ഫാഷിസ്റ്റുകള്‍ വിഡ്ഢികളല്ല, അങ്ങനെയാണെന്ന് നാം ധരിക്കുന്നതാണ്

ഫാഷിസ്റ്റുകള്‍ വിഡ്ഢികളല്ല, അങ്ങനെയാണെന്ന് നാം ധരിക്കുന്നതാണ്

തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഉച്ചനേരത്തെ ഇടവേളയാണ്. തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും കേന്ദ്രം ഭരിക്കുന്ന മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലല്ലോ? അതേക്കുറിച്ചായിരുന്നു തുടക്കം. ഉച്ചത്തിലുള്ള പൊട്ടിച്ചിരികള്‍ സംഘപരിവാറിന്റെ മണ്ടത്തരങ്ങളെന്ന അതിലളിത തീര്‍പ്പിലേക്ക് അതിഗുരുതരമായ ഒരു തിരഞ്ഞെടുപ്പ് സന്ദര്‍ഭത്തെ ചുരുക്കിക്കെട്ടി. അയത്‌നലളിതമായി കേരളത്തിലെ തിരഞ്ഞെടുപ്പ് സര്‍വേകളിലേക്ക് ചര്‍ച്ച നീണ്ടു. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ അടക്കം പത്രിക തള്ളിയതിനെ ലഘൂകരിക്കാന്‍ പുറപ്പെട്ട ചിരിയുടെ ബാക്കി ചാനലുകള്‍ നടത്തിവരുന്ന ചര്‍ച്ചകളിലേക്കും പടര്‍ന്നു. എന്തൊരു തമാശയാണിതെന്ന അടിക്കുറിപ്പുകള്‍ ചിരികളുടെ ഇടവേളകളിലേക്ക് ചേര്‍ക്കപ്പെട്ടു. തിരഞ്ഞെടുപ്പ് തന്നെ ഒരു തമാശയല്ലേ എന്ന വാചകം പല സ്വരങ്ങളില്‍ ഒരേനിമിഷത്തില്‍ ജനിക്കപ്പെട്ടു. ഒരാള്‍ മാത്രം അല്ല എന്ന് നിശബ്ദനായി. സ്വാഭാവികമായും ആ നിശബ്ദത അവഗണിക്കപ്പെട്ടു. അതേ സ്വാഭാവികതയോടെ ആലപ്പുഴയിലെ ബി ജെ പി സ്ഥാനാര്‍ഥി വലിയ ചുടുകാടില്‍ നടത്തിയ പുഷ്പാര്‍ച്ചനയെ പരിഹസിക്കുന്നതിലേക്കും ബി ജെ പിയുടെ ചരിത്രമില്ലായ്മയിലേക്കും നീണ്ടു. അവനെ തല്ലി നടു ഒടിക്കണമെന്ന എന്‍ എം പിയേഴ്‌സന്റെ വാക്കുകള്‍ ആരോ ആത്മഹര്‍ഷത്തോടെ ഉദ്ധരിക്കുന്നതും കേട്ടു. ‘അല്ല, അങ്ങനെയല്ല’ എന്ന് മുമ്പേ നിശബ്ദനായവന്‍ ശബ്ദമില്ലാതെ പറയുന്നതും അറിഞ്ഞു. ആ ഉച്ച അങ്ങനെ അവസാനിച്ചു. സരസമായി തീര്‍ന്ന ഏത് സംഭാഷണത്തിന്റെയും ഒടുവിലെന്നപോലെ ഞങ്ങള്‍ പതിവ് ജോലികളിലേക്കും ജോലിയുടെ ഭാഗമായ തിരഞ്ഞെടുപ്പ് വിശകലനങ്ങളിലേക്കും കടന്നു. അവന്‍ പൊടുന്നനെ പുതച്ച മൗനം തികട്ടി വന്നു. മനുഷ്യരിങ്ങനെ മൗനത്തിലേക്ക് ഭയപ്പെട്ടോടുന്നതെന്തിന്?

വാട്‌സാപ്പില്‍ അവന്റെ സന്ദേശം. വിശദീകരണമാവുമെന്ന് ഊഹിച്ചു. ”സുഹൃത്തേ, ഫാഷിസത്തെ നിങ്ങള്‍ക്ക് മനസിലായിട്ടില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. ഫാഷിസം ഒരു പദ്ധതിയാണ്. ഒരേ അച്ചില്‍ നിന്ന് പുറത്തുവരുന്നു എന്ന് നിങ്ങള്‍ കരുതുന്ന അതിന്റെ രൂപങ്ങള്‍ പക്ഷേ, ഒന്നല്ല. അവര്‍ വിഡ്ഢിത്തങ്ങള്‍ ചെയ്യാറില്ല. അവര്‍ വിഡ്ഢിത്തം ചെയ്യുകയാണെന്ന് നിങ്ങളെ ധരിപ്പിക്കുകയാണ്. ഒന്നാംതരം രാഷ്ട്രീയ മാജിക്. വലിയ ചുടുകാടിലെ പ്രഹസനം എന്ന് നിങ്ങള്‍ ചിരിച്ച ആ നാടകം പ്രഹസനമായിരുന്നില്ല. ബംഗാളില്‍ തിരഞ്ഞെടുപ്പാണല്ലോ? വലിയ ചുടുകാട്ടില്‍ നിന്ന് അങ്ങോട്ടേക്ക് വഴിയുണ്ട്”.

