പ്രണയം പൂര്‍ണമായും നിരാകരിക്കുന്ന സമീപനമല്ല ഇസ്ലാമിന്റേത്. സ്രഷ്ടാവ് സംവിധാനിച്ച പ്രണയമെന്ന വിശേഷഗുണം ഉപയോഗപ്പെടുത്താനുള്ള അനുവാദം എല്ലാവര്‍ക്കും ഇസ്ലാം നല്‍കുന്നുണ്ട്. അതോടൊപ്പം ചില നിയമങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിട്ടുമുണ്ട്.
അടിമയെ പരീക്ഷിക്കാനുള്ള ഉപാധിയായി സംവിധാനിക്കപ്പെട്ട ഒന്നായി പ്രണയത്തെ നമുക്ക് വായിക്കാം. അടിമയുടെ പ്രണയത്തിലൂടെയുള്ള സഞ്ചാരവഴി സ്രഷ്ടാവ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ജീവിതക്രമം ചിട്ടപ്പെടുത്തുന്നതിലും സംസ്‌കൃതിയുടെ രൂപീകരണത്തിനും പ്രേരകശക്തി കൂടിയാണ് പ്രണയം. പ്രണയത്തിന്റെ അഭാവം ലക്ഷ്യസാക്ഷാത്കാരത്തിനുള്ള പ്രചോദനമില്ലാതാക്കും. അത് സംസ്‌കൃതിയുടെ മുരടിപ്പിന് വഴിവെക്കും. അതായത് പ്രപഞ്ചത്തില്‍ പുത്തനുണര്‍വും ചലനാത്മകതയും സാധ്യമാക്കുന്ന ഘടകങ്ങളിലൊന്ന് പ്രണയമാണെന്ന് ചുരുക്കം.
പ്രണയത്തിന്റെ ശരിയായ പ്രയോഗവത്കരണം കുടുംബ, സാമൂഹിക ഭദ്രതക്കും നിര്‍ഭയവും സമാധാനപൂര്‍ണവുമായ ലോകസൃഷ്ടിപ്പിനും കാരണമാകും. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് പ്രണയമെന്ന സവിശേഷ വികാരം മനുഷ്യനില്‍ സ്രഷ്ടാവ് സംവിധാനിച്ചിട്ടുള്ളത്.
പ്രണയത്തിന്റെ മൂന്നു തലങ്ങളെ തൗബ സൂറതിലെ ഇരുപത്തിനാലാം സൂക്തത്തില്‍ നിന്നു വായിച്ചെടുക്കാം. ഉയര്‍ന്ന തലവും മധ്യമ തലവും താഴ്ന്ന തലവുമാണവ. ആദ്യ രണ്ടുതലവും ഇസ്ലാം അനുവാദം നല്‍കുന്ന പ്രണയമാണ്. താഴ്ന്ന തലം നിരോധിക്കപ്പെട്ടതാണ്.
അല്ലാഹുവിനോടും റസൂലിനോടുമുള്ള പ്രണയം ഉയര്‍ന്ന തലത്തിലുള്ള പ്രണയമാണ്. അത് വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമാണ് എന്നതാണ് കാരണം. യഥാര്‍ത്ഥ വിശ്വാസി പൂര്‍ണമായും അല്ലാഹുവില്‍ ലയിക്കും. കാരണം അല്ലാഹു മാത്രമാണ് പ്രപഞ്ചത്തിന്റെ ഉടമസ്ഥനെന്ന് തിരിച്ചറിഞ്ഞവനാണവന്‍. അടിമകള്‍ക്ക് അനുഗുണമായത് അറിയുന്ന സര്‍വജ്ഞാനിയാണ് സ്രഷ്ടാവെന്ന് മനസ്സിലാക്കിയവനുമാണ്. അതോടൊപ്പം പൂര്‍ണതയുള്ള അസ്തിത്വവും അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനവും അല്ലാഹുവിനുണ്ടെന്ന് വിശ്വസിക്കുന്നവര്‍ അല്ലാഹുവോടുള്ള പ്രണയം പുഷ്‌കലമാക്കും.
ഹബീബിനോടുള്ള പ്രണയവും ഇപ്രകാരം തന്നെ വിശ്വാസത്തിന്റെ പ്രതിധ്വനിയാണ്. റസൂലില്‍ നിസ്തുല മാതൃകയും സ്വഭാവമഹിമയും പാപസുരക്ഷിതത്വവും കണ്ടെത്തുന്നവര്‍ സ്വാഭാവികമായും പ്രണയലോകത്ത് അഭിരമിക്കും. ജീവനെക്കാളേറെ തിരുനബിയെ സ്‌നേഹിച്ച സ്വഹാബത്തിന്റെ മാതൃകകള്‍ ചരിത്രത്തില്‍ അനവധിയാണ്.
