പത്തുമാസം, ഒരു കോടിയോളം രോഗികള്‍. 1,30,000ത്തിലേറെപ്പേര്‍ക്ക് ജീവഹാനി. എന്നിട്ടും കൊവിഡ് 19ന് കാരണമാകുന്ന സാര്‍സ് കോവ് – 2 വൈറസിനെക്കുറിച്ച് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്രയൊന്നും അറിവില്ല. ഏതുവിധത്തിലാണ് വൈറസിന്റെ വ്യാപനമെന്നോ ഏതളവിലുള്ള ആഘാതം അതുണ്ടാക്കുന്നുണ്ട് എന്നോ ഒന്നും. ഓരോ സംസ്ഥാനത്തും ഭിന്നമാണ് കൊവിഡിന്റെ വ്യാപനവേഗം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത. എന്നാല്‍ ടെസ്റ്റുകളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചില്‍ രോഗബാധിതരെ കണ്ടെത്തുന്നതിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗബാധയുടെ വ്യാപ്തി എത്രയെന്നതില്‍ നമുക്ക് വ്യക്തതയില്ല. പ്രായമായവരിലും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരിലുമാണ് കൊവിഡ്, ഗുരുതരമാകുന്നത്, മരണം സംഭവിക്കുന്നതും.
ദേശീയതലത്തിലുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിനെല്ലാം അപവാദങ്ങളുണ്ട്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുമ്പോള്‍ രോഗബാധിതരുടെ എണ്ണവും കൂടുന്നു. പക്ഷേ, ചില സംസ്ഥാനങ്ങളെങ്കിലും ടെസ്റ്റുകള്‍ കുറയ്ക്കുകയാണ്. രോഗബാധ സംബന്ധിച്ച കൃത്യമായ കണക്ക് മറച്ചുവെക്കുന്ന സംസ്ഥാനങ്ങളുമുണ്ട്. ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി ഉപയോഗിക്കുന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അമ്പതു ശതമാനം മാത്രം കൃത്യതയുള്ള ആന്റിജന്‍ ടെസ്റ്റ് വ്യാപകമാക്കുമ്പോള്‍ രോഗബാധ കണ്ടെത്താതെ പോകുകയാണ്. കൊവിഡ് 19ന്റെ ഉദയം ചൈനയിലായിരുന്നു. ഇന്ത്യയിലെ ആദ്യ കേസുകളുടെയും ഉറവിടം അവിടം തന്നെ. പിന്നീട് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വൈറസെത്തിയതും വിദേശത്തുനിന്ന് തന്നെ. വിദേശരാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ അതില്‍ അത്ഭുതമില്ല. ലോക്ഡൗണിന് ശേഷം ഈ രീതിയില്‍ വലിയ മാറ്റമുണ്ടായി. അതിനുശേഷമുള്ള രോഗവ്യാപനത്തില്‍ അതിഥിതൊഴിലാളികളുടെ പോക്കുവരവിന് വലിയ സ്ഥാനമുണ്ട്. കര്‍ണാടകം ഉദാഹരണമാണ്. ലോക്ഡൗണിന് ശേഷമുള്ള രോഗവ്യാപനം സംബന്ധിച്ച് അവര്‍ പുറത്തുവിട്ട വിവരങ്ങള്‍ തൊഴിലാളികളുടെയും മറ്റും യാത്ര വൈറസ് വ്യാപനമുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. അതുമത്രമല്ല, നവംബര്‍ പകുതിയോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയെണ്ണത്തിന്റെയും ഉറവിടം അജ്ഞാതമാകുകയും ചെയ്തു. ഒരു ദിവസം മുപ്പതിനായിരം കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ പതിനയ്യായിരത്തിന്റെയും ഉറവിടം അറിയാത്ത സ്ഥിതി. ഇത് രാജ്യത്ത് സമൂഹവ്യാപനമുണ്ടായതിന് തെളിവാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചുപറയുന്നു. എന്നാല്‍ സാമൂഹികവ്യാപനമെന്ന പ്രയോഗം മനപ്പൂര്‍വം ഒഴിവാക്കുകയാണ് സര്‍ക്കാരുകള്‍.
സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞുവെന്നാണെങ്കില്‍ ചില സംസ്ഥാനങ്ങളില്‍ മാത്രം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ എങ്ങനെ വിശദീകരിക്കും? വിവിധ സംസ്ഥാനങ്ങളില്‍ രോഗാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും എങ്ങനെ വിശദീകരിക്കും? രോഗവ്യാപനത്തിന്റെയും വൈറസിന്റെ ഘടനാമാറ്റത്തിന്റെയുമൊക്കെ കാര്യത്തില്‍ പൂര്‍ണ വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടുണ്ടോ? രാജ്യത്തെ കൊവിഡ് 19 വ്യാപനത്തിന്റെ മുഴുവന്‍ ചിത്രം നമ്മുടെ മുന്നിലുണ്ടോ?
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) നടത്തിയ സര്‍വേകള്‍ ചില പ്രവണതകള്‍ നമുക്ക് കാട്ടിത്തരുന്നുണ്ട്. മെയ്, ആഗസ്ത് മാസങ്ങളില്‍ അവര്‍ നടത്തിയ സര്‍വേയില്‍ രോഗബാധ കൂടുതലും ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണെന്നാണ് കണ്ടെത്തിയത്. നഗരങ്ങളെ കൂടുതല്‍ രോഗാതുരമാക്കുന്നത് എന്തൊക്കെ ഘടകങ്ങളാണ്? ഒന്ന് നിശ്ചയമായും ജനസാന്ദ്രത തന്നെയാണ്. മുംബൈ എടുക്കുക, അവിടെ ചേരിയില്‍ താമസിക്കുന്നവരും ഒരുമിച്ചുതാമസിക്കുന്നവരുമൊക്കെ വേഗത്തില്‍ വൈറസ് ബാധിതരാകാന്‍ ഇടയുള്ളവരാണ്. ഒരുമിച്ചുതാമസിക്കുകയും പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കേണ്ടിവരികയും ചെയ്യുന്നവരുടെ എണ്ണം ഇതരനഗരങ്ങളിലും വലുതാണ്.
പ്രായമാണ് മറ്റൊരു ഘടകം. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെയും സാര്‍സ് കൊവിഡിന്റെ പ്രധാന ഇരകള്‍ ഇവര്‍ തന്നെ. പ്രായമായവരുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് മൂലമുള്ള മരണം കുറവാണെന്ന് പൊതുവില്‍ പറയാം. എന്നാല്‍ ഇതിനും അപവാദങ്ങളുണ്ട്. വയോജനങ്ങളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും അവിടെ മരണസംഖ്യ താരതമ്യേന കുറവാണ്. അര്‍ബുദം, ഹൃദ്രോഗം, ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍, പ്രമേഹം തുടങ്ങിയവ കുടുതലുള്ള രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും മരണസംഖ്യ ഉയര്‍ന്നിരിക്കുന്നു. ഇതിനും അപവാദമുണ്ട്.
”ഇതെല്ലാം ഭാഗികമായ വിവരങ്ങളും വിശകലനങ്ങളും മാത്രമാണ്. നമുക്ക് അറിയാത്ത അനവധി കാര്യങ്ങളുണ്ട്” – അശോക സര്‍വകലാശാലയിലെ പ്രൊഫസറും പകര്‍ച്ചവ്യാധികളെക്കുറിച്ച് പഠനം നടത്തുന്നയാളുമായ ഗൗതം മേനോന്‍ പറയുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്നത് എന്ന് നമുക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ വളരെക്കുറച്ച് മാത്രമേ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂവെന്നതാണ് ഒരു പ്രശ്നം. തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക വിശകലനം ചെയ്തുള്ള പഠനം അടുത്തിടെ സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. രോഗബാധിതരായ അഞ്ചുശതമാനം പേരില്‍ നിന്നാണ് ബാക്കിയുള്ളവരില്‍ എണ്‍പത് ശതമാനത്തിലേക്കും വൈറസ് പടര്‍ന്നത് എന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയത്. രോഗബാധിതരില്‍ മൂന്നിലൊന്ന് കുട്ടികളോ യുവാക്കളോ ആണെന്നും. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗവും 50നും 64നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. തമിഴ്നാടും ആന്ധ്രയും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഭേദപ്പെട്ട ചികിത്സാസൗകര്യങ്ങളുള്ള സംസ്ഥാനങ്ങളാണ്. വയോജനങ്ങളുടെ എണ്ണം കൂടുതലുള്ള ഇടങ്ങളും. അതുകൊണ്ട് ഈ പഠനത്തെ ആസ്പദമാക്കി പൊതുവത്കരണം സാധ്യമല്ല.
