ഫത്ഹുല്‍ മുബീന്‍
അഞ്ഞൂറ്റിമുപ്പത്തേഴ് വരികളുള്ള ഈ പദ്യകൃതി രചിച്ചത് മുഹ്്യുദ്ദീന്‍ മാലയുടെ കര്‍ത്താവായ ഖാസി മുഹമ്മദാണ്. ‘മുസ്ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരി’ക്കാണ് ഊ കൃതി സമര്‍പ്പിക്കുന്നത്. അല്‍ഫത്ഹുല്‍ മുബീന്‍ (വ്യക്തമായ വിജയം) എന്നാണ് ശരിയായ പേര്. പറങ്കികള്‍ നിര്‍മിച്ച ചാലിയം കോട്ട മാപ്പിളമാരും നായന്‍മാരും ചേര്‍ന്ന് കീഴടക്കിയ ചാലിയം യുദ്ധമാണ് കാവ്യത്തിന്റെ ഇതിവൃത്തം. ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ. എം.എ മുഈദു ഖാന്റെ അഭിപ്രായത്തില്‍ 1578ലോ 79ലോ ആണ് കാവ്യം രചിച്ചത്. 1940ല്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ഫള്ഫരി രചിച്ച ജവാഹിറുല്‍ അശ്ആര്‍ എന്ന അറബികൃതിയില്‍ നിന്നാണ് ഈ കാവ്യം ഇപ്പോള്‍ നമുക്ക് ലഭിക്കുന്നത്. കെ. കെ.മുഹമ്മദ് അബ്ദുല്‍ കരീമും മങ്കട അബ്ദുല്‍ അസീസ് മൗലവിയും ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സാമൂതിരിയെ കവി ഇങ്ങനെയാണ് വാഴ്ത്തുന്നത്. ‘ലോക പ്രസിദ്ധനായ ധീരനായ സാമൂതിരി. ഇസ്ലാമിനെ സ്‌നേഹിക്കുന്നവന്‍. മറ്റെല്ലാവരെയും മുസ്ലിംകളെയും സനേഹിക്കുന്നവന്‍, മതത്തിന്റെ സഹായി, മതനിയമങ്ങള്‍ നടപ്പിലാക്കുന്നവന്‍. ജുമുഅ പ്രഭാഷണത്തില്‍ ഖലീഫക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നവന്‍. ഏതെങ്കിലും മുസ്ലിംരാജാവ് മലബാറിലെ മുസ്ലിംകള്‍ക്ക് നേരെ തിരിഞ്ഞുനോക്കിയില്ല. നിന്ദ്യരായ പറങ്കികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആരും വന്നില്ല. സാമൂതിരി നമ്മുടെ മതത്തില്‍ വിശ്വസിക്കുന്നില്ല. എന്നിട്ടും മുസ്ലിംകളെ രക്ഷിക്കാന്‍ അദ്ദേഹം പറങ്കികള്‍ക്കെതിരെ യുദ്ധം ചെയ്തു. ഖജനാവിലുള്ളത് അതിനുവേണ്ടി ചെലവഴിക്കുകയും ചെയ്തു.’ സാമൂതിരിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ഖാളി ആഹ്വാനം ചെയ്യുകയാണ്: ‘അല്ലയോ മുസ്ലികളേ, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കല്‍ സര്‍വ മുസ്ലിംകളുടെയും ചുമതലയാണ്. ഇസ്ലാം മതവിശ്വാസിയല്ലാത്ത അദ്ദേഹം യുദ്ധം ചെയ്യുന്നു. മുസ്ലിം രാജാക്കന്‍മാര്‍ യുദ്ധം ചെയ്യുന്നുമില്ല. ഹിന്ദുമതത്തിനും ഇസ്ലാമിനും വേണ്ടിയാണ് അദ്ദേഹം യുദ്ധം ചെയ്യുന്നത്. അതേസമയം മുസ്ലിം രാജാക്കന്‍മാര്‍ ശത്രുവിനോട് സന്ധി ചെയ്യുകയാണ്.’ 1571-ലെ ചാലിയം യുദ്ധത്തിന്റെ മുഴുവന്‍ ചിത്രങ്ങളും ഈ കാവ്യത്തില്‍ ഖാളി മുഹമ്മദ് ഒപ്പിയെടുക്കുന്നു.