ആലപ്പുഴയിലെ വലിയ ചുടുകാട് നിങ്ങള്‍ക്കറിയും പോലെ രക്തസാക്ഷി സ്മാരകമാണ്. പുന്നപ്ര വയലാര്‍ സമരത്തില്‍ കൊല്ലപ്പെട്ട കമ്യൂണിസ്റ്റുകാരുടെ അന്ത്യവിശ്രമ കേന്ദ്രം. പുന്നപ്ര വയലാര്‍ കേരളത്തിലെ ആദ്യത്തെ സായുധ കമ്യൂണിസ്റ്റ് മുന്നേറ്റമായിരുന്നു. സി പി എമ്മും സി പി ഐയും സംയുക്തമായാണ് സ്മാരകം സംരക്ഷിക്കുന്നത്. കമ്യൂണിസ്റ്റ് മുന്നേറ്റമായിരിക്കുമ്പോള്‍ തന്നെ ചരിത്രപരമായി നിരവധി അടരുകളുള്ള ഒന്നായിരുന്നു അത്. പി.എന്‍ ഗോപീകൃഷ്ണന്‍ എഴുതുന്നു: ”പുന്നപ്ര – വയലാര്‍ സമരങ്ങള്‍ വീണ്ടും ചരിത്രത്തിലേയ്ക്ക് കയറി വന്നിരിക്കുകയാണ്.ഒരു പ്രഹസനത്തിന്റെ രംഗവേദിയായി ആ ചരിത്രത്തെ മാറ്റാന്‍ ശ്രമം നടന്നതോടെ . ആ സമരത്തിന്റെ കാര്യകാരണങ്ങളും ഫലങ്ങളും കൂടുതല്‍ ആഴത്തില്‍ നാം പഠിക്കേണ്ടതുണ്ട് . സാധാരണയായി ഈ സമരത്തെ ഉള്‍ക്കൊള്ളിക്കുന്ന മൂന്നാലു ഗണങ്ങള്‍ 1. ഫ്യൂഡല്‍ വിരുദ്ധ സമരം 2. രാജഭരണ, ദിവാന്‍ വിരുദ്ധ സമരം 3. സാമ്രാജ്യത്വ വിരുദ്ധ സമരം 4. കമ്യൂണിസ്റ്റ് സമൂഹനിര്‍മ്മിതിയ്ക്കുവേണ്ടിയുള്ള വിപ്ലവശ്രമം എന്നിവയാണ്. എന്നാല്‍ മറ്റൊരു വലിയ പ്രാധാന്യം ഇതിനുണ്ട് .ഇന്ത്യയിലെ ഹിന്ദു രാഷ്ട്രനിര്‍മ്മിതിയുടെ ആദ്യശ്രമങ്ങളിലൊന്നിനെതിരെ നടത്തിയ സമരം കൂടിയാണിത്. ഈ ഫാഷിസ്റ്റ് കാലത്ത് പുന്നപ്ര- വയലാര്‍ സമരത്തിന്റെ പ്രാഥമികമായ ഓര്‍മ അതായിരിക്കണം എന്നാണ് എന്റെ വിചാരം.”

തിരുവിതാംകൂര്‍ ഹിന്ദുരാജ്യം ആയിരുന്നു. ഇന്ന് നമ്മള്‍ ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് , ജുഡീഷ്യറി എന്ന് വ്യവഹരിക്കുന്ന മണ്ഡലങ്ങളെ നയിക്കുന്ന മാര്‍ഗനിര്‍ദ്ദേശകങ്ങള്‍ സവര്‍ണഹിന്ദുകോഡിന്റെ ഉള്ളിലായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഒരേ കുറ്റത്തിന് ജാതി അനുസരിച്ച് വ്യത്യസ്ത ശിക്ഷകള്‍ നല്‍കുക, പഞ്ചമര്‍ക്കും ശുദ്രര്‍ക്കും വിദ്യയും തൊഴിലും നിരോധിക്കുക, കുലദൈവമായി ഹിന്ദു ദൈവത്തെ പ്രതിഷ്ഠിക്കുക , പൊതുവഴി നടക്കാന്‍ താഴ്ന്ന ജാതിക്കാരെ അനുവദിക്കാതിരിക്കുക , വസ്ത്രധാരണത്തിലും ഭക്ഷണരീതിയിലും ജാതി അനുസരിച്ച് ഭേദങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങി അധികാര, സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ എല്ലാ ഉള്ളറകളെയും നിയന്ത്രിച്ചിരുന്നത് ഹിന്ദുരാജ്യസങ്കല്പമായിരുന്നു. കാലന്തരത്തില്‍ ഇതില്‍ ചിലതിനൊക്കെ അയവു വരുത്തിയെങ്കിലും ലോകത്തെ തിരുവിതാംകൂര്‍ നേരിട്ടത് ഈ ഹിന്ദുരാജ്യ കവചത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടാണ്. മുറജപം പോലുള്ള ബ്രാഹ്മണകേന്ദ്രീകൃതമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ കിലോമീറ്റര്‍ കണക്കിനുള്ള ചുറ്റുവട്ടത്തു നിന്നും താഴ്ന്നജാതിക്കാരെ ആ കാലയളവില്‍ ഒഴിപ്പിച്ചിരുന്നു. നാമെല്ലാവരും ഇന്ന് വായിച്ചു രസിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന കൃതി തിരുവിതാംകൂറില്‍ സര്‍ സി പി നിരോധിക്കുന്നത് കേശവന്‍നായര്‍ എന്ന ഹിന്ദു സാറാമ്മ എന്ന ക്രിസ്ത്യാനിയെ പ്രണയിക്കുന്നത് ഹിന്ദുരാജ്യത്തില്‍ അത് തെറ്റായ കീഴ്്വഴക്കങ്ങള്‍ സൃഷ്ടിക്കും എന്നതുകൊണ്ടാണ്. അതുകൊണ്ട് സര്‍ സി പി യും ചിത്തിരതിരുനാളും കൂടി മുന്നോട്ടുവെച്ച സ്വതന്ത്രതിരുവിതാംകൂര്‍ എന്ന ആശയം പുറമേയ്ക്ക് പ്രചരിക്കുമ്പോലെ അമേരിക്കന്‍ മോഡല്‍ മാത്രമായിരുന്നില്ല . സ്വതന്ത്രേന്ത്യയില്‍ ഹിന്ദുരാജ്യത്തിന്റെ , ഹിന്ദുത്വത്തിന്റെ ആദ്യ മോഡല്‍ കൂടിയായിരുന്നു .
ഇത് ആദ്യമായി തിരിച്ചറിഞ്ഞത് ഹിന്ദുത്വ എന്ന ഫാഷിസ്റ്റ് ആശയത്തിന്റെ ഉപജ്ഞാതാവായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണ്. 1948 ജൂണ്‍ 18 ന് സി പി രാമസ്വാമി അയ്യര്‍ സ്വതന്ത്രതിരുവിതാംകൂര്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിയ ആദ്യ കമ്പിസന്ദേശങ്ങളില്‍ ഒന്ന് സവര്‍ക്കറുടേതായിരുന്നു. ‘തിരുവിതാംകൂര്‍ എന്ന ഹിന്ദുരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച , ദൂരക്കാഴ്ചയുള്ള, ധൈര്യം നിറഞ്ഞ പ്രഖ്യാപനത്തിനുള്ള’ പിന്തുണയായിരുന്നു അത്.
സവര്‍ക്കറും സര്‍ സിപിയും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നതിന് ചരിത്രം ധാരാളം തെളിവുകള്‍ തരുന്നുണ്ട്. ഒരു സംഭവം ഉദാഹരണമായി കൊടുക്കുന്നു. കെ സി എസ് മണി ആക്രമിച്ചതിനെ തുടര്‍ന്ന് സര്‍ സി പി തിരുവിതാംകൂര്‍ വിട്ടു. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം 1958 ഫെബ്രുവരി 19 ന് പൂനെയില്‍ സവര്‍ക്കറുടെ അനുയായികള്‍ അദ്ദേഹത്തെ ആദരിക്കാനായി ഒരു ഹാള്‍ പണിതു. സ്വാതന്ത്ര്യ വീര്‍സവര്‍ക്കര്‍ സഭാഗൃഹ എന്നപേരിലുള്ള ആ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തതും അതിനുള്ളില്‍ സ്ഥാപിച്ചിരുന്ന സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തതും സര്‍ സി പി രാമസ്വാമി അയ്യര്‍ ആണ്. സവര്‍ക്കര്‍ ജീവിച്ചിരുന്ന കാലത്താണ് ഇതു സംഭവിക്കുന്നത്. കൂടുതല്‍ തെളിവുകളുടെ അഭാവത്തില്‍ സവര്‍ക്കര്‍ വിമുക്തനായെങ്കിലും ഗാന്ധിവധത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് അദ്ദേഹം പൊതുവേ അനഭിമതനായിരുന്ന കാലഘട്ടത്തില്‍ . അന്ന് സര്‍ സി പി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു:
”ഹിന്ദുവാണ് എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളെ വര്‍ഗീയവാദിയായിട്ടാണ് ഇക്കാലം ചിത്രീകരിക്കുന്നത്. സവര്‍ക്കര്‍ ഹിന്ദുക്കളുടെ സംരക്ഷകന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ യാഥാസ്ഥിതികമോ പിന്തിരിപ്പനോ ആയിരുന്നില്ല . അദ്ദേഹം പുരോഗമനകാരിയായിരുന്ന ഹിന്ദുവായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദുത്വ മറ്റുള്ളവരോടുള്ള വെറുപ്പില്‍ അധിഷ്ഠിതമായിരുന്നില്ല. ഈ വീക്ഷണകോണില്‍ നിന്നുകൊണ്ടാണ് സവര്‍ക്കര്‍ രാജ്യത്തിന്റെ വിഭജനത്തെ എതിര്‍ത്തത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ഐക്യം സംരക്ഷിക്കുക എന്നതായിരുന്നു. സവര്‍ക്കറിയന്‍ തത്വങ്ങളും അദ്ദേഹത്തിന്റെ ചിന്താസരണിയും രാജ്യത്തിന് ഉത്കര്‍ഷത കൊണ്ടുവരുമെന്ന് ഞാന്‍ വിചാരിക്കുന്നു.”

ഈ പ്രസംഗത്തില്‍ സര്‍ സി പി അനുഷ്ഠിക്കുന്ന ദൗത്യം സവര്‍ക്കറുടെ ഹിന്ദുത്വത്തെ ആധുനിക ലോകത്തേയ്ക്ക് മുഖപടമിട്ട് കൊണ്ടുപോകുക എന്നതാണ്. ഗോഡ്‌സെയെ മുന്‍നിര്‍ത്തി സവര്‍ക്കര്‍ ആസൂത്രണം ചെയ്തതായിരുന്നു ഗാന്ധിവധം എന്നത് അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു (പില്‍ക്കാലത്ത് ഇന്ത്യാഗവണ്മെന്റ് നിയോഗിച്ച കപൂര്‍ കമ്മീഷന്‍ അത് ശരിവെയ്ക്കുകയും ചെയ്തു). മാത്രമല്ല , സവര്‍ക്കര്‍ വിഭജനത്തെ എതിര്‍ത്തിരുന്നില്ല . ഹിന്ദുസ്ഥാന്‍ , പാകിസ്ഥാന്‍, സിക്കിസ്ഥാന്‍ എന്നിങ്ങനെ മതാധിഷ്ഠിതമായി രാജ്യത്തെ മൂന്നാക്കി വിഭജിക്കാനുള്ള നിര്‍ദ്ദേശം പോലും മുന്നോട്ടുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം . പാകിസ്ഥാന്‍ എന്ന മതാധിഷ്ഠിതരാജ്യം രൂപം കൊണ്ടതിനുശേഷവും മതേതര ഇന്ത്യ നിലവില്‍ വന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ രോഷം . കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും ( ഇന്നത്തെ ബംഗ്ലാദേശ് ) ഹിന്ദു അഭയാര്‍ഥികള്‍ പശ്ചിമബംഗാളിലേയ്ക്കു വരുമ്പോള്‍ അത്രയും നിവാസി മുസ്ലിംകളെ പശ്ചിമബംഗാളില്‍ നിന്നും അവിടേയ്ക്ക് നാടുകടത്തണം എന്ന മട്ടില്‍ സവര്‍ക്കര്‍ ആക്രോശിച്ചുകൊണ്ടിരുന്ന കാലത്താണ് ‘അദ്ദേഹത്തിന്റെ ഹിന്ദുത്വം മറ്റുള്ളവരോടുള്ള വെറുപ്പില്‍ അധിഷ്ഠിതമായിരുന്നില്ല’ എന്ന് സി പി പ്രസംഗിക്കുന്നത്. ഏതാണ്ട് ആ സമയത്തു തന്നെ, തന്റെ എഴുപത്തി അഞ്ചാം പിറന്നാള്‍ ആഘോഷവേളയില്‍ പൂനെയില്‍ സവര്‍ക്കര്‍ നടത്തിയ പ്രസംഗം ഏതാണ്ട് ഇങ്ങനെയായിരുന്നു.

