എസ്രാ പൗണ്ട് എന്ന പേരോര്‍ക്കുക. ഗംഭീരനാണ്. ആധുനിക കവിതയുടെ ആഗോള പ്രഭവസ്ഥാനമാണ്. ടി എസ് എലിയട്ട് മുതല്‍ ഹെമിംഗ്വേ വരെ നമിച്ച എഴുത്തുകാരനാണ്. സാഹിത്യ പത്രാധിപര്‍ എന്ന നിലയിലെ സേവനവും വിലമതിക്കാന്‍ പ്രയാസം. കവിതയുടെ ചരിത്രത്തില്‍ ഒന്നാമതായി കാണേണ്ട പേരുകാരന്‍. പക്ഷേ, ചരിത്രത്തില്‍ മറ്റൊന്നാണ് നില. ലോകയുദ്ധത്തിന്റെ കെടുതികളോട് അല്‍പം വൈകാരികമായിപ്പോയി. മനുഷ്യചരിത്രത്തിന്റെ വികാസഘട്ടങ്ങളെ പരിഗണിക്കാനുള്ള സംയമനം നഷ്ടമായി. ഒറ്റ മൂച്ചിന് ബെനിറ്റോ മുസ്സോളിനിക്ക് പിന്തുണ നല്‍കി. ഫാഷിസത്തിന്റെ പ്രചാരകനായി. ഹിറ്റ്ലറുടെ കണ്ണിലുണ്ണിയായി. ലോകവും കാലവും പലപാട് മാറി. ഫാഷിസത്തിന്റെ ആദ്യരൂപം നിലംപൊത്തി. മുസോളിനി തൂങ്ങിയാടി. ഹിറ്റ്ലര്‍ സ്വയം വെടിവെച്ച് ചത്തു. ഫാഷിസത്തെ ജനാധിപത്യവും ലോകവും ചേര്‍ന്ന് കൊന്നുകുഴിച്ചിട്ടു. എസ്രാ പൗണ്ട് എന്ന വലിയ കവിയുടെ ചിരകാലം നീളേണ്ട ഖ്യാതിയെയും. ഇന്ന് പൗണ്ട് രചനകള്‍ അക്കാദമികമായി മാത്രം വേഷമിടുന്ന മാഞ്ഞു നരച്ച ലോകമാണ്. ഫാഷിസത്തെ വരിച്ച എസ്രാ പൗണ്ട് എന്ന കവി മനുഷ്യചരിത്രത്തിലെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ്. ഫാഷിസം ഫാഷിസ്റ്റുകളെയും അവരെ പിന്തുണക്കുന്നവരെയും ഇല്ലാതാക്കിയാണ് മറഞ്ഞുപോവുക.
നോര്‍വെയില്‍ ഒരു ന്യൂട്ട് ഹാംസണ്‍ ഉണ്ടായിരുന്നു. ഹാംസണ് നൊബേല്‍ കിട്ടിയപ്പോള്‍ ലോകം പറഞ്ഞത് നൊബേല്‍ സമ്മാനത്തിന് ഇതാ നൊബേല്‍ സമ്മാനം കിട്ടിയിരിക്കുന്നു എന്നാണ്. ദസ്തയേവ്‌സ്‌കിക്ക് സമശീര്‍ഷനെന്ന് വരെ വിളിക്കപ്പെട്ടു ഹാംസണ്‍. മനുഷ്യാവസ്ഥകള്‍ക്കു നേരെ പിടിച്ച സൂക്ഷ്മദര്‍ശിനി. മനുഷ്യസത്തയുടെ ആന്തരിക വൈരുധ്യങ്ങളെക്കുറിച്ച് ഹാംസണ്‍ എഴുതി. ലോകം മനുഷ്യരോട് ചെയ്യുന്നതെന്ത് എന്ന എക്കാലത്തെയും വലിയ ചോദ്യത്തിന് പലനിലയില്‍ ഉത്തരം നല്‍കി. ആ ഹാംസണ്‍ ഇന്ന് നോര്‍വെയില്‍ ഉണ്ടായിരുന്ന ഹാംസണ്‍ എന്നുമാത്രം രേഖപ്പെടുന്നു. സാഹിത്യത്തിലെ മഹാമനുഷ്യരെ ഓര്‍ക്കുമ്പോള്‍ അയാളുടെ പേര് ഓര്‍ക്കുന്നില്ല. ഹാംസണ്‍ ഫാഷിസ്റ്റുകളെയും നാസികളെയും പിന്തുണച്ചു. ജൂതരോട് വെറുപ്പ് പടര്‍ത്തി. ഫലം ആ വലിയ എഴുത്തുകാരന്‍ മാഞ്ഞുപോയി. ഫാഷിസം എല്ലാ മഹത്വങ്ങളെയും മായ്ച്ചു കളയുന്ന വിഷക്കടലാണ്.
