മലപ്പുറം പടപ്പാട്ടില്‍ ആകെ എഴുപത്തൊന്ന് ഗാനങ്ങളുണ്ട്. അതില്‍ പതിനൊന്ന് പാട്ടുകളാണ് കേരളത്തിലെ ഇസ്ലാം മത പ്രചാരണത്തെക്കുറിച്ച് പറയുന്നത്. പന്ത്രണ്ടാം പാട്ട് മുതല്‍ മലപ്പുറം പടയെക്കുറിച്ചുള്ള വിവരണങ്ങളാണ്. അക്കാലത്ത് സാമൂതിരിയാണ് മലബാറിലെ പ്രബല രാജാവ്. അദ്ദേഹത്തെ സഹായിക്കുന്ന സാമന്തന്മാരുടെ ഭരണപ്രദേശങ്ങളാണ് സ്വരൂപങ്ങള്‍. പ്രധാന സാമന്തന്മാരാണ് മങ്ങാട്ടച്ചന്‍, തിനയഞ്ചേരി ഇളയത്, തമ്മപണിക്കര്‍, പാറനമ്പി എന്നിങ്ങനെ സ്ഥാനപ്പേരുള്ളവര്‍. മലപ്പുറത്തെ പട നടക്കുമ്പോള്‍ ശങ്കര നമ്പിയാണ് പ്രദേശമുള്‍കൊള്ളുന്ന സ്വരൂപത്തിലെ സാമന്തന്‍. മുമ്പ് കോട്ടക്കലില്‍ വച്ച് വള്ളുവനാട് രാജാവിനെ തോല്പിക്കാന്‍ സഹായിച്ചതിന് നന്ദിയായി മുസ്ലിംകള്‍ക്ക് മലപ്പുറത്ത് ഒരു പള്ളിയും ഗ്രാമവും പണിയാന്‍ സര്‍വ സഹായങ്ങളും അന്നത്തെ നമ്പി ചെയ്തു കൊടുത്തിരുന്നു. പള്ളി പരിപാലനത്തിന് ഗ്രാമത്തില്‍ നിന്നുള്ള വരുമാനവും ഏര്‍പ്പാടാക്കിക്കൊടുത്തു. പൊന്നാനിയില്‍ നിന്നുള്ള പല മുസ്ലിം കുടുംബങ്ങളും മലപ്പുറത്ത് താമസമാക്കി. ജനങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നോക്കാന്‍ പൊന്നാനിയിലെ ഹൈദ്രൂസ് കുടുംബത്തിലെ തങ്ങളും നിസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ മഖ്ദൂം കുടുംബത്തിലെ ഹസന്‍ കുട്ടിമഖ്ദൂമും വന്നു. മലപ്പുറത്ത് കടലുണ്ടിപ്പുഴയുടെ തീരത്ത് സുന്ദരമായ മുസ്ലിം ഗ്രാമം അണിഞ്ഞൊരുങ്ങി. കടലുണ്ടി പുഴ വഴിയുള്ള നാട്ടുവ്യാപാരവും അഭിവൃദ്ധിപ്പെട്ടു.