‘ജനാധിപത്യം പൊതുവേ നല്ലതാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പട്ടാളഭരണം ആണ് ഉചിതം. ശിവജി ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പിലും ജയിച്ചിട്ടുമില്ല . അദ്ദേഹത്തിന്റെ ഭരണഘടന ഭവാനിഖഡ്ഗവും പുലിനഖമുഷ്ടികവചവും ആയിരുന്നു’. ഇങ്ങനെ ജനാധിപത്യത്തിന്റെ ആധുനികമായ അഹിംസാസങ്കല്പത്തിനെതിരെ ശിവജിയുടെ വാളും പുലിനഖവും പകരം വെയ്ക്കുന്ന ഹിംസയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളായിരുന്നു സര്‍ സി പി.
പറഞ്ഞുവരുന്നത് സവര്‍ക്കറും സര്‍ സി പിയും തമ്മിലുള്ളതെന്ത് എന്ന ചോദ്യത്തിനുത്തരം കിട്ടണമെങ്കില്‍ രണ്ടുപേരും സംഗമിക്കുന്ന ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ മനസ്സിലാക്കിയേ തീരൂ . അത് ഋഷിമാരും രാജാക്കന്മാരും വിരാജിക്കുന്ന ഒരു അമര്‍ ചിത്രകഥാരാഷ്ട്രം അല്ലായിരുന്നു. മറിച്ച് ഹിന്ദുത്വ അനുശാസിക്കുന്ന തരം പൗരര്‍ക്ക് മാത്രം ഉപഭോഗിക്കാവുന്ന തരത്തില്‍ ഭൗതികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യങ്ങളെ വിന്യസിക്കുന്ന ഒരു ഫാഷിസ്റ്റ് രാഷ്ട്രം ആണ് .
അതായത് പുന്നപ്ര വയലാര്‍ സമരങ്ങള്‍ക്ക് ആദ്യം പറഞ്ഞ കാരണങ്ങള്‍ക്കപ്പുറം വലിയ ചരിത്ര പ്രസക്തി ഉണ്ട്. അത് കേരളത്തിന്റെ മണ്ണില്‍ ഹിന്ദു രാഷ്ട്രത്തിന്റെ ബീജം വിതയ്ക്കുന്നതിനെതിരെയുള്ള സമരം കൂടിയായിരുന്നു.’

അതിനാല്‍ പുന്നപ്ര വയലാറിനെ അപനിര്‍മിക്കുക എന്നാല്‍, വലിയ ചുടുകാട്ടിലെ രക്തസാക്ഷികളെ അപമാനിക്കുകയെന്നാല്‍, അവരെ ജാതീകരിക്കുകയെന്നാല്‍ ഹിന്ദു രാഷ്ട്രം എന്ന കേരളീയ ഭാവനക്കെതിരില്‍ നടന്ന വലിയ പ്രക്ഷോഭത്തെ വകഞ്ഞുമാറ്റുക എന്നാണ്. പുന്നപ്ര വയലാറിനെ തെറ്റായി വായിക്കുക എന്നാല്‍ കേരളത്തില്‍ ഒരു ബാബരി സാധ്യത തുറക്കുക എന്നാണ്. കേരള ചരിത്രത്തില്‍ ഒരു തര്‍ക്ക മന്ദിരം സൃഷ്ടിക്കുകയും അതിന് അവകാശമുന്നയിക്കുകയും ചെയ്യുക എന്നാണ്. ഇതാണ് ബംഗാളിലും നടന്നത്.

