ഇമാം ഗസ്സാലിയുടെ(റ) അധ്യാത്മിക രചനയായ മിന്‍ഹാജുല്‍ ആബിദീന്റെ വിശദവായനകളില്‍ പ്രധാനമാണ് സിറാജു ത്വാലിബീന്‍ എന്ന വിശ്രുത രചന. തഖ്്വയുടെ(ഭയഭക്തി) പ്രത്യേകതകള്‍ പ്രതിപാദിക്കുന്ന അധ്യായത്തില്‍ സുപ്രധാനമായ ചില ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
1. തഖ്്വയുള്ളവന്‍ വാഴ്ത്തപ്പെട്ടവനാണ്.
നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. അവ ദൃഢമായ കാര്യങ്ങളില്‍ പെട്ടതാണ്(ഖുര്‍ആന്‍ 3/186). ശക്തമായ സാമ്പത്തിക പ്രതിസന്ധി നിറഞ്ഞ പശ്ചാതലത്തിലാണ് ഈ അധ്യാപനം. ക്ലേശങ്ങളെ ക്ഷമ കൊണ്ട് നേരിടുകയും ക്രമക്കേടുകളെ കരുതിയിരിക്കുകയും വേണം. ഈ രണ്ടു വഴികളും മഹത്തായ തീരുമാനങ്ങളുമാണെന്നുള്ള സുവിശേഷമാണത്.
2. ശത്രുക്കളില്‍ നിന്നുള്ള കാവലും സുരക്ഷിതത്വവും കൈവരുന്നു.
നിങ്ങള്‍ ക്ഷമാലുക്കളും ജാഗരൂകരുമായാല്‍ അവരുടെ ഒരു വഞ്ചനയും നിങ്ങള്‍ക്കേല്‍ക്കില്ല (3/120). കപടവിശ്വാസികളുടെ ഗൂഢതന്ത്രങ്ങളെ നേരിടേണ്ട രീതിയാണ് ഈ വാക്യത്തില്‍ സൂചിപ്പിക്കുന്നത്. വിശ്വാസത്തില്‍ വൈകല്യങ്ങള്‍ കടത്തിക്കൂട്ടാനും വിശ്വാസികളെ വശീകരിക്കാനും ഇക്കൂട്ടര്‍ കണ്ണിലെണ്ണയൊഴിച്ച് പണിയെടുത്തു. തഖ്്വയുടെ ഊര്‍ജം ആ ശ്രമങ്ങളെ വിഫലമാക്കി. വിശ്വാസത്തിന് കവചമൊരുക്കി.
3. ദൈവികസഹായവും പിന്തുണയും ലഭിക്കുന്നു.
തഖ്്വയുടെ മാര്‍ഗം കൈകൊള്ളുന്നവരും നന്മ പ്രവര്‍ത്തിക്കുന്നവരും ആരോ അവരോടൊപ്പമാണ് അല്ലാഹു; തീര്‍ച്ച(16/128).
സത്യവിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്തവരെ കുറിച്ച് ദുഃഖിതനായ തിരുനബിയോടുള്ള(സ്വ) ഈ സംഭാഷണം ജാഗ്രതയോടെ ജീവിക്കുന്നവര്‍ക്ക് ലഭിക്കുന്ന സവിശേഷമായ പിന്തുണയെ അടയാളപ്പെടുത്തുന്നു.
അല്ലാഹു മുത്തഖീങ്ങളുടെ(ഭക്തിയുള്ളവരുടെ) സഹായിയാണ്(45/19). അശ്രദ്ധമായി കഴിയുന്നവര്‍ക്ക് ഒരുപക്ഷേ സൃഷ്ടികളുടെ സഹായം ലഭിച്ചേക്കാം. അതിനാവട്ടെ കൂടുതല്‍ നിലനില്‍പ്പില്ല, പരിമിതവുമാണ്. സൂക്ഷ്മതയോടെ ജീവിക്കുന്നവര്‍ക്ക് സ്രഷ്ടാവിന്റെ സഹായമാണ് ലഭിക്കാനുള്ളത്. ഭൗമിക – അഭൗമിക ജീവിതങ്ങളില്‍ അത് ലഭിക്കുകയും ചെയ്യും. വലിയ സൈനിക സന്നാഹങ്ങളോടെ ഇരമ്പിയ സമര മുന്നേറ്റത്തെ ന്യൂനപക്ഷമായ മുസ്ലിംകള്‍ ബദ്‌റില്‍ നേരിട്ടതും പരാജയപ്പെടുത്തിയതും ഈ വസ്തുതയുടെ ഉദാഹരണമാണ്.
