ഏതാണ്ടു പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഭരണകൂട ഭീകരതക്കെതിരായ മുഹമ്മദ് ബുവാസിസിയെന്ന ഒരൊറ്റയാള്‍പട്ടാളത്തിന്റെ പ്രക്ഷോഭം ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെടുകയും മധ്യേഷ്യയിലൊന്നടങ്കം അറബ് വസന്തം എന്നറിയപ്പെട്ട അഭൂതപൂര്‍വമായ കലാപം പരക്കുകയും ചെയ്തു.
ഭരണകൂട ഭീകരതയാലും അധികാരദുര്‍വിനിയോഗത്താലും ഗതികെട്ട ദശലക്ഷക്കണക്കിനു പേര്‍ക്ക് ബുവാസിസിയുടെ അന്തസ്സും ത്യാഗവും ആ പ്രദേശത്തുടനീളം സജീവമാകാനുള്ള ആഹ്വാനം നല്‍കി. അത് താല്കാലികമായെങ്കിലും അന്തര്‍ദേശീയ സമൂഹത്തിന്റെ ശ്രദ്ധ അവരുടെ ദുരവസ്ഥയിലേക്ക് തിരിച്ചു വിടുകയും ചെയ്തു.
എന്നാല്‍ അറബ് വസന്തം ആ പ്രദേശവാസികള്‍ക്ക് ജനാധിപത്യവും നീതിയും സമത്വവും നല്‍കാന്‍ പര്യാപ്തമായില്ല. പത്തു വര്‍ഷത്തിനു ശേഷം നാം അതിന്റെ വാര്‍ഷികം ‘ആഘോഷിക്കുക’യും 2011 ലെ ആ ജനാധിപത്യ മുന്നേറ്റത്തിന് തെറ്റിപ്പോയതെന്തെന്നു കണ്ടെത്താന്‍ ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു.
അറബ് വസന്തത്തിന്റെ പരാജയത്തിന് നിമിത്തമായ നിര്‍ണായക ഘടകം അന്താരാഷ്ട്ര സമൂഹത്തിന്, പ്രത്യേകിച്ചും പാശ്ചാത്യ ശക്തികള്‍ക്ക് ‘അവ്യവസ്ഥ’യോടുള്ള ഭീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏകാധിപതികളുടെയും അഴിമതിക്കാരുടെയും വാഴ്ചകള്‍ അട്ടിമറിക്കപ്പെട്ടാല്‍ യഥാര്‍ത്ഥ അറബ് ജനാധിപത്യ വ്യവസ്ഥകള്‍ നിലവില്‍ വരുമെന്നും അത് കണക്കുകൂട്ടലുകള്‍ക്കപ്പുറമാകുമെന്നും അവര്‍ ഭയക്കുന്നുണ്ട്.
അറബ് വസന്തത്തിനു ശേഷമുള്ള മാസങ്ങളിലും വര്‍ഷങ്ങളിലും വിമതശബ്ദങ്ങളെയും ജനാധിപത്യത്തിനു വേണ്ടിയുള്ള മുറവിളികളെയും അടിച്ചമര്‍ത്താന്‍ ഇസ്രയേലിനെയും കൂട്ടാളികളെയും, സൗദി അറേബ്യയിലെയും യു എഇയിലെയും ഈജിപ്തിലെയും ഭരണകൂടങ്ങളെയും സഹായിച്ചത് പ്രദേശത്ത് അട്ടിമറികളുണ്ടാകരുതെന്ന പാശ്ചാത്യ ശക്തികളുടെ നിര്‍ബന്ധബുദ്ധിയാണ്.
ഈ ഭരണകൂടങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ പാശ്ചാത്യ ലോകത്തെ പ്രേരിപ്പിക്കുന്നത് അന്യായമായ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള സ്വാര്‍ഥതയാണ് . ഈജിപ്തിലെ പട്ടാളം 2013 ആഗസ്തില്‍ ആയിരത്തിലധികം സിവിലിയന്‍മാരെ കൊന്നൊടുക്കാന്‍ കാരണമായതും ഇതു തന്നെ. വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായമുള്ള ആറായിരത്തിലധികം ഈജിപ്തുകാര്‍ തടവിലാക്കപ്പെട്ടു. 2018 ല്‍ ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷൗഗിയെ സൗദി കൊലപ്പെടുത്തി. ലൗജെല്‍ അല്‍ഹത്‌ലോലിനെ പോലുള്ള സ്ത്രീ ആക്റ്റിവിസ്റ്റുകളെ തടവിലാക്കി. മൊറോക്കോയില്‍ അന്യായമായ തല്‍സ്ഥിതി നിലനിര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും ആക്റ്റിവിസ്റ്റുകളും അടിച്ചമര്‍ത്തപ്പെട്ടു. ഇവരില്‍ പലരും ഇപ്പോഴും തടവറയിലാണ്. പലരും നിരാഹാരസമരത്താല്‍ മരണമടഞ്ഞു.
