അധിനിവേശ ശക്തികള്‍ക്കെതിരായ സമരങ്ങളില്‍ ഇന്ത്യയിലെ മുസ്ലിം പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല. അസ്ഗറലി എഞ്ചിനീയര്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച ‘ദേ റ്റൂ ഫോട്ട് ഫോര്‍ ഇന്ത്യാസ് ഫ്രീഡം; ദി റോള്‍ ഓഫ് മൈനോരിറ്റീസ്’ എന്ന കൃതിയില്‍ ഇന്ത്യയിലെ ഉലമകള്‍ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സമരങ്ങളെകുറിച്ച് പ്രത്യേക പഠനം തന്നെയുണ്ട്. ഉത്തരേന്ത്യയിലെ മുസ്ലിം പണ്ഡിതരുടെ സംഘടനയായ ‘ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദി’ന്റെ സമ്മേളനത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് എഞ്ചിനീയര്‍ പുസ്തകം ആരംഭിക്കുന്നതുതന്നെ: ”ഈ ഉലമകളുടെ പാദങ്ങള്‍ക്കടിയിലെ മണ്ണ് എനിക്ക് സുറുമ പോലെയാണ്. അവരുടെ പാദങ്ങളില്‍ ചുംബനമര്‍പ്പിക്കുന്നതോ എനിക്കഭിമാനവുമാണ്” ഡല്‍ഹിയിലെ മുസ്ലിം പണ്ഡിതന്‍ ഷാ അബ്ദുല്‍ അസീസ് ദഹ്‌ലവി ബ്രിട്ടീഷുകാര്‍ക്കെതിരെ 1803ല്‍ നല്‍കിയ മതവിധിയാണ്(ഫത്്വ) ഉത്തരേന്ത്യയില്‍ സമരങ്ങള്‍ രൂപപ്പെടാന്‍ കാരണം. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു യുദ്ധനിര കെട്ടിപ്പടുക്കാന്‍ ശിഷ്യന്‍ സയ്യിദ് അഹ്മദ് ബറേല്‍വിയെ ഷാ ദഹ്‌ലവി ഏല്പിച്ചു. അദ്ദേഹം തുടങ്ങിവച്ച സമരമാണ് ഉത്തരേന്ത്യയില്‍ നടന്ന മുജാഹിദീന്‍ പ്രസ്ഥാനം. ഇക്കാലത്ത് തന്നെ ബംഗാളില്‍ ഹാജി ശരീഅത്തുല്ലയുടെ നേതൃത്വത്തില്‍ മുസ്ലിം കര്‍ഷകര്‍ നടത്തിയ ഫറാഇസീന്‍ പ്രസ്ഥാനവും ആദ്യ കാലങ്ങളിള്‍ മുസ്ലിംകള്‍ സംഘടിപ്പിച്ച ബ്രിട്ടീഷ്്വിരുദ്ധ സമരമാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കിയ മുസ്ലിം പണ്ഡിതന്‍മാരാണ് ഫസ്ലുല്‍ ഹഖ് ഖൈറാബാദി, മൗലവി അഹ്മദുല്ലാ ഷാ, ഇമാം അലി തുടങ്ങിയവര്‍. ഖൈറാബാദിയുടെ ഫത്്വയാണ് മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷായെയും മുസ്ലിം ശിപായിമാരെയും രംഗത്തിറക്കിയത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജെയിംസ് ഔട്ട് ലെ പറയുന്നതിങ്ങനെ: ”കലാപം തുടങ്ങി വച്ചത് മുഹമ്മദീയരാണ്… ഇന്ത്യാ രാജ്യത്തെ ക്രിസ്തീയവത്കരിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന കാരണം പറഞ്ഞ് തങ്ങളോടൊപ്പം ചേരാന്‍ ഹിന്ദു ശിപായിമാരെ മുഹമ്മദീയര്‍ പ്രേരിപ്പിക്കുകയായിരുന്നു.” മൗലാനാ ഫസ്‌ലുല്‍ ഹഖ് ഖൈറാബാദിയുടെ നേതൃത്വത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ ഡല്‍ഹിയില്‍ സമ്മേളിക്കുകയും ‘ബ്രിട്ടീഷുകാര്‍ക്കെതിരെ ഓരോ മുസല്‍മാനും ആയുധമണിയണ’മെന്ന് ഒരു സംയുക്ത വിധി (മുത്തഫിഖ് ഫത്്വ) പ്രസ്താവിക്കുകയും ചെയ്തു. ‘ദീന്‍, ദീന്‍ ബിസ്മില്ലാ തുടങ്ങിയ അട്ടഹാസങ്ങള്‍ കൊണ്ട് കലാപകാരികള്‍ ബ്രിട്ടീഷുകാരുടെ തോക്കുകള്‍ക്കും ബയണറ്റുകള്‍ക്കും നേരെ ചാടി വീഴുകയായിരുന്നു’വെന്ന് ബ്രിട്ടീഷുകാരനായ എല്‍ ജെ ടോട്ടര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
അധിനിവേശ വിരുദ്ധ സമരങ്ങളില്‍ ഫത്്വകളുടെ പങ്ക് ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. ആദ്യകാല സമരങ്ങള്‍ക്ക് ഐക്യവും ആവേശവും നല്കിയത് മതാചാര്യന്മാരാണ്. ഇവരുടെ ഫത്്വകളും പടപ്പാട്ടുകളും സമരരംഗത്ത് നിറഞ്ഞുനിന്നു. കേരളത്തില്‍ അധിനിവേശവിരുദ്ധ സമരങ്ങളുടെ അധ്യായം തുടങ്ങുന്നത് പറങ്കികളോട് ചെറുത്തുനില്പ് നടത്തിയ കുഞ്ഞാലിമാരില്‍ നിന്നാണ്. ഇവര്‍ക്ക് സമരത്തിന് പ്രേരണ നല്കിയതാവട്ടെ അവരുടെ ആത്മീയാചാര്യനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമാണ്. മഖ്ദൂം എഴുതിയ തഹ്്രീള് എന്നറിയപ്പെടുന്ന യുദ്ധകാവ്യം സമരത്തിന് ആശയവും ആവേശവും നല്‍കി. കൊളോണിയലിസത്തിനെതിരെ മലബാറില്‍ പ്രചരിക്കപ്പെട്ട ചില പ്രധാന ഫത്്വകളെയും കാവ്യങ്ങളെയും പരിചയപ്പെടാം.
തഹ്‌രീള്
ലോകത്തെ ഒന്നാമത്തെ യൂറോപ്യന്‍ അധിനിവേശവിരുദ്ധ സമരത്തിന് ആരംഭം കറിച്ചത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമാണെന്നതില്‍ ഇന്ത്യക്കാര്‍ക്കൊക്കെയും പ്രത്യേകമായി കേരളീയര്‍ക്കും വിശേഷിച്ച് മുസ്ലിംകള്‍ക്കും അഭിമാനിക്കാം. മഖ്ദൂമിന്റെ അഭ്യര്‍ഥന കൂടി മാനിച്ചാണ് തന്റെ ആത്മീയ ശിഷ്യനായ കുഞ്ഞാലി മരയ്ക്കാര്‍ സാമൂതിരിയുടെ നാവികപ്പടക്ക് രൂപം കൊടുക്കുന്നത്. മുസ്ലിംകളെ സമരസജ്ജരാക്കാന്‍ മഖ്ദൂം അറബിഭാഷയില്‍ ഒരു യുദ്ധകാവ്യമെഴുതി. അധിനിവേശത്തിനെതിരെ എഴുതിയ ആദ്യത്തെ യുദ്ധകാവ്യവും ഇതുതന്നെ. തഹ്്രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബ്ദതിസ്സുല്‍ബാന്‍ അല്‍മര്‍ഗബതു ഫില്‍ജിനാന്‍ അല്‍മുന്‍ഖിദതു മിനന്നീറാന്‍ (നരകത്തില്‍ നിന്ന് മുക്തിയാവാനും സ്വര്‍ഗം ആശിക്കാനും വേണ്ടി കുരിശിന്റെ അടിമകള്‍ക്കെതിരെ വിശുദ്ധ യുദ്ധം നടത്താന്‍ വിശ്വാസികളെ പ്രേരിപ്പിക്കല്‍) എന്നാണ് 177 വരികളുള്ളകാവ്യത്തിന്റെ പേര്.
