” The great subcontinent was the most intensely spiritual area in the world; birthplace of one great religion, Budhism, motherland of Hinduism, deeply influenced by Islam, a land whose Gods came in a bewildering array of forms and figures, whose relegious practices ranged from yoga and the most intensive meditation of which the human spirit was capable, to animal sacrifice and debauched sexual orgies performed in cladestine jungle temples- Dominque Lapierre, Lary Callins ( Freedom at Midnight )
ഇന്ത്യയുടെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ആയത് ഒരന്ധവിശ്വാസത്തിന്റെ പുറത്തായിരുന്നു. 1947ആഗസ്ത് 15ന്റെ പകലിലേക്ക് അധികാര കൈമാറ്റം നീളുന്നത് ‘ദുശ്ശകുനങ്ങളുടെ ‘ അകമ്പടിയോടെയാവുമെന്ന് ജ്യോതിഷികള്‍ മുന്നറിയിപ്പ് നല്‍കി. അതോടെ ശുദ്ധമതേതരവാദിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന് പോലും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വാസങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ടിവന്നു. ആഗസ്ത് 14ന് രാത്രി തന്നെ സ്വാതന്ത്ര്യാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ദുശ്ശകുനങ്ങളെ ഇറക്കിവിട്ടു. ആഗസ്ത് 15 അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനാനിര്‍മാണ സഭയിലെ അംഗങ്ങള്‍ ഒത്തുകൂടി സ്വാതന്ത്ര്യപ്പിറവിയുടെ മൂഹൂര്‍ത്തം കുറിച്ച് ‘വന്ദേമാതരം’ ചൊല്ലുമ്പോള്‍ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദിന്റെ വസതിയില്‍ പൂജാദിമന്ത്രങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു! ആ ഹൈന്ദവാചാരം പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ആനയിക്കപ്പെടാതിരുന്നത് നെഹ്‌റുവിന്റെ സെക്കുലര്‍ കാഴ്ചപ്പാട് കൊണ്ട് മാത്രമായിരുന്നു. സ്വാതന്ത്ര്യപ്പുലരിക്ക് ഔദ്യോഗികമായി ഒരു മതത്തോടും കടപ്പാടില്ല എന്ന ചിന്താഗതി കൈമാറാന്‍ നെഹ്‌റു മെനക്കെട്ടു. ആ ഒരു മതേതര ചിന്തയുടെ ബലത്തിലാണ് പുനരുദ്ധരിക്കപ്പെട്ട ഗുജറാത്തിലെ സോമനാഥക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ പുറപ്പെട്ട രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനോട് ആ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കലാണ് അഭികാമ്യമെന്ന് നെഹ്‌റു ഉപദേശിച്ചത്. പക്ഷേ ആ ഉപദേശം വിലപ്പോയില്ല. 70വര്‍ഷം കൊണ്ട് രാജ്യം ബഹൂദൂരം മുന്നോട്ട് സഞ്ചരിക്കുകയും ജനാധിപത്യ-മതേതര മൂല്യങ്ങളുടെ വില ഇടിയുകയും ചെയ്ത കെട്ട കാലത്ത്, ഹിന്ദുത്വ കപടന്മാര്‍ ഭാവനയില്‍ കെട്ടിപ്പടുത്ത രാമക്ഷേത്രത്തിന്റെ ശിലാന്യാസം ഔദ്യോഗിക ചടങ്ങാക്കി മാറ്റിക്കൊണ്ട് പ്രധാനമന്ത്രി മോഡി മതാചാരങ്ങള്‍ സ്വയം ഏറ്റെടുത്തു നടത്തി. ന്യൂനപക്ഷങ്ങളില്‍നിന്ന് ബലമായി പിടിച്ചെടുത്ത ഭൂമിയില്‍ അരങ്ങേറിയ ശിലാന്യാസത്തിന് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി കാര്‍മികത്വം വഹിച്ചത് ഞെട്ടിച്ചു. ആ ഞെട്ടലില്‍നിന്ന് മുക്തമാവുന്നതിന് മുമ്പിതാ രാജ്യത്ത് പുതിയൊരു പാര്‍ലമെന്റ് മന്ദിരം എന്ന സ്വപ്നപദ്ധതി മുന്നോട്ടു വെച്ചുകൊണ്ട് പ്രധാനമന്ത്രി മോഡി ഇന്ത്യ ഒരു ഹൈന്ദവ രാജ്യമാണെന്ന് പരോക്ഷമായി പ്രഖ്യാപിക്കുന്ന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു!
രാജ്യത്തിന് പുതിയൊരു പാര്‍ലമെന്റ് കെട്ടിട സമുച്ചയം എന്നത് തീര്‍ത്തും സെക്കുലറായ ഒരു സ്വപ്നമാണ്. എന്നാല്‍ ആ സെക്കുലര്‍ ഭാവനകളെ സ്വന്തം വിശ്വാസ ആചാരങ്ങളിലേക്ക് ചുരുക്കിക്കെട്ടിയതോടെ രാജ്യത്തെ ഒരു വലിയ അപകടത്തില്‍ വീഴ്ത്തുന്നതിന്റെ ചെകിടടക്കുന്ന ഒച്ചയാണ് ഡിസംബര്‍ 10ന് മുഴങ്ങിക്കേട്ടത്. തീര്‍ത്തും ജനാധിപത്യവിരുദ്ധവും മതേതര നിരാസപരവുമായ മാര്‍ഗത്തിലൂടെയാണ് ആ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാന്യാസ കര്‍മം നിര്‍വഹിച്ചത്. പഴയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ നിര്‍മിതമല്ലെന്നും പുതിയത് ആത്മനിര്‍ഭര്‍ ഭാരതത്തിന്റേതായിരിക്കുമെന്നുമുള്ള മോഡിയുടെ പ്രസംഗത്തില്‍നിന്ന് പലതും വായിച്ചെടുക്കാനുണ്ട്. സാംസ്‌കാരിക ദേശീയതയുടെ വിഷാംശം നിറഞ്ഞ വിശദീകരണങ്ങള്‍ മോഡിയും കൂട്ടരും നിരത്തുമ്പോള്‍, മതേതര ജനാധിപത്യ ഇന്ത്യ മോഡിയിലും ഏതാനും കോര്‍പ്പറേറ്റ് ഭീമന്മാരിലും ആര്‍ എസ് എസിലും ഒതുങ്ങുന്ന ഭയാനകമായ കാഴ്ച കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതിയോ പാര്‍ലമെന്റ് അംഗങ്ങളോ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടില്ല. മതപുരോഹിതന്മാരുടെ സാന്നിധ്യം ഉറപ്പാക്കി ചടങ്ങ് ഹൈന്ദവമയമാക്കി. ഒപ്പം വന്‍ നിര്‍മിതിയുടെ കരാര്‍ തരപ്പെടുത്തിയ ടാറ്റയുടെ തലവന്‍ രത്തന്‍ ടാറ്റക്ക് ചരിത്രവേദിയില്‍ സ്ഥാനം ഉറപ്പിച്ചുകൊടുക്കുകയും ചെയ്തു.
സെക്കുലര്‍, ഡെമോക്രാറ്റിക് റിപബ്ലിക്കായ ഇന്ത്യയുടെ ഭരണത്തലവന് മതമുണ്ടായിരിക്കാം. ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്നുണ്ടാവാം. പക്ഷേ, അത് രാഷ്ട്രത്തിന്റെമേല്‍ അടിച്ചേല്‍പിക്കുന്നത് ഭരണഘടനാമൂല്യങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും വിരുദ്ധമാണ്. സെക്കുലര്‍ ഇന്ത്യയുടെമേല്‍ ഏതെങ്കിലും ഭരണാധികാരിയുടെ മതവും വിശ്വാസവും അടിച്ചേല്‍പിക്കുന്നതോടെ അത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. ആര്‍.എസ്.എസിന്റെ തറവാട് സ്വത്തല്ല ഹിന്ദുസ്ഥാന്‍. ആ പേര് തന്നെ ശൈഖ് നിസാമുദ്ദീന്‍ ഔലിയയുടെ അരുമ ശിഷ്യന്‍ മഹാകവി അമീര്‍ ഖുസ്രു ഈ ഭൂഖണ്ഡത്തിന് സമ്മാനിച്ചതാണ്. സിന്ധു നദിയുടെ തെക്ക് ഭാഗത്ത് ജീവിക്കുന്ന മനുഷ്യസമൂഹത്തെയാണ് അത് ദ്യോതിപ്പിക്കുന്നത്. അതല്ലാതെ, ഏതെങ്കിലും മതവിഭാഗത്തെയല്ല. ഭരണകര്‍ത്താവിന്റെ മതസ്വത്വം രാജ്യത്തിന്റെ ചിന്താധാരയിലേക്ക് ആവാഹിപ്പിക്കാനുള്ള ശ്രമം മതരാഷ്ട്രസിദ്ധാന്തത്തിലേക്കാണ് ആനയിക്കപ്പെടുക. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലായാണ് വിശേഷിപ്പിക്കപ്പെടാറ്. അതിനര്‍ഥം അതൊരു ഹൈന്ദവ ആരാധനാലയം എന്നല്ല. എന്നാല്‍, ജനാധിപത്യത്തിന്റെ ക്ഷേത്രാങ്കണം എന്ന മോഡിയുടെ വിശേഷണം കുടിലമനസ്സോടെയാണ്.
കാപട്യത്തിന്റെ വചനങ്ങള്‍
ജനാധിപത്യം ഇന്ത്യയുടെ സംസ്‌കാരമാണെന്നും ജീവിത രീതിയാണെന്നും ദേശത്തിന്റെ ആത്മാവാണെന്നും പ്രകീര്‍ത്തനങ്ങള്‍ ചൊരിഞ്ഞാണ് ഭൂമിപൂജയ്ക്കു ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി മോഡി വാചാലനായത്. 10-12 നൂറ്റാണ്ടുകളില്‍ ( മുസ്ലിം ഭരണം തുടങ്ങുന്നതിന് മുമ്പ് ) ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നാടന്‍ മാതൃകകള്‍ നിലനിന്നതായി അവകാശപ്പെട്ട മോഡി ജനായത്ത മൂല്യങ്ങള്‍ പടിഞ്ഞാറില്‍നിന്ന് കടംകൊള്ളേണ്ട ആവശ്യമില്ല എന്ന് പൊങ്ങച്ചം പറയാന്‍ മടിച്ചില്ല. എന്നാല്‍ 21-ാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിലും പ്രകടമായ ജനായത്ത വിരുദ്ധ ശൈലിയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് ആര്‍ എസ് എസ് ചിന്തിച്ചതും പദ്ധതി ആവിഷ്‌കരിച്ചതും. ഭൂമിപൂജ ചടങ്ങില്‍ പ്രതിപക്ഷത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. അതിന്റെ ആവശ്യമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന സ്വേച്ഛാധിപതിയാണ് മോഡിയെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പുതിയ പാര്‍ലമെന്റ് മന്ദിരം കേന്ദ്രബിന്ദുവായ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ നൂറുകണക്കിന് കേസുകളാണ് സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത്. ഭൂമി പൂജ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും നിര്‍മാണമോ നശീകരണമോ പാടുള്ളതല്ലെന്നും സുപ്രീംകോടതി വ്യക്തമായി ഉണര്‍ത്തിയിട്ടും 2022 ആകുന്നതോടെ, അതായത് അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ്, പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നുപൊങ്ങുമെന്ന മോഡിയുടെ ശുഭാപ്തിയുടെ സാരം നിയമപ്രശ്‌നങ്ങളൊന്നും സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ കടമ്പ തീര്‍ക്കില്ല എന്ന വിശ്വാസം തന്നെയാണ്. എണ്ണമറ്റ നിയമങ്ങളും ചട്ടങ്ങളും മറികടന്നാവും പദ്ധതി നടപ്പാക്കുക. പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് ഭൂവിനിയോഗ വിഷയത്തില്‍ പൊതുജനങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള മാറ്റങ്ങളാണ് ചുട്ടെടുത്തിരിക്കുന്നത്. കൊവിഡ് മഹാമാരി പടര്‍ത്തിയ ജീവിതദുരന്തങ്ങള്‍ക്കിടയില്‍ ഇത്ര ധൃതിപിടിച്ച് പൂര്‍ത്തിയാക്കേണ്ട കൃത്യമല്ല ഭൂമിപൂജയും മറ്റു നടപടിക്രമങ്ങളും. ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ ആസ്ഥാനം രാജ്യത്തെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും രോഗാതുര സാഹചര്യങ്ങളും തുടച്ചു നീക്കിയ ശേഷമേ ആവശ്യമെങ്കില്‍ തന്നെ വേണ്ടതുള്ളൂ. നിലവിലെ പാര്‍ലമെന്റ് മന്ദിരം ഇടിഞ്ഞുപൊളിഞ്ഞ് വീഴാനിരിക്കുകയാണെങ്കില്‍പോലും അത് രാജ്യത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിക്കേണ്ട ജീവല്‍ പദ്ധതിയൊന്നുമല്ല. രാജ്യത്തെ പൗരന്മാരുടെ വിപുല പങ്കാളിത്തത്തോടെ, വിപുലമായ ചര്‍ച്ചക്ക് വിട്ടുകൊടുക്കണമായിരുന്നു ഇക്കാര്യങ്ങള്‍. പാര്‍ലമെന്റ് ദിവസങ്ങളോളം സംവാദത്തിനെടുക്കേണ്ട വിഷയമാണിത്. പാര്‍ലമെന്റംഗങ്ങള്‍ക്കോ രാഷ്ട്രീയനേതൃത്വത്തിനോ പോലും ബൃഹത്തായ ഈ പദ്ധതിയെക്കുറിച്ച് യാതൊരു ധാരണയുമില്ല. അത്ര അതീവരഹസ്യമായാണ് കാര്യങ്ങള്‍ മുന്നോട്ടുനീക്കിയത്. 2024ല്‍ പൂര്‍ത്തിയാവുന്ന പദ്ധതിക്ക് 20,000കോടി രൂപ ചെലവഴിക്കുമത്രേ. പാര്‍ലമെന്റ് മന്ദിരത്തിനു മാത്രം 971 കോടി.
