വ്രതം എനിക്കുള്ളതാണെന്നും ഞാനതിന് പ്രതിഫലം നല്‍കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. വ്രതമെടുക്കുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന വര്‍ധിച്ച പ്രതിഫലത്തെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. ‘നോമ്പുകാര്‍ രണ്ടു വിധമാണ്. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് അന്നപാനീയങ്ങളും ഭോഗേച്ഛയും ഒഴിവാക്കുന്നവരാണ് ഒരു വിഭാഗം. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാണ് അവരുടെ ആഗ്രഹം. പ്രതിഫലം കാംക്ഷിച്ചു കൊണ്ട് അല്ലാഹുവിനു വേണ്ടി പണിയെടുക്കുന്നവരാണവര്‍. അതിനു വേണ്ടിയുള്ള വ്യാപാരമാണവരുടേത്. അല്ലാഹു അവര്‍ക്ക് വര്‍ധിച്ച പ്രതിഫലം നല്‍കും. അവരെയൊരിക്കലും നിരാശരാക്കുകയില്ല. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് വര്‍ധിച്ച പ്രതിഫലം നല്‍കുക തന്നെ ചെയ്യും സദ്കര്‍മങ്ങള്‍ ചെയ്ത ഒരാളുടെയും പ്രതിഫലം നാം ഒരിക്കലും പാഴാക്കുകയില്ല(ഖുര്‍ആന്‍ 18/30). രണ്ടാമത്തെ വിഭാഗം അല്ലാഹു അല്ലാത്തവയെ ഉപേക്ഷിച്ച് നോമ്പെടുക്കുന്നവരാണ്. ഐഹിക ജീവിതത്തിലെ അലങ്കാരങ്ങളെല്ലാം ഉപേക്ഷിച്ച് പരലോക പ്രതീക്ഷയില്‍ അല്ലാഹുവിന്റെ പ്രീതിക്കായി മനസ്സും ശരീരവും തളച്ചിടുന്ന നോമ്പുകാരാണവര്‍. അല്ലാഹുവിനെ ദര്‍ശിക്കുന്ന ദിനമാണ് അവരുടെ പെരുന്നാള്‍. അതിലാണ് അവരുടെ സന്തോഷം(നിദാഉറ്, റയ്യാന്‍ 1/52).
സ്രഷ്ടാവായ അല്ലാഹുവിനെ ദര്‍ശിക്കുകയാണ് സത്യവിശ്വാസിയുടെ വലിയ ആത്മാഭിലാഷം. എന്നാല്‍ ഭൗതികലോകത്ത് അതിനുള്ള അവസരമില്ല. അല്ലാഹുവിന്റെ സത്ത മനുഷ്യ ദൃഷ്ടിക്ക് അപ്രാപ്യമാണ്. അല്ലാഹുവിന് സൂക്ഷ്മമോ സ്ഥൂലമോ ആയ ശരീരഭാഗങ്ങളില്ല. ജഡിക രൂപമില്ല. സ്ഥലകാല ബന്ധമില്ല. പ്രപഞ്ചാതീതവും പദാര്‍ഥാതീതവുമാണ് അവന്റെ അസ്തിത്വം. അവന്റെ സ്വത്വം ഇന്ദ്രിയ സ്പര്‍ശിയല്ല. അത് മറ്റൊന്നിനോടും തുല്യവുമല്ല. ‘അവനെപ്പോലെ മറ്റൊന്നുമില്ല, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’ (ശൂറാ 11). മനുഷ്യദൃഷ്ടിക്ക് ധാരാളം പരിമിതികളുണ്ട്. പദാര്‍ഥ ലോകത്തുള്ളതു മാത്രമാണ് മനുഷ്യ ദൃഷ്ടിക്ക് കാണാന്‍ സാധിക്കുന്നത്. സ്രഷ്ടാവായ അല്ലാഹുവിനെ കാണാനുള്ള കഴിവ് മനുഷ്യദൃഷ്ടികള്‍ക്ക് അല്ലാഹു നല്‍കിയിട്ടില്ല. ‘അവന്‍ ദൃഷ്ടിഗോചരനല്ല; ദൃഷ്ടികള്‍ അവന് ഗോചരീഭവിക്കുന്നതാണ് താനും. അവന്‍ സൂക്ഷ്മജ്ഞനും അഭിജ്ഞനുമാകുന്നു’ (ഖുര്‍ആന്‍ 6/103). തിരുനബിക്ക്(സ) മാത്രമാണ് ഐഹിക ലോകത്തു വെച്ച് അല്ലാഹുവിനെ നേരില്‍ ദര്‍ശിക്കാനുള്ള സൗഭാഗ്യം ലഭിച്ചിട്ടുള്ളത്. അതു തന്നെ ഉപരിലോകത്ത് വെച്ചായിരുന്നു.
