ലോകതലത്തില്‍ മലബാര്‍ സമരത്തെ വര്‍ഗീയ കലാപമാക്കി ചിത്രീകരിക്കാനുള്ള ഹീനശ്രമങ്ങള്‍ നടന്നു. ബ്രിട്ടീഷ് മാധ്യമങ്ങളിലും ഉത്തരേന്ത്യയിലെ ഹിന്ദി മാധ്യമങ്ങളിലും മലബാറില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുകയാണെന്ന പ്രചാരണം ശക്തമാക്കി. ഗാന്ധിജിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്. ഗാന്ധിജി പണിപ്പെട്ടു ഉണ്ടാക്കിയ ഹിന്ദു, മുസ്ലിം മൈത്രി തകര്‍ക്കാന്‍ ഈ പ്രചാരണങ്ങള്‍ വലിയ ആയുധമായി ഭവിച്ചു. ബ്രിട്ടീഷുകാര്‍ക്കും ഇതൊരാവശ്യമായിരുന്നു. ഹിന്ദു മഹാസഭാ നേതാക്കളായ മാളവ്യ, ബിപിന്‍ ചന്ദ്ര, ലാലാ ലജ്പത് റായ് എന്നിവരും അരോബിന്ദോ, ലാലാ ഹര്‍ദയാല്‍ തുടങ്ങിയവരും ആര്യ സമാജക്കാരും ഇതിന് മുന്‍പന്തിയിലുണ്ടായിരുന്നു. ഹിന്ദു- മുസ്ലിം മൈത്രിയുടെ മുന്‍പന്തിയിലുണ്ടായിരുന്നവര്‍ പോലും വര്‍ഗീയതക്കൊപ്പം ചേരുന്നതാണ് നാം കാണുന്നത്. ശുദ്ധി പ്രസ്ഥാനവും ഗോവധ നിരോധനവുമൊക്കെ ആയുധമാക്കി ഹിന്ദു വര്‍ഗീയത ഉദ്ദീപിപ്പിക്കാനും മലബാറില്‍ ആ പ്രസ്ഥാനം വ്യാപിപ്പിക്കാനും ആര്യ സമാജക്കാര്‍ കേരളത്തിലെത്തി. കോണ്‍ഗ്രസ് നേതാവായ മാധവന്‍ നായര്‍ പോലും ഒരുവേള ബ്രിട്ടീഷ് പത്രങ്ങളുടെ റിപ്പോര്‍ട്ടറായി വര്‍ഗീയപരമായ വാര്‍ത്തകള്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതു വായിച്ച് തെറ്റിദ്ധരിക്കപ്പെട്ട പലരുമുണ്ടായിരുന്നു. മുഹമ്മദീയരെ ക്രൂരന്‍മാരായി ചിത്രീകരിച്ച കുമാരാനാശാന്‍ പോലും ഈ കെണിയില്‍ അകപ്പെട്ടു. ഇക്കാര്യം അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ദുരവസ്ഥയിലെ പരാമര്‍ശങ്ങള്‍ തിരുത്തി മറ്റൊരു കവിത എഴുതാന്‍ തീരുമാനിച്ചെങ്കിലും അതിനു മുമ്പേ അദ്ദേഹം മരണമടഞ്ഞു. മലബാര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്തിയെങ്കിലും ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തെ തകര്‍ക്കാനൊന്നും വര്‍ഗീയ വാദികള്‍ക്കായില്ല. മലബാര്‍ സമരത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയ അദ്ദേഹം മാപ്പിളമാരുടെ സമരാവേശത്തെ വാഴ്ത്തുകയാണ് ചെയ്തത്. ഇക്കാര്യം എം ഗംഗാധര മേനോന്‍ സമരത്തെക്കുറിച്ചുള്ള തന്റെ കൃതിയില്‍ സൂചിപ്പിക്കുന്നു. സമരത്തിനെതിരെ വര്‍ഗീയ വാദികള്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ മുസ്ലിം വിരോധവും ഹിന്ദുത്വവും വളര്‍ത്തിയെടുക്കാന്‍ സഹായകമായി. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യയിലും ഹിന്ദു മുസ്ലിം സംഘട്ടനങ്ങള്‍ അരങ്ങേറി. ആര്യ സമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദ് വധിക്കപ്പെട്ടു. മൗലാനാ മുഹമ്മദലിയെ വധിക്കാന്‍ ഇവര്‍ പരിപാടിയിട്ടെങ്കിലും കഴിഞ്ഞില്ല. ഗാന്ധിജി ജീവിക്കരുതെന്ന് മഹാസഭയും ആര്യ സമാജക്കാരും അന്നേ തീരുമാനിച്ചിരുന്നു.