കോളനി വാഴ്ചക്കാര്‍ നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ പേരില്‍ വഴിയാധാരമാക്കി പതിനായിരക്കണക്കിന് മനുഷ്യരുണ്ട്. അവരുടെ ദീനരോദനം ധര്‍മരോഷത്തോടെ കേള്‍ക്കുന്ന ഒരു ജനതയുടെ മുന്നിലേക്കാണ് മറ്റൊരു നശീകരണത്തിന്റെയും തട്ടിനിരപ്പാക്കലിന്റെയും നീണ്ട കഥ എഴുതിച്ചേര്‍ക്കാന്‍ പോകുന്നത്. 20ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ 150തിലേറെ ഗ്രാമങ്ങള്‍ ഉന്മൂലനം ചെയ്താണത്രെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാന നഗരി കെട്ടിപ്പടുത്തത്. എല്ലാം തട്ടിനിരപ്പാക്കുന്ന പ്രക്രിയക്ക് തുടക്കം കുറിക്കുമ്പോള്‍ ആദ്യം തലകുത്തി വീഴുക ഗാന്ധി പ്രതിമയായിരിക്കും. പാര്‍ലമെന്റിനുള്ളിലെ ജനായത്ത നിരാസത്തിന് എതിരെ വാക്കൗട്ട് നിരത്തി ജനപ്രതിനിധികള്‍ സങ്കടം ബോധിപ്പിക്കുന്നതും രാജ്യത്തോട് ദു:ഖം പങ്കിടുന്നതും ആ പ്രതിമക്കുമുന്നിലാണ്. നിലംപരിശാകാന്‍ പോകുന്ന കെട്ടിടങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ നെഞ്ചുരുകാതിരിക്കില്ല. ശാസ്ത്രിഭവന്‍, ഉദ്യോഗ് ഭവന്‍, കൃഷിഭവന്‍, റെയിവേ ഭവന്‍, സേനാ ഭവന്‍, വായുഭവന്‍, ജവഹര്‍ലാല്‍ നെഹ്‌റു ഭവന്‍ എന്നിങ്ങനെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ള പ്രശസ്തമായ കെട്ടിടങ്ങളാണ് മണ്ണും പൊടിയുമാകാന്‍ പോകുന്നത്. കറന്‍സി നോട്ടുകളുടെ മേല്‍ ആലേഖനം ചെയ്ത നിലവിലെ മന്ദിരമാണ് മായാന്‍ നില്‍ക്കുന്നത്. അതുപോലെ ദൂരദര്‍ശന്‍ വാര്‍ത്തകളുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന എംബ്ലം പാര്‍ലമെന്റ് മന്ദിരത്തിന്റേതാണ്. നമുക്കൊരിക്കലും വിസ്മൃതിയിലേക്ക് തള്ളാന്‍ കഴിയാത്ത, കഴിഞ്ഞ 70വര്‍ഷമായി നമ്മുടെ ജനാധിപത്യസ്വപ്നങ്ങള്‍ക്കും മതേതര ഈടുവെപ്പുകള്‍ക്കും സാക്ഷ്യം വഹിച്ച പുരാതന നിര്‍മിതി. ഇപ്പോള്‍ അതിന്മേല്‍ പോരായ്മ ദര്‍ശിക്കുന്നത്, ആര്‍ എസ് എസിന്റെ വിഭാവനയിലുള്ള ‘പുതിയ ഇന്ത്യ’ സൃഷ്ടിക്കാനാണ്. എല്ലാം തകര്‍ത്തെറിഞ്ഞ് ഹൈന്ദവ ചിഹ്നങ്ങളും പ്രതീകങ്ങളും കുത്തിനിറച്ച ഒരു പാര്‍ലമെന്റ് മന്ദിരവും അനുബന്ധ കാര്യാലയങ്ങളും പൂര്‍ത്തിയാകുമ്പോള്‍ അതിലെന്തൊക്കെയാണ് രാജ്യതിരസ്‌കാരത്തിന്റെ ചിഹ്നങ്ങളായി വെക്കാന്‍ പോകുന്നത് എന്നാര്‍ക്കും ഊഹമില്ല. 20,000കോടിയുടെ നിര്‍മാണം രത്തന്‍ ടാറ്റയുടെ സാമ്പത്തിക സാമ്രാജ്യത്തിന് ഉത്തേജകം നല്‍കും. അപ്പോഴേക്കും മുകേഷ് അംബാനിയുടെ പേരക്കിടാവ് വളര്‍ന്നു പാര്‍ലമെന്റിലെത്തുമായിരിക്കാം (മുകേഷിന്റെ പ്രസവിച്ചുകിടക്കുന്ന മരുമകളെ കാണാന്‍ സാക്ഷാല്‍ മോഡി ആശുപത്രിയില്‍ വരെ എത്തി).
