ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ച് ദിവസം നിയമസഭ സമ്മേളിച്ചത് നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) നേരത്തേ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മുന്‍ഗാമി കേശുഭായി പട്ടേലിന്റെ കാലത്ത് വര്‍ഷത്തില്‍ ശരാശരി 49 ദിവസം സഭ സമ്മേളിച്ചിരുന്നെങ്കില്‍ മോഡിയുടെ കാലത്ത് അത് വര്‍ഷത്തില്‍ 30 ദിവസമായി കുറഞ്ഞു. ചര്‍ച്ചയോ കൂടിയാലോചനകളോ കൂടാതെയായിരുന്നൂ മോഡിയുടെ കാലത്ത് ഗുജറാത്തിലെ നിയമസഭാ സമ്മേളനങ്ങള്‍. സഭയില്‍ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ മോഡിസര്‍ക്കാരിന് നിമിഷങ്ങള്‍ മതിയായിരുന്നു.
കൂടിയാലോചനകളോടും ജനാധിപത്യനടപടിക്രമങ്ങളോടുമുള്ള ഈ അവജ്ഞ അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിക്കു പോകുമ്പോഴും മോഡി കൂടെക്കരുതിയിരുന്നുവെന്ന് ‘ദ ടെലിഗ്രാഫി’ല്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറയുന്നു. വല്ലപ്പോഴും വന്ന് മൈതാനപ്രസംഗങ്ങള്‍ നടത്താനല്ലാതെ ചര്‍ച്ചകള്‍ക്കോ കൂടിയാലോചനകള്‍ക്കോ പ്രധാനമന്ത്രി മോഡി പാര്‍ലമെന്റിനെ വേദിയാക്കാറില്ല. ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ വോട്ടെടുപ്പിന് അവസരം നല്‍കാതെ കാര്‍ഷികബില്ലുകള്‍ പാസാക്കിയെടുത്ത സംഭവം ഈ അവജ്ഞയുടെ മകുടോദാഹരണ്. ഇന്ത്യക്കാരുടെ ആരോഗ്യത്തിന് മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഭീഷണിയുയര്‍ത്തിയ വര്‍ഷമാണ് മോഡി-ഷാ ഭരണത്തിലെ 2020 എന്ന് രാമചന്ദ്ര ഗുഹ ചൂണ്ടിക്കാണിക്കുന്നു.
കിരാതനിയമങ്ങള്‍ കൊണ്ടുവന്നും വിദ്യാര്‍ഥികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജയിലിലിട്ടും മാധ്യമങ്ങളെ ദുരുപയോഗം ചെയ്തും എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തിയ വര്‍ഷമായിരുന്നു 2020 എന്ന് ‘വയറി’ലെ റിപ്പോര്‍ട്ടില്‍ സുകന്യ ശാന്ത എഴുതുന്നു. നിലവിലുള്ള ഭരണസംവിധാനത്തെ എതിര്‍ക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ടാണ് സന്നദ്ധപ്രവര്‍ത്തകരെയും വിദ്യാഭ്യാസ വിചക്ഷണരെയും ഭരണകൂടം ജയിലിലിട്ടത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലോക്കല്‍ പൊലീസു തന്നെയാണ് വേട്ടപ്പട്ടികള്‍. ബി ജെ പി ഇതരകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ ഐ എയെയും ഇ ഡിയെയും സി ബി ഐയെയുമാണ് ദൗത്യം ഏല്‍പിച്ചിരിക്കുന്നത്. 2019 ഡിസംബറില്‍ പൗരത്വനിയമഭേദഗതി നിലവില്‍വന്ന അന്നുതുടങ്ങിയ അടിച്ചമര്‍ത്തലാണ് പോയവര്‍ഷം മുഴുവന്‍ തുടര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാവോവാദികളെന്നും ജിഹാദികളെന്നും മുദ്രകുത്തിയാണ് മോഡി-ഷാ ഭരണകൂടം എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നത്. ഡല്‍ഹിയിലെ കര്‍ഷകസമരത്തിനു പിന്നിലും മാവോവാദികളും ഖലിസ്ഥാനികളും പ്രതിപക്ഷകക്ഷികളുമാണെന്ന് സര്‍ക്കാര്‍ ആരോപിച്ചിട്ടുണ്ട്. ഈ സമരത്തിന് ആരെയെങ്കിലും പഴിചാരാമെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിനെ മാത്രമാണ്. നിയമനിര്‍മാണ സഭകളെ അവഗണിച്ച്, നടപടിക്രമങ്ങള്‍ കാറ്റില്‍പറത്തി പാസാക്കിയെടുത്തതാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം ശക്തമാകാന്‍ കാരണമെന്ന് പ്രശസ്ത അഭിഭാഷകന്‍ അരവിന്ദ് പി ദത്തര്‍ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. ഇത്തരമൊരു നിയമം പാസാക്കുന്നതിന് മുമ്പ് ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും സമവായത്തിന്റെ വഴി തേടിയിരുന്നെങ്കില്‍ കര്‍ഷകപ്രക്ഷോഭവും അതുകാരണമുണ്ടായ സാമ്പത്തികനഷ്ടങ്ങളും ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹം പറയുന്നു. പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള അവവസരം നിഷേധിക്കുമ്പോള്‍ ജനാധിപത്യസംവിധാനം എന്ന നിലയില്‍ പാര്‍ലമെന്റിന്റെ നിലനില്‍പു തന്നെ ഭീഷണി നേരിടുകയാണെന്ന് ലോക്സഭാ സെക്രട്ടറി ജനറലായിരുന്ന പി ഡി ടി ആചാരി ‘ദ വയറി’ല്‍ എഴുതിയിരുന്നു.