‘ബലഹീനനായാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്’ (ഖുര്‍ആന്‍ 4/28). പരിമിതമായ കഴിവുകള്‍ മാത്രമാണ് ഇഹലോകത്ത് മനുഷ്യന് അല്ലാഹു നല്‍കിയിട്ടുള്ളത്. ഐഹികജീവിതം നൈമിഷികവും നശ്വരവുമാണ് എന്നതാണ് അതിനു കാരണം. മഴ ലഭിക്കുമ്പോള്‍ തഴച്ചുവളരുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യുന്ന സസ്യലതാദികളോടാണ് വിശുദ്ധ ഖുര്‍ആന്‍ ഐഹിക ജീവിതത്തെ ഉപമിച്ചിരിക്കുന്നത്. പരലോകജീവിതം അനശ്വരമാണ്. ഏറ്റവും ഉല്‍കൃഷ്ടമായ ജീവിതവും അതുതന്നെ. ‘പരലോകമത്രേ അത്യുല്‍കൃഷ്ടവും അനശ്വരവുമായിട്ടുള്ളത്’ (ഖുര്‍ആന്‍ 87/17). ഇഹലോകത്ത് മനുഷ്യന് ലഭിച്ചിട്ടുള്ളതില്‍ കൂടുതല്‍ സിദ്ധികള്‍ പരലോകത്ത് വെച്ച് അല്ലാഹു അവന് നല്‍കും. ഇഹലോകത്ത് അനുഭവപ്പെടുന്ന പരിമിതികളെല്ലാം അവിടെ അപ്രസക്തമാകും. ഇഹലോകത്ത് വെച്ച് മനുഷ്യനു ലഭിക്കാത്ത ‘ലിഖാഅ്’ (ദൈവദര്‍ശനം) പരലോകജീവിതത്തില്‍ അവനു ലഭിക്കും. സ്വര്‍ഗത്തില്‍വെച്ച് സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണാന്‍ സാധിക്കും. തഖ്വയുള്ളവരാകുക, സദ്കര്‍മങ്ങള്‍ കൊണ്ട് ജീവിതം ധന്യമാക്കുക എന്നതാണ് അല്ലാഹുവിന്റെ ലിഖാഅ് ലഭിക്കാനുള്ള മാര്‍ഗം. ‘രക്ഷിതാവിനെ കാണണമെന്നാഗ്രഹിക്കുന്നവന്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തു കൊള്ളട്ടെ.’ (ഖുര്‍ആന്‍ 18/110). തഖ്വയുള്ളവര്‍ക്കാണ് സ്വര്‍ഗപ്രവേശം ലഭിക്കുന്നത്. ‘നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗാരാമത്തിലേക്കും ധൃതിപ്പെട്ട് മുന്നോട്ടു വരുവിന്‍! ആകാശഭൂമികളോളം വിശാലതയുണ്ടതിന്. മുത്തഖികള്‍ക്കായി ഒരുക്കിവെച്ചിരിക്കുകയാണത് (ആലു ഇംറാന്‍ 133).
സത്യവിശ്വാസിയെ തഖ്വയുള്ളവരാക്കുന്ന കര്‍മമാണ് വ്രതം. വിശുദ്ധ ഖുര്‍ആന്‍ സൂറതുല്‍ ബഖറ 183, 187 വചനങ്ങളില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി നോമ്പെടുത്തവന് സ്വര്‍ഗപ്രവേശം ലഭിക്കുമെന്ന് തിരുനബിയുടെ(സ) വാക്കിലുണ്ട് (അഹ്മദ്). അനശ്വര സൗഭാഗ്യങ്ങളുടെയും അവര്‍ണനീയമായ സുഖാസ്വാദനങ്ങളുടെയും സങ്കേതമാണ് സ്വര്‍ഗം. അനിര്‍വചനീയമാണ് അവിടത്തെ അനുഭൂതികള്‍. അതീവ ഹൃദയഹാരിയാണ് ഓരോ രംഗങ്ങളും. ‘ഒരു ദൃഷ്ടിക്കും ഗോചരീ ഭവിച്ചിട്ടില്ലാത്ത, ഒരു കര്‍ണപുടത്തെയും കോള്‍മയിര്‍ കൊള്ളിച്ചിട്ടില്ലാത്ത, ഒരു വിചിന്തനത്തിനും വിഷയീഭവിച്ചിട്ടില്ലാത്ത അനുഗ്രഹങ്ങളാണ്’ സ്വര്‍ഗലോകത്തുള്ളതെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ഉടയാടകള്‍, ഇഷ്ടഭോജ്യങ്ങള്‍, പാനീയങ്ങള്‍, മണിമേടകള്‍, പരവതാനികള്‍, ഇരിപ്പിടങ്ങള്‍, കിടപ്പറകള്‍, ത്രസിപ്പിക്കുന്ന സ്വര്‍ഗീയ സുന്ദരികള്‍ അങ്ങനെ വേണ്ടതെല്ലാം ലഭിക്കുന്ന അനുഗ്രഹീത ഭവനം. എന്നാല്‍ ഈ അനുഗ്രഹങ്ങളെയെല്ലാം വിസ്മൃതമാക്കുന്ന അതിമഹത്തായ ഒരു അനുഗ്രഹം സ്വര്‍ഗലോകത്ത് വിശ്വാസികള്‍ക്ക് ലഭിക്കാനുണ്ട്. അതാണ് ലിഖാഅ്. അഥവ സൃഷ്ടാവായ അല്ലാഹുവിനെ നേരില്‍ ദര്‍ശിക്കല്‍. സ്വര്‍ഗലോകത്തെ ഏറ്റവും ആനന്ദകരമായ അനുഭൂതിയാണ് ലിഖാഅ്. ചില മുഖങ്ങള്‍ അന്ന് പ്രസന്നമായിരിക്കും. അവ തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കുന്നതുമായിരിക്കും. (സൂറതുല്‍ ഖിയാമ 22, 23) സുകൃതം ചെയ്തവര്‍ക്ക് അത്യുത്തമ പ്രതിഫലവും കൂടുതല്‍ അനുഗ്രഹവുമുണ്ട്, ഇരുളോ മ്ലാനതയോ അവരുടെ വദനങ്ങളെ ബാധിക്കുകയില്ല (യൂനുസ് 26) എന്ന വചനത്തില്‍ പരാമര്‍ശിച്ച കൂടുതലായി ലഭിക്കുന്ന അനുഗ്രഹം അല്ലാഹുവിന്റെ ലിഖാആണെന്ന് ഖുര്‍ആന്‍ വ്യാഖ്യതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘പൗര്‍ണമി നാളിലെ പൂര്‍ണചന്ദ്രികയെ ദര്‍ശിക്കുന്നതു പ്രകാരം നഗ്‌നനേത്രങ്ങള്‍ കൊണ്ട് പരലോകത്ത് വെച്ച് നിങ്ങള്‍ക്ക് അല്ലാഹുവിനെ ദര്‍ശിക്കാനാകുമെന്ന് തിരുനബി(സ) അരുളിയിട്ടുണ്ട് (ബുഖാരി).