ആറ് വര്‍ഷം കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന് സംഭവിച്ച പരിണാമങ്ങള്‍, പോയ എഴുപത് വര്‍ഷം കൊണ്ട് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതേതര ഇന്ത്യയെ എങ്ങനെ ഹിന്ദുരാഷ്ട്രമാക്കാമെന്ന് ആര്‍ എസ് എസ് വ്യക്തമായ പരിപാടികളിലൂടെ ആസൂത്രണം ചെയ്തിട്ടുണ്ട്. ആ വഴിക്കുള്ള വലിയ കാല്‍വെപ്പാണ് ‘ജനാധിപത്യത്തിന്റെ ക്ഷേത്രനിര്‍മിതി’ എന്ന പേരില്‍ അരങ്ങേറാന്‍ പോകുന്നത്. മുഗിള, ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രധാനപ്പെട്ട നാമകരണങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ തകൃതിയായ നീക്കങ്ങള്‍ നടത്തുന്നു. ബാബരിപ്പള്ളി തച്ചുടച്ച് കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നു. അതിനായി, രാജ്യത്തുടനീളം മാധ്യമങ്ങളിലൂടെ സംഭാവന പിരിക്കുന്നു. പണം സ്വരൂപിക്കുക എന്നതിനപ്പുറം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ രാമനെ പ്രതിഷ്ഠിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ‘രാമജന്മഭൂമി ക്ഷേത്രം ദേശീയ സ്വാഭിമാനത്തിന്റെ പുനഃസ്ഥാപനം’ എന്ന ശീര്‍ഷകത്തിലൂടെ കൈമാറുന്ന സന്ദേശത്തിലടങ്ങിയ വര്‍ഗീയ, കുടില ചിന്ത ഈ രാജ്യം എവിടെവരെ എത്തിയെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ അഞ്ഞൂറ് വര്‍ഷക്കാലം ആരാധന നടത്തിയ പള്ളി തകര്‍ത്തെറിഞ്ഞ്, കോടതിയുടെ ഒത്താശയോടെ അത് നിലനിന്ന ഭൂമി കൈക്കലാക്കിയ അക്രമികള്‍, രാമക്ഷേത്രം സ്വാഭിമാനത്തിന്റെ പുനഃസ്ഥാപനമായി വിളംബരം ചെയ്യുമ്പോള്‍, ഇനി മതേതരത്വത്തെ കുറിച്ച് മിണ്ടിപ്പോകരുത് എന്ന് പറയാനേ തോന്നേണ്ടതുള്ളൂ.
യോഗി എന്ന റോള്‍മോഡല്‍
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹിന്ദുത്വ വര്‍ഗീയതയുടെ മൂര്‍ത്തിമദ്ഭാവമായാണ് ലോകം നിരീക്ഷിക്കുന്നത്. ജനാധിപത്യത്തിന്റെ പ്രാഥമികനിഷ്ഠ പോലും പാലിക്കാത്ത, ബഹുസ്വരതയെ സര്‍വശക്തിയുമുപയോഗിച്ച് ചവിട്ടിയരക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ ഇതിനകം ഹിന്ദുരാഷ്ട്രമാക്കി മാറ്റിയ മഠാധിപതി. എന്നാല്‍, ഹിന്ദുത്വവാദികള്‍ക്കിടയില്‍, വിശിഷ്യാ ബി ജെ പി സര്‍ക്കാരിനും മുഖ്യമന്ത്രിമാര്‍ക്കും യോഗി റോള്‍മോഡലാണ്. മറ്റു ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ലഖ്‌നോവിലേക്ക് കണ്ണും നട്ടിരിക്കുന്നുവെന്ന് മാത്രമല്ല, മുസ്ലിം വിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കും ഭരണകൂട കൈരാതങ്ങള്‍ക്കും പ്രചോദനവും ഉപദേശവും തേടുന്നത് യോഗിയില്‍നിന്നാണ്. ഇക്കഴിഞ്ഞ നവംബര്‍ 28ന് നിലവില്‍ വന്ന , ‘ലൗ ജിഹാദ്’ നിയമം എന്ന് വിളിക്കപ്പെടുന്ന മതംമാറ്റ നിരോധന നിയമം ( The Uttar Pradesh Prohibition of Unlawful Conversion of Religious Ordinance, 