സൈഫുല്‍ ബത്താര്‍
ബ്രിട്ടീഷുകാരുടെ കാലത്ത് മലബാറില്‍ പ്രചരിച്ച ഫത്്വയാണ് സൈഫുല്‍ ബത്താര്‍ അലാ മന്‍ യുവാലില്‍ കുഫ്ഫാര്‍ (അവിശ്വാസികളെ രക്ഷാധികാരികളാക്കുന്നവര്‍ക്കെതിരെയുള്ള മൂര്‍ച്ചയുള്ള വാള്‍). മമ്പുറം സയ്യിദ് അലവി തങ്ങളുടെ കുടുംബത്തില്‍പെട്ട സയ്യിദ് അബ്ദുറഹ്മാന്‍ അബ്ദുല്‍ ബാരി അല്‍അഹ്ദല്‍ ആണ് ഇത് ക്രോഡീകരിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ തുര്‍ക്കി സുല്‍ത്താന്‍ അബ്ദുല്‍ മജീദിനെ സഹായിക്കുകയും മുസ്ലിം രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന യൂറോപ്യരോട് മുസ്ലിംകളെടുക്കേണ്ട നിലപാട് വ്യക്തമാക്കുകയുമാണ് ഫത്്വയുടെ ഉദ്ദേശ്യം. 1850 കളില്‍ മമ്പുറത്തെ സയ്യിദ് ഫസല്‍ തങ്ങള്‍ ക്രോഡീകരിച്ച ഉദ്ദത്തുല്‍ ഉമറാ വല്‍ഹുക്കാം ലി ഇഹാനതില്‍ കഫറതി വ അബ്ദതില്‍ അസ്‌നാം (വിഗ്രഹാരാധനയെയും മതവിശ്വാസത്തെയും അവഗണിക്കാന്‍ നേതാക്കള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമുള്ള സജ്ജീകരണം) എന്ന കൃതിയില്‍നിന്നാണ് മേല്‍ഫത്്വ നമ്മുടെ കൈയിലെത്തിയത്. ‘ഒരു മുസ്ലിംരാജ്യം ക്രിസ്ത്യാനികളോ കാഫിറുകളോ ആയ ആക്രമികള്‍ (ഹര്‍ബി) പിടിച്ചെടുത്താലും അതൊരു ഇസ്ലാമിക രാജ്യമായി തന്നെ ഗണിക്കണമെന്നും രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി എന്ത് വിലകൊടുത്തും യുദ്ധം ചെയ്യേണ്ടത് മുസ്ലിംകളുടെ കര്‍ത്തവ്യമാണെന്നും’ ഫത്്വയില്‍ പറയുന്നു. ‘ക്രിസ്ത്യന്‍ (യൂറോപ്യന്‍) ഭരണം സ്വീകരിക്കുകയും അതുകൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ പാപികളാണ്. അവരെ മാതൃകാപരമായി ശിക്ഷിക്കണം. ക്രിസ്ത്യന്‍ ഭരണാധികാരികളെ വാഴ്ത്തുന്നതും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതും പാപമാണ്. അത്തരക്കാര്‍ പശ്ചാതപിക്കുകയല്ലാതെ നിവൃത്തിയില്ല.’ ഈ ഫത്്വ മമ്പുറം തങ്ങളുടെ കാലത്ത് മലബാറില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് മമ്പുറം തങ്ങള്‍ രചിച്ചതാണെന്നാണ് ചിലര്‍ രേഖപ്പെടുത്തുന്നത്.
തന്‍ബീഹുല്‍ ഗാഫിലീന്‍
‘അശ്രദ്ധര്‍ക്കുള്ള ഉപദേശം’ എന്ന പേരിലുള്ള ഈ ലഘുലേഖ സയ്യിദ് ഫസല്‍ തങ്ങളുടേതാണ്. മുസ്ലിംകള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ നടത്തുന്ന ഉപജാപങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ഇതിലുള്ളത്. ‘അവിശ്വാസികളെക്കാളും (ബ്രിട്ടീഷുകാര്‍) വലിയ ശത്രുവുണ്ടോ? എങ്ങനെയാണ് അവര്‍ നമുക്കിടയില്‍ ബന്ധം സ്ഥാപിക്കുന്നത്? അവര്‍ ഗൂഢശ്രമത്തിലൂടെ നമുക്കിടയില്‍ വന്നുപറ്റുന്നു. നമ്മോട് യുദ്ധം ചെയുന്നു. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും സമ്പത്തിനെയും നശിപ്പിക്കുന്നു. രാജ്യം പിടിച്ചെടുക്കുന്നു. വിശുദ്ധ കേന്ദ്രങ്ങള്‍ മലിനപ്പെടുത്തുന്നു. പള്ളികള്‍ തകര്‍ത്ത് കനീസകള്‍ പണിയുന്നു. സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കുന്നു. ക്രിസ്തുമതം അടിച്ചേല്‍പിക്കുന്നു. അത്തരക്കാരെ സഹായിക്കുന്നതിലും വലിയ പാപമുണ്ടോ? ‘
