ജനാധിപത്യ ഇന്ത്യ കടന്നുപോകുന്ന പ്രതിസന്ധിയുടെ വ്യാപ്തി അളന്നുതിട്ടപ്പെടുത്താന്‍ ആരും തുനിയാത്തത് സങ്കല്‍പങ്ങള്‍ക്കതീതമായ ദുരന്തങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രയാസം കൊണ്ടാവാം. 135 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ എന്ന ബൃഹത്തായ രാജ്യം ബാഹ്യമായും ആന്തരികമായും ഇന്ന് പ്രക്ഷുബ്ധവും കലുഷിതവുമാണ്. കൊവിഡ്-19 മഹാമാരി വിതച്ച സാമ്പത്തിക ഞെരുക്കവും ജീവിതദുരിതങ്ങളും നേരിട്ട ഒരു ജനത ആശ്വാസത്തിന്റെ വഴികള്‍ തേടുന്നതിനിടയിലാണ് മോഡി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന മൂന്നു നിയമങ്ങള്‍ ഓര്‍ഡിനന്‍സ് വഴി കൊണ്ടുവന്നതും കര്‍ഷകസമൂഹം സമരമാര്‍ഗത്തിലിറങ്ങിയതും. രണ്ടുമാസമായി തുടരുന്ന കര്‍ഷകപ്രക്ഷോഭം ജനവികാരം അടിച്ചമര്‍ത്തുന്ന സ്വേച്ഛാവാഴ്ചയുടെ ഏറ്റവും കിരാതമായ മുഖം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി. ഭരണഘടനാ സ്ഥാപനങ്ങളുടെ തകര്‍ച്ച ജനാധിപത്യക്രമത്തെ പരിഹാസ്യമാക്കുകയും ഇന്ത്യന്‍ ജീവിത വ്യവസ്ഥയുടെ ജൈവിക സത്തയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ഭരണകൂടം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചുകൊല്ലുന്ന മീഡിയയുടെ കൂട്ടനിലവിളി ഫോര്‍ത്ത് എസ്റ്റേറ്റിലുള്ള പൗരന്മാരുടെ പ്രതീക്ഷകളെ തകര്‍ത്തെറിയുകയാണ്. ജുഡീഷ്യറി ചരിത്രത്തിലെ ഏറ്റവും മോശമായ അപചയത്തിലൂടെയാണ് കടന്നുപോകുന്നത്. ആര്‍ എസ് എസ് 95 വര്‍ഷമായി സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രം ഇത്ര ഭീകരമായൊരു സംവിധാനമായിരിക്കുമെന്ന് ആര്‍ക്കും മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ദിരാ ഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ കരാളരാവുകളില്‍ പോലും പാരസ്പര്യത്തിലും മാനുഷിക മൂല്യങ്ങളിലും വിശ്വസിക്കുന്ന പൗരസമൂഹം ഇത്ര നിരാശയിലായിരുന്നില്ല. മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഒരു മനുഷ്യന്‍ മാത്രം ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു; പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് ആ മനുഷ്യന്‍ മൂടപ്പെടുമ്പോള്‍ സ്വയം മാറ്റിയെടുക്കുന്ന ഭാവഹാവാദികളോടെയും വേഷഭൂഷാദികളോടെയും ചരിത്രത്തിലേക്ക് ഇരച്ചുകയറാന്‍ വെമ്പല്‍ കൊള്ളുകയാണ് നരേന്ദ്രമോഡി എന്ന നരേന്ദ്ര ദാമോദര്‍ ദാസ് മോഡി. താടി നീട്ടി വളര്‍ത്തി മറാത്താ ചക്രവര്‍ത്തി ശിവജിയിലേക്ക് കായപ്രയാണം നടത്താന്‍ ഒരുമ്പെടുന്ന മോഡി കൈമാറുന്ന താക്കീത് ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്. അമേരിക്കന്‍ ജനത വൈറ്റ് ഹൗസില്‍നിന്ന് പുറന്തള്ളിയ ഡൊണാള്‍ഡ് ട്രംപിന് പിടിപെട്ട ഒരു മനോരോഗം മോഡിയെയും എന്നോ പിടിപെട്ടിട്ടുണ്ടെന്ന് നാമറിയാതെ പോവുന്നു. അവനവന്റെ ഗുണഗണങ്ങളില്‍ ഉന്മാദിയാവുന്ന ഈ മാനസിക രോഗത്തെ Narcissistic Perosnality Diosrder എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ അവനവന്‍ പ്രശംസ അത്യന്തം അപകടകരമാണെന്ന് ഹാര്‍വാര്‍ഡിലെ പ്രമുഖ മനോരോഗ വിദഗ്ധന്‍ ഹവാര്‍ഡ് ഹാര്‍ഡ്‌നര്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ ആരുമത് കാര്യമായെടുക്കാത്തതിന്റെ പരിണതിയാണ് തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മതിക്കാതെ ക്യാപിറ്റോള്‍ ഹില്‍ പിടിച്ചെടുത്ത് രാഷ്ട്രീയ അട്ടിമറിക്കായി നടത്തിയ നാണംകെട്ട ശ്രമങ്ങള്‍.
