ചരിത്രം പറയുന്ന മലപ്പുറം പടപ്പാട്ട്

ചരിത്രം പറയുന്ന മലപ്പുറം പടപ്പാട്ട്

മാപ്പിളപ്പാട്ടുകളെ പൊതുവേ നാടോടി സാഹിത്യത്തിലാണ് ആധുനിക പണ്ഡിതന്‍മാര്‍ ഉള്‍പെടുത്തുന്നത്. നാടോടി സമൂഹങ്ങളുടെ കഥ പറയുന്ന നാടോടിപ്പാട്ടുകള്‍ക്ക് പ്രത്യേക വൃത്താലങ്കാരങ്ങളൊന്നുമുണ്ടാവില്ല. അവ എഴുതി സൂക്ഷിക്കപ്പെട്ടവയുമല്ല. സാഹിത്യ മൂല്യവും ഉണ്ടാവണമെന്നില്ല. മാപ്പിളപ്പാട്ടുകളില്‍ നാടോടിപ്പാട്ടുകള്‍ക്ക് സമാനമായ പാട്ടുകള്‍ കാണാമെങ്കിലും അവയെ അപ്പാടെ ഒരേ ഗണത്തില്‍ പെടുത്താനാവില്ല. പ്രത്യേകിച്ചും മാപ്പിളപ്പാട്ടിന്റെ കുലപതിയായ മോയിന്‍ കുട്ടി വൈദ്യരുടെ രചനകള്‍ നാടോടിപ്പാട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവക്ക് അക്കാലത്ത് അംഗീകരിക്കപ്പെട്ട ശീലുകളും രചനാശാസ്ത്രവുമുണ്ട്. അവ എഴുതി സൂക്ഷിക്കപ്പെട്ടവയും ഭാഷാ മൂല്യം ഉള്‍കൊള്ളുന്നവയുമാണ്. ഒപ്പം സാഹിത്യ സമ്പുഷ്ടവുമാണ്. അവ എഴുതിയത് പില്‍ക്കാലത്ത് അംഗീകാരം നേടിയ മലയാള ഭാഷയിലല്ല എന്നതുമാത്രമാണ് വ്യത്യാസം.

മാപ്പിളമാര്‍ വളര്‍ത്തിയെടുത്ത അറബി മലയാള സാഹിത്യത്തിന് മാപ്പിളപ്പാട്ടുകള്‍ മുതല്‍ കൂട്ടാവുകയാണ് ചെയ്തത്. മാപ്പിള സമൂഹം അവരുടെ പേര്‍ഷ്യന്‍ തമിഴ് ബന്ധത്തിലൂടെ വളര്‍ത്തിയെടുത്ത സാഹിത്യം പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉന്നതിയിലെത്തി. മോയിന്‍ കുട്ടി വൈദ്യരും സമകാലികരുമാണ് ഈ മുന്നേറ്റത്തിന് വഴി വച്ചത്. ഇവരുടെ സാഹിത്യ സംഭാവനകളില്‍ മികവുറ്റതാണ് പടപ്പാട്ടുകള്‍. കൊളോണിയന്‍ വിരുദ്ധ വികാരം ശക്തിപ്പെട്ട അക്കാലത്ത് പടപ്പാട്ടുകള്‍ക്ക് പ്രിയം വര്‍ധിക്കുകയും മാപ്പിളപ്പടയാളികള്‍ക്ക് അവ യുദ്ധഗീതങ്ങളായി മാറുകയും ചെയ്തു. അക്കാലത്തെ മിക്ക മാപ്പിള സാഹിത്യകാരന്‍മാരും പടപ്പാട്ടു രചനയിലാണ് താല്പര്യം കാണിച്ചത്.

