കേരളമടക്കം അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിലെ ഫലത്തില്‍ തീര്‍ത്തും ആശ്ചര്യപ്പെടുത്തിയത് പശ്ചിമ ബംഗാള്‍ മാത്രമാണ്. കേരളത്തിലെ തുടര്‍ഭരണവും തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യത്തിന്റെ തിരിച്ചുവരവും ഏതാണ്ട് പ്രതീക്ഷിച്ചതാണ്. പുതുശ്ശേരിയില്‍, കാലാവധിതീരാറായ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച ബി ജെ പിയുമായി സഖ്യത്തില്‍ മത്സരിച്ച രംഗസ്വാമി കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ബംഗാള്‍ ജനത നല്‍കിയ അഭൂതപൂര്‍വമായ ഭൂരിപക്ഷം ആശ്ചര്യപ്പെടുത്തി. ബംഗാള്‍ പിടിച്ചാല്‍ ഏതാണ്ട് ഇന്ത്യന്‍ യൂണിയന്‍ മുഴുവന്‍ കാല്‍ച്ചുവട്ടിലാകുമെന്ന ധാരണയില്‍ പതിനെട്ടടവും പയറ്റിയ ബി ജെ പി, സീറ്റുകളുടെ എണ്ണത്തില്‍ തൃണമൂലിന്റെ തൊട്ടടുത്തുണ്ടാകുമെന്നാണ് കരുതിയത്. 213 സീറ്റില്‍ തൃണമൂല്‍ ജയിച്ചപ്പോള്‍ ബി ജെ പിയുടെ സമ്പാദ്യം 77 സീറ്റിലൊതുങ്ങി. തിരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ നേതാക്കളെ വാങ്ങിയെടുത്തത് പോലെ എം എല്‍ എമാരെ വാങ്ങി, അധികാരം അട്ടിമറിക്കാന്‍ ബി ജെ പിക്ക് സാധ്യതയൊന്നും നല്‍കാത്ത വിധി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 18 സീറ്റില്‍ വിജയിച്ചപ്പോള്‍ 121 നിയമസഭാ സീറ്റില്‍ മുന്നിലെത്തിയിരുന്നു ബി ജെ പി. അവിടെ നിന്നാണ് ഈ പതനം. സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തെ ബംഗാളികള്‍ ഒന്നായി ചെറുത്തുവെന്ന് സാരം.
കേരളമൊഴികെ മറ്റ് നാലിടത്തും (പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുശ്ശേരി) ഒറ്റയ്‌ക്കോ സഖ്യമായോ അധികാരം പിടിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു ബി ജെ പിക്ക്. തമിഴ്‌നാട്ടില്‍ അധികാരത്തിലിരുന്ന എ ഐ എ ഡി എം കെയുമായി സഖ്യത്തിലായിരുന്നു. പുതുശ്ശേരിയില്‍ രംഗസ്വാമി കോണ്‍ഗ്രസുമായും. അസമില്‍ അസം ഗണ പരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും ബി ജെ പിയും ചേരുന്ന സഖ്യമാണ് ഭൂരിപക്ഷം നേടിയത്. 129 അംഗ നിയമസഭയില്‍ ബി ജെ പിയ്ക്ക് ഒറ്റയ്ക്ക് 60 സീറ്റ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രതിപക്ഷ സഖ്യം 50 സീറ്റില്‍ വിജയിച്ചു. തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ – ബി ജെ പി സഖ്യത്തിന് കിട്ടിയത് 70 സീറ്റ്. അതില്‍ ബി ജെ പിയുടെ സമ്പാദ്യം നാല് സീറ്റ് മാത്രം. