അനതിവിദൂരമല്ലാത്ത കാലത്തിനിടയില്‍ ഇന്ത്യയില്‍ ഭീകരമായൊരു ജെനോസൈഡ് (കൂട്ട വംശഹത്യ) അരങ്ങേറാന്‍ പോവുകയാണെന്ന് ‘ജെനോസൈഡ് വാച്ചി’ന്റെ തലവന്‍ ഡോ. ഗ്രിഗറി സ്റ്റാന്‍ടണ്‍ (Dr.Gregory Stanton) നല്‍കുന്ന മുന്നറിയിപ്പ് ഇയ്യിടെയുണ്ടായി. 2020 ഡിസംബര്‍ 12ന് വാഷിങ്ടണ്‍ ഡി സിയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും മുന്നില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഒരു കൂട്ട നരഹത്യക്കുള്ള തയാറെടുപ്പുകള്‍ ഇന്ത്യയില്‍ പുരോഗമിച്ചുവരുകയാണെന്ന സത്യം ഡോ. ഗ്രിഗറി വെളിപ്പെടുത്തിയത്. ഇപ്പോഴാണ് ആ രഹസ്യം പുറത്തുവന്നിരിക്കുന്നതെന്ന് മാത്രം. ദേശീയ പൗരത്വനിയമം നടപ്പാക്കുന്നതിന്റെ മറവില്‍ കശ്മീരിലും അസമിലും കൂട്ടവംശഹത്യക്കു മുന്നോടിയായുള്ള ദശകള്‍ പിന്നിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ജെനോസൈഡിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പത്ത് സ്റ്റേജില്‍ ഒമ്പതും ഇവിടങ്ങളില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നാണ് സ്റ്റാന്‍ടന്റെ കണ്ടെത്തല്‍.
ജനാധിപത്യ-മതേതര ഇന്ത്യയില്‍ ഇത് സംഭവിക്കുമോ എന്ന ചോദ്യമുയര്‍ന്നേക്കാം. ഗുജറാതിലും ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മോഡി ഭരണത്തില്‍ ഇതുവരെ നടന്ന മുസ്ലിംകൂട്ടക്കൊലകളെല്ലാം റിഹേഴ്‌സല്‍ മാത്രമാണെന്ന് തിരിച്ചറിയപ്പെടാത്തതാണ് ഇത്തരമൊരു സംശയത്തിന് കാരണം. പൗരത്വനിയമ ഭേദഗതിയുടെ മറവില്‍ ദശലക്ഷക്കണക്കിന് അസമികളെ ബംഗ്‌ളാദേശില്‍നിന്നുള്ള കുടിയേറ്റക്കാരായി മുദ്രകുത്തി, തടങ്കല്‍പാളയത്തിലേക്ക് മാറ്റുകയും അവിടെനിന്ന് മരണത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന പ്രക്രിയ പട്ടാളത്തിന് നിഷ്പ്രയാസം പൂര്‍ത്തിയാക്കാവുന്നതാണ്. സഹായത്തിന് ആര്‍ എസ് എസും പോഷക ഘടകങ്ങളുമുണ്ടാവുമല്ലോ. ജര്‍മനിയില്‍ യഹൂദര്‍ക്ക് സംഭവിച്ചത് അതാണ്. ഹിന്ദുത്വയും നാസിസവും ഒരേ ബെഞ്ചിലിരുന്ന്, ഒരേ ഗുരുവിന് കീഴില്‍ ഹിംസ പഠിച്ചവരാണ്. ഇരകളെ കണ്ടെത്തുകയും അരുംകൊലക്ക് സാഹചര്യമൊരുക്കുകയും ചെയ്യുന്നതിന് വേണ്ടിവരുന്ന കാലയളവ് രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ മുന്നൊരുക്കങ്ങളെയും കുല്‍സിത ചുവടുവെപ്പുകളെയും ആശ്രയിച്ചിരിക്കുന്നു. ആര്‍ എസ് എസിന് നൂറ് വയസ്സ് തികയുന്ന 2025ന് മുമ്പ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ സംഘര്‍ഷവും കാലുഷ്യവും ‘ജെനോസൈഡി’നുള്ള അന്തരീക്ഷവും ഒരുക്കാന്‍ നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനില്‍ പദ്ധതി വന്നിട്ട് പതിറ്റാണ്ടുകളായി. രാമക്ഷേത്രനിര്‍മാണത്തിന് ബാബരി മസ്ജിദിന്റെ ഭൂമി കൈക്കലാക്കാന്‍ സാധിച്ചതോടെ, ഇന്ത്യയില്‍ അസാധ്യമായതായി ഒന്നുമില്ല എന്ന് സംഘ്പരിവാരം തിരിച്ചറിഞ്ഞിരിക്കുന്നു.
