1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, 1959ലെ വിമോചന സമരം, 1967ലെ സപ്തകക്ഷി മുന്നണി, 1992ലെ ബാബ്രി മസ്ജിദിന്റെ തകര്‍ച്ച – കേരളത്തിലെ രാഷ്ട്രീയത്തെ സവിശേഷമായി സ്വാധീനിച്ച ഘട്ടങ്ങളാണിതൊക്കെ. 2014ല്‍ നരേന്ദ്ര മോഡി അധികാരത്തിലേറിയതും ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. അതുപോലൊരു സവിശേഷ ഘട്ടമാണ് 2021ലെ തിരഞ്ഞെടുപ്പ് എന്ന വിലയിരുത്തലുണ്ട്. ഇടതുപക്ഷം പ്രതീക്ഷിക്കുന്ന അധികാരത്തുടര്‍ച്ചയാണെങ്കിലും ഐക്യമുന്നണി വിശ്വസിക്കുന്ന ഭരണമാറ്റമായാലും. അത്രയും സവിശേഷതയും പ്രാധാന്യവും ഈ തിരഞ്ഞെടുപ്പിനുണ്ടോ?
കേരള രാഷ്ട്രീയത്തില്‍ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളേക്കാളെല്ലാം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരമെന്നത് അവസാനിപ്പിക്കുന്നതിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പാകും. വോട്ട് ശതമാനത്തിലും സീറ്റുകളുടെ കാര്യത്തിലും ഇത് പ്രതിഫലിച്ചു എന്നു വരില്ല. പക്ഷേ, കേരളത്തിന് ഒരു ട്രൈ പൊളാരിറ്റിയിലേക്ക് വഴി തുറന്നിടുന്ന തിരഞ്ഞെടുപ്പാകും. ബി ജെ പിയുടെ സവിശേഷമായ രാഷ്ട്രീയ സാന്നിധ്യമുണ്ടാകും. കക്ഷി രാഷ്ട്രീയത്തിന്റെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും തലത്തില്‍ മറ്റു തിരഞ്ഞെടുപ്പുകളെക്കാളും പ്രാധാന്യമുണ്ട്. അധികാരത്തുടര്‍ച്ച, അധികാരത്തിലേക്ക് തിരിച്ചു വരല്‍ എന്നിവക്ക് അപ്പുറത്ത് ബൈ പൊളാരിറ്റിയില്‍ നിന്ന് ട്രൈ പൊളാരിറ്റിയിലേക്ക് പോകാനുള്ള സാധ്യത തുറന്നിടുന്ന തിരഞ്ഞെടുപ്പാണിത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ ബി ജെ പി ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസിന് പോകുമായിരുന്ന വോട്ടുകളില്‍ ചെറിയ ഭാഗം ബി ജെ പി സ്വന്തമാക്കിയപ്പോള്‍ അത് ഇടതുപക്ഷത്തിന് സഹായകമായി, പല മണ്ഡലങ്ങളിലും. ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ ബി ജെ പിയിലേക്ക് പോകുമോ എന്ന ചോദ്യം ഇത്തവണയുണ്ട്.
കോണ്‍ഗ്രസിന്റെ വോട്ടുകളാണ് കൂടുതലായി ബി ജെ പിയിലേക്ക് പോവുക എന്ന് പറയുമെങ്കില്‍ കൂടി, തിരഞ്ഞെടുപ്പിന്റെ സൂക്ഷ്മതലത്തില്‍ അത് എങ്ങനെയാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് പൂര്‍ണമായും നീങ്ങും എന്ന അര്‍ഥത്തിലല്ല, രണ്ട് മുന്നണികള്‍ തമ്മിലുള്ള മത്സരം മാറി, മൂന്ന് കക്ഷികള്‍ തമ്മിലുള്ള മത്സരത്തിലേക്ക് നീങ്ങുകയാണെന്നാണ് പറയുന്നത്.
ഇടതുപക്ഷത്തെ സംബന്ധിച്ച്, രണ്ട് തവണ നഷ്ടമായതാണ് ഭരണത്തുടര്‍ച്ച.1991ലും 2011ലും. ഇക്കുറി തുടര്‍ച്ചയ്ക്കുള്ള സാധ്യത എത്രത്തോളമാണ്. അങ്ങനെയൊരു സാധ്യതയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്താണ്?