വോട്ടെടുപ്പുകൂടാതെ രാജ്യസഭയില്‍ പാസാക്കിയെടുത്തു എന്നതുമാത്രമല്ല കാര്‍ഷിക ബില്ലുകളുടെ പ്രശ്നമെന്ന് ഇന്ത്യന്‍ എക്സ്പ്രസില്‍ ഹരീഷ് ദാമോദരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങളാണ് കൃഷിയും വിപണിയും. ഈ വിഷയങ്ങളില്‍ കേന്ദ്രനയം സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കാനും അനുകൂലിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കാനുമേ കേന്ദ്രസര്‍ക്കാരിന് അധികാരമുള്ളൂ. സ്വന്തമായി നിയമം കൊണ്ടുവന്ന് അത് അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. ഭക്ഷ്യോല്‍പന്നങ്ങളുടെ വിപണനം കണ്‍കറന്റ് ലിസ്റ്റിലാണെന്ന കാര്യം ദുര്‍വ്യാഖ്യാനം ചെയ്താണ് സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുകപോലും ചെയ്യാതെ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. കാര്‍ഷികമേഖലയില്‍ പുതിയ നയം സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളില്‍ പ്രേരണ ചെലുത്തുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്ന സര്‍ക്കാര്‍ ആ സമീപനം മാറ്റി നിയമനിര്‍മാണത്തിലൂടെ കടുംപിടിത്തത്തിലേക്ക് നീങ്ങിയത് എന്തുകൊണ്ടാവുമെന്ന് ഹരീഷ് ദാമോദരന്‍ ചോദിക്കുന്നു. സംഘപരിവാര്‍-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിന്റെ സമ്മര്‍ദം എന്നാണ് അതിന് ഉത്തരം. ഭരണവര്‍ഗത്തിന്റെ വര്‍ഗസമീപനത്തിന്റെയും നയങ്ങളുടെയും ഹിംസാത്മകമായ ക്രൂരതയാണ് അതിലൂടെ ഒരിക്കല്‍ക്കൂടി വെളിപ്പെടുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തു കൊണ്ടുവന്ന ദേശീയ ദുരന്തനിവാരണ നിയമമുപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പകര്‍ച്ചവ്യാധിയുടെ കാലത്ത് സംസ്ഥാനങ്ങളുടെമേല്‍ പിടിമുറുക്കിയത്. പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും നഗ്‌നമായ അഴിമതിയിലൂടെയും ബി ജെ പി ഇതരകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കുന്നു. വെറും നാലുമണിക്കൂര്‍ സമയം മാത്രം നല്‍കി കിരാതമായ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബി ജെ പി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കാത്തിരിക്കാന്‍ പ്രധാനമന്ത്രി തയാറായി എന്നത് ബി ജെ പിയുടെ അധികാരക്കൊതിക്ക് ഉത്തമോദോഹരണമാണെന്ന് രാമചന്ദ്ര ഗുഹ ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് മഹാമാരിയുടെ കാരണം പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. സമ്മേളനം നടക്കേണ്ട സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി പശ്ചിമ ബംഗാളിലും അസമിലും കൊവിഡിനെ കൂസാതെ വമ്പന്‍ പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു.
രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളായി വേണം ഇവയെ കാണാന്‍. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അരികുകളില്‍ മാത്രമായി ഒതുങ്ങിയിരുന്ന ആര്‍ എസ് എസ് 2020ലെത്തുമ്പോള്‍ നിര്‍ണായക സ്വാധീനമുള്ള, വര്‍ഗീയസ്വഭാവമുള്ള ഏകാധിപത്യസംഘമായി മാറിക്കഴിഞ്ഞെന്ന് ‘സ്‌ക്രോളി’ല്‍ എഴുതിയ മറ്റൊരു ലേഖനത്തില്‍ രാമചന്ദ്രഗുഹ ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് മാധ്യമങ്ങളെയും ജുഡീഷ്യറിയെയും വരിഞ്ഞുകെട്ടി വെച്ചിരിക്കുകയാണ്. കൈക്കൂലി നല്‍കിയോ ഭീഷണിപ്പെടുത്തിയോ മറ്റു പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ആളുകള്‍ എന്തുകഴിക്കണം, ധരിക്കണം, ആരെ വിവാഹം കഴിക്കണം എന്നീ കാര്യങ്ങളിലേക്ക് നിയന്ത്രണം നീളുന്നു. സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാനുള്ള പുതിയ നിയമങ്ങള്‍ ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരാത്ത സംഘടനകളെ നിയന്ത്രിക്കാന്‍ മാത്രമായുള്ളതാണ്. ഇത്തരത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും നടത്തുന്ന ഈ നിയന്ത്രണം ഏകാധിപത്യ മനോഭാവത്തിന്റെ മൂര്‍ത്തരൂപമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
എസ് കുമാര്‍
You must be logged in to post a comment Login