2020) യുദ്ധകാലാടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സിലുടെ കൊണ്ടുവരുകയും പിറ്റേന്ന് തന്നെ ആ നിയമപ്രകാരം ഹിന്ദുയുവതികളെ വിവാഹം ചെയ്യുന്ന മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തു ജയിലലടക്കുകയും ചെയ്തപ്പോള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, സംസ്ഥാന പ്രോട്ടേം സ്പീക്കര്‍ രമേശ്വര്‍ ശര്‍മയെ ലഖ്‌നോവിലേക്കയച്ചു. സ്വന്തമായ രാഷ്ട്ര കാഴ്ചപ്പാടും ഭരണശൈലിയും സ്വായത്തമാക്കിയ ചൗഹാന്റെ ഈ അമിതാവേശം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. ന്യൂനപക്ഷങ്ങളോട് ചിലപ്പോഴൊക്കെ അനുതാപത്തോടെ പെറുമാറുകയും റമളാന്‍ കാലത്ത് തൊപ്പിയണിഞ്ഞ് ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്യാറുള്ള ശിവരാജ് സിങ്ങിനും യോഗി മാതൃകാപുരുഷനോ? ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമറിയാം യോഗിയുടെ എല്ലാ നീക്കങ്ങള്‍ക്കുപിന്നിലും പ്രധാനമന്ത്രി മോഡിയുടെ ഉപദേശവും അനുഗ്രഹാശിസ്സുകളുമുണ്ടെന്ന്. മോഡിയെക്കാള്‍ ആര്‍ എസ് എസ് ഇഷ്ടപ്പെടുന്നത് യോഗിയെയാണ്. ബാബരി മസ്ജിദിനുള്ളില്‍ 1949 ഡിസംബര്‍ 22ന് രാമവിഗ്രഹം കൊണ്ടിട്ടതും പള്ളി അടച്ചുപൂട്ടുന്നതിന് സാഹചര്യമൊരുക്കിയതും വര്‍ഗീയതയുടെ കാട്ടുതീ അണയാതെ കാത്തൂസുക്ഷിച്ചതും 1980കളില്‍ രാമക്ഷേത്രപ്രക്ഷോഭത്തിനു തിരികൊളുത്തിയതും വര്‍ഗീയവിത്തുകള്‍ ഹൈന്ദവ മനസ്സുകളില്‍ വിതച്ചതുമെല്ലാം ഗോരഖ്പൂര്‍ മഠാധിപതികളായ ദിഗ്വിജയ്‌നാഥിന്റെയും ആദിത്യനാഥിന്റെയും കാര്‍മികത്വത്തിലാണ്.
ലൗ ജിഹാദ് നിയമം കൊണ്ടുവരുമെന്ന് യു പി മുഖ്യമന്ത്രി വിളംബരം ചെയ്തതിന്റെ പിറ്റേന്ന് (നവംബര്‍ 1) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രഖ്യാപനം, യു.പിയുടെ വഴിയില്‍ ഹരിയാനയും നീങ്ങുമെന്ന്. ഉടന്‍ യോഗിയുടെ ഓര്‍ഡിനന്‍സ് പഠിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചു. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍നിന്ന് നഷ്ടപരിഹാരം പിടിച്ചുവാങ്ങുന്നതിന് ആദ്യമായി നിയമം കൊണ്ടുവന്നത് യോഗിയാണ്. അത് മാതൃകയാക്കി ഗുജറാത്തിലും അമ്മട്ടിലൊരു കാടന്‍ നിയമം നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉന്നത പൊലിസ് ഓഫീസര്‍മാരെ ലഖ്‌നോവിലേക്കയച്ചു. ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്ന് ഇനി ഇത്തരത്തിലുള്ള പ്രക്ഷോഭ പരിപാടികള്‍ നാമ്പെടുക്കാതിരിക്കാനും അതുവഴി പൗരാവകാശലംഘനങ്ങളുടെ പേരില്‍ ലോകശ്രദ്ധ ഇന്ത്യയിലേക്ക് തിരിയാതിരിക്കാനും കര്‍ശനനിയമങ്ങള്‍ കൊണ്ട് ന്യൂനപക്ഷങ്ങളെ വരിഞ്ഞുമുറുക്കേണ്ടതുണ്ടെന്നാണ് ആര്‍ എസ് എസിന്റെ തീരുമാനം. കൊവിഡ് മഹാമാരി ഉയര്‍ത്തിയ ആശങ്കക്കും സാമ്പത്തിക ഞെരുക്കങ്ങള്‍ക്കുമിടയില്‍ കഠോര നിയമങ്ങള്‍ കൊണ്ടുവന്നത് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റില്ല എന്നും ഭീമ, കൊറേഗാവിന്റെ പേരില്‍ നടത്തിയതുപോലുള്ള കൂട്ട അറസ്റ്റും കാരാഗൃഹവാസവും നടപ്പാക്കിയാലേ ദളിത്, ആദിവാസികളുടെ മുന്നേറ്റം തടയിടാനാവൂവെന്നും ഈ ഠാക്കൂര്‍ ജാതിക്കാരന്‍ ചിന്തിച്ചുറപ്പിച്ചിരുന്നു. ഏറ്റവുമൊടുവിലായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഗോവധ നിരോധ നിയമം നിയമസഭയില്‍ പാസാക്കിയപ്പോള്‍ കാര്യമായി പഠിച്ചത് യോഗി ആദിത്യനാഥിനെയാണ്; 1955ലെ ഗോവധ നിരോധന നിയമം യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ എങ്ങനെയാണ് കര്‍ക്കശ വ്യവസ്ഥകള്‍ കൊണ്ടുവന്ന് ( Uttar Pradesh Cabinet Cow Slaughter Prevention (Amendment) Ordinance, 2020) ന്യൂനപക്ഷങ്ങളുടെ കഴുത്തില്‍ കുരുക്ക് മുറുക്കിയതെന്നാണ്. ഓര്‍ഡിനന്‍സിന്റെ വിശദാംശങ്ങളിലേക്ക് കടന്നാല്‍ സാമാന്യബുദ്ധിയുള്ളവന്‍ തലചുറ്റി വീഴും. പശുവിനെ അറുത്താല്‍ 10വര്‍ഷത്തെ തടവും അഞ്ചുലക്ഷം രൂപ വരെ പിഴയുമാണ് വിധിക്കാന്‍ പോകുന്നത്. ആദ്യ സംഭവമാണെങ്കില്‍ ഏഴു വര്‍ഷം വരെ കഠിന തടവും മൂന്നുലക്ഷം രൂപ വരെ പിഴയും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 10വര്‍ഷം വരെ കഠിന തടവ്. ആയിരക്കണക്കിന് മനുഷ്യജന്മങ്ങളെ തെരുവോരങ്ങളില്‍ കൊന്നിടുന്ന ക്രൂരരും മനുഷ്യത്വഹീനരുമായ സംഘ്പരിവാറിന് പശുവിനോടുള്ള ഈ കൂറിന്റെ പിന്നില്‍, മുസ്ലിംകളോടുള്ള വിദ്വേഷവും വിരോധവും മാത്രമാണെന്ന് കാണാന്‍ ആഴത്തില്‍ അന്വേഷിക്കേണ്ടതില്ല. ആര്‍.എസ്.എസിന്റെയും ഹിന്ദുമഹാസഭയുടെയും സമ്മര്‍ദം മൂലം അന്ന് യു.പി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളില്‍ പലതവണ കര്‍ക്കശ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തെങ്കിലും ഇപ്പോഴത്തെ നടപടി എല്ലാ പരിധികളും ലംഘിച്ചുള്ളതാണ്.
അടുത്ത പൊതുതിരഞ്ഞെടുപ്പാകുമ്പോഴേക്കും ഇന്ത്യന്‍ ജനാധിപത്യം പരിണാമദശകള്‍ പിന്നിട്ട് ഒരു ക്രൂര സ്വേച്ഛാധിപതിയെ താലോലിക്കുന്ന, പേരിലൊരു ‘ഡമോക്രസി’യെ പേറുന്ന വിചിത്രമായൊരു ഹിന്ദുത്വരാഷ്ട്രീയമായി മാറും. അപ്പോള്‍ ലോക്‌സഭാംഗങ്ങളുടെയും രാജ്യസഭാംഗങ്ങളുടെയും അംഗബലം ഭരണഘടനാഭേദഗതിയിലൂടെ മോഡി സര്‍ക്കാര്‍ വര്‍ധിപ്പിക്കും. പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ 888 പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജീകരിക്കുന്നത് തന്നെ ഗൂഢപദ്ധതി മനസിലേറ്റിയാണ്. എല്ലാം വെച്ചു നോക്കുമ്പോള്‍ ഇഛാശക്തിയുള്ള ഒരു മതേതര ജനാധിപത്യധാര അടിയില്‍ നിന്നേ അരക്കിട്ടുറപ്പിച്ചു പോന്നില്ലെങ്കില്‍ ഈ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ പ്രയാസമാകും.
Kasim Irikkoor
You must be logged in to post a comment Login