മാതാപിതാക്കളും മക്കളും, ഭാര്യയും ഭര്‍ത്താവും, വ്യക്തിയും കുടുംബാംഗങ്ങളും, വ്യക്തിയും സുഹൃത്തും പരസ്പരമുള്ള പ്രണയം മധ്യമതലത്തിലെ പ്രണയമാണ്.
ഈ പ്രണയത്തിന്റെ സാക്ഷാത്കാരത്തിനായി നിര്‍ബന്ധപൂര്‍വമായ കല്‍പ്പനകള്‍ ഹദീസുകളില്‍ കാണാം. സ്വശരീരത്തിന് ഇഷ്ടമുള്ളത് സുഹൃത്തിന് ഇഷ്ടപ്പെടാതെ വിശ്വാസിയാകില്ലെന്ന ആശയം വരുന്ന ഹദീസുകള്‍ നമുക്ക് കാണാം. രോഗം വന്നാല്‍ ഉറക്കമിളച്ച് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന ശരീരാവയവങ്ങള്‍ക്ക് സമാനമാണ് സൗഹൃദം പുലര്‍ത്തുന്ന വിശ്വാസിസമൂഹമെന്ന് പഠിപ്പിക്കുന്ന നബിവചനവുമുണ്ട്.
മനുഷ്യന് അനുഗുണമാണെന്ന നിലക്കാണ് ഈ പ്രണയത്തെ ഇസ്ലാം നിര്‍ബന്ധപൂര്‍വം അനുവദിച്ചിട്ടുള്ളത്. ഭാര്യ, ഭര്‍ത്താക്കള്‍ക്കിടയിലെ പ്രണയം കുടുംബസൃഷ്ടിപ്പിന് അനിവാര്യമാണ്. തഥൈവ സന്താനോല്‍പാദനത്തിലും, ശിശുപരിപാലനത്തിലും അനിവാര്യമാണ്. സാമൂഹിക കെട്ടുറപ്പിനും സംസ്‌കൃതിയുടെ രൂപീകരണത്തിനും മധ്യമതലത്തിലെ പ്രണയം ഒഴിച്ചുകൂടാനാവാത്തതാണ്.
മധ്യമപ്രണയം അനാവശ്യമായി വിഛേദിക്കരുതെന്ന് പ്രത്യേക നിര്‍ദേശം ഇസ്ലാം നല്‍കുന്നുണ്ട്. മൂന്നു ദിവസത്തിലധികം മതപരമായ കാരണങ്ങളില്ലാതെയുള്ള ബന്ധവിഛേദനം അരുതെന്നാണ് ഇസ്ലാമികപാഠം.
അതേസമയം പ്രണയം, ഒരിക്കലും അരുതായ്മകളോട് മൗനം ദീക്ഷിക്കാന്‍ അനുവാദംനല്‍കുന്നില്ല. അരുതായ്മ പ്രവര്‍ത്തിക്കുന്ന സുഹൃത്തിനെ ഉപദേശിക്കാനാണ് ‘ദീന്‍ ഗുണകാംക്ഷയാണെന്ന’ തിരുവചനം പഠിപ്പിക്കുന്നത്. ഉപദേശം സ്വീകരിക്കാതെ തിന്മയില്‍ തുടരുന്നവനോട് താല്‍ക്കാലികമായി ബന്ധം വിഛേദിക്കാനും നിര്‍ദേശമുണ്ട്. തബൂക്ക് യുദ്ധത്തില്‍ നിന്ന് മാറിനിന്ന കഅ്ബ് ബ്‌നു മാലികിനോട്(റ) നബി (സ) സ്വീകരിച്ച സമീപനം ഇതിനുദാഹരണമാണ്. അതേസമയം ഇസ്ലാം പരിത്യജിച്ച സുഹൃത്തുമായി ശാശ്വതമായ ബന്ധവിഛേദനം അനിവാര്യമാണെന്നും പറയുന്നുണ്ട്.
പ്രണയത്തിന്റെ താഴ്ന്ന തലം ആക്ഷേപാര്‍ഹമാണ്, വര്‍ജിക്കേണ്ടതാണ്. വിഗ്രഹങ്ങളോടുള്ള പ്രണയം, ഇസ്ലാമിക ശത്രുക്കളോടുള്ള പ്രണയം, അന്യ സ്ത്രീ- പുരുഷ സ്പര്‍ശന, ദര്‍ശന പ്രണയം എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. നിലവിലെ പ്രേമവിവാഹങ്ങളുടെ മുഖവുരയാണ് അന്യ സ്ത്രീ-പുരുഷ സ്പര്‍ശനദര്‍ശനങ്ങളൊക്കെയും. പ്രണയത്തിന്റ ആദ്യ രണ്ടു തലങ്ങളെ അനുവര്‍ത്തിക്കുന്നവര്‍ക്ക് പ്രണയത്തിന്റെ താഴ്ന്ന തലത്തില്‍ നിന്നും സംരക്ഷണം സാധ്യമാവും. സുലൈഖ പ്രയോഗിച്ച കുതന്ത്രങ്ങളില്‍ യൂസുഫ് നബി (അ) അകപ്പെടാത്തത് ഈ വസ്തുത ബോധ്യപ്പെടുത്തുന്നുണ്ട്.
