ചിത്രകലയില്‍ ലോകവ്യാപകമായി സംഭവിച്ച പുത്തന്‍ ഉണര്‍വുകള്‍ അറബി കലിഗ്രഫിയെയും സ്വാധീനിച്ചു. എക്‌സ്പ്രഷനിസം, സിംബലിസം, അബ്‌സേഡിസം തുടങ്ങിയ ആധുനിക പാശ്ചാത്യന്‍ കലാ- സാഹിത്യ സമീപനങ്ങള്‍ അറബ് കലിഗ്രഫിയെയും സ്വാധീനിക്കാതിരുന്നില്ല. അക്ഷരങ്ങളുടെ ബാഹ്യാലങ്കാരങ്ങള്‍ക്കപ്പുറം ആന്തരിക വികാരങ്ങള്‍ ചിത്രപ്പെടുത്തുന്നതിനാണ് എക്‌സ്പ്രഷനിസ്റ്റ് കലിഗ്രഫി ശ്രമിക്കുന്നത്. എഴുത്തിനു വിഷയമാവുന്ന വാക്കുകളോ വാക്യങ്ങളോ അല്ല എഴുതുന്ന കലാകാരന്റെ മാനസിക വ്യാപാരങ്ങളാണ് എഴുത്തില്‍ ദൃശ്യപ്പെടുക. അക്ഷരങ്ങളും വാക്കുകളും അവ വഹിക്കുന്ന അര്‍ത്ഥങ്ങളുടെ സൂചകങ്ങള്‍ എന്നതില്‍ കവിഞ്ഞ് കലാകാരന്റെ ആശയാവിഷ്‌കാര മാധ്യമം മാത്രമായി എക്‌സ്പ്രഷനിസ്റ്റ് കലിഗ്രഫിയില്‍ ചുരുങ്ങുന്നു. ഇതിനെ ഇസ്ലാമിക കല എന്ന് വിളിക്കുന്നത്. പടിഞ്ഞാറന്‍ ക്രിസ്ത്യാനിയെ തലപ്പാവു ധരിപ്പിച്ച് മുസ്ലിം എന്ന് വിളിക്കുന്നതു പോലെ അസംബന്ധമാണെന്ന് ഇസ്മാഈല്‍ റാജിഫാറൂഖി(കള്‍ച്ചറല്‍ അറ്റ്‌ലസ് ഓഫ് ഇസ്ലാം) അഭിപ്രായപ്പെടുന്നു.
പാശ്ചാത്യ ചിത്രകലയിലെ മറ്റൊരു പ്രവണതയായ ‘സിംബലിസ’വും അറബ് കലിഗ്രഫിയെ സ്വാധീനിക്കുകയുണ്ടായി. അക്ഷരങ്ങളെയും വാക്കുകളെയും പ്രതീകാത്മകമായാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഒരക്ഷരത്തെ അതിനോടു രൂപസാദൃശ്യമുള്ള വസ്തുവായി ഇതില്‍ സങ്കല്പിക്കുന്നു. അക്ഷരങ്ങള്‍ കൂടിച്ചേരുമ്പോഴുണ്ടാകുന്ന വാക്കല്ല മറിച്ച് ഓരോ അക്ഷരവും പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളോ ആശയങ്ങളോ ആണ് കലിഗ്രഫിയിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. കലാകാരന്റെ വ്യക്തിനിഷ്ഠമായ തിരഞ്ഞെടുപ്പും പ്രതീക കല്പനയുമാണ് പ്രധാനം. വാക്കുകളുടെ സാധാരണ അര്‍ത്ഥം അപ്രസക്തമാവുന്നു. തികച്ചും വ്യക്തിനിഷ്ഠമായ ബിംബങ്ങള്‍ കവിതകളെ ദുര്‍ഗ്രഹമാക്കുന്നതുപോലെ കലാകാരനു മാത്രമറിയാവുന്ന പ്രതീക സൂചനകള്‍ ആസ്വാദകനെ ആശയക്കുഴപ്പത്തിലാക്കുക സ്വാഭാവികം. അക്ഷരങ്ങളിലും വാക്കുകളിലും ഗൂഢാത്മകമായ പൊരുളുകള്‍ ആരോപിച്ച് ആഭിചാരക്രിയയോടടുക്കുന്ന വിദ്യയായും സിംബലിസ്റ്റ് കലിഗ്രഫി ചിലപ്പോള്‍ മാറുന്നു.