ശങ്കരന്‍ നമ്പിയുടെ ഭരണകാലത്ത് വള്ളുവനാട്ടില്‍ നിന്നുള്ള അലി മരയ്ക്കാര്‍ എന്നയാളെ കരം പിരിക്കുന്ന മൂപ്പനായി നിശ്ചയിച്ചിരുന്നു. അദ്ദേഹം നടത്തിയ പരിഷ്‌കരണങ്ങള്‍ നികുതികൊടുക്കാതിരുന്ന പല ജന്മിമാര്‍ക്കും നമ്പിയുടെ ബന്ധുക്കള്‍ക്കും രസിച്ചില്ല. ഇവര്‍ അലി മരയ്ക്കാറിനെതിരെ കള്ളക്കഥകളുണ്ടാക്കി നമ്പിയുടെ ചെവിയിലെത്തിച്ചു. അലി മരയ്ക്കാരും മുസ്ലിംകളും കൂടി നമ്പിയെ വധിക്കാന്‍ പരിപാടിയിട്ടിരിക്കുന്നുവെന്ന കള്ളക്കഥ പരത്തി. ഇത് വിശ്വസിച്ച നമ്പി അലിമരയ്ക്കാരെയും മുസ്ലിംകളെയും കൊട്ടാരത്തില്‍ നിന്ന് പുറത്താക്കി. മുസ്ലിം ഗ്രാമം തകര്‍ക്കാനും പള്ളി ചുട്ടെരിക്കാനും തീരുമാനിച്ചു. സത്യാവസ്ഥ പലരും നമ്പിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ചെവികൊള്ളാന്‍ നമ്പി തയാറായില്ല. കടും കൈ ചെയ്യരുതെന്ന് സ്ഥലത്തെ പ്രധാനികളും സേനാപതികളും നമ്പിയോട് പറഞ്ഞു നോക്കി. നമ്പി പക്ഷേ തന്റെ മുഖസ്തുതിയന്മാരെയാണ് വിശ്വസിച്ചത്.
മാപ്പിള സന്നാഹം
പള്ളി ചുട്ടെരിക്കാന്‍ വന്നാല്‍ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാന്‍ മാപ്പിളമാരും തീരുമാനിച്ചു. അവര്‍ നമ്പിക്കും സൈന്യത്തിനുമെതിരെ സമര സജ്ജരായി. അവരെ സഹായിക്കാന്‍ സ്ഥലത്തെ കുടിയാന്മാര്‍ പലരും മതം മാറി മാപ്പിള സൈന്യത്തില്‍ ചേര്‍ന്നു. മുസ്ലിം പക്ഷത്ത് നിന്ന് രക്തസാക്ഷിയായവരില്‍ കുഞ്ഞേലു എന്നൊരു തട്ടാനും ഉണ്ടായിരുന്നത്രേ. 1729 മാര്‍ച്ച് ഒമ്പതാം തീയതിയാണ് യുദ്ധം നടന്നതെന്ന് പടപ്പാട്ടില്‍ നിന്ന് മനസ്സിലാക്കാം (തിരിത്തി പോല്‍ ദുആ ചെയ്താര്‍ ഹിജ്‌റത് ളര്‍മദും; തിറം പറ്റേ മദി ശഅ്ബാന്‍ ശഹ്‌റ് താസിഉം. തീയതീ ദിനം നല്ലെ ലൈലതുല്‍ ജുമുഅ തന്നില്‍). യുദ്ധത്തിന് പോകുന്ന യോദ്ധാക്കള്‍ തങ്ങളുടെ ഉറ്റവരോടും ഉടയവരോടും യാത്ര പറയുന്ന രംഗം കവി ഹൃദയസ്പൃക്കായി വിവരിക്കുന്നു: യോദ്ധാവായ മൊയ്തീന്‍കുട്ടി ഉമ്മയോട് വിട പറയുന്നതിങ്ങനെ:
”അരുളി ബിടൈ തരണം എന്റെ
കരുണയ് മുത്താരേ ഉയിര്‍ക്ക്
ഇരുണ മുറ്റാരേ
ഹമലയ് പത്ത് ശഹ്ര് ബയറ്റില്‍
യെനയ് ബെത്തോരേ നോവും
കനം സഹിത്തോരേ
ഉര തിരിത്തിട്ടുയിര്‍
കൊടുത്തിമ്പയ് വളര്‍ത്താരേ
മുലയ് പയസുണര്‍ത്താരേ
ഉടയ ഹഖാനവനിലൊക്കാ
കശി അയപ്പീരേ
സബൂര്‍ ചെയ്തിരിപ്പീരേ”
കാരുണ്യവതിയായ എന്റെ മുത്താരേ, അനുവാദം തന്നയക്കുക. ജീവന് ആധാരമായവരേ, പത്തുമാസം വയറ്റില്‍ ഗര്‍ഭം ചുമന്നവരേ, ജനനം മുതല്‍ ഇന്നേ വരെ വളര്‍ത്തിയവരേ, മുലപ്പാലേകിയവരേ. ഉടയവനായ ദൈവത്തെ എല്ലാം ഭരമേല്‍പിച്ച് ക്ഷമിച്ചിരിക്കുവീന്‍.