കേരള ചരിത്രം പരിശോധിച്ചാല്‍, 2016 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ പ്രകൃതി ദുരന്തങ്ങളെയും മഹാമാരിയെയും തുടര്‍ച്ചയായി നേരിടേണ്ടി വന്നു. അങ്ങനെയൊരു സാഹചര്യത്തെ നേരിടേണ്ടി വന്ന സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല. പിടിച്ചു നില്‍ക്കാനും അതിനെ മാനേജ് ചെയ്യാനും സര്‍ക്കാരിന്റെ എല്ലാ ഘടകങ്ങളെയും പ്രവര്‍ത്തിപ്പിക്കാനും ജനങ്ങളെ യോജിപ്പിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് സവിശേഷത. രണ്ടാമതായി, ഇതിനു ശേഷമുണ്ടായ എല്ലാ ജീവല്‍ പ്രശ്നങ്ങളെയും അനുഭാവത്തോടെ ശ്രദ്ധിച്ച സര്‍ക്കാരാണിതെന്ന തോന്നലുണ്ടാക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമായി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലുണ്ടായ വികസനമാണ് മൂന്നാമത്തെ ഘടകം. റോഡുകളുടെ നിലവാരം ഉയര്‍ന്നു. കണ്ണൂര്‍ – കോഴിക്കോട് റോഡ് ഇത്രയും നല്ല രീതിയില്‍ എന്റെ ജീവിതത്തില്‍ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലൊക്കെ ഗുണ നിലവാരം വലിയ തോതില്‍ ഉയര്‍ന്നു. ഇരട്ടച്ചങ്കനാണ്, എന്തു പ്രശ്നങ്ങളുണ്ടായാലും കുലുങ്ങില്ല എന്നതൊക്കെ ഇതിനെ തുടര്‍ന്നു വന്നതാണ്. സ്ഥാനാര്‍ഥി നിര്‍ണയം വന്ന സമയത്ത് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക എന്ന ഗുണകോഷ്ട സമാനമായ തീരുമാനം ഉണ്ടായതുകൊണ്ട് എളുപ്പത്തില്‍ ജയിക്കുമായിരുന്ന പത്ത്, പതിനഞ്ച് സീറ്റുകളില്‍ മത്സരം കടുത്തതാക്കി. ഈ തീരുമാനം തന്ത്രപരമായിരുന്നോ എന്നത് തിരഞ്ഞെടുപ്പിന് ശേഷമേ പറയാനാകൂ.
വലിയ റിസ്‌കില്ലാതെ വിജയിക്കുമായിരുന്ന സീറ്റുകളില്‍ മത്സരം ശക്തമാകുന്ന അവസ്ഥയുണ്ടായി. ഇതിന് പാര്‍ട്ടിക്ക് അകത്തുള്ള ഫാക്ടേഴ്സ് കാരണമായിരിക്കാം. മെറിറ്റ് ലെവല്‍ പരിശോധിച്ചാല്‍ തോമസ് ഐസക്കിനെയും ജി സുധാകരനെയുമൊക്കെ പരിഗണിക്കേണ്ടതായിരുന്നു.
അഞ്ചാണ്ട് കൂടുമ്പോള്‍ സര്‍ക്കാരിനെ മാറ്റുക എന്നത് മലയാളികളുടെ രീതിയാണ്. അതുകൊണ്ട് തന്നെ അധികാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നോ പ്രതിപക്ഷം, സര്‍ക്കാരിന്റെ അവസാന കാലം വരെ. പ്രതിപക്ഷത്തിന്റെ വിശ്വാസം അവരെ രക്ഷിക്കുമോ?
പരമ്പരാഗത പ്രതിപക്ഷ രീതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. ആക്ടീവാകാന്‍ തീരുമാനിച്ച സന്ദര്‍ഭം, കൊവിഡിന്റെ സമയമായിരുന്നു. ഇതിന് മുമ്പ് മൂന്ന് വര്‍ഷം ഏതാണ്ട് നിശബ്ദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം അമിത ആത്മവിശ്വാസമുണ്ടാക്കുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലവും തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലവും ഏതാണ്ട് എതിര്‍ ദിശയിലുള്ളതായിരുന്നുവല്ലോ. അതും പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ?