4. പ്രതിസന്ധികളില്‍ നിന്ന് രക്ഷ ലഭിക്കുന്നു.
5. സംശുദ്ധമായ ഭക്ഷ്യ സുസ്ഥിരത രൂപപ്പെടുന്നു.
വിവാഹമോചനത്തിന്റെ വസ്തുതകളെ വിവരിക്കുന്നിടത്താണ് (65/2, 3) ഈ ഓര്‍മപ്പെടുത്തല്‍. അന്ധമായ നിലപാടുകള്‍ക്കുപകരം ധിഷണയോട് കൂടിയ ജാഗ്രതാമനോഭാവങ്ങള്‍ വഴി ഏതു പ്രതിസന്ധികളെയും നേരിടാനുള്ള പ്രാപ്തിയും ഭക്ഷ്യസുരക്ഷയും ലഭ്യമാകുമെന്ന് ഉറപ്പുതരുന്നുണ്ട് ഈ വാക്യം.
6. സല്‍കര്‍മങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു.
7. തെറ്റുകള്‍ പൊറുക്കപ്പെടുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യമായ വാക്കു പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കുകയും, നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും(33/70, 71). വര്‍ത്തമാനത്തെ സൂക്ഷ്മതയോടെ കൊണ്ടുനടന്നാല്‍ ഭൂതകാലത്തെ വീഴ്ചകള്‍ പരിഹരിക്കപ്പെടുമെന്നും ഭാസുരമായൊരു ഭാവി പ്രാപിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയാണ് ഈ വചനം നല്‍കുന്നത്.
8. ദൈവിക സ്‌നേഹത്തിന് ഹേതുവാകുന്നു.
തീര്‍ച്ചയായും അല്ലാഹു മുത്തഖീങ്ങളെ(ഭക്തിയുള്ളവരെ) ഇഷ്ടപ്പെടുന്നു(3/76). അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളമായ സ്‌നേഹം തഖ്വയിലൂടെയാണ് സാധ്യമാവുന്നത്. ഇലാഹീമഹത്വത്തെ ഭയന്നവര്‍ക്ക് രണ്ട് സ്വര്‍ഗമുണ്ടെന്ന വാഗ്ദാനം ആ സ്‌നേഹത്തിന്റെ സമ്മാനമാണ്.
9. സ്വീകാര്യത ഭക്തിയുള്ളവരില്‍ നിന്നു മാത്രമാണ്.
സൂക്ഷ്മതയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ (5/27).
മാനവചരിത്രത്തിന്റെ പ്രാരംഭദശയിലുള്ള പാഠമാണിത്. ഇതു പറഞ്ഞത് ആദമിന്റെ(അ) പുത്രന്‍ ഹാബീലാണ്. വിവാഹക്കാര്യത്തിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ പരീക്ഷണവും സത്യസന്ധതയുടെ വിജയവുമെല്ലാം ഓര്‍മയുണ്ടല്ലോ?
സ്വീകാര്യനാവണമെങ്കില്‍ തഖ്്വ കൂടിയേ മതിയാവൂ. അല്ലാത്തവര്‍ അവഗണിക്കപ്പെടും.
10. അജയ്യതയും ആദരവും നേടാന്‍ കഴിയും.