തങ്ങള്‍ വിഗ്രഹം കൊണ്ടിടുകയും പള്ളി അടച്ചുപൂട്ടാന്‍ സാഹചര്യമൊരുക്കുകയും നിയമവഴിയിലൂടെ കൈക്കലാക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ കടന്നാക്രമിച്ച് തകര്‍ത്തെറിയുകയും ചെയ്ത ഒരു ദേവാലയത്തിന്റെ മണ്ണ് തങ്ങളുടെ കൈകളിലേക്ക് തന്നെ താലത്തില്‍ വെച്ചുതന്ന ന്യായാസനങ്ങള്‍ ‘നീതി’ തീരുമാനിക്കുന്ന വ്യവസ്ഥിതിയില്‍ നിയമം ലംഘിച്ചുകൊണ്ടുള്ള ഏത് ചെയ്തിക്കും നീതിപീഠത്തിന്റെ സംരക്ഷണമുണ്ടാവും എന്ന ബോധ്യം സ്ഥിതിഗതികള്‍ ഭീതിദമാക്കുന്നു. അതിന്റെ തെളിവാണ് വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദിന്റെ മേല്‍ അവകാശവാദം ഉന്നയിക്കാനും അത് പിടിച്ചെടുക്കാനുമുള്ള ഹിന്ദുത്വശക്തികളുടെ ഹീനശ്രമത്തിന് കോടതി കാട്ടുന്ന പച്ചക്കൊടി. 2000വര്‍ഷം മുമ്പ് വിക്രമാദിത്യ ചക്രവര്‍ത്തി നിര്‍മിച്ച വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണോ 1669ല്‍ മുഗിള രാജാവ് ഔറംഗസീബ് പള്ളി പണിതതെന്ന് നിര്‍ണയിക്കാന്‍ ഗ്യാന്‍ വാപി കോമ്പൗണ്ടില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് സര്‍വേ നടത്തണമെന്നാണ് സീനിയര്‍ സിവില്‍ കോടതി ജഡ്ജി അഷുതോശ് തിവാരി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വയംഭൂ ജ്യോതിര്‍ലിംഗ ഭഗവാന്‍ വിശ്വേശറിന്റെ പേരില്‍ പ്രദേശത്തെ അഭിഭാഷകന്‍ വിജയ് സംഘ് ദസ്‌തോഗിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം 1991ല്‍ നല്‍കിയ ഹരജിയുടെ മേലാണ് കോടതിയുടെ നടപടി. ബാബരി തര്‍ക്കം കൊടുമ്പിരിക്കൊണ്ട 1990കള്‍ തൊട്ട് ആര്‍ എസ് എസ് മഥുരയിലെ ഈദ്ഗാഹ് മസ്ജിദിന്റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന് സമീപത്തെ പള്ളിയുടെയും മേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. 1996ല്‍ ഹൈകോടതി ഇത് സ്റ്റേ ചെയ്തിരുന്നു. 1991 ലെ ആരാധനാലയ നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു അത്. ഹൈകോടതിയുടെ സ്റ്റേ നിലനില്‍ക്കുമ്പോഴാണ് പഴയ ഹരജി പൊടിതട്ടിയെടുത്ത് മറ്റൊരു തര്‍ക്കത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. 