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന സന്ദേഹമേയുണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നത് എന്ന്, ഭരണവിരുദ്ധ വികാരമുണര്‍ത്താന്‍ പാകത്തിലുള്ള വിഷയങ്ങളൊന്നുമില്ലാതിരിക്കെ, ഏതാണ്ട് ഉറപ്പുമായിരുന്നു. ആകെയുണ്ടായിരുന്ന സീറ്റ് ബി ജെ പിക്ക് നഷ്ടമായതും അവരുടെ വോട്ട് വിഹിതത്തില്‍ ചെറുതല്ലാത്ത കുറവുണ്ടായതുമാണ് മറ്റൊരുവിധത്തില്‍ കേരളത്തിലെ ഫലത്തെ ശ്രദ്ധേയമാക്കുന്നത്. ഭരണത്തില്‍ തിരിച്ചെത്താനായില്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്കുണ്ടാകുമെന്ന ഭീതി, ഇതോടെ തത്കാലത്തേക്കെങ്കിലും ഒഴിഞ്ഞിരിക്കുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി നേരിടുന്നതിന് മുമ്പ് ഇതുപോലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢുമുള്‍പ്പെടെ അഞ്ചിടത്ത് നടന്ന തിരഞ്ഞെടുപ്പ് പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. മധ്യപ്രദേശും രാജസ്ഥാനും ഛത്തിസ്ഗഢും കോണ്‍ഗ്രസ് വിജയിച്ചതോടെ, സെമി ഫൈനലിലെ ഫലം ഫൈനലിലെ ഫലത്തിന്റെ സൂചനയായി വിലിയിരുത്തപ്പെട്ടു. പക്ഷേ, ഫൈനലിലെ ഫലം മറ്റൊന്നായിരുന്നു. പൊതു തിരഞ്ഞെടുപ്പ് ഏറെ അകലെ നില്‍ക്കെ, ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ആ നിലയ്ക്ക് വിലയിരുത്തപ്പെട്ടിരുന്നില്ല. പക്ഷേ, സെമി ഫൈനലുകളിലേക്കും ഫൈനലിലേക്കുമുള്ള ഊര്‍ജം ഈ തിരഞ്ഞെടുപ്പ് ഫലം പ്രദാനം ചെയ്യുന്നുണ്ടെന്ന് തന്നെ കരുതണം. ബി ജെ പിയുടെയും സംഘപരിവാരത്തിന്റെയും ഏകപക്ഷീയ മുന്നേറ്റത്തെ രാഷ്ട്രീയ നിശ്ചയ ദാര്‍ഢ്യവും ജനക്ഷേമ ഇടപെടലുകളും നടത്തി നേരിടാനാകുമെന്ന പ്രതീക്ഷ. വര്‍ഗീയമായി ഭിന്നിപ്പിച്ച് അധികാരം നേടുകയോ അധികാരത്തില്‍ തുടരുകയോ ചെയ്യുക എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ അജണ്ടയെ ചെറുക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം അതാണെന്ന തിരിച്ചറിവ്.
അതിലേറ്റം പ്രധാനം പശ്ചിമ ബംഗാളാണ്. ബംഗാളിലെ ഭരണം ലക്ഷ്യമിട്ട് ബി ജെ പിയും സംഘപരിവാറും നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ബംഗാളി ജനതയെ വര്‍ഗീയമായി ഭിന്നിപ്പിക്കുക എന്നത് മുന്‍ നിര്‍ത്തിയുള്ള പ്രചാരണങ്ങളോടെയായിരുന്നു തുടക്കം. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാര്‍ മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്ന പ്രചാരണം സംഘടിതമായി അഴിച്ചുവിട്ടു. തൃണമൂലിനെ ഭിന്നിപ്പിക്കാന്‍, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു. മമത സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഈ ഏജന്‍സികളെ ഉപയോഗിച്ചു. ഇതിനൊക്കെ ഫലമുണ്ടായി. ശാരദാ ചിറ്റ് ഫണ്ട് തട്ടിപ്പിനെക്കുറിച്ച് സി ബി ഐ നേരത്തെ തന്നെ ആരംഭിച്ച അന്വേഷണത്തെ മുതലെടുത്ത്, തൃണമൂല്‍ നേതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്. അങ്ങനെ തുടങ്ങിയ നീക്കങ്ങള്‍ക്ക് ഫലമുണ്ടായി. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ ചേരി മാറി. ഏറ്റവുമൊടുവില്‍ മമതയെ അധികാരത്തിലെത്തിച്ച നന്ദിഗ്രാം സമരത്തിന്റെ നായകനായിരുന്ന ശിശിര്‍ അധികാരിയും മകന്‍ സുവേന്ദുവുമടക്കം. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഏതാണ്ട് പകുതിയോളം തൃണമൂലില്‍ നിന്ന് ചേരിമാറി എത്തിവയരാകുമ്പോള്‍, ആ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ സംഘപരിവാരം നടത്തിയ ശ്രമത്തിന്റെ വലുപ്പം ബോധ്യപ്പെടും. മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരി, കളം മാറുന്നത് തിരഞ്ഞെടുപ്പിനോട് അടുത്ത സമയത്തും.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയെയും കാലുമാറ്റത്തിലൂടെ രാഷ്ട്രീയാടിത്തറ തകര്‍ക്കാനുള്ള ശ്രമത്തെയും മുസ്ലിം പ്രീണനമെന്ന പ്രചാരണത്തിലൂടെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കത്തെയും മുന്നില്‍ നിന്ന് നേരിടാന്‍ മമത തയാറാകുന്ന കാഴ്ചയാണ് പിന്നീട് ബംഗാള്‍ കണ്ടത്. മൂന്ന് ദശാബ്ദത്തിലധികം നീണ്ട ഇടതുപക്ഷ ഭരണത്തെ നേരിടാന്‍ കാണിച്ച ചങ്കൂറ്റം, ബി ജെ പിയുടെ കടന്നുകയറ്റത്തെ ചെറുക്കാനും മമത കാണിച്ചു. സ്ത്രീകളും കുട്ടികളും മുഖ്യ ഉപഭോക്താക്കളായ ജനക്ഷേമ പദ്ധതികളായിരുന്നു മമതയുടെ വലിയ ആയുധം. ചേരിമാറിയ സുവേന്ദുവിനെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ നേരിടാന്‍ തീരുമാനിച്ച്, താഴെത്തട്ടിലുള്ള തൃണമൂല്‍ പ്രവര്‍ത്തകരുടെ മനോവീര്യം കാക്കാനും മമതയ്ക്ക് സാധിച്ചു. ഇടതുപക്ഷവും കോണ്‍ഗ്രസും അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേര്‍ന്ന സഖ്യം മുസ്ലിം വോട്ടുകളെ ഭിന്നിപ്പിച്ച്, തൃണമൂലിന്റെ തിരിച്ചുവരവിനെ തടയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനുണ്ടായ തിരിച്ചടി അവസരമായി കണ്ട്, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാനും നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നടത്തിയ ശ്രമത്തെ തടയുകയാണ് ഈ സഖ്യം യഥാര്‍ത്ഥത്തില്‍ ചെയ്തത്. ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ സകല അടവും പയറ്റുന്ന ബി ജെ പിയെ തോല്‍പ്പിക്കാന്‍ മമതയ്‌ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് അവിടുത്തെ മുസ്ലിം വോട്ടര്‍മാര്‍ നിശ്ചയിക്കുകയും ചെയ്തു. അവര്‍ മാത്രമല്ല, ദശകങ്ങള്‍ നീണ്ട ഭരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട ബംഗാളിയുടെ ഇടതു മനസ്സും ബി ജെ പിയെ തടയുന്നതിന് വേണ്ടി മമതയ്‌ക്കൊപ്പം ചേര്‍ന്നു. മുസ്ലിം ഭൂരിപക്ഷ മേഖലകള്‍ മാത്രമല്ല, ഹിന്ദു ആധിപത്യ മേഖലകളും തൃണമൂലിനൊപ്പം നിന്നതിന്റെ കാരണങ്ങളിലൊന്ന് അതാണ്. തൃണമൂലിന് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലുണ്ടാകാതിരുന്ന ആധിപത്യം ഇക്കുറിയുണ്ടായപ്പോള്‍, വിജയം കണ്ടത് വര്‍ഗീയതയ്ക്ക് മുകളില്‍ ബംഗാളിയെന്ന വികാരം പ്രതിഷ്ഠിക്കുക എന്ന മമതാ ബാനര്‍ജിയുടെ തന്ത്രമാണ്.
തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തെ തീവ്ര ഹിന്ദുത്വം കൊണ്ട് ആദേശം ചെയ്യാന്‍ പലശ്രമങ്ങള്‍ നടത്തിയ ശേഷമാണ് എ ഐ എ ഡി എം കെയുമായുള്ള സഖ്യം ബി ജെ പി ഉറപ്പിക്കുന്നത്. പ്രഖ്യാപിക്കുവാനാഞ്ഞ്, രജനീകാന്ത് ഉപേക്ഷിച്ച രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു അതില്‍ മുഖ്യം. നാല് സീറ്റിലേ വിജയിക്കാനായുള്ളൂവെങ്കിലും നേതൃസ്ഥാനത്ത് ജയലളിതയെപ്പോലൊരു വ്യക്തിത്വമില്ലാത്ത എ ഐ എ ഡി എം കെയിലേക്ക് നുഴഞ്ഞുകയറി വളരാന്‍ അവര്‍ ശ്രമിച്ചേക്കും. പക്ഷേ, അതിനെ തടയാന്‍ പാകത്തില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്ത് തെളിയിക്കുന്നുണ്ട് ഡി എം കെയും എം കെ സ്റ്റാലിനും. പുതുശ്ശേരിയില്‍ രംഗസ്വാമി കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ഭരണത്തിന്റെ ഭാഗമാകുമെങ്കിലും അവിടെയും ജൂനിയര്‍ പാര്‍ട്‌നര്‍ മാത്രമാണ് ബി ജെ പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് അസം മാത്രമാണ് അവര്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്നത്. പക്ഷേ, അഞ്ചാണ്ടിന് മുമ്പ് കിട്ടിയ അംഗ സംഖ്യയില്‍ നിന്ന് ഒരു ചുവട് മുന്നോട്ടുപോകാന്‍ അവര്‍ക്കായിട്ടില്ല. അസം ഗണ പരിഷത്തിന്റെയും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലിന്റെയും പിന്തുണ അധികാരത്തില്‍ തുടരാന്‍ അവര്‍ക്ക് അനിവാര്യമാണ്. പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വപ്പട്ടികയും വലിയതോതില്‍ ഉപയോഗിക്കപ്പെട്ട സംസ്ഥാനത്ത്, അതിനനുസരിച്ചുള്ള മുന്നേറ്റമുണ്ടാക്കാനായില്ലെന്നത് ശ്രദ്ധേയമാണ്.
2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്രാധികാരം പിടിച്ചതിന് ശേഷമുള്ള ശ്രമം കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടിയായിരുന്നു. പിന്നീടത് പ്രതിപക്ഷ മുക്ത ഭാരതത്തിന് വേണ്ടിയായി. ആ വഴിക്കാണ് കാര്യങ്ങള്‍ ചലിക്കുന്നത് എന്ന തോന്നല്‍ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലൊക്കെയുണ്ടായി. തിരഞ്ഞെടുപ്പ് വിധികള്‍ പ്രതികൂലമായ ഇടങ്ങളില്‍ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനും ബി ജെ പിക്കായി. ആ ഒഴുക്കില്‍ നിന്നൊരു മാറ്റമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നത്. കരുത്തനായ ഭരണാധികാരിക്ക് കീഴില്‍ ഉറപ്പുള്ള ഭരണമെന്ന അവകാശവാദവും എതിരാളികളെ നിശ്ശബ്ദരാക്കാന്‍ ഏതടവും പയറ്റാനുള്ള മടിയില്ലായ്മയും രാജ്യസ്‌നേഹമെന്ന തുറുപ്പുചീട്ടുമായിരുന്നു സംഘപരിവാരത്തിന്റെ ആയുധങ്ങള്‍. അതെല്ലാം നിഷ്പ്രഭമാകുന്ന കാഴ്ച ഈ തിരഞ്ഞെടുപ്പില്‍ കണ്ടു, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍.
