ആയിരക്കണക്കിന് മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തും വിധത്തില്‍, പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്, വെള്ളവും വെളിച്ചവും നിഷേധിക്കുന്ന ഭരണകൂടം, പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും നിയോഗിച്ച് ഈ മനുഷ്യരെ വളഞ്ഞുവെക്കുമ്പോള്‍, അവര്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ പോലും സാധിക്കില്ല. ഈ സമരഭൂമിയിലുള്ള കര്‍ഷകരുടെ സ്ഥിതി എന്താണെന്ന് മനസ്സിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സാധിക്കുന്നുമില്ല. രണ്ടു മാസത്തിലേറെ നീണ്ട സമരകാലത്ത് തങ്ങള്‍ക്കൊപ്പം നിന്ന ഇരുന്നൂറോളം പേര്‍ മരിക്കുന്നത് കണ്ടവരാണവര്‍. എന്നിട്ടും ഇവിടേക്കുള്ള വെള്ളവും വെളിച്ചവും നിഷേധിക്കുമ്പോള്‍, ലോകത്തെവിടെയായാലും അതിനെ പ്രാകൃതമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ, മനുഷ്യാവകാശത്തിന്മേലുള്ള കടന്നുകയറ്റമായും.
ഇവിടെ, ഇത്രയും ഗുരുതരമായ പ്രതിസന്ധിയെ മനുഷ്യര്‍ നേരിടുമ്പോള്‍ നമ്മുടെ സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന ഉന്നതസ്ഥാനീയരും മറ്റൊരു ആശങ്ക പരിഹരിക്കാനുള്ള ശ്രമത്തിലാണ്. പോപ്പ് ഗായിക റിഹാന്ന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് എന്നിവരൊക്കെ ഉള്‍പ്പെട്ട ‘ആഗോള ഭീകരവാദികളുടെ’ ഗൂഢാലോചന തകര്‍ക്കാനുള്ള ശ്രമത്തില്‍. ഭൂമുഖത്തെ മഹത്തായ ഒരു രാഷ്ട്രത്തെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ് ഇതിലൂടെ നമ്മുടെ ഭരണകൂടം ചെയ്യുന്നത്.
നരേന്ദ്ര മോഡി ഭരണകൂടം എടുക്കുന്ന ഇത്തരം നടപടികള്‍ ഞെട്ടിക്കുന്നതാണെങ്കിലും, ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല. ചെറിയ സര്‍ക്കാര്‍, വലിയ ഭരണമെന്നതായിരുന്നു ഈ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതോ? കടുത്ത നടപടികള്‍ക്ക് മടിക്കാത്ത ഭരണകൂടവും അക്രമത്തിനും രക്തച്ചൊരിച്ചിലിനും മടിക്കാത്ത ഭരണവും. കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്, ഈ നടപടികളെ നിശ്ശബ്ദമായി വീക്ഷിക്കുന്ന സമൂഹമാണ്. മുന്‍കാലങ്ങളില്‍ ഭരണകൂട വിമര്‍ശനം കൊണ്ട് വാചാലരായിരുന്നവരില്‍ പലരുമിപ്പോള്‍ ഭരണകൂടത്തിന്റെ നടപടികളെ ന്യായീകരിക്കുകയും പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
രണ്ടുമാസത്തിലേറെയായി തുടരുന്ന കര്‍ഷകരുടെ സമരം അവസാനിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് എന്താണെന്ന് കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെല്ലാം അറിയാം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങളുടെ കാര്യത്തില്‍ കര്‍ഷകരുമായി ഒരു കൂടിയാലോചനക്കും സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇവ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയപ്പോള്‍ തന്നെ, അവ തങ്ങളെ ഏതുവിധത്തിലാണ് ബാധിക്കാന്‍ പോകുന്നത് എന്നതില്‍ കര്‍ഷകര്‍ക്ക് നല്ല ബോധ്യവുമുണ്ടായിരുന്നു. ഭരണഘടനയനുസരിച്ച് കൃഷി, സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. എന്നാല്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുമായും സര്‍ക്കാര്‍ ഇതേക്കുറിച്ച് സംസാരിച്ചില്ല. എന്തിന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും വേണ്ടവിധം ചര്‍ച്ച നടന്നില്ല.
ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ നിയമങ്ങള്‍ പ്രാബല്യത്തിലാക്കിയതെന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കള്‍ക്കും കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും അറിയാം. കാരണം പാര്‍ട്ടിയിലോ മന്ത്രിസഭാംഗങ്ങള്‍ക്കിടയിലോ ഇത് സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നില്ലല്ലോ. ഇതേക്കുറിച്ച് മാത്രമല്ല രാജ്യത്തെ ദുരവ്യാപകമായി ബാധിക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങളെക്കുറിച്ചൊന്നും ചര്‍ച്ചകള്‍ നടന്നിട്ടില്ല. നേതാവിന്റെ ഉത്തരവ് വരുമ്പോള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതുമാത്രമാണ് അവരുടെ ചുമതല. കടലിലെ തിരകളെ തടഞ്ഞ് തിരിച്ചയക്കണമെന്നാണ് ഉത്തരവെങ്കില്‍ അതനുസരിക്കുക!
തിരകളെ തടയുക എന്നത് വിഡ്ഢിത്തമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് നമ്മള്‍ ഉത്തര്‍ പ്രദേശില്‍ കാണുന്നുണ്ട്, വലിയ ജനക്കൂട്ടമുള്ള പ്രതിഷേധ യോഗങ്ങള്‍. കര്‍ഷക സമരം തകര്‍ക്കാന്‍ ശ്രമം നടന്നതിന് പിറകെ രാകേഷ് ടികായത്ത് കൂടുതല്‍ കരുത്തനായിരിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കര്‍ണാടകയിലുമൊക്കെ കര്‍ഷകരുടെ വലിയ സമരങ്ങള്‍ ഉയര്‍ന്നുവരികയാണ്. കര്‍ഷകരുടെ ട്രാക്ടര്‍ റാലി ബംഗളുരുവില്‍ പ്രവേശിക്കുന്നത് തടഞ്ഞത്, പ്രതിഷേധത്തിന്റെ വലുപ്പം മനസ്സിലാക്കിയാണ്. ഹരിയാനയില്‍ അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അവിടുത്തെ മുഖ്യമന്ത്രിക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല.
പഞ്ചാബില്‍ എതാണ്ടെല്ലാ കുടുംബങ്ങളും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമാണ്. ഒരാളെങ്കിലും സമരമുഖത്തില്ലാത്ത കുടുംബങ്ങള്‍ അവിടെയില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 14ന് നടക്കാനിരിക്കയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളെക്കണ്ടെത്താന്‍ പോലും ബി ജെ പിക്ക് സാധിക്കുന്നില്ല. ബി ജെ പിയുടെ സ്ഥാനാര്‍ഥിയാകാന്‍ സമ്മതിക്കുന്ന, പഴയ പ്രവര്‍ത്തകര്‍പോലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ വിമുഖരാണ്. പഞ്ചാബിലെ യുവാക്കളില്‍ വലിയൊരു വിഭാഗം രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുപോയിരിക്കുന്നു. അത് ഭാവിയില്‍ ഗുരുതരമായ സ്ഥിതിവിശേഷത്തിന് കാരണമായേക്കാം.
സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരെ യോജിപ്പിക്കുകയാണ് സര്‍ക്കാര്‍! കര്‍ഷകരും ഇടനിലക്കാരും മുമ്പേ തന്നെ ഈ സര്‍ക്കാറിന് എതിരാണ്. അവര്‍ക്ക് പുറമെ സിഖുകാര്‍, ഹിന്ദുക്കള്‍, മുസ്ലിംകള്‍, ജാട്ടുകള്‍, ജാട്ടിതര വിഭാഗങ്ങള്‍ എന്നിവരൊക്കെ യോജിക്കുകയാണ്. ഖാപ് പഞ്ചായത്തുകളും വിപണിയിലേക്ക് ഒഴുകിയെത്തുന്ന ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗവും സര്‍ക്കാരിനെതിരാകുന്നു. അധികാര പ്രമത്തത പ്രകടിപ്പിക്കുന്ന ഭരണകൂടത്തിനെതിരെ വിവിധ വിഭാഗങ്ങളെ യോജിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നുവെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശ്വാസം ജനിപ്പിക്കുന്നതുമാണ്.
പഞ്ചാബിലും ഹരിയാനയിലും ഒതുങ്ങി നില്‍ക്കുന്ന സമരമാണിതെന്ന് രാജ്യത്തെ ജനങ്ങളെ പഠിപ്പിക്കാനാണ് ഇത്രയും കാലം ഭരണനേതൃത്വവും അതിനെ പിന്തുണക്കുന്നവരും ശ്രമിച്ചിരുന്നത്. അതിനപ്പുറത്ത് ഈ സമരത്തിനൊരു സ്വാധീനവുമില്ലെന്നും അവര്‍ പറഞ്ഞു നോക്കി. പഞ്ചാബും ഹരിയാനയും ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണെന്നും അവിടെ സംഭവിക്കുന്നതൊക്കെ രാജ്യത്തെയാകെ ബാധിക്കുമെന്നും ഇവര്‍ ഓര്‍ത്തില്ലെന്ന് തോന്നുന്നു. സമ്പന്നരായ കര്‍ഷകരാണ്, പുതിയ നിയമങ്ങളെ എതിര്‍ക്കുന്നത് എന്നായിരുന്നു മുമ്പ് ഇവര്‍ ഉറക്കെപ്പറഞ്ഞിരുന്നത്. ഇതിപ്പോഴും ശബ്ദം കുറച്ച് ഇവര്‍ പറയുന്നുണ്ട്. ഇതിന്റെ യാഥാര്‍ത്ഥ്യം നാഷണല്‍ സാമ്പിള്‍ സര്‍വേ നടത്തിയ പഠനം തന്നെ വെളിപ്പെടുത്തും. കൃഷിയില്‍ നിന്ന് പഞ്ചാബിലെ ഒരു കുടുംബത്തിന് മാസത്തില്‍ ലഭിക്കുന്ന ശരാശരി വരുമാനം 18,509 രൂപയാണ്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം ശരാശരി 5.24ആണ്. അതായത് കൃഷിയില്‍ നിന്ന് മാസത്തില്‍ ലഭിക്കുന്ന പ്രതിശീര്‍ഷ വരുമാനം 3450 രൂപ മാത്രം. വ്യവസായ മേഖലയിലൊക്കെ തൊഴിലെടുക്കുന്നവരുടെ കുടുംബത്തിലെ പ്രതിശീര്‍ഷ വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ കുറവ്. കൃഷിയിടത്തില്‍ നിന്നുള്ള പ്രതിശീര്‍ഷ വരുമാനം ഹരിയാനയില്‍ മാസം 2,450 രൂപ മാത്രമാണ്. ഗുജറാത്തിലേക്ക് വന്നാലിത് മാസം 1,524 രൂപ മാത്രം.