അക്ഷരങ്ങളെ കേവലം ജ്യാമിതീയ രൂപങ്ങള്‍ മാത്രമായി കണ്ട്, ഭാഷയുടെ പ്രത്യക്ഷ സന്ദര്‍ഭങ്ങളില്‍നിന്നടര്‍ത്തി മാറ്റി, അമൂര്‍ത്ത ചിത്രരചനക്കുപയോഗിക്കുന്ന ഒരു രീതിയും പാശ്ചാത്യ സ്വാധീന ഫലമായി അറബ് കലിഗ്രഫിയില്‍ വന്നുചേര്‍ന്നിട്ടുണ്ട്. അക്ഷരങ്ങള്‍ അവരുടെ ദൃഷ്ടിയില്‍, വീടുനിര്‍മിക്കാന്‍ ഇഷ്ടിക എന്നപോലെ, വെറുമൊരു അസംസ്‌കൃത വസ്തുവാണ്. ഇവര്‍ വരയ്ക്കുന്ന കലിഗ്രഫി ചിത്രങ്ങള്‍ കാണാന്‍ മാത്രമുള്ളവയാണ്; വായിക്കാനുള്ളവയല്ല.
ഹുറൂഫിയ്യ പ്രസ്ഥാനം
ഉത്തരാഫ്രിക്കയിലെയും മധ്യപൗരസ്ത്യ ദേശത്തെയും അറബി കയ്യെഴുത്തു കലാകാരന്മാര്‍ രൂപം നല്‍കിയ ആധുനിക കയ്യെഴുത്തു കലാ പ്രസ്ഥാനമാണ് ഹുറൂഫിയ്യ. ‘ഹര്‍ഫ്'(അക്ഷരം) എന്ന പദത്തിന്റെ വിശേഷണ രൂപമാണ് ‘ഹുറൂഫിയ്യ’. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ് ഈ പ്രസ്ഥാനം ഉദയം ചെയ്തത്. ആധുനിക കലയുടെ പശ്ചാതലത്തില്‍ പരമ്പരാഗത ഇസ്ലാമിക കലിഗ്രഫിയെ പുനര്‍വായിക്കുകയായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. പാരമ്പര്യത്തെയും ആധുനികതയെയും വിളക്കിച്ചേര്‍ത്ത് മുസ്ലിം ലോകത്തിനു പുതിയ ഒരു ദൃശ്യ ഭാഷ സമ്മാനിക്കാന്‍ ഈ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ ആഗ്രഹിച്ചു. കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി സ്വന്തം ദേശീയ പൈതൃകം വീണ്ടെടുക്കുക എന്ന ലക്ഷ്യവും ഈ പ്രസ്ഥാനത്തിന്റെ വക്താക്കളെ സ്വാധീനിച്ചിരുന്നു. പതിനാല്- പതിനഞ്ച് നൂറ്റാണ്ടുകളിലെ സൂഫി ആശയ ധാരയില്‍നിന്നാണ് ‘ഹുറൂഫിയ്യ’ എന്ന പ്രസ്ഥാന നാമം അവര്‍ സ്വീകരിച്ചത്. അക്ഷരങ്ങളെ പ്രാപഞ്ചിക വ്യവസ്ഥയിലെ ആദി സൂചകങ്ങളായി ഇവര്‍ കണ്ടു. സൂഫികളുടെ ഉള്‍സാര പ്രതീകാത്മകതയുമായി അടുത്തുനില്‍ക്കുന്നതായിരുന്നു ഈ സങ്കല്പം.
‘ഹുറൂഫിയ്യ’ എന്ന പ്രയോഗവുമായി യോജിക്കാനാവില്ല എന്ന് പറഞ്ഞു വിജ്ദാന്‍ അലി, നദാ ശബൗത് തുടങ്ങിയ കലാകാരന്മാര്‍ പ്രസ്ഥാനത്തില്‍നിന്ന് വേറിട്ടുപോവുകയും ‘അല്‍മദ്സ്സ അല്‍ ഖത്തിയ്യ ഫില്‍ ഫന്ന്’ (കയ്യെഴുത്ത് കലാ പ്രസ്ഥാനം) എന്ന പേരില്‍ മറ്റൊരു പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ചെയ്തു.