ഇതിനിടയില്‍ ഇസ്രയേലി അധികൃതരുടെ നിന്ദയും സയണിസ്റ്റ് തീവ്രവാദികളുടെ കുടിയൊഴിപ്പിക്കലും അധിനിവേശ ശക്തിയുടെ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്നതും അംഗഭംഗം വരുന്നതും ഫലസ്തീനികളുടെ ദൈനംദിന യാഥാര്‍ത്ഥ്യമായി മാറി. വര്‍ഗവിവേചനത്തിലൂന്നിയ ഒരു ഭരണകൂടത്തിന്റെ ഭാരത്തിനു കീഴില്‍ ശ്വാസം മുട്ടി മരിക്കുകയാണ് അവരിപ്പോള്‍. സുസ്ഥിരത നിലനിര്‍ത്താനുള്ള കപട നാടകത്താല്‍ പാശ്ചാത്യ ലോകം അവരുടെ യാതനകളെ അവഗണിച്ചു.
എന്നാല്‍ അറബ് ഭരണകൂടങ്ങള്‍ക്കും ഇസ്രയേലിനും നേര്‍ക്കു കണ്ണടച്ച് പാശ്ചാത്യ ലോകം പുത്തന്‍ വിപ്ലവത്തിനുള്ള വിത്തു വിതയ്ക്കുകയായിരുന്നു. ജനാധിപത്യവും നീതിയുമില്ലാതെ സുസ്ഥിരതയില്ലല്ലോ.
പത്തു വര്‍ഷം മുമ്പ് ഒരൊറ്റയാളിന്റെ പ്രതിഷേധ ജ്വാല ആ പ്രദേശത്തുള്ള ദശലക്ഷക്കണക്കിനു പേരെ മാറ്റമാവശ്യപ്പെട്ട് തെരുവിലിറങ്ങണമെന്നു ബോധ്യപ്പെടുത്തി. ഇന്ന് അത്തരമൊരു കാര്യം തന്നെയാണ് ഫലസ്തീനിലും സംഭവിക്കുന്നത്.
ജൂത കുടിയേറ്റക്കാരാല്‍ പുറത്താക്കപ്പെടുന്ന, കിഴക്കന്‍ ജറുസലേമിലെ ഷെയ്ക്ക് ജാറയിലെ താമസക്കാരുടെ അവസ്ഥയും വിശുദ്ധ മാസമായ റമളാനില്‍ അല്‍ അഖ്‌സയില്‍ വെച്ച് മുസ്ലിംകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ചിത്രങ്ങളും മധ്യകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ലോകത്തും ഫലസ്തീനികള്‍ക്കു വേണ്ടി പിന്തുണയുടെ വലിയൊരു അല തന്നെയാണു സൃഷ്ടിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര സമൂഹത്താല്‍ ഉപേക്ഷിക്കപ്പെട്ടതും എന്നാലിപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതുമായ ഫലസ്തീനികളുടെ അന്തസ്സ് അതുപോലുള്ള മര്‍ദക ഭരണകൂടങ്ങള്‍ക്കടിയില്‍ പെട്ടുഴലുന്ന ദശലക്ഷക്കണക്കിനു പേര്‍ക്ക് പ്രചോദനമാണ്. എന്നാല്‍ പാശ്ചാത്യലോകം ഫലസ്തീനിലെ സംഭവവികാസങ്ങള്‍ക്കു നേരെ നിശബ്ദമാണ്. ഫലസ്തീന്റെ ആക്രമണമാണ് നിലവിലെ അവസ്ഥക്കു കാരണമെന്ന് അവര്‍ നടിക്കുന്നു. സുസ്ഥിരതയുടെ പേരില്‍ ഇസ്രയേലി ഭരണകൂടത്തിനും കൂട്ടാളികള്‍ക്കുമുള്ള പിന്തുണ തുടര്‍ന്നാല്‍ പ്രദേശത്ത് ജനാധിപത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ മരിക്കുമെന്ന് അവര്‍ കരുതുന്നുണ്ടാകാം.
എന്നാല്‍ അറബ് ഭരണകൂടങ്ങളും അവരുടെ ജനതയും തമ്മിലുള്ള വിടവ് മുമ്പൊരിക്കലും ഇത്ര വലുതായിരുന്നില്ലെന്ന് പാശ്ചാത്യലോകം മനസിലാക്കുന്നില്ല. വര്‍ഷങ്ങളോളം അന്താരാഷ്ട്ര സമൂഹവും അറബ് നേതാക്കളും ഫലസ്തീനെ കയ്യൊഴിഞ്ഞു. അവരുടെ സഹനത്തിന് മറുമരുന്നുകളൊന്നുമില്ലെന്ന് അവര്‍ വിധിയെഴുതി. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ട് ഫലസ്തീന്‍ സ്വന്തം ജീവിതദാഹം എവിടെയും നഷ്ടപ്പെട്ടിട്ടില്ലെന്നും പോരാട്ടം ഉപേക്ഷിക്കാന്‍ തയാറല്ലെന്നും ലോകത്തെ കാണിച്ചു കൊടുത്തിട്ടുണ്ട്. ഇസ്രയേലിന്റെ പ്രാദേശിക പങ്കാളികളുടെ ഭരണത്തിന്‍ കീഴില്‍ യാതനകള്‍ സഹിക്കുന്നവര്‍ക്കും അതു പ്രചോദനമാണ്.
അടിച്ചമര്‍ത്താനാകാത്ത സ്വാതന്ത്ര്യത്വരയ്ക്ക് ഫലസ്തീനികള്‍ തീ കൊടുത്തുകഴിഞ്ഞിരിക്കുന്നു. അത് ലോകം മുഴുവന്‍ പടരുക തന്നെ ചെയ്യും.
യഹ്്യ ഹമീദ്
You must be logged in to post a comment Login