2020 സെപ്തംബറില്‍ ലഖ്‌നോവിലെ അഭിഭാഷകന്‍ രഞ്ജന അഗ്‌നിഹോത്രിയും മറ്റ് അഞ്ച് ‘ഭക്തരും’ ചേര്‍ന്ന് നല്‍കിയ ഹരജിയില്‍ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത് കൃഷ്ണജന്മസ്ഥാനിലാണെന്നും ഔറംഗസീബ് ചക്രവര്‍ത്തിയുടെ കാലത്ത് സൈന്യം അത് പൊളിച്ചുമാറ്റിയാണ് പള്ളി പണിതതെന്നും പള്ളി സമുച്ചയത്തിലെ 13.37ഏക്കര്‍ ഭൂമി ശ്രീകൃഷ്ണ ഭഗവാനും ഹൈന്ദവ സമൂഹത്തിനും അര്‍ഹതപ്പെട്ടതുമാണെന്നും വാദിച്ച് ന്യായാസനത്തെ സമീപിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാം സംഘ്പരിവാറിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്.
കോടതി തുറക്കുന്ന പണ്ടോരയുടെ പെട്ടി
രാമക്ഷേത്രത്തിന്റെ പേരില്‍ അയോധ്യയിലെ ബാബരിമസ്ജിദിന്റെയും കൃഷ്ണ ജന്മസ്ഥാന്റെ പേരില്‍ മഥുരയിലെ ഈദ്ഗാഹ് പള്ളിയുടെയുംമേല്‍ ഉന്നയിച്ച അവകാശവാദം അതേ രീതിയില്‍, പെട്ടെന്ന് പൊന്തിവന്ന ‘ജ്യോതിലിംഗ’ത്തിന്റെ പേരില്‍ സ്വയം പ്രതിനിധാനം ചെയ്ത് കോടതിയെ സമീപിച്ചത് ആര്‍ എസ് എസിന്റെ കുല്‍സിത പദ്ധതിയാണ്. ‘അയോധ്യ-ബാബരി സിര്‍ഫ് ജാന്‍കി ഹെ, കാശി, മഥുര അബ് ബാക്കി ഹേ’-ബാബരി പള്ളി തകര്‍ക്കപ്പെട്ട ശേഷം സംഘ്പരിവാര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ പ്രയോഗവത്കരണമാണ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്ത് 40,000പള്ളികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് കെട്ടിപ്പൊക്കിയതാണെന്ന് പറഞ്ഞ് അടിയന്തരമായി പൊളിച്ചുമാറ്റേണ്ട 300ലേറെ പള്ളികളുടെ പട്ടിക സംഘ്പരിവാരം എന്നോ തയാറാക്കിയതാണ്. ആ ദിശയിലുള്ള നീക്കത്തിന്റെ ഭാഗമാണ് കോടതി മുഖേന ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുള്ള ഇപ്പോഴത്തെ ഹീന ശ്രമങ്ങള്‍. ഇതിന്റെ പിന്നില്‍ നരേന്ദ്രമോഡി-ആദിത്യനാഥ് സര്‍ക്കാരുകളുടെ ഒത്താശയുണ്ട്. ജില്ലാ ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പാക്കുന്നതിലൂടെ അവരെ കാത്തിരിക്കുന്നത് ‘ശോഭനമായ’ ഭാവിയാണ്. തെളിവുകളുടെ അഭാവത്തിലും ബാബരി പള്ളി നിലകൊണ്ട സ്ഥലം രാമക്ഷേത്രനിര്‍മാണത്തിന് ദാനംചെയ്ത അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് രാജ്യസഭാംഗമാണ്. ബാബരി പള്ളി തകര്‍ത്ത കേസില്‍ പ്രതികളായ ബി ജെ പിയുടെ നേതാക്കള്‍ ഉള്‍പ്പെടെ 32പേരെ വെറുതെ വിട്ടയച്ച സുരേന്ദ്രകുമാര്‍ യാദവ് എന്ന റിട്ട. ജഡ്ജിയെ ഉപലോകായുക്തയായി എട്ടുവര്‍ഷത്തേക്ക് നിയമിച്ചിരിക്കുന്നു. ആര്‍ എസ് എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ഇതിലപ്പുറം എന്തു പ്രലോഭനമാണ് ന്യായാധിപന്മാര്‍ക്ക് വേണ്ടത്!