ഹിന്ദു കമ്മ്യൂണലിസ്റ്റ് ആയിട്ടുള്ള ഒരു ശക്തിക്ക് കേരളത്തില്‍ അവസരം കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന ജനങ്ങളുടെ കൃത്യമായ സന്ദേശമായിട്ടാണ് ഇതിനെ കാണുന്നത്. ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യമാണ് വേണ്ടതെന്നതിനാല്‍ കോണ്‍ഗ്രസിനെയും ഗ്രാമങ്ങളില്‍ ഏറ്റവും അടിയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷത്തിനാണ് കൂടുതല്‍ സാധിക്കുക എന്ന ബോധ്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അവരെയും പിന്തുണച്ചു. ഒരു വലിയ രാഷ്ട്രീയ സന്ദേശത്തിന്റെ രണ്ടു ഭാഗമാണിത്. ഇതിനെ ഉള്‍കൊളളുന്നതില്‍ പ്രതിപക്ഷത്തിന് തെറ്റുപറ്റി. എങ്കിലും അവസാനത്തെ ഒരു വര്‍ഷത്തെ പ്രകടനം മെച്ചമായിരുന്നുവെന്നത് വസ്തുതയാണ്. സ്പ്രിംഗ്‌ളര്‍, കടല്‍തീര ഖനനം എന്നിവയിലൊക്കെ പ്രതിപക്ഷം സ്വീകരിച്ച നിലപാടില്‍ മെറിറ്റുണ്ട്. കേരളത്തിന് ഗുണാത്മകമാകുമായിരുന്ന ഒന്നാണ് സ്പ്രിംഗ്‌ളര്‍ കരാര്‍ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതിലെ പ്രശ്നം തുറന്നുകാണിക്കുന്നതില്‍ പ്രതിപക്ഷത്തിന് ഒരു പരിധി വരെ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ, ഇതെല്ലാം ഉയര്‍ത്തിക്കൊണ്ടുവന്നത് കൊവിഡ് കാലത്തായതിനാല്‍ അപ്രധാനമായി പോയി.
പ്രളയം, പകര്‍ച്ചവ്യാധികള്‍ എന്നിവയെപ്പോലുള്ള പ്രതിസന്ധികള്‍ക്കൊപ്പം വലിയ ആരോപണങ്ങളുമുണ്ടായി. പ്രതിസന്ധികളില്‍ സര്‍ക്കാരെടുത്ത നടപടികളെ ജനം ഏതാണ്ട് വിശ്വാസത്തിലെടുത്തു. ആരോപണങ്ങളെ ഒരു പരിധിവരെ തള്ളിക്കളയുകയും ചെയ്തു. സ്വര്‍ണക്കടത്തിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നത് സര്‍ക്കാരിനെ പ്രത്യേകിച്ച് മുഖ്യമന്ത്രിയെ ശരിക്കും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. പക്ഷേ, ജനം ആരോപണങ്ങളിലെ ശരി തെറ്റുകളെ ഏതാണ്ട് നല്ലത് പോലെ വിലയിരുത്തി. പ്രത്യേകിച്ച് മാധ്യമങ്ങളുടെ ധാരാളിത്തത്തിനിടെ. അതൊരു വലിയ പോസിറ്റീവ് സംഗതിയാണോ?
വലിയ ആരോപണമായി വന്ന സ്വര്‍ണക്കടത്ത്, സ്റ്റേജ് മാനേജ്ഡ് ആണെന്ന തോന്നല്‍ തുടക്കത്തിലേ ഉണ്ടായിരുന്നു. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ചുരുക്കം മാധ്യമങ്ങളെങ്കിലും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ മീഡിയയുടെ വിശ്വാസ്യത വലിയ തോതില്‍ നഷ്ടമായിട്ടുണ്ട്. ഈ കേസുകളൊക്കെ പൊക്കിക്കൊണ്ടു നടന്ന രീതി ശരിയായില്ല. യുക്തിപരമായ ഇടപെടല്‍ അല്ല ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൈകൊണ്ടത്. ടി ആര്‍ പിക്കു വേണ്ടിയോ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയോ ആയിരിക്കാം. അതേസമയം രാഷ്ട്രീയ വിശ്വാസ്യതയുടെ ഒരു തലം കേരളത്തിലെ വലിയൊരു വിഭാഗത്തിനിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവം. കൊവിഡ്, പ്രളയ കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ സാമൂഹിക – രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് വിരല്‍ചൂണ്ടുന്നവയാണ്.
