ജനാധിപത്യത്തിലെ ഉത്സവങ്ങളായാണ് തിരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. വ്യാജങ്ങള്‍ പ്രചരിപ്പിച്ചും ജനത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ചും ജനഹിതം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്ന കാലം, ഉത്സവങ്ങളുടെ പൊലിമ കുറഞ്ഞിട്ടുണ്ട്. ഇത്തരമൊരു കാലത്താണ് കേരളം പ്രാദേശിക സര്‍ക്കാരുകളെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. തൊട്ടുപിറകെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുവെന്നത് കൊണ്ടുതന്നെ പതിവില്‍ കവിഞ്ഞ വീറും വാശിയുമുണ്ട് ഇക്കുറി. കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പതിവുള്ള നിറപ്പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടും മറ്റും വോട്ടര്‍മാരിലേക്ക് പരമാവധി എത്താന്‍ ശ്രമിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. പ്രത്യക്ഷപ്പെടുന്ന ചുവരെഴുത്തുകളാണ് മുന്‍കാലത്ത് ആസന്നമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചിരുന്നത് എങ്കില്‍, ഇക്കുറി അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട അഭ്യര്‍ഥനകളായിരുന്നു.
ത്രിതല പഞ്ചായത്ത് സംവിധാനം രാജ്യത്ത് നിലവില്‍ വന്നിട്ട് മൂന്നുദശകം പിന്നിട്ടിരിക്കുന്നു. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ ജനകീയാസൂത്രണം നടപ്പാക്കിയിട്ട് കാല്‍നൂറ്റാണ്ടും. ഈയൊരു സവിശേഷ സാഹചര്യത്തിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. അധികാര വികേന്ദ്രീകരണം, വികസന പദ്ധതികളുടെ ആസൂത്രണം താഴേത്തട്ടിലേക്ക് കൈമാറല്‍, ആസൂത്രണത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കല്‍ എന്നിവയൊക്കെയാണ് പഞ്ചായത്തിരാജ് സമ്പ്രദായത്തിലൂടെ ഉദ്ദേശിക്കുന്നത്. അതൊക്കെ എത്രമാത്രം സാധ്യമായിട്ടുണ്ട്, ഇനി എന്തൊക്കെ അധികാരവകാശങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൈമാറാനുണ്ട് എന്നീ ചോദ്യങ്ങളൊക്കെ ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമാകേണ്ടതുമാണ്.
അധികാര കേന്ദ്രീകരണം ഇന്ത്യന്‍ യൂണിയനില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം കേന്ദ്രഭരണം കൈയാളിയ കോണ്‍ഗ്രസ് പാര്‍ട്ടി, രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാന്‍ നടപടികളെടുത്തിരുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവശ്യം വേണ്ട സാമ്പത്തികസ്വാതന്ത്ര്യം അനുവദിക്കുന്നതിലും പിശുക്കുകാട്ടിയ ഭരണകൂടം, വികസനപദ്ധതികളുടെ സന്തുലിതമായ വിതരണം ഉറപ്പാക്കാനും ശ്രദ്ധിച്ചില്ല. അവഗണിക്കപ്പെടുന്നുവെന്ന തോന്നല്‍ ശക്തമായ പ്രദേശങ്ങളിലൊക്കെ കേന്ദ്രവിരുദ്ധ വികാരം ശക്തമാകുകയും ചില പ്രദേശങ്ങളിലെങ്കിലും അത് സ്വയംഭരണത്തിനോ സ്വാതന്ത്ര്യത്തിനോ ഉള്ള വാഞ്ഛയായി ഉയരുകയും ചെയ്തു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും പഞ്ചാബിലും ജമ്മു – കശ്മീരിലുമൊക്കെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ വേരുറപ്പിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നു. ജനഹിതം മനസ്സിലാക്കുന്ന ഭരണസമ്പ്രദായങ്ങള്‍ നിലവില്‍ വരേണ്ടതിന്റെ ആവശ്യകതയിലേക്ക് നമ്മുടെ ഭരണാധികാരികളുടെ ചിന്തയുറപ്പിച്ചത് രാജ്യത്തിന്റെ പലഭാഗത്തായുണ്ടായ അസ്വസ്ഥതകള്‍ കൂടിയായിരുന്നു. ആ ചിന്തയുടെ തുടര്‍ച്ചയിലാണ് ത്രിതല പഞ്ചായത്ത് സംവിധാനം പ്രാബല്യത്തിലാക്കുന്നതിന് ഭരണഘടനാ ഭേദഗതിക്ക് ശ്രമമുണ്ടായത്. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണഘടനാഭേദഗതി മുന്നോട്ടുവെച്ചത്. ബൊഫോഴ്സ് കോഴക്കേസില്‍ വലിയ ആരോപണങ്ങള്‍ നേരിട്ട പശ്ചാത്തലത്തില്‍ ഭരണഘടനാഭേദഗതിയ്ക്കുള്ള ശ്രമം രാജ്യസഭയില്‍ പരാജയപ്പെട്ടു. പിന്നീട് 1991ല്‍ അധികാരത്തിലേറിയ പി വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും ഇതിന്റെ തുടര്‍ച്ചയായി എല്ലാ സംസ്ഥാനങ്ങളും ത്രിതല പഞ്ചായത്തുകള്‍ പ്രാബല്യത്തിലാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തുകയും ചെയ്തു.
കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്ത് പഞ്ചായത്തിരാജ് സമ്പ്രദായം കൊണ്ടുവരുന്നതിന് മുമ്പേ തന്നെ കേരളത്തില്‍ പ്രാദേശികസര്‍ക്കാറുകള്‍ക്കുള്ള ശ്രമം തുടങ്ങിയിരുന്നു. പഞ്ചായത്ത് ഭരണകൂടങ്ങളെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ കേരളം മുന്‍കൈ എടുത്തു. 1987ല്‍ അധികാരത്തില്‍ വന്ന ഇ കെ നായനാര്‍ സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് പുറമെ ജില്ലാ കൗണ്‍സിലുകള്‍ കൂടി നിലവില്‍ വരുത്തിക്കൊണ്ടുള്ള നിയമനിര്‍മാണം നടത്തി. അതനുസരിച്ചുള്ള ആദ്യതിരഞ്ഞെടുപ്പ് 1991ല്‍ കേരളത്തില്‍ നടക്കുകയും ചെയ്തു. അതില്‍ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയതോടെയാണ് തുടര്‍ ഭരണം ലാക്കാക്കി, കാലാവധി പൂര്‍ത്തിയാക്കും മുമ്പ് നായനാര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയത്. പ്രാദേശികസര്‍ക്കാരുകളുടെ പ്രാധാന്യത്തെക്കുറിച്ച് രാജ്യത്തിന്റെ അധികാരം കൈയാളിയിരുന്നവര്‍ ആലോചിക്കുന്നതിനുമുമ്പ് തന്നെ കേരളം ആ വഴിക്ക് ചിന്തിക്കുകയും നടപ്പില്‍വരുത്തുകയും ചെയ്തിരുന്നുവെന്ന് ചുരുക്കം.
അധികാരവികേന്ദ്രീകരണം അര്‍ഥപൂര്‍ണമാകണമെങ്കില്‍ വികസനപദ്ധതികളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന ചിന്തയില്‍ നിന്നാണ് കേരളത്തില്‍ ജനകീയാസൂത്രണം നടപ്പാക്കിയത്. 1996ല്‍ അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സംഭാവന. ജനകീയാസൂത്രണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് മേല്‍ക്കൈയുള്ളതായി മാറുന്നുവെന്ന വസ്തുതയുമായി ചേര്‍ന്നുനില്‍ക്കുന്ന വിമര്‍ശനം അക്കാലത്തുയര്‍ന്നുവെങ്കിലും ആശയതലത്തില്‍ ലോകശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒന്നായി അത് മാറി. ഗ്രാമസഭകളും വാര്‍ഡ് സഭകളും ചേര്‍ന്ന് പദ്ധതികള്‍ ചര്‍ച്ചചെയ്യുകയും നടപ്പാക്കേണ്ടവ ഏതെന്ന് തീരുമാനിക്കുകയും പദ്ധതി നടത്തിപ്പും മേല്‍നോട്ടവും ജനകീയ കമ്മിറ്റികളുടെ ചുമതലയിലാക്കുകയും ചെയ്ത ജനകീയാസൂത്രണം, അതിന്റെ തുടക്കകാലത്തുണ്ടായിരുന്ന ഊര്‍ജത്തില്‍ നിലനിര്‍ത്താന്‍ പില്‍ക്കാലത്ത് സാധിച്ചില്ല. വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റംവരികയും വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലേക്ക് സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ മാറുകയും ചെയ്തതോടെ പ്രാദേശിക ഭരണകൂടങ്ങള്‍ അതിന്റെ ചുവടുപിടിക്കുന്ന കാഴ്ച കേരളത്തിലും കണ്ടു. കാര്‍ഷികമേഖല ഉദാഹരണമാണ്. ജനകീയാസൂത്രണ കാലത്ത് കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവയ്ക്കൊക്കെ വലിയ ഊന്നല്‍ നല്‍കിയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഈ രംഗങ്ങളില്‍ നിന്ന് പ്രാദേശിക സര്‍ക്കാരുകളുടെ ശ്രദ്ധ മാറിപ്പോയി. ദാരിദ്ര്യ നിര്‍മാര്‍ജനം, ഭവനരഹിതരായവര്‍ക്ക് വീടുകള്‍ ഉറപ്പാക്കല്‍, പ്രാദേശികമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലുള്ള ശ്രദ്ധയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ക്രമേണ ഇല്ലാതായി. തുടര്‍ച്ചയായ വെള്ളപ്പൊക്കവും കൊവിഡിന്റെ വ്യാപനവും വേണ്ടിവന്നു, ഈ മേഖലകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക സര്‍ക്കാരുകളുടെയും ശ്രദ്ധ തിരികെ എത്താന്‍.