സാമ്പ്രദായിക ശൈലികളില്‍ നിന്ന് ബോധപൂര്‍വം വ്യതിചലിച്ച് അറബി അക്ഷരങ്ങളെ അപനിര്‍മിക്കുകയാണ് ‘ഹുറൂഫിയ്യ’ കലിഗ്രഫിസ്റ്റുകള്‍ പൊതുവെ ചെയ്തത്. പല നാടുകളിലും പല രൂപങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. പ്രാദേശിക സമ്പ്രദായങ്ങളും ശീലങ്ങളും അനുസരിച്ചുള്ള പുനരാവിഷ്‌കാരങ്ങളാണ് വൈവിധ്യത്തിനു വഴിയൊരുക്കിയത്. സുഡാനിലെ കയ്യെഴുത്തു കലാകാരന്മാര്‍ ആഫ്രിക്കന്‍ പ്രമേയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ആഫ്രിക്കന്‍ പാരമ്പര്യത്തോട് ഇണങ്ങും വിധം മൃഗചര്‍മത്തെ എഴുതാനുള്ള പ്രതലമായി സ്വീകരിക്കുകയും എണ്ണച്ചായങ്ങള്‍ക്കുപകരം പരമ്പരാഗത നിറക്കൂട്ടുകള്‍ ഉപയോഗിക്കുകയും ചെയ്തു.
1950കളില്‍ നിരവധി കലാകാരന്മാര്‍ അറബി കലിഗ്രഫിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുകയുണ്ടായി. സുഡാനി കലാകാരന്‍ ഇബ്‌റാഹീം അല്‍ സലാഹി പരമ്പരാഗത അറബി കലിഗ്രഫിയും കോപ്റ്റിക് എഴുത്തുരീതിയും സമന്വയിപ്പിച്ചു. ഹുറൂഫിയ കലാകാരന്മാരില്‍ ഏറെ പ്രശസ്തനാണിദ്ദേഹം. ഖാര്‍ത്തൂം യൂണിവേഴ്‌സിറ്റിയില്‍നിന്ന് കലിഗ്രഫിയില്‍ ഔദ്യോഗിക പരിശീലനം പൂര്‍ത്തിയാക്കിയ ഇബ്‌റാഹീം അല്‍സലാഹി ഉപരിപഠനം നടത്തിയത് ലണ്ടനിലെ സ്ലേഡ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ടിലാണ്. ആധുനിക ചിത്രകലയുമായി പരിചയം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിനു അവസരമൊരുക്കി. കലിഗ്രഫിയില്‍ ഒരു പുതിയ വഴി തുറക്കാന്‍ തന്‍മൂലം അദ്ദേഹത്തിനു സാധിച്ചു.
മൊറോക്കോയിലെ കലാകാരന്മാര്‍ ഓയില്‍ പെയിന്റിനു പകരം മൈലാഞ്ചി ഉപയോഗപ്പെടുത്തി. പരമ്പരാഗത ബര്‍ബര്‍ പ്രമേയങ്ങളാണ് അവര്‍ സ്വീകരിച്ചത്. തുണി, ആഭരണങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളിലായിരുന്നു കലാവിരുതുകള്‍ അവര്‍ പ്രകടിപ്പിച്ചത്.