പടപ്പാട്ടുകള്‍
പടപ്പാട്ടുകള്‍ അധികവും ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങളെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടത്. അവയ്ക്ക് മലയാള സാഹിത്യത്തില്‍ അക്കാലത്തുണ്ടായിരുന്ന പടപ്പാട്ടുകളോടായിരുന്നില്ല സാമ്യം. മറിച്ച് തമിഴ് പടപ്പാട്ടുകളോടായിരുന്നു. കാരണം മാപ്പിള സാഹിത്യകാരന്‍മാര്‍ തമിഴില്‍ നിന്നാണ് അവരുടെ സാഹിത്യങ്ങള്‍ രൂപകല്പന ചെയ്തത്. മോയിന്‍ കുട്ടി വൈദ്യരടക്കമുള്ള പലരും വിദ്യ നേടിയതും തമിഴ് നാട്ടില്‍ നിന്നാണ്. മാപ്പിളമാരില്‍ നവോത്ഥാനം സൃഷ്ടിച്ച മഖ്ദൂമുമാരും അവര്‍ സൈനിക സജ്ജരാക്കിയ മരയ്ക്കാര്‍മാരുമൊക്കെ തമിഴ് നാട്ടുകാരായിരുന്നു. ഇക്കാരണത്താല്‍ അറബിത്തമിഴ് മലബാറില്‍ നേരത്തേ തന്നെ പ്രചരിച്ചിരുന്നു. പഴക്കം ചെന്ന മാപ്പിള പടപ്പാട്ടായ സഖൂം പടപ്പാട്ട് 1686ല്‍ മധുരയിലെ വരിശൈ മുഹ്യദ്ദീന്‍ പുലവര്‍ എഴുതിയ സഖൂം പടൈപ്പോര്‍ എന്ന അറബിത്തമിഴ് പടപ്പാട്ടിനെ അനുകരിച്ച് തയാറാക്കിയതാണ്. കായല്‍പട്ടണത്തുള്ള മാപ്പിള മത പണ്ഡിതനായ ഉമര്‍ ആലിം ലബ്ബയാണ് അറബി മലയാളത്തിലെ സഖൂം പടപ്പാട്ടിന്റെ കര്‍ത്താവെന്ന് കരുതിപ്പോരുന്നു.