കേരളം, പോണ്ടിച്ചേരി, തമിഴ്‌നാട് , ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. പൗരത്വ നിയമത്തിനെതിരായ മഹാപ്രക്ഷോഭങ്ങള്‍, ഇപ്പോഴും തുടരുന്ന കര്‍ഷക സമരം, ബാബരി പള്ളി തകര്‍ത്തിടത്തെ ക്ഷേത്ര ശിലാപൂജ, താണ്ഡവമാടിയ കൊവിഡ്, തകര്‍ന്നടിഞ്ഞ സാമ്പത്തിക നില, ഒന്നൊന്നായുള്ള വിറ്റഴിക്കല്‍, സംസ്ഥാനങ്ങളില്‍ ജനാധിപത്യത്തിന് നേരെ ഓങ്ങിയ കൊടും പണച്ചാക്കുകള്‍ കൊണ്ടുള്ള കൊടും വാള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാരിനെ ഒന്നൊന്നായി പ്രതിക്കൂട്ടില്‍ നിര്‍ത്തിയ, കേന്ദ്ര ഭരണകൂടത്തിനെതിരെ നാനാതരം പൗര പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ട നാളുകളുടെ ഭാരമുണ്ടാവേണ്ട തിരഞ്ഞെടുപ്പുകള്‍ കൂടിയാണ് ബി.ജെ.പിയെ സംബന്ധിച്ച് ഇവ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രാദേശിക ജനാധിപത്യം അതിന്റെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ ഒഴിവാക്കുകയും നിയമസഭാ തിരഞ്ഞെടുപ്പെന്നാല്‍ സംസ്ഥാനാതിര്‍ത്തികള്‍ക്കുള്ളിലെ കൊടുക്കല്‍ വാങ്ങലാണെന്ന് ധരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ ആര്‍ക്ക് എന്ന് തീരുമാനിക്കാനുള്ള ആള്‍ ബലമുള്ള ബംഗാളില്‍ പോലും നമ്മള്‍ മേല്‍പറഞ്ഞ രാഷ്ട്രീയം തരിമ്പും ചര്‍ച്ചയാവാഞ്ഞത്. പിന്നെ എന്താണ് ബംഗാള്‍ ചര്‍ച്ച ചെയ്തത്. നോക്കാം.

സംഘപരിവാറിന്റെ ദീര്‍ഘകാല രാഷ്ട്രീയ പദ്ധതികളില്‍ ഒന്നാണ് ബംഗാള്‍. സിദ്ധാര്‍ഥ ശങ്കര്‍ റേ യുഗത്തിന് ശേഷം ബംഗാളില്‍ തുടങ്ങിയ കാല്‍നൂറ്റാണ്ട് നീണ്ട ഇടതു വാഴ്ചയുടെ കാലത്ത് ബി.ജെ.പിക്ക് ബാലികേറാ മലയായിരുന്നു ആ നാട്. ഇക്കാലം വരെയുള്ള കേരളം പോലെയെന്ന് ഓര്‍ക്കാം. കമ്യൂണിസ്റ്റ് വാഴ്ചകളോട് അടിത്തട്ടില്‍ വെറുപ്പുണ്ട് സംഘപരിവാറിന്. ത്രിപുര, കേരളം, ബംഗാള്‍ എന്നീ മൂന്ന് ചുവപ്പന്‍ തുരുത്തുകള്‍ അതിനാല്‍ തന്നെ അവരുടെ ദേശീയ പദ്ധതിയാണ്. ജ്യോതി ബസു യുഗത്തിന്റെ അന്ത്യത്തോടെ ഗോര്‍ബച്ചേവിന്റെ സോവിയറ്റ് യൂണിയനില്‍ എന്ന പോലെ ബംഗാളില്‍ ജാലകങ്ങള്‍ തുറക്കപ്പെടുകയും അടിത്തട്ടിലെ വിചിത്ര യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്താവുകയും ചെയ്തു. തുടര്‍ന്ന് വന്ന ബുദ്ധദേവ് കാലം പിടിച്ചുനില്‍ക്കാനുള്ള കളികളുടേതായിരുന്നു. ആ കളികള്‍ ഒരുക്കിയിട്ട മണ്ണിലായിരുന്നു മമത ബാനര്‍ജിയുടെ വിളവെടുപ്പ്. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റുകാരുടെ കാല്‍നൂറ്റാണ്ട് ഇതിനിടെ അതിസ്വാഭാവികമെന്ന പോല്‍ അപ്രത്യക്ഷവുമായിരുന്നു. കേരളത്തെ ഓര്‍ക്കാം. അധികാരവുമായി മാത്രം സംവദിക്കാന്‍ അറിയുന്ന ഒരു സംഘടനാ സംവിധാനമാണ് ഇന്ദിരാഗാന്ധി ജന്‍മം കൊടുത്ത, ഇന്ന് നാം കാണുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കാല്‍നൂറ്റാണ്ട് സംവാദമില്ലാതായാല്‍ റദ്ദാകല്‍ സുനിശ്ചിതം. തോറ്റുപോയ ഇടതിനും ജയിച്ച കോണ്‍ഗ്രസ് വിരുദ്ധയായ മമതക്കും ഇടയിലെ കോണ്‍ഗ്രസുകാരിലേക്കാണ് ബി ജെ പി ആദ്യം ചെന്നത്. ഇന്നത്തെ കേരളത്തില്‍ എന്നപോല്‍ ആദ്യമെല്ലാം അപഹാസ്യമാംവിധം ദയനീയമായിരുന്നു അവരുടെ നില. പക്ഷേ, കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്ക് പുറത്ത് അവര്‍ പലതരം രൂപത്തില്‍ പിടിച്ചുനിന്നു. ബംഗാളിന്റെ മുക്കിലും മൂലയിലും അവരെത്തി. വലിയ ചുടുകാടെന്നപോല്‍ ബംഗാളില്‍ തര്‍ക്കമുണ്ടാകാനിടയുള്ള മുഴുവന്‍ മൈല്‍ക്കുറ്റികളിലും അവരുടെ മുദ്രകളെത്തി. കേരളമെന്ന പോല്‍ അവര്‍ക്ക് സ്വന്തമാക്കാനാവുന്ന പലതരം ചരിത്രങ്ങളുണ്ട് ബംഗാളിന്. ഇടതുപക്ഷം മറ്റൊരു തലത്തില്‍ രൂപപ്പെടുത്തി എടുത്ത ഒന്ന്. ബങ്കിംചന്ദ്രന്‍ മുതല്‍ ടാഗോര്‍ വരെ പടരുന്ന വലിയ ഒരു ഭൂതകാലത്തിലേക്ക് സംഘപരിവാര്‍ ഊളിയിടാന്‍ തുടങ്ങി. ദേശീയപ്രസ്ഥാനം അതിന്റെ അടയാളങ്ങളില്‍ ഒന്നായി സ്വീകരിച്ച ബങ്കിം ചന്ദ്രന്റെ വന്ദേമാതരത്തെ സംഘപരിവാര്‍ അവരുടെ സംസ്‌കാര ദേശീയതയുടെ അടയാളവാക്യമാക്കി മാറ്റി. വലിയ ചുടുകാടിനെ ഓര്‍ക്കുക. അടിയന്തിരാവസ്ഥയുടെ മൂശയില്‍ പരുവപ്പെടുകയും സംഘപരിവാറുമായി അധികാരം പങ്കിടുകയും വരെ ചെയ്തിട്ടുള്ള മമതയെ സംബന്ധിച്ച് ഉള്ളടക്കമുള്ള ഒരു രാഷ്ട്രീയം അപ്രാപ്യമായിരുന്നു. അതിനാല്‍ അത് കൈക്കരുത്തിലേക്ക് ഒതുങ്ങി. തുടക്കത്തില്‍ സി.പി.എം നിന്ന് അടികൊള്ളുകയും കൊണ്ടുമടുത്തപ്പോള്‍ കിട്ടിയ ഇടങ്ങളില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ആ ഇടങ്ങളില്‍ പലതും ബി.ജെ.പി ഒരുക്കിവെച്ച ഇടങ്ങളായിരുന്നു. അടികൊള്ളാന്‍ സി.പി.എമ്മുകാര്‍ ഇല്ലാതായപ്പോള്‍ അടിയുടെ ഭാഷ മാത്രം അറിയാവുന്ന തൃണമൂലുകാര്‍ ബി.ജെ.പിക്കാരെ അടിക്കാന്‍ തുടങ്ങി. സംഗതി ട്രിവിയലായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകാം. പക്ഷേ, സത്യമാണ്. ബി.ജെ.പിക്കാര്‍ വ്യാപകമായി അടികൊള്ളാന്‍ തുടങ്ങി. കൊണ്ട ഓരോ അടിയും സഹതാപത്തിന്റെ തോത് കൂട്ടി. അത് മതിയായിരുന്നു അമിത് ഷായുടെ കളികള്‍ തുടങ്ങാന്‍. ആ കളികളുടെ സെമി ഫൈനലാണ് ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.
വന്ദേമാതരം മുതല്‍ ബംഗാളി ഭദ്രലോകത്തിന്റെ മുഴുവന്‍ സാംസ്‌കാരിക ചിഹ്നങ്ങളെയും ഓര്‍മകളെയും വരെ ഇന്ന് ബംഗാളില്‍ ബി.ജെ.പി സംബോധന ചെയ്യുന്നുണ്ട്. മറിച്ച് പോടാ വരത്താ എന്ന ആണധികാര മുഷ്‌കിന്റെ ഭാഷ മാത്രമാണ് മമതയുടെ ചെറുത്തുനില്‍പിന് ആധാരം. ഹിന്ദുത്വ എന്ന പദത്തിന്റെ ബംഗാളി അടിവേരുകളെ ഉയര്‍ത്തിയും ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരാവര്‍ത്തിച്ചും നിഷ്പ്രയാസം വരത്തന്‍ വിളികളെ സംഘപരിവാര്‍ മറികടന്നു. വിവേകാനന്ദനും ബേലൂര്‍ മഠവും പോലുള്ള ചിഹ്നങ്ങളെ അവര്‍ പാളയത്തിലാക്കി. നരേന്ദ്രമോഡിയുടെ കൊട്ടിഘോഷിക്കപ്പെട്ട ബേലൂര്‍ സന്ദര്‍ശനം ഓര്‍ക്കുക. നിത്യജീവിതത്തിന്റെ ദുഷ്‌കര പദപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി, ബി.ജെ.പിയെ പ്രതിരോധിക്കാന്‍ പക്ഷേ, അപ്പോഴും സാധ്യതകളുണ്ടായിരുന്നു. ഇടതുപക്ഷത്തോടും കോണ്‍ഗ്രസിനോടുമുള്ള തൃണമൂലിന്റെയും അവര്‍ക്ക് തിരിച്ചും ഉള്ള അസ്പൃശ്യത ആ പ്രതിരോധത്തിന് വിഘാതമായി. തൃണമൂലും ബി ജെ പിയുമായി മുഖാമുഖം. സി പി എമ്മും കോണ്‍ഗ്രസും ചെറുപാര്‍ട്ടികളും ഉള്‍പ്പെടുന്ന വിശാല സഖ്യം രൂപം കൊണ്ടെങ്കിലും കെട്ടുറപ്പുള്ള ഒന്നായി അത് ഈ തിരഞ്ഞെടുപ്പിലും മാറിയിട്ടില്ല. മറിച്ചാണ് സീതാറാം