ഇത്രയും ആമുഖമാണ്. നമ്മള്‍ ഇനി സംസാരിക്കുന്ന വിഷയവുമായി നേര്‍ത്ത ബന്ധമുണ്ടെങ്കിലും പരാമര്‍ശിത വ്യക്തികളുമായി ഒരു ബന്ധവുമില്ല. നാം കണ്ട ആ രണ്ടുപേര്‍ അതി മഹത്തായ പ്രതിഭയാല്‍ ജ്വലിച്ചവരാണ്. പക്ഷേ, ഫാഷിസത്തിന്റെ ചേരിയില്‍ പെട്ട് തരിപ്പണമായവരാണ്. നാം സംസാരിക്കാന്‍ പോകുന്ന മനുഷ്യര്‍ ആരും മഹത്തുക്കളോ മഹാരൂപങ്ങളോ അല്ല. പക്ഷേ, വ്യാജങ്ങള്‍ കൊണ്ടാടപ്പെടുന്ന ഉപരിപ്ലവതയുടെ ലോകത്ത് മഹത്വം ആരോപിക്കപ്പെട്ട മനുഷ്യരാണ്.
കാര്യത്തിലേക്കുവരാം. ഫാഷിസത്തെക്കുറിച്ച് പറയുമ്പോള്‍ നേരിട്ടു പറയേണ്ട കാലമാണിത്. ഇനി രൂപകങ്ങളിലൂടെ സംസാരിക്കുന്നതില്‍ അര്‍ഥമില്ല. രൂപകങ്ങള്‍ വലതുപക്ഷത്താല്‍ അപഹരിക്കപ്പെടുന്ന കാലവുമാണല്ലോ? മെട്രോമാന്‍ എന്നും എഞ്ചിനീയറിംഗ് അത്ഭുതമെന്നും മാധ്യമങ്ങളും അവര്‍ നിര്‍മിച്ച പൊതുബോധത്താല്‍ പ്രചോദിതരായി പൗരസമൂഹവും വിശേഷിപ്പിച്ച ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേര്‍ന്നിരിക്കുന്നു. ജനാധിപത്യ മതേതര പൊതുസമൂഹം അദ്ദേഹത്തിന് നല്‍കിയ പരിഗണനകള്‍ എന്ന അല്‍പം വിലപിടിപ്പുള്ള മൂലധനത്തെ അദ്ദേഹം ബി ജെ പി എന്ന രാഷ്ട്രീയകക്ഷിക്കും സംഘപരിവാരത്തിനും മോഷ്ടിച്ചു വിറ്റിരിക്കുന്നു. അങ്ങനെ കടന്നു പറയാമോ എന്നാണോ? പറയാം എന്നാണ് സംസ്‌കാര രാഷ്ട്രീയത്തിലെ മൂലധന പ്രേരണകള്‍ നന്നായി പഠിച്ച വലിയ ചിന്തകര്‍ പറഞ്ഞുവെച്ചത്. വലിയ ചിന്തകരെ പിന്തുടരൂ എന്നാണല്ലോ കാലം ആവശ്യപ്പെടുന്നത്.
