ഒട്ടും അപ്രതീക്ഷിതമല്ലാത്ത, പ്രവചിക്കപ്പെട്ട ഒരു മഹാദുരന്തത്തിന്റെ കൊടിയ നാളുകളിലാണ് ഈ കുറിപ്പ് എഴുതുന്നത്. പോയവര്‍ഷം ഏപ്രിലില്‍ ഇതേ പംക്തിയില്‍ നാം സംഭാഷണം തുടങ്ങിയത് കൊവിഡ് അനന്തരലോകം എന്ന ഒന്ന് ഇനിയില്ല എന്ന വാചകത്തോടെയാണ്. അതൊരു അശുഭചിന്തയുടെ ആമുഖവാചകമായിരുന്നില്ല. മറിച്ച്, കൊവിഡ് തകര്‍ത്താടി മടങ്ങിയാലും ലോകം പഴയപടി ആവില്ല എന്ന ആലോചന ആയിരുന്നു. പുതിയ ലോകത്ത് പുതിയ ജീവിതം നാം രൂപപ്പെടുത്തേണ്ടി വരും എന്ന ആശയം. ആ പുതിയ ജീവിതത്തിന്റെ മൂലധനം കൊവിഡ്കാല അനുഭവങ്ങളില്‍ നിന്ന് സ്വാംശീകരിക്കേണ്ടതെങ്ങനെ എന്ന അന്വേഷണം. അപ്പോഴും മനുഷ്യരാശിയുടെ മേല്‍ വന്നുപതിച്ച നാനാതരം മഹാമാരികളുടെ ചരിത്രം നമുക്ക് വഴികാട്ടാനുണ്ടായിരുന്നു. ചരിത്രത്തില്‍ നിന്നുകൂടിയാണല്ലോ മനുഷ്യര്‍ പാഠങ്ങള്‍ പഠിക്കുക. അടിത്തട്ട് സാമൂഹികതയുടെ ബലത്താല്‍ കേരളം ഈ മഹാമാരിയെ ഗംഭീരമായി അതിജീവിക്കും എന്ന പ്രത്യാശ അന്ന് നാം പങ്കുവെച്ചിരുന്നു. ചരിത്രപരമായി പലതരം ബലങ്ങളുടെ ഇടപെടലുകളാല്‍ രൂപപ്പെട്ടുവന്ന കേരളത്തിന്റെ ഉയര്‍ന്ന ബോധ്യങ്ങള്‍ കൊവിഡ് പോരാട്ടത്തിന് ഉപയുക്തമാകും എന്ന് നാം പറഞ്ഞുവെച്ചു.
അടിത്തട്ട് സാമൂഹികത എന്ന് നാം വിശദീകരിച്ചത് താഴെത്തട്ടില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പ്രാദേശിക ബന്ധനിലകളാണ്. വീട് എന്ന ചെറുയൂണിറ്റിന് തൊട്ടുപുറത്ത് പലതരം അസോസിയേഷനുകള്‍, വിവിധങ്ങളായ കൂട്ടായ്മകള്‍ മലയാളിക്കുണ്ട്. മറ്റുള്ളവര്‍ക്ക് ഇല്ല എന്നല്ല. പക്ഷേ പൊതുസ്വഭാവമുള്ള, വ്യത്യസ്തരായ മനുഷ്യരെ ഒരേ തരത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന കൂട്ടായ്മകള്‍ കേരളത്തിന്റെ അധിക സവിശേഷതയാണ്. ആ കൂട്ടായ്മകളുടെ ഇടപെടല്‍ പോയവര്‍ഷത്തെ ലോക്ഡൗണിലും കൊവിഡ് വ്യാപന പ്രതിരോധത്തിലും ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. ലോക്ഡൗണ്‍ എന്നത് അടച്ചിട്ടുള്ള പ്രതിരോധം എന്ന ഒരു ഭരണകൂടനടപടി മാത്രമല്ല എന്നും കൊവിഡ് ജീവിതം എങ്ങനെ എന്നതിന്റെ മുന്നറിയിപ്പാണെന്നും ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചിരുന്നു.