ഈ കാവ്യം എഴുതിയതെന്നാണെന്ന് കൃത്യമായി പറയാന്‍ കഴിയുന്നില്ല. 1502ല്‍ വാസ്‌കോഡ ഗാമയുടെ രണ്ടാംവരവിനെ തുടര്‍ന്നാകാനാണ് സാധ്യത. മുസ്ലിംകള്‍ക്ക് നേരെയുള്ള ആക്രമണം അന്നാണ് ശക്തിപ്പെടുന്നത്. പറങ്കികളുടെ ദുഷ്‌ചെയ്തികളെ കുറിച്ച് കാവ്യത്തില്‍ വിസ്തരിച്ച് പറയുന്നുണ്ട്. പറങ്കി ക്രൂരതകളെ കുറിച്ച് ഏറെ പറഞ്ഞതിനു ശേഷം മഖ്ദൂം പറയുകയാണ്: ”അവര്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങളും പറയാന്‍ നാവ് അറച്ചുപോകുന്നു. ”
പറങ്കികളോട് യുദ്ധം ചെയ്യാന്‍ മഖ്ദൂം ശക്തമായ ഭാഷയില്‍ മുസ്ലിംകളോട് ആഹ്വാനം ചെയ്യുന്നു: ”ആയുധം കൊണ്ടും സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും പറങ്കികളോട് യുദ്ധം ചെയ്യല്‍ ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ കടമയാണ്. അടിമകള്‍ക്ക് ഉടമകളുടെയും മക്കള്‍ക്ക് പിതാക്കളുടെയും ഇണകള്‍ക്ക് തുണകളുടെയും അനുവാദം കൂടാതെ തന്നെ യുദ്ധമുന്നണിയിലേക്ക് വരാം. നിസ്‌കാരത്തിന്റെ ഇടയില്‍ നിന്ന് പോലും യുദ്ധത്തിന്നിറങ്ങി വരിക. കുടുംബത്തിന്റെ വരുമാനത്തിന്ന് മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ പോലും മാറിനില്‍ക്കരുത്. ബലഹീനരായാലും നിരായുധരായാലും സാധ്യമായ കാലമത്രയും അവരോടേറ്റുമുട്ടണം.”
മുസ്ലിം സമുദായമേ, മുഹമ്മദ് നബിയുടെ സമുദായമേ, യുദ്ധവേദിയിലേക്ക് ധൈര്യപുര്‍വം കടന്നുവരിക. അല്ലാഹുവും സൃഷ്ടികളായ മനുഷ്യരും മൃഗങ്ങളും പക്ഷികളും ജന്തുക്കളും അതില്‍ സന്തോഷിക്കും. എന്ത് കഷ്ടനഷ്ടം വന്നാലും പറങ്കികളെ നേതൃത്വമേല്‍പിക്കരുത്.”
മുഹമ്മദ് നബിയുടെയും മതത്തിന്റെയും ശത്രുക്കള്‍ക്കെതിരെ ആഞ്ഞടിക്കുക. മതത്തെയും രാജ്യത്തെയും രക്ഷിക്കുക. അതുവഴി പരലോകത്തേക്കുള്ള സ്വത്തുക്കള്‍ സ്വരൂപിക്കുക. സ്വര്‍ഗം നേടുക. ഏതവസരത്തിലും മരണത്തെ പ്രതീക്ഷിക്കുക. നിങ്ങള്‍ ഭയപ്പെടേണ്ട. അല്ലാഹു സഹായിക്കും. പറങ്കികളുടെ കുരിശിനെ അവന്‍ പൊട്ടിച്ചു കളയും” യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിക്കാനുള്ള ആഹ്വാനം കാവ്യത്തിലുടനീളം കാണാം. ”യുദ്ധ വേളകളില്‍ മരിച്ചവരെ സാധാരണ മരിച്ചവരെ പോലെ കാണരുത്. അവര്‍ സ്രഷ്ടാവിന്റെ അതിഥികളാണ്. അതുകൊണ്ട് ആത്മത്യാഗത്തിന് തയാറാവുക.