ന്യൂനതകളുണ്ടെങ്കിലും, രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ശക്തമായ പ്രാദേശിക ഭരണസംവിധാനം നിലനിര്‍ത്തുന്നുണ്ട് കേരളം. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാമ്പത്തികപിന്തുണ നല്‍കുന്നതിലും ഇടത്, ഐക്യ മുന്നണി സര്‍ക്കാരുകള്‍ ശ്രദ്ധകാണിക്കാറുണ്ട്. 2019 – 20 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നീക്കിവെച്ചത് 11,867 കോടി രൂപയായിരുന്നു. ഇതില്‍ പദ്ധതിവിഹിതം 7,500 കോടി രൂപ. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 500 കോടി രൂപയുടെ വര്‍ധന. ഇവ്വിധത്തില്‍ ഓരോ വര്‍ഷവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചുനല്‍കുന്നുണ്ട് സംസ്ഥാന സര്‍ക്കാര്‍. തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കപ്പെടുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പുറമെ. തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത് വരുമാനത്തിനുള്ള സ്രോതസ്സുകളുമുണ്ട്. ഇതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ കേരളത്തിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും ശ്രമിക്കുന്നുവെന്നതും ആ പണം ജനോപകാരപ്രദമായ പദ്ധതികള്‍ക്കായി നീക്കിവെക്കുന്നുണ്ടെന്നതും പ്രധാനമാണ്.
വലിയ ധനവിഹിതം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ട് എന്നതുകൊണ്ടുതന്നെ അധികാരവികേന്ദ്രീകരണത്തോടൊപ്പം അഴിമതിയുടെ വികേന്ദ്രീകരണവും സംഭവിച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തില്‍ കാലക്രമത്തിലുണ്ടായ കുറവാണ് പ്രാദേശിക സര്‍ക്കാരുകളിലെ അഴിമതിയ്ക്ക് കാരണമാകുന്നത്. അതൊഴിവാക്കണമെങ്കില്‍ പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങളുടെ ഇടപെടല്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്, അതിനാണ് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇനി ഊന്നല്‍നല്‍കേണ്ടത്. അധികാരം ലക്ഷ്യമിട്ടുള്ള മത്സരം രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായിട്ടാണെങ്കിലും അതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കണം. അത് കഴിയുന്നില്ലെന്ന വിമര്‍ശനം, തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലായ് പ്പോഴും മുന്‍തൂക്കം നേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും അതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിനെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതിലൊരു മാറ്റമുണ്ടാകണമെങ്കില്‍ ആ മുന്നണിയും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംവിധാനമായ സി പി എമ്മും തീരുമാനമെടുക്കണം. തദ്ദേശ ഭരണസംവിധാനങ്ങളെ സക്രിയമാക്കുന്നതില്‍ ഈ മുന്നണിയും പാര്‍ട്ടിയും വഹിക്കുന്ന പങ്ക് ഓര്‍ത്തുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്.
2014ല്‍ അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരകേന്ദ്രീകരണത്തിനുള്ള ശ്രമങ്ങളും ഫെഡറല്‍ ഭരണക്രമത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നിരന്തരമായി നടത്തുന്നുണ്ട്. ഇതിന്റെ ആഘാതം പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യത്തിലുമുണ്ടാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രാദേശികമായ ആവശ്യങ്ങള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. അതിനുപകരം ഡല്‍ഹിയില്‍ നിന്ന് നിര്‍ദേശിക്കും വിധത്തില്‍ പദ്ധതി നടപ്പാക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയാണ് ഭരണകൂടം. പ്രാദേശിക ഭരണകൂടങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട്, സംഘപരിവാരവുമായി ബന്ധമുള്ള സന്നദ്ധസംഘടനകള്‍ വഴി പദ്ധതികള്‍ നടപ്പാക്കുക എന്ന തന്ത്രവും നരേന്ദ്രമോഡി സര്‍ക്കാര്‍ നടത്തുന്നുണ്ട്. പ്രത്യേകിച്ച് ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ കൂടുതലുള്ള മേഖലകളില്‍. രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാനുദ്ദേശിച്ച് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതുണ്ട്.
