‘ഹഫ്ത വസൂലി’ എന്നതായിരിക്കും മുംബൈയിലെ പഴയ കച്ചവടക്കാര്‍ക്ക് ഏറ്റവും പരിചിതമായ വാക്ക്. തട്ടുകട നടത്തണമെങ്കിലും പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തണമെങ്കിലും അവിടത്തെ അധോലോക രാജാക്കന്‍മാര്‍ക്ക് നല്‍കേണ്ടിയിരുന്ന ആഴ്ചപ്പിരിവിന്റെ പേരാണത്. നിര്‍ബന്ധിത പണപ്പിരിവ് അഥവാ എക്സ്റ്റോര്‍ഷന്‍. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പിടിച്ചുപറി.
ദാവൂദ് ഇബ്രാഹീമിന്റെയോ ഛോട്ടാ രാജന്റെയോ തമ്മിലടിച്ച് പിരിഞ്ഞുപിളര്‍ന്നുണ്ടായ മറ്റേതെങ്കിലും അധോലോക കുറ്റവാളിസംഘത്തിന്റെയോ പ്രതിനിധികള്‍ക്ക് കൃത്യമായി പിരിവു നല്‍കിയാലേ ഒരുകാലത്ത് മുംബൈയില്‍ എന്ത് കച്ചവടവും നടത്താനാവുമായിരുന്നുള്ളൂ. പിരിവു നല്‍കുന്നവര്‍ക്ക് സംരക്ഷണംകൂടി ലഭിക്കും എന്നതുകൊണ്ട്, അതവിടത്തെ സമാന്തര നിയമവ്യവസ്ഥ തന്നെയായിരുന്നു. കാലം മാറി, മുംബൈ അധോലോകം ഏറെക്കുറെ നാമാവശേഷമായി. ഹഫ്ത്ത വസൂലി മാത്രം തുടര്‍ന്നു. അധോലോക കുറ്റവാളികളുടെ സ്ഥാനത്ത് അധികാരത്തിലുള്ള രാഷ്ട്രീയക്കാരും പൊലീസുമാണ് പിരിവു നടത്തുന്നത് എന്നതുമാത്രമാണ് വ്യത്യാസം. അധോലോകക്കുറ്റവാളികളെ കൊന്നൊടുക്കിയ ഏറ്റുമുട്ടല്‍ വിദഗ്ധന്‍മാര്‍ അവരുടെ സ്ഥാനത്ത് പണം പിരിക്കുന്നു. ഭീകരരെ വേട്ടയാടുകയാണെന്ന് അവകാശപ്പെടുന്ന പൊലീസുകാര്‍ വ്യവസായികളുടെ വീടിനു മുന്നില്‍ ബോംബുവെക്കുന്ന കാലമാണിത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ വസതിയ്ക്കു മുന്നില്‍ വാഹനത്തില്‍ ജെലാറ്റിന്‍ സ്റ്റിക്കുവെച്ച സംഭവത്തില്‍ അതേ കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന അതിപ്രശസ്തനായ പൊലീസ് ഓഫീസര്‍ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും മുംബൈയില്‍ അധികമാരും ഞെട്ടിയില്ല. നഗരത്തിലെ ബാറുകളില്‍ നിന്ന് മാസാമാസം നൂറു കോടി രൂപ പിരിച്ചുനല്‍കാന്‍ ഇതേ പൊലീസ് ഓഫീസര്‍ക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ ആരോപിച്ചപ്പോഴും ആര്‍ക്കും ഞെട്ടലുണ്ടായില്ല. മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലാത്ത വിവരങ്ങള്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ കണ്ടെത്തിയപ്പോഴും ആരും ആവശ്യപ്പെടാതെ തന്നെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തപ്പോഴും ആരും അതിശയം പ്രകടിപ്പിച്ചില്ല. മുംബൈയില്‍ മാത്രമല്ല, രാജ്യത്തുടനീളം നീതിന്യായ വ്യവസ്ഥയ്ക്ക് നീതിയും ന്യായവും കൈമോശംവന്നിട്ട് കാലമേറെയായി. മുംബൈ അധോലോകം തകര്‍ന്നത് അധോലോകത്തിന്റെ പണികള്‍ അധികാരികള്‍ ഏറ്റെടുത്തതുകൊണ്ടുകൂടിയാണ്.
