മനുഷ്യന്‍, മത്സ്യം, മറ്റു ജീവികള്‍ എന്നിവയുടെയെല്ലാം രക്തം മലിനമാണ്. മാംസം, എല്ല് എന്നിവയില്‍ അവശേഷിക്കുന്ന രക്തവും മലിനമാണ്. എന്നാല്‍ ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ അതിന് ഇളവ് ലഭിക്കുന്നതാണ്. അവശേഷിക്കുന്ന രക്തത്തോടെ, കഴുകാതെ അവ പാകംചെയ്ത് കഴിക്കാം. കഴുകിയശേഷം പാചകം ചെയ്യുകയാണങ്കില്‍ പാചകം ചെയ്യുന്നതിനുമുമ്പ് രക്തത്തിന്റെ ഗുണങ്ങളെല്ലാം നീങ്ങുന്നതുവരെ കഴുകി വൃത്തിയാക്കേണ്ടതാണ്. ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ രക്തം, സ്വശരീരത്തിലുള്ള വൃണം, മുഖക്കുരു, മറ്റു കുരുക്കള്‍, കൊമ്പുവെച്ച / കൊത്തിവെച്ച / കുത്തിവെച്ച സ്ഥലത്തുണ്ടാകുന്ന രക്തം, മറ്റൊരാളുടെ അല്‍പ രക്തം എന്നിവക്ക് നിസ്‌കാരത്തില്‍ ഇളവ് ലഭിക്കുന്നതാണ്. പുരളാതിരിക്കുക, ശുദ്ധിവരുത്തിയ ജലം, ഔഷധം, ഭക്ഷണം കഴിക്കുന്നതിനിടയിലോ വെള്ളം കുടിക്കുന്നതിനിടയിലോ കൊഴിഞ്ഞു വീണ വസ്തുക്കള്‍ എന്നിവ അല്ലാത്ത മറ്റു വസ്തുക്കളുമായി കൂടിച്ചേരാതിരിക്കുക എന്നിവ വിട്ടുവീഴ്ച ലഭിക്കുന്നതിനുള്ള ഉപാധികളാണ്. രക്തം പുരളുകയോ ഇതര വസ്തുക്കളുമായി കലരുകയോ ചെയ്താല്‍ ഇളവ് ലഭിക്കുകയില്ല. ഒലിക്കുന്ന രക്തമില്ലാത്ത ജീവികളുടെ രക്തം, മുറിവ്, കുരു, കൊമ്പുവെച്ച / കൊത്തിവെച്ച / കുത്തിവെച്ച / സ്ഥലത്തുള്ള സ്വന്തം രക്തം എന്നിവ കൂടുതലുണ്ടെങ്കിലും ഇളവ് ലഭിക്കും. ദേഹത്തോ, വസ്ത്രത്തിലോ ആകുമ്പോഴാണ് ഇളവ് ലഭിക്കുന്നത്. വഹിക്കുന്ന വസ്തുക്കളിലോ വിരിപ്പിലോ ആണെങ്കില്‍ ഇളവ് ലഭിക്കുകയില്ല. രക്തമൊലിച്ചത് സ്വന്തം പ്രവൃത്തികൊണ്ടാെണങ്കിലും, രക്തമായ സ്ഥലത്ത് നിന്ന് മറ്റിടങ്ങളിലേക്ക് വ്യാപിച്ചാലും കൂടുതലുള്ള രക്തത്തിന് ഇളവ് ലഭിക്കുകയില്ല. ആര്‍ത്തവ രക്തം, നാസദ്വാരങ്ങളില്‍ നിന്ന് വരുന്ന രക്തം, കണ്ണ്, കാത്, എന്നിവയില്‍ നിന്ന് പുറത്തുവരുന്ന രക്തം തുടങ്ങി ദ്വാരങ്ങളിലുണ്ടാകുന്ന കുറഞ്ഞ രക്തത്തിനും നിസ്‌കാരത്തില്‍ ഇളവ് ലഭിക്കുന്നതാണ്. മൂത്രകോശം പോലുള്ള മാലിന്യത്തിന്റെ ഉറവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന രക്തത്തിന് ഇളവ് ലഭിക്കുകയില്ല. ഊന്‍ പൊട്ടി വരുന്ന രക്തത്തിനും നിസ്‌കാരത്തില്‍ ഇളവ് ലഭിക്കും. എന്നാല്‍ നിസ്‌കാരത്തിനിടെ അവ വിഴുങ്ങാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നിസ്‌കാരം അസാധുവാകുന്നതാണ്. വൃണം, നീര്‍ക്കുമിള, പൊട്ടി എന്നിവയില്‍ നിന്ന് പുറത്തുവരുന്ന ജലത്തിന് പകര്‍ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മലിനവും ഇല്ല എങ്കില്‍ ശുദ്ധിയുള്ളതുമാണ്.
ഛര്‍ദിച്ച വസ്തുക്കള്‍: ആമാശയത്തില്‍ നിന്ന് പുറംതള്ളുന്ന വസ്തുക്കളെല്ലാം മലിനമാണ്. ആമാശയത്തില്‍ നിന്ന് പുറത്തുവരുന്ന കഫം മലിനമാണ്. മറ്റുഭാഗങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന കഫം മലിനമല്ല. നിദ്രാവേളയില്‍ വായില്‍നിന്ന് ഒലിക്കുന്ന ദ്രാവകം ആമാശയത്തില്‍നിന്ന് പുറപ്പെട്ടതാണെന്ന് ഉറപ്പുണ്ടെങ്കില്‍ മലിനവും അല്ലാത്തപക്ഷം ശുദ്ധിയുള്ളതുമാണ്. പിത്തകോശം(കയ്പ്), സര്‍പ്പം, തേള്‍ തുടങ്ങിയ ജീവികളുടെ വിഷം എന്നിവ മാലിന്യമാണ്.
വളരെയേറെ ശ്രദ്ധയോടെ വേണം മലിനമായ വസ്തുക്കള്‍ ശുദ്ധിയാക്കുന്നത്. കുറഞ്ഞ വെള്ളം – രണ്ട് ഖുല്ലത് അഥവാ 191 ലിറ്ററില്‍ കുറവുള്ള ജലം – കൊണ്ട് മാലിന്യങ്ങള്‍ ശുദ്ധിയാക്കുമ്പോള്‍ മലിനമായ ഭാഗത്ത് വെള്ളം ഒഴിച്ചുകൊണ്ടാണ് ശുദ്ധിയാക്കേണ്ടത്. കുറഞ്ഞ വെള്ളത്തില്‍ മലിനമായ വസ്തു ഇട്ടു കഴുകിയാല്‍ ശുദ്ധിയാവുകയില്ല. ജലം മലിനമായിത്തീരുകയും ചെയ്യും. അലക്കാന്‍ ഉപയോഗിക്കുന്ന തൊട്ടി, വാഷിങ് മെഷീന്‍ എന്നിവയില്‍ മലിനമായ വസ്ത്രം ഇടുന്നതിന് മുമ്പ് അതിലെ മാലിന്യങ്ങള്‍ കഴുകിക്കളയേണ്ടതാണ്. അല്ലാത്തപക്ഷം തൊട്ടിയിലെ ജലവും അതുവഴി അതിലിടുന്ന മറ്റു വസ്ത്രങ്ങളും മലിനമാകുന്നതാണ്. ഉണങ്ങിയ മൂത്രം പോലുള്ള മാലിന്യത്തിന്റെ അവശിഷ്ടം, രുചി, ഗന്ധം, നിറം തുടങ്ങിയ യാതൊന്നും ശേഷിച്ചിരിപ്പില്ലാത്ത മാലിന്യങ്ങള്‍ക്ക് – ഹുക്മിയ്യായ നജസുകള്‍ – മീതെ ഒരു തവണ ജലം ഒഴുക്കിയാല്‍ മതിയാകും. മാലിന്യത്തിന്റെ അവശിഷ്ടങ്ങളോ നിറം, ഗന്ധം, രുചി തുടങ്ങിയ വിശേഷണങ്ങളോ ശേഷിക്കുന്നുവെങ്കില്‍ അവ നീക്കംചെയ്താല്‍ മാത്രമേ ശുദ്ധിയാവുകയുള്ളൂ. സോപ്പ് ഉപയോഗിച്ചാല്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂവെങ്കില്‍ സോപ്പ് ഉപയോഗിക്കല്‍ നിര്‍ബന്ധമാണ്. നീക്കിക്കളയാന്‍ പ്രയാസമാകുന്ന സന്ദര്‍ഭങ്ങളില്‍ നിറം, ഗന്ധം എന്നിവയിലേതെങ്കിലുമൊന്ന് ശേഷിക്കുന്നത് കൊണ്ട് വിരോധമില്ല. ഒരേസമയം നിറവും ഗന്ധവും അവശേഷിച്ചാലും രുചി ബാക്കി നിന്നാലും ശുദ്ധിയാവുകയില്ല. തറ പോലുള്ള ഉറച്ച പ്രതലങ്ങളില്‍ മലിനമായാല്‍, മാലിന്യം പൂര്‍ണമായും നീക്കിയ ശേഷം മാലിന്യം വലിച്ചെടുക്കുന്ന ശുദ്ധമായ വസ്തുക്കള്‍ കൊണ്ട് അതിന്റെ അവശിഷ്ടങ്ങളും ഈര്‍പ്പവും തുടച്ചെടുക്കണം. ശേഷം അതിന് മീതെ ശുദ്ധമായ ജലമൊഴിച്ച് വൃത്തിയാക്കണം. അതിനു ശേഷം വൃത്തിയുള്ള വസ്തു കൊണ്ട് പ്രസ്തുത ജലം തുടച്ചെടുക്കാം. മാലിന്യം തുടച്ചെടുക്കാന്‍ ഉപയോഗിച്ച വസ്തു കഴുകി വൃത്തിയാക്കുന്നതിന് മുമ്പ് വെള്ളമെടുത്ത തൊട്ടിയില്‍ മുക്കുകയോ അത് കൊണ്ട് നിലംതുടക്കുകയോ ചെയ്യരുത്. ജലവും നിലവും മലിനമാകാന്‍ അതിടവരുത്തും.