ധര്‍മസമരത്തെക്കുറിച്ച് ഗ്രന്ഥം ഇങ്ങനെ പറയുന്നു. ‘സമരമെന്നത് അല്ലാഹുവിന്റെ നിധിയാണ്. അത് അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് നല്കുന്നു. സമരം ഇസ്ലാമിന്റെ ഔന്നത്യത്തെ വെളിപ്പെടുത്തുന്നു. അതിനാല്‍ നിങ്ങള്‍ ധര്‍മ സമരത്തിനിറങ്ങുവീന്‍. അല്ലാഹുവിന്റെ മഹത്തായ നിധി തേടുവീന്‍. അല്ലാഹു നിങ്ങളുടെ ശരീരം വിലക്ക് ചോദിക്കുന്നു. ശരീരം അല്ലാഹുവിന് വില്‍ക്കുവീന്‍. എങ്കില്‍ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. നിങ്ങള്‍ സ്വര്‍ഗീയാരാമത്തിലെ പറവകളായി മാറും. ‘
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്. ‘ഹേ, വിശ്വാസികളേ, യുദ്ധം ചെയ്യുവീന്‍. ഇതാ സ്വര്‍ഗം. സ്വര്‍ഗം! ശരീരവും സമ്പത്തും ത്യജിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തെമ്മാടികളായ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യുവീന്‍. അതുവഴി അപമാനത്തില്‍ നിന്ന് രക്ഷപ്പെടുവീന്‍.’
‘രക്തസാക്ഷിത്വം ഒരു മഹാസമ്പത്താണ്. അക്കാര്യത്തില്‍ യജമാനനായ അല്ലാഹുവോട് നിങ്ങള്‍ പിശുക്ക് കാണിക്കുകയോ? അതേറ്റവും ചീത്ത! മതത്തെയും പ്രവാചകരെയും സ്‌നേഹിക്കുന്നുവെന്ന് പറയുകയും അപ്രകാരം പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് കടുത്ത പാപം.’
അദ്ദുര്‍റുല്‍ മന്‍ളൂം
അദ്ദുര്‍റുല്‍ മന്‍ളും ലദുല്‍ അഖ്‌ലി വല്‍ഫുഹൂം (ബുദ്ധിയുള്ളവര്‍ക്കും അറിവുള്ളവര്‍ക്കും വേണ്ടി കോര്‍ത്ത ഹാരം). സയ്യിദ് ഫസല്‍ തന്നെ എഴുതിയ ലഘുലേഖയാണിത്. ഇതും ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധത്തിനുവേണ്ടി ആഹ്വാനം ചെയ്യുകയാണ്. യുദ്ധത്തിന്റെ ശ്രേഷ്ടതകള്‍ ഒന്നൊന്നായി വിവരിച്ചുകൊണ്ട് ഭരണ കര്‍ത്താക്കളെയും പട്ടാളക്കാരെയും യുദ്ധത്തിന് വിളിക്കുകയാണ്.
‘നേതാക്കളേ, ഉണരുക. ഉണരുക. മുസ്ലിം സഹോദരന്‍മാരെ സഹായിക്കേണ്ട ബാധ്യത നിങ്ങള്‍ക്കാണ്. അല്ലാഹുവേ, ഞങ്ങളുടെ സമുദായത്തെ സംരക്ഷിക്കേണമേ. തെമ്മാടികളേ വിരോധിക്കേണമേ.’
‘ജനങ്ങളേ, യുദ്ധത്തിന് തയ്യാറെടുക്കുക. ശത്രുക്കള്‍ക്കെതിരെ ആഞ്ഞടിക്കുക. യുദ്ധമുന്നണിയില്‍ വന്നതുകൊണ്ട് ആരുടെയും ആയുസ്സ് കുറയില്ല. പിന്തിരിഞ്ഞതുകൊണ്ട് ആയുസ്സ് കൂടുകയുമില്ല. പരലോകനേട്ടത്തിനുവേണ്ടി ആയുസ്സ് ചെലവഴിക്കുക. കഴിവില്ലെന്ന് പറഞ്ഞ് നിഷ്‌ക്രിയരാവരുത്. ഭീരുത്വം നിന്ദ്യതയിലേക്കാണ് നയിക്കുക. പിന്തിരിഞ്ഞാല്‍ ആഗ്രഹിച്ച ഭൗതികസുഖം ലഭിക്കുകയില്ല. പരലോകം നഷ്ടപ്പെടുകയും ചെയ്യും.’
