ഭാഗ്യവശാല്‍ മതമൂല്യങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമാകാന്‍ കഴിയുന്ന തരത്തിലായിരുന്നു കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ കടന്നുവരവ്. ഉത്തരേന്ത്യയില്‍ സംഭവിച്ചപോലെ അധിനിവേശമുഷ്‌ക്ക് ഇസ്ലാമിക സ്വത്വത്തില്‍ ഇവിടെ കരിനിഴല്‍ വീഴ്ത്തിയില്ല. കച്ചവടക്കാരായ അറബികളിലൂടെയായിരുന്നല്ലോ പ്രവാചകകാലത്തുതന്നെ മുസ്ലിം സമുദായത്തെ മലയാളി പരിചയപ്പെട്ടത്. കച്ചവടം കൊണ്ടുവരുന്ന ഐശ്വര്യം അന്നുമുതലേ മുസ്ലിമിനെ ശുഭസൂചകമായി നാട്ടുകാരുടെ മനസ്സില്‍ കുടിയിരുത്തി. സമ്പത്തുമായുള്ള ബന്ധത്താലാണ് മാപ്പിള നല്ല ശകുനമാണെന്ന വിശ്വാസം കേരളക്കരയില്‍ പ്രചരിച്ചത്. അതോടൊപ്പം പാതയോരങ്ങളില്‍പോലും നടത്തപ്പെടുന്ന നിസ്‌കാരം ആശ്ചര്യകരമായ ആകര്‍ഷണവും ആളുകളില്‍ വളര്‍ത്തി. അങ്ങനെയെല്ലാമായിരിക്കാം സാക്ഷാല്‍ ചേരമാന്‍ പെരുമാള്‍ പോലും മക്കത്ത് പോയി കലിമ ചൊല്ലിക്കളയാമെന്ന് തീരുമാനിച്ചത്.
ഭൗതികസമ്പത്തിന് പിറകെ സാന്മാര്‍ഗികവും ധൈഷണികവുമായ സമ്പത്തുകളും ക്രമേണ ഇസ്ലാമിനെ പിന്‍പറ്റിയെത്തി. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഉന്നതശീര്‍ഷനായ മതമൂല്യസ്ഥാപകനായിരുന്നു, സര്‍വരാലും ആദരിക്കപ്പെട്ട ആത്മീയാചാര്യനായിരുന്നു. വിളക്കത്തിരുത്തല്‍ എന്ന വിജ്ഞാന ആര്‍ജ്ജന പരിപാടിക്ക് പൊന്നാനിയില്‍ അദ്ദേഹം തുടക്കംകുറിച്ചു. പ്രഥമ കേരള ചരിത്ര ഗ്രന്ഥങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന തുഹ്ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍. കണ്‍കണ്ട സാമ്രാജ്യത്വവിരുദ്ധനും രാജ്യസ്നേഹിയുമായിരുന്ന അദ്ദേഹം സാമൂതിരി രാജാവിനു വേണ്ടി അന്തര്‍ദേശീയ പിന്തുണ വരെ സ്വരൂപിക്കാന്‍ ശ്രമിച്ചു. പതിയെപ്പതിയെ വളര്‍ന്നുവന്ന മുസ്ലിം സമൂഹവുമായുള്ള സൗഹൃദമാണ് സാമൂതിരിയെ ലോകത്തിലെ സഹമതസ്നേഹത്തിന്റെ നിസ്തുലപ്രതീകമായി ഉയര്‍ത്തിയത്. തന്റെ നാവികസേനയുടെ അധിപനായി കുഞ്ഞാലി മരക്കാരെ അദ്ദേഹം നിയോഗിച്ചു. കടലോരത്തെ ഓരോ മുക്കുവകുടുംബങ്ങളിലും ഒരാളെങ്കിലും ഇസ്ലാം മതം സ്വീകരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. മുസ്ലിംകള്‍ അഞ്ചുനേരം തെറ്റാതെ നിസ്‌കരിക്കുന്നില്ലേ എന്ന കാര്യത്തില്‍ ഹിന്ദുരാജാവായ സാമൂതിരിക്കായിരുന്നു കൂടുതല്‍ ബേജാറ്.
പെരുമാളില്‍ നിന്നും രാജാവില്‍ നിന്നും തുടങ്ങി പ്രജകള്‍ വരെ നീളുന്ന സഹമതസ്നേഹം ആശ്ചര്യകരമായ ഹിന്ദു-മുസ്ലിം സംയോജനമാണ് കേരളത്തില്‍, വിശേഷിച്ച് മലബാറില്‍ സൃഷ്ടിച്ചത്. മമ്പുറം തങ്ങളും കോന്തുനായരും തമ്മിലുള്ള ബന്ധം സുവിദിതമാണല്ലോ. പള്ളി കെട്ടാന്‍ നമ്പൂതിരിമാര്‍ സ്ഥലം കൊടുക്കലും ക്ഷേത്രനിര്‍മിതിക്ക് മുസ്ലിംകള്‍ ശ്രമദാനം നടത്തലും പെങ്ങളുടെ കല്യാണത്തിന് ജേഷ്ഠാനുജന്മാര്‍ ഒത്തുപിടിക്കുന്ന പോല നാട്ടില്‍ സര്‍വസാധാരണമായി. ചില ഹിന്ദുക്ഷേത്രങ്ങളില്‍ ഉത്സവം കുറിച്ചിരുന്നത് സമീപസ്ഥ മുസ്ലിം കുടുംബങ്ങളുടെ മുന്‍കൂര്‍ അനുവാദത്തോടെയായിരുന്നു. കാരണം അവര്‍ക്കും ആഘോഷനടത്തിപ്പില്‍ പ്രത്യേക അവകാശങ്ങളുണ്ട്.