സൗത്ത് മുംബൈയില്‍ മുകേഷ് അംബാനിയുടെ ബഹുനില വസതിയായ ആന്റിലയില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെ കര്‍മൈക്കേല്‍ റോഡില്‍ ഫെബ്രുവരി 25ന് രാവിലെ ഉപേക്ഷിക്കപ്പെട്ട മഹീന്ദ്ര സ്‌കോര്‍പ്പിയോ വാഹനം കണ്ടെത്തിയതോടെയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. പൊലീസ് പൊലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തിനുള്ളില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. കൂട്ടിയോജിപ്പിക്കാത്ത നിലയിലായിരുന്നു അവ. മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധനചെയ്ത് ‘അടുത്ത തവണ ഇവ കൂട്ടിയോജിപ്പിച്ചിരിക്കും’ എന്നൊരു ഭീഷണി സന്ദേശവും വാഹനത്തിലുണ്ടായിരുന്നു. സ്ഫോടനം നടത്തുക എന്നതിലുപരി പരിഭ്രാന്തി പരത്തുകയാണ് ലക്ഷ്യം എന്നുറപ്പായിരുന്നു. സ്ഫോടകവസ്തുക്കള്‍ വെച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ‘ജയ്ഷ് ഉല്‍ ഹിന്ദ്’ എന്ന സംഘടനയുടെ പേരില്‍ ഒരു സന്ദേശം സമൂഹമാധ്യമമായ ടെലിഗ്രാമിലൂടെ അടുത്ത ദിവസം പുറത്തുവന്നു. തൊട്ടടുത്ത ദിവസം നിഷേധവും വന്നു. ഈ ടെലിഗ്രാം ചാനലും തങ്ങളുടേത് എന്ന പേരില്‍ പുറത്തുവന്ന പ്രസ്താവനയും വ്യാജമാണെന്നാണ് ആ കുറിപ്പില്‍ പറഞ്ഞിരുന്നത്. ഇതിന് മുമ്പ് ഡല്‍ഹി ഇസ്രയേല്‍ എംബസിക്കു മുന്നില്‍ സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വവും ഇവര്‍ ഏറ്റെടുത്തിരുന്നെങ്കിലും ജയ്ഷ് ഉല്‍ ഹിന്ദ് എന്ന പേരില്‍ ഒരു തീവ്രവാദ സംഘടന നിലവിലുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കും ഉറപ്പില്ല. അതിന്റെ പ്രവര്‍ത്തകരെ ആരും ഇതുവരെ കണ്ടിട്ടുമില്ല. അന്വേഷണ ഏജന്‍സികളുടെ സങ്കല്‍പസൃഷ്ടിയാണത് എന്നാണ് പറയപ്പെടുന്നത്.
സഫോടകവസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തിന്റെ അന്വേഷണം മുംബൈ പൊലീസിലെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റാണ് ഏറ്റെടുത്തത്. ഒരു കാലത്ത് മുംബൈ അധോലോകത്തിന്റെ പേടിസ്വപ്നമായിരുന്ന ഏറ്റുമുട്ടല്‍ വിദഗ്ധന്‍ സച്ചിന്‍ വാസേയ്ക്കായിരുന്നു അന്വേഷണച്ചുമതല. ക്വാജാ യൂനുസ് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റുചെയ്യപ്പെട്ട് 17 വര്‍ഷത്തോളം സസ്പെന്‍ഷനില്‍ കഴിഞ്ഞ് ഇടക്കാലത്ത് രാജിനല്‍കി ശിവസേനയില്‍ അംഗത്വം നേടിയ വാസേയെ കൊലക്കേസിന്റെ വിധിവരുംമുമ്പേ കഴിഞ്ഞ വര്‍ഷമാണ് നടപടിക്രമങ്ങളൊന്നും പാലിക്കാതെ സര്‍വീസില്‍ തിരിച്ചെടുത്തത്. അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ എന്ന താരതമ്യേന താഴ്ന്ന പദവിയിലായിരുന്നു നിയമനമെങ്കിലും ടി ആര്‍ പി തട്ടിപ്പുകേസു പോലെ സുപ്രധാന കേസുകളുടെയെല്ലാം അന്വേഷണച്ചുമതല വാസേയ്ക്കാണ് നല്‍കിയിരുന്നത്.
താനേയില്‍ കാറിന്റെ ഇന്റീരിയര്‍ പണികള്‍ നടത്തുന്ന മന്‍സുഖ് ഹിരേന്‍ എന്ന ബിസിനസുകാരന്റേതാണ് സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനം എന്ന് പൊലീസ് കണ്ടെത്തി. ഈ വാഹനം മോഷ്ടിക്കപ്പെട്ടെന്ന് കാണിച്ച് ഹിരേന്‍ ഫെബ്രുവരി 17ന് വിഖ്റോളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരുന്നതിനിടെ മാര്‍ച്ച് അഞ്ചിന് താനേയിലെ കടലിടുക്കില്‍ ഹിരേനിന്റെ മൃതദേഹം കണ്ടെത്തി. ഹിരേനിന്റെ മരണത്തിനു പിന്നില്‍ അന്വേഷണോദ്യോഗസ്ഥനായ സച്ചിന്‍ വാസേയാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആരോപിച്ചു. അതോടെ, സംഭവങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. ആരോപണപ്രത്യാരോപണങ്ങള്‍കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം കൊഴുത്തു. മുംബൈ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് മാര്‍ച്ച് എട്ടിന് എന്‍ ഐ എ ഏറ്റെടുത്തു. സച്ചിന്‍ വാസേയെ മാര്‍ച്ച് 13ന് എന്‍ ഐ എ അറസ്റ്റുചെയ്തു. വാസേയുടെ സഹപ്രവര്‍ത്തനായിരുന്ന റിയാസ് കാസി ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍കൂടി പിടിയിലായി. മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിങ്ങിനെ അപ്രധാനമായൊരു വകുപ്പിലേക്ക് സ്ഥലംമാറ്റി.
അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കാമെങ്കില്‍ അംബാനിയുടെ വസതിക്കുമുന്നില്‍ സ്ഫോടകവസ്തുക്കള്‍ വെച്ചത് അന്വേഷണച്ചുമതലയുണ്ടായിരുന്ന സച്ചിന്‍ വാസേ തന്നെയാണ്. തെളിവു നശിപ്പിക്കാനായി, വാഹന ഉടമ മന്‍സുഖ് ഹിരേനിനെ കൊന്നത് അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്ന വാസേയുടെ നിര്‍ദേശപ്രകാരമാണ്. മോഷ്ടിക്കപ്പെട്ടു എന്നു പറയുന്ന വാഹനം വാസേയുടെ കൈവശമായിരുന്നു. ജയ്ഷ് ഉല്‍ ഹിന്ദ് തീവ്രവാദ സംഘടനയുടെ പേരില്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ വെച്ച് പ്രസ്താവനയിറക്കിയത് വാസേയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു അധോലോകക്കുറ്റവാളിയാണ്. കുറ്റവാളികളെ കൊല്ലാനായി പൊലീസ് നടത്തിയ മിക്കവാറും എല്ലാ ഏറ്റുമുട്ടലുകളും വ്യാജ ഏറ്റുമുട്ടലുകളാണെന്ന് എല്ലാവര്‍ക്കുമറിയാം. ഏറ്റുമുട്ടല്‍ വിദഗ്ധര്‍ എന്നറിയപ്പെട്ട്, വീരപരിവേഷം നേടിയ പൊലീസ് ഓഫീസര്‍മാരെല്ലാം വലിയ കുറ്റവാളികളും അഴിമതി വീരന്‍മാരുമായിരുന്നെന്ന് പിന്നീട് വെളിപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ പിടിച്ചുപറി സാമ്രാജ്യത്തിന്റെ ഉടമയായിരുന്നൂ സച്ചിന്‍ വാസേയെന്ന ആരോപണത്തില്‍, അതുകൊണ്ടുതന്നെ പുതുമയൊന്നുമില്ല.
പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിനെ ഹോംഗാര്‍ഡ് മേധാവിയായി സ്ഥലം മാറ്റുകയും കീഴുദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹത്തിന് വീഴ്ചപറ്റിയെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് തുറന്നടിക്കുകയും ചെയ്തപ്പോള്‍ പ്രശ്നം രാഷ്ട്രീയ വിഷയമായി. മുംബൈ പൊലീസിലെ അഴിമതിക്കു പിന്നില്‍ ആഭ്യന്തര മന്ത്രിയാണെന്ന് ചൂണ്ടിക്കാണിച്ച് പരംബീര്‍ സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കത്തയച്ചു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ദേശ്മുഖ് പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു, നഗരത്തിലെ ബാറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍നിന്ന് എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നല്‍കണമെന്ന് സച്ചിന്‍ വാസേയടക്കമുള്ള പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നൂ എന്നൊക്കെയാണ് ആരോപണങ്ങള്‍. ഈ ആരോപണങ്ങളെപ്പറ്റി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സിങ് കോടതിയെ സമീപിച്ചു. സി ബി ഐയുടെ പ്രാഥമികാന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതോടെ എന്‍ സി പി നേതാവ് അനില്‍ ദേശ്മുഖിന് രാജിവെക്കേണ്ടിവന്നു.
സസ്പെന്‍ഷനിലായിരുന്ന വാസേയെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ നിയമിച്ചത് പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിങ് വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണെന്ന് മുംബൈ പൊലീസിന്റെ രഹസ്യ റിപ്പോര്‍ട്ട് അതിനു പിന്നാലെ പുറത്തുവന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്ന് കമ്മീഷണര്‍ നേരിട്ടാണ് വാസേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ ഐ എ കസ്റ്റഡിയിലുള്ള വാസേ കോടതിയില്‍ നല്‍കിയ കത്തായിരുന്നു അടുത്തത്. കരാറുകാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും കോടികള്‍ പിരിച്ചു നല്‍കാന്‍ മഹാരാഷ്ട്രയിലെ എന്‍ സി പി, ശിവസേനാ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നാണ് വാസേയുടെ വെളിപ്പെടുത്തല്‍. രാജിവെച്ച ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും ശിവസേനയുടെ ഗതാഗത മന്ത്രി അനില്‍ പരബും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ കൂട്ടാളിയുമാണ് ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് വാസേയുടെ കത്തില്‍ പറയുന്നു. വാസേയെ തിരിച്ചെടുക്കുന്നതിനോട് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന് എതിര്‍പ്പുണ്ടെന്നും രണ്ടു കോടി രൂപ നല്‍കിയാല്‍ അതു മാറ്റാമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു എന്നും കത്തില്‍ ആരോപിക്കുന്നു.