1940കളില്‍ യു എസില്‍ മദീഹാ ഉമര്‍(ബഗ്ദാദ്) ഹുറൂഫിയ പ്രസ്ഥാനത്തിനു ആരംഭം കുറിച്ചതായി കലാചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. 1949ല്‍ വാഷിങ്ടണില്‍ അവര്‍ നടത്തിയ ഹുറൂഫിയ്യ സ്വാധീനമുള്ള പ്രദര്‍ശനമാണ് ഈ അഭിപ്രായ പ്രകടനത്തിന് ആധാരം. സുഡാനില്‍ നാം നടേ പരാമര്‍ശിച്ച ഇബ്‌റാഹീം അല്‍ സലാഹിയാണ് ഹുറൂഫിയ്യയുടെ സ്ഥാപകന്‍ എന്ന് മറ്റൊരു കൂട്ടം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. 1950കളില്‍ വിവിധ രാജ്യങ്ങളില്‍ നിരവധി കലാകാരന്മാര്‍ കലിഗ്രഫിയില്‍ പുത്തന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടു എന്നത് സത്യമാണ്. ഇറാഖി ശില്പിയും കലിഗ്രഫിസ്റ്റുമായ ജമീല്‍ ഹമൂദി, ഇറാനിയന്‍ ചിത്രകാരന്‍ നസര്‍ അസര്‍, ഹുസൈന്‍ സെന്ദ്രോദി, ജോര്‍ദാനിയന്‍ പാത്ര നിര്‍മാണ കലാ വിദഗ്ധന്‍ മഹ്മൂദ് ത്വാഹ, ഖത്തരീ ശില്പി യൂസുഫ് അഹ്മദ്, ഇറാഖീ ശില്പികളായ ജവാദ് സലീം, മുഹമ്മദ് ഗനീ ഹിക്മത്, ദുബൈയിലെ അബ്ദുല്‍ഖാദിര്‍ അര്‍റഈസ്, സിറിയയിലെ മഹ്മൂദ് ഹമാദ്, സുഡാനിലെ ഉസ്മാന്‍ വാഖിയാല, ഫലസ്തീനിലെ കമാല്‍ ബുല്ലാത്ത, സഊദിയിലെ അഹ്മദ് മസ്തര്‍, മൊറോക്കോയിലെ ലല്ലാ അസ്സയ്ദി, പാകിസ്താനിലെ സ്വദീഖൈന്‍ നബ്ബാശ്, ലബനാനിലെ അതല്‍ അദ്‌നാന്‍ തുടങ്ങി ഹുറൂഫിയ്യാ പ്രസ്ഥാനത്തിലെ പ്രശസ്തരായ കലാകാരന്മാര്‍ നിരവധിയുണ്ട്.
ഹുറൂഫിയ്യ പ്രസ്ഥാനത്തില്‍ അണി നിരന്ന കയ്യെഴുത്തു കലാകാരന്മാര്‍ സ്വന്തം സംസ്‌കൃതിയുടെ പൈതൃക സമ്പത്തുമായി ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ കലയിലെ സൗന്ദര്യപരമായ നവീനാന്വേഷണങ്ങളുമായി കൈകോര്‍ക്കുകയാണ് ചെയ്തതെന്നു കലാ നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അക്ഷരങ്ങളെ ഭാഷയില്‍നിന്ന് അടര്‍ത്തി മാറ്റി അവയ്ക്ക് പുത്തന്‍ അര്‍ത്ഥ തലങ്ങള്‍ സൃഷ്ടിക്കുകയാണ് അവര്‍ ചെയ്തത് എന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ കലിഗ്രഫിയെ തനതു ഇസ്ലാമിക പാരമ്പര്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ ഇടയാക്കി എന്നാണ് ഇസ്മാഈല്‍ റാജി ഫാറൂഖി ഉന്നയിക്കുന്ന വിമര്‍ശനം.
അല്‍ബുഅ്ദ് അല്‍വഹദ് പ്രസ്ഥാനം
ബഗ്ദാദിലും പാരീസിലും കലാ പരിശീലനം നടത്തിയ ആധുനിക ഇറാഖീ ചിത്രകലാകാരന്‍ ശാകിര്‍ ഹസന്‍ അല്‍സഈദ്(1925-2004) ഹുറൂഫിയ്യ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്ന് 1971ല്‍ രൂപം നല്‍കിയ കലാ പ്രസ്ഥാനമാണ് ‘അല്‍ബുഅ്ദ് അല്‍ വഹ്ദ്’ അഥവാ ‘ഏകമാന കലാസംഘം.’ ആധുനിക അമൂര്‍ത്ത കലയിലേക്ക് സൂഫി പാരമ്പര്യത്തില്‍നിന്നുള്ള ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ശാകിര്‍ ഹസന്‍ തന്റേതായ ശൈലി വികസിപ്പിച്ചത്. അറബ് ലോകത്തുടനീളം സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. തനത് അറബ് കലിഗ്രഫിയെ യൂറോപ്യന്‍ ചിത്രകലയുമായി സമന്വയിപ്പിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളുടെ ഫലമായാണ് ശാകിര്‍ ഹസന്‍ ഈ ശൈലി വികസിപ്പിച്ചത്. നിരവധി ആധുനിക കലാ പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. പൈതൃകത്തെ എങ്ങനെ ആധുനികമായി സമന്വയിപ്പിക്കാം എന്നായിരുന്നു അറബ് ലോകത്തെ ആധുനിക കലാ പ്രസ്ഥാനങ്ങളുടെ ആലോചനാ വിഷയം.