വാരാണസി സിവില്‍ കോടതിയുടെ നടപടി തീര്‍ത്തും നിയമവിരുദ്ധമാണ്. 1991ലെ ആരാധനാലയ നിയമത്തിന്റെ -Places of Worship (Special Provisions) Act, 1991, -നഗ്‌നമായ ലംഘനമാണിത്. ‘The religious character of a place of worship existing on August 15, 1947, shall continue to be the same as it existed on that date’ ‘no suit, appeal or other proceeding with respect to such matter shall lie on or after such commencement in any court, tribunal or other authority ‘ -രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് (1947 ആഗസ്ത് 15ന്) എന്തായിരുന്നുവോ ആരാധനാലയത്തിന്റെ സ്വഭാവം അവ അതേ നിലയില്‍ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ട കേസോ അപ്പീലോ മറ്റു കോടതി നടപടികളോ ഏതെങ്കിലും കോടതിയിലോ ട്രിബ്യൂണലിലോ നിയമം നിലവില്‍വന്ന ശേഷം നിലനില്‍ക്കുന്നതല്ലെന്നും നിയമം അസന്ദിഗ്ധമായി പറയുന്നുണ്ട്.
ബാബരി മസ്ജിദ് തര്‍ക്കം രൂക്ഷമാവുകയും കാശിയിലെയും മഥുരയിലെയും പള്ളികള്‍ കൂടി ഉള്‍പ്പെടുത്തി വിവാദം മൂര്‍ച്ഛിപ്പിക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ അണിയറ ശ്രമങ്ങളിലേര്‍പ്പെടുകയും ചെയ്ത ഘട്ടത്തിലാണ് ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് പി വി നരസിംഹറാവു സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമനിര്‍മാണം നടത്തുന്നത്. ഈ നിയമനിര്‍മാണത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി അംഗീകരിച്ചതുമാണ്. ന്യൂനപക്ഷങ്ങളുടെ ദേവാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ ആരാധനാലയ നിയമം ഉറപ്പ് നല്‍കുന്നുണ്ട് എന്ന് അയോധ്യകേസിന്റെ വിധിന്യായത്തില്‍ അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഭാവിയില്‍ ആരാധനാലയത്തിന്റെ പേരില്‍ ഒരു തര്‍ക്കം ഉയരാന്‍ പാടില്ല എന്ന കാഴ്ചപ്പാടിലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിയമം പാസ്സാക്കിയെടുത്തത്. എന്നിട്ടും അതിലെ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് പള്ളിക്കടിയില്‍ മാന്തിനോക്കാന്‍ സിവില്‍കോടതി ഉത്തരവിട്ടത്, മിതമായി പറഞ്ഞാല്‍ ധിക്കാരമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഖനന പര്യവേക്ഷണങ്ങള്‍ ബാബരി കേസില്‍ പ്രയോജനപ്പെട്ടില്ല എന്ന് അന്തിമവിധിയില്‍ എടുത്തുപറയുന്നുണ്ട്. തങ്ങളുടെ അവകാശവാദങ്ങള്‍ക്ക് ഉപോദ്ബലകമായി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും രാമക്ഷേത്രം തകര്‍ത്താണ് പള്ളി പണിതെന്നത് തെളിഞ്ഞിരിക്കയാണെന്നും സംഘ്പരിവാരം വാദിക്കുകയും മലയാളിയായ ആര്‍ക്കിയോളജിസ്റ്റ് കെ കെ മുഹമ്മദിനെ പോലുള്ളവര്‍ അതേറ്റുപറയുകയും ചെയ്തിട്ടും ഉന്നത നീതിപീഠം ആ വൃഥാ അഭ്യാസങ്ങളെ കുറിച്ച് വിധിന്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പുരാവസ്തു ഗവേഷകരെ കൊണ്ട് സര്‍വേ നടത്തിക്കാനും പള്ളിയുടെമേലുള്ള തര്‍ക്കം പൊടിതട്ടിയെടുക്കാനും കീഴ്‌കോടതിക്ക് ഇപ്പോള്‍ ധൈര്യം വന്നത്, 1991 ലെ ആരാധനാലയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യ സ്വാമി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഹര്‍ജി സ്വീകരിക്കാന്‍ ചീഫ് എസ് ബോബ്‌ഡെ, എ എസ് ബോപണ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തയാറായതാവണം. സുബ്രഹ്മണ്യസ്വാമിയുടെ ബാലിശമായ വാദങ്ങള്‍ ഉന്നത നീതിപീഠം അപ്പടി തള്ളിക്കളയുന്നതിനു പകരം ഫയലില്‍ സ്വീകരിച്ചത് തന്നെ വലിയൊരു ഗൂഢാലോചനയുടെ ഫലമാണെന്ന് ചിലരെങ്കിലും ചൂണ്ടിക്കാട്ടിയതാണ്. ആരാധനാലയ നിയമം പുണ്യ ഗംഗയുടെ തീരത്തുള്ള 12 ‘ജ്യോതിര്‍ലിംഗ’ങ്ങളിലൊന്നായ കാശി വിശ്വനാഥ് ക്ഷേത്രത്തിലെ ശിവന്റെ പ്രതിഷ്ഠ ആരാധിക്കുന്നതില്‍നിന്ന് തന്നെയും ഭക്തരെയും തടയുന്നുവെന്നായിരുന്നു സ്വാമിയുടെ വാദം. അതുകൊണ്ട് ഭരണഘടനാ വിരുദ്ധമാണത്രെ ഈ നിയമനിര്‍മാണം. ആരാധനാലയങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങള്‍ പൊടിതട്ടിയെടുത്ത് രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമാക്കുകയും അതുവഴി പാരസ്പര്യത്തിന്റെ ജീവിതതാളം തെറ്റിച്ച് ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുകയുമാണ് ഉന്നമിടുന്നത്. ഹിന്ദുരാഷ്ട്രനിര്‍മിതിക്ക് ബഹുസ്വരതിയിലൂന്നിയ , സഹവര്‍ത്തിത്വത്തിന്റെയും മതനിരപേക്ഷതയുടെയും രാഷ്ട്രീയാന്തരീക്ഷം തടസ്സമായി നില്‍ക്കുന്നുവെന്ന് സ്വാമിയെ പോലുള്ള ബി ജെ പിയുടെ ബുദ്ധിജീവികള്‍ ചിന്തിക്കുന്നുണ്ടാവണം.