മനുഷ്യ പ്രകൃതമറിയുന്ന അല്ലാഹുവിന്റെ മതമായ ഇസ്ലാം സ്ത്രീ, പുരുഷ എതിര്‍ലിംഗ അഭിനിവേശം നിരാകരിക്കുന്നില്ല. വിവാഹമെന്ന വ്യവസ്ഥ ഇസ്ലാം നിയമമാക്കിയതിലെ മുഖ്യലക്ഷ്യം ഈ ലൈംഗിക പൂര്‍ത്തീകരണം തന്നെയാണ്. ‘വിവാഹം കഴിക്കാത്ത കഴിവുള്ള വ്യക്തി എന്നില്‍പെട്ടവനല്ലെ’ന്ന തിരുവചനം മനുഷ്യപ്രകൃതത്തിന് ഇസ്ലാം വില കല്‍പ്പിക്കുന്നുവെന്നാണ് ബോധിപ്പിക്കുന്നത്.
അവിചാരിതമായി സംഭവിച്ച പ്രേമം നിഷിദ്ധ കൃത്യങ്ങളിലേക്ക് വഴുതിപ്പോകാതെ വിവാഹത്തിലൂടെ പരിശുദ്ധമായ രൂപത്തില്‍ പരിസമാപ്തിയിലെത്തിയാല്‍ കുറ്റകരമല്ലെന്നാണ് ഇസ്ലാം പറയുന്നത്. തിന്മ ചെയ്യാന്‍ സൗകര്യങ്ങളൊത്തുവന്നിട്ടും ഇലാഹീ ഭയം കാരണം മാറിനിന്ന പ്രതിഫലത്തിന് ഈ വ്യക്തി അര്‍ഹനാവും. ഇതു കാരണമായി മരണപ്പെടുന്നവര്‍ക്ക് ശഹീദിന്റെ കൂലി വരെ ലഭിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. തിരുവചനത്തില്‍ നിന്ന് അത് വായിച്ചെടുക്കാം.
അതേസമയം അവിചാരിതമായി സംഭവിച്ച പ്രണയം വിവാഹത്തിലൂടെ സാക്ഷാത്കാരം സാധ്യമാകാതെ വരുമ്പോള്‍, പരസ്പരം മറക്കാന്‍ ശ്രമിക്കാതെ അരുതായ്മകളില്‍ചെന്ന് പര്യവസാനിക്കുന്നെങ്കില്‍ അത് കുറ്റകരമാണെന്നാണ് ഇസ്ലാം പറയുന്നത്. അതു കാരണമായുള്ള മരണം ആത്മഹത്യക്ക് സമാനവുമാവാം.
അവിചാരിതമായി തുടങ്ങി അരുതായ്മകളില്‍ അവസാനിക്കുന്ന പ്രണയം തെറ്റാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അത്തരം പ്രണയങ്ങളുടെ മുഖവുര തന്നെ ഇസ്ലാം നിരാകരിക്കുന്നുണ്ട്. അന്യ സ്ത്രീ, പുരുഷന്മാര്‍ പരസ്പരം ദര്‍ശിക്കലും സ്പര്‍ശിക്കലും ഒറ്റക്കാവലും ഇസ്ലാം വിലക്കിയതാണ്. വിവാഹിതരാകുന്നതിന് മുമ്പ് വിവാഹിതരാവാന്‍ ഉദ്ദേശിക്കുന്നവരുടെ അത്യാവശ്യമായ പരസ്പരം കാണലും സ്വഭാവങ്ങള്‍ അന്വേഷിക്കുന്നതും അന്യോന്യം തൃപ്തരാവുന്നതും ഇസ്ലാം അനുവദിച്ചതാണ്. തന്റെ മനസ്സിനിണങ്ങിയ സ്ത്രീയെ കണ്ടെത്തുന്നതിലും അവളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നതിലും യാതൊരു വിധ വിലക്കുമില്ല.
എന്നാല്‍ പ്രതിശ്രുത വധുവിനൊപ്പം വിവാഹത്തിന് മുമ്പ് ഒന്നിച്ചുജീവിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതും പരസ്പര സ്പര്‍ശനവും അത്യാവശ്യ കാഴ്ചക്കുമപ്പുറമുള്ള ദര്‍ശനവും ഇസ്ലാം അനുവദിക്കുന്നില്ല. വിവാഹത്തിന് മുമ്പ് ലൈംഗികവേഴ്ചകളിലേര്‍പ്പെടുകയും പരസ്പരം പൊരുത്തപ്പെട്ടു പോകുമെന്ന് ഉറപ്പുവരുത്തി വിവാഹം നടത്തുകയും ചെയ്യുന്ന രീതി ഇസ്ലാം അംഗീകരിക്കുന്നില്ല.
ഉവൈസ് നടുവട്ടം
You must be logged in to post a comment Login