ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഇടയില്‍ ലോകക്രമത്തിന് അടരുകള്‍ പലതുണ്ട്. അതിലൊന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന ഏകാധിപത്യം, അഥവാ വോട്ടവകാശമുള്ള സ്വേഛാധിപത്യം. ഇവിടെ, കാലാകാലങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാവും. പക്ഷേ, ഇങ്ങനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഭരണകൂടം തങ്ങള്‍ക്കു വോട്ടുചെയ്ത ജനങ്ങളുടെ പൗരാവകാശങ്ങളൊന്നും വകവെച്ചുകൊടുക്കില്ല. ഇലക്ടറല്‍ ഓട്ടോക്രസി എന്ന് ഇംഗ്ലീഷില്‍ പറയും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെട്ടിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളത് ഇലക്ടറല്‍ ഓട്ടോക്രസിയാണെന്ന് സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള ജനാധിപത്യ സൂചിക ചൂണ്ടിക്കാണിക്കുന്നു.
സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട്. ആഗോളതലത്തില്‍ ജനാധിപത്യത്തെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഗവേഷക സ്ഥാപനമെന്നാണ് അവര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജനാധിപത്യരാജ്യമെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വി-ഡെം നിരീക്ഷിച്ചിരുന്നു. നരേന്ദ്ര മോഡിയുടെ ഇന്ത്യ ആ ഘട്ടവും കടന്നുകഴിഞ്ഞെന്നാണ് 2020ലെ വിവരങ്ങളെ അടിസ്ഥാനമാക്കി ഈ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. ഇതനുസരിച്ച് 2019ഓടെ ഇന്ത്യ വോട്ടവകാശം മാത്രമുള്ള സ്വേച്ഛാധിപത്യരാജ്യമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ജനാധിപത്യനില മനസ്സിലാക്കുക ദുഷ്‌കരമായിരുന്നുവെന്നും എന്നാല്‍ ലഭ്യമായ ഏറ്റവും പുതിയ രേഖകള്‍ പ്രകാരം രാജ്യത്ത് ജനാധിപത്യമൂല്യങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് സ്പഷ്ടമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ലോകത്തെ 180 രാജ്യങ്ങളെയാണ് വി-ഡെം പഠന വിധേയമാക്കിയത്. അതില്‍ ഇന്ത്യ ആദ്യ പകുതിയില്‍ നിന്നും അവസാന 50 ശതമാനത്തിലേക്ക് തള്ളപ്പെട്ടു. ജനാധിപത്യ സൂചികയനുസരിച്ച് 97-ാം സ്ഥാനം. ഏകാധിപത്യ പ്രവണതയില്‍ അയല്‍രാജ്യമായ പാകിസ്ഥാനൊപ്പമാണ് ഇന്ത്യ. പതിറ്റാണ്ടുകളായി പാക് ജനത അനുഭവിക്കുന്ന സ്വേഛാധിപത്യം ഇന്ത്യയും അനുഭവിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ബംഗ്ലാദേശിനെക്കാളും നേപ്പാളിനെക്കാളും മോശമാണ് ഇന്ത്യയിലെ സ്ഥിതി. ‘ഡെമോക്രസി ബ്രോക്കണ്‍ ഡൗണ്‍: ഇന്ത്യ’ എന്ന തലക്കെട്ടില്‍ ഇന്ത്യയെക്കുറിച്ച് പ്രത്യേക അധ്യായം തന്നെയുണ്ട് റിപ്പോര്‍ട്ടില്‍. മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ രാജ്യത്ത് ഹിന്ദുത്വ കാര്യപരിപാടി നടപ്പാക്കാന്‍ ശ്രമിച്ചതാണ് രാജ്യത്തിന്റെ ജനാധിപത്യപദവിയില്‍ ഏറ്റവുമധികം വിള്ളലുണ്ടാക്കിയതെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
സ്വീഡനിലെ വി-ഡെം മാത്രമല്ല, മറ്റു രാജ്യാന്തര പഠനങ്ങളും ഇന്ത്യയിലെ ജനാധിപത്യം ഭീഷണിയുടെ നിഴലിലാണെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്വതന്ത്രരാജ്യം എന്ന പദവിയില്‍ ഇന്ത്യ ഏറെ പിന്നോട്ടുപോയതായാണ് യു എസ് മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസ് അഭിപ്രായപ്പെടുന്നത്. പരാജയപ്പെട്ട ജനാധിപത്യമായാണ് പ്രശസ്തമായ ഇക്കണോമിസ്റ്റ് വാരികയുടെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യയെ വിലയിരുത്തുന്നത്. 195 രാജ്യങ്ങളിലെയും 15 പ്രദേശങ്ങളിലെയും കാര്യങ്ങളാണ് ഫ്രീഡം ഹൗസ് വിശകലനം ചെയ്തത്. 202 രാജ്യങ്ങളില്‍ 1789 മുതല്‍ 2020വരെയുള്ള വിവരങ്ങളാണ് വി-ഡെം പരിശോധിക്കുന്നത്. 165 രാജ്യങ്ങളും രണ്ട് പ്രദേശങ്ങളുമാണ് ഇക്കണോമിസ്റ്റ് വിശകലനം ചെയ്തത്. മറ്റെന്ത് പരിമിതികളുണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് എന്നതായിരുന്നു ഇന്ത്യയുടെ അഭിമാനം. ലോകത്തെ ഏറ്റവും ബൃഹത്തും മഹത്തും സമഗ്രവുമായ ഭരണഘടന നമ്മുടേതാണെന്ന അഭിമാനവും ഏഴുപതിറ്റാണ്ടോളമായി നാം വച്ചുപുലര്‍ത്തുന്നു. ഈ അഭിമാനബോധത്തിന്റെ കടയ്ക്കലാണ് കത്തി വീഴുന്നത്.