കര്‍ഷകരോഷം ആളിപ്പടര്‍ന്ന് ഇന്ത്യയുടെ നെഞ്ചകം ചുട്ടെരിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡി അര്‍മാദിക്കുകയാണ്. ആ പ്രക്ഷോഭത്തിന്റെ മറവില്‍ സിഖ്, ജാട്ട് സമൂഹത്തെ ഒന്നടങ്കം ഭീകരവാദികളായി ചിത്രീകരിക്കാനും രാജ്യദ്രോഹികളായി അപരവത്കരിക്കാനുമുള്ള കുടില നീക്കങ്ങള്‍ ആസൂത്രിതമായി തുടരുന്നു. അപ്പോഴും ഒരു പോറലുമേല്‍ക്കാതെ മോഡിക്ക് മുന്നോട്ടുപോവാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യവസ്ഥിതിക്കു സംഭവിച്ച ജനിതക മാറ്റങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. അത്തരം മാറ്റങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ സിവില്‍സമൂഹം മാനസികമായി മാറിക്കഴിഞ്ഞുവെന്നത് ജനാധിപത്യ- മതേതര സങ്കല്‍പത്തെ മാത്രമല്ല, ഈ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അങ്ങേയറ്റം അപകടകരമായ ഒരു വിതാനത്തില്‍ എത്തിച്ചിരിക്കുന്നു. കോര്‍പറേറ്റ് ശക്തികളുടെ സംരക്ഷകനും കാവലാളുമെന്ന നിലയില്‍ മോഡി ഇന്ന് സുരക്ഷിത സോപാനത്തിലാണ് ഉപവിഷ്ടനായിരിക്കുന്നത്. കോര്‍പറേറ്റ് മീഡിയ എല്ലാ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും സ്വര്‍ണത്തളിക കൊണ്ട് മൂടി മോഡിയെ രക്ഷിക്കാനും പ്രശസ്തിയുടെ അത്യുന്നതിയില്‍ പ്രതിഷ്ഠിക്കാനും ഈ സന്ദിഗ്ധ ഘട്ടത്തിലും ആവേശപൂര്‍വം മുന്നിലുണ്ട് എന്നതിന്റെ തെളിവാണ് ‘ഇന്ത്യാ ടുഡെ’ പ്രസിദ്ധീകരിച്ച മൂഡ് സര്‍വേ! ഇന്ത്യാ ടുഡെ ഗ്രൂപ്പും കാര്‍വി ഇന്‍സൈറ്റ്‌സും 19 സംസ്ഥാനങ്ങളിലായി 97 പാര്‍ലമെന്റ് മണ്ഡലങ്ങളിലും 194 അസംബ്ലി മണ്ഡലങ്ങളിലുമായി നടത്തിയ മൂഡ് സര്‍വേയിലെ കണ്ടെത്തല്‍ എന്ന നിലയില്‍ പുറത്തുവിട്ട നിഗമനങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രതിച്ഛായ നഷ്ടപ്പെട്ട മോഡിയെ അഭിഷിക്തനാക്കാന്‍ കോര്‍പറേറ്റ് മീഡിയ കളിക്കുന്ന വൃത്തികെട്ട ദാസ്യവേലയുടെ മറ്റൊരു ഉദാഹരണം. 78ശതമാനം ജനങ്ങളും പ്രധാനമന്ത്രിയായി മോഡി തുടരണമെന്ന അഭിപ്രായക്കാരാണത്രെ. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയാണത്രെ. 37ശതമാനം പേര്‍ മോഡിക്ക് മാര്‍ക്കിടുമ്പോള്‍ തൊട്ടുതാഴെ വരുന്നത് ഡോ. മന്‍മോഹന്‍ സിങ് മാത്രം. നെഹ്‌റുകുടുംബത്തെ മനഃപൂര്‍വം ചിത്രത്തില്‍നിന്ന് മായ്ച്ചുകളയുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ അന്ത്യകൂദാശ പൂര്‍ത്തീകരിക്കാനാവണം. ഇന്ത്യ എന്ന ആശയത്തെ ജനാധിപത്യ- മതനിരപേക്ഷമൂല്യങ്ങളിലൂടെ പ്രായോഗികതലങ്ങളിലേക്ക് കൊണ്ടുവന്ന, ലോകം ബഹുമാനിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് നല്ല പ്രധാനമന്ത്രി എന്ന് എട്ടുശതമാനം മാത്രമേ കരുതുന്നുള്ളുവത്രെ. മോഡി സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടം അയോധ്യ വിധിയാണ് പോലും. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത ഉന്നത നീതിപീഠത്തിന്റെ തീര്‍പ്പ് സാധ്യമാക്കിയതില്‍ മോഡിയുടെ സാന്നിധ്യം വളരെ വലുതാണെന്ന് സാരം. കശ്മീരിന്റെ സവിശേഷാവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന 370-ാം ഖണ്ഡിക എടുത്തുകളഞ്ഞത് ഹിന്ദുത്വ സര്‍ക്കാരിന്റെ മികച്ച നേട്ടമായി കാണുന്നു. കൊവിഡ് -19 മഹാമാരി നേരിടുന്നതില്‍ മോഡി സര്‍ക്കാര്‍ വന്‍ വിജയമാണെന്ന് കരുതുന്നവര്‍ 70 ശതമാനത്തിലധികം വരുന്നുണ്ട്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി ജെ പിക്കു മാത്രം 283 സീറ്റ് നേടി അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന് 49 സീറ്റ് മാത്രമേ നേടാനാവൂവെന്നും സര്‍വേ കണ്ടെത്തിയത്രെ. 2024 മോഡിയെ കാത്തിരിക്കുകയാണെന്ന് സാരം.
യാഥാര്‍ത്ഥ്യവും മിഥ്യയും
ആര്‍ എസ് എസിനും ഹിന്ദുത്വ രാഷ്ട്രീയത്തിനും നരേന്ദ്രമോഡിക്കും വേണ്ടി എക്കാലവും സ്തുതിപാഠക രുടെ റോളില്‍ ദാസ്യവേല ചെയ്യാന്‍ മടിക്കാത്ത ഒരു മീഡിയ സ്ഥാപനമാണ് ഇന്ത്യ ടുഡെ. നഗരവാസികളുടെ മൃദുല വികാരങ്ങളെ താലോലിക്കാനും അതുവഴി ഭൂരിപക്ഷസമുദായത്തിന്റെ വര്‍ഗീയ ചിന്തകളെ ഊതിക്കാച്ചാനും വികല സങ്കല്‍പങ്ങളിലൂടെ രാജ്യത്തിന്റെ മനോഘടനയെ ദുര്‍വ്യാഖ്യാനം ചെയ്യാനും ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഉത്തമ ദൃഷ്ടാന്തം. അതിനിടയില്‍, ചവിട്ടിയരക്കപ്പെടുന്നത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും ജനവികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ബദല്‍ മാധ്യമങ്ങളാണ്. ഏതാനും ജേര്‍ണലിസ്റ്റുകളെ എന്തെങ്കിലും കാരണം പറഞ്ഞ് അറസ്റ്റ് ചെയ്തു ജയിലിലടക്കുമ്പോള്‍ നാമാരുമതിനെ ഗൗരവമുള്ള ഭരണകൂട നടപടിയായി കാണുകയോ തുടര്‍ സംഭവവികാസങ്ങളെ യഥോചിതം പരിശോധിക്കുകയോ ചെയ്യാത്തത് നമ്മുടെ ജനാധിപത്യഅവബോധക്കുറവ് കൊണ്ട് തന്നെയാണ്. കര്‍ഷകപ്രക്ഷോഭത്തിന്റെ നേര്‍സാക്ഷ്യം സമരഭൂമിയില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആര്‍ജവം കാണിച്ച ജേര്‍ണലിസ്റ്റുകളെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്യാനും തുറുങ്കിലടക്കാനും ബി ജെ പി ഭരണകൂടം പ്രദര്‍ശിപ്പിക്കുന്ന ക്രൂരമനസ്സ് വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ‘കാരവന്‍’ മാസികയുടെ മന്‍ദീപ് പൂനിയ, ഓണ്‍ലൈന്‍ ന്യൂസ് ഇന്ത്യയുടെ ധര്‍മേന്ദ്ര സിങ് എന്നിവരെ കര്‍ഷകപ്രക്ഷോഭ ഭൂമിയായ സിംഗു അതിര്‍ത്തിയില്‍നിന്നാണ് പുലര്‍ച്ചെ 5 മണിക്ക് പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത്. പൂനിയ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പൊലീസ് ഉദ്യോഗസ്ഥരെ ജോലി നിര്‍വഹിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തി ഐ പി സി 186 (പൊലീസിനെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക), 332 (ചുമതല നിര്‍വഹിക്കുന്നതില്‍നിന്ന് തടയാന്‍ പരിക്കേല്‍പിക്കുക) 353, തുടങ്ങിയ 34 വകുപ്പുകള്‍ ചുമത്തി ജാമ്യം അസാധ്യമാക്കിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. കര്‍ഷകരുടെ മനോവീര്യം തകര്‍ക്കാനും അവര്‍ക്കിടയില്‍ ഛിദ്രത വളര്‍ത്താനുമാണ് മോഡി-അമിത് ഷാ ടീം ദുഷ്പ്രചാരണങ്ങളുടെതും രാക്ഷസീയവത്കരണത്തിന്റെയും കെട്ടഴിച്ചുവിടുന്നത്. ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ പ്രദേശവാസികള്‍ എന്ന വ്യാജേന, വേഷപ്രഛന്നരായി സമരമുഖത്ത് ചെന്ന് പ്രക്ഷോഭകരെ മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ചപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്തതാണ് പൊലീസിനെ പ്രകോപിപ്പിച്ചതത്രെ. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ചെങ്കോട്ട വരെ ഇരച്ചുകയറിയത് പ്രക്ഷോഭത്തിന്റെ വരുംദിനങ്ങളില്‍ അനാവൃതമാകാന്‍ പോകുന്ന മുഖമാണ് തുറന്നുകാട്ടപ്പെട്ടത്. തിരിച്ചടിയില്‍ മേല് നൊന്ത മോഡിയും കൂട്ടരും സമരക്കാര്‍ക്കെതിരെ ജനവികാരം ഇളക്കിവിടാനാണ് പിന്നീട് കുതന്ത്രങ്ങള്‍ മെനഞ്ഞതത്രയും. അങ്ങനെയാണ് ചെങ്കോട്ടയില്‍ നാട്ടിയ ദേശീയ പതാക പറിച്ചുമാറ്റി ഖാലിസ്ഥാന്‍ പതാക നാട്ടിയെന്നും സിഖ് ഭീകരവാദികളാണ് ഇതിനു പിന്നിലെന്നും ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ചത്. ചെങ്കോട്ടയില്‍ ദേശീയ പതാകയോട് കാണിച്ച അനാദരവ് വേദനാജനകമാണെന്ന് പ്രധാനമന്ത്രി മോഡി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടത് തന്നെ കുപ്രചാരണങ്ങള്‍ക്ക് സാധുത നേടാന്‍ വേണ്ടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ ദേശീയ പതാക ആരും സ്പര്‍ശിച്ചിട്ടില്ല. വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തുന്ന ആള്‍ട്ട്‌ന്യൂസ് സത്യം പുറത്തുവിട്ടപ്പോഴാണ് ഫാഷിസ്റ്റുകളുടെ കള്ളപ്രചാരണം എത്രമാത്രം തെറ്റിദ്ധാരണാജനകമാണെന്ന് മനസ്സിലായത്. ദേശീയ പതാക മാറ്റാതെ, കാലിയായി കിടക്കുന്ന കൊടിമരത്തില്‍ സിഖ് മത ധ്വജമായ നിഷാന്‍ സാഹിബാണ് ഉയര്‍ത്തിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച The Squint Neon എന്ന സോഷ്യല്‍ മീഡിയ പോര്‍ട്ടലിലൂടെ ഹിന്ദുത്വവാദികള്‍ പ്രചരിപ്പിച്ച ചില പോസ്റ്റുകളാണ് സിഖുകാരെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കാന്‍ ഇടയാക്കിയത്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭം തുടര്‍ച്ചയായി ആറു മണിക്കൂര്‍ ജനങ്ങളിലെത്തിച്ച പഞ്ചാബ് ചാനലിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാലറിയാം നീണ്ട സമയത്തിനുള്ളില്‍ ആരും തന്നെ ദേശീയപതാക തൊട്ടുകളിച്ചിട്ടില്ല എന്ന്. അങ്ങനെയും സംഭവിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനും ഭൂരിപക്ഷസമൂഹത്തെ സിഖുകാര്‍ക്കെതിരെ തിരിച്ചുവിടാനുമുള്ള ഹീന പദ്ധതികളാണ് അണിയറയില്‍ ആസൂത്രണം ചെയ്തതെന്ന് കാണാം. കര്‍ഷക സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ ഭീഷണിപ്പെടുത്താനും കേസില്‍ കുടുക്കി കല്‍തുറുങ്കിലടക്കാനുമുള്ള ഹീനപദ്ധതികളാണ് അണിയറയില്‍ ചുട്ടെടുക്കുന്നത്. സമരത്തിന് നേതൃത്വം കൊടുക്കുന്ന യോഗേന്ദ്ര യാദവ്, രാകേഷ് ടിക്കായത്ത്, മേധാ പട്ക്കര്‍ തുടങ്ങിയവര്‍ക്കെതിരെ യു എ പി എ, രാജ്യസുരക്ഷാ നിയമം എന്നീ കരിനിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്തു തുറുങ്കിലടക്കാനുള്ള നീക്കങ്ങളാണ് ജനുവരി 26ലെ രോഷപ്രകടനത്തിനു ശേഷം പുരോഗമിക്കുന്നത്.
ജീവച്ഛവമായ ജനാധിപത്യം
2019ലെ പൊതുതിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേന്നാള്‍ എക്‌സിറ്റ് പോളില്‍ നരേന്ദ്രമോഡിക്ക് അനുകൂലമായ വിധിയെഴുത്ത് പ്രവചിക്കപ്പെട്ടപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താവലോകനത്തിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: ‘ഇന്ത്യയുടെ മുന്നിലെ ചോയ്‌സ്: ‘നമ്മുടെ ട്രംപോ’ അതോ കുഴപ്പം പിടിച്ച ജനാധിപത്യമോ?’ ട്രംപിന്റെ ഇന്ത്യന്‍ പതിപ്പാണ് മോഡിയെന്ന് ആ രണ്ടു വ്യക്തിത്വങ്ങള്‍ തമ്മിലുള്ള താരതമ്യപഠനം ലോകത്തിനു പറഞ്ഞുകൊടുത്തു. പിന്നെ ജനാധിപത്യ വിഷയത്തില്‍ അപഭ്രംശങ്ങളുടെ ഒരു ഘോഷയാത്ര നമ്മുടെ കണ്‍മുമ്പിലൂടെ കടന്നുപോകുന്നു. വിവാദമായ കാര്‍ഷിക നിയമം പാസ്സാക്കാന്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ശബ്ദവോട്ട് മതി എന്ന യുക്തിരഹിതമായ തീരുമാനത്തിലൂടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജനാധിപത്യത്തെ അട്ടിമറിച്ചു. രാജ്യസഭയില്‍ ഭരണകക്ഷിക്ക് മതിയായ ഭൂരിപക്ഷമില്ല എന്ന് ബോധ്യമുള്ള നായിഡുവിന് യഥാര്‍ത്ഥ വോട്ടിങ് മോഡിക്ക് അനര്‍ഥം ചെയ്യുമെന്ന് അറിയാമായിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങള്‍ ഒരു പ്രക്ഷോഭമുഖത്ത് അദ്ഭുതമുള്ള സംഗതിയല്ല. എന്നിട്ടും മണ്ണിന്റെ മക്കളുടെ വികാര വിചാരങ്ങളില്‍ അശേഷം താല്‍പര്യമില്ലാത്ത വരേണ്യവര്‍ഗം വലിയൊരു ദേശീയദുരന്തമായി അതിനെ പൊലിപ്പിച്ച് ദേശസ്‌നേഹത്തിന്റെ കപടതകള്‍ നിറച്ച് കര്‍ഷക സമൂഹത്തിന് നേരെ പൗരരോഷം ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എലൈറ്റ് ക്ലാസിന്റെ ഈ വൈകാരിക വിക്ഷോഭങ്ങള്‍ സൂക്ഷ്മമായി പഠിച്ച രാഷ്ട്രീയ നിരീക്ഷകന്‍ പ്രതാപ് ഭാനു മേത്ത മര്‍മത്തില്‍ സ്പര്‍ശിച്ചുകൊണ്ട് എഴുതി: ”The scenes at the Red Fort may have been disturbing. But the real darkness on the horizon is not the protest, or the turn it might have taken. It is the turn Indian democracy is taking, almost as if it is on the road to perdition” -ചെങ്കോട്ടയില്‍ കെട്ടഴിഞ്ഞു വീണ ദൃശ്യങ്ങള്‍ ആകുലപ്പെടുത്തുന്നതാവാം. ചക്രവാളത്തില്‍ ദൃശ്യമായ യഥാര്‍ത്ഥ ഇരുട്ട് പ്രതിഷേധത്തിന്റേതല്ല; അതിന്റെ കലാശവുമല്ല; പ്രത്യുത സര്‍വനാശത്തിലേക്കുള്ള ജനാധിപത്യത്തിന്റെ തിരിഞ്ഞുപോക്കാണ്.
ചെങ്കോട്ടയുടെ മുകളില്‍ സിഖ് മത പതാകയായ നിഷാന്‍ സാഹിബ് പറന്നപ്പോള്‍ രാജ്യത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യുന്ന അനാദരവിന്റെ സൂചകമായി അതിനെ എടുത്തുകാട്ടുന്നതില്‍ ഭരണവര്‍ഗവും കോര്‍പറേറ്റ് മാധ്യമങ്ങളും മത്സരിച്ചു. അതേസമയം കര്‍ഷകസമരം ചവിട്ടിയരക്കാന്‍ മോഡിയുടെയും അമിത്ഷായുടെയും ആവനാഴിയിലെ സര്‍വ അസ്ത്രങ്ങളും പുറത്തെടുക്കുന്നത് ഗൗരവപൂര്‍വം ആരും ചര്‍ച്ചക്കെടുത്തില്ല. കാര്‍ഷിക മേഖലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചൂഷണങ്ങളും അനീതിയും അവസാനിപ്പിക്കുകയോ കര്‍ഷക സമൂഹത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുകയോ അല്ല; അംബാനിമാരുടെയും അദാനിമാരുടെയും കൈകളിലേക്ക് ഇന്ത്യയുടെ കാര്‍ഷികമേഖല തന്നെ താലത്തില്‍വെച്ച് തീറെഴുതാനാണ് വിവാദമായ മൂന്നുനിയമങ്ങളും കൊണ്ടുവന്നതെന്ന് അറിഞ്ഞിട്ടും ആ സത്യം ഉച്ചത്തില്‍ വിളിച്ചുപറയാന്‍ കോര്‍പ്പറേറ്റ് മീഡിയ സത്യസന്ധത കാണിച്ചില്ല. മഹാരാഷ്ട്രയിലെ ഭീമ-കൊറഗോണില്‍ ദളിത് നേതാക്കള്‍ക്കും ബുദ്ധിജീവികള്‍ക്കും ‘അര്‍ബന്‍ നക്‌സലുകള്‍ക്കും’ നേരെ നടന്ന ഭരണകൂട ഭീകരത 83കാരനായ സ്റ്റാന്‍ സ്വാമിയടക്കമുള്ള വയോധികര്‍ക്ക് തടവ് ജീവിതം സമ്മാനിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ പോരാട്ടത്തിനിറങ്ങിയ ജനാധിപത്യപോരാളികള്‍, വിശിഷ്യാ ന്യൂനപക്ഷ നേതാക്കള്‍ ഇന്ന് യു എ പി എ കരിനിയമത്തിന്റെ തിണ്ണബലത്തില്‍ കാരാഗൃഹവാസം അനുഭവിക്കുകയാണ്. ശാഹീന്‍ ബാഗുകളിലൂടെ പൗരത്വപ്രക്ഷോഭത്തിലേക്ക് ആബാലവൃദ്ധത്തെ മാടിവിളിച്ച ജെ എന്‍ യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ ജയില്‍വാസം ഒരുവര്‍ഷം പിന്നിടുമ്പോള്‍ രാജ്യം മറവിയിലേക്ക് തള്ളിയിരിക്കയാണ് അദ്ദേഹത്തെ പോലുള്ള യുവ പോരാളികളെ. മോഡിയുടെ കാലത്ത് മറവി പലര്‍ക്കും ഒരു അനുഗ്രഹമാണെന്ന് പറയുന്നത് വെറുതെയല്ല. ദേശീയ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ചുള്ള അന്വേഷണങ്ങളും അറസ്റ്റും തടവും ഭീഷണിയും മറ്റു നിഷ്ഠൂരതകളും ഇന്ന് ഇന്ത്യന്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. കര്‍ഷകര്‍ തലസ്ഥാന നഗരിയിലേക്ക് കടക്കുന്നത് തടയാന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും കമ്പിവേലികളും റോഡ് നിറയെ ആണികളും സ്ഥാപിച്ചപ്പോള്‍ മോഡിസ്തുതിയില്‍ ആമഗ്‌നരാവാറുള്ള മുഖ്യധാര മാധ്യമങ്ങള്‍ക്ക് പോലും മൗനം ആപത്കരമാണെന്ന് ആത്മവിമര്‍ശനം നടത്തേണ്ടിവന്നു. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് കര്‍ഷക സമരക്കാരെ പുറം ലോകത്തുനിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് ആസൂത്രിതമായി നടക്കുന്നത്. 2020ല്‍ മുഴുവന്‍ സംസ്ഥാനങ്ങളിലോ അല്ലെങ്കില്‍ ജില്ലകളിലോ ആയി 83 തവണയാണത്രെ ഇന്റര്‍നെറ്റ് അടച്ചുപൂട്ടിയത്. കശ്മീരിന്റെ സവിശേഷ പദവി എടുത്തുകളഞ്ഞ ശേഷം പുറംലോകത്തുനിന്ന് താഴ്്വരയെ ഒറ്റപ്പെടുത്തിയത് ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണമായും അറുത്തുമാറ്റിയാണ്. അപകടം പിടിച്ച ഉപകരണം എന്നാണ് അന്നത്തെ ഗവര്‍ണര്‍ ഇന്റര്‍നെറ്റിനെ വിശേഷിപ്പിച്ചത്. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും കൈമാറുന്ന സംവിധാനങ്ങള്‍ മോഡിക്കും പിണിയാളുകള്‍ക്കും അപകടം പിടിച്ച സംവിധാനങ്ങള്‍ തന്നെയാണ്. കര്‍ഷക സമരം നേരിടാന്‍ ഇപ്പോള്‍ ഹരിയാനയിലെയും പഞ്ചാബിലെയും ഭൂരിഭാഗം ജില്ലകളിലും ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നു.
ജനാധിപത്യത്തെ ഇമ്മട്ടില്‍ ഗളച്ഛേദം നടത്തുമ്പോഴും ഹിന്ദുത്വയുടെ മുന്നേറ്റവും നരേന്ദ്രമോഡിയുടെ പ്രതാപവും ഉദ്‌ഘോഷിക്കുകയാണ് മാധ്യമങ്ങള്‍. ജനായത്തക്രമത്തിന്റെ കൂട്ടനിലവിളിക്കിടയില്‍ അര്‍മാദിക്കുന്ന മോഡിയില്‍നിന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പതനത്തിലേക്കുള്ള വഴിത്താര എന്നെങ്കിലും തുറക്കപ്പെട്ടേക്കാം എന്ന പ്രതീക്ഷ മാത്രമാണ് സാമാന്യജനത്തിന് സമാധാനിക്കാന്‍ വക നല്‍കുന്നത്.
കാസിം ഇരിക്കൂർ
You must be logged in to post a comment Login