ഇതേ സമയത്താണ് ജനത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ പാകത്തിലുള്ള പ്രചാരണം നടക്കുന്നതും ആ പ്രചാരണത്തില്‍ ചെറുതല്ലാത്ത വിഭാഗം സ്വാധീനിക്കപ്പെടുന്നതും. ഇത് തമ്മിലൊരു വൈരുധ്യമില്ലേ?
അമേരിക്കയില്‍ ട്രംപിന്റെ വിജയത്തിനു ശേഷം പുറത്തിറങ്ങിയ, സ്ലാവോ സിസകിന്റെ പുസ്തകത്തിന്റെ തലക്കെട്ട് ‘ദ കറേജ് ഓഫ് ഹോപ്‌ലെസ്‌നെസ്സ്’ (പ്രതീക്ഷയില്ലായ്മയുടെ ധൈര്യം) എന്നാണ്.
ആധുനികത മനുഷ്യന്റെ എന്‍ഗേജ്മെന്റുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മതനിരപേക്ഷത, വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത, സമൂഹത്തില്‍ ഗുണപരമായി ഇടപെടാനുള്ള ആലോചന എന്നിവയെല്ലം അടിസ്ഥാനപരമായി നടക്കുന്നത് ആധുനികത എന്ന സംജ്ഞയുമായി ബന്ധപ്പെട്ടാണ്.
ലോകത്ത് എല്ലായിടത്തെയും പോലെ കേരളത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍, ആധുനികതയുമായി ബന്ധപ്പെട്ട പല ബിംബങ്ങളും മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ കൊണ്ടു നടക്കുന്നത് കാണാം. ഇറ്റലിയിലും അമേരിക്കയിലും ചൈനയിലുമൊക്കെ ഇതുകാണാം. എങ്കിലും പ്രതിലോമപരമായ ഘടകങ്ങളും നമുക്ക് കാണാനാകും.
കേരളത്തെപ്പോലെ സാമൂഹിക – രാഷ്ട്രീയ ഇടപെടലുള്ള സ്ഥലത്ത് ഒരു തരത്തിലും ശബരിമല വിവാദം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. പക്ഷേ, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ രണ്ടവസ്ഥ ഉണ്ടെന്നതും പ്രധാനപ്പെട്ട കാര്യമാണ്. നമ്മളും അതുണ്ടെന്ന് മനസ്സിലാക്കുകയും അതുള്‍കൊണ്ട് മുന്നോട്ടുപോവുകയും ചെയ്യുക എന്നതാണ് പ്രധാനം.
തദ്ദേശ തിരഞ്ഞെടുപ്പില്‍, ക്രിസ്തുമത വിശ്വാസികള്‍ രാഷ്ട്രീയമായ ചേരിമാറ്റം പ്രകടിപ്പിച്ചുവെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. യു ഡി എഫ് രാഷ്ട്രീയത്തിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുന്നുവെന്ന പ്രചാരണം അതിനൊരു കാരണമായി പറയുന്നു.ക്രിസ്തുമത വിശ്വാസികളിലുണ്ടായ ചേരിമാറ്റം തീവ്രഹിന്ദുത്വ വാദികളുടെ ആസൂത്രിത പ്രചാരണത്തിന്റെ ഫലമാണോ. ലവ് ജിഹാദ്, ഹാഗിയ സോഫിയ ഒക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടുതല്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെടുന്നതിന്റെ വക്കിലാണോ കേരളം?
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ന്യൂനപക്ഷം ഒന്നായി ചിന്തിച്ചു വോട്ട് ചെയ്തുവെന്നാണ് കരുതുന്നത്. കൂടിയിരുന്ന് തീരുമാനെടുത്തുവെന്നല്ല, ഒരു പോലെ ചിന്തിച്ചുവെന്ന് വേണം മനസിലാക്കാന്‍.