സ്വതന്ത്രരാജ്യമായിരുന്ന ഇന്ത്യ ഭാഗിക സ്വതന്ത്ര പദവിയിലേക്ക് കൂപ്പുകുത്തിയതായി ഈ മാസമാദ്യം പുറത്തിറക്കിയ ഫ്രീഡം ഹൗസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പൗരാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും അടക്കം 25 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഫ്രീഡം ഹൗസിന്റെ പഠനം. 2021ലെ റിപ്പോര്‍ട്ട് പ്രകാരം 211 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 83-ാം സ്ഥാനത്തുനിന്ന് 88-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നരേന്ദ്ര മോഡി ഇന്ത്യയെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. മോഡിയുടെ ഭരണം തുടങ്ങിയ ശേഷം രാഷ്ട്രീയവകാശങ്ങളും പൗരസ്വാതന്ത്ര്യവും കുറഞ്ഞു. മനുഷ്യാവകാശ സംഘടനകള്‍ക്കുമേല്‍ സമ്മര്‍ദം വര്‍ധിച്ചു. മാധ്യമപ്രവര്‍ത്തരും അക്കാദമീഷ്യന്‍മാരും സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും നടുവിലാണ്. മുസ്ലിംകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ അരങ്ങേറുന്നു. 2019ല്‍ മോഡി വീണ്ടും അധികാരത്തിലേറിയതോടെ ഇത്തരം ഏകാധിപത്യ പ്രവണതകള്‍ ശക്തമായി. കൊവിഡ് മഹാമാരിക്കെതിരെ ഉരുക്കുമുഷ്ടിയോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുകാരണം ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കൊടും ദുരിതത്തിലാണ്ടു. ഡെമോക്രസി അണ്ടര്‍ സീജ് എന്നു തലക്കെട്ടിട്ട റിപ്പോര്‍ട്ടില്‍ സി എ എ പ്രക്ഷോഭത്തിന്റെ കാര്യവും ലൗ ജിഹാദ് നിയമത്തിന്റെ കാര്യവും ഫ്രീഡം ഹൗസ് എടുത്തുപറയുന്നുണ്ട്.
ജനാധിപത്യ സൂചികപ്പട്ടികയില്‍ രണ്ടു പടികൂടി താഴോട്ടു പോയി ഇന്ത്യ 53-ാം സ്ഥാനത്തേക്കു തള്ളപ്പെട്ടെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഇക്കണോമിസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ഏകകക്ഷിയിലധിഷ്ഠിതമായ ഭരണസംവിധാനമായി ഇന്ത്യയെ മാറ്റാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സുപ്രീം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍, വിവരാവകാശ കമ്മീഷന്‍, മാധ്യമങ്ങള്‍ തുടങ്ങി ജനാധിപത്യത്തിനു കാവലാളാകേണ്ട സ്ഥാപനങ്ങളെല്ലാം സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിന് വിധേയമായിത്തീര്‍ന്നിരിക്കുന്നു. ഹംഗറി, തുര്‍ക്കി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ കാണുന്നതിന് സമാനമായ, അല്ലെങ്കില്‍ അതിലും തീവ്രമായ ഏകാധിപത്യ പ്രവണതകളാണ് ഇന്ത്യ പ്രകടിപ്പിക്കുന്നത്. ഈ രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിലും നിയമവാഴ്ചയിലും തുടങ്ങി അക്കാദമിക്ക് സ്വാതന്ത്ര്യത്തില്‍ വരെ ഇന്ത്യ പിന്നിലാണെന്ന് ഇക്കണോമിസ്റ്റ് അഭിപ്രായപ്പെടുന്നു.
ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ഈ യാത്രയില്‍ ഇന്ത്യ തനിച്ചല്ല. ലോക ജനസംഖ്യയുടെ 68 ശതമാനവും സ്വേച്ഛാധിപത്യത്തിനു കീഴിലാണെന്ന് വി-ഡെം ചൂണ്ടിക്കാണിക്കുന്നു. 87 രാജ്യങ്ങളില്‍ ഇലക്ടറല്‍ ഓട്ടോക്രസി നിലനില്‍ക്കുന്നു. 68ശതമാനം ജനങ്ങള്‍ അത് അനുഭവിക്കുന്നു. 14 ശതമാനം ജനങ്ങള്‍ മാത്രമാണ് സ്വതന്ത്ര ജനാധിപത്യം അനുഭവിക്കുന്നത്. ലോകജനസഖ്യയുടെ മൂന്നില്‍ ഒരുഭാഗം ഉള്‍ക്കൊള്ളുന്ന 25 രാജ്യങ്ങളിലും ഈ മാറ്റം പ്രകടമാകുന്നുണ്ട്. 260 കോടി ജനങ്ങളാണ് ഇതിന് ഇരകളായിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെയുള്ള ഭരണകൂടത്തിന്റെ കടന്നാക്രമണം, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തല്‍, സര്‍ക്കാര്‍ തന്നെ വ്യാജപ്രചാരണം നടത്തുക, തിരഞ്ഞെടുപ്പിനെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു രാജ്യത്തെ സ്വേച്ഛാധിപത്യ പ്രവണതകളെ നിര്‍ണയിക്കുന്നത്. ഇതനുസരിച്ച് അതിവേഗം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം. ജനസംഖ്യയും ജനാധിപത്യ പാരമ്പര്യവും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ പതനത്തിന് പ്രാധാന്യമേറുന്നു.
പതിവു പോലെ ഈ റിപ്പോര്‍ട്ടുകളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചുകഴിഞ്ഞു. ലോകത്തിന്റെ സ്വയം പ്രഖ്യാപിത കാവല്‍ക്കാരുടെ അംഗീകാരത്തിനായി ആരും കാത്തിരിക്കുന്നില്ലെന്നായിരുന്നൂ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം. ചിലര്‍ അവരുടേതായ നിയമങ്ങളും മാനദണ്ഡങ്ങളും തയാറാക്കി അതിനനസുരിച്ച് കണക്കുകള്‍ കൂട്ടി അത് ആഗോളതത്വമാണെന്ന മട്ടില്‍ അവതരിപ്പിക്കുകയാണെന്നും ഇത് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിനിഷ്ഠമായ അഭിപ്രായങ്ങള്‍ വിലയിരുത്തലില്‍ കടന്നുവന്നേക്കാമെന്ന് വി-ഡെമിന്റെ വിദഗ്ധരില്‍ ഒരാളായ പ്രൊഫ. യോനാതന്‍ എല്‍ മോര്‍സ് സമ്മതിക്കുന്നുണ്ട്. എന്നാലതില്‍ കാപട്യമോ പക്ഷപാതമോ ഇല്ലെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു. ആരാണ് രാജ്യം ഭരിക്കുന്നത് എന്നു നോക്കിയല്ല, ജനാധിപത്യ സൂചകങ്ങള്‍ തയാറാക്കുന്നതെന്ന് ബി ബി സിയിലെ റിപ്പോര്‍ട്ടില്‍ സൗതിക് ബിശ്വാസ് ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ 1970കളില്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയുടെ സ്ഥാനം താഴേക്കുപോയിരുന്നു. എന്നാല്‍, 1990കളില്‍ മികച്ച നിലയിലെത്തി. 2004നു മുമ്പ് ബി ജെ പി മുന്നണികള്‍ അധികാരത്തില്‍ വന്നപ്പോഴൊന്നും കാര്യമായി താഴേക്ക് പോയില്ല. എന്നാല്‍ നരേന്ദ്ര മോഡി വന്നതോടെ സ്ഥിതി മാറി. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കാന്‍ അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടുകളുടെയൊന്നും ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞിട്ടുണ്ട്. ജനാധിപത്യക്ഷയം ഓരോ ഇന്ത്യക്കാരനും നിത്യേനയെന്നോണം അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ.
എസ് കുമാര്‍
You must be logged in to post a comment Login