കൊവിഡ് മൂലം വമ്പന്‍ പ്രതിസന്ധികള്‍ നേരിട്ടത് ഇവിടത്തെ മാധ്യമങ്ങള്‍ ആയിരുന്നു. പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ പലനിലകളില്‍ അടഞ്ഞു. പരസ്യവരുമാനം നിലച്ചു. സുഗമ ഗതാഗതം അസാധ്യമായി. എന്നിട്ടും കൊവിഡ് വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ അവര്‍ മാതൃകാപരമായി മുന്നോട്ടുപോയി. നാം എത്തിപ്പെട്ട സാഹചര്യത്തിന്റെ അതിരൂക്ഷത ഒന്നാം പേജുകളില്‍, പ്രൈം ടൈം വാര്‍ത്തകളില്‍ എല്ലാമായി നമ്മെ അറിയിച്ചുകൊണ്ടിരുന്നു.
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട വിധം ഉജ്വലമായിരുന്നു കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം. അതിന്റെ നായകന്‍ ജനതയുടെ നായകനായി പരിവര്‍ത്തിച്ചു. ആരോഗ്യവകുപ്പ് വിപ്ലവകരമെന്ന് നിസ്സംശയം വിളിക്കാവുന്ന നടപടികള്‍ എടുത്തു. തദ്ദേശസ്ഥാപനങ്ങളാവട്ടെ ഒരുപടികൂടി കടന്ന് അക്ഷരാര്‍ഥത്തില്‍ പ്രാദേശിക ഭരണകൂടങ്ങളായി മാറി. അക്കാലം നമ്മള്‍ രോഗവ്യാപനത്തെയും മരണത്തെയും പിടിച്ചുകെട്ടി. മഹാമാരി തലകുനിച്ചു എന്നുപോലും നാം കരുതി. അക്കാലം ഡല്‍ഹിയിലും അഹമ്മദാബാദിലും മഹാരാഷ്ട്രയുടെ പലയിടങ്ങളിലും മരണം കൊടും നൃത്തമാടി. രോഗികള്‍ പെരുകി. അവരെല്ലാം കേരളത്തിലേക്ക് നോക്കി നിങ്ങള്‍ എന്താണ്, എങ്ങനെയാണ് ഇത് സാധ്യമാക്കുന്നത് എന്ന് അദ്ഭുതംകൂറി. ആ അദ്ഭുതങ്ങള്‍ വാര്‍ത്തകളായി വന്നു.
അങ്ങനെയിരിക്കേ തിരഞ്ഞെടുപ്പ് അടുത്തല്ലോ എന്ന ചിന്ത നമ്മില്‍ പ്രബലമായി. സ്വാഭാവികമായും നിലനില്‍ക്കുന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിലപാടെടുത്തു. അതില്‍ തെറ്റുമില്ല. അപ്പോഴും കൊവിഡ് ഇവിടുണ്ട്. ലോകത്താകെയുണ്ട്. പതിയെ കൊവിഡ് ഇവിടുണ്ടെന്നും ലോകത്താകെയുണ്ട് എന്നും അതിവ്യാപനശേഷിയുള്ള ആ വൈറസിനെ നാം വലിയ പരിശ്രമത്താല്‍ നിയന്ത്രിച്ചിരിക്കുകയാണെന്നുമുള്ള ബോധം റദ്ദാക്കപ്പെട്ടു. കൊവിഡ് ഒരു ശല്യക്കാരനല്ല, സര്‍ക്കാരിന്റെ വെറും പെരുപ്പിക്കലാണെന്നും വന്നു.
ആ സമയം യൂറോപ്പിലും അമേരിക്കയിലും പ്രതീക്ഷിച്ചപോലെ രണ്ടാം തരംഗം സംഭവിച്ചു. അവിടങ്ങളില്‍ പക്ഷേ, അത് ഒന്നാം തരംഗത്തിന്റെ തുടര്‍ച്ചയായി കൈകാര്യം ചെയ്യപ്പെട്ടു. ശരിയായി കൈകാര്യം ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ വാര്‍ത്താമൂല്യം കണ്ടെത്താനുള്ള നമ്മുടെ കഴിവില്ലായ്മയാല്‍ അക്കാര്യങ്ങള്‍ നാം വാര്‍ത്തയാക്കിയില്ല. ഫലം, ഈ കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ ആകെ പ്രതിദിന കൊവിഡ് ബാധിതരുടെ കേരളത്തിലെ എണ്ണം 20000 തൊടുന്നു. ഒന്നാം തരംഗത്തില്‍ മലയാളിയെ മുന്നില്‍നിന്ന് നയിച്ച മുഖ്യമന്ത്രിപോലും തിരഞ്ഞെടുപ്പിനിടെ കൊവിഡ് ബാധിതനാവുന്നു. വാക്സിനേഷന്‍ അനിശ്ചിതത്വങ്ങള്‍ പെരുകുന്നു. തിരഞ്ഞെടുപ്പും ഈസ്റ്ററും വിഷുവും ആഘോഷിച്ച മലയാളിക്കുമേല്‍ മറ്റൊരു ലോക്ഡൗണിന്റെ സാധ്യതകള്‍ തൂങ്ങിയാടുന്നു. ഇനിയെന്ത് എന്ന ചകിത ചിന്തകള്‍ ചുറ്റും പെരുകുന്നു. മരണങ്ങള്‍ നിയന്ത്രണമില്ലാതെ ഏറുന്നു.
