ചമ്പാരനെ ഓര്‍മിച്ചുകൊണ്ടാണ് ഡല്‍ഹിയിലെ കര്‍ഷക സമരത്തെക്കുറിച്ചുള്ള നമ്മുടെ സംഭാഷണം പോയവാരത്തില്‍ അവസാനിച്ചത്. ആ സമരം പടരേണ്ടതിന്റെ ആവശ്യകതയും കര്‍ഷകമുന്നേറ്റം അന്തരാ വഹിക്കുന്ന സാമ്രാജ്യത്വ, കോര്‍പറേറ്റ്, ഫാഷിസ്റ്റ് വിരുദ്ധതയും നാം സംസാരിച്ചു. സമരത്തെ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന ആശങ്കയായിരുന്നു പോയവാരത്തെ കുറിപ്പിന്റെ മാപിനി. ഇപ്പോള്‍ ഈ വരികള്‍ എഴുതുമ്പോള്‍ സമരത്തെ പിളര്‍ത്താനും ദുര്‍ബലപ്പെടുത്താനുമുള്ള ദ്വിതല ശ്രമങ്ങളില്‍ ഒന്ന് പരാജയപ്പെട്ടിരിക്കുന്നു. സമരമുഖത്ത് നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തി സന്ധിസംഭാഷണം നടത്തിയ അമിത് ഷായുടെ തന്ത്രം പാളിപ്പോയിരിക്കുന്നു. ചര്‍ച്ച സമ്പൂര്‍ണമായി പരാജയപ്പെട്ടു. കൃഷിയിടങ്ങളെ കോര്‍പറേറ്റുകളുടെ ദാസ്യപ്പുരയാക്കാനുള്ള നിയമങ്ങള്‍, തങ്ങള്‍ ഉഴുതുമറിച്ച് വിളവുണ്ടാക്കി രാജ്യത്തെ ഊട്ടിയ മണ്ണ് ആത്മഹത്യയുടെ വിളനിലങ്ങള്‍ ആക്കാന്‍ ഒരുങ്ങുന്ന മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല എന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പിളര്‍ത്തിയുള്ള ചര്‍ച്ചയും പരിഗണിക്കാമെന്ന വാഗ്ദാനവും ഫലിക്കും എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ധാരണ. മുന്‍കാലങ്ങളില്‍ ധാരാളമായി പയറ്റിയ ഒന്ന്. സംഘപരിവാറിന്റെ ഒന്നാം അധികാര ആരോഹണത്തിന് ഒന്നാംതരം ചട്ടുകമായി വര്‍ത്തിച്ച ലോക്പാല്‍ സമരത്തെ ഓര്‍ക്കുക. അന്ന് ലോക്പാല്‍ സമരത്തിന്റെ ഭാഗമായി വീറോടെനിന്ന പലരും ഈ കര്‍ഷകസമരത്തിലുണ്ട്. ശിവ്കുമാര്‍ ശര്‍മ എന്ന കക്കാജിയെപ്പോലെ സംഘപരിവാര്‍ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നവര്‍ ഈ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ ഉണ്ട്. അവരെ ഉന്നം വെച്ചാണ് സര്‍ക്കാര്‍ നീങ്ങിയത്. അതായിരുന്നു ദ്വിമുഖ തന്ത്രത്തിന്റെ ഒന്നാം കളി. ആ നീക്കമാണ് ഡിസംബര്‍ എട്ടിന് പാളിയത് .