ആചാരാനുഷ്ഠാനങ്ങള്‍ അടക്കമുള്ള സാംസ്‌കാരിക പാരമ്പര്യങ്ങള്‍ ദൈവദത്തമായി സ്വീകരിക്കുക എന്ന ഇസ്ലാമികാഹ്വാനത്തിന്റെ ഉല്‍പ്പന്നമാണല്ലോ സത്യത്തില്‍ ഇന്ത്യയില്‍ മുള പൊട്ടിയ സൂഫിസരണി. ആ സൂഫിസരണിയുടെ ആത്മാവ് ആവാഹിച്ചതിനാലാണ് മതം മാറിയ കമലാസുരയ്യ താന്‍ തന്റെ കൃഷ്ണനെയും കൊണ്ടാണ് ഇസ്ലാമിലേക്ക് പോകുന്നതെന്ന് പറഞ്ഞത്. ഔപചാരികമായ സൂഫിസം അസന്നിഹിതമാണെങ്കിലും അതിന്റെ ആത്മസത്തയിലൂടെ കേരള മുസ്ലിം സമൂഹം ബഹുദൂരം സഞ്ചരിച്ചിട്ടുണ്ട്. പുണ്യാത്മാക്കളുടെ നാമധേയത്തിലുള്ള ദര്‍ഗകളും ജാറങ്ങളും തല്‍സംബന്ധിയായ നേര്‍ച്ചകളും അതിന്റെ ഉത്തമദൃഷ്ടാന്തമാണ്. ഇത്തരം ഇടങ്ങളെല്ലാം തദ്ദേശീയ സംസ്‌കാരത്തിന്റെ സ്വാംശീകരണക്കളരികളുമായി. തങ്ങള്‍ക്ക് സ്നേഹാദരവുള്ളവരുടെ ഖബര്‍സ്ഥാനുകള്‍ സന്ദര്‍ശിച്ചപ്പോള്‍ മൂന്നു തരത്തിലാണ് വിശ്വാസികള്‍ക്ക് ഗുണഫലം ലഭിച്ചത്. ഒന്നാമതായി, സച്ചരിതരായ മഹത്തുക്കളെക്കുറിച്ചുള്ള ഓര്‍മ അവരെ കൂടുതല്‍ ദൈവോന്മുഖരാക്കി. രണ്ടാമതായി, സ്മരണയാല്‍ സംപ്രീതരാക്കപ്പെട്ട മഹത്തുക്കള്‍ തങ്ങളുടെ ശയ്യ സന്ദര്‍ശിക്കാനെത്തിയ കുഞ്ഞുമക്കള്‍ക്ക് വേണ്ടി പ്രപഞ്ചേശ്വനോട് പ്രാര്‍ഥിച്ചു. അവനവന് വേണ്ടിയുള്ള പ്രാര്‍ഥനയെക്കാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയാണ് ദൈവം കൂടുതല്‍ സ്വീകരിക്കുക എന്ന തത്വം ദര്‍ഗകളിലേക്കും ജാറങ്ങളിലേക്കുമുള്ള വിശ്വാസികളുടെ വരവുകളെ ഇസ്ലാമികമാക്കി. മൂന്നാമതായി, ദര്‍ഗകളോടും ജാറങ്ങളോടും അനുബന്ധിച്ചുള്ള നേര്‍ച്ചോത്സവങ്ങള്‍ സഹമതസ്ഥരുമായി കൂടുതല്‍ സംലയിക്കാനുള്ള അവസരം മുസ്ലിംകള്‍ക്ക് നല്‍കി. മദീനക്ക് സമാനമായൊരു മാതൃകാസമൂഹം കേരളക്കരയില്‍ സൃഷ്ടിക്കപ്പെട്ടു. അതേസമയം ദൈവത്തെ മറന്ന് പുണ്യാത്മാക്കളെ ആരാധിക്കാതിരിക്കാനും ദര്‍ഗകളെയും ജാറങ്ങളെയും ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസക്കെണിയില്‍ വീഴാതിരിക്കാനും ഇസ്ലാമികപണ്ഡിതര്‍ വിശ്വാസിസമൂഹത്തെ ജാഗ്രതപ്പെടുത്തുകയും ചെയ്തു.
മതമൂല്യങ്ങളില്‍ പതറാതെ തന്നെ ദര്‍ഗകളിലും ജാറങ്ങളിലും നേര്‍ച്ചകളിലും ആഘോഷിക്കപ്പെട്ട അനുവദനീയ സ്വാതന്ത്ര്യം അസാധ്യമായ വേരുറപ്പും സ്വന്തപ്പെടലുമാണ് മുസ്ലിം സമുദായത്തിന് കേരളത്തില്‍ നല്‍കിയിട്ടുള്ളത്. നിങ്ങള്‍ നിങ്ങളും ഞങ്ങള്‍ ഞങ്ങളുമാണെങ്കിലും നിങ്ങളും ഞങ്ങളും ചേര്‍ന്നൊരു നമ്മളുണ്ടെന്ന പാഠം ആ സംസ്‌കാരികപാത നാട്ടിലെ ഭൂരിപക്ഷ- ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കി. അങ്ങനെയാണ് ലോകത്ത് ഒരിടത്തുമില്ലാത്തവിധത്തില്‍ ‘ഷേര്‍ഡ് സ്പേസസ് ബിറ്റ്്വീന്‍ റിലീജ്യന്‍സ്’ കേരളത്തില്‍ സംജാതമായത്.