ഇന്ത്യയുടെ പൊതുസ്ഥിതി അതിവേഗം ഭയാനകമാവുന്നു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുതല്‍ കുംഭമേള വരെയും ഉഴുതുമറിച്ച ജനക്കൂട്ടത്തിലേക്ക് രണ്ടാം കൊവിഡ് ആര്‍ത്തിരമ്പി എത്തിക്കഴിഞ്ഞു. ഒന്നാം തരംഗത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത ജനതയോട് രണ്ടാമന്‍ പ്രതികാരം ചെയ്യുന്നു. ഒന്നാം തരംഗത്തിന്റെ അവസാനനാളുകളില്‍ ലോകം ചെയ്തത് എന്തെല്ലാമെന്ന് കണ്ണുതുറന്ന് നോക്കാതെ ചക്കളത്തിപോരാട്ടങ്ങളില്‍ അഭിരമിച്ച ഭരണകൂടവും നിലവിട്ട് പരക്കം പാഞ്ഞ ജനതയും ശിക്ഷിക്കപ്പെടുന്നു. ഒരിക്കല്‍ കൂടി രാജ്യം അതിതീവ്രവ്യാപനത്തിന്റെ പിടിയിലേക്ക് നിലം പൊത്തുന്നു. എന്തുചെയ്യും എന്ന ചോദ്യം അന്തരീക്ഷത്തില്‍ നിറയുന്നു. പതിവ് വാചാടോപങ്ങളില്‍ പ്രധാനമന്ത്രി അഭയം തേടുന്നു.
എന്താണ് സംഭവിച്ചത്? ഉത്തരം കൃത്യമായി ലഭ്യമാണ്. ഇന്ത്യയില്‍ കൊവിഡ് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു എന്ന ഒരു ക്രൂരമിഥ്യ സ്ഥാപിക്കപ്പെട്ടു. കേരളവും ആ മിഥ്യയില്‍ അഭിരമിച്ചു. രണ്ടാം വരവുണ്ട് കരുതിയിരിക്കൂ എന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകള്‍ പരിഹാസത്തോടെ അവഗണിക്കപ്പെട്ടു. മൂന്നു വര്‍ഷത്തെ നിതാന്ത ജാഗ്രത എങ്കിലും ഈ മഹാമാരി അര്‍ഹിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഇല്ലാതായി. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മനുഷ്യരെ കൊന്നൊടുക്കാനെത്തിയ മഹാമാരികള്‍ എല്ലാം ഇത്തരത്തില്‍ മടങ്ങിവന്ന് അക്രമിച്ചിട്ടുണ്ടെന്ന പാഠങ്ങള്‍ അവഗണിക്കപ്പെട്ടു. അമേരിക്കയിലും യൂറോപ്പിലും വന്ന രണ്ടാം തരംഗം നമ്മെ ഒന്നും പഠിപ്പിച്ചില്ല. കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധം ഒരു തുടര്‍പ്രക്രിയ ആണെന്ന സാമാന്യധാരണ അട്ടിമറിക്കപ്പെട്ടു. അതിനിടയില്‍ കേരളത്തില്‍ ഉള്‍പ്പടെ അഞ്ചിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നു. അടിത്തട്ട് സാമൂഹികതയും ഉയര്‍ന്ന ബോധ്യങ്ങളുമുള്ള കേരളത്തില്‍ നടന്നതെന്ത് എന്ന് വെറുതേ നോക്കാം.