ബിഹാറില്‍ പത്തുലക്ഷം പേരില്‍ 1878 പേര്‍ക്ക് മാത്രമാണ് രോഗബാധയുണ്ടാകുന്നത്. ഏറെ കുറഞ്ഞ നിരക്ക്. സംസ്ഥാനം കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതും പ്രകൃതിദുരന്തം പരോക്ഷ രക്ഷയായതുമാണ് ഇതിന് കാരണമെന്നാണ് അവിടുത്തെ ആരോഗ്യ സെക്രട്ടറി പ്രത്യ അമൃത് പറയുന്നത്. ബിഹാറിലുണ്ടായ വെള്ളപ്പൊക്കം 84 ലക്ഷം പേരെയാണ് ബാധിച്ചത്. അഞ്ചര ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. മാറ്റിപ്പാര്‍പ്പിച്ചവരെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെന്നാണ് സെക്രട്ടറി പറയുന്നത്. ആ ഘട്ടത്തില്‍ കൂടുതല്‍ പേരെ പരിശോധിക്കാനായത് രോഗവ്യാപനം കുറച്ചുവെന്നും. ബസ് സ്റ്റോപ്പുകളിലും കൂടുതല്‍ ആളുകള്‍ തടിച്ചുകൂടുന്ന ഇടങ്ങളിലും ആന്റിജന്‍ ടെസ്റ്റിന് സൗകര്യമൊരുക്കിയതിലൂടെ, ലക്ഷണങ്ങളിലാത്ത രോഗബാധിതരെ കണ്ടെത്താനായെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഈ അവകാശവാദം കണ്ണടച്ച് സ്വീകരിക്കാനാകില്ല. ബിഹാറിനേക്കാള്‍ കൂടുതല്‍ പരിശോധന നടത്തിയ സംസ്ഥാനങ്ങള്‍ക്ക് രോഗവ്യാപനം പിടിച്ചുനിര്‍ത്താനായിട്ടില്ലെന്നതാണ് ഒരു കാരണം. ടെസ്റ്റ് കൂടുന്നതിനനുസരിച്ച് രോഗികളുടെ എണ്ണം കൂടുന്നുവെന്നതാണ് അനുഭവമെന്ന് കര്‍ണാടകത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുനീഷ് മൗദ്ഗില്‍ പറയുന്നു. കൂടുതലായി ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതും കൊവിഡ് കണക്കുകള്‍ സംബന്ധിച്ച അവ്യക്തത വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദിനേന പുറത്തുവരുന്ന കണക്കുകളെ പൂര്‍ണമായി വിശ്വസിക്കാനാകില്ലെന്നാണ് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കെ ശ്രീനാഥ് റെഡ്ഢി പറയുന്നത്. ഇപ്പോഴുള്ളതിനെക്കാള്‍ പതിന്മടങ്ങ് കേസുകള്‍ സമൂഹത്തിലുണ്ടാകാമെന്ന് ചുരുക്കം.