രണ്ടാം മുഖം ബലപ്രയോഗമാണ്. അത് തുടരുകയാണ്. സമരത്തെ പിന്തുണച്ച അരവിന്ദ് കെജ്്രിവാള്‍ വീട്ടുതടങ്കലിലാണ് എന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ആം ആദ്മി പാര്‍ട്ടി കെജ്്രിവാള്‍ തടങ്കലില്‍ ആണെന്ന വാദം ഉയര്‍ത്തിയിട്ടുണ്ട്. സി പി എം നേതാവ് സുഭാഷിണി അലി വീട്ടുതടങ്കലില്‍ ആണ്. ഭീം ആര്‍മിയുടെ ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റ് ചെയ്യപ്പെട്ടു. കിസാന്‍ സഭയുടെ പി കൃഷ്ണപ്രസാദ്, രാജ്യസഭാംഗം കെ കെ രാഗേഷ് എന്നിവരെല്ലാം അറസ്റ്റിലാണ്. വരുംദിവസങ്ങളിലും അറസ്റ്റ് തുടരും. ഈ രാത്രികളില്‍ മഹാരാഷ്ട്രയിലും പഞ്ചാബിലും മധ്യപ്രദേശിലും എല്ലാം വലിയ പ്രക്ഷോഭങ്ങള്‍ ഉയരുന്നുണ്ട്. തൊട്ടയലത്തെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ പടരുന്നു. ജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ കഴിയുന്ന തമിഴ് വ്യക്തിത്വങ്ങള്‍ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. അന്നാടുകളിലെ വാര്‍ത്താ മാധ്യമങ്ങള്‍ ഡല്‍ഹിയിലേക്ക് തുറന്നിരിക്കുന്നു. സമരത്തോട് ഐക്യപ്പെട്ട് കായികതാരങ്ങള്‍ ഉള്‍പ്പെടെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നു. അതെ, രണ്ടാം മോഡി സര്‍ക്കാരിന്റെ ആരോഹണത്തോടെ ഇനിയുണ്ടാവില്ല എന്ന് കരുതിയ സംഘടിത ജനമുന്നേറ്റം സാധ്യമായിരിക്കുന്നു. അത് എഴുപതുകളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഉണ്ടായ ജെ. പി പ്രസ്ഥാനത്തെ അതിശയിപ്പിക്കുന്ന ജനപിന്തുണ നേടിയിരിക്കുന്നു.
ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പലനിലകളിലുള്ള ദൂരത്തെ അനുസ്മരിപ്പിക്കും വിധം ഡല്‍ഹിയിലെ കര്‍ഷകസമരം കേരളത്തിന്റെയോ മലയാളിയുടെയോ പതിവ് ജീവിതവ്യവഹാരത്തില്‍ അത്രയൊന്നും ഇടം നേടിയിട്ടില്ല. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 18 ലോക് സഭാംഗങ്ങളും ഈ സമരങ്ങള്‍ അറിഞ്ഞ മട്ടില്ല. അവരുടെ പ്രതികരണങ്ങള്‍ പോലും എങ്ങും കാണാനില്ല. ഐതിഹാസികമായ ഭാരത ബന്ദ് പൂര്‍ത്തിയായ അന്നും നമ്മുടെ മാധ്യമ മുന്‍ഗണനകളില്‍ നിറഞ്ഞാടിയത് മുന്‍കൂട്ടി രചിക്കപ്പെട്ട ചില തിരനാടകങ്ങളും അടിസ്ഥാന രാഷ്ട്രീയ നിലവാരത്തെ അപമാനിക്കുന്ന ഊഹാപോഹങ്ങളുമാണ്. പിന്നീടൊരിക്കലും സാധൂകരിക്കേണ്ടതില്ലാത്ത പ്രസ്താവനകളെ വാര്‍ത്തകളായി വിഴുങ്ങേണ്ട മാധ്യമ കാലത്തിലൂടെയാണല്ലോ മലയാളിയുടെ നിത്യ സഞ്ചാരം. ഈ ദിവസങ്ങളിലും നാമത് കാണുന്നു കേള്‍ക്കുന്നു. വിനോദവും വാര്‍ത്തയും തമ്മില്‍ പരസ്പരം മാറിപ്പോയ, അഥവാ മാറ്റിമറിക്കലിന് ഇരയാക്കപ്പെട്ട ജനത. പക്ഷേ, കുറുകേ നടന്നവരാണ് അല്ലെങ്കില്‍ കുറുകേ നീന്തിയവരാണ് പ്രതീക്ഷകളുടെ കരപറ്റുക. അതിനാല്‍ നാമെങ്കിലും ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ സ്പന്ദനമെന്ത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. കര്‍ഷകരെക്കുറിച്ചും അവര്‍ നടത്തുന്ന അതിമഹത്തായ അതിജീവന സമരത്തെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. ഈ നാളുകളില്‍ അതിനെക്കുറിച്ച് മാത്രം ആലോചിക്കേണ്ടതുണ്ട്, പിന്തുണക്കേണ്ടതുണ്ട്. മുഖ്യധാരാ മലയാള മാധ്യമങ്ങളുടെ അറുവഷളന്‍ കുഴല്‍വിളികളെ അവഗണിക്കേണ്ടതുണ്ട്.
