100 വര്‍ഷത്തിലേറെ പ്രായം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് എത്രത്തോളം സുരക്ഷിതമെന്ന ചോദ്യം മലയാളികള്‍ക്കിടയില്‍ സജീവമാണ്. ചുണ്ണാമ്പും ശര്‍ക്കരയും ചേരുന്ന മിശ്രിതമുപയോഗിച്ച് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച അണക്കെട്ട്, കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ച് ബലപ്പെടുത്തിയെങ്കിലും വിള്ളലുകളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം അണയുടെ ബലം ക്ഷയിപ്പിക്കുന്നുണ്ടെന്നും ജലനിരപ്പ് ഏറുമ്പോള്‍ അത് അപകടത്തിന് വഴിവെച്ചേക്കാമെന്നുമുള്ള ആശങ്ക കേരളത്തിലെ ഭരണകൂടം കാലങ്ങളായി ഉയര്‍ത്തുന്നു. അണക്കെട്ടിന്റെ പ്രയോജനം ഏറെയുള്ള തമിഴ്നാടാകട്ടെ, മുല്ലപ്പെരിയാറിപ്പോഴും സുരക്ഷിതമാണെന്ന് വാദിക്കുന്നു. അതിനെ സാധൂകരിക്കാന്‍ പാകത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുകയും ചെയ്യുന്നു. തുലാവര്‍ഷത്തില്‍ ജലനിരപ്പ് പരമാവധിയെത്തിച്ച്, വേനലില്‍ കൃഷിക്ക് വെള്ളമെത്തിക്കുകയാണ് അവര്‍ ചെയ്യുന്നത്.
മുല്ലപ്പെരിയാറില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍, അവിടെ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഇടുക്കിയിലെ അണക്കെട്ടിനെ ബാധിക്കാനിടയുണ്ട്. അങ്ങനെ എന്തെങ്കിലുമൊരു ദുരന്തമുണ്ടായാല്‍ കേരളത്തിലെ മൂന്ന് ജില്ലകളെയാണ് അത് ബാധിക്കുക. ഉണ്ടാകാനിടയുള്ള നാശനഷ്ടം ഊഹിക്കാന്‍ പോലും സാധിക്കാത്തതും. ഏതാണ്ടൊരു ദശകം മുമ്പ്, മുല്ലപ്പെരിയാറിലെ സുരക്ഷ സംബന്ധിച്ചുയര്‍ന്ന വലിയ ആശങ്കയും അത് മലയാളികളില്‍ വലിയൊരു വിഭാഗത്തെ ഭീതിയിലാഴ്ത്തിയതും മറക്കാനായിട്ടില്ല. മുല്ലപ്പെരിയാറില്‍ പകരം അണക്കെട്ട് നിര്‍മിക്കുക എന്ന പദ്ധതി, കേരള സര്‍ക്കാര്‍ തയാറാക്കിയത് ആ സാഹചര്യത്തിലാണ്. എന്നാല്‍ ഇതിന് അനുവാദം ലഭിക്കുകയോ നിര്‍മാണം ആരംഭിക്കാന്‍ പാകത്തിലേക്ക് നടപടികള്‍ പുരോഗമിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് മുല്ലപ്പെരിയാറിനെപ്പോലെ ഭീഷണിയാകാന്‍ പോകുന്ന അണക്കെട്ടുകളുടെ എണ്ണം പെരുകുകയാണ്.
അണക്കെട്ടിന്റെ ശരാശരി ആയുസ്സ് 50 വര്‍ഷമാണ്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട കണക്കാണിത്. ഇന്ത്യയിലാകെ 4,407 വലിയ അണക്കെട്ടുകളുണ്ട്. അതില്‍ ആയിരത്തിലധികം 2025 ആകുമ്പോഴേക്കും 50 വയസ്സ് പിന്നിടും! ജീവജാലങ്ങള്‍ക്ക് വലിയ ഭീഷണിയായി ഇത്രയും അണക്കെട്ടുകള്‍ രാജ്യത്തുണ്ടാകുമെന്ന് ചുരുക്കം. ജലം, പരിസ്ഥിതി, ആരോഗ്യം എന്നിവയെക്കുറിച്ച് പഠിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ജനുവരിയിലാണ് പുറത്തുവന്നത്. അതിലാണ് ഈ പഴയ അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടുന്നത്. ഇവയെ തുടര്‍ന്നും നിലനിര്‍ത്തണമെങ്കില്‍, അറ്റകുറ്റപ്പണിക്ക് വലിയ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടേണ്ടിവരും. ചളിയും മണ്ണും നിറഞ്ഞ്, സംഭരണശേഷി കുറയുന്നതിനാല്‍ അണക്കെട്ടുകൊണ്ട് പഴയ പ്രയോജനം ഉണ്ടാകുകയുമില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ആയുസ്സ് തീരുന്ന അണക്കെട്ടുകളുടെ കാര്യത്തില്‍ സമഗ്രമായ പഠനം ഇന്ത്യാ ഗവണ്‍മെന്റ് നടത്തണമെന്നാണ് ഈ പഠനം ആവശ്യപ്പെടുന്നത്. സുരക്ഷിതമാണോ എന്നത് പരിശോധിക്കണം. നിലനിര്‍ത്തുന്നതിന് വേണ്ടിവരുന്ന ചെലവ് കണക്കാക്കണം. അണക്കെട്ടിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവരുടെ സുരക്ഷ കണക്കിലെടുക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.