ഇന്ത്യയാകെയുള്ള കണക്കെടുത്താല്‍ ശരാശരി മാസ വരുമാനം 6425 രൂപയാണ്. പ്രതിശീര്‍ഷ വരുമാനം മാസത്തില്‍ 1,300 രൂപ മാത്രവും. ഇത് കൃഷിയില്‍ നിന്നുള്ള വരുമാനം മാത്രം പരിഗണിച്ചുള്ള കണക്കല്ല. കാലി വളര്‍ത്തലിലൂടെയും കാര്‍ഷികേതര മാര്‍ഗങ്ങളിലൂടെയുമൊക്കെയുള്ള വരുമാനം കണക്കിലെടുത്തുള്ള പ്രതിമാസ പ്രതിശീര്‍ഷ വരുമാനമാണ് ഈ 1300 രൂപ. 2013ലെ സര്‍വേയുടെ വിവരങ്ങളാണിതൊക്കെ. ഇക്കാലത്തിനിടെ ചെറിയ വര്‍ധനയുണ്ടായെന്ന് കരുതുക. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വാഗ്ദാനം. അപ്പോഴും രാജ്യത്തെ കര്‍ഷക കുടുംബത്തിന്റെ ശരാശരി പ്രതിശീര്‍ഷ വരുമാനം 2,600 രൂപയാകുകയേയുള്ളൂ. ഈ ഇരട്ടിപ്പിക്കല്‍ തന്നെ അത്രയെളുപ്പം സാധിക്കാവുന്ന ഒന്നല്ല, ഈ 2021ല്‍ പോലും. അതിനിടയിലാണ് റിഹാന്നയുടെയും ഗ്രേറ്റയുടെയുമൊക്കെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍!
ഇതിനിടയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് സംസാരിക്കാന്‍ സുപ്രീം കോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിക്ക് തന്നെ യോജിച്ചു നിന്ന് പരസ്പരം സംസാരിക്കാന്‍ സാധിച്ചുവോ എന്നതില്‍ സംശയമുണ്ട്. കമ്മിറ്റിയുടെ ആദ്യ യോഗത്തിന് മുമ്പേ തന്നെ അംഗങ്ങളിലൊരാള്‍ രാജിവെച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംസാരിക്കുക എന്ന ദൗത്യം ഇതുവരെ ആരംഭിച്ചിട്ടുമില്ല. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ആ സമയം മാര്‍ച്ച് 12ന് അവസാനിക്കും. അതിനിടയില്‍ നിരവധിയാളുകളുമായി കമ്മിറ്റിക്ക് സംസാരിക്കേണ്ടതുണ്ട്. കമ്മിറ്റിയോട് സംസാരിക്കാന്‍ സാധ്യതയില്ലാത്തവരാണ് ഇവരില്‍ അധികവും.
സമരത്തെ അടിച്ചമര്‍ത്താനും സമരത്തില്‍ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്താനും നടത്തിയ ശ്രമങ്ങളൊക്കെ സമരക്കാരുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ. ഭീകരവാദികളെന്നും രാജ്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെന്നും സമരക്കാരെ മുദ്രകുത്താനുള്ള ശ്രമം ഭരണകൂടത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന മാധ്യമങ്ങളില്‍ വലിയവാര്‍ത്തകളായി. പക്ഷേ, കര്‍ഷകര്‍ നില്‍ക്കുന്ന മണ്ണില്‍ അതുണ്ടാക്കിയ ആഘാതം നേരെ തിരിച്ചായിരുന്നു. എന്നാല്‍ ഇതൊന്നും ഭരണകൂടത്തിന്റെ മനോഭാവം മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. അത് കൂടുതല്‍ അധികാരം പ്രയോഗിക്കും. ശാരീരികമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കും. കൂടുതല്‍ അക്രമോത്സുകമാകുകയും ചെയ്യും.