രക്തസാക്ഷികളുടെ ആത്മാവുകളെ ദൈവം പച്ച നിറമുള്ള പക്ഷികളാക്കും. അവ സ്വര്‍ഗത്തില്‍ പാറിക്കളിക്കും. സ്വര്‍ഗത്തിലെ മധുരപ്പഴങ്ങള്‍ ഭുജിക്കും. സ്വര്‍ഗീയരുവികളില്‍ നിന്ന് വെള്ളം കുടിക്കും. രക്തസാക്ഷിയെ ദൈവം പാപമുക്തനാക്കും.” യുദ്ധത്തില്‍ പങ്കെടുക്കാതെ മാറിനിന്നാലുള്ള ദൈവീകശിക്ഷയും കാവ്യത്തില്‍ എണ്ണിപ്പറയുന്നുണ്ട്.
”യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ അല്ലാഹുവിന്റെ മുമ്പില്‍ നിന്ദ്യരാണ്. അവര്‍ ഭൗതികമായും പാരത്രികമായും നഷ്ടങ്ങള്‍ക്കിരയാവും. അവര്‍ നരകത്തില്‍ വെന്ത് കരിയും. മൂര്‍ദ്ധാവ് ചുണ്ടുകളില്‍ വന്ന് മുട്ടും. നരകത്തിലെ ചൂട് ഭൂമിയുടെ ചൂടിനെക്കാള്‍ അറുപത്തൊമ്പത് മടങ്ങ് കൂടുതലാണ്. വായിലൂടെ ഹമീം എന്ന ചൂടു വെള്ളം ഒഴിക്കും. അപ്പോള്‍ ഉള്ളിലുള്ള സര്‍വസ്വവും കത്തിക്കരിഞ്ഞ് മലദ്വാരത്തിലൂടെ പുറത്തുവരും. സ്വദീദ് എന്ന ദുര്‍ഗന്ധം വമിക്കുന്ന ജലം അവരെ കുടിപ്പിക്കും.”
സൈനുദ്ദീന്‍ രണ്ടാമന്‍ വിഖ്യാതമായ തുഹ്ഫതുല്‍ മുജാഹിദീന്‍ രചിക്കുന്നതിന് ഏതാണ്ട് എഴുപതു വര്‍ഷം മുമ്പാണ് പിതാമഹനായ സൈനുദ്ദീന്‍ ഒന്നാമന്‍ തഹ്്രീള് രചിച്ചത്. ഈ യുദ്ധകാവ്യത്തെ കുറിച്ച് വളരെക്കഴിഞ്ഞാണ് ആധുനിക ചരിത്രകാരന്‍മാരറിയുന്നത്.
തുഹ്ഫതുല്‍ മുജാഹിദീന്‍
കേരളത്തിലെ പ്രഥമ ചരിത്രഗ്രന്ഥമായി ഗണിക്കുന്ന തുഹ്ഫതുല്‍ മുജാഹിദീന്‍ പറങ്കികള്‍ക്കെതിരെ യുദ്ധം ചെയുന്നതിനുള്ള ആഹ്വാനം കൂടിയാണ്. ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ജിഹാദിന്റെ പ്രാധാന്യത്തെ ഊന്നിക്കൊണ്ടുള്ളതാണ്. തന്റെ പിതാമഹന്‍ എഴുതിയ തഹ്്രീളിന്റെ ഗദ്യാവിഷ്‌കാരമാണ് ഈ അധ്യായം. ചരിത്രകാരന്‍ മുഹമ്മദ് ഫിരിഷ്ത ഇതിന്റെ ഏതാനും ഭാഗം പേര്‍ഷ്യനിലാക്കി. ഇതേഭാഗം ആന്റേഴ്‌സണ്‍ ഇംഗ്ലീഷിലാക്കി. ഗ്രന്ഥത്തിന്റെ നാലാം ഭാഗം ഡി ലോപ് പോര്‍ച്ചുഗീസിലാക്കി. 1833ല്‍ എം. ജെ റൗലണ്ട്‌സണ്‍ പൂര്‍ണമായ ഇംഗ്ലീഷ് വിവര്‍ത്തനം കൊണ്ടുവന്നു. ലത്തീന്‍, ഫ്രഞ്ച്, സ്പാനിഷ്, ചെക്ക് ഭാഷകളിലൊക്കെ വിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. അമര്‍സണ്‍. ജെയിംസണ്‍, റോക്‌സ് തുടങ്ങിയവരും വിവിധ യൂറോപ്യന്‍ പതിപ്പുകളിറക്കി. ഇന്ത്യയില്‍ മുഹമ്മദ് ഹുസൈന്‍ നയ്‌നാന്‍, ശംസുല്ലാ ഖാദിരീ എന്നിവര്‍ യഥാക്രമം ഇംഗ്ലീഷിലും ഉര്‍ദുവിലും വിവര്‍ത്തനങ്ങളിറക്കി. മലയാളത്തില്‍ തന്നെ നാലു വിവര്‍ത്തനങ്ങള്‍ വന്നു. ന്യൂ ഡല്‍ഹിയിലെ നാഷണല്‍ മിഷന്‍ ഓഫ് മാനുസ്‌ക്രിപ്റ്റ്‌സ് ഹിന്ദി, ഉര്‍ദു, മലയാളം, അറബി ഭാഷകളിലായി വ്യാഖ്യാനങ്ങളോടെ തുഹ്ഫതുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിച്ചു. ഡോ കെ കെ എന്‍ കുറുപ്പ്, പ്രഫുല്ലകുമാര്‍ മിശ്ര എന്നിവരാണ് ഇതിന്റെ വിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ഒരു ചരിത്രകൃതി എന്ന നിലക്കാണ് ഇതിന് ഇത്രയധികം പ്രചാരം ലഭിച്ചത്.
