ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വന്നത് ഏപ്രില്‍ 23ന് പുലര്‍ച്ചെ നാലുമണിക്കാണ്. അതിനു തൊട്ടുമുമ്പുള്ള ഇരുപത്തിനാലു മണിക്കൂറിനിടെ എട്ട് സ്വകാര്യവിമാനങ്ങളാണ് ഇന്ത്യയില്‍നിന്ന് ലണ്ടനില്‍ പറന്നിറങ്ങിയതെന്ന് ലണ്ടനിലെ ‘ടൈംസ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലൊന്ന്, 13 സീറ്റുള്ള ബൊംബാഡിയര്‍ ഗ്ലോബല്‍ 6000 ജെറ്റ് വിമാനം, മുംബൈയില്‍ നിന്ന് ലണ്ടനിലെ ലൂട്ടന്‍ വിമാനത്താവളത്തിലിറങ്ങിയത് പുലര്‍ച്ചെ 3.15നാണ്. വിലക്കു നിലവില്‍ വരുന്നതിന് കഷ്ടി മുക്കാല്‍ മണിക്കൂര്‍ മുമ്പ്.
കൊവിഡിന്റെ പിടിയില്‍ പിടയുന്ന ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നുമാണ് ഏതാണ്ട് ഒമ്പതു മണിക്കൂര്‍ സമയം പറന്ന് ഈ വിമാനങ്ങള്‍ ലണ്ടനിലെത്തിയത്. ഏതാണ്ട് ഒരു ലക്ഷം പൗണ്ടാണ് (ഒരു കോടിയിലേറെ രൂപ) ഇന്ത്യയിലെ അതിസമ്പന്നര്‍ ഈ യാത്രയ്ക്കുവേണ്ടി ചെലവാക്കിയതെന്ന് ടൈംസ് കണക്കുകൂട്ടിയെടുത്തിട്ടുണ്ട്. മോഡിയുടെ ഇന്ത്യയിലെ വന്‍നഗരങ്ങളിലെ മനുഷ്യര്‍ പ്രാണവായുവിനായി കെഞ്ചുമ്പോള്‍, ഇവിടത്തെ കോടീശ്വരന്‍മാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നെന്നുവേണം മനസ്സിലാക്കാന്‍. ‘യാത്രാവിലക്ക് മറികടക്കാന്‍ അതിസമ്പന്നരുടെ പരക്കംപാച്ചില്‍’ എന്നാണ് ഈ വാര്‍ത്തയ്ക്ക് ടൈംസ് നല്‍കിയ തലക്കെട്ട്.
ടൈംസില്‍ മാത്രമല്ല, സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനത്തിന് പേരുകേട്ട അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം ഏതാനുമാഴ്ചകളായി നിറഞ്ഞുനില്‍ക്കുന്നത് മോഡിയുടെ ഇന്ത്യയാണ്. ‘ഇന്ത്യയുടെ കൊവിഡ് മഹാദുരന്തം’ എന്ന മുഖലേഖനവുമായാണ് പുതിയ ലക്കം ‘ഇക്കണോമിസ്റ്റ്’ ഇറങ്ങിയിരിക്കുന്നത്. ആപത്ത് തൊട്ടുമുന്നിലെത്തിയിട്ടും തീരുമാനമെടുക്കുന്നതില്‍ മോഡി കാണിച്ച അലംഭാവമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണമെന്ന് വസ്തുതകള്‍ നിരത്തി ലേഖനം സ്ഥാപിക്കുന്നു. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നൂ ഇതെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. നിയന്ത്രണങ്ങളെല്ലാം നീക്കി ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തുറന്നുകൊടുത്തതും കുംഭമേള പോലുള്ള മതചടങ്ങുകള്‍ അനുവദിച്ചതും വമ്പന്‍ തിരഞ്ഞെടുപ്പുറാലികള്‍ നടത്തിയതുമാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ഔഷധനിര്‍മാണ രംഗത്ത് പ്രമുഖ സ്ഥാനമുള്ള രാജ്യമായിട്ടും കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ചുവടുകള്‍ പിഴച്ചതായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ആരോഗ്യസംവിധാനം അടിയറവു പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ബി ബി സി പറയുന്നു. ഇന്ത്യയിലെ ആശുപത്രികളില്‍നിന്നും ശ്മശാനങ്ങളില്‍നിന്നുമുള്ള പേടിപ്പിക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും നിത്യേനയെന്നോണം ബി ബി സിയിലും റോയിട്ടേഴ്‌സിലും വരുന്നുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമിതാത്മവിശ്വാസമാണ് ഇപ്പോഴത്തെ ദുരന്തത്തിന് വഴിവെച്ചതെന്ന് ‘ഗാര്‍ഡിയന്‍’ ദിനപത്രം മുഖപ്രസംഗത്തില്‍ തുറന്നടിക്കുന്നു. മഹാമാരിയുടെ വ്യാപനത്തിനിടയിലും ഡൊണാള്‍ഡ് ട്രംപിനെപ്പോലെ മോഡി തിരഞ്ഞെടുപ്പു പ്രചാരണറാലികള്‍ നടത്തി. മുഖാവരണംപോലും ധരിക്കാതെ കൂറ്റന്‍ റാലികളെ അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ അപ്രമാദിത്വത്തിലുള്ള അതിരുകടന്ന വിശ്വാസം തയാറെടുപ്പുകളെ തടഞ്ഞു. വിദഗ്ധാഭിപ്രായങ്ങളെ പുഛിച്ചു തള്ളി, തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുത്ത മോഡിഭരണകൂടത്തിന്റെ ധാര്‍ഷ്ട്യവും കെടുകാര്യസ്ഥതയുമാണ് ഒഴിവാക്കാമായിരുന്ന മരണങ്ങള്‍ക്കു വഴിയൊരുക്കിയത് – ഗാര്‍ഡിയന്‍ പറയുന്നു.
‘മോഡി ഇന്ത്യയെ മഹാനാശത്തിലേക്ക് നയിക്കുന്നു’ എന്നാണ് ‘ദി ഓസ്‌ട്രേലിയന്‍’ എഴുതിയത്. ഒഴിവാക്കാമായിരുന്നതാണ് ഈ നാശമെന്ന് ഓസ്‌ട്രേലിയയിലെ എ ബി സി അഭിപ്രായപ്പെടുന്നു. മഹാനാശത്തെ ഒരു ചിത്രം കൊണ്ട് പ്രതിനിധാനം ചെയ്യണമെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും ആശുപത്രിയിലെ ദൃശ്യമെടുത്താല്‍ മതിയെന്ന് ‘ടൈം’ വാരികയില്‍ റാണാ അയൂബ് എഴുതിയ ലേഖനത്തില്‍ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങളില്‍ മാത്രമല്ല, ചൈനയുടെ ഗ്ലോബല്‍ ടൈംസിലും പാകിസ്ഥാനിലെ ഡോണിലുമെല്ലാമുണ്ട് ഇന്ത്യയെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍. വാര്‍ത്തകളിലെ വിമര്‍ശനങ്ങളെക്കാള്‍ രൂക്ഷമായിരുന്നു, ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂവില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് റോ വരച്ച കാര്‍ട്ടൂണ്‍. എല്ലും തോലുമായി വീണുകിടക്കുന്ന വെള്ളാനയുടെ പുറത്ത് ഞെളിഞ്ഞിരിക്കുകയാണ് അതില്‍ ഇന്ത്യയുടെ ഭരണാധികാരി.
കൊവിഡ് മഹാമാരിയോട് പ്രതികരിച്ച അതേരീതിയിലാണ് ഇന്ത്യന്‍ ഭരണകൂടം ഇത്തരം വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ എസ് എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹോസബലെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ആഹ്വാനമാണ് കേന്ദ്രവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമ(എന്‍ എസ് എ) പ്രകാരവും ഗുണ്ടാനിയമപ്രകാരവും കേസെടുക്കാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിക്കുന്നത്. രാജ്യത്ത് എന്‍ എസ് എയുടെ ദുരുപയോഗം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2018നും 2020നും ഇടയില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത 120 കേസുകളില്‍ 94 എണ്ണവും കോടതികള്‍ റദ്ദാക്കുകയാണുണ്ടായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തം ജോലി ആത്മാര്‍ഥമായി ചെയ്യാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടം പിടിച്ച രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ 2021ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് വ്യക്തമാക്കുന്നുണ്ട്. 180 രാജ്യങ്ങളുടെ പട്ടികയില്‍ പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ 142-ാം സ്ഥാനമാണ് ഇന്ത്യക്ക്.