പ്രായാധിക്യമുള്ള അണക്കെട്ടുകള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെയുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഇവയില്‍ പലതും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. അമ്പതു വര്‍ഷമെന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ട ആയുസ്സാണെങ്കിലും നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ, ഇക്കാലയളവില്‍ നടത്തിയ അറ്റകുറ്റപ്പണി ഒക്കെ പ്രധാനമാണ്. അവ്വിധം സൂക്ഷ്മമായി പരിപാലിച്ചു വരുന്ന പല അണക്കെട്ടുകളും 100 വര്‍ഷം വരെ നിലനില്‍ക്കാറുമുണ്ട്. എങ്കിലും അമ്പതാണ്ട് പിന്നിടുമ്പോള്‍ പ്രായാധിക്യം മൂലമുള്ള ബലഹീനതകള്‍ അണക്കെട്ടുകള്‍ കാണിച്ച് തുടങ്ങും. ചില അണക്കെട്ടുകളുടെ ഷട്ടറുകളും മോട്ടോറുകളുമൊക്കെ മുപ്പതുവര്‍ഷം കഴിയുമ്പോള്‍ തന്നെ മാറ്റാറുണ്ട്. ഇത്തരം പ്രവൃത്തികളിലൂടെ അണക്കെട്ടിന്റെ ആയുസ്സ് നീട്ടിയെടുക്കാനാകുമെന്നാണ് വിവിധ രാജ്യങ്ങളിലെ അനുഭവം.
ലോകത്താകെയുള്ള അണക്കെട്ടുകളില്‍ ഏതാണ്ട് 55 ശതമാനം ഏഷ്യന്‍ രാജ്യങ്ങളിലാണ്. കുടിവെള്ളവിതരണം, വൈദ്യുതി ഉത്പാദനം, ജലസേചനമുറപ്പാക്കി ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കല്‍ എന്നിവയിലൊക്കെ പ്രധാന പങ്കുണ്ട് അണക്കെട്ടുകള്‍ക്ക്. എന്നാല്‍ ഇവ സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതല്ല. നിര്‍മിതിയിലെ പ്രശ്നങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉടലെടുക്കാം. ആയുസ്സെത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് ചുരുക്കം. കൃത്യമായ ഇടവേളകളിലെ പരിശോധന, പരിശോധനയില്‍ കണ്ടെത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി ഒക്കെ നടക്കാത്ത അണക്കെട്ടുകള്‍, വലിയ ഭീഷണിയാണ്.
പ്രായം ഏറുംതോറും നിര്‍മാണത്തിന് ഉപയോഗിച്ച സാമഗ്രികള്‍ ക്ഷയിക്കാനുള്ള സാധ്യത ഏറെയാണ്. ഷട്ടറുകളും സ്പില്‍വേകളുമൊക്കെ തകരാറിലാകാം. മണ്ണും ചെളിയും നിറഞ്ഞ് അണയുടെ സംഭരണശേഷി ഏറെ കുറയുകയും ചെയ്യും. ഇങ്ങനെ കുറയുമ്പോള്‍, അണയുടെ അടിത്തട്ടിലുണ്ടാകുന്ന സമ്മര്‍ദം ഏറുകയാണ് ചെയ്യുക. അണക്കെട്ടിന്റെ നിര്‍മാണം, പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചാണ് ഇതുവരെ നടന്ന പഠനങ്ങളില്‍ ഭൂരിഭാഗവും ശ്രദ്ധിച്ചത്. പ്രായാധിക്യം മൂലം അണക്കെട്ടിനുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പഠന വിഷയമായിരുന്നില്ല.