ഇനി കേരളത്തിന്റെ കാര്യത്തിലേക്ക് വരാം. അടുത്തിടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഇവിടെയുണ്ടായി. പക്ഷേ, മരണം കുറവാണ്. പത്തുലക്ഷത്തില്‍ 55 മാത്രം. അയല്‍ സംസ്ഥാനമായ തമിഴ്നാടുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസംഖ്യ കേരളത്തില്‍ മൂന്നിലൊന്ന്. ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യരക്ഷാ സംവിധാനം സംസ്ഥാനത്ത് വ്യാപകമായുണ്ടെന്നതാണ് കേരളത്തെ രക്ഷിച്ചുനിര്‍ത്തുന്നത്. കൊവിഡ് വ്യാപനമുണ്ടായയുടന്‍ നാലു തലങ്ങളിലുള്ള ആശുപത്രി സംവിധാനം നടപ്പിലാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറയുന്നു. പോസിറ്റീവാകുന്ന എല്ലാ കേസുകളും കൃത്യമായി പിന്തുടര്‍ന്ന് വേണ്ട ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം കേരളം കുറച്ചുകാണിക്കുന്നതായും ആക്ഷേപമുണ്ട്. കൊവിഡ് മൂലം ഇതുവരെയുണ്ടായ മരണങ്ങളില്‍ 45 ശതമാനവും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഡോ. അരുണ്‍ എന്‍ മാധവന്‍ പറയുന്നു. ഈ വാദത്തെ തള്ളിക്കളയുകയാണ് രാജീവ് സദാനന്ദന്‍. കൊവിഡ് മൂലമുള്ള ചില മരണങ്ങള്‍ നേരത്തെ പട്ടികയില്‍ നിന്ന് പുറത്തുപോയിട്ടുണ്ടാകാം. പക്ഷേ ഇപ്പോഴങ്ങനെയല്ല. മറ്റു ഗുരുതരരോഗങ്ങള്‍ മൂലം മരണം ആസന്നമായവര്‍ക്ക് കൊവിഡ് ബാധയുണ്ടായാല്‍ അത് കൊവിഡ് മൂലമുള്ള മരണമായി കണക്കാക്കുന്നില്ല എന്നേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവരങ്ങള്‍ മറച്ചുവെക്കപ്പെടുന്നുവെന്നതാണ് യഥാര്‍ത്ഥത്തിലുള്ള പ്രശ്നം. അതുകൊണ്ടാണ് വിവിധ സംസ്ഥാനങ്ങളുടെ കണക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടാകുന്നത്. ചില സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ വലിയതോതില്‍ മറച്ചുവെക്കുന്നു. മറ്റുചിലവ ചെറിയ തോതിലും. മാധ്യമങ്ങളിലൂടെ ഉയരാനിടയുള്ള വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഭയന്നാണ് ഈ മറച്ചുവെക്കല്‍. ബിഹാറിനെ അപേക്ഷിച്ച് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് അസം. എന്നാല്‍ അവിടുത്തെ മരണനിരക്ക് ബിഹാറിനെ അപേക്ഷിച്ച് കുറവാണ്. കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 60 ശതമാനവും മറ്റുകാരണങ്ങളാല്‍ മരിച്ചുവെന്ന് രേഖപ്പെടുത്തിയതാണ് അസമിലെ മരണനിരക്ക് കുറഞ്ഞിരിക്കാന്‍ കാരണമെന്ന് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണ്.
റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തെ ആധാരമാക്കി സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തുന്നതും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളെ വിമര്‍ശിക്കുന്നതും ശരിയല്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജിസ്റ്റ് ഗിരിധര്‍ ബാബു പറയുന്നു. കുറവ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ചില സംസ്ഥാനങ്ങളിലെങ്കിലും മരണനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥത്തിലുള്ള രോഗികളുടെ എണ്ണം ഈ സംസ്ഥാനങ്ങള്‍ പുറത്തുവിടുന്നില്ല എന്നതിന് തെളിവായി ഇതിനെ കാണണം. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കൂടുതല്‍ മരണം സംഭവിച്ചിരുന്നത് ഗുജറാത്തിലായിരുന്നു, സെപ്തംബര്‍ ആദ്യവാരം വരെ. പിന്നീട് പഞ്ചാബായി മുന്നില്‍. മരണകാരണമാകുന്ന മറ്റു ഗുരുതര രോഗങ്ങള്‍ ബാധിച്ചവരാണ് ഈ പട്ടികയില്‍ ഏറെയുമെന്നത് കൂടി കണക്കിലെടുക്കണം.
രോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റ് ചെയ്ത് വേണ്ട ചികിത്സ ഉറപ്പാക്കുന്നത് വൈകുന്നത് കൊണ്ടാണ് പഞ്ചാബില്‍ മരണം കൂടുന്നത് എന്നാണ് അവിടുത്തെ കൊവിഡ് നോഡല്‍ ഓഫീസറായ രാജേഷ് ഭാസ്‌കര്‍ പറയുന്നത്. ഇതൊരു സാധാരണ ജലദോഷം മാത്രമാണ്, അതുകൊണ്ടുതന്നെ കാര്യമായെടുക്കേണ്ടതില്ലെന്ന വ്യാജം സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വിശ്വസിച്ച പലരും ടെസ്റ്റിന് തയാറായിരുന്നില്ല. ഇത് മനസ്സിലാക്കി വലിയ പ്രചാരണം നടത്തിയതോടെയാണ് കൂടുതല്‍ പേര്‍ പരിശോധനയ്ക്ക് എത്താന്‍ തുടങ്ങിയത്. ടെസ്റ്റിനായി കാത്തിരിക്കേണ്ട സമയം 15 മിനുട്ടായി ചുരുക്കിയതോടെ കൂടുതല്‍ ടെസ്റ്റുകള്‍ നടത്താനായി. ഇതോടെ ദിനേന 70 മരണം വരെ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥിതി മാറി. ഇപ്പോള്‍ പതിനഞ്ചുവരെ മരണം മാത്രമേ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ – രാജേഷ് ഭാസ്‌കര്‍ പറഞ്ഞു. തെറ്റായ വിവരം പ്രചരിപ്പിക്കപ്പെട്ടത് മൂലം പഞ്ചാബില്‍ മാത്രം വൈറസ് വ്യാപനം വര്‍ധിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഏതാണ്ട് സമാനമായ പ്രചാരണം എല്ലാ സംസ്ഥാനങ്ങളിലും നടന്നിട്ടുമുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതിന് രണ്ടു കാരണങ്ങളുണ്ട്. വ്യാപനം തടയുന്നതിന് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമായതാണ് ഒന്ന്. ഈ പറയുന്ന കണക്കുകള്‍ക്ക് അപ്പുറത്തേക്കുള്ള വലിയ വ്യാപനം രാജ്യത്തുണ്ടാകുകയും ജനം സ്വാഭാവിക പ്രതിരോധശേഷി ആര്‍ജിക്കുകയും ചെയ്തിട്ടുണ്ടാകുമെന്നതാണ് രണ്ടാമത്തേത്. ഇതില്‍ യഥാര്‍ത്ഥ കാരണം രണ്ടാമത്തേത് ആകാനാണ് സാധ്യതയെന്ന് ഐ സി എം ആര്‍ നടത്തിയ സര്‍വേകളുടെ ഫലം വിശകലനം ചെയ്ത് ഐ സി എം ആര്‍ ഡയറക്ടര്‍ മനോജ് മുരേകര്‍ പറയുന്നു. എന്തുകൊണ്ടാണ് ചില സംസ്ഥാനങ്ങളില്‍ വൈറസ് കൂടുതല്‍ വ്യാപിച്ചത് എന്നതില്‍ പ്രത്യേക പഠനം ആവശ്യമാണ്.
ലോകജനതയ്ക്കുതന്നെ അപരിചിതമായ രോഗം, അതിന്റെ തീര്‍ത്തും പ്രവചനാതീതമായ വ്യാപനം, വൈറസിന്റെ തരംമാറ്റത്തിലെ വേഗം ഒക്കെ കണക്കിലെടുക്കുമ്പോള്‍ വിശാലമായ പഠനം ആവശ്യപ്പെടുന്നുണ്ട് കൊവിഡ് 19. രോഗബാധിതനായ ഒരാള്‍ നിര്‍ദേശിക്കപ്പെട്ട എല്ലാ മുന്‍കരുതലുകളുമെടുത്താലും ഏതാനും പേരിലേക്ക് രോഗം പടര്‍ത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ രോഗത്തിന്റെ കാര്യത്തില്‍ ഒന്നും പ്രവചിക്കാനാകാത്ത അവസ്ഥ നിലനില്‍ക്കുന്നു.
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് എസ് രുഗ്മിണി.
കടപ്പാട്: ഇന്‍ഡ്യസ്‌പെന്‍ഡ്
എസ് ര ുഗ്മിണി
You must be logged in to post a comment Login