പുരാവസ്തു ഗവേഷണം എന്ന പാഴ്്വേല
വിക്രമാദിത്യ ചക്രവര്‍ത്തി നിര്‍മിച്ച ക്ഷേത്രം തകര്‍ത്ത് അതിന്റെ സ്ഥാനത്താണോ മുസ്ലിം പള്ളി പണിതതെന്ന് കണ്ടുപിടിക്കാനാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് സര്‍വേ നടത്താന്‍ വാരാണസി കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അത്തരം സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്താണെന്ന് ഉത്തരവില്‍ പറയുന്നതിങ്ങനെ: ‘A large number of peronss including Indians and Non Citizens, belonging to two religions are equally in knowing the truth of the cause of action of the plaintiffs as well as of the defence of the defendants. The circumstances in the case in hand are such that none of the parties are in a position to lead direct evidence to prove their assertions and counter assertions, as at presently hardly any perons would be alive to come and testify before this court….This court is of the view that since the defendants have outrightly denied the factum of demolition of the temple of Lord Vishweshwara in obedience of farman of Badshah Aurangjeb at the disputed site and subsequent conversion of the same into a mosque, hence in these circumstances it is incumbent on the part of this court to find the truth….A revenue entry is not conclusive piece of evidence establishing the title of the perons whose name has been mutated A successful challenge can potentially compel the revenue authorities to bring necessary alteration in the revenue records” -കോടതിയില്‍ ഹാജരായി നിജസ്ഥിതി സാക്ഷ്യപ്പെടുത്താന്‍ ആര്‍ക്കും സാധ്യമല്ലാത്തതുകൊണ്ട് വിശേശ്വരദേവന്റെ ക്ഷേത്രം പൊളിച്ചാണ് ബാദ്ഷാ ഔറംഗസീബ് പളളി പണിതതെന്നു പരാതിക്കാരന്‍ വാദിക്കുന്നതിനാല്‍ കോടതിക്കു സത്യമറിയേണ്ടതുണ്ട്. അതിനായി പുരാവസ്തു ഗവേഷകര്‍ സര്‍വേ നടത്തട്ടെ. റവന്യൂ രേഖകള്‍ അനുസരിച്ച് പള്ളി ഒരു തര്‍ക്കസ്വത്തല്ല എന്ന എതിര്‍കക്ഷിയുടെ വാദം കോടതി തള്ളുകയാണ്. അഞ്ച് പുരാവസ്തു ഗവേഷണ വിദഗ്ധരടങ്ങുന്ന സമിതി രൂപീകരിക്കാനും കോടതി നിര്‍ദേശിക്കുന്നുണ്ട്. ആ സമിതിയില്‍ രണ്ടു ന്യൂനപക്ഷാംഗങ്ങള്‍ വേണമത്രെ; നിഷ്പക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍. പള്ളി നിലകൊള്ളുന്ന സ്ഥലത്ത് ഏതെങ്കിലും കാലത്ത് ക്ഷേത്രം ഉണ്ടായിരുന്നുവോ എന്നും അത് ഏത് കാലത്തേതാണെന്നും അതിന്റെ വിസ്തൃതി എത്രയാണെന്നും ഏത് ദൈവത്തിന്റെ പ്രതിഷ്ഠയാണെന്നും കണ്ടുപിടിക്കുകയാണ് സമിതിയുടെ ചുമതല. ഗവേഷണത്തിന്റെയും അന്വേഷണത്തിന്റെയും കാലയളവില്‍ മുസ്ലിംകളെ നിസ്‌കരിക്കുന്നതില്‍നിന്ന് തടയരുത് എന്ന ‘ഉദാര സമീപനം’ കോടതി സ്വീകരിച്ചിട്ടുണ്ട്. വിക്രമാദിത്യ ചക്രവര്‍ത്തി 2050വര്‍ഷം മുമ്പാണ് കാശി വിശ്വനാഥക്ഷേത്രം നിര്‍മിച്ചതെന്നും ഇന്ന് ഗ്യാന്‍വാപി മസ്ജിദ് നിലകൊള്ളുന്നതിന്റെ മധ്യത്തിലാണ് അതെന്നും മുസ്ലിം വാഴ്ചക്കാലത്ത് പലതവണ ഭാഗികമായി തകര്‍ത്തെന്നുമാണ് ഹരജിക്കാരുടെ വാദം. 1871ല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ പ്രസിദ്ധീകരിച്ച ‘മാ അസിര്‍ അലാ ഐ ആലംഗീരി’ എന്ന അറബ് ഗ്രന്ഥത്തില്‍ ഇതിന് തെളിവുണ്ടെന്നും വാദിക്കുന്നു. മുസ്ലിം കര്‍മശാസ്ത്രമനുസരിച്ച് അന്യരുടെ ഭൂമിയില്‍ നിസ്‌കരിക്കുന്നത് നിയമവിരുദ്ധമാണെന്നതിനാല്‍ വിശ്വേശ്വര്‍ ദേവന്റെ ക്ഷേത്രം തകര്‍ത്തിടത്ത് പ്രാര്‍ഥന നടത്തിയാല്‍ അത് സ്വീകാര്യമാവില്ലെന്ന ‘മസ്അല’യും ഇക്കൂട്ടര്‍ കോടതിക്കു മുമ്പാകെ വെച്ചിട്ടുണ്ട്.