യെച്ചൂരിയുടെ അവകാശവാദം എങ്കിലും. കൊവിഡ് കാല വീഴ്ചകളും ഭരണതലത്തിലെ കെടുകാര്യസ്ഥതയും മമതയുടെ പ്രതാപം കുറച്ചിട്ടുണ്ടെങ്കിലും ജില്ലാതലങ്ങളില്‍ സി പി എം അതിന്റെ സംഘടനാ സംവിധാനങ്ങളെ തിരിച്ചുപിടിച്ചിട്ടുണ്ടെങ്കിലും തൃണമൂലിനും ബി ജെ പിക്കും ബദലായുയരാനുള്ള വിഭവശേഷി തല്‍ക്കാലം ആര്‍ജിച്ചിട്ടില്ല. എന്തെന്നാല്‍ ഭൂതകാലത്തിന്റെ അടയാളങ്ങളെ സ്വന്തമാക്കിയും ബംഗാളില്‍ എളുപ്പം വേരോടാന്‍ കഴിയുന്ന സാംസ്‌കാരിക ദേശീയതയെ ആയുധമാക്കിയാണ് ബി ജെ പിയുടെ നീക്കം. പ്രശാന്ത് കിഷോര്‍ എന്ന പഴയ പടക്കുതിരയുടെ തന്ത്രങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് തൃണമൂലിന്റെ നില്‍പ് എങ്കിലും അടിത്തട്ടില്‍ അവര്‍ ആര്‍ജിച്ച വേരോട്ടം കാണാതിരിക്കാനുമാവില്ല. ഭൂരിഭാഗം പ്രവചനങ്ങളും ബി.ജെ.പിയുടെ വരവിനെ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അവസാനിക്കാത്ത മമതാ പ്രഭാവം അതിനെ തല്‍ക്കാലത്തേക്ക് തടയുമെന്ന പ്രതീക്ഷയും ബംഗാളിനുണ്ട്. എം.എല്‍.എ മാരെ കൂട്ടത്തോടെ വാങ്ങാനുള്ള ബി.ജെ.പിയുടെ പര്‍ച്ചേസിംഗ് പവറും കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കാനുള്ള ഉളുപ്പില്ലായ്മയും സംഘപരിവാറിന്റെ സാധ്യതകളെ വളര്‍ത്തുന്നുമുണ്ട്. ബി ജെ പി കളിക്കാന്‍ ഇറങ്ങുന്നിടത്ത് ഫലപ്രവചനം അസാധ്യമാണെന്നതിന് ബിഹാര്‍ തെളിവാണല്ലോ? കേരളത്തെ നാളെ വിഴുങ്ങാന്‍ പോകുന്നത് എന്താണ് എന്നതിന്റെ വിദൂര നിഴല്‍ ഇപ്പറഞ്ഞതിലുണ്ട്. അതിനാലാണ് വലിയ ചുടുകാട്ടിലെ പുഷ്പാര്‍ച്ചന പ്രഹസനമോ പത്രിക തള്ളല്‍ മണ്ടത്തരമോ അല്ല എന്ന് പറഞ്ഞത്. വന്‍ മാര്‍ജിനില്‍ തൃണമൂലിന് ജയിക്കാനാവുക, മഹാസഖ്യം യാതൊരു മടിയും കൂടാതെ തൃണമൂലിനെ തിരഞ്ഞെടുപ്പനന്തരം പിന്തുണക്കുക എന്നിങ്ങനെയുള്ള ചെറിയ സാധ്യതകള്‍ മാത്രമേ ബി.ജെ.പിക്ക് എതിരേ ബംഗാളില്‍ ഇപ്പോഴുള്ളൂ. കാരണം കേരളത്തിലെ തിരുവിതാംകൂര്‍ പോലെ ആദ്യ ഹിന്ദുരാഷ്ട്രത്തിന്റെ അടയാളങ്ങള്‍ എത്രയോ ഉള്ള മണ്ണാണ് ബംഗാള്‍. നവോത്ഥാനമാണ് അതിനെ പുരോഗമന ജനാധിപത്യത്തിലേക്ക് വഴിനടത്തിയത്. ആ വഴിയാണ് ബി ജെ പി ഇപ്പോള്‍ അടക്കുന്നതും പുതിയത് വെട്ടുന്നതും.

ഇത്തരം പിടിച്ചെടുക്കാനുള്ള ഹിന്ദു ഓര്‍മകള്‍ തരിമ്പും അവശേഷിക്കുന്നില്ല എന്നതാണ് തമിഴ്‌നാട്ടിലെ സംഘപദ്ധതികള്‍ ദുര്‍ബലമാവാന്‍ പ്രധാനകാരണം. ഹിന്ദുത്വക്ക് വേരോടാന്‍ കഴിയുന്ന ഭൂതകാലം തനി ദ്രാവിഡമണ്ണായ തമിഴ്‌നാട്ടിലില്ല. ഡി എം കെ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാനുള്ള സാധ്യതയാണ് തമിഴ്‌നാട്ടില്‍ ഇപ്പോഴുള്ളത്. ആകെയുള്ള 234 സീറ്റില്‍ നൂറ്റി അന്‍പതിലധികം സീറ്റ് സഖ്യത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന. ബി.ജെ.പിയുമായി കൂട്ടുകൂടാനുള്ള തീരുമാനമാണ് അണ്ണാ ഡിഎംകെക്ക് വിനയായത് എന്ന് വ്യക്തമായിക്കഴിഞ്ഞു. ബി.ജെ.പി ഉയര്‍ത്തുന്ന സവര്‍ണ ഹിന്ദുത്വക്ക് പെരിയോറുടെ മണ്ണില്‍ പിടിച്ചുനില്‍ക്കാനാവില്ല. ബിജെപിയെക്കൂടാതെ മറ്റ് ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിരുന്നെങ്കില്‍ അണ്ണാ ഡി.എം.കെ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്തിയേനെ.