വലിയ ഡാമുകള്‍ക്കായുള്ള ഇന്റര്‍നാഷണല്‍ കമ്മീഷന്‍, ചില മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് കൃത്യമായി നടപ്പാക്കുന്നതിലൂടെ അണക്കെട്ടുകളുടെ ആയുസ്സ് നൂറോ ആയിരമോ വര്‍ഷങ്ങളാക്കി നീട്ടാമെന്ന് ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ടിന്റെ ഡയറക്ടര്‍ പ്രമോദ് നാരായണന്‍ പറയുന്നു. എന്‍ജിനീയറിംഗ് വൈദഗ്ധ്യം, നല്ല നിര്‍മാണം, കൃത്യമായ അറ്റകുറ്റപ്പണി എന്നിവയുണ്ടെങ്കില്‍ പുതിയ കാലത്ത് നിര്‍മിക്കുന്ന അണക്കെട്ടുകള്‍ പലതലമുറകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 1980കള്‍ക്കു ശേഷം നിര്‍മിച്ച അണക്കെട്ടുകളൊക്കെ, വലിയ വെള്ളപ്പൊക്കങ്ങളെയും ഭൂകമ്പങ്ങളെയുമൊക്കെ അതിജീവിക്കാന്‍ പാകത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ അണക്കെട്ടുകളുടെ ശരാശരി വയസ്സ് 42 വര്‍ഷം മാത്രമാണ്. മറ്റു രാജ്യങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയ പ്രായമാണെന്നും പ്രമോദ് പറയുന്നു.
വലിയ അണക്കെട്ടുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. 4407 വലിയ അണക്കെട്ടുകള്‍ ഇവിടെയുണ്ട്. 23,841 അണക്കെട്ടുകളുള്ള ചൈനയും 9,263 അണക്കെട്ടുകളുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട്, 2018ല്‍ വലിയ ഡാമുകളുടെ മാനദണ്ഡം പുതുക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഇപ്പോഴും പഴയ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. പഴയ മാനദണ്ഡങ്ങളനുസരിച്ചാണെങ്കില്‍ ഇന്ത്യയിലെ വലിയ ഡാമുകളുടെ എണ്ണം 5,334 ആകും.
ഇന്ത്യയിലെ അണക്കെട്ടുകളില്‍ വലിയൊരു ഭാഗം മണ്ണുകൊണ്ട് നിര്‍മിച്ചവയാണ്. അതുകൊണ്ട് തന്നെ അവ വേഗം അപകടാവസ്ഥയിലേക്ക് നീങ്ങുമെന്ന് ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം പറയുന്നു. രാജ്യത്ത് ലഭിക്കുന്ന മഴയുടെ രീതിയും അണക്കെട്ടുകളെ ബാധിക്കുന്നതാണ്. ഒരു നിശ്ചിത കാലത്താണ് ഇന്ത്യയില്‍ മഴയുണ്ടാകുന്നതും അണകളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതും. ചെറിയ സമയം കൊണ്ട് കൂടുതല്‍ വെള്ളമൊഴുകിയെത്തുകയും അത് വര്‍ഷത്തിലെ ബാക്കിസമയം മുഴുവന്‍ സംഭരിച്ച് നിര്‍ത്തേണ്ടിയും വരും. വര്‍ഷത്തില്‍ പല സമയത്തായി ഇത്രയും മഴ ലഭിക്കുകയായിരുന്നുവെങ്കില്‍ ഈ ഭീഷണി ഒഴിവാകുമായിരുന്നു.
ചെറിയ കാലത്ത് ശക്തമായ മഴയുണ്ടാകുകയും നീരൊഴുക്ക് കൂടുകയും ചെയ്യുമ്പോള്‍, അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ചെളിയുടെയും മണ്ണിന്റെയും മറ്റു അവശിഷ്ടങ്ങളുടെയും തോത് കൂടും. കൃഷ്ണ നദിയിലെ ശ്രീശൈലം അണക്കെട്ടിനെക്കുറിച്ച് കേന്ദ്ര ജലകമ്മീഷന്‍ നടത്തിയ പഠനം ഇവിടെ ശ്രദ്ധേയമാണ്. ചെളിയും മണ്ണും നിറഞ്ഞ് അണക്കെട്ടിന്റെ സംഭരണശേഷി വലിയ തോതില്‍ കുറഞ്ഞുവെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ തോത്, നേരത്തെ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ വളരെ കൂടുതലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ച്, സവിശേഷമായ മറ്റൊന്ന് അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങളിലൊക്കെ ഏതാണ്ടെല്ലാ മഴക്കാലത്തും വെള്ളപ്പൊക്കമുണ്ടാകുന്നുവെന്നതാണ്. അണക്കെട്ടുകള്‍ വേഗം നിറയുകയും അധിക ജലം തുറന്നുവിടേണ്ടി വരികയും ചെയ്യുന്നതുകൊണ്ടാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. കാലവര്‍ഷം