യുദ്ധത്തിന് പുറപ്പെടുന്ന രായിനോട് കണ്ണീരോടെ പ്രിയതമ ചൊല്ലുകയാണ്:
”മധുമധുരക്കനിയെന്‍ ജീവിന്‍
തുണയാണോരേ ഞാന്‍ യെനയ്
പിരിന്തുമയ് പോയാല്‍
അനദ് ഖേദം കുടിയിരുന്ത്
വെറുപ്പിലായി ഞാന്‍ പുവിയില്‍
പൊറുപ്പത് എങ്ങനാ
വദനം യെളുന്ദേങ്കി തേങ്കി കുലുങ്കയ്
വിണ്ടവള്‍ കൊഞ്ചം പൊറുപ്പീരെ ഇങ്കയ്
ചിദമുറ്റ് യെന്‍ മകന്‍ ഉണ്ട് ഉറങ്കയ്
ചെയ്യുന്നു ഉണര്‍ന്തൊണ്ട്
പാര്‍ക്കട്ടെ ചൊങ്കയ്
ചൊങ്കുറ്റ പൂമോനേ ഉനയ്
തങ്കിത്തൊ തേമാനേ”
എന്റെ ജീവന് തുണയായ മധു മധുരക്കനിയേ, എന്നേയും പിരിഞ്ഞ് നിങ്ങള്‍ പോയാല്‍ അതി ഖേദത്താല്‍ മുഷിഞ്ഞ മനസ്സോടെ ഭൂമിയില്‍ ഞാനെങ്ങനെ പൊറുക്കും? ശരീരം എഴുന്ന് തേങ്ങികുലുങ്ങി കരഞ്ഞ് കൊണ്ട് അവള്‍ തുടര്‍ന്നു: അല്പം കൂടി നില്ക്കൂ. കണ്ണായ മകനുണ്ട് ഉറങ്ങുന്നു. അവനുണര്‍ന്ന് ആ അഴകൊന്ന് കാണട്ടെ. അഴകുറ്റ പൂമോനെ നിങ്ങള്‍ മറന്നുവോ തേമാനേ
യുദ്ധത്തിന്റെ എല്ലാവശങ്ങളും മനോഹരമായി ആവിഷ്‌കരിക്കുന്നതില്‍ വൈദ്യര്‍ വിജയിച്ചിട്ടുണ്ട്. അമാനുഷികമായ അദ്ഭുതങ്ങള്‍ മെനയുന്നതിന് പകരം സംഭവത്തിന്റെ ചരിത്രപരമായ വസ്തുതകള്‍ ഉള്‍കൊള്ളാന്‍ വൈദ്യര്‍ ശ്രമിച്ചിരിക്കുന്നു. യുദ്ധരംഗങ്ങളെ കാവ്യാത്മകമായി അവതരിപ്പിച്ച് ശ്രോതാക്കളില്‍ യുദ്ധ പ്രതീതി ജനിപ്പിക്കാനുള്ള വൈദ്യരുടെ കഴിവും എടുത്തു പറയണം:
”പെടുവതിന്‍ ഇട ഇട കടു കടു കടുവകള്‍
തൊടു തൊട കടന്ദുടന്‍ ഇട പെടലായ്
പിടിക്കയും അറുക്കയും അടിത്തെല്ല്
മുറിക്കയും ഒടിക്കയും പെടുക്കയുമായ്
ചെടു ചെട ഖബറിടയ് തടവടവൊട് പട
പട ബെടി കൊടു കൊടുമാ
ചിനവിനില്‍ പുലി കുലം ഗനമുകള്‍ ഇട
കടന്ദിടയ് ബിന തരം അത് പോല്‍”
രക്തസാക്ഷിത്വത്തിന് കൊതിച്ചു വന്ന യോദ്ധക്കളുടെ രണവീര്യത്തെകുറിച്ച് കവി പാടുകയാണ്:
”മത്തിരരും കൊല ചെയ്തവരും
മുറി പറ്റീ മാശിയദായ്
ശഹീദില്‍പെട്ടാര്‍ ആശയിനാല്‍
മന്നില്‍ മികും പുറയാട്ടില്ലമുറ്റോര്‍
ബാ പേര്‍ ബമ്പുടയോര്‍
അഹ്മദ് സൂഫീ വന്‍ പുലിയും
മെത്തവര്‍ ഐദ്രൂസിന്‍ കനി