നമ്മളൊന്ന് എന്ന വികാരം കേരളത്തിലെ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ പങ്കുവെച്ചതിന്റെ സാക്ഷ്യമാണ് സാമ്രാജ്യത്വശക്തികള്‍ക്കെതിരായ ജനസാമാന്യത്തിന്റെ ഐക്യപ്പെടലിലും കാണാന്‍ കഴിയുക. മഹാത്മജി ഖിലാഫത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ട താമസം കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെ ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയും മറ്റും ഏറനാട്ടില്‍ സമരോത്സുകരായി. ചില വര്‍ഗീയ പരിഷകള്‍ പ്രചരിപ്പിക്കുന്ന പോലെ ഹിന്ദുസമുദായത്തിനെതിരായിരുന്നില്ല, സാമ്രാജ്യത്വത്തിനെതിരായിരുന്നു അവരുടെ പോരാട്ടം. മലബാര്‍ സമരക്കാരാല്‍ ആദ്യം വധിക്കപ്പെട്ടത് ബ്രിട്ടീഷ് പിണിയാളായ അധികാരി ചേക്കുട്ടിയായിരുന്നു എന്നതു തന്നെ പ്രധാനതെളിവ്. തന്നിഷ്ടപ്രകാരമല്ല, ഹിന്ദുക്കളുടെ പിന്തുണയോടെയായിരുന്നു ഖിലാഫത്തുകാരുടെ ഓരോ നീക്കങ്ങളും. പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്റെ തറവാട്ടില്‍ വെച്ച് പൂന്താനം നമ്പൂതിരി, കാപ്പാട് കൃഷ്ണന്‍ നായര്‍, എം പി നാരായണ മേനോന്‍ തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ നടന്ന യോഗമായിരുന്നു വെള്ളപ്പട്ടാളവുമായുള്ള പാണ്ടിക്കാട് യുദ്ധതീരുമാനം പോലും എടുത്തത്. ഏതുപ്രക്ഷോഭത്തിലുമെന്ന പോലെ പാളിച്ചകളും സാമൂഹ്യവിരുദ്ധരുടെയും എതിര്‍പക്ഷ ചാരന്മാരുടെയും നുഴഞ്ഞുകയറ്റവും ഖിലാഫത്ത് സമരത്തിലും സംഭവിച്ചിട്ടുണ്ട്. അത്തരക്കാര്‍ നടത്തിയ ഹിന്ദുവിരുദ്ധ നീക്കങ്ങളെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി തള്ളിപ്പറഞ്ഞിട്ടുണ്ട്, അവരെ കഠിനമായി ശിക്ഷിച്ചിട്ടുണ്ട്. വഴി പിഴക്കുന്നെന്ന് തോന്നിയപ്പോള്‍ ഇങ്ങോട്ട് കടക്കേണ്ടെന്ന് സമരക്കാരെ പൊന്നാനി തങ്ങളും മറ്റും വിലക്കിയിട്ടുമുണ്ട്. എന്നാല്‍ സാമ്രാജ്യത്വ ശിങ്കിടികള്‍ മലബാര്‍സമരത്തെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ പരമാവധി പണിയെടുത്തു. ചില സവര്‍ണ മാടമ്പികളും അവര്‍ക്ക് കൂട്ടുനിന്നു. എന്നിട്ടും കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥാപകനും പരമസാത്വികനുമായ പി എസ് വാരിയരെപ്പോലുള്ള ഹിന്ദുക്കള്‍ ഖിലാഫത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സമൂഹത്തിന്റെ അബോധ പ്രജ്ഞയുടെ തിരിച്ചറിവു കൊണ്ടായിരിക്കാം അധികാരസ്ഥാനികളുടെ പ്രചണ്ഡമായ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ശേഷവും മലബാറിലെ ഹിന്ദുക്കളും മുസ്ലിംകളും പൂര്‍വാധികം ഇണങ്ങിച്ചേര്‍ന്നത്. മലബാര്‍ കലാപം കടുത്ത അനര്‍ഥങ്ങള്‍ ഉണ്ടാക്കിയെന്ന ശ്രുതി പുറംനാടുകളില്‍ മാത്രമാണ് നിലനിന്നത്. അതിന്റെ ദൃഷ്ടാന്തമാണ് മലബാറിലെ എഴുത്തുകാരുടെ കൃതികളില്‍ ചിത്രീകരിക്കപ്പെട്ട ഊഷ്മളമായ ഹിന്ദു-മുസ്ലിം ബന്ധങ്ങള്‍. ചരിത്രഗ്രന്ഥങ്ങള്‍ കളവ് പറഞ്ഞാലും സാഹിത്യം പൊതുവേ അത് ചെയ്യാറില്ലല്ലോ. ഇടശ്ശേരിയുടെ ഇസ്ലാമിന്റെ വന്മല, ഉറൂബിന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എം ടി യുടെയും എം ഗോവിന്ദന്റെയും ഈയുള്ളവന്റെയും കൃതികള്‍ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ എടുത്തുകാട്ടാവുന്നതാണ്. നന്മയുടെയും മൂല്യങ്ങളുടെയും പ്രതിനിധാനമായി മുസ്ലിം കഥാപാത്രങ്ങള്‍ സാഹിത്യരചനകളില്‍ പ്രത്യക്ഷപ്പെട്ടത് പൊതുസമൂഹത്തിന് അവരോടുള്ള സ്നേഹാദരങ്ങളാണ് സൂചിപ്പിക്കുന്നത്.
പരസ്പരമുള്ള സ്നേഹവും സഹകരണവും സാഹിത്യത്തില്‍ മാത്രമല്ല ജീവിതത്തിലും ഹിന്ദുവും മുസ്ലിമും തുടര്‍ന്നുപോന്നു. പെരുന്നാളിനും ഓണത്തിനും അവര്‍ വിഭവങ്ങള്‍ കൈമാറി. അയമുട്ട്യാക്ക ഗോപാലന്‍കുട്ടിക്കും എഞ്ചിനീയര്‍ പത്മനാഭന്‍ തഞ്ചത്തില്‍ പരീതിനും ഗള്‍ഫിലേക്ക് വിസ ശരിയാക്കിക്കൊടുത്തു. സുഹൃത്ത് സതീശന്റെ മൂത്തസഹോദരിയുടെ വിവാഹത്തിന് ആത്മമിത്രമായ ശര്‍ഫുദ്ദീന്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു. ബന്ധക്കാര്‍ പിറകെ നടന്നിട്ടും രാഘവന്‍ നായര്‍ തനിക്ക് കിട്ടിയ തറവാട്ടുപറമ്പ് കളിക്കൂട്ടുകാരന്‍ കുഞ്ഞഹമ്മദിന്റെ മക്കള്‍ക്ക് വിറ്റു. ഈ സംസ്‌കാരധാരയുടെ ഏതോ കാലസന്ധിയില്‍ വെച്ചായിരുന്നു അച്ഛന്‍ മരിച്ച കുട്ടിയായി കാണ്‍പൂരില്‍ നിന്ന് പൊന്നാനിയില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്. അയലത്തെ അബ്ദുല്ലാജിയുടെ വീട് എനിക്ക് കളിസ്ഥലവും മക്കള്‍ കളിക്കൂട്ടുകാരുമായി. നോമ്പെടുക്കാതെ തന്നെ റമളാന്‍ മാസത്തില്‍ മുപ്പത് നോമ്പുതുറകള്‍ ഞാന്‍ ആഘോഷിച്ചു. നബിയുടെ കല്‍പ്പന പരിപാലിച്ചുകൊണ്ട് സ്വന്തം മക്കളോടുള്ളതിനെക്കാള്‍ പരിഗണന അനാഥസമാനനായ എന്നോട് അബദുല്ലാജി കാണിച്ചു.