‘അവിശ്വാസികള്‍ക്ക് നേടാനൊന്നുമില്ല. നിങ്ങള്‍ക്ക് സ്വര്‍ഗരാജ്യമുണ്ട്. അവര്‍ക്ക് വേദന മാത്രമാണ് ലഭിക്കുക. നിങ്ങള്‍ക്കോ, വേദനക്കുശേഷം സൗഖ്യം ലഭിക്കും. അതിനാല്‍ ഭൗതികമോഹങ്ങള്‍ അവഗണിക്കുവീന്‍.’
‘നിങ്ങള്‍ പിന്തിരിയല്ലേ. വിശ്വസിക്കുന്നവരേ, നിങ്ങള്‍ യുദ്ധം ചെയ്യുവീന്‍. ക്ഷമിക്കുന്നവരേ നിങ്ങള്‍ക്ക് വിജയം. മോഹിക്കുന്നവരേ, നിങ്ങള്‍ക്ക് സ്വര്‍ഗം. പിന്തിരിയുന്നവരേ, നിങ്ങള്‍ക്ക് നരകം, നരകം. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ സ്വര്‍ഗം. അല്ലാഹുവിനെ സഹായിക്കൂ.’
വെള്ളിയാഴ്ചയിലെ പ്രസംഗത്തില്‍ ‘ഒരു കുടിയാനെ കാരണമില്ലാതെ പുറത്താക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ല; പുണ്യമാണ്’ എന്ന് സയ്യിദ് ഫസല്‍ തങ്ങള്‍ പ്രസംഗിച്ചതായി ബ്രിട്ടീഷുദ്യോഗസ്ഥന്‍ കണാരന്‍ കലക്ടര്‍ ലോഗന്‍ സായ്പിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ഫത്്വാ പ്രഖ്യാപനങ്ങളിലൂടെ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കര്‍ഷകരെ രംഗത്തിറക്കാന്‍ ഈ വിപ്ലവകാരികള്‍ക്ക് സാധിച്ചു. മതപ്രബോധനത്തിന്റെ ഭാഗമെന്ന നിലക്ക് കൂടിയാണ് പണ്ഡിതന്മാര്‍ സാമൂഹികകാര്യങ്ങളില്‍ ഇടപെട്ടിരുന്നത്. ജീവിതം മുഴുവന്‍ മതവുമായി സംവദിക്കപ്പെട്ടിരുന്നതുകൊണ്ട് മതം, മതേതരം എന്നിങ്ങനെ അക്കാലത്തെ ജീവിതത്തെ വിഭജിക്കുക പ്രയാസകരമാണ്. അതേസമയം ഈ മതപണ്ഡിതന്മാരൊന്നും ഭരണനേതൃത്വം ആഗ്രഹിച്ചിരുന്നില്ലെന്ന് മാത്രമല്ല; സാമൂതിരി ശക്തമായി നിലനിന്നപ്പോഴൊക്കെ രാജാവിനെ ശക്തിപ്പെടുത്താനും അവര്‍ മുന്നിലുണ്ടായിരുന്നു. പാരമ്പര്യ പണ്ഡിതന്മാര്‍ പുലര്‍ത്തിയ ഇത്തരം മതേതര കാഴ്ചപ്പാടുകളെ വിശ്വാസത്തില്‍ നിന്ന് വേര്‍പെടുത്തി മതത്തെ ഹൈജാക്ക് ചെയ്യുന്ന ‘മൗലികവാദിക’ള്‍ക്ക് മറുപടി കൂടിയാണ് സാമ്രാജ്യത്വത്തിനെതിരായ ഈ ഫത്്വകള്‍.
അധിനിവേശത്തിനെതിരെ നടന്ന സമരങ്ങളില്‍ മതപണ്ഡിതരുടെ നേതൃത്വം സജീവമായിരുന്നെന്ന് ഈ പണ്ഡിതകൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള പല കൃതികളും ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി നശിപ്പിച്ചു. പാണക്കാട് സയ്യിദ് ആറ്റക്കോയ തങ്ങളുടെ ഫത്്വ ഇനിയും നമുക്കെത്തിയിട്ടില്ല. മലബാറില്‍ ബ്രിട്ടീഷധിനിവേശത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ മാപ്പിള കര്‍ഷകസമരങ്ങളിലും പിന്നീടുണ്ടായ ഖിലാഫത് പ്രക്ഷോഭങ്ങളിലും മതപണ്ഡിതന്മാര്‍ രംഗത്തുണ്ടായിരുന്നു.
(തുടരും)
ഹുസൈന്‍ രണ്ടത്താണി
You must be logged in to post a comment Login