ദിനംപ്രതിയുയരുന്ന പരസ്പരാരോപണങ്ങളില്‍ ഏതൊക്കെയാണ് സത്യമെന്ന് വേര്‍തിരിച്ചറിയാന്‍ എളുപ്പമല്ല. അന്വേഷണം നടത്തുന്നത് എന്‍ ഐ എയും സി ബി ഐയുമാണ് എന്നതുകൊണ്ട് ഇനി ബി ജെ പിയുടെ തിരക്കഥയ്ക്കൊത്തേ കാര്യങ്ങള്‍ മുന്നോട്ടുപോവുകയുള്ളൂ. പക്ഷേ, ഒരുകാര്യം ഉറപ്പാണ്. മഹാരാഷ്ട്ര ഭരിക്കുന്ന ത്രികക്ഷി മുന്നണിയില്‍ ശിവസേനയ്ക്കു വേണ്ടിയും എന്‍ സി പിക്കു വേണ്ടിയും അനധികൃതപണപ്പിരിവുനടത്തുന്ന പൊലീസുകാര്‍ തമ്മിലുള്ള ചേരിപ്പോരാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഭരണകാലത്ത് സമാനാവശ്യങ്ങള്‍ക്ക് പൊലീസിനെ ഉപയോഗപ്പെടുത്തയിരുന്ന ബി ജെ പി നേതൃത്വം ഈ പടലപ്പിണക്കം മറയാക്കി ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പരംബീര്‍ സിങ്ങിന് കോടതിയെ സമീപിക്കാനുള്ള സഹായം നല്‍കിയത് ബി ജെ പി നേതൃത്വമാണെന്നാണ് പറയുന്നത്. പണപ്പിരിവിനുള്ള മുന്നോടിയായിട്ടാവണം അംബാനിയുടെ വസതിക്കുമുന്നില്‍ സ്ഫോടകവസ്തുക്കള്‍വെച്ച് ഭീഷണി മുഴക്കിയത്. അതു ചെയ്തത് സച്ചിന്‍ വാസേ തന്നെയാണെങ്കില്‍ക്കൂടി അതിനു പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്ന് ഉറപ്പാണ്. അക്കാര്യം ഒരുപക്ഷേ ഒരിക്കലും പുറത്തുവരില്ല.
പിടിച്ചുപറിക്കാരുടെ പാര്‍ട്ടിയാണ് ശിവസേനയെന്ന് ഇരുപാര്‍ട്ടികളും ഇടഞ്ഞുനിന്ന വേളയില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ അധിക്ഷേപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനാരോപണം ഉയര്‍ത്തിയിരുന്നു. അതിനു ശേഷം അതേ ശിവസേനയുമായിച്ചേര്‍ന്ന് അഞ്ചുവര്‍ഷക്കാലം ബി ജെ പി മഹാരാഷ്ട്ര ഭരിക്കുകയും ചെയ്തു. പിടിച്ചുപറിച്ച പണം ഇരുപാര്‍ട്ടികളും പങ്കുവെച്ചിട്ടുണ്ടാവണം. അഴിമതിയില്‍ ഒട്ടും മോശമല്ലാത്ത എന്‍ സി പി ഭിന്നതകള്‍ മറന്ന് ശിവസേനയുമായി സഹകരിച്ചതും കോണ്‍ഗ്രസ് അവര്‍ക്ക് ഒപ്പം ചേര്‍ന്നതും മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡിയെന്ന സഖ്യകക്ഷി സര്‍ക്കാറിന് രൂപം നല്‍കിയതും ബി ജെ പി ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തിയൊന്നുമല്ല എന്നാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. കൊള്ളമുതല്‍ പങ്കുവെക്കുക എന്നതിനു തന്നെയാണ് പ്രഥമ പരിഗണന. ഹഫ്ത്ത വസൂലി എന്ന പഴയ അധോലോക പണപ്പിരിവ് അതിലും സമര്‍ഥമായി ഇപ്പോള്‍ നിയമപാലകര്‍ നടത്തുന്നുണ്ട്. രാഷ്ട്രീയ നേതൃത്വം അതിന്റെ പങ്കുപറ്റുന്നുമുണ്ട്.
എസ് കുമാര്‍
You must be logged in to post a comment Login