ഫാഷിസം നാടുവാഴുമ്പോള്‍ രാജ്യഗതി അപ്രവചനീയമാണ്. കാരണം ഫാഷിസം പിളര്‍പ്പിന്റെ, വിഭജനത്തിന്റെ പ്രയോഗമാണ്. കോര്‍പറേറ്റുകളുടെ ഭരണകൂടമാണ് ഫാഷിസ്റ്റ് ഭരണകൂടം. ഫാഷിസം ഷുഡ് മോര്‍ അപ്രോപ്രിയേറ്റ്‌ലി ബീ കാള്‍ഡ് കോര്‍പറേറ്റിസം ബിക്കോസ് ഇറ്റ് ഈസ് എ മെര്‍ജര്‍ ഓഫ് സ്റ്റേറ്റ് ആന്‍ഡ് കോര്‍പറേറ്റ് പവര്‍ എന്ന് ബെനിറ്റോ മുസോളിനി. കോര്‍പറേറ്റുകള്‍ അതിഭരണകൂടങ്ങളാണ്. അവ ഡീപ് സ്റ്റേറ്റ് പോലുമാണ്. സ്ട്രാറ്റജി എന്നതാണ് അവര്‍ ദൈനംദിന വ്യവഹാരങ്ങളെയും പ്രശ്‌ന പരിഹാരങ്ങളെയും കുറിക്കാന്‍ പ്രയോഗിക്കുന്ന വാക്ക്. തങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുന്ന സര്‍ക്കാര്‍, അഥവാ തങ്ങള്‍ തന്നെ സൃഷ്ടിച്ച സര്‍ക്കാര്‍ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്നുവന്നാല്‍ കോര്‍പറേറ്റുകള്‍ ഇടപെടും. ഭരണകൂടത്തെക്കാള്‍ സമര്‍ഥമായി അവര്‍ ഡീല്‍ നടത്തും. കാരണം പൊതുബോധ നിര്‍മിതിയെ നിയന്ത്രിക്കാനുള്ള കോപ്പുകള്‍ അവരിലുണ്ട്. ഡല്‍ഹിയിലെ ഇപ്പോഴത്തെ മഹാപ്രക്ഷോഭം ഒരു കോര്‍പറേറ്റ്്വിരുദ്ധ സമരം കൂടിയാണ്. കാരണം പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ചമച്ച മൂന്ന് നിയമങ്ങള്‍ റദ്ദാക്കണം എന്നതാണ് പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും കൃഷി ഒരു ജീവിതപദ്ധതിയാണ്. അടിത്തട്ട് സാമൂഹികതയുമായും മനുഷ്യര്‍ തമ്മിലെ ബന്ധനിലകളുമായെല്ലാം കെട്ടുപിണഞ്ഞ ഒന്ന്. ഭൂതകാലത്താല്‍ ബന്ധിതവും പാരമ്പര്യമെന്ന് വിശാലാര്‍ഥത്തില്‍ മനസിലാക്കാവുന്നതുമായ ഒന്ന്. അതിനാല്‍ത്തന്നെ കൃഷിക്കെതിരായ ഏത് നീക്കവും അവരുടെ ജീവിതത്തിനും ജീവിതവ്യവസ്ഥക്കും എതിരായ ഒന്നായിട്ടാവും മനസിലാക്കപ്പെടുക. തൊണ്ണൂറുകളില്‍ ആരംഭിച്ച കോര്‍പറേറ്റുവത്കരണവും സാമ്പത്തിക പരിഷ്‌കാരങ്ങളും കാര്‍ഷികമേഖലക്ക് വന്‍ആഘാതമായിരുന്നു എന്നത് ഇന്ന് ഒരു തര്‍ക്കവിഷയമല്ല. പക്ഷേ, അതൊന്നും ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പോലെ കൃഷി എന്ന ജീവിത പദ്ധതിയിലേക്കുള്ള പ്രത്യക്ഷ കയ്യേറ്റമായി അനുഭവപ്പെട്ടിരുന്നില്ല. വിളകളുടെ വില, വളത്തിന്റെ വില, വിത്തുനയം തുടങ്ങിയ ഇരുട്ടടികളെ സ്വതസിദ്ധമായ കൃഷിവഴക്കം കൊണ്ട് പരിധി വരെ അതിജീവിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ അങ്ങനെയല്ല.