കാണേണ്ട മറ്റൊരു കാര്യം, സി പി എമ്മില്‍ നിന്ന് കുറേശ്ശെയായി പോയിക്കൊണ്ടിരിക്കുന്ന ഹിന്ദു വോട്ടുകളെ പ്രായോഗിക രാഷ്ട്രീയം പ്രകടിപ്പിച്ച് പിടിച്ചുനിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതാണ്. അതിനവര്‍ക്ക് സാധിക്കുന്നുവെന്നത് കൊള്ളാവുന്ന കാര്യമാണ്. അതേസമയം യു ഡി എഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുത്തു എന്നൊക്കെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ കസേരയിലിരിക്കുന്ന ഒരാള്‍ അഭിപ്രായം പറയുക എന്നത് പരിതാപകരമാണ്. അങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത്.
ഇതില്‍ തന്നെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട്, അത് സംഘപരിവാര്‍ അജണ്ടകള്‍ക്ക് കൂടുതല്‍ സഹായം ചെയ്യുന്നതാണോ, പ്രത്യേകിച്ച് ശബരിമല പോലുള്ള പ്രശ്നങ്ങളിലൊക്കെ?
സത്യത്തില്‍ രാഷ്ട്രീയ പാപ്പരത്തമാണ് കോണ്‍ഗ്രസിന്റേത്. പ്രതിപക്ഷം എന്ന റോള്‍ പൂര്‍ണമായി നിര്‍വഹിച്ചില്ല. ശബരിമലയെ മുന്‍നിറുത്തി രാഷ്ട്രീയം കളിക്കുന്നത് വളരെ അപകടകരമാണ്?
ബി ജെ പിയുടെ സ്വാധീനം കേരളത്തില്‍ കൂടുന്നുണ്ട്. ബി ഡി ജെ എസിന്റെ സാന്നിധ്യമാണോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അവര്‍ കൈവരിച്ച വളര്‍ച്ചയില്‍ പ്രധാനമായത്. ബി ഡി ജെ എസിലൂടെ ഈഴവ സമുദായത്തിലേക്ക്, എന്‍ എസ് എസിലൂടെ നായര്‍ വിഭാഗത്തിലേക്ക്, ഇപ്പോഴത്തെ പ്രചാരണങ്ങളിലൂടെയും സഭാ തര്‍ക്കത്തിലെ ഇടപെടലുകളിലൂടെയും ക്രിസ്തീയ വിഭാഗത്തിലേക്ക്. സംഘപരിവാരത്തിന്റെ സോഷ്യല്‍ എന്‍ജിനീയറിംഗ് ഫലമുണ്ടാക്കുമോ?
കേരളത്തിലെ സംഘപരിവാര്‍ സോഷ്യല്‍ എന്‍ജിനീയറിംഗ് വേണ്ടത്ര വിജയിച്ചിട്ടില്ല. ബി ജെ പിയെ പിന്തുണക്കുന്നവരില്‍ മുഖ്യം നായര്‍ സമുദായവും അതിന് മുകളിലുള്ളവരുമാണ്. പിന്നെ കുറച്ച് ധീവരര്‍ ഉണ്ട്. വടക്കേ ഇന്ത്യയില്‍ കാണിച്ചതു പോലെയുള്ള വലിയ തോതിലുളള എന്‍ജിനീയറിംഗ് കേരളത്തില്‍ നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ സമുദായങ്ങളെ ഇടതുപക്ഷത്തു നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. ഈഴവ സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. ന്യൂനപക്ഷങ്ങളില്‍, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിലെ വലിയൊരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ കഴിയാത്തിടത്തോളം കാലം ഒന്നും ചെയ്യാനാകില്ല. ബി ജെ പി തിരഞ്ഞെടുപ്പില്‍ വലിയൊരു സാന്നിധ്യമായി മാറാന്‍ ഒരു പതിനഞ്ച് കൊല്ലമെടുക്കും. ശബരിമല വിവാദം നടക്കുമ്പോള്‍ ഹിന്ദുത്വക്ക് ഇവിടുത്തെ കുടുംബങ്ങളിലെ സ്വീകരണമുറിയില്‍ സ്ഥാനമുണ്ടായിരുന്നു. അതുപക്ഷേ ഇപ്പോഴും തുടരുന്നുവെന്ന് തോന്നുന്നില്ല.
