ സമാധാനപരമായ ജീവിതത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കരുത് എന്ന ദമ്പതികളുടെ അപേക്ഷ സ്വീകരിച്ചില്ല.
ഹാദിയയുടെ അനുഭവം
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അഖില എന്ന 24കാരിയായ ഹോമിയോ ഡോക്ടര്‍ ഇസ്ലാം മതം സ്വീകരിച്ച് ഷെഫിന്‍ ജഹാന്‍ എന്ന കൊല്ലം സ്വദേശിയായ മുസ്ലിം യുവാവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തപ്പോള്‍ അതുയര്‍ത്തിയ വിവാദവും മാധ്യമങ്ങളും സര്‍ക്കാരും നീതിന്യായ സംവിധാനവും ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടും ഇന്നോര്‍ക്കുമ്പോള്‍ സൈന്യമെന്ന് തെറ്റിദ്ധരിച്ച് കാറ്റാടിമരങ്ങളോട് യുദ്ധം ചെയ്ത ഡോണ്‍ കിക്സോട്ടിന്റെ കഥയാണ് മനസ്സിലോടിവരുക. അഖില മതംമാറ്റത്തിലൂടെ ഹാദിയയായപ്പോള്‍ ‘ലൗ ജിഹാദി’ന്റെ ഉത്തമ ദൃഷ്ടാന്തം എന്ന തരത്തില്‍ ആര്‍ എസ് എസ് രാജ്യത്തുടനീളം വ്യാപക ദുഷ്പ്രചാരണങ്ങളിലേര്‍പ്പെട്ടു. എന്നല്ല, കേരള ഹൈക്കോടതിയും സുപ്രീംകോടതിയും വഴി നിയമവും മനുഷ്യാവകാശ സങ്കല്‍പങ്ങളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ പൗരയെന്ന അവകാശങ്ങളും കാറ്റില്‍പറത്തി വിധികളും ഉത്തരവുകളും ഇറക്കിയപ്പോള്‍ ഹാദിയയുടെ ഉറച്ച നിലപാടും ധീരമായ തീരുമാനങ്ങളുമാണ് ഉന്നത നീതിപീഠത്തെ തിരുത്തിച്ചത്. തന്റെ മകളെ പ്രലോഭിപ്പിച്ചു മതംമാറ്റിയത് സിറിയയിലേക്ക് ജിഹാദ് നടത്താന്‍ കൊണ്ടുപോകാനാണെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സ്വീകരിച്ച് മകളെ അച്ഛന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുക മാത്രമല്ല, ഷെഫിനുമായുള്ള വിവാഹം റദ്ദാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ സ്വേഛപ്രകാരം ദാമ്പത്യത്തിലേര്‍പ്പെട്ടപ്പോള്‍ അത് റദ്ദ് ചെയ്യാന്‍ ഏത് നിയമമാണ് കോടതിക്ക് അവകാശം നല്‍കിയതെന്ന ചോദ്യമാണ് പിന്നീട് ഉയര്‍ന്നുകേട്ടത്. മാസങ്ങളോളം വീട്ടറസ്റ്റില്‍, മാധ്യമങ്ങളെ കാണാന്‍ പോലും അനുവദിക്കാതെ പൊലീസിന്റെയും ആര്‍ എസ് എസുകാരുടെയും തടവറയില്‍ കഴിയാന്‍ വിധിക്കപ്പെട്ടത് ഇവരുടെ വിവാഹം ‘ലൗ ജിഹാദ് ‘ ആണ് എന്ന പിതാവിന്റെ ആരോപണം കോടതി സ്വീകരിച്ചതോടെയാണ്. ഒടുവില്‍ വിഷയം സുപ്രീംകോടതിയിലെത്തിയപ്പോള്‍, ഈ വിവാഹത്തില്‍ ലൗ ജിഹാദിന്റെ പശ്ചാത്തലുമുണ്ടോ എന്നന്വേഷിക്കാന്‍ ഉന്നത നീതിപീഠം ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ ഐ എ) ചുമതലപ്പെടുത്തുന്നിടത്ത് വരെ കാര്യങ്ങളെത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ വേണ്ടി കേരളത്തില്‍ ഹിന്ദുയുവതികളെ മതം മാറ്റി കൊണ്ടുപോവുകയാണെന്ന ആര്‍ എസ് എസ് പ്രചാരണത്തിലടങ്ങിയ ‘ഇസ്ലാമോഫോബിയ’ സുപ്രീംകോടതിക്കും സ്വീകാര്യമായി തോന്നിയപ്പോഴാണ് എന്‍ ഐ എയെ അന്വേഷണമേല്‍പിക്കുന്നത്. മതംമാറിയുള്ള 89 കേസുകളില്‍ 11 എണ്ണം അന്വേഷിച്ച എന്‍ ഐ എയാവട്ടെ, നിര്‍ബന്ധപൂര്‍വമുള്ള മതംമാറ്റമോ പ്രലോഭനമോ നടക്കുന്നില്ല എന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പല വിവാഹങ്ങളും പ്രേമബന്ധങ്ങളുടെ പരിണതിയായിരുന്നു. ഉഭയകക്ഷി സമ്മതത്തോടെ സ്പെഷ്യല്‍ മാര്യേജ് ആക്ടിലൂടെ നടക്കുന്ന വിവാഹങ്ങള്‍ക്കെതിരെ രക്ഷിതാക്കള്‍ കോടതിയെ സമീപിക്കുമ്പോള്‍, അതിലടങ്ങിയ സാമൂഹിക മാനങ്ങളെ വിസ്മരിച്ച്, കോടതി ‘ലൗ ജിഹാദ്’ കണ്ണിലൂടെ കാര്യങ്ങള്‍ നോക്കിക്കണ്ടപ്പോള്‍, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ഭര്‍ത്താവില്‍നിന്ന് അടര്‍ത്തിമാറ്റി മാതാപിതാക്കളുടെ കസ്റ്റഡിയില്‍ വിട്ടുകൊടുത്ത സംഭവവും കേരളത്തിലുണ്ടായി. ഹാദിയയുടെ കേസിലടക്കം കോടതി സ്വയം രക്ഷിതാവ് ചമഞ്ഞ്, പെണ്‍കുട്ടിയെ മുസ്ലിം ചെറുപ്പക്കാരനില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ കാട്ടിയ വ്യഗ്രത, ലൗ ജിഹാദിനെ കുറിച്ചുള്ള ആര്‍ എസ് എസ് ദുഷ്പ്രചാരണങ്ങള്‍ ശരിവെക്കുന്നിടത്താണ് ചെന്നവസാനിച്ചത്.
യു പിയിലെ റിപ്പോര്‍ട്ട്;മധ്യപ്രദേശിലെ സിനിമാനിരോധനവും
‘ലൗ ജിഹാദ്’ തടയാന്‍ കര്‍ക്കശ നിയമം കൊണ്ടുവരുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തുന്ന യു പിയില്‍ പ്രത്യേക അന്വേഷണ സംഘം പഠിച്ച് നല്‍കിയ റിപ്പോര്‍ട്ട് യോഗിയുടെയും സംഘ്പരിവാറിന്റെയും വാദങ്ങളെ നിരാകരിക്കുന്നതാണ്. കാണ്‍പൂര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മോഹിത് അഗര്‍വാള്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഹിന്ദു- മുസ്ലിം വിവാഹങ്ങള്‍ക്ക് പിന്നില്‍ പ്രലോഭനമോ മതംമാറ്റ നിര്‍ബന്ധമോ ഒന്നുമില്ലെന്നും ഉഭയകക്ഷി സമ്മതത്തോട് കൂടിയാണ് ഭൂരിഭാഗം വിവാഹങ്ങളും നടക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നു. കാണ്‍പൂര്‍ സിറ്റി പരിധിയില്‍പെട്ട 22 പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 14 മതാന്തര വിവാഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ എട്ടെണ്ണത്തിലും പ്രലോഭനത്തിന്റെയോ നിര്‍ബന്ധത്തിന്റെയോ അംശം കാണാനില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്നുകില്‍ പ്രേമം അല്ലെങ്കില്‍ ഉഭയകക്ഷി തീരുമാനമാണ് വിവാഹത്തിലേക്കെത്തുന്നത്. ശേഷിക്കുന്ന ആറ് കേസുകളില്‍ അന്വേഷണം എഫ് ഐ ആറിന്മേല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മിശ്രവിവാഹത്തിന് പ്രോല്‍സാഹനം നല്‍കിയ ഒരു രാജ്യത്ത് രണ്ടു മതത്തില്‍പ്പെട്ട സ്ത്രീപുരുഷന്മാര്‍, നിയമപരമായി ഒന്നിക്കുന്നത് മഹാപാപമായി കരുതുന്ന വര്‍ഗീയമനസ്സ് ആഴത്തിലുള്ള അപഗ്രഥനം അര്‍ഹിക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്സിലുടെ ലോകമാകെ പ്രദര്‍ശനം തുടരുന്ന മീര നായരുടെ ‘ദി സ്യൂട്ടബ്ള്‍ ബോയ്’ എന്ന സിനിമക്കെതിരെ ബി ജെ പി നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത് അത് ‘ലൗ ജിഹാദി’നെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ്. വിക്രംസേഥിന്റെ അതേ പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കിയുള്ള അഭ്രാവിഷ്‌കാരം ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നുണ്ടെന്നും ക്ഷേത്രത്തില്‍വെച്ച് ഹിന്ദു, മുസ്ലിം കഥാപാത്രങ്ങള്‍ ചുംബിക്കുന്നത് ഒരു നിലക്കും അനുവദിച്ചുകൂടാത്തതാണെന്നുമാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആക്രോശിക്കുന്നത്. സിനിമക്കെതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ലൗ ജിഹാദിന്റെ രാഷ്ട്രീയം
ഹിന്ദുത്വ ശക്തികളുടെ കൈയില്‍ ‘ലൗ ജിഹാദ്’ ദുഷ്പ്രചാരണം വലിയൊരു രാഷ്ട്രീയ ആയുധമാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനം ഇതിനകം നടന്നിട്ടുണ്ട്. ‘Hindu Women, Muslism Men:Love Jihad and Conversion’ എന്ന ശീര്‍ഷകത്തില്‍ ചാരു ഗുപ്ത നടത്തിയ പഠനം (എക്ണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക് ലി 44,51 2009 ) ലൗ ജിഹാദിന്റെ പിന്നിലെ രാഷ്ട്രീയം എങ്ങനെയാണ് ദേശീയ രാഷ്ട്രീയത്തെ മാറ്റിയെഴുതിയത് എന്ന് വിശദീകരിക്കുന്നുണ്ട്. ശൂന്യതയില്‍നിന്ന് സൃഷ്ടിച്ചെടുത്ത വ്യാജ ആരോപണത്തിലൂന്നി സംഘ്പരിവാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ പ്രസരിപ്പിച്ച വിദ്വേഷജഡിലമായ കള്ളസാക്ഷ്യങ്ങള്‍ രാഷ്ട്രീയമായി വന്‍ കൊയ്ത്തിനാണ് നിലമൊരുക്കിക്കൊടുത്തത്. നുണകളുടെ തമ്പുരാക്കന്മാര്‍ എന്ന് ഷോപ്പര്‍ ഹോവര്‍ ജൂതരെയാണ് വിശേഷിപ്പിച്ചതെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ആ വിശേഷണത്തിന് അര്‍ഹര്‍ സംഘ്പരിവാറാണ്. പെരും നുണകളുടെമേല്‍ കെട്ടിപ്പൊക്കിയ ഒരു സിദ്ധാന്തമാണ് ലൗ ജിഹാദ്. കേരളത്തില്‍നിന്നാണ് ഇതിന്റെ തുടക്കം എന്നത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. 