ഖോജ അഹ്മദ് യെണ്ടവരും
കലമ്പുംമഹമദം കൊണ്ടവരായ്
മേളത്തിരി പിടിവാളും
പെടയ്ത്തുദിരത്താലും കളിയായ്
സുവര്‍ക്കം നിനത്താടും കളിയായ്”
ശത്രുക്കളെ വധിച്ചു കൊണ്ടിരുന്ന അവരും ആലി കുരുക്കളും മുറിവേറ്റ് വീണ് ആശിച്ച പോലെ രക്ത സാക്ഷിയായി. പുറയാട്ട് ഇല്ലത്തെ വന്‍ പുലി അഹ്മദ് സൂഫിയും അയ്ദറൂസിന്റെ മകന്‍ ഖോജാ അഹ്മദും മദം കൊണ്ട് കലി തുള്ളി പിടി വാള്‍ പിടപ്പിച്ച് രക്തക്കളിയാടി. അവരും സ്വര്‍ഗം കൊതിച്ച് കൊണ്ട് പൊരുതി.
നമ്പിയുടെ മനം മാറ്റം
യുദ്ധത്തില്‍ ആദ്യം മാപ്പിള പക്ഷത്ത് വിജയമുണ്ടായെങ്കിലും കോപിതനായ നമ്പി കൂടുതല്‍ സൈന്യത്തെ വരുത്തി പള്ളി ചാമ്പലാക്കി. അമ്പതോളം പേര്‍ ഈ യുദ്ധത്തില്‍ രക്തസാക്ഷികളായി. ശത്രുപക്ഷത്ത് നിന്ന് ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് പറയപ്പെടുന്നത്. തന്റെ പൂര്‍വികരുമായി ഉറ്റ ബന്ധം പുലര്‍ത്തുകയും നാടിന് വേണ്ടി അധ്വാനിക്കുകയും ചെയ്തിരുന്ന മാപ്പിളമാരോട് യുദ്ധം ചെയ്യേണ്ടി വന്നതിലും തന്റെ പൂര്‍വികര്‍ നിര്‍മിച്ച് കൊടുത്ത പള്ളി അഗ്നിക്കിരയാക്കിയതിലും നമ്പിക്ക് കുറ്റ ബോധമുണ്ടായി. തനിക്ക് തെറ്റായ ഉപദേശങ്ങള്‍ നല്കിയ മാടമ്പികളെ അദ്ദേഹം പുറത്താക്കി. ആയിടക്ക് നാട്ടിലാകെ കോളറ പടര്‍ന്നപ്പോള്‍ അത് പള്ളി ചുട്ടെരിച്ചത് കൊണ്ടാണെന്നും പള്ളി നിര്‍മിച്ചു കൊടുക്കാതെ രക്ഷയില്ലെന്നുമുള്ള വെളിച്ചപ്പാടിന്റെ പ്രവചനവും നമ്പിയെ അസ്വസ്ഥനാക്കി. അദ്ദേഹം മുസ്ലിം കാരണവന്മാരെയും അവിടത്തെ തങ്ങളായ സയ്യിദലി വലിയേയും വിളിച്ച് മാപ്പ് പറയുകയും പള്ളി സ്വന്തം ചെലവില്‍ പുനര്‍നിര്‍മിച്ച് കൊടുത്തുവെന്നുമാണ് ചരിത്രം. പടപാട്ട് പാടുന്നത് പുണ്യകര്‍മമാണെന്നും രക്തസാക്ഷികളെ മുന്‍ നിറുത്തി ദൈവ പ്രാര്‍ഥന നടത്തുന്നവര്‍ക്ക് ഉടനെ പ്രത്യുത്തരമുണ്ടാവുമെന്നും കവി പറയുന്നുണ്ട്:
”അശകര്‍ കശ്ഫാലും കറാമത്താലും
അഹ്യാ അവര്‍ യെണ്ടെ അലാമത്താലും
തിശയില്‍ വെളിപെട്ട് അദൃപ്പം നാളും