ഈഴവ വിഭാഗത്തിലെ ഭൂരിപക്ഷത്തില്‍ സ്വാധീനം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 48 ശതമാനം ന്യൂനപക്ഷങ്ങള്‍ ഉണ്ട് കേരളത്തില്‍. ബാക്കി വരുന്ന 52 ശതമാനം ഹിന്ദുക്കളെ മുഴുവനായി കൂടെ കൊണ്ടു പോകുക എന്നത് അസാധ്യമാണ്. ഹിന്ദുവിഭാഗത്തിനിടയില്‍ എന്ത് എന്‍ജിനീയറിംഗ് നടത്തിയിട്ടും കാര്യമില്ല.
ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തോറ്റാല്‍, കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന പ്രചാരണമുണ്ട്. അത് ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസിലേക്കും യു ഡി എഫിലേക്കും തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ളത് മാത്രമാണോ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ഇടങ്ങളില്‍ അവരുടെ താരനേതാക്കളടക്കമുള്ളവര്‍ ബി ജെ പിയിലേക്ക് പോയത് നമ്മളൊക്കെ കണ്ടതാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ വാദം സ്വീകരിക്കപ്പെടാന്‍ ഇടയുണ്ടോ?
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണിത്. അതിന്റെ തുടര്‍ച്ചയാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍. രാഷ്ട്രീയ പാപ്പരത്തമെന്ന പ്രയോഗം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് ഇ എം എസ് ആണ്. അതിനൊപ്പം ബി ജെ പിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കെ സുരേന്ദ്രനെപ്പോലുള്ളവര്‍ സഹ നടന്‍മാര്‍ മാത്രമാണ്. കെ സുധാകരനെ പോലെ ഒരാള്‍ ബി ജെ പിയിലേക്ക് വന്നാല്‍ സുരേന്ദ്രനെ മാറ്റി സുധാകരനെ പ്രസിഡന്റാക്കാന്‍ 30 സെക്കന്‍ഡ് പോലും വേണ്ടിവരില്ല. അങ്ങനെ ഒരു സംസ്ഥാന പ്രസിഡന്റ് വന്നാല്‍ കേരളത്തിലെ സി പി എമ്മും കോണ്‍ഗ്രസുമൊക്കെ യഥാര്‍ത്ഥത്തില്‍ വിവരമറിയും.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധിയൊരു ഫാക്ടറായിരുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്തരമൊരു ഫാക്ടറുണ്ടാകുമോ?
തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഒരു ഫാക്ടര്‍ ആയിരുന്നു നേരത്തെ. ഒരു സര്‍വെയില്‍, ടൈംസ് നൗ ആണെന്ന് തോന്നുന്നു, കേരളത്തിലെ 56 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ ദേശീയ നേതാവായി കാണുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. ഇടതുപക്ഷത്തുള്ളവര്‍ പോലും രാഹുലിനെയാണ് ദേശീയ നേതാവായി ആഗ്രഹിക്കുന്നത് എന്നാണ് ഇതര്‍ഥമാക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഒരു ഫാക്ടറാകാനുള്ള സാധ്യത കാണുന്നില്ല.
ആര്‍ എസ് എസ് നേതാവ് ബാലശങ്കര്‍ ഉന്നയിച്ച ഡീല്‍ ആരോപണം വിശ്വാസയോഗ്യമായി തോന്നുന്നുണ്ടോ. ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതും അര്‍ഹിക്കുന്നതിനെക്കാള്‍ വലുപ്പത്തില്‍ ചര്‍ച്ചയാകുന്നതും സംഘപരിവാരത്തെ സഹായിക്കുന്നുണ്ടോ?