2009ലാണ് കേരളത്തില്‍നിന്ന് ‘ലൗ ജിഹാദ്’ കഥകള്‍ പുറത്തുവരുന്നത്. വിചിത്രമെന്ന് തോന്നാം ക്രിസ്ത്യന്‍ ഗ്രുപ്പുകളാണ് ഇത്തരം കഥകളുടെ ആദ്യപ്രചാരകര്‍. തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട 4500 യുവതികളെ ഇസ്ലാം മതത്തിലേക്ക് പ്രലോഭിപ്പിച്ചുകൊണ്ടുപോയി എന്ന ആരോപണം ഉന്നയിച്ചത് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലാണ്. 2012 ജൂണില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത് 2006ന് ശേഷം മൊത്തം 2667 യുവതികള്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ്. എന്നാല്‍ ക്രിസ്തുമതത്തിലേക്ക് ഇതര മതങ്ങളില്‍നിന്ന് എത്ര പേര്‍ പരിവര്‍ത്തനം ചെയ്തുവെന്നതിന് കൃത്യമായ കണക്കില്ലത്രെ. ഇസ്ലാം മതം സ്വീകരിച്ചവരില്‍ 2195പേര്‍ ഹിന്ദുമതത്തില്‍നിന്നും 492 പേര്‍ ക്രൈസ്തവരില്‍ നിന്നുമാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതേ കാലയളവില്‍ ഹിന്ദുമതത്തിലേക്ക് 2803 പേര്‍ മതം മാറിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തുകയുണ്ടായി. കര്‍ണാടകയിലെ ഹിന്ദുജനജാഗ്രതി ആ പ്രചാരണം ഏറ്റെടുത്തു. കര്‍ണാടകയില്‍ 30000 ഹിന്ദുസ്ത്രീകളെ മുസ്ലിംകള്‍ ഇമ്മട്ടില്‍ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതായി പ്രചരിപ്പിച്ചു. ലൗ ജിഹാദിന് വിലക്കേര്‍പ്പെടുത്തുന്നില്ലെങ്കില്‍ കേരളത്തില്‍ അധികം വൈകാതെ ഹിന്ദുസമൂഹം നാമാവശേഷമാകുമെന്നും ഹിന്ദുസ്ത്രീകളില്‍ മുസ്ലിം കുഞ്ഞുങ്ങള്‍ ഉല്‍പാദിപ്പിക്കാനും അതുവഴി കേരള ജനസംഖ്യയില്‍ പൊടുന്നനെ അട്ടിമറി സൃഷ്ടിക്കാനുമുള്ള ആസൂത്രിത നീക്കമാണ് അണിയറയില്‍ അരങ്ങേറുന്നതെന്നും വരെ പ്രചരിപ്പിക്കപ്പെട്ടു. ഈ ദുഷ്പ്രചാരണത്തിന് സാധൂകരണം ലഭിച്ചത് കേരള ഹൈകോടതിയില്‍ വിഷയം എത്തിയപ്പോള്‍ അതിനെ കുറിച്ചന്വേഷിക്കാന്‍ ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉത്തരവിട്ടതോടെയാണ്. ആ അന്വേഷണത്തില്‍ കഴമ്പുള്ളതൊന്നും കണ്ടുകിട്ടിയില്ലെങ്കിലും വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാവാന്‍ അവസരം നല്‍കി. ‘റോമിയോ ജിഹാദ്’ എന്ന പേരില്‍ യു പിയില്‍ വിഷയം ഭൂരിപക്ഷ സമുദായത്തിനകത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങിയത് ഗുജറാത്തില്‍നിന്നും അമിത് ഷാ തിരഞ്ഞെടുപ്പ് ദൗത്യവുമായി ലഖ്നോവില്‍ വിമാനമിറങ്ങിയതോടെയാണ്. പടിഞ്ഞാറന്‍ യു പിയില്‍ ആര്‍ എസ് എസ് ലൗ ജിഹാദിനെതിരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ നടത്തി. 10ലക്ഷം പെണ്‍കുട്ടികള്‍ക്ക് രാഖി കെട്ടി അവരുടെ സുരക്ഷിതത്വം ഉറപ്പിക്കാന്‍ സംഘ്പരിവാര്‍ യുവാക്കളോട് ആഹ്വാനം ചെയ്തു.