നോമ്പ് അല്ലാഹുവിന്റെ ലിഖാഅ് ലഭിക്കുന്നതിന് ഹേതുകമായ സദ്കര്‍മമാണ്. തിരുനബി(സ) പറഞ്ഞു: നോമ്പുകാരന് രണ്ടു സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുന്ന സമയത്തും മറ്റൊന്ന് അല്ലാഹുവിനെ കണ്ടുമുട്ടുന്ന സമയത്തും (ബുഖാരി). നോമ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലും അല്ലാഹുവിന്റെ പക്കല്‍ നിന്ന് ലഭിക്കുന്ന മഹത്തായ പ്രതിഫലത്തിലുള്ള പ്രതീക്ഷയും നോമ്പ് തുറക്കുന്ന സമയം വിശ്വാസിക്ക് സന്തോഷം പകരുന്നു. പരലോകത്ത് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന മഹത്തായ പ്രതിഫലവും അല്ലാഹുവിന്റെ ലിഖാഉം വിശ്വാസികള്‍ക്ക് നല്‍കുന്ന സന്തോഷം വളരെ വലുതാണ്. സൃഷ്ടി സ്രഷ്ടാവിനെ കാണുന്ന രംഗം എത്രമാത്രം സന്തോഷകരമായിരിക്കും. നാഥന്റെ ആജ്ഞകള്‍ ശിരസാവഹിച്ച്, വിലക്കുകള്‍ പാലിച്ച് ജീവിതം ചിട്ടപ്പെടുത്തിയ വിശ്വാസിക്ക് അതില്‍പരം ആനന്ദം മറ്റെന്താണുള്ളത്. പകലിരവുകളിലായി നിത്യവും അനേകം തവണ അവന്‍ അത് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ‘ഭൂവനവാനങ്ങളെ സൃഷ്ടിച്ചനാഥാ, സത്യ മതക്കാരനും അനുസരണയുള്ളവനുമായി നിന്നിലേക്ക് ഞാനിതാ എന്റെ ശരീരം തിരിച്ചിരിക്കുന്നുവെന്ന്. നിനക്കാകുന്നു എല്ലാ തിരുമുല്‍ കാഴ്ചകളുമെന്ന്’ ആ നാഥനെ ഇവിടെയിതാ നേരില്‍ കാണുകയാണ്. ‘ഔന്നത്യത്തിന്റെയും സൗന്ദര്യത്തിന്റെയും മഹത്വത്തിന്റെയും പരിശുദ്ധിയുടെയും സകല സമ്പൂര്‍ണതകളും മേളിച്ച തന്റെ നാഥനെ ദര്‍ശിക്കുന്നതിലേറെ സന്തോഷകരമായി മറ്റെന്താണുള്ളത്. തിരുനബി(സ) പറഞ്ഞു: സ്വര്‍ഗാവകാശികള്‍ അതില്‍ പ്രവേശിച്ചു കഴിഞാല്‍ അല്ലാഹു അവരോട് ചോദിക്കും: ‘ഞാന്‍ നിങ്ങള്‍ക്ക് കൂടുതലായി വല്ലതും നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഞാനത് നല്‍കിയേക്കാം’. അവര്‍ പറയും ‘നീ ഞങ്ങളുടെ മുഖങ്ങളെ പ്രകാശമുള്ളതാക്കിയിരിക്കുന്നു. ഞങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. നരകശിക്ഷയില്‍ നിന്നു രക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു’ അപ്പോള്‍ അല്ലാഹു അവര്‍ക്കു മുന്നിലെ തിരശ്ശീല (അല്ലാഹുവിനെ ദര്‍ശിക്കുന്നതില്‍ നിന്നും അവരെ തടയുന്ന മറ) നീക്കിക്കളയുകയും ദര്‍ശന സൗഭാഗ്യം നല്‍കുകയും ചെയ്യും. തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലേറെ പ്രിയങ്കരമായ ഒരു കാര്യവും അവര്‍ക്ക് നല്‍കപ്പെട്ടിരിക്കില്ല'(മുസ്ലിം).
ഇസ്ഹാഖ് അഹ്സനി
You must be logged in to post a comment Login