ബാലശങ്കര്‍ മിതഭാഷിയും ബുദ്ധിമാനുമാണ്. അദ്ദേഹം ഒരു കാര്യം പറയുമ്പോള്‍ വെറുതെ പറയില്ല. അദ്ദേഹത്തിന് സീറ്റു കിട്ടാത്തതുകൊണ്ടു മാത്രമായിരിക്കില്ല. പല ഭാഷകള്‍ സംസാരിക്കുന്ന രീതി സംഘ് പരിവാറിനുണ്ട്. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് സ്വാമി ചിന്‍മയാനന്ദ, അന്നത്തെ യു പി മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, വാജ്പേയ് എന്നിവരുടെ വ്യത്യസ്ത ഭാഷകള്‍ നാം കണ്ടതാണ്. ഇതിന്റെ വീഡിയോ 2004ലാണ് ലഭിക്കുന്നത്. ഇക്കാര്യം ദ ഹിന്ദുവില്‍ അന്ന് എഴുതിയിരുന്നു. അങ്ങനെ പല ഭാഷ സംസാരിക്കുന്ന രീതി ഇവിടെയും ആവര്‍ത്തിക്കുന്നതാകാം. ബാലശങ്കറിനെയും സംഘ് പരിവാറിനെയും അറിയുന്നതുകൊണ്ട് ബാലശങ്കര്‍ ഇത് വെറുതെ പറഞ്ഞതാണെന്ന് കരുതാന്‍ ഞാന്‍ തയാറല്ല.
കേരളം കഴിഞ്ഞാല്‍ മലയാളി ശ്രദ്ധിക്കുക പശ്ചിമ ബംഗാളാണ്. ഒരുപക്ഷേ, രാജ്യത്തെ സംബന്ധിച്ച് കേരളത്തേക്കാള്‍ നിര്‍ണായകം. എന്താണ് പ്രതീക്ഷ? മമതയുടെ അരഗന്‍സ്, നരേന്ദ്ര മോഡി – അമിത് ഷാ സഖ്യത്തിന്റെ തന്ത്രങ്ങളെ അട്ടിമറിക്കുമോ?
സമകാലീന ഇന്ത്യ കണ്ട രാഷ്ട്രീയ പോരാളിയാണ് മമത ബാനര്‍ജി. ആ പോര്‍വീര്യത്തിന്റെ മുകളില്‍ പിടിച്ചുനില്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 1987 മുതല്‍ ബംഗാളില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പും നേരിട്ട് പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ആ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്യം പറയാനാകും, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിലെ ഹിന്ദു ഹിന്ദുത്വവാദിയായി മാറിക്കഴിഞ്ഞു. അത് എത്രമാത്രം ആഴത്തിലായിട്ടുണ്ട് എന്നതാണ് അറിയേണ്ടത്. മമതയുടെ ഔന്നത്യം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ബി ജെ പി അജണ്ടയെ മറികടക്കാന്‍ കഴിഞ്ഞേക്കും. ബി ജെ പി ബംഗാളില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയില്‍ ഹിന്ദുത്വ തത്വസംഹിതക്കുണ്ടാകുന്ന ഭയങ്കരമായ അടിയായി മാറുമത്.
ഇടത് – കോണ്‍ഗ്രസ് സഖ്യമുണ്ട് ബംഗാളില്‍. അത് ബി ജെ പിയെ സഹായിക്കുന്നതായി പരിണമിക്കുമോ?
സി പി എം – കോണ്‍ഗ്രസ് സഖ്യം ബി ജെ പിയെ സഹായിക്കുമെന്ന് തോന്നുന്നില്ല. മുസ്ലിം പാര്‍ട്ടികൂടി വന്നിട്ടുണ്ട് ആ സഖ്യത്തില്‍. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസി ഫാക്ടര്‍ എന്താണുണ്ടാക്കിയത് എന്ന കയ്‌പേറിയ അനുഭവം ന്യൂനപക്ഷത്തിനുണ്ട്. ബംഗാളിനോട് അടുത്തുളള സംസ്ഥാനമാണ് ബിഹാറെന്നത് ഓര്‍ക്കണം. അതിനൊപ്പം മമതയുടെ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങളെക്കാള്‍ മെച്ചമാണ്. അത് വോട്ടിംഗില്‍ പ്രതിഫലിക്കാതിരിക്കില്ല. അതുകൊണ്ടു തന്നെ ഇടത് – കോണ്‍ഗ്രസ് സഖ്യം ബി ജെ പിയെ സഹായിക്കുന്നതായി പരിണമിക്കാന്‍ സാധ്യതയില്ല.
വെങ്കിടേഷ് രാമകൃഷ്ണന്‍/രാജീവ് ശങ്കരന്‍
You must be logged in to post a comment Login