‘മോഡി ഇന്ത്യയെ മഹാനാശത്തിലേക്ക് നയിക്കുന്നു’ എന്ന തലക്കെട്ടില്‍ ‘ദി ഓസ്‌ട്രേലിയന്‍’ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ഓസ്‌ട്രേലിയിലെ ഡെപ്യൂട്ടി ഇന്ത്യന്‍ കമ്മീഷണര്‍ പി എസ് കാര്‍ത്തികേയന്‍ ‘ദ ഓസ്‌ട്രേലിയന്റെ’ എഡിറ്റര്‍ ഇന്‍ ചീഫ് ക്രിസ്റ്റഫര്‍ ഡോരിന് കത്തയച്ചിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ വിലയിടിച്ചു കാണിക്കുന്നതാണ് റിപ്പോര്‍ട്ട് എന്ന് കത്തില്‍ പറയുന്നു. മറ്റ് അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങള്‍ക്കെതിരെയും സമാനമായ പ്രതിഷേധക്കുറിപ്പുകള്‍ അയക്കുമായിരിക്കും. വിദേശമാധ്യമങ്ങളോടുള്ള പ്രതികരണം പ്രതിഷേധത്തില്‍ ഒതുങ്ങുമെങ്കില്‍ സമൂഹമാധ്യമങ്ങള്‍ക്കു നേരെ നടപടികള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. അധിക്ഷേപകരമെന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രകുത്തിയ 50 ട്വീറ്റുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ട്വിറ്റര്‍ നീക്കം ചെയ്തതെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന ‘ല്യൂമെന്‍ ഡാറ്റാബേസ്’ വെളിപ്പെടുത്തുന്നു. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന കുറിപ്പുകളാണ് ഇവയില്‍ മിക്കതും. നീക്കം ചെയ്ത ട്വീറ്റുകളിലൊന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടേതായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം തബ്‌ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ വേട്ടയാടിയവര്‍ ഈ വര്‍ഷം കുംഭമേളയ്ക്ക് അനുമതി നല്‍കിയതിന്റെ ഇരട്ടത്താപ്പ് ചോദ്യംചെയ്യുന്നതായിരുന്നൂ തന്റെ കുറിപ്പെന്ന് ഖേര പറയുന്നു. കേവലം വസ്തുതകള്‍ മാത്രം മുന്നോട്ടുവെക്കുന്ന ട്വീറ്റ് നീക്കം ചെയ്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദിനും ട്വിറ്ററിനും അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രമുഖ മാധ്യമത്തിലെ പത്രപ്രവര്‍ത്തകനും ചലച്ചിത്രകാരനും പാര്‍ലമെന്റംഗവും എം എല്‍ എയും നടനും ട്വിറ്ററിന്റെ വിലക്കു സമ്പാദിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് ‘ല്യൂമെന്‍ ഡാറ്റാബേസ്’ വ്യക്തമാക്കുന്നു. നേരത്തേ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞ ട്വിറ്റര്‍ ഇത്തവണ വഴങ്ങിക്കൊടുത്തു എന്നര്‍ഥം.
കേവലം 50 ട്വീറ്റുകളിലൊതുങ്ങുന്നില്ല, കേന്ദ്ര നടപടി. കൊവിഡ് മഹാമാരിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ട്വിറ്ററിനും ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും കേന്ദ്രസര്‍ക്കാര്‍ നൂറിലേറെ നോട്ടീസുകള്‍ വേറെയും അയച്ചിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരേ പോരാടുമ്പോള്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്താനുദ്ദേശിച്ച് പ്രചരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോയും വാര്‍ത്തകളും നീക്കം ചെയ്യണമെന്നാണ് നോട്ടീസുകളിലെ ആവശ്യം. ഗൊരഖ്പൂരിലെ ഓക്‌സിജന്‍ ക്ഷാമം വെളിച്ചത്തുകൊണ്ടുവന്നതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവന്ന ശിശുരോഗവിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്റെയും ചലച്ചിത്രകാരന്‍ അവിനാശ് ദാസിന്റെയും ട്വീറ്റുകള്‍ ഇവയില്‍പെടുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശനയുസരിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി മന്ത്രാലയമാണ് നോട്ടീസുകള്‍ അയച്ചതെന്ന് ഏപ്രില്‍ 26ന് ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം’ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. മഹാമാരിയെ നേരിടാനുള്ള കാര്യപ്രാപ്തിയോ ആത്മാര്‍ഥതയോ കേന്ദ്രസര്‍ക്കാരിനില്ലെന്നത് തെളിഞ്ഞുകഴിഞ്ഞ കാര്യമാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടാതെ നോക്കുകയെന്നതാണ് ഇനി ചെയ്യാനുള്ള കാര്യമെന്ന് സംഘപരിവാറിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.
എസ് കുമാര്‍
You must be logged in to post a comment Login