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഒരു സമരനിര കെട്ടിപ്പടുക്കാനാണ് ഈ കൃതി രചിക്കുന്നത്. കൊളോണിയലിസത്തിന്റെ ഭീകരത സ്വന്തം നാട്ടുകാരെയും മുസ്ലിം രാജ്യങ്ങളെയും ബോധ്യപ്പെടുത്തുന്നതിനും യുദ്ധത്തിനായി ഒരു കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുന്നതിനുമാവണം ശൈഖ ് സൈനുദ്ദീന്‍ സഗീര്‍ ഈ കൃതി രചിച്ചത്. ശൈഖ് തന്നെ പറയട്ടെ: ”സത്യ വിശ്വാസികളെ കുരിശുപൂജകരായ പറങ്കികള്‍ക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ പ്രേരിപ്പിക്കകയെന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ഞാനിത് രചിച്ചത്. പറങ്കികള്‍ മുസ്ലിം പ്രദേശങ്ങള്‍ കടന്നാക്രമിക്കുക നിമിത്തം അവരോട് യുദ്ധം ചെയ്യേണ്ടത് ഓരോ മുസ്ലിമിന്റെയും വ്യക്തിപരമായ ബാധ്യതയായിതീര്‍ന്നതാണ് ഇതിന്റെ നിര്‍മിതിയുടെ സന്ദര്‍ഭം.” തുഹ്ഫതുല്‍ മുജാഹിദീന്‍ ഫീ ബഅ്‌സി അഖ്ബാരില്‍ ബുര്‍തുഗാലിയ്യീന്‍ (പോരാളികള്‍ക്ക് പറങ്കികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാരിതോഷികം) എന്നാണ് ഗ്രന്ഥത്തിന്റെ പൂര്‍ണനാമം.
1498 മുതല്‍ 1583 വരെയുള്ള പോര്‍ച്ചുഗീസ് ആക്രമണങ്ങളും അവയ്‌ക്കെതിരെ സാമൂതിരിയും മാപ്പിളമാരും നടത്തിയ പോരാട്ടങ്ങളും കൃതിയില്‍ അനാവരണം ചെയ്യുന്നുണ്ട്. ഡക്കാനിലെ സുല്‍ത്താന്‍ അലി ആദില്‍ ഷാക്കാണ് ഈ കൃതി അദ്ദേഹം സമര്‍പ്പിക്കുന്നത്. ‘ജിഹാദിനുള്ള പ്രചോദനവും അത് സംബന്ധിച്ച നിര്‍ദേശങ്ങളു’മാണ് ഗ്രന്ഥത്തിന്റെ ഒന്നാമധ്യായം. തഹ്്രീളില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പുസ്തകത്തിന്റെ ആദ്യഭാഗത്ത് മഖ്ദൂം സഗീര്‍ ആവര്‍ത്തിക്കുന്നത്. ഈ പുസ്തകം നിരോധിക്കപ്പെട്ടതിനാല്‍ ചിലരുടെ സ്വകാര്യശേഖരത്തില്‍ മാത്രം ഒതുങ്ങിയിരുന്നു.
(തുടരും)
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login