വായ മലിനമായാല്‍ മാലിന്യം തുപ്പിക്കളഞ്ഞ ശേഷം വായില്‍ വെള്ളം ചുഴറ്റി തുപ്പിക്കളയണം. പാത്രം, തൊട്ടി തുടങ്ങിയുള്ളവ മലിനമായാല്‍ മാലിന്യം പുറത്ത് കളഞ്ഞ ശേഷം വെള്ളം ഒഴിച്ച് ചുറ്റുഭാഗവും കറക്കിയാല്‍ മതി. മാലിന്യം വീണത് കാരണം മലിനമായ അല്‍പ ജലം രണ്ട് ഖുല്ലത്തായി വര്‍ധിക്കുന്നതോടെയും, മാലിന്യം കലര്‍ന്ന് വീണ് ഗുണവ്യത്യാസം സംഭവിച്ചത് മൂലം മലിനമായ രണ്ട് ഖുല്ലത്തില്‍ കൂടുതലുള്ള ജലം അതിന്റെ പകര്‍ച്ച നീങ്ങുന്നതോടെയും ശുദ്ധിയാകുന്നതാണ്. പൂച്ച, എലി തുടങ്ങിയ ജീവികളുടെ രോമം വീണ സംഭരണികളിലെ ജലം രണ്ട് ഖുല്ലതില്‍ കൂടുതലുണ്ടങ്കില്‍ ശുദ്ധമാണങ്കിലും ഉപയോഗം ദുഷ് ക്കരമാണ്. രോമം പൂര്‍ണമായും നീങ്ങുന്നത് വരെ അതിലെ വെള്ളം കോരിവറ്റിക്കേണ്ടതാണ്. വറ്റിക്കുന്നതിന് മുമ്പ് കോരിയെടുത്ത ജലത്തില്‍ രോമമുണ്ടെന്ന് ഉറപ്പില്ല എങ്കില്‍ ഉപയോഗിക്കുന്നതിന് വിരോധമില്ല.
ദ്രവരൂപത്തിലുള്ള വസ്തുക്കളില്‍ മാലിന്യം വീണാല്‍ ശുദ്ധീകരിക്കാനാവില്ല. വെണ്ണ പോലുള്ള ഉറച്ച വസ്തുക്കളാണെങ്കില്‍, മാലിന്യവും അതിന് ചുറ്റുഭാഗത്തുള്ളവയും എടുത്തുകളഞ്ഞാല്‍ ബാക്കി ഭാഗം ശുദ്ധിയുള്ളതാണ്. ഉറച്ച മാലിന്യം കൊണ്ട് ഭൂതലം മലിനമായാല്‍ മാലിന്യവും ചേര്‍ന്നുനില്‍ക്കുന്ന മണ്ണും എടുത്തുമാറ്റണം. അതിന് ശേഷവും നജസിന്റെ ഈര്‍പ്പം അവശേഷിക്കുന്നുവെങ്കില്‍ മീതെ ശുദ്ധജലം ഒഴിക്കണം. ദ്രവരൂപത്തിലുള്ള മാലിന്യങ്ങള്‍ കൊണ്ട് മലിനമായാല്‍ പിഴിഞ്ഞെടുത്താല്‍ ജലം വേറിട്ട് ലഭിക്കാത്ത വിധം ഭൂതലം മാലിന്യം വലിച്ചെടുത്തിട്ടുണ്ടെങ്കില്‍ മലിനമായ സ്ഥലം ആവരണം ചെയ്യും വിധം മീതെ ശുദ്ധജലം ഒഴിച്ചാല്‍മതി. മാലിന്യം വലിച്ചെടുത്തിട്ടില്ല എങ്കില്‍ ജലമൊഴിക്കുന്നതിന് മുമ്പ് മാലിന്യം നീക്കംചെയ്യേണ്ടതാണ്.
ഇസ്ഹാഖ് അഹ്‌സനി
You must be logged in to post a comment Login