ഭൂതകാലത്തിന്റെ കുഴിമാടങ്ങള്‍ മാന്തിയെടുത്ത് ആസുരശക്തികളുടെ അധികാരമോഹത്തിനും വൈരനിര്യാതന ബുദ്ധിക്കും ശമനം കണ്ടെത്താമെന്ന് നീതിപീഠം കരുതുന്നുണ്ടെങ്കില്‍ അത് ‘ജാനുസിന്റെ കവാടം’ തുറന്നിടലാണ്. വര്‍ഗീയവിദ്വേഷത്തിന്റെ രക്തപ്പുഴയായിരിക്കും അതിലൂടെ ഒഴുകുക. കബന്ധങ്ങളായിരിക്കും അതോടെ കുന്നുകൂടുക. പ്രശസ്ത സോഷ്യോളജിസ്റ്റ് അഷിഷ് നന്ദി അഭിപ്രായപ്പെട്ടതുപോലെ, ഉത്ഖനനങ്ങളിലൂടെ രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാമെന്ന് കരുതുന്നത് മധ്യവര്‍ഗ അന്ധവിശ്വാസമാണ്. ചരിത്ര ഇടങ്ങള്‍ ഉത്ഖനനം ചെയ്യുന്നത് നാഗരികതയുടെ വികാസ പരിണാമങ്ങള്‍ പഠിക്കാനും നഗരജീവിതത്തിന്റെ തുടിപ്പുകള്‍ ഒപ്പിയെടുക്കാനും സാങ്കേതിക വളര്‍ച്ചയുടെ വ്യാപ്തി മനസ്സിലാക്കാനുമാണെന്നും മറ്റൊരു ലക്ഷ്യം അതിനു പിന്നില്‍ കണ്ടെത്തുന്നത് വിവരക്കേടാണെന്നും പൗരാണിക ഇന്ത്യന്‍ ചരിത്രത്തിലെ അതികായനായ ഡോ. ആര്‍ എസ് ശര്‍മ ഓര്‍മിപ്പിക്കുന്നുണ്ട്. നിലവിലെ കെട്ടിടത്തിന് ഊനം തട്ടാതെ അതിനടിയിലെ ചരിത്രാവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടാനുള്ള നിര്‍ദേശം ഈ ദിശയില്‍ അല്‍പം പോലും ധാരണയില്ലാത്തവരുടെ സാഹസികനീക്കമാണ്.
വാരാണസി കോടതിയുടെ ഉത്തരവുമായി മുന്നോട്ടുപോവാന്‍ അനുവദിച്ചുകൂടാ. കേവലം നിയമവഴിയിലൂടെ നേരിടേണ്ട വിഷയമല്ല ഇത്. രാജ്യത്തിന്റെ സമാധാനവും മതനിരപേക്ഷ സമൂഹത്തിന്റെ നൈരന്തര്യവും ആഗ്രഹിക്കുന്നവര്‍ ഒരുമിച്ചിരുന്നു പോംവഴി കണ്ടെത്തേണ്ട സമയമാണിത്.
Kasim Irikkoor
You must be logged in to post a comment Login