തിരിത്ത് മൊശിന്താലുണ്ടൊടുങ്കാദോളം
കുശങ്ക് മര്‍ളാലും അദാവതാലും
കുടുക്കം ഇടുക്കം കണ്‍ മലക്കത്താലും
ഉശലും തലത്തോലെ വിളിപ്പോര്‍ക്കല്ലാഹ്
ഉടനിസ്തിജാബതീന്ദ് എതിര്‍ക്കുന്നെല്ലാം”
(അവരുടെ സിദ്ധികളിലൂടെ അവരെന്നും ജീവിച്ചിരിക്കുന്നു. അവരിലൂടെ നാട്ടിലുണ്ടായ അദ്ഭുതങ്ങള്‍ മുഴുവന്‍ വിവരിച്ചാല്‍ ഇതവസാനിക്കുകയില്ല. രോഗങ്ങളും ശത്രുതയും ഞെരുക്കങ്ങളും കൊണ്ടുഴലുന്ന സമയത്ത് അവരെ മുന്‍ നിറുത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് ദൈവം ഉടന്‍ പ്രത്യുത്തരം നല്കുന്നതായി കാണപ്പെടുന്നു.)
മലപ്പുറം പടപ്പാട്ട് രചിക്കുന്നത് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ നടക്കുന്ന കാലമായതിനാല്‍ ഇത് പാടുന്നത് സമരക്കാരും സാധാരണക്കാരും ഒരു പുണ്യ കര്‍മമായി തന്നെ കരുതിപ്പോന്നു. സമരത്തിന് പോകുന്നവര്‍ അവരുടെ പ്രാര്‍ഥനക്ക് ശേഷം മലപ്പുറം പടപ്പാട്ടു കൂടി ആലപിക്കുമായിരുന്നു. സമരങ്ങളുടെ പേരില്‍ ജയിലിലടക്കുന്നവര്‍ പടപ്പാട്ട് പാടി സമാധാനിക്കുമായിരുന്നു. ബ്രിട്ടീഷധികാരികള്‍ മലപ്പുറം പടപ്പാട്ട് നിരോധിക്കുകയും അതിന്റെ കോപ്പികള്‍ കണ്ടു കെട്ടുകയും ചെയ്തിരുന്നു. മാപ്പിളമാരെകുറിച്ച് ഗ്രന്ഥം രചിച്ച സ്റ്റീഫന്‍ ഡെയ്ല്‍ എഴുതിയ പോലെ ‘പത്തൊമ്പതാം നൂറ്റാണ്ടില്‍ അധിനിവേശ ശക്തികള്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് മലപ്പുറം പടപ്പാട്ടും യോദ്ധാക്കളെ കുറിച്ചുള്ള സ്മരണയും ഏറെ പ്രചോദനമായിട്ടുണ്ട്.’ പോരാളികള്‍ ഇസ്ലാമിക യുദ്ധങ്ങളെകുറിച്ചും പ്രാദേശിക യുദ്ധങ്ങളെകുറിച്ചുമുള്ള പാട്ടുകള്‍ ഭക്തിപൂര്‍വം പാടുമായിരുന്നത്രേ. 1896ലെ മണ്ണാര്‍ക്കാട് കലാപത്തില്‍ മരിച്ചവരുടെ ശരീരത്തില്‍ നിന്നും പടപ്പാട്ടുകളുടെ അച്ചടിച്ച കോപ്പികള്‍ കണ്ടുകിട്ടിയെന്ന് രേഖകളില്‍ കാണുന്നു. 