അല്ലാഹുവിന്റരികില്‍ നിങ്ങളില്‍ ഏറ്റവും ആദരണീയര്‍ അതീവ ജാഗ്രതയുള്ളവരാണ്(49/13). മുത്തഖി എന്നതില്‍ നിന്ന് അത്ഖാ എന്ന പദവിയിലെത്തുന്നവര്‍ ജ്ഞാനികളാണ്. കാരണം, സൂക്ഷ്മത അറിവിന്റെ ഉല്‍പ്പന്നമാണ്. അറിവുണ്ടായതുകൊണ്ട് മാത്രമായില്ല; തഖ്്വയുണ്ടാവുമ്പോഴാണ് അറിവ് ഫലപ്രദമാവുക. അല്ലാത്തപക്ഷം ഫലം കായ്ക്കാത്ത പാഴ്്വൃക്ഷം പോലെ കേവലമൊരു മരത്തടിയും നരകത്തിലെരിയുന്ന വിറകുമായവന്‍ മാറും. നരകത്തില്‍ നിന്നുള്ള രക്ഷയും സ്വര്‍ഗപ്രവേശവും എന്നതിലപ്പുറം അല്ലാഹുവോടുള്ള അടുപ്പമാണ് വലിയ ബഹുമതി. അത് തഖ്്വ സമ്പൂര്‍ണമായവനുള്ള ഉപഹാരമാണ്.
11. അന്ത്യശ്വാസത്തിലും സുവിശേഷം ലഭിക്കും.
അല്ലാഹുവിന്റെ വിനീതദാസന്മാര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കുകയുമില്ല. അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയോടെ ജീവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്. ഐഹികജീവിതത്തിലും പരലോകത്തും അവര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട് (10/62,63,64).
12. നരകമോചനം ലഭിക്കും.
തഖ്്വയുള്ളവരെ നാം രക്ഷപ്പെടുത്തും (19/72).
13. നിത്യസ്വര്‍ഗം ലഭിക്കും.
സ്വര്‍ഗം അല്ലാഹുവിനെ ഭയപ്പെട്ടു ജീവിച്ചവര്‍ക്ക് തയാറാക്കപ്പെട്ടിരിക്കുന്നു (3/133).
മനുഷ്യ ജീവിതത്തില്‍ നേടേണ്ട സര്‍വ നേട്ടങ്ങളും സാധ്യമാകാനുള്ള വഴി തഖ്്വയാണെന്ന് നമ്മളിതുവരെ വായിച്ചെത്തി. പ്രത്യേകതകളെ മനസ്സിലാക്കുന്നതോടൊപ്പം അതിന്റെ മറുപാതിയെ കുറിച്ചാലോചിക്കുമ്പോള്‍ നമ്മുടെ നെഞ്ചിടിപ്പ് കൂടും. തഖ്്വയില്ലെങ്കില്‍ നിന്ദ്യതയും ഭീതിയും നിസ്സഹായവസ്ഥയും പ്രതിസന്ധികളും ഭക്ഷ്യദൗര്‍ലഭ്യതയും ദുര്‍മാര്‍ഗങ്ങളും പൊറുക്കാത്ത തെറ്റുകളും ദൈവകോപവും അസ്വീകാര്യതയും അനാദരവും നരക പ്രവേശവും തുടങ്ങി വലിയ വിപത്തുകളെനേരിടേണ്ടിവരുമെന്ന സത്യം മറക്കരുത്.
അകവും പുറവും ശുദ്ധമാവണം. അകത്തെ ചിത്രത്തിന്റെ പ്രതിഫലനമാണ് പുറത്ത് കാണുക. അകം കറുത്താല്‍ പുറം വെളുപ്പിക്കാനാവില്ല,ശ്രമിച്ചാലും അതിന് അല്‍പ്പായുസേയുണ്ടാവൂ. പൊതുജീവിതത്തെക്കാള്‍ ശ്രദ്ധ വേണം രഹസ്യജീവിതത്തിന്. നിങ്ങള്‍ രഹസ്യവും പരസ്യവുമായ തിന്മകള്‍ വര്‍ജിക്കുകയെന്നതാണ് ഖുര്‍ആനിക പാഠം. പുറത്തറിയുന്നത് പന്തിയല്ലാത്തതുകൊണ്ടാണല്ലോ അനാശാസ്യങ്ങളെ ഒളിപ്പിച്ചുവെക്കുന്നത്. പക്ഷേ എത്ര കാലം അത് രഹസ്യമായി വെക്കാന്‍ കഴിയും. ഏറിയാല്‍ ഭൗതികജീവിതാന്ത്യം വരെ മാത്രം. ‘അന്ന് നിങ്ങളെ രംഗത്ത് കൊണ്ടുവരും. നിങ്ങളുടെ ഒരു രഹസ്യവും അവ്യക്തമാകുന്നതല്ല’ എന്ന ബോധ്യം അത്തരം ചിന്തകളെ ചോദ്യംചെയ്യുന്നു.