വിദ്യാഭ്യാസ സംരംഭങ്ങള്‍ മുസ്ലിം സമുദായത്തില്‍ ഊര്‍ജ്ജസ്വലമായ മുതല്‍ ആമിനക്കുട്ടിമാര്‍ക്ക് ഹിന്ദുസ്നേഹിതകള്‍ക്കൊപ്പം കോളജില്‍ പഠിക്കാന്‍ കഴിഞ്ഞു. എന്‍ട്രന്‍സ് പരീക്ഷാഫലത്തില്‍ അടുത്തടുത്ത റാങ്കുകള്‍ വന്നപ്പോള്‍ സുഹൃത്തുക്കളായ സൈനുദ്ദീനും സുദേവന്‍ നമ്പൂതിരിയും കെട്ടിപ്പിടിച്ച് ആഹ്ലാദക്കണ്ണീര്‍ പൊഴിച്ചു. പ്രൊഫഷണായി ബി ജെ പി രാഷ്ട്രീയം കൊണ്ടുനടക്കുമ്പോഴും പി എസ് ശ്രീധരന്‍ പിള്ളയെപ്പോലുള്ളവര്‍ റമളാന്‍ കാലത്ത് പത്ത് ഇഫ്ത്താര്‍ പാര്‍ട്ടികളിലെങ്കിലും പങ്കെടുത്തു.
ഇങ്ങനെയൊക്കെയാണെങ്കിലും സാമ്രാജ്യത്വം പാകിപ്പോയ വിഷവിത്തുകള്‍ പറ്റെ വിട്ടുപോയിരുന്നില്ല. കുശുകുശുപ്പുകളിലൂടെയും കള്ളക്കഥകളിലൂടെയും അവ കൊത്തും കൈക്കോട്ടും ഏല്‍ക്കാത്ത ഇടങ്ങളില്‍ പടര്‍ന്നുപന്തലിച്ചു. ചിലര്‍ ടിപ്പുവിന്റെ കാലം മുതല്‍ക്ക് തന്നെ വര്‍ഗീയവള്ളികള്‍ പടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. 1921 ല്‍ സാമൂഹ്യവിരുദ്ധരാല്‍ അക്രമിക്കപ്പെട്ട ഹിന്ദുകുടുംബങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പുറമെ ജന്മമെടുക്കാതെ തന്നെ രക്തസാക്ഷിത്വം വരിച്ച ഹിന്ദുകുടുംബങ്ങളെയും നിര്‍മിക്കപ്പെടാതെ തന്നെ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെയും ചിലര്‍ സങ്കല്‍പ്പത്തില്‍ പടച്ചുണ്ടാക്കി. ദുഷ്ടലാക്കോടെ മെനയപ്പെട്ട കഥകളുടെ പരമോന്നതസ്വരൂപം നമ്പൂതിരിയായ ജന്മിയുടെയും കാര്യസ്ഥനായ മൊയ്തീന്റേതുമായിരുന്നു. ആണ്‍കുട്ടികളില്ലാത്ത നമ്പൂതിരിക്ക് മൊയ്തീന്‍ പുത്രതുല്യനായിരുന്നുവത്രെ. ഒരു ദിവസം മലബാര്‍ കലാപക്കാര്‍ അദ്ദേഹത്തെ ആക്രമിച്ച് ബന്ധനസ്ഥനാക്കിയത്രെ. നമ്പൂതിരിയുടെ തല കൊയ്യാന്‍ അവര്‍ വാളോങ്ങുന്ന വേളയില്‍ ചെയ്യല്ലേ ചെയ്യല്ലേ എന്ന് അലറിവിളിച്ച് മൊയ്തീന്‍ ഓടിയെത്തിയത്രെ. നമ്പൂതിരി സമാശ്വാസത്തിന്റെ സന്തോഷാശ്രു പൊഴിച്ചുവത്രെ. ഉടവാള്‍ ലഹളക്കാരുടെ കയ്യില്‍ നിന്ന് പിടിച്ചുവാങ്ങിയ മൊയ്തീന്‍ ഇങ്ങനെ പറഞ്ഞുവത്രെ.
‘ഇത്രകാലം എന്നെ അന്നമൂട്ടി വളര്‍ത്തിയ തിരുമേനിയാണ്. അദ്ദേഹത്തിന്റെ തല ജിഹാദിന് വേണ്ടി അറുക്കാന്‍ എനിക്കാണ് അവകാശം.’
നിമിഷങ്ങള്‍ക്കകം ആ പിതൃസ്വരൂപത്തിന്റെ ശിരസ്സ് കഴുത്തറ്റ് വീണുവത്രെ.
നൂറ്റാണ്ടുകള്‍ പടുത്തുയര്‍ത്തിയ സഹമതസ്നേഹത്തിന്റെ സംസ്‌കാരത്തിന് ഇത്തരം വികൃതഭാവനകള്‍ ഏല്‍പ്പിച്ച പരിക്കുകള്‍ ചില്ലറയായിരുന്നില്ല.