1873ല്‍ മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ നടന്ന കലാപത്തില്‍ നിരവധി മാപ്പിള പോരാളികള്‍ പിടിക്കപ്പെട്ടിരുന്നു. ഇവരില്‍ മിക്കവരെയും ആന്ധ്രാപ്രദേശിലെ രാജമുന്തിരിയിലുള്ള ജയിലിലേക്കാണ് അയച്ചത്. ജയിലില്‍ െവച്ച് ഇവര്‍ പടപ്പാട്ടുകള്‍ പാടിയിരുന്നത് അധികാരികളുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ പടപ്പാട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇക്കാലത്ത് തന്നെ മഞ്ചേരിയില്‍ നടന്ന കലാപത്തില്‍ മരിച്ച രണ്ടു രക്തസാക്ഷികളുടെ മടിയില്‍ നിന്ന് മോയിന്‍ കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ടിന്റെ കോപ്പികള്‍ കണ്ടെടുത്ത കാര്യം ബ്രിട്ടീഷു രേഖകളില്‍ കാണാം. ബ്രിട്ടീഷ് രേഖകളില്‍ മലപ്പുറം പടപ്പാട്ടിനെ കുറിച്ച് പലയിടത്തും പരാമര്‍ശമുണ്ട്. ഇതിന്റെ കോപ്പികള്‍ ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. ഏതാനും ഭാഗങ്ങള്‍ ചാള്‍സ് ഫോസ്റ്റര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പടപ്പാട്ട് പാടലും പാടിപ്പറയലും മാപ്പിളമാര്‍ക്കിടയില്‍ പില്‍ക്കാലത്ത് ഒരു കലയായിത്തന്നെ പരിണമിച്ചു. കൂടാതെ മലപ്പുറം രക്തസാക്ഷികളെ മൗലിദ് മാല കീര്‍ത്തനങ്ങളിലൂടെയും അനുസ്മരിക്കപ്പെടുന്നു. ‘മലപ്പുറം ശുഹദാക്കളെ’ക്കുറിച്ചുള്ള മാപ്പിളപ്പാട്ടുകളും നിരവധിയാണ്. രക്തസാക്ഷികളുടെ പേരില്‍ വര്‍ഷം തോറും സംഘടിപ്പിച്ചിരുന്ന നേര്‍ച്ച അധിനിവേശ വിരുദ്ധസമരങ്ങള്‍ക്ക് ആവേശം നല്‍കുന്ന കാരണത്താല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്ന പ്രദേശത്തെ കര്‍ഷക സമൂഹങ്ങളുടെ കൂട്ടായ്മ കൂടിയായ നേര്‍ച്ച മൈത്രിയും സൗഹൃദവും നിലനിറുത്തുന്നതിലും പങ്കുവഹിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം നേര്‍ച്ചക്കും പടപ്പാട്ടിനുമുള്ള വിലക്ക് നീക്കണമെന്ന് മദ്രാസ് നിയമസഭയില്‍ ആവശ്യമുയര്‍ന്നെങ്കിലും ഐക്യ കേരള സര്‍ക്കാരാണ് വിലക്കുകള്‍ നീക്കിയത്.
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login