മഹാമാരികളെ സംബന്ധിച്ച് പ്രോട്ടോകോള്‍ എന്നത് ഒരു സാങ്കേതികപദമല്ല. അതൊരു ജീവിതശീലമായി മാറ്റേണ്ടതാണ്. മഹാമാരി പിന്‍വാങ്ങിയാലും അതിന്റെ മരപ്പെയ്ത്തുകള്‍ നിലനില്‍ക്കുമെന്ന പാഠം ലോകത്തെ ആരോഗ്യസമൂഹം കാലങ്ങളായി പഠിപ്പിക്കുന്നതാണ്. അതിനാലാണ് ഒരു പാന്‍ഡെമിക്കോ എപ്പിഡെമിക്കോ പുറപ്പെട്ടാല്‍ അതിന്റെ അവസാന കണവും കെട്ടടങ്ങുന്നതുവരെ ഒരുപ്രോട്ടോകോള്‍ അഥവാ നിയമപരമായി ബാധ്യതപ്പെട്ട പെരുമാറ്റശീലം അനുവര്‍ത്തിക്കണമെന്ന് പറയുന്നത്. കൊവിഡ് ആവശ്യപ്പെടുന്ന പ്രോട്ടോക്കോളില്‍ ഒന്നാമത്തേത് സാമൂഹിക അകലമാണ്. രണ്ടാമത്തേത് കൃത്യമായ മുഖാവരണമാണ്. മൂന്നാമത്തേത് സാനിറ്റൈസേഷനാണ്. (വാക്സിന്‍ ഉല്പാദനം തുടങ്ങിയതോടെ വാക്സിനേഷന്‍ പ്രോട്ടോകോളില്‍ നാലാമതെത്തി).
അടിയന്തിര പ്രാധാന്യമുള്ള മൂന്ന് പ്രോട്ടോകോളുകള്‍ ക്രൂരമായി റദ്ദാക്കപ്പെട്ട ഒന്നായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ്. സ്വാഭാവികമായ രണ്ടാംതരംഗം തിരഞ്ഞെടുപ്പിന്റെ സൃഷ്ടിയാണെന്ന അരാഷ്ട്രീയവാദം ഉന്നയിക്കുകയല്ല. തീര്‍ച്ചയായും തിരഞ്ഞെടുപ്പല്ല, മഹാമാരികളുടെ അടിസ്ഥാന സ്വഭാവമാണ് കാരണം. പക്ഷേ, ഈ പ്രോട്ടോകോളുകളുടെ റദ്ദാക്കല്‍ രണ്ടാം വരവിനെ പ്രതിരോധിക്കാനുള്ള ബോധത്തെ തകര്‍ക്കുന്ന, തകര്‍ത്ത ഒന്നായിരുന്നു. തുടര്‍ഭരണം വന്നേക്കുമെന്ന പരിഭ്രാന്തിയില്‍ പ്രതിപക്ഷം കാടിളക്കി. അതിനെ ചെറുക്കാന്‍ ഇടതുപക്ഷം അരയും തലയും മുറുക്കി. മഹാറാലികള്‍ നടന്നു. താടിയില്‍ തൂക്കിയിട്ട മാസ്‌കുമായി നേതാക്കള്‍ ചാനലുകളില്‍ നിറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ആരും ചെവിക്കൊണ്ടില്ല. മാസ്‌ക് ധരിക്കാതെ പൊതുവേദികളില്‍ അഴിഞ്ഞാടിയ നേതാക്കള്‍ കൊവിഡ് വ്യാപനത്തിന് കാരണമായി എന്നാണോ പറയുന്നത്? അല്ല, മറിച്ച് കൊവിഡിനെതിരായ ഏറ്റവും വലിയ പ്രതിരോധമായി കണക്കാക്കുന്ന മുഖകവചം അവമതിക്കപ്പെട്ടു എന്നാണ്. അത് തെറ്റായ സന്ദേശങ്ങള്‍ സൃഷ്ടിച്ചു. അക്കാലങ്ങളില്‍ നിരുത്തരവാദപരമായിരുന്നു മാധ്യമസമീപനം. നോക്കൂ, ഇപ്പോള്‍ ഈ രണ്ടാം തരംഗ സമയത്ത് സ്റ്റുഡിയോകളില്‍ മാസ്‌കിട്ടിരുന്ന് മാതൃക കാട്ടുന്ന ഇതേ വിഷ്വല്‍ മീഡിയ ഒരു ഘട്ടത്തില്‍ പോലും മാസ്‌ക് എന്ന പ്രമേയം തിരഞ്ഞെടുപ്പ് നാളുകളില്‍ ഉയര്‍ത്തിയില്ല. ക്വാറന്റീന്‍ അനിവാര്യമായ മുതിര്‍ന്ന നേതാക്കള്‍ പോലും ജനക്കൂട്ടത്തിലേക്ക് ഇറങ്ങി. എവ്വിധവും ഭരണം പിടിക്കുക എന്ന ഒറ്റ അജണ്ടയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങി. കൊവിഡ് ഒരിടത്തും ചര്‍ച്ചയായില്ല. മറിച്ച് കൊവിഡ് കാലത്തെ കിറ്റുകള്‍ ചര്‍ച്ചയാവുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിലെ മേന്‍മകളെ ഭരണപക്ഷവും വീഴ്ചകളെ പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയില്ല. കൊവിഡിനെ നമ്മള്‍ മറന്നു; അക്ഷരാര്‍ഥത്തില്‍. കൊവിഡ് നമ്മുടെ സാമ്പത്തികതയില്‍, സാമൂഹ്യജീവിതത്തില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ പോലും ഒരുവേള പഠിക്കപ്പെട്ടില്ല. ഇന്ത്യയിലെ രണ്ടാംഘട്ട വ്യാപനം തരിമ്പും അപ്രതീക്ഷിതമല്ലായിരുന്നു. പാന്‍ഡമിക്കിന്റെ ചാക്രികതയെ പഠിക്കുന്നവര്‍ അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തെ പൊതുസ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. തിരഞ്ഞെടുപ്പ് മാമാങ്കങ്ങള്‍ അവിടെ നില്‍ക്കട്ടെ, ഈ കൊവിഡ് മഹാമാരിയുടെ കാലത്ത് 270000 കാണികളെ പങ്കെടുപ്പിച്ച് ഗുജറാത്തിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കപ്പെട്ടത് ഓര്‍ക്കുക. ആ ഒറ്റ സംഘാടനം മാത്രം മതി എത്ര അലക്ഷ്യമായാണ്, എത്ര ക്രൂരമായാണ് ഭരണകൂടം മരണത്തിന്റെ വ്യാപാരികളായി മാറിയതെന്ന് മനസിലാക്കാന്‍. കേരളത്തിലേക്ക് തന്നെ വരാം.
ഒരിക്കല്‍ ഉപേക്ഷിച്ചാല്‍ മടക്കിയെടുക്കല്‍ ദുഷ്‌കരമായ ഒന്നാണ് ജാഗ്രത. വാക്സിനേഷന്റെ ആരംഭം കേരളത്തില്‍ നിന്ന് കൊവിഡ് ജാഗ്രതയെ പൂര്‍ണമായും പടികടത്തിയ നിലയുണ്ടാക്കി. മഹാരാഷ്ട്രയില്‍ രണ്ടാം തരംഗം പുറപ്പെട്ട കാലത്ത് നാം ശ്രദ്ധിച്ചില്ല. നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ മികച്ചതായിരിക്കേ തന്നെ പരിമിതമാണ് എന്ന ധാരണ പൊതുസമൂഹത്തിന് നല്‍കാന്‍ ആരും മിനക്കെട്ടില്ല. അതിന്റെ ഫലമാണ് വരുംനാളുകളെ കാത്തിരിക്കുന്നത്. കൊവിഡിനെതിരായ ദേശീയപ്രതിരോധത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം നിര്‍ഭാഗ്യവശാല്‍ ഇപ്പോഴില്ല. വാക്സിന്‍ നയത്തിലെ അലംഭാവവും അപരിഷ്‌കൃതത്വവും കെടുകാര്യസ്ഥതയും നാം കണ്ടതാണ്. പാന്‍ഡെമിക് പ്രതിരോധത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ഹേര്‍ഡ് ഇമ്മ്യൂണിറ്റി. കൂട്ടമായി ഉണ്ടാകുന്ന പ്രതിരോധശേഷിയാണത്. എത്ര ഡോസ് വാക്സിന്‍ എടുത്താലാണ് ഇതുണ്ടാവുക എന്ന് നാളിതുവരെ തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. 138 കോടിയോളം ജനസംഖ്യയില്‍ ഏതാണ് 60 കോടിയോളം മനുഷ്യര്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ മാത്രമേ ഈ മഹാമാരിയെ പിടിച്ചുനിര്‍ത്താനെങ്കിലുണ്ട് കഴിയൂ. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ വാക്സിന്‍ അഭയങ്ങള്‍. അവരെ മാത്രം ആശ്രയിച്ച് എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും വാക്സിനേഷന്‍ എന്നത് ഒരു മാരക ചോദ്യമാണ്. വികസിത രാജ്യങ്ങള്‍ വാക്സിനുകള്‍ വന്ന പാടെ രാജ്യത്തെ ആഭ്യന്തരനിയമങ്ങള്‍ പരിഷ്‌കരിച്ച് വാക്സിന്‍ സ്റ്റോക്ക് ചെയ്യുകയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു എന്നുമോര്‍ക്കുക. മാത്രമല്ല സമ്പൂര്‍ണ വാക്സിനേഷന്‍ സാധ്യമായില്ലെങ്കില്‍ മഹാമാരിയെ മടക്കി അയക്കുക എന്നത് അപ്രായോഗികമായ ഒന്നായി മാറുകയും ചെയ്യും. കാരണം സമ്പൂര്‍ണ വാക്സിനേഷന്‍ ഉണ്ടായില്ലെങ്കില്‍ വൈറസ് ജനിതകമാറ്റം നേടി വീണ്ടുമെത്തും.