എന്തൊക്കെ പറഞ്ഞാലും ‘ഞമ്മന്റെ’ മതമാണ് മുസ്ലിംകള്‍ക്ക് വലുതെന്ന് സൂചിപ്പിച്ചാണ് ഹിന്ദുവര്‍ഗീയവാദികള്‍ പലപ്പോഴും അവര്‍ക്കെതിരെ കാലുഷ്യം ഉല്‍പ്പാദിപ്പിക്കാറുള്ളത്. ഈ മിന്നല്‍പ്രയോഗം നിഷ്‌കളങ്കരായ ഹിന്ദുക്കളില്‍ എളുപ്പത്തില്‍ ഏശുകയും ചെയ്യാറുണ്ട്. എന്തെന്നാല്‍ മുസ്ലിംകള്‍ പൊതുവെ തങ്ങളുടെ മതപരമായ ആചാരനുഷ്ഠാനങ്ങള്‍ ചിട്ടയോടെ പരിപാലിക്കുന്നവരാണ്. ഹിന്ദുക്കള്‍ ഭൂരിപക്ഷവും അങ്ങനെയല്ല. ചിട്ടകള്‍ തെറ്റിക്കുന്നതാണ് അവരുടെ ചിട്ട. അങ്ങനെ വരുമ്പോള്‍ സഹമതസ്ഥരുടെ സ്വമതകാര്യങ്ങളിലെ ജാഗരൂകത ഹിന്ദുക്കളെ അസ്വസ്ഥരും അസഹിഷ്ണുക്കളുമാക്കുന്നു. ഇതിന് പകരം തങ്ങളുടെ മതപരമായ രീതികള്‍ നിഷ്ഠയോടെ പിന്തുടരുകയാണ് അവര്‍ സത്യത്തില്‍ ചെയ്യേണ്ടത്. ഹൃദ്യവും മനോഹരവും അര്‍ഥവത്തുമായ എത്രയോ ആചാരവഴികള്‍ ഹൈന്ദവതയിലുണ്ടുതാനും. ഇതെല്ലാം അവരെ ബോധ്യപ്പെടുത്തി നേരായ വഴിക്ക് നയിക്കാന്‍ പ്രഗത്ഭമായ നേതൃത്വമില്ലാത്തതാണ് പ്രശ്നം. ശിവനിലൂടെ, കണ്ണാടിയിലൂടെ, സത്യം- ധര്‍മം- ദയ- സ്നേഹം എന്നീ വാക്കുകളിലൂടെ പടിപടിയായി ഉയര്‍ന്ന് പരമമായ അഖണ്ഡാവബോധ പ്രതിഷ്ഠയിലേക്കുള്ള ശ്രീനാരായണ ഗുരുവിന്റെ മാര്‍ഗമെല്ലാം എത്ര മഹത്തരമാണ്. പക്ഷേ ഹിന്ദുമത പ്രതിനിധികളായി അവരെ സമീപിക്കുന്നവര്‍ ഹൈന്ദവതയുടെ ഉദാത്തമായ തത്വങ്ങളോ പാന്ഥാവുകളോ പരിചയപ്പെടുത്താറില്ല. പകരം വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്നു. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ അസൂയയും കുശുമ്പും വിദ്വേഷവും ഇഷ്ടം പോലെ കുത്തിവെക്കുന്നു. സ്വന്തം ഭാര്യയെ സ്നേഹിക്കുന്നതിന് പകരം ബീടരെ പൊന്നുപോലെ നോക്കുന്ന അയല്‍ക്കാരനെ നോക്കി ആഭാസം കാണിക്കുന്നവരായി നിര്‍ഭാഗ്യവശാല്‍ പല ഹിന്ദുക്കളും മാറിപ്പോകുന്നു.
മുസ്ലിംകളെക്കുറിച്ചുള്ള ഞമ്മന്റെ ആള്‍ക്കാരെന്ന കുറ്റാരോപണത്തിന് സമുദായത്തിനകത്തെ ചില ശക്തികള്‍ തന്നെ വളംവെച്ചു കൊടുക്കാറുമുണ്ട്. മതരംഗത്ത് ട്രേഡ്യൂണിയനിസം കളിച്ച് ആളെക്കൂട്ടാന്‍ മുതിരുന്ന ചില സംഘടനകളാണ് ഇവിടെ വില്ലന്മാര്‍. സ്വന്തം മതമാഹാത്മ്യം പൊലിപ്പിക്കുന്ന ബദ്ധപ്പാടില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ സഹമതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളെ കൊച്ചാക്കിക്കാട്ടുന്നു. അല്‍ബഖറ സൂറത്തിന്റെ സത്തയെ വിസ്മരിക്കുന്ന സംവാദവേദികളിലെ അവരുടെ പ്രകടനങ്ങള്‍ പ്രച്ഛന്നമായ അപരനിന്ദയില്‍ കലാശിക്കുന്നു. ഇതെല്ലാം പിടിച്ചെടുക്കുന്ന ഹിന്ദുക്കളില്‍ മിക്കവര്‍ക്കും സ്വധര്‍മത്തിന്റെ താത്വികമാനങ്ങള്‍ അജ്ഞാതമായതിനാല്‍ അറിവില്ലായ്മ കൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളെന്ന് മാപ്പാക്കാനും കഴിയുന്നില്ല. അതുകൊണ്ട് വിഷലിപ്തമായ മുസ്ലിം വിദ്വേഷത്തിലും വെറുപ്പിലും അവരുടെ മനസ്സ് അഭയം തേടുന്നു.
സര്‍വ വിദ്വേഷത്തിനും കാലുഷ്യത്തിനും വേരോട്ടം കിട്ടുന്നതാണല്ലോ ഫൈനാന്‍സ് കാപ്പിറ്റലിസത്തിന്റെ ഇന്നത്തെ പ്രത്യയശാസ്ത്ര പരിസരവും. മറ്റുള്ളവര്‍ മുഴുവന്‍ മത്സരികളാകുമ്പോള്‍, തങ്ങളുടെ മോഹഭംഗങ്ങള്‍ക്ക് സകലരും ഒരു ശത്രുവിനെ തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍, ഒരു കാരണം തടഞ്ഞുകിട്ടുകയേ വേണ്ടു. പല വഴിക്കും തിടം വെച്ചുവളരുന്ന അനിഷ്ടങ്ങള്‍ മുസ്ലിംകള്‍ക്കെതിരായ എന്തും തൊണ്ട തൊടാതെ വിഴുങ്ങാനുള്ള മാനസികാവസ്ഥയിലേക്ക് കുറേയധികം ഹിന്ദുക്കളെ എത്തിക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും ഉന്നത ഉദ്യോഗമണ്ഡലത്തിലും ബിസിനസ് തുറയിലും മുസ്ലിംകള്‍ സൃഷ്ടിക്കുന്ന മുന്നേറ്റം പ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. കടുത്ത മുസ്ലിംവിരുദ്ധതയെ മാന്യന്മാര്‍ പ്രകടമായി പിന്തുണക്കില്ലെങ്കിലും മൗനത്താലോ കുസൃതിച്ചിരിയാലോ അംഗീകരിക്കുന്നതിന് പിറകിലെ മനഃശാസ്ത്രം ഇതാണ്.