എന്തുകൊണ്ട് ഭരണകൂടം ഇങ്ങനെയൊരു കടുത്ത നിലപാടെടുക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം മാധ്യമങ്ങളിലെ പലര്‍ക്കും അറിയാം, ബി ജെ പിയിലെ ഏതാണ്ടെല്ലാവര്‍ക്കും. ഭരണനേതൃത്വത്തിലിരിക്കുന്നയാളുടെ ദുരഭിമാനമെന്നതാണ് ആ ഉത്തരം. നിയമങ്ങള്‍ പിന്‍വലിക്കാത്തത് സര്‍ക്കാരിന്റെ നയമായതുകൊണ്ടല്ല, കുത്തക കമ്പനികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന നിര്‍ബന്ധം കൊണ്ടല്ല, പാര്‍ലമെന്റ് പാസ്സാക്കിയ നിയമം പരിശുദ്ധമാണെന്നതുകൊണ്ടുമല്ല, രാജാവിന് തെറ്റൊന്നും പറ്റില്ലെന്ന ഒരൊറ്റക്കാരണമേ അതിനുള്ളൂ. തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നത്, അത് സമ്മതിച്ചു പിന്‍മാറുന്നത് ചിന്തിക്കാനേ കഴിയില്ല. അവസാനത്തെ കര്‍ഷകനും രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകലുന്ന അവസ്ഥയുണ്ടായാലും, നേതാവിന് തെറ്റുപറ്റിയെന്ന് സമ്മതിക്കാനാകില്ല, അദ്ദേഹത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടാന്‍ അനുവദിക്കാനാകില്ല. രാജ്യത്തെ ഒരു മാധ്യമത്തിന്റെയും എഡിറ്റോറിയലില്‍ ഇതെഴുതിയതായി ഞാന്‍ കണ്ടില്ല, ഇതാണ് യാഥാര്‍ത്ഥ്യമെന്ന് അവര്‍ക്കൊക്കെ അറിയാമെങ്കിലും.
പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഈ ദുരഭിമാനം എത്രത്തോളം പ്രധാനമാണ്? ‘നമ്മളെന്തുകൊണ്ട് ഇതേക്കുറിച്ച് സംസാരിക്കുന്നില്ല?’ എന്ന റിഹാന്നയുടെ ട്വീറ്റിന് പിറകെയുയര്‍ന്ന ബഹളം മാത്രം മതി ആ ദുരഭിമാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍. രാജ്യത്തിന്റെ വിദേശ കാര്യ മന്ത്രാലയം തന്നെ എതിര്‍ പ്രചാരണത്തിന് മുന്‍കൈ എടുത്തു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വിദേശശക്തികളുടെ, ഭീകരവാദ പ്രസ്ഥാനത്തിന്റെ പിന്തുണയുള്ളവരുടെ ശ്രമമെന്ന പ്രചാരണത്തിന് രാജ്യത്തെ താരങ്ങളെ അണിനിരത്താന്‍ ഭരണകൂടം തന്നെ മുന്‍കൈ എടുത്തു!
നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധിയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനും അതിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറും ട്വീറ്റ് ചെയ്തിരുന്നു. കര്‍ഷകരുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്ന ഉപാധിയോടെയായിരുന്നു ഈ അഭിപ്രായ പ്രകടനം. ഇതിനെ എതിര്‍ക്കാന്‍ ആരുമുണ്ടായില്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശ ഇടപെടലായി ഭരണകൂടമോ അവരെ പിന്തുണക്കുന്നവരോ ഇതിനെ കണ്ടതുമില്ല.
എന്നാല്‍ റിഹാന്നയുടെയും ഗ്രേറ്റയുടെയും അഭിപ്രായ പ്രകടനങ്ങള്‍ അപകടകരമാണെന്ന് അവര്‍ കണ്ടെത്തി. വിട്ടുവീഴ്ചയില്ലാതെ, കര്‍ശനമായി നേരിടേണ്ട അഭിപ്രായപ്രകടനങ്ങളാണ് അവയെന്ന് വിലയിരുത്തി. നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിത് രാജ്യത്തിനെതിരെ വിദേശശക്തികള്‍ നടത്തുന്ന ഗൂഢാലോചന മാത്രമാണ്. നാളെ അന്യഗ്രഹത്തില്‍ നടന്ന ഗൂഢാലോചനയെന്ന് ഇവര്‍ പറഞ്ഞാലും അത്ഭുതപ്പെടാനില്ല.
(കടപ്പാട് – ദി വയര്‍)
വിവ. വി എസ് ദീപ
പി സായ്‌നാഥ്
You must be logged in to post a comment Login