ശ്രീധരനെ കുറിച്ച് പറയാം. മിടുക്കനായ എഞ്ചിനീയറാണ് അദ്ദേഹമെന്നതിന് തര്‍ക്കമില്ല. രാജ്യത്തിന്റെ നിരവധി അഭിമാന പദ്ധതികള്‍ സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഉപയുക്തമായിട്ടുണ്ട്. ഉദാഹരണത്തിന് കൊങ്കണ്‍പാത. അപ്രായോഗികം എന്നു കരുതിയിരുന്ന ഒരു റെയില്‍ പദ്ധതി ആയിരുന്നല്ലോ കൊങ്കണ്‍. എന്നാല്‍ ശ്രീധരന്റെ നേതൃത്വത്തില്‍ ഒരു സംഘം എഞ്ചിനീയറിംഗ് വിദഗ്ധര്‍ അത് പ്രായോഗികമാക്കി. അതും യുദ്ധകാല വേഗത്തില്‍. സാധാരണ നിലയില്‍ അന്നോളം നാം കണ്ടു ശീലിച്ചിരുന്ന നിര്‍മാണതലത്തിലെ അഴിമതി കൊങ്കണ്‍പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായില്ല. ആ പാത നിര്‍മാണ പദ്ധതിയുടെ സാങ്കേതിക മേല്‍നോട്ടം ശ്രീധരനായിരുന്നു. ആ നിര്‍മാണം ഇ ശ്രീധരനെ ശ്രദ്ധേയനാക്കി. അറുപതുകള്‍ മുതല്‍ നമ്മുടെ നിര്‍വഹണ മേഖലയില്‍ അഴിമതിയും മെല്ലെപ്പോക്കും നിത്യാനുഭവമായിരുന്നു. ഇത് രണ്ടും ഇല്ലാതാക്കിയാണ് കൊങ്കണ്‍ പൂര്‍ത്തിയാക്കിയത്. അതോടെ വലിയ തോതിലുള്ള മാധ്യമശ്രദ്ധ അദ്ദേഹത്തിനു ലഭിച്ചു. അക്കാല അഭിമുഖങ്ങളില്‍ ഇന്ത്യയുടെ വികസന സമീപനത്തിലെ നെഹ്റുവിയന്‍ ധാരയെക്കുറിച്ച് ഇ ശ്രീധരന്‍ വാചാലനാകുന്നത് നമുക്ക് കാണാം. അതാകട്ടെ ഒരിക്കലും വെറുംവാക്കല്ല താനും.
ഇ ശ്രീധരന് ധാരാളമായി മാധ്യമലാളന കിട്ടുന്ന കാലം തെണ്ണൂറുകളാണ്. രണ്ടായിരത്തിലും പലപാട് അത് തുടര്‍ന്നു. അനേകം പദ്ധതികള്‍ക്ക് ഇക്കാലങ്ങളില്‍ അദ്ദേഹം മുഖ്യകാര്‍മികനായി. തൊണ്ണൂറുകള്‍ നിങ്ങള്‍ക്കറിയുന്നപോലെ നമ്മുടെ മാധ്യമങ്ങള്‍ മഹാഭൂരിപക്ഷവും വലതുപക്ഷ ആശയങ്ങളുടെ തേറ്റകള്‍ പുറത്തുകാട്ടി അമറുന്ന കാലമാണ്. അത് സാമ്പത്തിക പരിഷ്‌കരണത്തിന്റെ കാലമാണ്. നാം ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞ തൊണ്ണൂറുകളിലെ സമ്പൂര്‍ണ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തെ കടുത്ത വലതുപക്ഷത്തേക്ക് നയിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സ്വാഭാവികമായും മാധ്യമങ്ങളുടെ സഞ്ചാരപാതയും അവിടേക്കായിരുന്നു. ഒരു സമൂഹം വലതുവല്‍കരിക്കപ്പെടുന്നതിന്റെ ഏറ്റവും പ്രധാന അടയാളമാണ് വ്യക്തികള്‍ ആഘോഷിക്കപ്പെടുകയും നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ അപഹസിക്കപ്പെടുകയും ചെയ്യുക എന്നത്. അതില്‍ നിശ്ചയമായും ജനാധിപത്യ ഭരണസംവിധാനങ്ങള്‍ക്കകത്ത് സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍ക്ക് വലിയ പങ്കുമുണ്ട്. മുഴുവന്‍ സംവിധാനവും മലീമസമാണ് എന്ന ധാരണ പരക്കപ്പെടുമ്പോള്‍ കുറുകേ നില്‍ക്കുന്ന ചില വ്യക്തികളെ സംവിധാനത്തിന് പുറത്തുനിര്‍ത്തി വാഴ്ത്തുന്ന സാഹചര്യം സംജാതമാകും. ഇ ശ്രീധരന്റെ ഖ്യാതിയുടെ ഒരു കാരണം അതാണ്.