വിഭജന രാഷ്ട്രീയക്കാര്‍ ഇറക്കുമതി ചെയ്യുന്ന ഗുജറാത്ത് ബ്രാന്‍ഡ് സോഷ്യല്‍ മീഡിയാ നുണകള്‍ക്ക് അതുകൊണ്ട് ഇന്ന് കേരളത്തിലും കസ്റ്റമേഴ്സുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ പല സാമൂഹ്യപ്രതികരണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. പണ്ടെല്ലാം സഹമത സ്നേഹിയാകുക എന്നത് ഒരു ഹിന്ദുവിന്റെ തലയിലെ പൊന്‍തൂവലായിരുന്നു. ഇസ്ലാമിക വഴിയിലൂടെയും ഈശ്വരസാക്ഷാല്‍ക്കാരത്തിന് മുതിര്‍ന്നവനാണ് ശ്രീരാമകൃഷ്ണ പരമഹംസരെന്ന് ആത്മാഭിമാനത്തോടെയായിരുന്നു രാമകൃഷ്ണ മിഷനിലെ സ്വാമിമാര്‍ പറഞ്ഞിരുന്നത്. ഇന്ന് പറയുമോ? കരുണാവാന്‍ നബി മുത്തുരത്നമോ എന്ന് പാടിയപ്പോള്‍ ശ്രീനാരായണഗുരുവിന്റെ മഹത്വം ഹിമാലയം കയറി. ഇടശ്ശേരിയുടെ ഇസ്ലാമിന്റെ വന്മലയും ഉറൂബ് കൃതികളിലെ ഹിന്ദു-മുസ്ലിം ബന്ധവും മറ്റും എത്ര ഉദാത്തമായാണ് കൊട്ടിഘോഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പൊന്നാനിക്കളരിക്കാരന്‍ തന്നെയായ ഞാന്‍ കടലുണ്ടിയില്‍ രാമനെ രക്ഷിക്കാന്‍ ശ്രമിച്ച് മരണമടഞ്ഞ അബ്ദുറഹിമാന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ച് ഇതാണ് ഇസ്ലാം എന്ന് എഴുതിയപ്പോള്‍ ഏതാണ് ഇസ്ലാം എന്ന് ചിലര്‍ക്ക് സംശയമുണ്ടായി. അത് മുസ്ലിം പ്രീണനമായി. ഗള്‍ഫ് പത്തിരിയും പുരസ്‌കാരങ്ങളും കൈക്കലാക്കാനുള്ള കുതന്ത്രവുമായി.
എന്തിന്, ഹൈന്ദവ തത്വങ്ങളെക്കുറിച്ച് സമാന്യം നല്ല ബോധമുള്ള സ്വാമി ചിദാനന്ദപുരിക്ക് പോലും തന്റെ പ്രസംഗം രുചിക്കപ്പെടണമെങ്കില്‍ നിവേദ്യത്തില്‍ തീര്‍ഥമെന്ന പോലെ അല്‍പ്പം മുസ്ലിം വിദ്വേഷം തൂളിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
അപ്പോഴും മുസ്ലിംകള്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നതും തങ്ങള്‍ അവരുമായി സ്നേഹത്തോടെ സഹകരിച്ചുകൊണ്ടിരിക്കുന്നതും നാട്ടിലെ ഹിന്ദുക്കള്‍ മനസ്സിലാക്കുന്നുണ്ട്. മുസ്ലിം വിരുദ്ധപ്രചരണങ്ങള്‍ അര്‍ഥശൂന്യമല്ലേയെന്ന് അവര്‍ ചിലപ്പോഴെങ്കിലും ചിന്തിക്കുന്നുമുണ്ട്. കേരളത്തിലെ ഹിന്ദുക്കളുടെ ഈ വിരുദ്ധഭാവത്തെ നേരിടാനായിരിക്കാം ഇപ്പോള്‍ പുതിയൊരു തത്വശാസ്ത്രം ഹിന്ദുത്വഫാഷിസ്റ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അതുപ്രകാരം ‘മുസ്ലിംസ് ഏസ് ഇന്‍ഡിവിജ്വല്‍സ് ഓക്കെയാണത്രെ, ലൗവബിള്‍ ആണത്രെ’, പക്ഷേ ‘ഏസ് എ ഗ്രൂപ്പ് ഓര്‍ ഏസ് എ കമ്മ്യൂണിറ്റി അവര്‍ ഡേഞ്ചറസ് ആണത്രെ’. വെരി ഗുഡ്. നിങ്ങള്‍ക്ക് അയല്‍ക്കാരന്‍ അബ്ദുല്‍ അസീസും ഭാര്യ സുഹറയുമായി സ്നേഹസൗഹൃദങ്ങള്‍ പങ്കിടാം. ഓണത്തിനും പെരുന്നാളിനും വിഭവങ്ങള്‍ കൈമാറാം. പക്ഷേ വര്‍ഗീയസംഘര്‍ഷങ്ങള്‍ വരുമ്പോള്‍ ‘മോബിന്റെയോ’ ‘കമ്മ്യൂണിറ്റിയുടെയോ’ ഭാഗമായി അവരെയും കണ്ട് കാച്ചിക്കളയാന്‍ മടിക്കരുത് എന്നര്‍ഥം.