മലബാറില്‍ ആലി മുസ്ലിയാര്‍ എര്‍പ്പെടുത്തിയ ഖിലാഫത് ഭരണം താല്ക്കാലികമായിരുന്നു. മുസ്ലിംകള്‍ ഇവിടെ വന്നേടം മുതല്‍ ഒരു ഭരണമുണ്ടാക്കാന്‍ ശ്രമിക്കുകയോ ആവശ്യമുന്നയിക്കുകയോ ഉണ്ടായില്ല. പ്രാദേശിക ഭരണങ്ങളെ ശക്തിപ്പെടുത്തുകയും സഹായിക്കുകയുമായിരുന്നു അവര്‍. സാമൂതിരിയുടെ രാജ്യം ഇസ്ലാം രാജ്യം തന്നെയാണെന്ന് സൈനുദ്ദീന്‍ മഖ്ദൂം തന്നെ പറഞ്ഞു. ബ്രിട്ടീഷു കാലത്ത് ഭരണം അവര്‍ കൈയടക്കുകയും സാമൂതിരിയടക്കമുള്ള മുന്‍ രാജാക്കന്‍മാര്‍ ബ്രിട്ടീഷ് പക്ഷത്താവുകയും ചെയ്തപ്പോഴാണ് ഈ മാപ്പിളനോതാക്കള്‍ ഒരു ഭരണത്തിന് മുന്നോട്ടു വന്നത്. എന്നാല്‍ ഖിലാഫത് കിതാബടിസ്ഥാനമാക്കിയ ഭരണമായിരുന്നില്ല. ചൂഷണത്തിനെതിരെ മുഴുവന്‍ മതക്കാരെയും അണി നിരത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അതിന്റെ അടിസ്ഥാന തത്വങ്ങള്‍ തയാറാക്കിയത് ഹിന്ദുക്കളും മുസ്ലിംകളും കൂടിയിരുന്നാണ്. ഇതില്‍ ഹിന്ദുക്കള്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ഒരു പരിപാടിയിലും മുസ്ലിംകള്‍ എര്‍പ്പെടരുതെന്നും മതം മാറ്റങ്ങളില്‍ നിന്ന് മാറി നില്ക്കണമെന്നും കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഖിലാഫത് ഭരണം എന്ന് പരക്കെ പേര് ലഭിച്ചെങ്കിലും തന്റെ നാടിനെ ഖിലാഫത് രാജ്യമെന്നല്ല, മിറച്ച് മലയാള രാജ്യമെന്നാണ് കുഞ്ഞഹമ്മദാജി തന്നെ വിശേഷിപ്പിച്ചത്. ഇവിടെ ഖിലാഫത് ഭരണം എന്ന് അര്‍ഥമാക്കുന്നത് ഖിലാഫത് പ്രസ്ഥാനത്തിന്റെ ഭരണം എന്ന നിലക്കാണ്; മറിച്ച് ഇസ്ലാമിക ഭരണം എന്ന നിലക്കല്ല. ഹിന്ദുക്കളെയെല്ലാം പുറത്താക്കി പൂര്‍ണമായ ഒരു മുസ്ലിം രാജ്യമാക്കി മലബാറിനെ മാറ്റാനാണ് കുഞ്ഞഹമ്മദാജി ശ്രമിച്ചത് തുടങ്ങിയ പ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. നികുതി നിഷേധിക്കാനും എല്ലാവര്‍ക്കും സംരക്ഷണം നല്‍കാനുമായിരുന്നു തീരുമാനം. ഇങ്ങനെയുള്ള ഭരണക്രമം കൊണ്ടുവരലല്ലാതെ മറ്റൊരു പോം വഴിയും അന്നുണ്ടായിരുന്നില്ല.