കര്‍ഷകനും മണ്ഡികളും തമ്മിലെ ജൈവബന്ധത്തില്‍ കത്രികവെക്കുന്നു എന്നതാണ് കര്‍ഷകരെ പ്രകോപിതരാക്കിയ ഒന്നാം കാര്യം എന്ന് നമുക്കറിയാം. മണ്ഡികള്‍ അഥവാ ചന്തകള്‍ ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയിലെ ഒരു ജൈവിക ബന്ധനിലയാണ്. കാര്‍ഷികോല്‍പന്ന കമ്പോള സമിതിയുടെ നിയന്ത്രണത്തിലാണ് മണ്ഡികള്‍ പ്രവര്‍ത്തിക്കുന്നത്. തികച്ചും പ്രാദേശികവും പരിചിതവുമായ സംവിധാനമാണിത്. പുതിയ നിയമം വരുന്നതോടെ മണ്ഡികള്‍ ഇല്ലാതാവും. മണ്ഡികള്‍ക്ക് പകരം കോര്‍പറേറ്റ് ഭീമന്‍മാര്‍ നേരിട്ടെത്തും. അതോടെ വിപണി കൂടുതല്‍ തുറക്കില്ലേ എന്നാണ് സര്‍ക്കാരിന്റെയും സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെയും ചോദ്യം. തുറക്കും എന്നത് വസ്തുതയാണ്. ആരാണ് അവിടേക്ക് വരുന്നത്? കോര്‍പറേറ്റുകള്‍. തുടക്കത്തില്‍ കര്‍ഷകരെ അവര്‍ പ്രീതിപ്പെടുത്തും. പിന്നീട് തനിനിറം വെളിവാക്കും. തദ്ദേശീയ വിപണികളിലേക്ക് കോര്‍പറേറ്റുകള്‍ വന്നിടത്തൊക്കെ ചൂഷണം നടന്നിട്ടുണ്ട്. മണ്ഡികള്‍ എന്ന, കര്‍ഷകര്‍ക്ക് സവിശേഷമായ ബന്ധനിലയുള്ള മണ്ഡികള്‍ പോയി കോര്‍പറേറ്റുകള്‍ നേരിട്ടെത്തിയാല്‍ ചുളുവിലക്ക് അവര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. മണ്ഡികള്‍ പോകുന്നതോടെ താങ്ങുവില എന്ന സമ്പ്രദായവും പോകും. കാരണം മണ്ഡികളും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമാണ് താങ്ങുവില ഉറപ്പാക്കുന്നത്. ഈ താങ്ങുവില എന്നത് ചില്ലറക്കാര്യമല്ല. ചെറുകിട ഇടത്തരം കര്‍ഷകരുടെ പ്രാണവായു താങ്ങുവിലയാണ്; മിനിമം സപ്പോര്‍ട്ട് പ്രൈസ്. വിളകള്‍ക്ക് ഇത് ലഭിക്കുമെന്ന ഉറപ്പാണ് വിത്തിറക്കാനുള്ള അവരുടെ ബലം. കോര്‍പറേറ്റുകള്‍ വിപണി മൊത്തമായി വിഴുങ്ങുന്നതോടെ താങ്ങുവില തകരും. താങ്ങുവില സംബന്ധിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചകളില്‍ വെക്കുന്ന ഉറപ്പുകള്‍ വിശ്വസിക്കാന്‍ നിര്‍വാഹമില്ല. കാരണം മണ്ഡികളാണ് താങ്ങുവിലയുടെ അടിത്തറ. അതുപോകുന്നതോടെ താങ്ങുവില എന്ന ആശയത്തിന് നിലനില്‍പില്ല. കാരണം മണ്ഡി എന്നത് നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതും കര്‍ഷകര്‍ക്ക് ഇടപെടല്‍ ഉള്ളതുമായ ഒരു സംവിധാനമാണ്. അത് പോകുന്നതോടെ വിളയുടെ വിപണിയില്‍ നിന്ന് കര്‍ഷകര്‍ പുറത്താവും. മണ്ഡിയില്‍ ചരക്കുകള്‍ വാങ്ങുന്നതിന് ലൈസന്‍സ് വേണം. ഈ ലൈസന്‍സ് ഉള്ളവരെയാണ് സംഘപരിവാര്‍ ഇപ്പോള്‍ ഇടനിലക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ, അവര്‍ കര്‍ഷകരുടെ ഭാഗമായ ആളുകളാണ്. കര്‍ഷകര്‍ പോലുമാണ്. അവരെ ഒഴിവാക്കണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല. അവരെ ഒഴിവാക്കിയുള്ള തുറന്നിടല്‍ ചൂഷണത്തിലേക്കുള്ള വാതിലാണെന്ന് അവര്‍ പറയുന്നു. അവര്‍ പറയുന്നത് മാത്രമാണ് ഇക്കാര്യത്തില്‍ നാം കേള്‍ക്കേണ്ടത്, കാരണം അവര്‍ കര്‍ഷകരാണ്.
കൃഷി ഭരണഘടനാപരമായി സംസ്ഥാന വിഷയമാണ്. ഫാഷിസം ഭയക്കുന്നത് ഫെഡറലിസത്തെയാണെന്ന് നമുക്കറിയാം. ഉറച്ച, ചോദ്യം ചെയ്യപ്പെടാത്ത ഒറ്റ കേന്ദ്രമാണ് അവരുടെ സങ്കല്‍പത്തിലെ രാഷ്ട്രം. അതിനാല്‍ അവര്‍ ഫെഡറലിസത്തെ തകര്‍ക്കും. ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് എന്ന് ചെലവുചുരുക്കല്‍ മുന്‍നിര്‍ത്തി നരേന്ദ്രമോഡി പറയുമ്പോള്‍ ഉന്നം വെക്കുന്നത് ഫെഡറലിസത്തെയാണ്. ഇന്ത്യ യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് ആണ്. യൂണിയന്‍ ആന്‍ഡ് ഇറ്റ്‌സ് സ്റ്റേറ്റ്‌സ് അല്ല. രണ്ടും രണ്ടാണ്. സംസ്ഥാനങ്ങളില്‍ പലതിന്റെയും നട്ടെല്ല് കൃഷിയാണ്. പുതിയ നിയമം ആ നട്ടെല്ലിനെ തച്ചുതകര്‍ക്കുകയാണ്. മണ്ഡികളില്‍ നിന്നുള്ള സംസ്ഥാനങ്ങളുടെ വരുമാനം അത് ഇല്ലാതാക്കും. കര്‍ഷകരും സംസ്ഥാനവും തമ്മിലെ ഒരു കൊടുക്കല്‍ വാങ്ങലിന്റെ അഥവാ സംസ്ഥാനത്തിന്റെ നടത്തിപ്പിലേക്കുള്ള കര്‍ഷകരുടെ നേരിട്ടുള്ള വിഹിതമാണ് മണ്ഡികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതികള്‍. മണ്ഡികളില്‍ നിന്ന് പഞ്ചാബ് സര്‍ക്കാരിനുള്ള പ്രതിവര്‍ഷ വരുമാനം 3500 കോടിയോളമാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അന്തസിനെ തച്ചുതകര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തീര്‍ന്നില്ല. വിപണി ഉള്‍പ്പടെയുള്ള ഇടപാടുകളില്‍ തര്‍ക്കത്തിന് സിവില്‍ കോടതിയെ സമീപിക്കാനുള്ള കര്‍ഷകരുടെ പൗരാവകാശവും പുതിയ നിയമം റദ്ദാക്കുന്നുണ്ട്. മറിച്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ സമീപിക്കണം. സര്‍ക്കാര്‍ തലത്തിലെ കീഴ്ത്തട്ട് ഉദ്യോഗസ്ഥനെയാണ് സിവില്‍ ജഡ്ജിക്ക് പകരം നിര്‍ദേശിക്കുന്നത്. കര്‍ഷകരെ കൂലിയടിമകളായി പരിഗണിക്കുന്നു എന്ന് ചുരുക്കം.