കോവിഡെന്ന മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് ജനം തിരിച്ചറിഞ്ഞതാണ് അതില്‍ പ്രധാനം. ദൈനംദിന ജീവിതം പ്രതിസന്ധിയിലായ ജനത്തെ, രാജ്യസ്‌നേഹത്തെക്കുറിച്ചുള്ള വാഗ്‌ധോരണികളോ വര്‍ഗീയമായി ചേരിതിരിക്കാനുള്ള വിഷപ്രചാരണങ്ങളോ സ്വാധീനിച്ചില്ല. ദുരിതസന്ധിയില്‍ ഒപ്പംനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതിലേക്ക് അവന്‍ എളുപ്പത്തിലെത്തി. മറ്റ് ആരോപണങ്ങള്‍ക്കൊന്നും തത്കാലം ചെവികൊടുക്കേണ്ടതില്ലെന്നും. ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ കുറവല്ലായിരുന്നു, തൃണമൂല്‍ നേതാക്കള്‍ അധികാരം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച പരാതികളും. ചെറുതല്ലാത്ത ഭരണവിരുദ്ധ വികാരമുണ്ടായിരുന്നുവെങ്കിലും അടിയന്തര ഘട്ടത്തില്‍ ജനത്തിനൊപ്പം നില്‍ക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തതിനെ ജനം മുഖവിലക്കെടുത്തു. ഡി എം കെയെ തിരികെക്കൊണ്ടുവന്ന് ഭരണസ്ഥിരത ഉറപ്പാക്കുക എന്നത് ഈ പ്രതിസന്ധി ഘട്ടത്തില്‍ അനിവാര്യമാണെന്ന് തമിഴ് ജനതയും ചിന്തിച്ചു. കേരളത്തിലെ ഭരണത്തുടര്‍ച്ചയ്ക്കുള്ള ഒരു കാരണവും പ്രതിസന്ധികളില്‍ കൈത്താങ്ങായ സര്‍ക്കാരെന്ന തോന്നലാണ്.
ദേശീയതലത്തില്‍ ബി ജെ പിക്ക് ബദലായൊരു ചേരി രൂപപ്പെടാന്‍ ഈ തിരഞ്ഞെടുപ്പ് ഫലം കാരണമായേക്കും.
ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ സ്റ്റാലിനും നേടിയെടുത്ത വിജയം നാളെ ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിനും ബിഹാറില്‍ തേജസ്വി യാദവിനും ആവര്‍ത്തിക്കാവുന്നതേയുള്ളൂ. തീവ്ര ഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ കപട ദേശീയതയെ പ്രാദേശികമായി ചെറുക്കുക എന്നതാണ് പുതിയ കാലത്ത് ചെയ്യാനാകുക എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നുണ്ട്. ഉപദേശീയതകളുടെ കൂട്ടായ്മയാണ് തീവ്ര ദേശീയതയ്ക്കുള്ള മറുപടിയെന്നും. മറ്റൊന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ വരെ ശക്തമായി നിന്ന നരേന്ദ്ര മോഡി സ്വാധീനം കുറഞ്ഞുതുടങ്ങുന്നുവെന്നതാണ്. പശ്ചിമ ബംഗാളില്‍ പല റാലികളില്‍ പങ്കെടുത്തിരുന്നു മോഡി. കൊവിഡ് കുതിച്ചുയരുമ്പോള്‍ പോലും റാലികള്‍ തുടരുകയായിരുന്നു അദ്ദേഹം. ഇതുപോലെ ജനം തിങ്ങിനിറഞ്ഞൊരു റാലി കണ്ടിട്ടേയില്ലെന്നാണ് ബംഗാളിലെ അസന്‍സോളില്‍ പ്രധാനമന്ത്രി പറഞ്ഞത്. തമിഴ്‌നാട്ടിലും മോഡി പലകുറിയെത്തി. കേരളത്തില്‍ ജയപ്രതീക്ഷയുണ്ടെന്ന് ബി ജെ പി കരുതിയ മണ്ഡലങ്ങളിലും പരാജയം കനത്തതായിരുന്നു. ശബ്ദ നിയന്ത്രണത്തില്‍ കേന്ദ്രീകരിക്കുന്ന കവല പ്രസംഗങ്ങള്‍ വോട്ടായി മാറിയിരുന്ന കാലം, ഈ കൊവിഡോടെ ഏതാണ്ട് തീരുകയാണ്. അതും ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പാഠമാണ്.
രാജീവ് ശങ്കരന്‍
You must be logged in to post a comment Login