ഏതായാലും നിര്‍ഭാഗ്യകരമായ ഈ സ്ഥിതിവിശേഷത്തെ വിധി വിഹിതമായി സ്വീകരിക്കാന്‍ കേരളക്കരക്ക് സാധ്യമല്ല. വര്‍ഗീയപ്പോരുകള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ ഉത്തരേന്ത്യയിലേതിനെക്കാള്‍ പരിതാപകരമാകും നമ്മുടെ നാട്ടിലെ സ്ഥിതി. കേരളത്തില്‍ അമ്പത് ശതമാനത്തിനടുത്ത് ന്യൂനപക്ഷമാണ്. പരസ്പരം അകറ്റിനിര്‍ത്തി പ്രശ്നം പരിഹരിക്കാനാകാത്തവിധം ഭൂരിപക്ഷവും ന്യൂനപക്ഷവും ഇടകലര്‍ന്നാണ് ഇവിടെ ജീവിക്കുന്നതും. അതിനാല്‍ കാര്യങ്ങള്‍ നേരാംവണ്ണമാക്കുവാന്‍ സന്മനസ്സുള്ളവര്‍ പ്രയത്നിക്കുക തന്നെ വേണം. എന്തിന്? ഉത്തരം ലളിതമാണ്. നമുക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും കേരളത്തില്‍ പുലര്‍ന്നു പോകണം. നമ്മുടെ കുഞ്ഞുകുട്ടികള്‍ അര്‍ഥശൂന്യമായ വര്‍ഗീയ കലാപങ്ങളില്‍ കൊല്ലപ്പെടരുത്. അതേ, ജീവിതം വിലപ്പെട്ടതാണ്. വെറുതെ വലിച്ചെറിഞ്ഞ് പൊട്ടിക്കാനുള്ളതല്ല തന്നെ.
എങ്ങനെയാണ് സമുദായങ്ങള്‍ തമ്മിലുള്ള സ്നേഹവും സാഹോദര്യവും തിരിച്ചു പിടിക്കാന്‍ കഴിയുക? മതത്തെ പൊതുമണ്ഡലത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിക്കൊണ്ടോ യാന്ത്രികമായ മതേതര സമ്മേളനങ്ങളില്‍ അലറിവിളിച്ചുകൊണ്ടോ അല്ല ! മതമൂല്യങ്ങളില്‍ നിര്‍ല്ലീനമായ വര്‍ഗീയവിരുദ്ധതയെ പ്രോജ്ജ്വലിപ്പിച്ചെടുത്തുകൊണ്ട് മാത്രമേ അത് സാധിക്കുകയുള്ളൂ. ഹിന്ദുക്കളെ നേര്‍വഴിക്ക് നയിക്കണമെങ്കില്‍ ഉദാത്തമായ ഹൈന്ദവതത്വങ്ങളെ നിര്‍വചിച്ചു കൊടുക്കാന്‍ കെല്‍പ്പുള്ള നേതൃത്വനിര കേരളത്തില്‍ വളരണം. സാമ്രാജ്യത്വത്തിനെതിരായ ഹൈന്ദവ ഉണര്‍ച്ചയില്‍ നായകത്വം വഹിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദന്‍, ശ്രീനാരായണഗുരു, മഹാത്മജി തുടങ്ങിയവരെ പിന്‍പറ്റിക്കൊണ്ട്- വര്‍ഗീയവിഷം തീണ്ടിയാല്‍ ഹിന്ദു ചത്തുപോകുമെന്നും, അപരദ്വേഷം വളര്‍ത്തുന്നവന്‍ ഹിന്ദുവിനെ ജന്തുവാക്കുകയാണെന്നും, ഹിന്ദുവിന്റെ വിപരീതപദമല്ല ഇസ്ലാമെന്നും, സാമ്രാജ്യത്വമാണ് അങ്ങനെ വരുത്തിത്തീര്‍ത്തതെന്നും, ജീവിതദര്‍ശനപരമായി നോക്കിയാല്‍ ഹൈന്ദവതയിലും ഇസ്ലാമിലും സമാനതകള്‍ ഏറെയാണെന്നും, ഇസ്ലാമിനെക്കുറിച്ചുള്ള സൂചനകള്‍ ഹൈന്ദവപുരാണങ്ങളില്‍ കാണാമെന്നും, ഭാരതീയമായ ആത്മീയപാരമ്പര്യത്തിന് വിരുദ്ധമായിട്ടുള്ളത് പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ പ്രത്യയശാസ്ത്രം മാത്രമാണെന്നും, പഴയ സാമ്രാജ്യത്വവും പുത്തന്‍ കോര്‍പ്പറേറ്റ് സാമ്രാജ്യത്വവും ആ പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധാനങ്ങളാണെന്നുമെല്ലാം അവര്‍ ഹിന്ദുക്കളെ ബോധവത്കരിക്കണം. അതോടൊപ്പം അരക്ഷിതത്വം നിറഞ്ഞ ഈ മൂലധന വ്യവസ്ഥയില്‍, സ്വസമുദായത്തിലെ ആത്മഹത്യാ നിരക്ക് അതിശീഘ്രം കുതിക്കുന്ന അവസരത്തില്‍, ആശ്വാസപ്രദവും മാതൃകാപരവുമായ ആചാരാനുഷ്ഠാനങ്ങള്‍ പ്രാക്റ്റീസിംഗ് ഹിന്ദുവിന് പഠിപ്പിച്ച് കൊടുക്കുകയും വേണം.
സമുദായമൈത്രിയുടെ സൃഷ്ടിപ്പിനായി മുസ്ലിംകളുടെ ഭാഗത്തുനിന്ന് രണ്ട് സുപ്രധാന കാര്യങ്ങളാണ് ചെയ്യാനുള്ളത്. അന്തര്‍ദേശീയവും ദേശീയവുമായ ഇന്നത്തെ അവസ്ഥാവിശേഷത്തില്‍ ക്ലേശകരമാണെങ്കിലും തങ്ങളിലെ ‘പേര്‍സിക്യൂഷന്‍ കോംപ്ലക്സ്’ മുസ്ലിം സമുദായം ആദ്യമായി വെടിയുകതന്നെ വേണം. ‘വിപ്പിംഗ് ബോയിയെപ്പോലെ’ തങ്ങള്‍ തല്ലുകൊള്ളേണ്ടവരാണെന്ന ബോധ്യത്തില്‍ പെരുമാറിയാല്‍ അടി പാഴ്സലായി വരും. ലോകത്തില്‍ അതിവേഗം വളരുന്ന, സര്‍വമത ഏതോത്ഭവ ജ്ഞാനത്താല്‍ എല്ലാ സമുദായക്കാരെയും കൂട്ടിയോജിപ്പിക്കാന്‍ അവകാശമുള്ള മതക്കാരെന്ന തരത്തില്‍ അവര്‍ തലയുയര്‍ത്തി നില്‍ക്കണം. ഇതിന് വിപരീതമായി നീങ്ങുന്ന ഐസ്, കീസ്, അല്‍ക്വയ്ദ, താലിബാന്‍ തുടങ്ങി സകല മുനാഫിഖുകളെയും നിഷ്‌ക്കരുണം തള്ളിപ്പറയണം.