ലുഖ്മാന്‍(റ) മകന് നല്‍കിയ ഉപദേശങ്ങളില്‍ പ്രധാനപ്പെട്ടതും റസൂലിനോട്(സ) അല്ലാഹു കല്‍പ്പിച്ച 9 കാര്യങ്ങളിലൊന്നും രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവെ ഭയക്കുക(മിശ്കാത് 5358) എന്നതായിരുന്നല്ലോ?
പരലോകത്ത് അര്‍ശിന്റെ തണലില്‍ സുരക്ഷിതത്വം ലഭിക്കുന്ന ഏഴു വിഭാഗം ജനങ്ങളെ റസൂല്‍(സ) പരിചയപ്പെടുത്തുകയുണ്ടായി. അവരെല്ലാം രഹസ്യവിശുദ്ധി പുലര്‍ത്തുന്നവരാണെന്നു കാണാം. ‘ഏഴു വിഭാഗമാളുകള്‍ക്ക് മറ്റൊരാളുടെ തണലുമില്ലാത്ത ദിവസം അല്ലാഹു തണല്‍ നല്‍കും. നീതിമാനായ ഭരണാധികാരി, അല്ലാഹുവിന്റെ ആരാധനയില്‍ ജീവിതം നയിക്കുന്ന യുവാവ്, മസ്ജിദുമായി ഹൃദയ ബന്ധമുള്ളവര്‍, അല്ലാഹുവിനു വേണ്ടി പരസ്പരം സ്‌നേഹിക്കുന്ന രണ്ടു വ്യക്തികള്‍, അതടിസ്ഥാനത്തില്‍ അവര്‍ ഒന്നിക്കുകയും അകലുകയും ചെയ്തു, സൗന്ദര്യമുള്ള ഒരു വനിത വ്യഭിചാരത്തിന് ക്ഷണിച്ചപ്പോള്‍ ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നുവെന്ന് പ്രഖ്യാപിച്ചൊഴിഞ്ഞു മാറിയ വ്യക്തി, വലതു കൈ നല്‍കിയത് ഇടതുകരം പോലുമറിയാതെ അതീവ രഹസ്യമായി ദാനംനല്‍കിയവര്‍, ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അല്ലാഹുവിനെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ത്തവര്‍ എന്നിവരാണവര്‍(ബുഖാരി 2/119).
ഇനിയിതു നോക്കൂ… അങ്ങാടിയില്‍ നിന്നു വാങ്ങിയ മത്സ്യത്തില്‍ കയറിയ ഉറുമ്പിന്റെ കുടുംബത്തെ കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടവര്‍, അഹിതമായതൊന്നും വയറ്റിലെത്തരുതെന്ന പേടിയില്‍ പച്ചപ്പുല്ല് തിന്ന് വിശപ്പകറ്റിയവര്‍, ഒരു രൂപ പോലും മാറിച്ചെലവഴിക്കാതെ അനര്‍ഹമായ സമ്പത്തിനെ പേടിച്ചുകഴിഞ്ഞവര്‍… സമീപകാലത്തെ മഹത്‌സ്മരണകളാണിതെല്ലാം. അടിതെറ്റിപ്പോകുമോ എന്ന ഭീതിയില്‍ കരുതിനടന്നവര്‍ ഒടുവിലെത്തുക വിജയക്കൊടിയുടെ ചുവട്ടിലാണ്. നമുക്കും ആ വഴിയേ തന്നെ നടന്നു പഠിക്കാം, ശീലമാക്കാം.
ഫള് ലുറഹ് മാന്‍ സുറൈജി തിരുവോട്
You must be logged in to post a comment Login