വാസ്തവത്തില്‍ എന്തായിരുന്നു അഴിമതി രഹിത കര്‍മയോഗി എന്ന നിലയിലെ ശ്രീധരന്റെ സ്ഥാനപ്പെടലിന് കാരണം? എന്തായിരുന്നു അഥവാ എങ്ങനെയായിരുന്നു ഘോഷിക്കപ്പെട്ട ശ്രീധര കര്‍മങ്ങള്‍ സംഭവിച്ചത്? അതിനുളള ഉത്തരം നെഹ്റുവിയന്‍ മോഡലില്‍ ആണ് കണ്ടെത്താനാവുക. നെഹ്റുവിയന്‍ വികസന സങ്കല്‍പനത്തിന്റെ ആവിഷ്‌കാരത്തിലെ കര്‍മോല്‍സുകനായ ഒരു പങ്കാളി മാത്രമായിരുന്നു ഇ ശ്രീധരന്‍. രാജ്യത്തെ ചലനാത്മകമാക്കുന്ന വന്‍കിട പദ്ധതികള്‍ മിക്കതിന്റെയും ആശയാടിത്തറ നെഹ്റുവിയന്‍ വികസന സങ്കല്‍പമാണ്. ആ സങ്കല്‍പത്തിന്റെ ഗുണഫലമാണ് മിടുമിടുക്കരായ ടെക്നോക്രാറ്റുകളെ സൃഷ്ടിച്ച വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. ആ സങ്കല്‍പത്തിന്റെ മറ്റൊരു ആവിഷ്‌കാരമാണ് തുരങ്കങ്ങളും നഗരങ്ങളും പാലങ്ങളും ഉള്‍പ്പടെയുള്ള നിര്‍മിതികള്‍. ഒറ്റെക്കൊരു ഭഗീരഥന്‍ സ്വര്‍ഗലോകത്ത് നിന്ന് കലപ്പയുമായി വന്ന് ഗംഗയെ സൃഷ്ടിച്ചു എന്ന് കഥകളില്‍ മാത്രമേ കാണാനാവൂ. കഥകള്‍ ചരിത്രമാവുന്നതാണ് വലതുപക്ഷ കാലത്തിന്റെ ഒരു രീതി. ഇ ശ്രീധരന്‍ ഒറ്റക്കല്ല ഇപ്പോള്‍ അദ്ദേഹത്തിന് ഖ്യാതിയേറ്റിയ അനേകം പദ്ധതികളെ നടപ്പാക്കിയത്. മറിച്ച് ചരിത്രപരമായി രൂപപ്പെട്ടുവന്ന സംവിധാനങ്ങളുടെ ഭാഗമായി നിന്ന്, സംവിധാനത്തിന് ഉള്ളില്‍ നിന്ന്, വിശാലമായി പറഞ്ഞാല്‍ സംവിധാനമാണ് നടപ്പാക്കിയത്. എന്നാല്‍ അതേ സംവിധാനത്തിനകത്തെ ഒറ്റപ്പെട്ട വീഴ്ചകള്‍ പെരുപ്പിക്കപ്പെട്ട സാഹചര്യം നിലവിലുണ്ട്. അത് സംവിധാനമൊന്നാകെ കൊള്ളരുതാത്തതാണ് എന്ന നിലയിലുള്ള പ്രചാരണത്തിന് വഴിവെച്ചിരുന്നു. ജനാധിപത്യ സ്ഥാപനങ്ങള്‍ മുച്ചൂടും അഴിമതിയാല്‍ മൂടിക്കിടക്കുകയാണ് എന്ന പൊതുബോധം രൂപീകരിക്കപ്പെട്ടു.