10 വര്‍ഷം ഭരിച്ച സര്‍ക്കാരിനെതിരെയുള്ള വികാരം, കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയാണ് തമിഴ്‌നാട് സര്‍ക്കാര്‍ എന്ന പൊതുബോധം, സി എ എ, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം, ശശികലയെ അനുകൂലിക്കുന്ന തേവര്‍ വിഭാഗം അണ്ണാ ഡിഎംകെയ്ക്ക് എതിരായി നില്‍ക്കുന്നത്, വണ്ണിയര്‍ സമുദായത്തിന് 10.5 ശതമാനം സംവരണം നല്‍കിയതില്‍ മറ്റ് സമുദായങ്ങള്‍ക്കുള്ള അതൃപ്തി തുടങ്ങിയ കാര്യങ്ങള്‍ അണ്ണാ ഡിഎംകെ സഖ്യത്തിന് എതിരായ വിധിയെഴുത്തിന് കാരണമാകും. സ്റ്റാലിന്‍ ശക്തനായ നേതാവായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഒപ്പം ഡിഎംകെ നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജനങ്ങള്‍ കുറേക്കൂടി സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ഇടത്പക്ഷം, ദളിത് പാര്‍ട്ടിയായി വിസികെ, മുസ്ലിം ലീഗ് തുടങ്ങി കെട്ടുറപ്പുള്ള സഖ്യമാണ് സ്റ്റാലിനൊപ്പമുള്ളത്. കമല്‍ഹാസന്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ വലിയ മത്സരം നടക്കും. അതിനപ്പുറത്തേയ്ക്ക് സ്വാധീനമുണ്ടാക്കാനോ എട്ട് ശതമാനത്തിനപ്പുറം വോട്ട് ശതമാനം നേടാനോ കമലിന്റെ മക്കള്‍ നീതി മയ്യത്തിന് കഴിയില്ല. ടി.ടി.വി ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം സ്വന്തമാക്കുന്ന വോട്ടുകള്‍ അണ്ണാ ഡിഎംകെയുടെ അടിത്തറയിളക്കാനും സാധ്യതയുണ്ട്. മതേതരത്വ ബഹുസ്വരതയുടെ മണ്ണായി തമിഴ്‌നാടിനെ ഉറപ്പിച്ച് നിര്‍ത്തുക എന്നതാണ് ഇനി പ്രധാനം.
ദേശീയ രാഷ്ട്രീയം പ്രാദേശികമാകുന്ന പ്രദേശമാണ് അസം. ഒരു പക്ഷേ, ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയം ചര്‍ച്ചക്കെടുത്ത ഏക ഭൂമി. 2016-ല്‍ അസമിനെ ബി.ജെ.പി കീഴടക്കിയ വിധം നമുക്കറിയാം. അഞ്ചില്‍ നിന്ന് അറുപതിലേക്കുള്ള ആ വന്‍ കുതിപ്പ് മോഡി പ്രഭാവത്തിന്റെ ഫലമെന്നതിനെക്കാള്‍ തരുണ്‍ ഗൊഗോയിയും കോണ്‍ഗ്രസും വരുത്തിയ വീഴ്ചകളുടെ പരിണിതി ആയിരുന്നു. ദേശീയത എന്ന സങ്കല്‍പനത്തിന് സ്വന്തമായി നിര്‍വചനങ്ങളുള്ള മണ്ണാണ് അസം. പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും പൗരത്വ പ്രതിസന്ധിയുടെയും കൂട്ടക്കൊലകളുടെയും നാട്. അവിടെ നിന്ന് പിടിച്ചെടുക്കാന്‍ ഒന്നും ബി.ജെ.പിക്ക് ഇല്ല. അതിനാല്‍ തന്നെ പുതിയ പൗരത്വ നിയമത്തിന്റെ ആദ്യ പരീക്ഷണ ഭൂമിയായ അസം ഇക്കുറി ബി.ജെ.പിയെ പാഠം പഠിപ്പിക്കുന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. പ്രിയങ്കക്ക് ലഭിക്കുന്ന കയ്യടികള്‍ മാത്രമല്ല അതിന് കാരണം. ഒരു ഭരണമാറ്റത്തിനുള്ള കരുത്ത് അതിനില്ലെങ്കിലും അതിമൃഗീയ ഭൂരിപക്ഷത്തില്‍ നിന്ന് അത് ബി.ജെ.പിയെ തടഞ്ഞേക്കും. അസമില്‍ പക്ഷേ, വീണാല്‍ അത് ബി.ജെ.പിക്ക് ലഭിക്കുന്ന ആദ്യ പ്രഹരവുമാകും. വെറും അഞ്ചില്‍ നിന്ന് അറുപതിലെത്തിയ ഹുങ്ക് അസ്തമിക്കും. പൗരത്വം സംബന്ധിച്ച് പുതിയ ആലോചനകള്‍ക്ക് വഴിമരുന്നുമിടും. അതിനാലാണ് അസമില്‍ നടക്കുന്നത് ദേശീയ തിരഞ്ഞെടുപ്പാണ് എന്ന് പറഞ്ഞത്. 2014-മുതല്‍ ബി.ജെ.പി സംസ്ഥാന രാഷ്ട്രീയത്തില്‍ പയറ്റുന്ന, ജനാധിപത്യത്തെ തൂക്കിക്കൊല്ലുന്ന പണമേറിന്റെ നാണം കെട്ട വര്‍ത്തമാനങ്ങള്‍ പുളയുന്ന പോണ്ടിച്ചേരിയിലും തിരഞ്ഞെടുപ്പുണ്ട്. കേന്ദ്രത്തിന്റെ കക്ഷത്തിലിരിക്കുന്ന അവിടത്തെ ജനാധിപത്യത്തെക്കുറിച്ച് നമ്മളിനി ആകുലപ്പെടുന്നതില്‍ അര്‍ഥമില്ല.
അതിനാല്‍ കരുതിയിരിക്കേണ്ടത് കേരളമാണ്. നാമിപ്പോള്‍ ചിരിച്ചുതള്ളുന്ന കോപ്രായങ്ങള്‍ അവര്‍ നാടാകെ പയറ്റിത്തെളിഞ്ഞ മുറകളാണ്. രാഷ്ട്രീയത്തില്‍ നമ്മള്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നമ്മളില്‍ ഇടപെടും എന്നാണല്ലോ? വലിയ ചുടുകാട്ടില്‍ വീണ ആ പൂക്കള്‍ കേരളീയ ഹിന്ദുരാഷ്ട്ര ഭാവനക്കെതിരില്‍ ഉണ്ടായ പ്രക്ഷോഭത്തെ അപനിര്‍മിക്കാനുള്ള പടക്കങ്ങളാണ്. ബംഗാളില്‍ പൊട്ടിത്തെറിച്ച അതേ പടക്കങ്ങള്‍.

കെ കെ ജോഷി

You must be logged in to post a comment Login