ഞെട്ടലും നീറ്റലും ആര്‍ക്കാണ് പാഠം?

ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ പുകയുന്ന തലച്ചോറും വിഷം പമ്പ് ചെയ്യുന്ന ഹൃദയവുമായിരുന്ന അമേരിക്ക ആദം ലാന്‍സ എന്ന ഇരുപതുകാരനായ കൊലയാളിയുടെ തോക്കിനു മുമ്പില്‍ വിറപൂണ്ടിരിക്കുകയാണ്. അമേരിക്കയിലെ കണേറ്റിക്കട്ടില്‍ അധ്യാപികയായ സ്വന്തം അമ്മയെ കൊന്നിട്ട് അരിശംതീരാതെ പള്ളിക്കൂടത്തിലേക്ക് പാഞ്ഞുകയറി പ്രിന്‍സിപ്പളടക്കം പത്തു വയസ്സ് തികയാത്ത ഇരുപത് കുട്ടികളെയും എട്ട് മുതിര്‍ന്നവരെയും കൊന്ന സംഭവം കോര്‍പറേറ്റുകളെ താലോലിക്കുന്ന അങ്കിള്‍സാമിന്റെ അടിവയറ്റിലാണ് കൊണ്ടത്. കണേറ്റിക്കട്ട് സാന്‍ഡ് ഹുക്ക് സ്ക്കുളിലെ തോക്കുകൊണ്ടുള്ള തീക്കളി അമേരിക്കയിലെ ആദ്യ ഇനമൊന്നുമല്ല . 1999ഏപ്രില്‍ 20ന് 12 വിദ്യാര്‍ത്ഥികളെയും അധ്യാപകനെയും കൊന്ന സംഭവം, 2007ഏപ്രീല്‍16ന് 32 കുട്ടികളെ കൊന്നത്, ഇങ്ങനെ തുടങ്ങി വെടിയുണ്ടകള്‍ പ്രതിവര്‍ഷം അമേരിക്കയില്‍ മുപ്പതിനായിരം ജീവനുകള്‍ എടുക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിട്ടാണ് 2001 സെപ്റ്റംമ്പര്‍ 11ന് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട 3000 പേരുടെ കാര്യം മുന്‍നിര്‍ത്തി നീണ്ട രണ്ടു രക്ത രൂക്ഷിത യുദ്ധങ്ങള്‍ അഴിച്ചു വിട്ട് മുസ്ലിംകളെ മുഴുവന്‍ ഭീകരവാദികളും തീവ്രവാദികളുമാക്കി അമേരിക്ക താണ്ഡവമാടിയത്.

     പുരോഗതിയുടെയും പരീക്ഷണത്തിന്റെയും പര്യായങ്ങളായ നമ്മുടെ രാജ്യത്ത് എന്തു കൊണ്ടിങ്ങനെ കൂട്ടക്കുരുതികള്‍ ആവര്‍ത്തിക്കുന്നു എന്ന് ദുരന്തപിറ്റേന്ന് തന്നെ അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് വലിയ വായയില്‍ ചോദിക്കേണ്ടി വന്നില്ല. കാരണം സ്പഷ്ടമാണ്. ജനത്തിനോ രാഷ്ട്രത്തിനോ എന്ത് സംഭവിച്ചാലും തങ്ങളുടെ സ്വപ്നങ്ങള്‍ വില്‍ക്കുന്ന കോര്‍പ്പറേറ്റുകളുടെ വാണിജ്യ താല്‍പര്യങ്ങളെ മാറ്റി നിര്‍ത്തി തോക്ക് നിയന്ത്രണം കൊണ്ടു വരാന്‍ രാജ്യത്തിന് കരുത്തില്ല എന്ന തിരിച്ചറിവ് തന്നെയാണ്.

   മൂന്നു കോടി തോക്കുകള്‍ ഒഴുകി നടക്കുന്ന അമേരിക്കയില്‍ തിരഞ്ഞെടുപ്പിന് ദശലക്ഷങ്ങള്‍ ഒഴുക്കിയ കോര്‍പ്പറേറ്റ് മുതലാളിമാരുടെ അരയിലെ വലിയ തോക്കുകളെ പിണക്കി എങ്ങനെ കുട്ടികളുടെ കൈയ്യിലെ ചെറിയ തോക്കുകള്‍ വാങ്ങിവെക്കും എന്ന ഭീതിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ പ്രശ്നം. ദുരന്തങ്ങളില്‍ മരിച്ച മൃതദേഹങ്ങള്‍ക്കു മുന്നില്‍ ഒബാമ കണ്ണീരൊഴുക്കിയപ്പോള്‍ സൈറ്റുകളിലൂടെ വന്ന പ്രതികരണം, ഒരച്ഛനെന്ന നിലക്ക് കണ്ണീരൊലിപ്പിക്കാം; പക്ഷേ, പ്രസിഡന്റ് എന്ന നിലക്ക് പ്രതിരോധമാണ് വേണ്ടത് എന്നായിരുന്നു.

   ജനതാല്‍പര്യങ്ങള്‍ക്ക് മുഖം കൊടുക്കാതെ കുത്തക മുതലാളിമാരുടെ പണച്ചാക്കില്‍ കൈയ്യിട്ടു വാരുന്ന ഇന്ത്യന്‍ ഭരണകുടത്തിന് ഇതിലൊക്കെ പഠിക്കാനുണ്ട്. പടിഞ്ഞാറന്‍ കോര്‍പ്പറേറ്റിന്റെ ഉയര്‍ച്ചക്കു മുമ്പില്‍ മാത്രം മിഴി തുറിച്ച് ഉയര്‍ച്ചയാഗ്രഹിക്കുന്നവരും അനുകരിക്കുന്നവരും അമേരിക്കന്‍ പ്രസിഡന്റുമാരെപ്പോലെ വലിയ തോക്കിന്റെ താണ്ഡവം കാണാന്‍ പോവുന്നേയുള്ളൂ. ഇന്ത്യക്കും ജീവിതം മടുക്കുകയാണ്.
അബ്ദുല്‍ ശഹീദ് എപി
കാവനൂര്‍

You must be logged in to post a comment Login