ഇവിടെ വിശദീകരിക്കേണ്ട ഒരു കാര്യം ഈ പൊതുബോധം എങ്ങനെയാണ് രൂപപ്പെട്ടത് എന്നതാണ്. ഉപരിപ്ലവ വീക്ഷണങ്ങള്‍ ആധിപത്യം നേടുന്നതിന്റെ ഭാഗമായാണ് ഇത്തരം ബോധങ്ങള്‍ ഉറക്കുന്നത്. വിവരങ്ങള്‍ക്ക് പ്രാമുഖ്യം ഉണ്ടാവുകയും വിജ്ഞാനവും വ്യാഖ്യാനവും അപ്രസക്തമാവുകയും ചെയ്യുന്ന ഒരു സാഹചര്യത്തിന്റെ സൃഷ്ടിയാണത്. ഒരിടത്ത് ചേരികള്‍ ഉണ്ട് എന്ന അറിവ് വിവരം മാത്രമാണ്. ധാരാവിയില്‍ ചേരി ഉണ്ട്, അല്ലെങ്കില്‍ ഡല്‍ഹിയില്‍ ചേരികള്‍ ഉണ്ട് എന്നത് വിവരം മാത്രമാണ്. വിവരം മാത്രമാണ് സിവില്‍ സര്‍വീസ് ഉള്‍പ്പടെയുള്ള ഗുമസ്തപ്പണിക്കാരെ സൃഷ്ടിക്കുന്ന പരീക്ഷകളിലെ വിജയ മാനദണ്ഡം. നിങ്ങള്‍ക്ക് വിവരങ്ങള്‍ ഉണ്ടോ എന്ന് മാത്രമാണ് ആരായപ്പെടുക. അല്‍ഫോണ്‍സ് കണ്ണന്താനവും ഇ ശ്രീധരനും ജേക്കബ് തോമസും സെന്‍കുമാറും അടക്കമുള്ള മാധ്യമ പരിലാളനകളാല്‍ നായക പരിവേഷം ലഭിച്ച മുഴുവന്‍ ഗുമസ്തരും വിവരങ്ങള്‍ മാത്രം പരീക്ഷിക്കപ്പെട്ട പരീക്ഷകള്‍ കടന്ന് വന്നവരാണ്. അതുകൊണ്ടാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് ചേരികള്‍ ആഹ്ലാദത്തോടെ പൊളിക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് മറ്റു പലതും പൊളിക്കാന്‍ കഴിഞ്ഞത്. പക്ഷേ, ചേരികള്‍ എങ്ങനെ ഉണ്ടായി എന്ന അറിവ് വിജ്ഞാനമാണ്. അത് ഉണ്ടാകാന്‍ നിങ്ങള്‍ക്ക് നിലപാട് വേണം. ജനാധിപത്യത്തിന്റെ ചാലകശക്തികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടത് ഈ ജ്ഞാനമാണ്. ചേരികള്‍ എങ്ങനെ ഉണ്ടാകുന്നു എന്നും അതിന്റെ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ എന്താണ് എന്നും അറിയുമ്പോള്‍ പൊളിക്കലല്ല മറിച്ച് പുനരധിവസിപ്പിക്കലാണ് ശരിയായ ചേരി നിര്‍മാര്‍ജനം എന്ന് വരും. പുനരധിവാസം പക്ഷേ, ഗുമസ്തര്‍ക്ക് എടുക്കാന്‍ കഴിയുന്ന തീരുമാനമല്ല. അതിന് രാഷ്ട്രീയ-ഭരണപര തീരുമാനം വേണം. അത് ദൈര്‍ഘ്യമുള്ള പ്രക്രിയ ആണ്. ദൈര്‍ഘ്യമുള്ള പ്രക്രിയകള്‍ വാര്‍ത്തോത്സവങ്ങളല്ല. അതില്‍ പങ്കെടുക്കുന്ന ഗുമസ്തന്മാര്‍ വാര്‍ത്തകളില്‍ നിറയില്ല. കോഴിക്കോട് നഗരത്തിലെ കല്ലുത്താന്‍ കടവ് എന്ന ചേരിയിലെ കുടുംബങ്ങള്‍ ഉജ്വലമായി പുനരധിവസിപ്പിക്കപ്പെട്ടത് ഓര്‍ക്കുക. അവിടെയും നിരവധി ഗുമസ്തന്‍മാര്‍ പണിയെടുത്തിരുന്നു. ഒരു പേരുപോലും നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാനാവില്ല. കാരണം പുനരധിവാസം എന്നത് ജ്ഞാനപരവും രാഷ്ട്രീയ ഉള്ളടക്കം ഉള്ളതുമായ ദീര്‍ഘപ്രക്രിയ ആണ്. അതേസമയം നിങ്ങള്‍ക്ക് വേഷം മാറി ലോറിയില്‍ കയറിപ്പോയി ചെക്ക്പോസ്റ്റുകളിലെ കൈക്കൂലി പിടിച്ച ഋഷിരാജ് സിംഗിനെ ഓര്‍മയുണ്ട്. അദ്ദേഹം അക്കാലത്ത് ഒന്നാം പേജില്‍ ഉണ്ടായിരുന്നു. പക്ഷേ, ചെക്ക് പോസ്റ്റിലെ കൈക്കൂലി അതോടെ അവസാനിച്ചില്ല. കാരണം ചെക്ക് പോസ്റ്റിലെ കൈക്കൂലി എന്നത് ഒരു ആകസ്മികമായ, വ്യക്തിപരമായ സംഭവമല്ല. മറിച്ച് ഒരു ദീര്‍ഘ പ്രക്രിയയുടെ ഉപോല്‍പന്നമായ തിന്മയാണ്. പ്രൊഡക്ഷന്‍ അതേപോലെ നിലനിര്‍ത്തി ബൈ പ്രൊഡക്ടിനെ പഴിക്കുന്നത് പരിഹാസ്യതയാണ്. പക്ഷേ, ആ പ്രക്രിയയിലേക്ക് വേഷം മാറി ലോറി ഓടിച്ചു പോകാന്‍ ഋഷിരാജ് സിംഗിന് കഴിയില്ല. അത് രാഷ്ട്രീയമായി, ജനാധിപത്യ സംവിധാനം നടത്തേണ്ട പരിഹാരക്രിയ ആണ്. അതിന് പക്ഷേ, വാര്‍ത്താമൂല്യമില്ല. നിര്‍വാഹകര്‍ക്ക് നായക പരിവേഷം കിട്ടുകയുമില്ല. വിവരങ്ങളില്‍ നിന്ന് നായകത്വങ്ങളെ സൃഷ്ടിക്കുക, ചരിത്രത്തെ പരിഗണിക്കാതെ, ചരിത്രഭാരമില്ലാത്ത മനുഷ്യരെ നായകരായി അവരോധിക്കുക എന്നത് വലതുവല്‍കരണമാണ്. ഫാഷിസത്തിലേക്കുള്ള വഴിവെട്ടലാണ്.
നമുക്ക് കിരണ്‍ബേദിയെ ഓര്‍ക്കാം. തിഹാര്‍ ജയിലില്‍ നടത്തിയ പരിഷ്‌കാരങ്ങളാണ് ആയമ്മയെ നായികയാക്കിയത്. വാര്‍ത്തകളില്‍ നിറച്ചത്. അതും വിവരാധിഷ്ഠിത പരിഹാരക്രിയ ആയിരുന്നു. പക്ഷേ, ആ പ്രവൃത്തികള്‍ അവരെ നായികാപദവിയില്‍ എത്തിച്ചു. വാഴ്ത്തുപാട്ടുകളൂം സിനിമകളും പിറന്നു. ഞാന്‍ നായികയെന്ന് അവരുറപ്പിച്ചു. അത്തരം നായകത്വങ്ങളെ ആവശ്യപ്പെടുന്ന വ്യവസ്ഥയാണ് വലതുപക്ഷം. ഇന്ത്യയില്‍ ഇപ്പോള്‍ അത് ബി ജെ പിയാണ്. വിശാലമായി സംഘപരിവാരമാണ്. കാരണം അവര്‍ക്ക് ചരിത്രത്തെ ഭയമാണ്. നമ്മുടേതല്ലാത്ത ഒരു വീട്ടില്‍ കയറിചെല്ലുന്ന സങ്കോചമാണ് അവര്‍ക്ക് ചരിത്രം വായിക്കുമ്പോള്‍ ഉണ്ടാവുക. കാരണം ഇന്ത്യാചരിത്രത്തില്‍ അവരില്ല. അപ്പോള്‍ ഇത്തരം ഉപരിപ്ലവ നായകത്വങ്ങളെ അവര്‍ സ്വന്തമാക്കും. മാധ്യമ പരിലാളനകള്‍ വഴി അവര്‍ നേടിയ സാമൂഹിക മൂലധനത്തെ കീശയിലാക്കും. കിരണ്‍ ബേദി കൂടണഞ്ഞത് ബി ജെ പിയിലാണെന്ന് അറിയാമല്ലോ? നാം നേരത്തേ പരാമര്‍ശിച്ച കണ്ണന്താനവും അവിടെയല്ലേ? ജേക്കബ് തോമസിനെ മറക്കരുത്; അദ്ദേഹവും അവിടെയാണ്. സമാനമായി നായകപദവി ചാര്‍ത്തപ്പെട്ട ഒരാളുടെ കൂടി പേരുപറയാം- സെന്‍കുമാര്‍. ഇത്രനേരം വായിച്ചതൊന്നും വേണ്ട, ആ ഒറ്റ പേരുമതി ഗുമസ്ത നായകബിംബങ്ങളുടെ ചെമ്പ് തെളിയാന്‍.