സംഭവിച്ചത് സംഭവിച്ചു. പഴിചാരുന്നതില്‍ അര്‍ഥമില്ല. മരണമുഖം പഴിചാരലുകള്‍ക്ക് ഉള്ളതല്ല. വന്നുപോകട്ടെ എന്ന് കരുതാവുന്നത്ര സൗമ്യനല്ല കൊവിഡ്. രോഗബാധിതനായിരിക്കുമ്പോള്‍ ഭൂരിപക്ഷത്തിലും അത് വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കില്ലായിരിക്കാം. പക്ഷേ, ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ ശരീരത്തെ അത് അപകട മുനമ്പിലാക്കും. മരണത്തിനായി അത് ആരെ തിരഞ്ഞെടുക്കുന്നു എന്നതിന് ഇപ്പോഴും ഒരു സൂചനയില്ല. കരുത്തരായ ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ കൊവിഡിനാല്‍ മരണപ്പെടുന്നു. ആശുപത്രികളുടെ സേവനം അസാധ്യമായാല്‍ നിങ്ങള്‍ കെണിയിലാവും.
അതിനാല്‍ നാം അഭയം പ്രാപിക്കേണ്ടത് നമുക്ക് സുസാധ്യമായ സാമൂഹികതയിലാണ്. ഒരിക്കല്‍ കൂടി പ്രതിരോധത്തിന് ഇറങ്ങുക. സംഭവിച്ച വീഴ്ചകള്‍ മനസിലാക്കി പുതിയ പാഠങ്ങള്‍ പഠിക്കുക. ഇവന്‍ മടങ്ങും വരെ ജാഗ്രതയുണ്ടാവുക. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് നിങ്ങള്‍ മാറിനില്‍ക്കുക. കൂട്ടം കൂടുന്നവരെ മരണം വിതക്കുന്നവരായി മനസിലാക്കുക. മനുഷ്യാഹ്ലാദങ്ങളുടെ, ഉല്‍സവങ്ങളുടെ, മതാഘോഷങ്ങളുടെ നാളുകളാണ് ഏപ്രിലും മെയും. അവധിയാഹ്ലാദങ്ങളുടെ കാലം. കാലപരമായി നമുക്ക് വസന്തമല്ലെങ്കിലും മനുഷ്യവ്യവഹാരങ്ങളുടെ കാര്യത്തില്‍ നമുക്ക് ഏപ്രിലും മെയും വസന്തകാലമാണ്. ഈസ്റ്റര്‍, വിഷു, റമളാന്‍ അങ്ങിനെ നീളുന്ന വസന്തങ്ങള്‍. പക്ഷേ, നാം ഇപ്പോള്‍ ഒരു കെണിയിലാണ്. വസന്തം ഈ ഭൂമിയെ എന്നേക്കുമായി ഉപേക്ഷിച്ചുപോകാതിരിക്കാന്‍ ഏപ്രിലിനെ ഏറെ ജാഗ്രതയോടെ കാണണം. നമ്മെ രക്ഷിക്കണം. നാം മറ്റുള്ളവരെയും രക്ഷിക്കണം. ഓരോ മനുഷ്യനും ആതുരസേവകനാവേണ്ട നാളുകള്‍ ആഗതമായിരിക്കുന്നു.
കെ കെ ജോഷി
You must be logged in to post a comment Login