ലൗ ജിഹാദിന്റെ രീതികളെ കുറിച്ച് ആര്‍ എസ് എസ് ‘ആധികാരിക’ വിവരങ്ങളാണ് വീടകങ്ങളിലും യാഥാസ്ഥിതിക നേതൃയോഗങ്ങളിലും വിളമ്പിയത്. തെറ്റിദ്ധരിപ്പിക്കുന്ന ഹിന്ദുപേരുകളില്‍ സ്വയം പരിചയപ്പെടുത്തി, കൈയില്‍ ചുവന്ന റിബ്ബണ്‍ കെട്ടി, നെറ്റിയില്‍ തിലകം ചാര്‍ത്തി പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കാന്‍ ഇറങ്ങുകയാണത്രെ മുസ്ലിം തീവ്രവാദികളുടെ പതിവ് ശൈലി. ബ്രാഹ്മണ സ്ത്രീകളെ ലക്ഷ്യമിടുന്നതിലാണത്രെ മുന്‍ഗണന. ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ എന്തുമാത്രം രാഷ്ട്രീയലാഭം കൊയ്യാമെന്ന് തെളിയിച്ചത് യു പിയിലാണ്. പടിഞ്ഞാറന്‍ യു പിയില്‍ ജാട്ടുകളും മുസ്ലിംകളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പാരസ്പര്യവും സൗഹൃദവും തകര്‍ക്കാന്‍ ബി ജെ പി പ്രയോഗിച്ചത് ലൗ ജിഹാദായിരുന്നു. 62പേരുടെ ജീവനെടുത്ത, 50,000 മുസ്ലിംകളുടെ പലായനത്തിന് വഴിവെച്ച മുസഫര്‍നഗര്‍ കലാപത്തിന്റെ മുഖ്യഹേതു സാമുദായികവൈരം വളര്‍ത്തുന്ന ആസൂത്രിമായ പ്രചാരണങ്ങളായിരുന്നു. അമിത് ഷാ പകര്‍ന്നുനല്‍കിയ വര്‍ഗീയപ്രചോദനവുമായി സംഘ്പരിവാര്‍ ഗുണ്ടകള്‍ ഗ്രാമഗ്രാമാന്തരം ചുറ്റിസഞ്ചരിച്ച് ലൗ ജിഹാദ് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ചില മദ്രസകള്‍ വിദേശ ഭീകരവാദി സംഘങ്ങള്‍ ഫണ്ട് നല്‍കി സ്ഥാപിച്ചിരിക്കുന്നത് ഹിന്ദുപെണ്‍കുട്ടികളെ മതം മാറ്റാനാണെന്നും ആ ഗൂഢലക്ഷ്യവുമായി മുഖസൗകുമാര്യമുള്ള ചെറുപ്പക്കാര്‍ ഗ്രാമങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ടെന്നും വരെ പ്രചരിപ്പിച്ചു. അതിന്റെ ഫലം, 2012 അവസാനം വിളിച്ചുകൂട്ടിയ ഖാപ്പ് പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുവരെ തീരുമാനിച്ചു. മുസ്ലിം ചെറുപ്പക്കാര്‍ നടത്തുന്ന മൊബൈല്‍ ഷോപ്പുകളില്‍ ഹിന്ദുക്കള്‍ കയറാന്‍ പാടില്ലെന്ന് വരെ തിട്ടൂരമിറക്കി. മാസങ്ങള്‍ കൊണ്ട് സാമുദായിക ധ്രുവീകരണം പൂര്‍ത്തിയായതോടെയാണ് മുസഫര്‍ നഗര്‍ കലാപം അരങ്ങേറുന്നത്. യു പി തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ ബി ജെ പിയാവട്ടെ വര്‍ഗീയതയുടെമേല്‍ കെട്ടിപ്പടുത്ത ഗോരഖ്പൂര്‍ മഠം മേധാവിയെ പിടിച്ച് മുഖ്യമന്ത്രി പദത്തിലിരുത്തി.
‘ലൗ ജിഹാദി’നെതിരെ നിയമം പടച്ചുണ്ടാക്കാന്‍ ഉത്തര്‍പ്രദേശില്‍ നീക്കം നടക്കുന്നതിനിടയിലാണ്, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതി നവംബര്‍ 24ന് വിധി പുറപ്പെടുവിച്ചത്. ഇത് നിസ്സംശയം യോഗിയുടെയും സംഘ്പരിവാറിന്റെയും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയുന്നു.
ഈ കുറിപ്പ് തയാറാക്കാനിരിക്കുമ്പോള്‍ മറ്റൊരു ‘ലൗ ജിഹാദ്’ കഥ കേരളത്തില്‍ പുകപടലം ഉയര്‍ത്താന്‍ പോവുകയാണ്. ദേശീയ മാധ്യമങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്ന ഇപ്പോഴത്തെ ലൗ ജിഹാദില്‍ കഥാപാത്രങ്ങള്‍ മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയുമാണ്. ഇക്കഴിഞ്ഞ നവംബര്‍ 9ന് എറണാകുളം കടവന്ത്ര സെന്റ് ജോസഫ് ചര്‍ച്ചില്‍ നടന്ന വിവാഹകര്‍മത്തില്‍ സത്നയിലെ മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കല്‍ പങ്കെടുത്തത്, സീറോ മലബാര്‍ ചര്‍ച്ചിനെ ഞെട്ടിച്ചിരിക്കയാണത്രെ. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം ആര്‍ച്ച്ബിഷപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കയാണത്രെ. ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹകര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും സംഭവം ‘ലൗ ജിഹാദി’ന്റെ കണക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാസിം ഇരിക്കൂർ
You must be logged in to post a comment Login