ഇങ്ങനെ ഒരേസമയം കാര്‍ഷിക സമരമായും അതേസമയം ആത്മാന്തസ്സിനെ വീണ്ടെടുക്കാനുള്ള, കൃഷിഭൂമിയിലെ സ്വയം നിര്‍ണയാവകാശം സംരക്ഷിക്കാനായുള്ള സ്വാതന്ത്ര്യസമരമായും മാറിയ ഒന്നാണ് ഇപ്പോള്‍ നടക്കുന്ന കര്‍ഷകസമരം. അതിനാലാണ് ആറു വര്‍ഷത്തെ ചരിത്രത്തിലാദ്യമായി നരേന്ദ്ര മോഡിക്കും അമിത്ഷാക്കും ഒരു സമരത്തെ കേള്‍ക്കേണ്ടി വന്നത്. ഡിസംബര്‍ എട്ടിന് നടന്ന ചര്‍ച്ചയില്‍ നിയമം റദ്ദാക്കുക എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലേക്ക് കര്‍ഷകര്‍ എത്തിച്ചേരാന്‍ കാരണമായതും സമരത്തില്‍ ഉള്ളടങ്ങിയ സ്വാതന്ത്ര്യം, കാര്‍ഷികാന്തസ് എന്നീ പ്രമേയങ്ങളാണ്. ഒടുവില്‍ ഡിസംബര്‍ ഒമ്പതിന് സര്‍ക്കാര്‍ വീണ്ടും അയയുന്നതും നമ്മള്‍ കണ്ടു. താങ്ങുവില നിലനിര്‍ത്തുമെന്ന ഉറപ്പ് എഴുതി നല്‍കാം എന്നാണ് ഒരു നിര്‍ദേശം. മണ്ഡികള്‍ ഇല്ലാതാകുന്നിടത്ത് താങ്ങുവില നിലനില്‍ക്കുന്നതെങ്ങനെ എന്ന കാതലായ ചോദ്യം പരിഗണിക്കപ്പെടുന്നുമില്ല. ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തുമെന്ന വാഗ്ദാനവും അപകടകരമാണ്. കരാര്‍ കൃഷി വ്യാപകമായ രാജ്യങ്ങളിലെല്ലാം കര്‍ഷകര്‍ ഭൂരഹിതരായി തീര്‍ന്ന ചരിത്രമാണുള്ളത്. സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും എന്നാണ് മറ്റൊരു വാഗ്ദാനം. കോര്‍പറേറ്റുകളുടെ തള്ളിക്കയറ്റത്തില്‍ അസാധ്യമാണത്-ഉദാഹരണം ബി.എസ്.എന്‍.എല്‍. ഈ വാഗ്ദാനങ്ങളോട് കര്‍ഷകസംഘടനകള്‍ ഈ കുറിപ്പ് പൂര്‍ത്തിയാക്കുന്നതുവരെ പ്രതികരിച്ചിട്ടില്ല. സമരത്തിന്റെ സത്തയോട് ഐക്യപ്പെടുന്നതല്ല ഈ നിര്‍ദേശങ്ങള്‍.
ചമ്പാരനിലേക്ക് വരാം. കര്‍ഷകരുടെ സമരമായിരുന്നു അത്. ഗാന്ധി ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ട് അധിക കാലമായില്ല. കോണ്‍ഗ്രസിന്റെ താരനേതാവുമല്ല. കര്‍ഷകരുടെ ആത്മാന്തസിനുമേല്‍ സാമ്രാജ്യത്വം നടത്തുന്ന കയ്യേറ്റമായാണ് ചമ്പാരനിലെ നീലം കര്‍ഷകരുടെ സമരത്തെ ഗാന്ധി മനസിലാക്കിയത്. ചമ്പാരനില്‍ ഗാന്ധി സത്യഗ്രഹം തുടങ്ങി. ഇന്ത്യയില്‍ അമ്മട്ടിലുള്ള ഗാന്ധിയുടെ ആദ്യ സമരം. കര്‍ഷകരുടെ സമരം എല്ലായ്‌പോഴും സ്വാതന്ത്ര്യസമരമാണെന്നും അന്തസിനെ വീണ്ടെടുക്കാനുള്ള സമരമാണെന്നും ഗാന്ധി മനസിലാക്കി. ഇന്ന് കര്‍ഷകര്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത് ഗാന്ധി മനസിലാക്കിയതുപോലെ ഞങ്ങളെ, ഞങ്ങളുടെ വാക്കുകളെ മനസിലാക്കൂ എന്നാണ്. നമുക്കെങ്കിലും അങ്ങനെ മനസിലാക്കാം.
കെ കെ ജോഷി
You must be logged in to post a comment Login