മാപ്പിള സാഹിത്യം ഉദ്ഭവിക്കുന്നത് പ്രദേശികമായ സംസ്‌കാരത്തെ ഇസ്ലാമിക മുദ്രകളുമായി ബന്ധിപ്പിച്ചപ്പോഴാണല്ലോ. തദ്ദേശീയ ജനവിഭാഗത്തെ, പ്രത്യേകിച്ചും സാധാരണക്കാരെ ഇസ്ലാം മതത്തിലേക്കാകര്‍ഷിക്കുന്നതില്‍ ഈ സാഹിത്യം മുഖ്യ പങ്കുവഹിക്കുകയും ചെയ്തു. മാപ്പിള കര്‍ഷകര്‍ക്ക് സ്വാധീനമുള്ള തെക്കന്‍ മലബാറില്‍ മാപ്പിള സാഹിത്യം കൂടുതല്‍ വികാസം പ്രാപിച്ചുവെന്ന് മാത്രമല്ല; സാധാരണക്കാരുടെ, പ്രത്യേകിച്ചും കര്‍ഷകരുടെ, ജീവിതം സ്വതന്ത്രമായി അവതരിപ്പിക്കാന്‍ മാപ്പിള സാഹിത്യത്തിന് കൂടുതലായി സാധിക്കുകയും ചെയ്തു. ജന്‍മിമാര്‍ക്കും കൊളോണിയല്‍ ശക്തികള്‍ക്കുമെതിരെ മാപ്പിളമാര്‍ സമരം തുടങ്ങിയപ്പോള്‍ ഇസ്ലാമിക യുദ്ധ ചരിത്രങ്ങളെ പ്രാദേശികരീതിയില്‍ അവതരിപ്പിച്ചു കൊണ്ടുള്ള പടപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും സമരാവേശിത മനസ്സുകള്‍ക്ക് ഊര്‍ജം പകര്‍ന്നു. അതോടൊപ്പം പടപ്പാട്ടുകള്‍ നല്കിയ ആവേശം ജന്മിത്വത്തിന്റെയും ജാതീയതയുടെയും മേധാവിത്തത്തില്‍ തളച്ചിടപ്പെട്ട അടിയാളന്മാരായ കര്‍ഷകരില്‍ ഉയിര്‍ത്തെഴുന്നേല്പുണ്ടാക്കി. ഇസ്ലാം മതത്തിലേക്കുള്ള കൂട്ട മതംമാറ്റങ്ങള്‍ക്ക് വലിയൊരളവോളം ഇത് കാരണമായി. പ്രാദേശിക ഭാഷയില്‍ പടപ്പാട്ടുകള്‍ നിര്‍മിച്ച് കൊളോണിയന്‍ വിരുദ്ധ ജിഹാദിന് ആവേശം നല്കുന്നുവെന്ന കാരണത്താല്‍ അവ രചിക്കുന്നത് ഒരു പുണ്യകര്‍മമായി കരുതിപ്പോന്നു. ഇപ്രകാരം ജിഹാദിന് ആവേശമുണ്ടാക്കാന്‍ നേതാക്കളും ഭരണാധികാരികളും തയാറാകണമെന്നും പാട്ടുകള്‍ വാളിന് മൂര്‍ച്ച കൂട്ടുന്ന അരത്തെപ്പോലെയാണെന്നും അക്കാലത്തെ കര്‍ഷക സമരങ്ങള്‍ക്ക് ആവേശമേകിയിരുന്ന സയ്യിദ് ഫള്ല്‍ തങ്ങള്‍ രേഖപ്പെടുത്തുന്നു. 1850ന് ശേഷം മാത്രമായി അമ്പതിലധികം പടപ്പാട്ടുകള്‍ മാപ്പിള സാഹിത്യത്തില്‍ വിരചിതമായി. മലബാറില്‍ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ രൂക്ഷമായതും ഇക്കാലത്ത് തന്നേയാണ്.

മലപ്പുറം പട
1876ലാണ് മോയിന്‍ കുട്ടി വൈദ്യര്‍ തന്റെ ആദ്യത്തെ പടപ്പാട്ടായ ബദ്ര്‍ പടപ്പാട്ട് രചിക്കുന്നത്. പ്രവാചകന്റെ കാലത്ത് അക്രമികള്‍ക്കെതിരെ നടന്ന ആദ്യത്തെ യുദ്ധമാണ് ബദര്‍. പിന്നീട് പ്രവാചകന്റെ രണ്ടാം യുദ്ധമായ ഉഹ്ദ് യുദ്ധത്തെക്കുറിച്ചുള്ള പടപ്പാട്ടും രചിച്ചു. ഇതേ ശൈലി തുടര്‍ന്നുകൊണ്ട് പലരും പടപ്പാട്ടുകളുമായി രംഗത്തെത്തി. ഇസ്ലാംമത ചരിത്രത്തിലെ ഏതാണ്ട് എല്ലാ ധര്‍മയുദ്ധങ്ങളെക്കുറിച്ചും പടപ്പാട്ടുകള്‍ വരവായി. എന്നാല്‍ മോയിന്‍ കുട്ടി വൈദ്യര്‍ തന്നെയാണ് ആദ്യമായി മലപ്പുറം പട പോലുള്ള ഒരു പ്രാദേശിക സംഭവത്തെ ഇതിവൃത്തമായി സ്വീകരിച്ചത്. മലപ്പുറം പടപ്പാട്ടിന് ചരിത്ര പ്രാധാന്യമേറുന്നതും ഇക്കാരണത്താലാണ്. വൈദ്യരുടെ നിരന്തരമായ അന്വേഷണങ്ങളുടെ ഫലമായി ക്രോഡീകരിക്കപ്പെട്ടതാണ് മലപ്പുറം പട. 1729ല്‍ അന്നത്തെ നാടുവാഴിയായിരുന്ന പാറനമ്പിയും മുസ്ലിംകളും തമ്മില്‍ നടന്ന ഈ യുദ്ധം അക്കാലം വരെ വാമൊഴിയായി മാത്രമാണ് പ്രചരിക്കപ്പെട്ടിരുന്നത്. നൂറു വര്‍ഷത്തിന് ശേഷം വൈദ്യര്‍ ഈ സംഭവം നിരന്തരമായി അന്വേഷിക്കുകയും ഏറെക്കുറെ വസ്തുതാപരമായി അവതരിപ്പിക്കുകയുമാണ് ചെയ്തത്. 1883ലാണ് കാവ്യത്തിന്റെ രചന പൂര്‍ത്തിയാക്കുന്നത്. ജന്മിത്തത്തിനെതിരെയുള്ള സ്വരം ഊര്‍ജിതമാക്കുക എന്നൊരുദ്ദേശ്യം കൂടി ഈ യുദ്ധം അന്വേഷിക്കാനും അത് പടപ്പാട്ടാക്കാനും വൈദ്യരെ പ്രേരിപ്പിച്ചിരിക്കാം.