രണ്ടാമതായി മുസ്ലിം സമുദായം തങ്ങളിലെ സാമുദായികത ‘ബേര്‍ മിനിമത്തില്‍’ നിര്‍ത്തി മതപരത ‘മാക്സിമത്തില്‍’ വികസിപ്പിക്കണം. സമുദായം പരമാവധി പീഡിപ്പിക്കപ്പെടുമ്പോള്‍ സാമുദായികബോധം പുലര്‍ത്താത്തത് രാഷ്ട്രീയമായി തെറ്റാവില്ലേ, നഷ്ടമാകില്ലേ എന്നെല്ലാം ചോദിക്കാവുന്നതാണ്. പക്ഷേ തെറ്റാവുകയില്ല. മതപരതയുടെ സൂക്ഷ്മരാഷ്ട്രീയം വലിയ വലിയ ശരികളിലേക്കും ലാഭങ്ങളിലേക്കും മുസ്ലിംകളെ നയിക്കും. സാമുദായികതയില്‍ നിന്ന് വിടുതല്‍ നേടുന്നതോടെ സകല അപരവല്‍ക്കരണ തടവറകളില്‍ നിന്നും അവര്‍ വിമോചിതരാകും. ‘ഹേ, മാന്‍കൈന്‍ഡ്’ എന്ന വേദഗ്രന്ഥത്തിന്റെ വിളിയോട് പ്രതികരിക്കും തരത്തില്‍ മനുഷ്യരുള്ളിടത്തെല്ലാം അവര്‍ പ്രതിസ്പന്ദിച്ചുകൊണ്ടേയിരിക്കും. ഓര്‍ക്കുക, തന്നെ അപരവല്‍കരിക്കാന്‍ ശ്രമിച്ച ജന്മനാടിനാല്‍ നിരുപാധികം സ്വന്തവല്‍കരിക്കപ്പെട്ടവനായിരുന്നു മുഹമ്മദ് നബി. അപരവല്‍കരണം എന്തെന്നറിയാത്ത മദീനാരാഷ്ട്രത്തിന്റെ സ്രഷ്ടാവായിരുന്നു മുഹമ്മദ് നബി. എന്തിന്, സ്ഥാനം കൊണ്ടുണ്ടാകുന്ന അപരവല്‍കരണസാധ്യത പോലും ഒഴിവാക്കാന്‍ അനുയായികള്‍ക്കിടയില്‍ തിരിച്ചറിയാനാകാത്തവിധം കഴിഞ്ഞവനായിരുന്നു മുഹമ്മദ് നബി. ഛെ, ആ പ്രവാചകശ്രേഷ്ഠനെ പിന്‍തുടരുന്ന മുസ്ലിം സമുദായം സ്വയം അപരവത്കരിക്കുകയോ? അപരവത്കരണത്തിന് നിന്ന് കൊടുക്കുകയോ?
കൈലാസം നന്നാക്കാനല്ല ഏകാദശി നോല്‍ക്കുന്നത് എന്ന പഴഞ്ചൊല്ല് പോലെ മലയാളികളായ നമ്മള്‍ കേരളത്തിന്റെ ജീവിതാന്തരീക്ഷം മുച്ചൂടാകാതിരിക്കാന്‍ വേണ്ടിയാണ് സാമുദായിക സൗഹാര്‍ദത്തെ മെഴുകിയോജിപ്പിക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ ഈ സ്വാര്‍ഥപ്രേരിത പ്രവൃത്തിക്ക് ആഗോളപ്രസക്തിയുമുണ്ട്. കേരളത്തിലെ അനുപമമായ സഹമതസ്നേഹ സംസ്‌കാരത്തെ സംരക്ഷിക്കുന്നതും പരിപോഷിപ്പിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വര്‍ഗീയ – വംശീയതകളാല്‍ രോഗാതുരമായ ലോകത്തിന് ഒരു മാതൃകയായിത്തീരും. ഈ സംരംഭത്തില്‍ വിജയം കൈവരിക്കുകയാണെങ്കില്‍ ഹൈന്ദവമൂല്യങ്ങളുടെ മഹാമാഹാത്മ്യമായിരിക്കും ഒരു വശത്ത് നമ്മള്‍ വിളംബരം ചെയ്യുന്നത്. ഏതൊരു മലയാളി ഹിന്ദുവിനും അഭിമാനിക്കാവുന്ന കാര്യം. അതേപോലെ ഇസ്ലാമിന്റെ അത്യുദാര ദര്‍ശനപദ്ധതിയും മറുവശത്ത് നമ്മളാല്‍ വിരചിതമായിത്തീരും. ഏതൊരു മലയാളി മുസ്ലിമിനും ആത്മാഭിമാനം തുളുമ്പേണ്ട സംഗതി.
‘കേരളത്തിന്റെ വിളര്‍പ്പുമാറ്റി-
ച്ചേരട്ടെ വര്‍ണ ശബളതകള്‍
കൂറും പൊരുത്തവുമൊത്ത നമ്മള്‍
തോളില്‍ക്കയ്യിട്ടേ നടന്നു കൂടൂ’
ഈ അവസ്ഥ സംജാതമായിത്തീരാന്‍ ഓരോ കേരളീയനും ജഗദീശ്വരനോട് പ്രാര്‍ഥിക്കേണ്ടതാണ്.
കെ പി രാമനുണ്ണി
You must be logged in to post a comment Login