തുടങ്ങി അധികദിവസം കഴിയാതെ തന്നെ അണക്കെട്ടുകള്‍ നിറയും. കാലവര്‍ഷം അവസാനിക്കുമ്പോഴേക്ക് നിറയാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്ത അണക്കെട്ടുകളാണ് ഇങ്ങനെ ആദ്യ സമയത്ത് തന്നെ നിറയുന്നത്. വൃഷ്ടി പ്രദേശത്തും അണക്കെട്ടിന്റെ താഴെ ഭാഗങ്ങളിലും കനത്ത മഴയുണ്ടാകുക കൂടി ചെയ്യുമ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയും ചെയ്യുന്നുവെന്ന് ജലകമ്മീഷന്റെ പഠനം പറയുന്നു. മണ്ണും ചെളിയും അടിഞ്ഞ് സംഭരണശേഷി വലിയതോതില്‍ കുറഞ്ഞത് ഈ സ്ഥിതിക്ക് വലിയ കാരണമാണ്. ഇത് കണക്കിലെടുമ്പോള്‍, ഇന്ത്യയിലെ അണക്കെട്ടുകളുടെ സ്ഥിതി, യു എന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതിനെക്കാള്‍ ഗൗരവമുള്ളതാണെന്ന് പറയേണ്ടിവരും. സ്പില്‍വേയിലെ തകരാറുകള്‍, സംഭരിക്കുന്ന വെള്ളം കാര്യക്ഷമമായി മാനേജ് ചെയ്യാത്തത് ഇതെല്ലാം ഇത്തരം അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ രീതിയിലുണ്ടാകുന്ന മാറ്റങ്ങളും ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് ആയുസ്സ് തീരാറായ അണക്കെട്ടുകളെയാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ട് രൂപകല്‍പ്പന ചെയ്ത സമയത്ത്, ജലസംഭരണത്തെക്കുറിച്ചുണ്ടായിരുന്ന ധാരണകളെയാണ് കാലാവസ്ഥാ വ്യതിയാനം തകിടം മറിക്കുക.
126 വര്‍ഷം പ്രായമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യം ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 152 അടി സംഭരണശേഷിയുള്ള അണക്കെട്ട്, പഴയ നിര്‍മാണത്തിലെ പോരായ്മകള്‍ കൊണ്ടുതന്നെ അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഭരിക്കുന്ന വെള്ളത്തിന്റെ ഭൂഗുരുത്വ ബലം കൊണ്ട് അണക്കെട്ടിന്മേലുള്ള സമ്മര്‍ദം പരിമിതപ്പെടുത്തും വിധത്തിലാണ് മുല്ലപ്പെരിയാറിന്റെ നിര്‍മാണം. വെള്ളത്തിന്റെ സമ്മര്‍ദംമൂലം അണക്കെട്ടിന്റെ അടിത്തറയ്ക്ക് കേടുണ്ടാകാതിരിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. എങ്കിലും പ്രായാധിക്യം അണക്കെട്ടിനുണ്ടാക്കിയ ബലക്ഷയം കണക്കിലെടുക്കേണ്ടതുണ്ട്. എന്നാല്‍ അണക്കെട്ടിനെച്ചൊല്ലി കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കത്തില്‍, തമിഴ്നാടിന്റെ വാദങ്ങള്‍ക്കാണ് കേന്ദ്ര ജലകമ്മീഷനും മറ്റു സംവിധാനങ്ങളും വിലകൊടുത്തത്. സംഭരണശേഷിയുടെ പരമാവധി ഉപയോഗിക്കാന്‍ പാകത്തിലുള്ള ശക്തി അണക്കെട്ടിനില്ലെന്ന കേരള സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്, കേന്ദ്ര ജലകമ്മീഷന്‍ തള്ളിക്കളയുകയാണ് ചെയ്തത്.
മുല്ലപ്പെരിയാര്‍ മാത്രമല്ല, ആയിരത്തിലധികം അണക്കെട്ടുകളുടെ കൂടി സുരക്ഷ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇന്ത്യന്‍ യൂണിയനിലെ സര്‍ക്കാരുകള്‍ക്കുള്ളത്. സുരക്ഷ പരിശോധിച്ച്, അറ്റകുറ്റപ്പണികള്‍ നടത്തി ഇവ നിലനിര്‍ത്തുക എന്നതിന് വേണ്ടിവരുന്ന ചെലവും പുതിയത് നിര്‍മിക്കുന്നതിന് വേണ്ടിവരുന്ന ചെലവും താരതമ്യം ചെയ്യണം. നിലവിലുള്ള അണക്കെട്ടുകള്‍, അവ നിര്‍മിച്ച കാലത്ത് ലക്ഷ്യമിട്ട കാര്യങ്ങള്‍ക്ക് ഇപ്പോഴും ഉപയുക്തമാണോ എന്നതും പരിശോധിക്കണം. ഇന്ത്യന്‍ യൂണിയന്‍ വരും വര്‍ഷങ്ങളില്‍ അഭിമുഖീകരിക്കാനിടയുള്ള ഗൗരവമുള്ള പ്രശ്നങ്ങളിലേക്കാണ് ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം വിരല്‍ ചൂണ്ടുന്നത്.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login