കലാപത്തിന് ശേഷം കോണ്‍ഗ്രസ് പക്ഷത്തെ പല നേതാക്കളും വര്‍ഗീയ ചേരിയിലേക്ക് നീങ്ങിയെങ്കിലും ഹിന്ദു- മുസ്ലിം മൈത്രി മലബാറിന്റെ മണ്ണില്‍ നിന്ന് വിപാടനം ചെയ്യാനുള്ള ശ്രമങ്ങളൊന്നും നടന്നില്ല. കോണ്‍ഗ്രസിന് ഈ സമരത്തെ സംരക്ഷിക്കാന്‍ കഴിയാതെ വന്നത് പാര്‍ട്ടിയിലുണ്ടായ ശക്തമായ എതിര്‍പ്പുകളാണ്. മൗലാനാ മുഹമ്മദലി, അബ്ദുറഹ്മാന്‍ സാഹിബ്, ഹസ്രത് മൊഹാനി തുടങ്ങിയ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ തങ്ങളുടെ അതൃപ്തി ഗാന്ധിജിയെ നേരില്‍ അറിയിച്ചെങ്കിലും ശക്തമായ എതിര്‍പ്പ് കാരണം ഗാന്ധിജിയും നിസ്സഹായനായിരുന്നു. ഇത് മനസ്സിലാക്കിയ മുസ്ലിം കോണ്‍ഗ്രസ് നേതാക്കള്‍ മലബാറില്‍ കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഖാന്‍ ബഹാദൂര്‍മാരും മുസ്ലിം ജന്മിമാരും ചേര്‍ന്ന് മുസ്ലിംകളെ കോണ്‍ഗ്രസില്‍ നിന്നകറ്റുകയും സാംസ്‌കാരിക മത സംഘടനകള്‍ സ്ഥാപിക്കുകയും ജനങ്ങളെ മുസ്ലിം ലീഗിനോടടുപ്പിക്കുകയും ചെയ്തു. മുസ്ലിംലീഗ് പാകിസ്ഥാന്‍ വാദവുമായി വന്നപ്പോള്‍ മലബാറിലെ മുസ്ലിംകള്‍ അതിന് വേണ്ടി മറ്റേത് പ്രദേശത്തേക്കാളും മുന്നോട്ടു വരികയും, ഇക്കാലത്ത് മാപ്പിളമാര്‍ പോലും പാകിസ്ഥാന്‍ പ്രദേശത്തേക്ക് കുടിയേറുകയും ചെയ്തു. ഇതിനെതിരായി കോണ്‍ഗ്രസും അതിലെ മുസ്ലിം നേതാക്കളും കഴിവത് ശ്രമിച്ചെങ്കിലും പാകിസ്ഥാന്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ വികാരമായി. ഇതിനിടയില്‍ മലബാര്‍ സമരത്തെയും അങ്ങനെയൊരു സമരം മലബാറിലുണ്ടായതും അതിനായി വരിച്ച ത്യാഗങ്ങളും രക്തസാക്ഷിത്വവും ഓര്‍ക്കാന്‍ ആരുമുണ്ടായില്ല. അല്ല; മലബാര്‍ സമരത്തെ മനസുകളില്‍ നിന്ന് പിഴുതെറിയാനുള്ള ശമത്തില്‍ ബ്രിട്ടീഷുകാരും രാജഭക്തരും മതനേതാക്കളും താല്‍ക്കാലികമായി വിജയിച്ചു.
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login