ഇറാഖി ദിനപത്രമായ ‘അല്‍ജുംഹൂരിയ്യ’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശാകിര്‍ ഹസന്‍ തന്റെ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത്. ‘അല്‍വഹ്ദ്’ എന്നത് സൂഫിസത്തില്‍നിന്ന് കടംകൊണ്ട സംജ്ഞയാണ്. കലയ്ക്ക് ഒറ്റ മാനമേയുള്ളൂ എന്ന് ശാകിര്‍ വാദിച്ചു. അത്, സൂഫികള്‍ പറയാറുള്ള ‘ആന്തരിക മാന’മാണ്. അനന്തതയെയാണ് ‘ഏക-മാനം'(One dimension) അടയാളപ്പെടുത്തുന്നത്. സ്ഥലവും കാലവും തമ്മിലുള്ള ബന്ധമാണ് ശാകിര്‍ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നത്. എഴുതുന്ന പ്രതലത്തെയും ആവിഷ്‌കരിക്കുന്ന ആശയത്തെയും സൗന്ദര്യപരമായി പൊരുത്തപ്പെടുത്താന്‍ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള വിടവ് നികത്തേണ്ടത് അനിവാര്യമായി അദ്ദേഹം കണ്ടു. അറബി അക്ഷരങ്ങളെ രചനകളുടെ കേന്ദ്ര പ്രമേയമാക്കുകയായിരുന്നു അതിന് അദ്ദേഹം കണ്ട വഴി. ജമീല്‍ ഹമൂദി, മദീഹാ ഉമര്‍, റഫാ അന്നാസ്വിരി, ദിയ അസ്സാവി, മുഹമ്മദ് ഗനി ഹിക്മത്, നൂരി അല്‍റാവി തുടങ്ങിയ ചിത്രകാരന്മാര്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു.
പരമ്പരാഗത അറബ്, ഇസ്ലാമിക കലിഗ്രഫിയില്‍ നിന്നുള്ള അഹിതകരമായ വ്യതിയാനമായി ആധുനിക പ്രവണതകളെ ഇസ്മാഈല്‍ റജാ ഫാറൂഖിയെപ്പോലുള്ള ഇസ്ലാമിസ്റ്റ് വിമര്‍ശകര്‍ വിലയിരുത്തുന്നുണ്ടെങ്കിലും പടിഞ്ഞാറന്‍ ആധുനികതയെ മറികടക്കാനുള്ള പോസ്റ്റ് കൊളോണിയല്‍ പ്രതിരോധമായി ഹുറൂഫിയ, ജമാഅതു അല്‍ ബുഅദ് അല്‍വഹ്ദ പ്രസ്ഥാനങ്ങളെ കാണണമെന്നാണ് ലേഖകന്റെ വീക്ഷണം. കാലത്തോടൊപ്പം മുന്നോട്ടുപോകുന്ന കലയെ എപ്പോഴും അതിന്റെ ആരംഭ ദശയിലെ പരിമിതികളില്‍ തളച്ചിടാനാവില്ല. ഇറാഖിലെ കലാകാരന്മാര്‍ ചെയ്ത കലിഗ്രഫി ശില്പങ്ങള്‍ ശില്പകലയില്‍തന്നെ പുതിയ സാധ്യതയാണ് തുറന്നിട്ടത്. ആള്‍രൂപമല്ലാതെയും ശില്പമാവാമെന്ന് കലിഗ്രഫി ശില്പങ്ങള്‍ തെളിയിച്ചു. ശില്പങ്ങള്‍ ബാഹ്യരൂപ ചിത്രീകരണങ്ങളില്‍നിന്ന് ആശയ പ്രതിനിധാനമായി വളരുന്നതും കലയിലെ പുതു പ്രസ്ഥാനങ്ങളുടെ പരീക്ഷണങ്ങളെ തുടര്‍ന്നാണ്. അക്ഷരങ്ങളെ കൗതുക വസ്തുക്കളാക്കുന്നതില്‍ നിന്നുള്ള പ്രജ്ഞാപരമായ വളര്‍ച്ചയായി കലിഗ്രഫിയിലെ നവീന പ്രവണതകളെ വിലയിരുത്തുന്നത് തെറ്റാവുകയില്ല.
എ കെ അബ്ദുല്‍മജീദ്
You must be logged in to post a comment Login