പെരുമാള്‍ കഥ
യുദ്ധത്തിന് പുറമേ മലബാറിലെ ഇസ്ലാം മതത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള കഥകള്‍ കൂടി മലപ്പുറം പടപ്പാട്ടില്‍ അനാവരണം ചെയ്യുന്നുണ്ട്. കേരളത്തിലെ ഇസ്ലാം മത ഉദ്ഭവത്തെക്കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, ഉമര്‍ സുഹ്റവര്‍ദി എന്നിവര്‍ നേരത്തെ എഴുതിയിട്ടുണ്ടെങ്കിലും കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ പ്രചരിച്ചുവന്ന വാമൊഴികളില്‍ ചില്ലറ വ്യത്യാസം കാണാം. പ്രവാചകന്റെ കാലത്താണ് ചേരമാന്‍ പെരുമാള്‍ ഇസ്ലാം വിശ്വസിച്ചതെന്നും അക്കാലത്ത് തന്നെയാണ് മാലിക് ദീനാറും കൂട്ടരും ഇസ്ലാം പ്രചരിപ്പിച്ചതെന്നുമാണ് പൊതുവേ വിശ്വസിച്ചുപോന്നത്. ഇത് സംബന്ധിച്ച വാമൊഴികളെ അപ്പടി തന്റെ പടപ്പാട്ടില്‍ ഉള്‍പെടുത്തുകയാണ് വൈദ്യര്‍ ചെയ്തത്. ചേരമാന്‍ പെരുമാളിന്റെ മതാശ്ലേഷത്തിന് രണ്ട് കാരണങ്ങളാണ് പടപ്പാട്ടില്‍ പറയുന്നത്. ഒന്ന്; പ്രവാചകന്‍ ചന്ദ്രന് നേരെ വിരല്‍ ചൂണ്ടിയപ്പോള്‍ അത് രണ്ടായി പിളര്‍ന്ന സംഭവം ചക്രവര്‍ത്തി നേരില്‍ കണ്ടത്. രണ്ട്; തന്റെ പത്നി മന്ത്രിയായ പടമല നായരില്‍ അനുരക്തയായതും ചക്രവര്‍ത്തി ഇതറിഞ്ഞപ്പോള്‍ രാജ്ഞി കുറ്റം മന്ത്രിയുടെ പേരില്‍ ചാര്‍ത്തിയതുമായി ബന്ധപ്പെട്ട സംഭവം. രാജ്ഞി പറഞ്ഞത് വിശ്വസിച്ച പെരുമാള്‍ മന്ത്രിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നു. അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെടുന്നു. അന്നേരം മക്കത്ത് പോയി തൊപ്പിയിട്ടാലേ ഈ പാപത്തില്‍ നിന്ന് ചക്രവര്‍ത്തി രക്ഷപ്പെടുകയുള്ളൂ എന്ന് പറഞ്ഞു കൊണ്ടാണ് മന്ത്രി അപ്രത്യക്ഷനാവുന്നത്. തെറ്റ് മനസ്സിലാക്കിയ ചക്രവര്‍ത്തി അങ്ങനെ മക്കത്ത് പോകാന്‍ തീരുമാനിക്കുകയായിരുന്നു:

‘പോകട്ടെ നാനും പെണ്‍
ചൊല്ല് കേട്ട പെരുമാളെ;
പൊറുക്കാതെ വന്‍ പാപം
അല്ലെ നീ ചെയ്തതിന്നാളെ.
ആകട്ടെ ദോഷം ഇനി
പൊറുക്കണമെങ്കിലോ;
ആശു നീ കൂടിക്കോ നാലാം
ബേദമിറങ്കീലോ.

ബേകത്തില്‍ മക്കം
പിറക്കും ദൂതര്‍ മുഹമ്മദില്‍;
ബീരീദ മുന്‍ ചെണ്ട്
മാര്‍ക്കം കൊണ്ട് പുകയ്തേ ദീന്‍.
ജോകത്തെ ഹജ്ജും
നീ ചെയ്കില്‍ ദോഷം പൊറുക്കുമേ;
ചൊല്ലി വ കുറി കേറി
മേകത്തില്‍ ബെശ്കമേ’
(ഇശല്‍: മിഅ്റാജ്, പാട്ട് 17).

വളപട്ടണത്ത് വച്ചാണ് ഈ സംഭവമുണ്ടായതെന്ന് താഴെ വരികളില്‍ നിന്ന് വ്യക്തമാവുന്നു:
‘ഒക്കാ മികത്തോര്‍ ബാള്‍വധികം മെച്ചം;
ഉണ്ടാം പട കൂട്ടം ജദ്ഹ ലച്ചം.
ബക്കാദ് അമീറാക്കള്‍ കസീറാല്‍ ബാറാ;
ബംബര്‍ അദില്‍ യേറ്റം മികന്ദോര്‍ പോറാം.
തക്കോര്‍ മഹാ കോട്ടാ വളര്‍ പട്ടത്ത്
താനെ മണി സിംഹാസനവും െബത്ത്.
മിക്കാ ഭരിക്കും നാള്‍ പെരുമാള്‍ തന്റെ;
മിളിയില്‍ കുളിര്‍മ പൂമണവി ഒണ്ടെ’

പെരുമാള്‍ പ്രവാചകന്റെ സന്നിധിയില്‍ വച്ച് ഇസ്ലാം വിശ്വസിക്കുകയും താജുദ്ദീന്‍ (മതത്തിന്റെ കിരീടം) എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അഞ്ചുവര്‍ഷം പ്രവാചകനോടൊപ്പം കഴിഞ്ഞ ശേഷം എ ഡി 641ല്‍ പെരുമാള്‍ നാട്ടിലേക്ക് തിരിച്ചു പോരുമ്പോള്‍ മാര്‍ഗ മധ്യേ തെക്കനറേബ്യയിലെ മുഖല്ലയില്‍ വച്ച് മരണപ്പെട്ടു. മരിക്കും മുമ്പ് മാലിക്ദീനാറിനെയും കൂട്ടരെയും കേരള രാജാക്കന്മാര്‍ക്കുള്ള കത്തുകളുമായി ഇസ്ലാം മത പ്രചാരണത്തിന് അയച്ചിരുന്നു. അവര്‍ സഞ്ചരിച്ച കപ്പലുകള്‍ കാറ്റിലകപ്പെട്ട് ഒന്ന് മധുരക്കരയിലും മറ്റൊന്ന് കൊടുങ്ങല്ലൂരിലും അണഞ്ഞുവെന്ന് പടപ്പാട്ടില്‍ പറയുന്നു.

(തുടരും)

You must be logged in to post a comment Login