തദ്ദേശഭരണസ്ഥാപനങ്ങളെ ശാക്തീകരിക്കുക എന്നതാണ് പൊതുവിലുള്ള നിലപാടെങ്കിലും അവയുടെ ചില അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരും തയാറായിട്ടുണ്ട് എന്നത് കാണാതെപോയിക്കൂടാ. ഒരു പ്രദേശത്തേക്ക് നിര്‍ദേശിക്കപ്പെടുന്ന വ്യവസായപദ്ധതികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ടായിരുന്നു മുമ്പ്. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കകോള പ്ലാന്റ് തുടങ്ങി അനിയന്ത്രിതമായ ജലചൂഷണം നടത്തുകയും പ്ലാന്റില്‍ നിന്നുള്ള വിഷമാലിന്യം പ്രദേശത്തെ കൃഷിയിടങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തത് വലിയ നിയമ പോരാട്ടങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട്, കൊക്കകോളയുടെ ചൂഷണം അവസാനിപ്പിക്കുന്നതില്‍ സുപ്രധാനമായ പങ്കാണ് പ്ലാച്ചിമട ഉള്‍ക്കൊള്ളുന്ന പെരുമാട്ടി പഞ്ചായത്ത് വഹിച്ചത്. ഇത്രയും സുപ്രധാനമായ അധികാരം പഞ്ചായത്തുകളില്‍ നിന്ന് എടുത്തുകളഞ്ഞു ഇടതുമുന്നണി സര്‍ക്കാര്‍. ഓരോ പ്രദേശത്തും നടപ്പാക്കുന്ന പദ്ധതികള്‍ എന്താവണം, അവിടുത്തെ പ്രകൃതി വിഭവങ്ങളുടെ ചൂഷണം ഏതളവിലാകണം, പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാകാത്ത വിധത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം എന്നിവയൊക്കെ ജനങ്ങളുടെ കൂടി ഉത്തരവാദിത്വമാക്കുന്നതായിരുന്നു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം. അത് ഇല്ലാതാക്കിയപ്പോള്‍, ചില കാര്യങ്ങളിലെങ്കിലും ജനങ്ങളുടെ ഇംഗിതം കണക്കിലെടുക്കാന്‍ തയാറല്ലെന്ന സന്ദേശമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കിയത്.
സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന വിഷയങ്ങള്‍ പ്രാദേശിക തിരഞ്ഞെടുപ്പിലും ചര്‍ച്ചാവിഷയമാകും. അതില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന നീക്കങ്ങളും. സ്വര്‍ണക്കടത്ത് കേസുള്‍പ്പെടെ വിഷയങ്ങള്‍ പ്രതിരോധത്തിലാക്കിയതോടെ പഴയ കേസുകള്‍ പൊടിതട്ടിയെടുത്തും (കേസുകള്‍ക്ക് ആധാരമായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് പറയാനാകില്ല) നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളില്‍ കര്‍ശന നടപടികളെടുത്തും ആക്രമിക്കാന്‍ ഒരുമ്പെടുകയാണ് ഇടതുമുന്നണി. ഇതും തിരഞ്ഞെടുപ്പ് രംഗത്ത് ചൂടേറിയ വിഷയമാണ്. ഇതൊക്കെ ഉയര്‍ന്ന ശബ്ദമായി നില്‍ക്കുമ്പോഴും പ്രാദേശിക പ്രശ്നങ്ങളും തദ്ദേശ ഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങളും ജനങ്ങളുടെ ശ്രദ്ധയില്‍ ഉണ്ടാകേണ്ടതുണ്ട്.
ഇടത്, ഐക്യമുന്നണികള്‍ പുറത്തിറക്കിയ പ്രകടനപത്രികകളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കാന്‍ പാകത്തിലുള്ള വാഗ്ദാനങ്ങളുണ്ടെന്നത്, പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അവര്‍ നല്‍കുന്ന പ്രാധാന്യത്തിന് തെളിവാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതിയിനത്തില്‍ ലഭിച്ചിരുന്ന വരുമാനം ജി എസ് ടി നടപ്പാക്കിയതോടെ ഇല്ലാതായിരുന്നു. ആ വിഹിതം തിരികെ നല്‍കുമെന്ന് ഇരുമുന്നണികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുടെ നടത്തിപ്പില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വര്‍ധിച്ച ഇടപെടലും വാഗ്ദാനം ചെയ്തിരിക്കുന്നു. പൊതുവില്‍ സുശക്തമായ ത്രിതല പഞ്ചായത്ത് സംവിധാനം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വഹിച്ച പങ്ക് നമ്മള്‍ കണ്ടതാണ്. അതുകൊണ്ട് തന്നെ പുതിയ കാലത്ത് ആ സംവിധാനത്തിനുള്ള പ്രസക്തി വര്‍ധിക്കുകയും ചെയ്യുന്നു.
Kasim Irikkoor
You must be logged in to post a comment Login