അതുപോലെ ഒരാള്‍ മാത്രമാണ് ഇ ശ്രീധരന്‍. നമ്മുടെ ജനാധിപത്യ സംവിധാനം ദീര്‍ഘകാല പ്രക്രിയയിലൂടെ ആവിഷ്‌കരിച്ച നിര്‍മാണങ്ങളില്‍ ശമ്പളം പറ്റി പണിയെടുത്ത ഒരാള്‍. അതിനപ്പുറമുണ്ടായിരുന്നതെല്ലാം ചാര്‍ത്തപ്പെട്ടു കിട്ടിയതാണ്. പക്ഷേ, ചരിത്രഭാരമുള്ള, ചരിത്രം രൂപപ്പെടുത്തിയ മഹാരൂപങ്ങള്‍ അപഹസിക്കപ്പെടുകയും റദ്ദാക്കപ്പെടുകയും പൊയ്മുഖങ്ങളും പൊങ്ങുകളും മഹാരൂപങ്ങളായി പ്രച്ഛന്ന വേഷമാടുകയും ചെയ്യുന്ന ഒരു മാധ്യമ കാലത്ത് അദ്ദേഹത്തിന് ജീവിക്കാന്‍ കഴിഞ്ഞു. വിമര്‍ശനാത്മകത ചോര്‍ന്നുപോയ ഒരു പൊങ്ങുസമൂഹം ശ്രീധരനെ വാഴ്ത്തി. തങ്ങള്‍ക്കുവേണ്ടി തങ്ങള്‍ ഏല്‍പിച്ച ജോലിചെയ്ത, അത് വൃത്തിയിലും വെടുപ്പിലും ചെയ്ത ഒരാള്‍ മാത്രമാണ് അദ്ദേഹമെന്നത് അവര്‍ മറന്നു. അങ്ങനെ വലതുകാലത്തിന്റെ സര്‍വലക്ഷണങ്ങളും തികഞ്ഞ മഹാനായി ഇ ശ്രീധരന്‍ വാഴ്ത്തപ്പെട്ടു.
ഇപ്പോള്‍ ആ ചക്രം പൂര്‍ത്തിയായിരിക്കുന്നു. ചെമ്പ് വെളിപ്പെട്ടിരിക്കുന്നു. ജാതിയും ജാതീയതയും തിങ്ങിയ വാക്കുകള്‍ അയാള്‍ പറഞ്ഞുതുടങ്ങുന്നു. മറ്റൊരു സെന്‍കുമാറിന്റെ പകര്‍ന്നാട്ടങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.
നഷ്ടം ജനാധിപത്യത്തിനാണ്. ജനാധിപത്യം എന്നത് ഒരു ഭരണരൂപം മാത്രമല്ല. അത് ഒരു ബോധവും സംസ്‌കാരവും കൂടിയാണ്. ചരിത്രമാണ് അതിന്റെ അടിത്തറ. ചരിത്രഭാരമില്ലാത്ത പൊങ്ങുരൂപങ്ങള്‍ വന്ന് തുരങ്കങ്ങള്‍ പണിയുന്നത് ആത്യന്തികമായി ജനാധിപത്യത്തിനാണ്. വ്യക്തികളെ ചരിത്രപരമായി കാണുക എന്നതും ജനാധിപത്യം എന്തെന്ന് പ്രചരിപ്പിക്കുകയുമാണ് ചെറിയ പരിഹാരം.
പക്ഷേ, ശാശ്വതമല്ല ഈ വാഴ്ചകള്‍. എസ്രാപൗണ്ടും ന്യൂട്ട് ഹാംസണും പോലെയുള്ള ചരിത്രഭാരമുള്ള മഹാപ്രതിഭകള്‍ ഫാഷിസത്തെ പുണര്‍ന്നു എന്ന ഒറ്റക്കാരണത്താല്‍ ചാമ്പലായിട്ടുണ്ട്. അപ്പോഴാണ് ഈ കരിയിലകള്‍ അവിടേക്ക് പറക്കുന്നത്. കാണാന്‍ കാത്തിരിക്കേണ്ടതില്ല.
കെ കെ ജോഷി
You must be logged in to post a comment Login